Blog Post

Swaraj Today > News > രാജ്യാന്തരം > വിഭജനത്തിൻ്റെ രാജ്യാന്തര നയതന്ത്രം

വിഭജനത്തിൻ്റെ രാജ്യാന്തര നയതന്ത്രം

വാദിയെ പ്രതിയാക്കുന്ന രാജ്യാന്തര രാഷ്ട്രതന്ത്രം എത്തിനിൽക്കുന്ന അപകടകരമായ വഴിത്തിരിവത്രെ യുക്രൈന് എതിരായ പുടിൻ അധിനിവേശ യുദ്ധത്തിൽ ട്രംപ് നിലപാടുകൾ. ഒരുപക്ഷേ ലോകമാകെ അഭിമുഖീകരിക്കേണ്ടി വരാവുന്ന രാഷ്ട്രീയ സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കും സംഘർഷങ്ങൾക്കും നാന്ദിയും. വ്യവസ്ഥാപിത ഭരണ കൂടങ്ങൾക്കുമേൽ കോർപ്പറേറ്റ് അധിനിവേശത്തിൻ്റെ കാളിമ പരക്കുന്നു. ഇന്ത്യയുൾപ്പെടെ വികസ്വര , അവികസിത രാഷ്ട്രങ്ങൾക്കെല്ലാംപരമാധികാര സ്വഭാവമുണ്ടായിരിക്കേ ഇപ്രകാരം കോർപ്പറേറ്റ് അധിനിവേശ ഭീഷണിയുണ്ടെന്ന് ട്രംപിൻ്റെ രണ്ടാം വരവോടെ വ്യക്തമാവുകയാണ്.
യുക്രൈൻ പ്രസിഡൻ്റ് സെലെൻസ്കിയെ മാധ്യമങ്ങളുടെ സാന്നിദ്ധ്യത്തിൽ വൈറ്റ് ഹൗസിൽ അവഹേളിക്കുകയും ആക്രോശിക്കുകയും ചെയ്തത് മാറുന്ന ലോകക്രമത്തിൻ്റെ സൂചനയാകുന്നു.

അന്തർദേശീയ ബന്ധങ്ങളും , രാജ്യങ്ങളുടെയും ജനതകളുടെയും പരമാധികാരവും സ്വാതന്ത്ര്യവും അഭിമാനവും സംബന്ധിച്ച് നിർണായകമായ ഈ വിഷയങ്ങളിൽ സർഗാത്മക ലോകം എപ്രകാരം ചിന്തിക്കുന്നുവെന്നതിൻ്റെ വിളംബരമായി 2025 ലെ ഓസ്കർ അവാർഡ് ചടങ്ങ്. ഹോളിവുഡ്, ലോക സിനിമയുടെ ആസ്ഥാനം. രണ്ടു മാസം മുൻപ് അഗ്നി വിഴുങ്ങിയ ലോസ് ആഞ്ജലസ് . പ്രസിഡൻ്റ് ട്രംപിൻ്റെ രാഷ്ട്രീയ ഭരണനയങ്ങളിൽ , യുക്രൈൻ യുദ്ധ വിഷയത്തിൽ , സെലെൻസ്കി ചെറുത്തുനില്പിൻ്റെ ഉജ്ജ്വല പ്രതീകമായി പരിണമിക്കുന്നതിൽ , അധികാരവും ഏകാധിപത്യവും ലഹരിയായ പുടിനെ പ്രതിരോധിക്കുന്നതിൽ , ബദ്ധവൈരികളെന്നു മുദ്രകുത്തപ്പെടുന്ന ഇസ്രായേൽ – പലസ്തീൻ ജനതകളുടെ ഹൃദയൈക്യം വെളിപ്പെടുത്തുന്നതിൽ , കുടിയേറ്റ സംസ്കൃതികളെ തമസ്കരിച്ച് അധിക്ഷേപിക്കുന്ന വംശവെറി തുറന്നു കാട്ടുന്നതിൽ , അഭയാർത്ഥി ജനതകളോടുള്ള അസഹിഷ്ണതയെ അപലപിക്കുന്നതിൽ…. ഭരണകൂടങ്ങളുടെ പ്രതിലോമ നിലപാടുകൾക്കെതിരേ അതിശക്തമായ പ്രതികരണങ്ങൾ ഉയർന്നു. വേദനിപ്പിക്കപ്പെടുകയും ചവിട്ടിയരക്കപ്പെടുകയും നിർദ്ദയം ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന സമൂഹങ്ങളോട് ഉച്ചൈസ്തരം ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓസ്കർ താരങ്ങൾ പ്രൗഢമായ പുരസ്കാര നിശ അവിസ്മരണീയമാക്കി.

