നരേന്ദ്രമോദിയുടെ രാഷ്ട്രീയ അധികാര യാത്ര കാൽ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലും തുടർന്ന് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലുമായി അദ്ദേഹം കാൽനൂറ്റാണ്ടുകാലമായി രാഷ്ട്രീയ അധികാര ദണ്ഡ് കൈയിലേന്തി മുന്നോട്ടു നീങ്ങുകയാണ്. ഈ പശ്ചാത്തലത്തിൻ നരേന്ദ്ര മോദിയെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു അത്ഭുത പ്രതിഭാസമായി അവതരിപ്പിക്കുന്ന ആഖ്യാനങ്ങൾക്ക് ക്ഷാമമില്ല.മറുവശത്ത് അദ്ദേഹത്തിനുള്ളത് ഊതി വീർപ്പിച്ച ഒരു വീര പരിവേഷമാണെന്നും ഭരണ രംഗത്ത് തികഞ്ഞ പരാജയമാണദ്ദേഹമെന്നും പറയുന്നവർ ഏറെയാണ്. അദ്ദേഹത്തിന്റെ വാക്കുകളിൽ വരച്ചിടുന്ന ഇന്ത്യയുടെ ‘വികസന കഥ’ സ്വർഗ്ഗീയമായി തോന്നുന്നുവെങ്കിലും, യഥാർത്ഥത്തിൽ അത് മീഡിയ സൃഷ്ടിച്ച ഭ്രമാവസ്ഥ മാത്രമാണെന്നു പറയാൻ കാരണങ്ങളേറെയുണ്ടു്.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെയും വിദേശബന്ധങ്ങളുടെയും ഇവിടെ ഇപ്പോൾ നിലനിൽക്കുന്ന ജനാധിപത്യ സംവിധാനങ്ങളുടെയും യഥാർത്ഥ ചിത്രം നിഷ്പക്ഷമായി പരിശോധിച്ചാൽ ആർക്കും മോദി സ്തുതികൾ കേട്ട് കയ്യടിക്കാനാവില്ല.
സാമ്പത്തിക രംഗത്തെ മോദി മായാജാലമെന്താണെന്ന് നോക്കാം. യാഥാർത്ഥ്യത്തിൽ സാമ്പത്തിക അസമത്വം ഇതുപോലെ കുതിച്ചുയർന്ന ഒരു കാലഘട്ടം ഇന്ത്യയിൽ ഇതിനുമുമ്പുണ്ടായിട്ടില്ല.
മോദി സർക്കാർ “Make in India”, “Digital India”, “Startup India” തുടങ്ങിയ പ്രചാരണങ്ങളിലൂടെ യുവാക്കളെ വലിയ സ്വപ്നങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നാൽ തൊഴിലില്ലായ്മ 45 വർഷത്തെ റെക്കോർഡിൽ എത്തുകയും ചെയ്തു. 2016ലെ ഡിമോണിറ്റൈസേഷൻ ഒരു സാമ്പത്തിക ദുരന്തമായി മാറിയിട്ടും പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ അദ്ദേഹം അധികാരത്തുടർച്ച നേടിയെന്നതിലാണത്ഭുതം. ആ കാലഘട്ടത്തിലെ ചെറുകിട വ്യാപാരികളുടെയും ദൈനംദിന തൊഴിൽ ചെയ്യുന്നവരുടെയും തകർച്ചയുടെ ചിത്രം പൊതുവിൽ മാധ്യമങ്ങൾ തമസ്കരിക്കുകയാണ് ചെയ്തത്. അതേസമയം തന്നെ
സമ്പന്നർക്ക് നികുതി ഇളവുകൾ നൽകുകയും, സാധാരണക്കാർക്കുള്ള അടിസ്ഥാന സേവനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കുകയും ചെയ്തു. അംബാനി-അദാനി മുതലാളിമാർ ഇന്ത്യയുടെ ഉടമകളായി മാറി. ഇതാണ് യഥാർത്ഥത്തിലുള്ള മോദി മോഡൽ വികസനം.
വിഷം ചീറ്റുന്ന മതരാഷ്ട്രീയത്തിലൂടെ സംഭവിച്ച സമൂഹത്തിന്റെ വിഭജനം ഗുജറാത്തിൽ പരീക്ഷിച്ച് ഇന്ത്യയെമ്പാടും നടപ്പിലാക്കുന്നു.
ഗുജറാത്ത് കലാപം മുതൽ CAA, NRC, വോട്ടർ പട്ടികയിൽ നിന്ന് ചിലരെ മാറ്റിനിർത്തൽ വരെയുള്ള നീക്കങ്ങൾ മോദിയുടെ രാഷ്ട്രീയത്തിലെ തുറുപ്പുചീട്ടുകളാണ്. ഇവിടെയെല്ലാം സംഭവിക്കുന്നത് മതാടിസ്ഥാനത്തിലുള്ള സമൂഹത്തിൻ്റെ വിഭജനം തന്നെ .
ഇന്ത്യയുടെ നാനാത്വവും മതനിരപേക്ഷതയും പഴങ്കഥയായതോടെ, ജനാധിപത്യത്തിന്റെ ആത്മാവ് തന്നെ ക്ഷയിച്ചു.
മാധ്യമങ്ങൾ മതപരമായ വിദ്വേഷ പ്രചാരണങ്ങളുടെ വാദ്യമേളക്കാരാകുകയും ചെയ്തു. വിമർശനങ്ങൾ ഉന്നയിക്കുന്ന എല്ലാവരെയും “ദേശദ്രോഹി” എന്ന മുദ്രകുത്തി തുറുങ്കിലടക്കുകയോ നിയമം കൈയിലെടുക്കുന്ന സംഘങ്ങളുടെ വിചാരണകൾക്കും വിധി തീർപ്പുകൾക്കും വിധേയമാക്കുകയോ ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു
വിദേശനയങ്ങളിലെ പ്രയോജനരഹിതമായ പ്രദർശനപരതയും വിശകലനം ചെയ്യേണ്ടതാണ്.
മോദിയുടെ വിദേശ യാത്രകൾ എപ്പോഴും മീഡിയാ ഷോകളായി മാറുന്നു. ക്യാമറയ്ക്ക് മുന്നിൽ പ്രസരിപ്പ് കാണിക്കുന്നതും വലിയ പ്രസംഗങ്ങൾ നടത്തുന്നതും കൊണ്ടു് ഇന്ത്യക്ക് എന്തു പ്രയോജനമുണ്ടായി എന്ന ചോദ്യത്തിനുത്തരമില്ല. യാഥാർത്ഥ്യത്തിൽ ഇന്ത്യയുടെ അന്തർദേശീയ സ്വീകാര്യതയ്ക്ക് സമീപകാലത്ത് വലിയ ഇടിവു് സംഭവിച്ചിരിക്കയാണ്.
ചൈന ഇന്ത്യൻ അതിർത്തിയിൽ പല വഴിക്കും മേധാവിത്വം ഉറപ്പിച്ചിരിക്കുന്നു എന്നതാണ് സത്യം. മോദി ചൈനയുടെ കടന്നുകയറ്റങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു. ഈ സമീപനം ദേശീയ സുരക്ഷയെ പരിഹസിക്കുന്നതിനു തുല്യമാണ്.
പാകിസ്ഥാൻ ബന്ധവും തുടർച്ചയായ വിദ്വേഷ പ്രസംഗങ്ങൾ കൊണ്ടും അതിർത്തി സംഘർഷങ്ങൾ കൊണ്ടും കലുഷിതമായി തുടരുകയാണ്.
ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളുമായുള്ള ബന്ധങ്ങളും ഒട്ടും ഊഷ്മളമല്ല. മുൻപ് ഇന്ത്യയുടെ സാന്നിധ്യം ശക്തമായിരുന്ന അയൽരാജ്യങ്ങളിൽ ചൈനയുടെ സ്വാധീനം വ്യാപിച്ചു.
അമേരിക്കയുമായുള്ള ബന്ധത്തിലും മോദി സർക്കാരിന്റെ വിദേശനയം പാശ്ചാത്യ അനുകൂലതയുടെ വലയിൽ കുടുങ്ങി. ഇന്ത്യയുടെ സ്വതന്ത്ര നിലപാടുകൾ പഴങ്കഥയാരിക്കുകയാണ്. എന്നിട്ടും ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ബംഗ്ലാദേശിനും പാക്കിസ്ഥാനും 19 ശതമാനം തീരുവ മാത്രം ചുമത്തിയപ്പോൾ ഇന്ത്യക്കു മേൽ അമേരിക്ക ചുമത്തിയത് 50 ശതമാനം പകര ചുങ്കമാണ് എന്നത് തന്നെ ഇന്ത്യൻ സ്വാധീനത്തിൻ്റെ ഗ്രാഫ് എങ്ങോട്ടാണെന്നതിൻ്റെ സൂചനയാണ്.
മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയെയും തൊഴിൽസ്ഥിരതയെയും ബാധിക്കുന്ന വിധത്തിലേക്ക് ഇന്ത്യയിലെ മതവിദ്വേഷരാഷ്ട്രീയ പ്രസംഗങ്ങൾ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. ചുരുക്കത്തിൽ, മോദിയുടെ വിദേശ യാത്രകളും വിദേശനങ്ങളും മീഡിയ ഷോകൾ മാത്രമായിരുന്നു എന്നു പറയേണ്ടിവരും.
