വ്യത്യസ്തമായൊരു സമരത്താൽ കേരളത്തിൻ്റെ സാമൂഹിക മനസ് വീണ്ടും അസ്വസ്ഥമാകുന്നു. എല്ലാവരുടേതുമല്ല. ഇവയൊക്കെ അലട്ടുന്നവരുടേത് മാത്രം. ഇപ്രകാരം അല്ലലും അലട്ടലുമില്ലാതെ വമ്പിച്ചൊരു ജനക്കൂട്ടം ഒഴുക്കിനൊത്ത് ഒഴുകിക്കൊണ്ടേയിരിക്കുന്നു എന്നതാണല്ലോ നമ്മുടെ സൗകര്യവും ഭാഗ്യവും .
അക്കൂട്ടരുടെ ഭാഗ്യരേഖയിൽ അസൂയപ്പെട്ട് കുറിക്കുന്നതുമല്ല. എത്ര കാലം ഇപ്രകാരമുള്ള സൗഭാഗ്യത്താൽ നാമനുഗൃഹീതരാവുമെന്ന ആശങ്ക ഭരിക്കുന്നു.
എന്തെല്ലാം വിവക്ഷകൾ, വിശദീകരണങ്ങൾ, തർക്കവിതർക്കങ്ങൾ ….. ഒന്നും ബോദ്ധ്യമാക്കുന്നില്ല , ആശാപ്രവർത്തകരുടെ സങ്കടനിവൃത്തിയെന്തെന്ന്.
പ്രാഥമികമായ മനുഷ്യാവകാശങ്ങളും തൊഴിൽ സാഹചര്യങ്ങളും നിഷേധിക്കപ്പെട്ട് അപഹസിക്കപ്പെടേണ്ട (സന്നദ്ധ) തൊഴിൽ സേനയാണോ ASHA എന്ന Acredited Social Health Activists ? അല്ലെങ്കിൽ ഒരു മാസമാവുന്ന അതീവ ശ്രദ്ധേയമായ സഹന സമരത്തെ ഇത്രമേൽ അവഗണിച്ച് , ‘പ്രബലന്മാർ’ ക്ക് പുച്ഛിക്കുവാൻ സാഹചര്യമൊരുക്കുന്നത് എന്തുകൊണ്ട് ?അതും മനുഷ്യവംശത്തിൻ്റെ , നമ്മുടെ സമൂഹത്തിൻ്റെ , ചാലകശക്തിയായ അമ്മമാരുടെയും സഹോദരിമാരുടെയും
ഐതിഹാസിക മാനമാർജിച്ച , യാതനാഭരിതമായസമരം.
ആശാ പ്രവർത്തകൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ സംബന്ധിച്ച് പൊതുവിൽ അഭിപ്രായവ്യത്യാസമില്ല. അവരിൽ ഭരമേല്പിക്കപ്പെട്ട ആരോഗ്യ സേവന ജോലികൾക്കുപരിയായി സാമൂഹിക സർവ്വെ , വിവര ശേഖരണം മുതൽ യോഗങ്ങൾക്ക് ഇരുന്നു കൊടുക്കൽ വരെ നിരവധി പണികൾ ഏല്പിക്കപ്പെടുന്ന ‘ആശ ‘ മാർക്ക് ദിനംപ്രതി 232 രൂപ മാത്രമാണ് ലഭിക്കുന്നത്
എന്നതും പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു . അത് ഓണറേറിയമെന്നും, ഓണറേറിയം ഔദാര്യമെന്നും , കൂടുതൽ നല്കേണ്ടത് കേന്ദ്രമെന്നും , സമരം വേണമെങ്കിൽ കേന്ദ്രത്തോട് ചെയ്യണമെന്നും , സമര നേതൃത്വം പ്രബലക്കർല്ലായെന്നും……..
തലസ്ഥാന നഗരത്തിൽ ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനു മുന്നിലാണ് സർക്കാരും വമ്പൻ ഭരണകക്ഷിയും പ്രകൃതിയും പ്രതികൂലമായിരിക്കെ വീട്ടമ്മമാരായ ആശ പ്രവർത്തകർ സത്യാഗ്രഹമിരിക്കുന്നത്. പൊള്ളുന്ന ചൂടും പൊടി പടലവും സഹിച്ച് തിരക്കേറിയ തെരുവോരത്ത് അത്യസാധാരണമായ ശാന്തതയും സൗഹൃദ മര്യാദകളും പുലർത്തി , പകലും രാത്രിയും സത്യാഗ്രഹം തുടരുന്നു !