ഇസ്രായേൽ- പലസ്തീൻ സംഘർഷത്തിൻ്റെ ദൈന്യം അവതരിപ്പിക്കുന്ന No Other Land ഡോക്യുമെൻ്ററിയും
നടൻ ഗയ് പിയേഴ്സ് , ഹോളിവുഡ് താരം സെലീന ഗോമസ് , ഓസ്കർ അവതാരകൻ കോനൻ ഒബ്രയാനും ശ്രദ്ധിക്കപ്പെട്ടു. സ്വപ്നങ്ങളും അന്തസും കഠിനാദ്ധ്വാനവും കൈമുതലാക്കിയ കുടിയേറ്റക്കാരുടെ മകളായതിൽ അഭിമാനിക്കുന്നുവെന്ന് പ്രഖ്യാപിച്ച് മികച്ച സഹനടി സോയി സൽദാന , വൈകാരികതയും മമതയും ഹൃദ്യമാക്കിയ പ്രതികരണങ്ങളാൽ തങ്ങളും രാഷ്ട്രത്തിൻ്റെ അവകാശികളെന്നു പ്രഖ്യാപിച്ചു .

3 വർഷം മുമ്പ് തികച്ചും ഏകപക്ഷീയമായ യുദ്ധമാണ് പുടിൻ്റെ റഷ്യ യുക്രൈനു മേൽ അടിച്ചേല്പിച്ചത്. സെലെൻസ്കിയുടെ നേതൃത്വത്തിൽ യുക്രൈൻ ധീരമായി ഇന്നും ചെറുത്തുനില്‌ക്കുന്നു. യൂറോപ്യൻ യൂണിയനുൾപ്പെടെ ലോകത്തിനാകെ ബോദ്ധ്യമുള്ള യുദ്ധ സാഹചര്യങ്ങൾ പക്ഷേ, ട്രംപ് അംഗീകരിക്കുന്നില്ല.അതിന് രണ്ടു വർഷം മുമ്പാണ് യുക്രൈൻ മേഖലയായ ക്രിമിയ റഷ്യ പിടിച്ചെടുത്തത്.

പഴയ സോവിയറ്റ് യൂണിയനിൽ നിന്നും വേർപെട്ട വിവിധ പ്രവിശ്യകളിൽ ധാതുസമ്പന്നമായ യുക്രൈന് മേൽ പുടിന്റെ അധീശത്വമോഹം ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചതാണ് യുദ്ധമെന്ന് ഐക്യരാഷ്ട്രസഭയുൾപ്പെടെ ലോകത്തിനു ബോധ്യമുണ്ട്. കുടിലമായ നിശബ്ദതയോടെ രാഷ്ട്രീയമായ ഏതു ഭിന്നസ്വരങ്ങളെയും പിഴുതെടുക്കുന്ന പുടിൻ , പൊതു തെരഞ്ഞെടുപ്പെന്ന ബാഹ്യമായ കഞ്ചുകം അണിഞ്ഞുകൊണ്ട് അധികാരമുറപ്പിച്ച് നിലനില്ക്കുവാൻ എല്ലാ അടവുകളും പയറ്റുകയാണ്.