മാധ്യമനിയന്ത്രണങ്ങളും ജനാധിപത്യമൂല്യങ്ങളുടെ ക്ഷയവും ഇന്ത്യയിൽ വർദ്ധിച്ചു വരുന്നതായുള്ള സ്വതന്ത്ര നിരീക്ഷണങ്ങൾ ഗൗരവത്തിലെടുക്കേണ്ടവയാണ്.മാധ്യമങ്ങളെ ഭരണകൂടത്തിന്റെ പ്രചാരണ യന്ത്രങ്ങളാകാൻ നിർബന്ധിതരാക്കുന്ന സാഹചര്യം വളർന്നു വരുന്നു. വിമർശിക്കുന്ന പത്രപ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും കേസുകൾ ചുമത്തുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ, സി.ബി.ഐ., എൻഫോഴ്സ്മെൻ്റ് ഡയറക്റേറ്റ്, തുടങ്ങി സ്വതന്ത്ര സ്ഥാപനങ്ങൾ പോലും പൂർണ്ണമായും സർക്കാരിന്റെ പിടിയിലായി. കംപ്ട്രോ ളർ ആൻ്റ് ഓഡിറ്റർ ജനറൽ സ്ഥാപനത്തിനുമേലും പിടിമുറുകുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. സെൻസസ് പോലും മാറ്റിവയ്ക്കപ്പെടുന്നു. ഭരണ വ്യവഹാരങ്ങളും സ്ഥിതിവിവരക്കണക്കുകളുമെല്ലാം മൂടി വയ്ക്കപ്പെടുന്ന സാഹചര്യം വ്യവസ്ഥാപിതമാക്കുന്നു.
ഇതൊക്കെ ജനങ്ങൾക്കുള്ള വിവിധ അവകാശങ്ങളെ പരിമിതപ്പെടുത്തുകയും ജനാധിപത്യ ഇന്ത്യ എന്നതിനെ ഒരു മിഥ്യ സങ്കൽപ്പമാക്കി മാറ്റുകയുമാണ്.
ലോകരാജ്യങ്ങളിലെ ഫ്രീഡം ഇൻഡക്സ് വിലയിരുത്തുന്ന അമേരിക്ക ആസ്ഥാനമായുള്ള ഫ്രീഡം ഹൗസ് എന്ന അന്താരാഷ്ട്ര ഏജൻസി 2021-ൽ ഇന്ത്യയെ ഭാഗിക സ്വാതന്ത്ര്യം മാത്രമുള്ള രാജ്യമായി വിലയിരുത്തുകയുണ്ടായി. നരേന്ദ്ര മോദിയുടെ ജനാധിപത്യ സമീപനത്തിൻ്റെ സൂചകമായി എടുക്കാവുന്ന ഒരു റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 12 വർഷകാലത്തിനിടയിൽ വെറും 22 ദിവസം മാത്രമാണ് ഗുജറാത്ത് നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തത് എന്നാണതിൽ പറയുന്നത്. 2021-ൽ പ്രധാനമന്ത്രി ഇന്ത്യൻ പാർലമെൻ്റിൽ ആകെ ചിലവഴിച്ചത് കേവലം നാലു മണിക്കൂർ മാത്രമാണെന്ന് തൃണമൂൽ കോൺഗ്രസ്സ് നേതാവ് ഡെറിക് ഒപ്രിയാൻ ചൂണ്ടിക്കാണിച്ചിരുന്നു.
മോദിയുടെ ഭരണകാലം ഇന്ത്യയെ ഒരു “പബ്ലിസിറ്റി രാഷ്ട്രം” ആക്കി മാറ്റിയെന്നതാണ് യാഥാർത്ഥ്യം. വെറും പ്രചാരണങ്ങൾക്കും മതവിഭജനത്തിനുമപ്പുറം വിലവർധന, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ആരോഗ്യ വ്യവസ്ഥ പോലുള്ള ജനജീവിതത്തെ ബാധിക്കുന്ന യഥാർത്ഥ വിഷയങ്ങൾ പൂർണമായി അവഗണിക്കപ്പെട്ടു.
ഇതൊരു വ്യക്തിയധിഷ്ഠിത രാഷ്ട്രീയത്തിന്റെ പരാജയകഥയാണ്. ഭരണാധികരിയെക്കുറിച്ചുള്ളവാഴ്ത്തുപാട്ടുകൾക്കിടയിൽ ജനാധിപത്യത്തിന്റെ ആത്മാവ് വീണ്ടെടുക്കാനുള്ള ഉത്തരവാദിത്വം ഇപ്പോൾ ജനങ്ങളുടെ കോർട്ടിലാണ്.
