Blog Post

Swaraj Today > News > പരിസ്ഥിതി > കനോലി കനാലിലൂടെ ഒരു യാത്ര – നേർക്കാഴ്ച

കനോലി കനാലിലൂടെ ഒരു യാത്ര – നേർക്കാഴ്ച

കാൽ നൂറ്റാണ്ടായി പൊതു ജനാരോഗ്യ രംഗത്തും പരിസ്ഥിതി രംഗത്തും ഗുരുവായൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ആരോഗ്യ ജീവന കൂട്ടായ്മയാണ് ജീവ ഗുരുവായൂർ എന്ന നല്ലജീവന പ്രസ്ഥാനം.

നാച്ചുറൽ ഹൈജിനിസ്റ്റും ഓർത്തോപതി ചികിത്സാരീതിയുടെ പ്രചാരകനും തിരൂർ ഗാന്ധിയൻ പ്രകൃതി ഗ്രാമം ഡയറക്ടറും സർവ്വോപരി എഴുത്തുകാരനുമായ ഡോക്ടർ പി എ രാധാകൃഷ്ണൻ നേതൃത്വം നൽകുന്ന ഈ പ്രസ്ഥാനം, പുഴ, പരിസ്ഥിതിസംരക്ഷണ ബോധ വത്കരണത്തിന്റെ ഭാഗമായി എല്ലാ വർഷവും കാനോലി കനാലിൽ ജലയാത്ര സംഘടിപ്പിക്കാറുണ്ട്. ജൂലൈ മാസത്തിലാണ് ചാവക്കാട് മുതൽ പൊന്നാനി വരെയും തിരിച്ച് ചാവക്കാട്ടേക്കും വഞ്ചിയാത്ര ഉണ്ടാകാറുള്ളത്. കേവലം ഒരു ഉല്ലാസയാത്രയായല്ല, മറിച്ച് കനാൽ സംരക്ഷണത്തിന്റെ ഭാഗമായി ഈ പ്രസ്ഥാനത്തിന്റെ ആശയങ്ങളോട് യോജിപ്പുള്ള ഒരു കൂട്ടായ്മയുടെ ഉദ്ബോധനയാത്ര എന്ന നിലയിലാണ് ഇത് സംഘടിപ്പിക്കാറുള്ളത്. യാത്ര പോകുന്ന ഭാഗത്തെ പുഴകളിൽ വീണു കിടക്കുന്ന മരങ്ങൾ വെട്ടി മാറ്റിയും മാലിന്യങ്ങൾ നീക്കം ചെയ്തും പുഴകളുടെ സുഗമമായ ഒഴുക്കിന് വഴിയൊരുക്കുകയുമാണ് ഈ ജലയാത്രികരുടെ ലക്ഷ്യം. കഴിഞ്ഞ 10 വർഷത്തോളമായി ജീവ ഗുരുവായൂർ, പുഴകളെ സുഗമമായി ഒഴുകാൻ അനുവദിക്കുക എന്ന ആശയം മുന്നോട്ട് വെച്ച് ഈ വിധത്തിൽ കാനോലി കനാൽ ജലയാത്ര നടത്തി
വരുന്നുണ്ട്.

കനോലി കനാലിന്റെ ആവിർഭാവവും പ്രാധാന്യവും

കേരളത്തിലെ മറ്റ് പുഴകളിൽനിന്നും നദികളിൽ നിന്നും വ്യത്യസ്തമാണ് കനോലി കനാൽ. അത് മനുഷ്യ നിർമ്മിതമാണ് . മൈസൂർ സുൽത്താന്മാരായിരുന്ന നവാബ് ഹൈദർ അലിയും അദ്ദേഹത്തിന്റെ മകനായ ടിപ്പുസുൽത്താനുമാണ് മലബാർ മേഖലയിൽ കര ഗതാഗതത്തിനും ജല ഗതാഗതത്തിനും കാര്യക്ഷമമായ സംവിധാനം ഒരുക്കാനുള്ള പരിശ്രമത്തിന് തുടക്കമിട്ടത്.
കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെയും തിരിച്ചും വിശാലമായ ഒരു ജലഗതാഗതമാർഗ്ഗം എന്ന ഉദ്ദേശത്തോടെ 1845 ൽ ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലാ കളക്ടറായിരുന്ന ഹെന്ററി വാലന്റയിൻ കനോലി, പുഴകളെയും ജലാശയങ്ങളെയും കനാൽ നിർമിച്ചു യോജിപ്പിക്കാൻ തീരദേശ ജലഗതാഗതമാർഗം രൂപപ്പെടുത്തി. അദ്ദേഹം മദ്രാസ് ഗവണ്മെന്റിനു സമർപ്പിച്ച ആ രൂപരേഖ 1846-ൽ അനുവദിക്കപ്പെട്ടു.