രാഷ്ട്രീയത്തിൽ നവാഗതനായ സെലെൻസ്കിയുടെ നേതൃത്വത്തിൽ യുക്രൈൻ്റെ അപ്രതീക്ഷിതമായ ചെറുത്തുനിൽപ്പ് 3 ദിവസങ്ങളല്ല , 3 വർഷം പിന്നിടുന്നു. അതിശയകരമായ നേതൃപാടവം പുലർത്തി രാജ്യത്തും ലോകമാകെയും ബഹുമാനിതനാവുന്ന സെലെൻസ്കി യോട് നയതന്ത്ര മര്യാദകൾ അല്പവും പാലിക്കാതെ , അനാദരിച്ച് രൂക്ഷ ഭാഷയിലാണ് പ്രസിഡൻറ് ട്രംപും വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസും ശകാരിച്ചത്.

യുദ്ധത്തിൽ യു.എസ് നല്കിയ നിരവധി ബില്യൺ ഡോളർ സഹായത്തിന് പ്രതിനന്ദിയായി യുക്രൈൻ്റെ പ്രകൃതി വിഭവ സമ്പത്തിലാണ് ട്രംപിന്റെ കണ്ണ്. Make America Great Again എന്ന തെരഞ്ഞെടുപ്പ് കാലത്തെ ട്രംപ് മുദ്രാവാക്യമുൾപ്പെടെ തീവ്ര വലതുപക്ഷ നിലപാടുകളും വംശീയ വെറി പൂണ്ട സമീപനങ്ങളും അമേരിക്കൻ ജനതയിൽ വലിയ തോതിൽ സ്വീകാര്യത നേടുന്നു എന്നത് സമാധാനത്തിനും ഉല്പതിഷ്ണുത്വപരമായ ലോകഗതിക്കും തീരെ അനുഗുണമാവില്ല. പ്രസിഡൻ്റ് ട്രംപിൻ്റെ അനുഗ്രഹത്തോടെ നിഷേധാത്മകമായ കോർപ്പറേറ്റ് ആധിപത്യം എല്ലാ മറകളും നീക്കി അധികാരത്തിൽ തള്ളിപ്പിടിക്കുന്നതാണ് നാം ശ്രദ്ധിക്കുന്നത്. അമേരിക്കൻ ജനതയിൽത്തന്നെ അതിശക്തമായ വിയോജിപ്പ് ട്രംപ് നയങ്ങളോട് രൂപപ്പെടുന്നു എന്നതാണ് ഏറ്റവുമൊടുവിൽ ഓസ്കർ പുരസ്കാര വേദിയിലും വെളിപ്പെട്ടത്. ഇത് ശുഭോദർക്കമാണ്. ലിബറൽ ഡെമോക്രസിയും പൗരാവകാശങ്ങളും നിരാകരിക്കപ്പെടരുതെന്ന് ആഗ്രഹിക്കുന്ന സമൂഹം പ്രബലമാവട്ടെ.

ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്ര തലവനെ അമേരിക്കൻ പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും ചേർന്ന് കൈകാര്യം ചെയ്യുന്ന രീതി നയതന്ത്രത്തിന്റെ ലോകരാഷ്ട്രീയത്തെ അപ്പാടെ അവമതിക്കുന്നതായി. ഐക്യരാഷ്ട്ര സഭയും യുക്രൈനും യൂറോപ്യൻ യൂണിയനും കക്ഷികളാവാത്ത ചർച്ചയാണ് യുദ്ധവിരാമം ലക്ഷ്യമാക്കി അമേരിക്കയും റഷ്യയും ചേർന്ന് സൗദി അറേബ്യയിൽ നടത്തിയത്. ഇതര രാഷ്ട്രങ്ങൾക്കുള്ള പരോക്ഷമായ മുന്നറിയിപ്പാണിത്.