ഏതാനും സമരക്കാരും ക്ഷിപ്ര പ്രസാദികളായ നേതാക്കളും ചാനൽ മാധ്യമങ്ങൾക്കായി സംഘടിപ്പിക്കുന്ന സമരാഭാസങ്ങളെവിടെ ? കേരളത്തെയാകെ ബാധിക്കുന്ന , ജന ജീവിതം തകർക്കുന്ന രാഷ്ട്രീയ സാമ്പത്തിക നയങ്ങൾക്കും പദ്ധതികൾക്കുമെതിരേ തിരക്കഥ പ്രകാരം ‘ഒത്തുതീർപ്പുകളു’ മായി പ്രദർശന സമരങ്ങളെവിടെ ? ആരോഗ്യ പരിപാലനത്തിലും ജീവിതച്ചെലവിലും രാജ്യത്തേറ്റവും മുന്നിൽ നിൽക്കുന്ന കേരളത്തിൽ ഒരു സാധാരണ വീട്ടമ്മ ഇത്രയും തുച്ഛമായ വരുമാനത്തിലെങ്ങനെ കുടുംബം പോറ്റും ? തൊഴിൽ നിയമങ്ങളും പൗരാവകാശങ്ങളും മനുഷ്യാന്തസും കെടുത്തി കുറ്റകരമായ സമീപനങ്ങൾ പുലർത്തുന്ന ഭരണകൂടത്തിൻ്റെ കണ്ണ് തുറപ്പിക്കുവാൻ സഹന സമരമിരിക്കുന്ന വീട്ടമ്മമാർ തെരുവോരത്ത് പന്തൽ കെട്ടുന്നത് സെക്രട്ടേറിയറ്റിൻ്റെ സൗന്ദര്യത്തിന് മങ്ങലേല്പിക്കുമത്രെ !
യാന്ത്രികമായി ആഘോഷിക്കപ്പെടുന്ന അന്താരാഷ്ട്ര വനിതാദിന സന്ദർഭത്തിലാണ് ഈ ലേഖനം കുറിക്കുന്നത്. ലജ്ജിച്ച് തല താഴ്ത്തുകയും മാനവികമായ ഭാവി സംബന്ധിച്ച് ഇരുൾ പരക്കുകയും ചെയ്യുന്ന , സ്ത്രീപീഡനങ്ങളും കൊലപാതകങ്ങളും അക്രമങ്ങളും മുഖരിതമാക്കിയ ഒരു പകലിനുകൂടി അറുതി വന്നിരിക്കുന്നു ! മാതാപിതാക്കളും സഹോദരങ്ങളും മക്കളും സുഹൃത്തുക്കളുമുൾപ്പെടെ കൊലക്കത്തിക്കും അഗ്നിക്കുമിരയാവുന്ന അതീവ ഭയാനകമായ സാമൂഹികാവസ്ഥ. മയക്കുമരുന്നു സംഘങ്ങളും മദ്യ ലഹരി മാഫിയകളും ആപല്ക്കരമായ സാമൂഹിക വിപത്തായി പടരുമ്പോഴും നിയമവും വ്യവസ്ഥയും നിഷ്ക്രിയമായി തുടരുന്നു .
നമ്മുടെ സാമൂഹിക ക്രമത്തിൽ സങ്കടകരമായ വിഘ്നങ്ങൾ പെരുകുന്നു. അവയുടെ ഘോഷങ്ങളാണ് തലസ്ഥാനനഗരിയിലെ മാതൃകാപരമായ സത്യാഗ്രഹ സമരത്തെ അധിക്ഷേപിക്കുന്നതിലൂടെ മുഴക്കുന്നത്.
രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങൾ , കർഷകർ ,വികേന്ദ്രീകൃത അസംഘടിത മേഖലകളിൽ പണിയെടുക്കുന്നവർ…തുടങ്ങിയവരുടെ ജീവിതം ഇരുട്ടിൽ നില്ക്കുമ്പോഴും മൊത്തം വരുമാന സൂചിക – GDP- ഉയരുന്നെന്നും സമ്പദ് വ്യവസ്ഥ സുരക്ഷിതമെന്നും വാഴ്ത്തുകൾ പറയുന്നു ! ധനപ്രതിസന്ധിയെന്നും ധനക്കമ്മി യെന്നും സർക്കാരും മന്ത്രി തന്ത്രിമാർ വിലപിക്കുമ്പോഴും ധന ധൂർത്തിന് തെല്ലും കുറവില്ല . ആരോഗ്യ മേഖലയിൽ ആശ പ്രവർത്തകരും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ഗുരുതര രോഗങ്ങൾക്കുള്ള കാരുണ്യ പദ്ധതികളും , അംഗൻവാടി , സ്കൂൾ ഉച്ചഭക്ഷണ പദ്ധതി , സ്കൂൾ പാചക തൊഴിലാളികൾ … ഇങ്ങനെ സങ്കടങ്ങളും പരാധീനതകളും പെരുകുമ്പോഴും ഭരണരംഗത്ത് ആഢംബരങ്ങളും അഴിമതിയും സ്വജനപക്ഷപാതങ്ങളും കുറയുന്നില്ല.
ഭക്ഷണവും നിത്യോപയോഗവസ്തുക്കളും രോഗചികിത്സയും മക്കളുടെ വിദ്യാഭ്യാസവും പണച്ചെലവേറ്റി ദുർവ്വഹമാക്കുമ്പോഴും , നവ കൊളോണിയലിസമേകുന്ന ലാഭക്കമ്പോളത്തിൻ്റെ പ്രലോഭനപരമായ സാദ്ധ്യതകൾ ….
ആശാൻ്റെ സീത വിലപിക്കുന്നത് ,
“അതി സങ്കടമാണു നീതിതൻ ഗതി ; കഷ്ടം,
പരതന്ത്രർ മന്നവർ …..
(ചിന്താവിഷ്ടയായ സീത)
കാലങ്ങളിലൂടെ വീണ്ടും വീണ്ടും സത്യമായിക്കൊണ്ടിരിക്കുന്നു. കവി ക്രാന്തദർശിയാവുന്നു.
പെരുകിവരുന്ന ദുർനീതികളെ ചെറുക്കുന്നതിനുള്ള അചഞ്ചല സത്യാഗ്രഹമായി ആശ സമരം പരിണമിക്കുന്നതായി ലേഖകൻ വിലയിരുത്തുന്നു.
പൊള്ളുന്ന ജീവിതത്തിന് നേർസാക്ഷികളാണ് സ്ത്രീകൾ, എന്നും എവിടെയും. ദുഷിച്ച ഭരണമേല്പിക്കുന്ന ആഘാതങ്ങൾക്ക് പ്രാഥമിക ഇരകളും. സദ്ഭരണം അവരുടെ സഹനങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്ന് പാവങ്ങൾ കരുതുന്നു. വിശ്വാസം നഷ്ടപ്പെട്ട് സ്ത്രീകൾ സമരം തുടങ്ങുമ്പോൾ ക്ഷമകെടുന്ന ഭരണാധികാരികൾക്ക് നില തെറ്റുന്നതാണ് പ്രശ്നം.
അതിനാൽ സത്യാഗ്രഹികളോട് സൗഹൃദവും പ്രശ്നപരിഹാരവും നീളുന്നു.
സത്യാഗ്രഹത്തിൻ്റെ വിജയത്തിന് 3 അവശ്യ നിബന്ധനകൾ ഗാന്ധി നിർദ്ദേശിച്ചിട്ടുണ്ട് . ഒന്ന് , സത്യാഗ്രഹികൾ ഹൃദയത്തിൽ എതിരാളികളോട് യാതൊരു വിദ്വേഷവും സൂക്ഷിക്കരുത്.
രണ്ട് , സത്യാഗ്രഹത്തിനുള്ള വിഷയങ്ങൾ യഥാർത്ഥവും അടിത്തറയുള്ളതുമായിരിക്കണം .
മൂന്ന് , സത്യാഗ്രഹി അവസാനം വരെ സഹനം നടത്താൻ തയ്യാറാകണം. ( ഹരിജൻ ബന്ധു , 31- 3 -1946)
തൊഴിലിന് ന്യായമായ മിനിമം വേതനവും സാമൂഹിക സുരക്ഷിതത്വവും ആവശ്യപ്പെടുന്ന ആശ പ്രവർത്തകരുടെ സമരം ഗാന്ധിയൻ നിസ്സഹകരണ സത്യാഗ്രഹ സമരമെന്ന് അവർ പോലും പ്രഖ്യാപിച്ചതായി കാണുന്നില്ല. എന്നാൽ സാഹചര്യങ്ങളുടെ സമ്മർദത്താൽ അത് ഉജ്ജ്വലമായ സത്യാഗ്രഹ സമരമായി പരിണമിച്ചുവെന്ന് ലേഖകൻ വിലയിരുത്തുന്നു. അനിവാര്യമായ ചരിത്രസന്ധിയിൽ ഗാന്ധി ലോകത്തിന് പ്രദാനം ചെയ്ത സത്യാഗ്രഹമെന്ന മഹാദൗത്യം നാനാ പ്രകാരേണ വീണ്ടും വീണ്ടും പ്രഘോഷിക്കപ്പെടുന്നു. ഗാന്ധിയോട് വിയോജിക്കുന്നവർക്കും ആശ്രയിക്കാവുന്ന സമരായുധം.
“സത്യാഗ്രഹത്തിന്റെ ഒരു ലക്ഷണമെന്നത് അത് ബോധപൂർവമായിരിക്കുകയില്ല , അതായത് സത്യാഗ്രഹത്തിന് വേണ്ടി സത്യാഗ്രഹം നടത്തുക എന്നതായിരിക്കുകയില്ല , മറിച്ച് പരിത:സ്ഥിതികളിൽ ഉൾച്ചേർന്നിരിക്കുന്ന അന്യായത്തിനെതിരെയുള്ള സ്വാഭാവിക പ്രതികരണമായിരിക്കും….സത്യാഗ്രഹികളുടെ പ്രയത്നം എതിരാളികളെ ക്ഷമാപൂർവ്വം അവർ നടത്തിവരുന്ന അനീതിയെ കുറിച്ച് ബോധ്യപ്പെടുത്തുക എന്നതാണ്. അതിലൂടെ അവർക്ക് ബോധ്യപ്പെടുന്നില്ലാ യെങ്കിൽ സ്വയം കഷ്ടതകൾഏറ്റെടുത്തുകൊണ്ട് എതിരാളികളുടെ ഹൃദയത്തിനകത്തേക്ക് കടന്നു ചെല്ലാനുള്ള പരിശ്രമം നടത്തുക…
” നിരായുധരായുള്ള പ്രതിരോധം കഠിന ഹൃദയങ്ങളെപ്പോലും ദ്രവിപ്പിക്കുമെന്ന് ഗാന്ധിജിക്ക് വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു. അതിനെ ദുർബലരുടെ ആയുധമെന്ന് വിളിക്കുന്നത് അനുചിതമാണ്. കാരണം ആയുധമേന്തിയ പ്രതികാരത്തിനേക്കാൾ ഇതിന് കൂടുതൽ ധൈര്യം ആവശ്യമായി വരുന്നു. സകല പ്രകാരത്തിലുമുള്ള സത്യാഗ്രഹത്തിന്റെയും അനിവാര്യമായ ഉപാധി അഹിംസയാണെന്ന് ഗാന്ധി വിശ്വസിച്ചു…..
( നാരായൺ ദേശായി : എൻറെ ജീവിതം തന്നെ എന്റെ സന്ദേശം , വാല്യം 2 പേജ് 520 )
ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കുമായി ശബ്ദമുയർത്തിയതിന് കെനിയയിൽ ഭരണകൂടം തടങ്കലിലാക്കിയ മക്കളുടെ അമ്മമാർ അഹിംസാത്മകമായ സമരത്തിലൂടെ വിജയം നേടിയ കഥ ഗ്രീൻ ബെൽറ്റ് പ്രസ്ഥാന നായിക വാംഗാരി മാതായ് വികാരഭരിതമായി വിവരിക്കുന്നുണ്ട് . കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലെ ഉഹുരു പാർക്കിൽ ( ഫ്രീഡം കോർണർ ) തുടങ്ങി , ഭരണകൂടത്തിന്റെ ബലപ്രയോഗത്തെ തുടർന്ന് തൊട്ടടുത്തുള്ള ഓൾ സെയിൻ്റ്സ് ദേവാലയത്തിൽ ഒരു വർഷത്തിലധികം നീണ്ടുനിന്ന സഹനസമരം.
“ഉറക്കെ സംസാരിക്കുന്നവരെയേ സർക്കാർ ശ്രദ്ധിക്കൂ ” എന്ന് വാംഗാരി മാതായ് പറയുന്നുണ്ട്. കുനിഞ്ഞ ശിരസ്സല്ല , ഒരിക്കലും കുനിയാത്ത ശിരസ്സാണ് പെണ്ണിൻറെ സൗന്ദര്യമെന്ന് നിതാന്ത ജാഗ്രമായ അറിവിലൂടെയും മാനവിക ബോധത്തിലൂടെയും കർമ്മശേഷിയിലൂടെയും ലോകത്തിന് തെളിയിച്ചുകൊടുത്ത വാംഗാരി മാതായ് 2004 ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടി. ജനാധിപത്യം , മനുഷ്യാവകാശം , പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശം എന്നിവ സുസ്ഥിര വികസനത്തിന്റെ അടിസ്ഥാന ശിലകളാണെന്ന് …..
വിനയപൂർവ്വം തിരിച്ചറിയുക. (വാംഗാരി മാതായ് : തലകുനിക്കാതെ , ഒരു പെണ്ണിൻറെ ആത്മകഥ )