1848-ൽ പൂർത്തിയാക്കിയ ഒന്നാം ഘട്ടത്തിൽ കോഴിക്കോട് ജില്ലയിൽ വടകരയിൽ തുടങ്ങി, ഏലത്തൂർ പുഴയെ കല്ലായി പുഴയോടും കല്ലായി പുഴയെ ബേപ്പൂർ പുഴയോടും ബന്ധിപ്പിച്ചു.

രണ്ടാം ഘട്ടത്തിൽ പൊന്നാനി, ചാവക്കാട് ഭാഗങ്ങളെ ഉൾപ്പെടുത്തി കൊടുങ്ങല്ലൂർ വരെ ഭാരതപ്പുഴ, പൂകൈതപ്പുഴ, തിരൂർ, പൊന്നാനി, ചേറ്റുവ പുഴകളെയും തോടുകളെയും ജലാശയങ്ങളെയും സംയോജിപ്പിക്കുന്ന കനാലുകളുടെ നിർമ്മാണം തുടങ്ങി. ഇവിടെ നിലവിലുണ്ടായിരുന്ന അപ്പിതോട് വിപുലീകരിച്ച് പൂകൈതപ്പുഴയുമായി ലയിപ്പിച്ച് അവിടെ നിന്ന് തെക്കോട്ടു ചാവക്കാട് വരെയും കൊച്ചി രാജ്യത്തിന്റെ അതിർത്തി വരെയും കനാൽ ദീർഘി പ്പിച്ചു. വളരെ ശ്രമകരമായ ഒരു ദൗത്യമായിരുന്നു ഇത്‌. ഭൂമി ഏറ്റെടുക്കൽ നിയമം പ്രാബല്യത്തിൽ ഇല്ലാതിരുന്ന കാലത്ത് സാമൂതിരിയും മറ്റ് നാടുവാഴികളും സ്ഥലമുടമകളും ഇക്കാര്യത്തിൽ പരമാവധി സഹകരിച്ചു. ഉപ്പുവെള്ളം കയറുന്നത് തടയാൻ സംവിധാനമൊരുക്കാമെന്നും പരിസരപ്രദേശങ്ങളിൽ കൃഷിക്കാവശ്യമായ വെള്ളം നൽകാമെന്നും സാമൂതിരിയും കനോലിയുമായി കരാർ ചെയ്തു. നിർമാണത്തിൽ പങ്കെടുത്ത ജോലിക്കാർക്ക് സുഭിക്ഷമായ ഭക്ഷണമായിരുന്നു കൂലിയായി കൊടുത്തത്. ദാരിദ്ര്യവും രോഗവും കൊണ്ട് അവശത അനുഭവിച്ചിരുന്ന ജനവിഭാഗത്തിന് അത് വലിയൊരു ആശ്വാസമായി. അവർ കാനാലിന്റെ നിർമാണ പ്രവർത്തനങ്ങളിൽ മുഴുവൻ സമയവും പങ്കാളികളായി. മലബാർ ലഹളയുമായി ബന്ധപ്പെട്ട്, കളക്ടർ കനോലി മരണമടഞ്ഞു. അന്ന് നിലച്ചു പോയ പൊന്നാനി ഭാഗത്തെ കനാൽനിർമാണം പിന്നീട് വന്ന കളക്ടർ റോബിൻസന്റെ താല്പര്യത്തെ തുടർന്ന് 1850-ൽ പൂർത്തീകരിച്ചു.
കനോലി സായിപ്പിനെ രണ്ട് ഏറനാട്ടുകാർ വെസ്റ്റ്ഹിൽ ബാരക്സിൽ വെച്ച് കൊലപ്പെടുത്തിയതിനു ശേഷമാണ് ഈ കനാൽ കനോലി കനാൽ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത് എന്ന് പറയപ്പെടുന്നു. ഒരു ജനത യുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും പരിണത പ്രതിഫലനമാണ് കാനോലി കനാൽ. ഒരു നൂറ്റാണ്ടോളം കോഴിക്കോട് മുതൽ കൊച്ചി വരെയുള്ള ചരക്ക് നീക്കത്തിന്റെ പാതയായി രുന്നു ഈ കനാൽ. ചരക്ക് വ്യാപാരത്തെ തുടർന്ന് ചാവക്കാട്, പൊന്നാനി കണ്ടശ്ശാങ്കടവ് എന്നീ തീരദേശ പട്ടണങ്ങൾ വികസിച്ചു. തീരദേശ ഉത്പന്നമായ വെളിച്ചെണ്ണയും ചകിരിയും കൊച്ചിയിലേക്ക് കെട്ടു വള്ളത്തിലൂടെ കൊണ്ടു പോയിരുന്നത് ഈ ജലപാത വഴിയായിരുന്നു. അങ്ങനെ രൂപപ്പെട്ട ചില വാണിജ്യ മണ്ഡലങ്ങൾ കനോലി കനാലിന്റെ തീരങ്ങളിലുണ്ടായിരുന്നു. സാധാരണക്കാരുടെ ജീവിതവും ഈ കനാലുമായി ചേർന്നൊഴുകിയിരുന്നു. കുടിക്കുവാനൊഴികെ മറ്റെല്ലാ ആവശ്യങ്ങൾക്കും അവർ ഈ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. ആ സുവർണ കാലഘട്ടം ഈ ജലപാതയ്ക്ക് കൈമോശം വന്നിട്ടിപ്പോൾ അമ്പതാണ്ടുകൾ പിന്നിട്ടുണ്ടാകും.

കാനോലി കാനാലിന്റെ ഇന്നത്തെ അവസ്ഥ

ജീവയുടെ യാത്ര ചാവക്കാട് മുതൽ പൊന്നാനി വരെയാണെന്ന് നേരത്തെ പറഞ്ഞിരുന്നുവല്ലോ. ഈ വർഷത്തെ ജലയാത്ര 27-07-2025 തിയ്യതി രാവിലെ 8 മണിക്ക് 28 പേരുടെ സംഘവുമായി ചാവക്കാട് വഞ്ചിക്കടവിൽ നിന്നും പുറപ്പെട്ടു. അതിൽ എനിക്കും പങ്കാളിയാകാൻ കഴിഞ്ഞു. പതിവു പോലെ ജലഗതാഗതത്തിലെ തടസ്സങ്ങൾ നീക്കാനുള്ള തയ്യാറെടുപ്പുകളോടെയാണ് ഞങ്ങൾ യാത്ര പുറപ്പെട്ടത്. യാത്രയുടെ മുന്നോടിയായി ചാവക്കാട് മുതൽ പൊന്നാനി വരെയുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും, പുഴയിലെ തടസ്സങ്ങൾ മാറ്റി യാത്രക്ക് പ്രോത്സാഹനം നൽകാൻ കത്ത് മുഖാന്തിരം ആവശ്യപ്പെട്ടിരുന്നെങ്കിലും യാതൊരു വിധ തയ്യാറെടുപ്പുകളോ സഹകരണമോ അവരുടെ ഭാഗത്ത്‌ നിന്നുണ്ടായില്ല. പുന്നയൂർ,പുന്നയൂർകുളം,വടക്കേക്കാട്,പെരുമ്പടപ്പ്,വെളിയങ്കോട്,പൊന്നാനി എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന ഈ കനാലിന്റെ ഇന്നത്തെ അവസ്ഥ ശോചനീയമാണ് എന്ന് പറയാതെ വയ്യ. ജലപാത മലീമസമാക്കപ്പെട്ടിരിക്കുന്നു. തദ്ദേശസ്ഥാപനങ്ങളിലെ ഭരണകർത്താക്കളുടെ ദീർഘവീക്ഷണമില്ലായ്മയുടെ ഫലമായി നടന്നുകൊണ്ടിരിക്കുന്നഅനിയന്ത്രിതമായ മണലെടുപ്പും മാലിന്യനിക്ഷേപവും കനാലിനെയും ബന്ധപ്പെട്ട പുഴകളെയും നാശത്തിലേക്ക് നയിക്കുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം.

യാതൊരു വിധ ശുചീകരണപ്രവർത്തനങ്ങളും ചാവക്കാട് മുതൽ പൊന്നാനി വരെയുള്ള കനാൽ ഭാഗങ്ങളിൽ കാണാൻ കഴിഞ്ഞില്ല. തെങ്ങുകളും മറ്റ് മരങ്ങളും പുഴയിൽ വീണു കിടന്നിരുന്നു. തെങ്ങ് കെട്ടിയ കമ്പികൾ പൊട്ടി അപകടാവസ്ഥയിൽ കനാലിലേക്ക് തൂങ്ങിക്കിടക്കുന്നത് യാത്രയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിൽ വാണിജ്യത്തിനും ഗതാഗതത്തിനും ഉപയോഗിച്ചിരുന്ന ഈ ജലമാർഗം ഇന്ന് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. പുഴയിൽ പലയിടങ്ങളിലും പ്ലാസ്റ്റിക് അവശിഷ്ടങ്ങളുടെ കൂമ്പാരമാണ്. പ്രദേശവാസികളും ഇതിൽ പങ്കാളികളായിരിക്കണം. പുഴയിൽ വീഴുന്ന നാളികേരമെടുക്കാൻ തദ്ദേശവാസികൾ മുളകൾ പുഴയിലിട്ട് അതിന്റെ ഒഴുകാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്നു. പുഴയിൽ വീഴുന്ന സ്വകാര്യ ഭൂമിയിലെ മരങ്ങളും ചില്ലകളും അവർ വെട്ടി മാറ്റുന്നില്ല. അധികൃതരും അതെല്ലാം കണ്ടില്ലെന്നു നടിക്കുന്നു. ഇതിനെതിരെ നടപടികളെടുക്കുകയോ ഇവർക്ക് ബോധവൽകരണം നടത്തുകയോ ചെയ്യുന്നില്ല. അത് പോലെ തന്നെയാണ് പാലങ്ങളുടെയും അവസ്ഥ. ജലനിരപ്പ് ഉയരുമ്പോൾ അണ്ടത്തോട് പാലത്തിനടിയിലൂടെ വഞ്ചിക്ക് പോകാനാകില്ല. അതിനാൽ നാട്ടുകാരുടെ സഹായത്തോടെ വഞ്ചി ചവിട്ടി താഴ്ത്തിയാണ് ഞങ്ങൾക്ക് പാലത്തിനടിയിലൂടെ പോകാൻ കഴിഞ്ഞത്. പാലങ്ങളെല്ലാം ജീർണാവസ്ഥയിലാണ്. യാതൊരു നവീകരണ പ്രവർത്തനങ്ങളും പാലങ്ങളിൽ ചെയ്യുന്നതായി കാണുന്നില്ല. പല പാലങ്ങളും പണിതിരിക്കുന്നത് ജലഗതാഗതത്തെ തടസ്സപ്പെടുത്തും വിധം താഴ്ന്നും പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തും വിധം പുഴയിലേയ്ക്ക് ഇറങ്ങിയുമാണ്. ഇത് ഒരു കുപ്പിക്കഴുത്തു പോലെ പ്രവർത്തിക്കുകയും മഴക്കാലങ്ങളിൽ പ്രദേശത്തെ വെള്ളപ്പൊക്കത്തിനു കാരണമാവുകയും ചെയ്യുന്നു.

കനാലുമായി ബന്ധപ്പെട്ട കുളങ്ങളും തോടുകളും മറ്റ് ജലസ്രോതസ്സുകളും മണ്ണിട്ട് നികത്തി ഫ്ലാറ്റ് മാഫിയക്ക് അടിയറ വെക്കുന്ന ഒരു സമീപനമാണ് ഈ അടുത്ത കാലം വരെ ഇവിടെ കണ്ടു വന്നിരുന്നത്. 2008 ലെ നെൽവയൽ- തണ്ണീർതട സംരക്ഷണ നിയമം വന്നതിനു ശേഷം ഇതിനൊരു മാറ്റം വന്നിട്ടുണ്ട്. കനോലി കനാൽ കേരളത്തിന്റെ തീരപ്രദേശത്തെ മുഴുവൻ ഉൾകൊള്ളുന്ന രീതിയിൽ നില നിൽക്കേണ്ട ജലപാതയാണ്. പ്രകൃതി രമണീയമായ ഈ ജലപാത നമുക്ക് അന്യം നിന്ന് പോകുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉദ്യോഗസ്ഥ തലത്തിലെ കിട മത്സരങ്ങളും ഇതിനു കാരണമാകുന്നുണ്ട്.
കനാലിലെ തടസ്സങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് ഫണ്ട്‌ ചെലവഴിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അധികാരമില്ലെന്നും അത് ചെലവഴിക്കേണ്ടത് ഇറിഗേഷൻ വകുപ്പാണെന്നുമാണ് പഞ്ചായത്തുകളുടെ വാദം. ഇറിഗേഷൻ വകുപ്പ് ഈ ജലപാതയുടെ ജീർണാവസ്ഥ മനസിലാക്കിയിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്. പരസ്പരം മത്സരിക്കുന്ന സർക്കാർ വകുപ്പുകൾ ഈ ജലപാതയുടെ മനോഹരമായ ഒരു കാലഘട്ടത്തെ ഇരുളി ലേക്ക് തള്ളിയിടാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. ഇതു മൂലം ഇല്ലാതാവുന്നത് കഴിഞ്ഞ കാലങ്ങളിൽ നാം ഉപയോഗിച്ചിരുന്ന നമ്മുടെ ജലഗതാഗത മാർഗങ്ങളാണ്. നമ്മുടെ സർക്കാരും ഭരണകർത്താക്കളും മാറി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആവാസ വ്യവസ്ഥ നശിക്കാതിരിക്കാൻ തോ ടുകളുടെയും ജലാശയങ്ങളുടെയും സംരക്ഷണത്തിൽ സർക്കാർ കർശന നിലപാടെടുക്കുകയും ആയതിനുള്ള മാർഗ നിർദ്ദേശങ്ങൾ അതാത് വകുപ്പുകൾക്ക് നൽകുകയുമാണ് ചെയ്യേണ്ടത്. വലിയ സാധ്യതകളുള്ള കനോലികനാൽ ജലഗതാഗതത്തിനോ ടൂറിസത്തിനോ ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല എന്നത് ഭരണാധികാരികളുടെ കഴിവുകേടായിട്ടാണ് ചൂണ്ടി കാണിക്കപ്പെടുന്നത്. ജലാശയങ്ങൾ മണ്ണിട്ട് നികത്തുന്നതിനു കാണിക്കുന്ന വ്യഗ്രത പുഴകളെ സംരക്ഷിക്കുന്നതിൽ കാണുന്നില്ല. പ്രളയ സാധ്യതയുള്ള നമ്മുടെ നാട്ടിൽ പുഴകളും ജലാശയങ്ങളും ഒഴുകാനാകാതെ കര കവിഞ്ഞാൽ നഷ്ടമുണ്ടാകുന്നത് നമ്മുടെ നാടിനു തന്നെയാണ് എന്ന അനുഭവം ആരും മറക്കാതിരിക്കട്ടെ.

ഉപസംഹാരം

ഇനി യാത്രയിലേക്ക് തിരിച്ച് വരാം. പുഴയിലെ തടസ്സങ്ങളും മാലിന്യങ്ങളും ഞങ്ങളുടെ യാത്രയെ ബുദ്ധിമുട്ടിച്ചെങ്കിലും, വെള്ളത്തിൽ വീണു കിടക്കുന്ന മരങ്ങളും ചില്ലകളും വെട്ടി മാറ്റിയും കടുത്ത മഴയും ഉൾപ്പെടെയുള്ള പ്രതിസന്ധികളെ തരണം ചെയ്തും ഞങ്ങൾ ഉച്ചക്ക് 3.30 മണിയോടെ വെളിയങ്കോട് പുറങ്ങ് എന്ന സ്ഥലത്ത് എത്തിച്ചേർന്നു. അവിടന്നങ്ങോട്ട് തെങ്ങിൻപാലമിട്ട് തടസ്സപ്പെടുത്തിയതിനാൽ ഞങ്ങൾക്ക് പൊന്നാനിയിലേക്ക് പോകാനായില്ല. അവിടെ പാലത്തിന്റെ നിർമാണ പ്രവർത്തനവും നടക്കുന്നുണ്ട്. അതിനാൽ ഈ ജൂൺ ആദ്യ വാരത്തിൽ പ്രദേശമാകെ വെള്ളക്കെട്ടിൽ ആയിരുന്നെന്ന് അറിയാൻ കഴിഞ്ഞു. പുറങ്ങിൽ നിന്നും ഭക്ഷണം കഴിച്ച് ഞങ്ങൾ തിരിച്ചു പോന്നു. വൈകീട്ട് 8 മണിയോടെ ചാവക്കാട് തിരിച്ചെത്തി.

Leave a comment

Your email address will not be published. Required fields are marked *