ലോകത്തേറ്റവും വലുതും 3 – 4 നൂറ്റാണ്ടുകളുടെ മാത്രം പഴക്കവുമുള്ള കുടിയേറ്റ സംസ്കൃതിയാണ് യു എസ് എ . യൂറോപ്പ് , പ്രത്യേകിച്ച് ഇംഗ്ലണ്ട് , ആഫ്രിക്കൻ, ഏഷ്യൻ വംശജരുൾപ്പെടുന്ന അതിവിപുലവും ബൗദ്ധിക സമ്പന്നവുമായ ജനതതികളുടെ കഠിനാദ്ധ്വാനത്തിൻ്റെ സമഗ്ര സംഭാവനകളാണ് ഇന്നത്തെ അമേരിക്ക. അതുകൊണ്ടാണ് ഒബാമയും കമലാ ഹാരിസുമുൾപ്പെടെ നിരവധി വ്യക്തിത്വങ്ങൾ യു എസ് ഭരണകൂടത്തിൻ്റെ വിവിധ പദവികളിൽ തെരഞ്ഞെടുക്കപ്പെടുന്നത്. രാഷ്ട്രീയത്തിൽ വൈവിദ്ധ്യമിയന്ന സൗന്ദര്യത്തിൻ്റെ ഉജ്ജ്വലമായ ഭാവങ്ങളെ അസഹിഷ്ണുതയോടെ സമീപിക്കുന്ന കരാളത അവിടെ ബോധപൂർവം വളർത്തുന്നു.

അനധികൃതമെന്ന് വ്യവഹരിക്കപ്പെടുന്ന കുടിയേറ്റക്കാരെ കൈകാലുകൾ ബന്ധിച്ച് സൈനിക ചരക്കു വിമാനങ്ങളിൽ മനുഷ്യത്വ വിരുദ്ധമായി തള്ളുന്നതിലെ മുന്നറിയിപ്പും യുക്തിയും ഇതത്രെ. നമ്മുടേതു പോലെ ‘സുഹൃത്തായ’ ജനാധിപത്യ രാജ്യത്തിനു പോലും ഇപ്രകാരം ഹീനമായ ദുർനടപടികളെ പ്രതിരോധിക്കാനാവാത്തതിൻ്റെ കാരണം രാജ്യത്തിൻെറ കൈകാലുകൾ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നതാകുന്നു. കോർപ്പറേറ്റ് മുതലാളിത്തം രാഷ്ട്ര വ്യവഹാരങ്ങളിൽ അധികാര ദല്ലാളന്മാരായി , അഴിമതിയുടെ ഈറ്റില്ലങ്ങളായി വളർന്നു പന്തലിച്ചിരിക്കുന്നു. ദേശാഭിമാനവും പ്രജാക്ഷേമവും മുദ്രാവാക്യങ്ങളിൽ മാത്രം അഭിരമിക്കുന്ന കാലം.

സ്വാതന്ത്ര്യാനന്തരം 1950 കളിലും 60 കളിലും ചേരിചേരാ രാഷ്ട്ര സമൂഹത്തിൻറെ സംഘാടനത്തിലൂടെ ലോകത്തിലെ ദരിദ്ര , അവികസിത , വികസ്വര രാജ്യങ്ങളുടെ ശക്തമായ ഒരു കൂട്ടായ്മ വളർത്തിയെടുക്കുന്നതിൽ വിജയിച്ച ഇന്ത്യ , 1990 കളുടെ തുടക്കത്തിൽ ആഗോളവല്കരണത്തിൻ്റെ നവലിബറൽ സാമ്പത്തിക നയങ്ങളിലേക്ക് ചുവട് മാറ്റുകയായിരുന്നു. ദാക്ഷിണ്യമില്ലാത്ത കോർപ്പറേറ്റ് മുതലാളിത്തം വിപണി ശക്തികളിലൂടെ സമൂഹജീവിതത്തിന്റെ സമസ്ത തലങ്ങളിലും പിടിമുറുക്കുന്നു. ഭരണകൂടങ്ങളെ വരുതിയിലാക്കി സാമ്പത്തിക അസമത്വത്തിന്റെ ഗുരുതരമായ ഉച്ചനീചഭേദങ്ങളിലേക്ക് ജനങ്ങളെ വലിച്ചിഴയ്ക്കുകയും ചെയ്യുന്നു. വർദ്ധമാനമായ തോതിൽ ആപൽകരമാവുന്ന ഈ പ്രവണതക്ക് ലോകമാകെ വമ്പിച്ച സ്വീകാര്യത ലഭിക്കുന്നുവെന്നതാണ് ട്രംപ് ഭരണനയങ്ങൾ സൃഷ്ടിക്കുന്ന ആശങ്ക ഗുരുതരമാക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *