കേരളത്തിൽ ഏതു വിഷയത്തെക്കുറിച്ച് നടക്കുന്ന ചർച്ചകളും മാധ്യമങ്ങൾ കൊണ്ടുനടക്കുന്ന കാലം വരെയെ നിലനിൽക്കുകയുള്ളു. സ്വകാര്യ സർവ്വകലാശാല സംബന്ധിച്ച ചർച്ചകൾക്കും ആ ഗതി തന്നെയാണുണ്ടായത്. സർക്കാരുകൾക്കും രാഷ്ട്രീയ കക്ഷികൾ ക്കുമിതറിയാം. അതവർ ഒരു സൗകര്യമായി കരുതുന്നു. ഏതു വിവാദ വിഷയങ്ങളും ജനങ്ങളുടെ ഓർമ്മയിൽ നിൽക്കേണ്ട കാലയളവ് നിർണ്ണയിക്കുന്നത് അടുത്ത വിഷയം എപ്പോൾ ചർച്ച ചെയ്യപ്പെട്ടു തുടങ്ങുന്നു എന്നതാണ്. എന്നാൽ വിദ്യാഭ്യാസ സംബന്ധിയായ കാര്യങ്ങളുടെ ചർച്ച അങ്ങനെ വഴിയിലുപേക്ഷിക്കേണ്ടവ അല്ല.
മൂർത്തമായ സമയത്ത് മൂർത്തമായ തീരുമാനങ്ങൾ, എന്നു പറഞ്ഞ് സ്വകാര്യ സർവ്വകലാശാലകളനുവദിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ തീരുമാനത്തെ അവതരിപ്പിച്ചത് കേരളത്തിൻ്റെ ഉന്നതവിദ്യാഭ്യാസ മന്ത്രിയായ മുൻ കോളേജ് അദ്ധ്യാപിക കൂടിയായ ബിന്ദു ടീച്ചറാണ്. എന്താണ് ഇന്ന് നമ്മുടെ മുന്നിൽ മൂർത്തമായി രൂപപ്പെട്ടുവരുന്ന ലോകസാഹചര്യങ്ങൾ എന്നതു സംബന്ധിച്ച കാഴ്ചപ്പാട് പലരെ സംബന്ധിച്ചും പലതാവും. ബിന്ദു ടീച്ചറിനും അവരുടെ മന്ത്രിസഭ സഹപ്രവർത്തകർക്കും അവരുടെ പാർട്ടിക്കും മുന്നണിക്കുമൊക്കെ ബോധ്യപ്പെട്ടിരിക്കുന്ന മൂർത്തമായ സാഹചര്യമെന്നത് ലോകമെങ്ങും രാഷ്ട്രീയമുൾപ്പെടെയുള്ള എല്ലാ രംഗങ്ങളും ഇന്ന് മുതലാളിത്ത വ്യവസ്ഥക്ക് കീഴ്പ്പെട്ടിരിക്കുന്നു എന്നതു മാത്രമാവും. അതുകൊണ്ടുതന്നെ മുതലാളിത്ത പാതയിൽ ചുവടുകൾ വയ്ക്കുകയല്ലാതെ വേറെ വഴികളില്ല എന്ന നിസ്സഹയതാബോധത്തിൽ അവരെത്തിയിട്ടുണ്ടാവും.എന്നാൽ തങ്ങളെത്തിപ്പെട്ടിരിക്കുന്ന ആശയതലത്തിലും പ്രായോഗിക തലത്തിലുമുള്ള നിസ്സഹായതബോധത്തെ കുറിച്ച് സത്യസന്ധമായി തുറന്നുപറയാൻ കൂട്ടാക്കാതെ , കേരളത്തിലെ ജനങ്ങളുടെ താൽപ്പര്യങ്ങളും കാലങ്ങളായി തങ്ങൾ കൊണ്ടുനടക്കുന്ന നിലപാടുകളും നിലനിർത്തിക്കൊണ്ടാണ് ഈ പുതിയ നീക്കമെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാനും സ്വയം വിശ്വസിക്കാനും അവർ ശ്രമം നടത്തുകയാണ്. സ്വകാര്യ സർവ്വകലാശാലകൾ ഇവിടെ ഇപ്പോഴുള്ള സർവ്വകലാശാലകളെയോ കോളേജു വിദ്യാഭ്യാസത്തെയോ ബാധിക്കില്ല, സംവരണം ഉറപ്പാക്കും, കേരളീയരായ വിദ്യാർത്ഥികൾക്ക് അഡ്മിഷന് അവസരമുറപ്പാക്കാൻ മുൻകരുതലെടുത്തിട്ടുണ്ട് എന്നു തുടങ്ങിയ ആശ്വാസ വർത്തമാനങ്ങൾ പുതിയ തീരുമാനത്തോടൊപ്പം പ്രഖ്യാപിച്ചിട്ടുള്ളത് അത്തരം ശ്രമത്തിൻ്റെ ഭാഗമായാണ്. ഭരിക്കുന്നവർ ഈ നിലക്ക് നീങ്ങുമ്പോൾ പ്രതിപക്ഷവും മാധ്യമങ്ങളും ചർച്ചകളിൽ പങ്കുവയ്ക്കുന്നത് ഇടതുപക്ഷം ഈ തീരുമാനമെടുക്കാൻ വൈകിപ്പോയി എന്ന കാഴ്ചപ്പാടാണ്. അതിനപ്പുറം, ഈ പുതിയ തീരുമാനത്തിൻ്റെ ഗുണഭോക്താക്കളാരാണ്, ജനങ്ങളിൽ മഹാഭൂരിപക്ഷത്തിനും ഇതുകൊണ്ടെന്തു പ്രയോജനമുണ്ട്, നാളത്തെ കേരളത്തെ ഇതെങ്ങനെ ബാധിക്കും, ലോകത്ത് രൂപപ്പെട്ടുവരുന്ന പ്രവണതകളുടെ പശ്ചാത്തലത്തിൽ ഈ ദിശയിലാണോ വിദ്യാഭ്യാസ രംഗത്ത് നയം മാറ്റങ്ങൾ കൊണ്ടുവരേണ്ടത് തുടങ്ങിയ ചോദ്യങ്ങൾ ഇവിടെ ഉന്നയിക്കപ്പെടുന്നില്ല. ഇത്തരമൊരു പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വിചക്ഷണനല്ലാത്ത ഒരു സാധാരണ കർഷകൻ്റെ സാമാന്യബോധത്തിൽ നിന്നുകൊണ്ട് ചില ചിന്തകൾ കുറിക്കുന്നത്.
എന്താണ് ഇന്നത്തെ ലോകത്ത് പ്രകടമായിക്കൊണ്ടിരിക്കുന്ന മൂർത്ത സാഹചര്യങ്ങൾ?
പ്രധാന ലോക രാജ്യങ്ങളുടെയെല്ലാം അധികാരികളായി ഏകാധിപത്യ പ്രവണതയുള്ളവർ കടന്നുവന്നിട്ടുള്ള ഒരു ഇരുണ്ട കാലമാണിത്. ഏകാധിപതികളുടെ ഇന്നത്തെ വാഴ്ച കോർപ്പറേറ്റ് ഭീമൻമാരുമായി ഒരു മറയുമില്ലാതെ സഖ്യത്തിലേർപ്പെട്ടു കൊണ്ടാണ്. ട്രംപ് – മസ്ക് സഖ്യം തന്നെയാണതിൻ്റെ ആഗോള പ്രതീകം. ഇന്ത്യയുൾപ്പെടെയുളള ഒട്ടനവധി രാജ്യങ്ങളിൽ സമാനമായ സഖ്യങ്ങൾ അതാതു രാജ്യങ്ങളുടെ രാഷ്ട്രീയ – സാമ്പത്തിക വ്യവഹാരങ്ങൾ നിയന്ത്രിക്കുന്നു. അവർക്കു നേരെ ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നതുപോലുമവർ ഇഷ്ടപ്പെടുന്നില്ല. തങ്ങളുടെ ആധിപത്യത്തിന് അടിത്തറയായി അവർ ചില ജനസമൂഹങ്ങളുടെ മാത്രം താൽപ്പര്യ സംരക്ഷകരായി സ്വയം അടയാളപ്പെടുത്തുന്നു. മറ്റുള്ളവരെയെല്ലാം ശത്രുപക്ഷത്തുള്ളവരായി മാറ്റി നിർത്തുന്നു. ദേശീയത, മതം, വംശം തുടങ്ങിയവയാണ് ഈ വേർതിരിക്കലിന് മാനദണ്ഡമാക്കുന്നത്. ഇത് രാജ്യങ്ങൾക്കുള്ളിലും രാജ്യങ്ങൾ തമ്മിലുമുള്ള പരസ്പര ബഹുമാനത്തിൻ്റെ, സമാധാനത്തിൻ്റെ അന്തരീക്ഷമില്ലാതാക്കുന്നു. പരസ്പര വിശ്വാസത്തിനു പകരം അവിശ്വാസത്തിൻ്റെ കാർമേഘങ്ങളാണ് അന്തരീക്ഷത്തിൽ ഉരുണ്ടു കൂടുന്നത്.ഒരു ദശകം മുമ്പ് ലോകത്തുണ്ടായിരുന്നതിലുമധികം യുദ്ധ സാധ്യതകൾ ഇന്ന് നിലനിൽക്കുന്നു. കൂട്ടായി നിലനിൽക്കുക എന്ന സമീപനത്തിനു പകരം മറ്റുള്ളവരെ കീഴടക്കി തങ്ങൾക്ക് നിലനിൽക്കാമെന്ന ചിന്തയാണ് ലോക രാഷ്ട്രീയ രംഗത്തെയും ലോക സാമ്പത്തിക ക്രമത്തെയും ഇന്ന് നയിക്കുന്നത്.ഇത് ലോകത്തിൻ്റെ ആകെ കൂടിയുള്ള ഭാവിയെ കുറിച്ച് ആശങ്കകളുയർത്തുന്ന സാഹചര്യമാണ്.
കാലാവസ്ഥാ മാറ്റം ജീവരാശിയെ ഒന്നാകെ ബാധിക്കുന്ന മൂർത്തമായ ഒരു പ്രതിസന്ധിയായി നമ്മുടെ കൺമുമ്പിലുണ്ടു്. ഇന്നത്തെ യുവതലമുറയും വരാനിരിക്കുന്ന തലമുറകളും എങ്ങനെയാണ് ഈ പ്രതിസന്ധിയെ മറികടക്കുക എന്ന് ആർക്കും നിശ്ചയമില്ല. ഈ വിഷയം സംബന്ധിച്ച അന്താരാഷ്ട്ര ചർച്ചകളും കൂടിയാലോചനകളും തീരുമാനങ്ങളുമെല്ലാം ഉണ്ടാവുന്നുണ്ടെങ്കിലും പ്രായോഗികമായി ഈ പ്രതിസന്ധിക്കുള്ള പരിഹാരങ്ങളൊന്നുമുണ്ടാവുന്നില്ല. കാലാവസ്ഥാ മാറ്റം വലിയ തോതിൽ ലോക സാമ്പത്തിക രംഗത്ത് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുറപ്പാണ്. ഭക്ഷ്യ ക്ഷാമവും കോവിഡിനെ വെല്ലുന്ന മഹാമാരികളുമുണ്ടായേക്കാം.
നിർമ്മിത ബുദ്ധി മനുഷ്യബുദ്ധിയെ കീഴ്പ്പെടുത്തുമോ എന്ന ശാസ്ത്രകാരൻമാരുടെ തന്നെ സന്ദേഹവും മൂർത്തമായി മനുഷ്യരാശിയുടെ മുന്നിലുണ്ട്. എന്തായാലും എ.ഐ സാങ്കേതികവിദ്യയുടെ രംഗത്തെ വികാസങ്ങൾ സങ്കൽപ്പിക്കാനാവാത്ത
വിധത്തിൽ ജനജീവിതത്തിൻ്റെ സമസ്തരംഗങ്ങളിലും സ്വാധീനം ചെലുത്തുമെന്നുറപ്പാണ്.എ.ഐ. മൂത്താൽ സോഷ്യലിസമാവുമോ എന്നത് തൽക്കാലം ചർച്ച ചെയ്തില്ലെങ്കിലും, ഇതുമൂലം വലിയ തോതിൽ തൊഴിൽ സാധ്യതകൾ ഇല്ലാതാവുമെന്നത് സംശയമില്ലാത്ത കാര്യമാണ്. അസാധാരണ വൈദഗ്ദ്യമുള്ള കുറച്ചാളുകൾക്കായി തൊഴിൽ സാധ്യതകൾ പരിമിതപ്പെട്ടേക്കാം.
മേൽ സൂചിച്ച കാര്യങ്ങൾ ഒരു ദശകത്തിനുള്ളിൽത്തന്നെ ലോകജനതയുടെ ഭാവിയെ ആഴത്തിൽ സ്വാധീനിക്കുന്നവയാണ്. ഒഴിഞ്ഞുമാറാൻ ആർക്കുമാവില്ല. ഈ മൂർത്തമായ സാഹചര്യത്തെ നേരിടാനുള്ള മൂർത്തമായ സമീപനമെന്താണെന്ന ചോദ്യമാണ് ഈ കാലഘട്ടത്തിലെ ഏറ്റവും തീഷ്ണമായ ചോദ്യം. അവിടെ എങ്ങനെയാണ് സ്വകാര്യ സർവ്വകലാശാലകൾ നമ്മുടെ നാട്ടിലെ യുവത്വത്തെ വരാനിരിക്കുന്ന സങ്കീർണ്ണ സാഹചര്യങ്ങളെ നേരിടാൻ ശേഷിയുള്ളവരാക്കുന്നത് എന്ന ചോദ്യം ഉയരേണ്ടതല്ലെ?
കോർപ്പറേറ്റുകളും ഏകാധിപതികളും ചേർന്ന് എ.ഐ സാങ്കേതികവിദ്യ പോലുള്ള അതിനൂതന സാങ്കേതികവിദ്യയുപയോഗിച്ച് ലോകത്തെ നിയന്ത്രിക്കുമ്പോൾ വളരെ കുറച്ചാളുകൾക്ക് മാത്രം ഈയൊരു കൂട്ടുകെട്ടിൻ്റെ സഹായികളാകാൻ അവസരം ലഭിക്കും. പ്രത്യക്ഷമായോ പരോക്ഷമായോ ലഭിക്കാനിടയുള്ള ആ പരിമിത അവസരങ്ങൾക്കായി മത്സരക്ഷമതയുള്ളവരാകാൻ നമ്മുടെ നാട്ടിലെ ഉപരിവർഗ്ഗത്തിൽപെട്ടവരുടെ മക്കൾക്ക് വാതിൽ തുറന്നുകൊണ്ടാണ് സ്വകാര്യ സർവ്വകലാശാലകൾ സ്ഥാപിതമാവാൻ പോകുന്നത് എന്നതിൽ ആർക്കാണ് സംശയം. പുതിയ ലോകക്രമം നിയന്ത്രിക്കുന്ന ശക്തികളുടെ സഹായികളാകാൻ അവസരം ലഭിക്കാനിടയില്ലാത്തവരായ മഹാ ഭൂരിപക്ഷം എന്തു ചെയ്യും. അവർക്കു നിലനിൽക്കണ്ടെ? അവരെ പുതിയ കാലത്തെ പ്രതിസന്ധികളെ നേരിടാൻ പ്രാപ്തരാക്കുന്ന എന്തു കാര്യമാണ് സ്വകാര്യ സർവ്വകലാശാലകൾ കൊണ്ടുവരാൻ പോകുന്നത്. ഇപ്പോൾ ഇവിടെ നിലനിൽക്കുന്ന വിദ്യാഭ്യാസ സംവിധാനങ്ങളുടെ പരിഗണനയിലും ഇത്തരം കാര്യങ്ങളുണ്ടോ എന്നതും പ്രധാനമാണ്.ഇക്കാര്യങ്ങൾ മാത്രം ചർച്ച ചെയ്യപ്പെടുന്നില്ല. പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ പുതിയ തലമുറയെ പ്രാപ്തരാക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കേണ്ടത് ഉന്നത വിദ്യാഭ്യാസ രംഗത്തു നിന്നല്ല സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ തലത്തിൽ നിന്നാണെന്നതും നിഷേധിക്കാനാവില്ല. ഈ കാര്യങ്ങളെയൊന്നും സ്വർശിക്കാതെ സ്വകാര്യ സർവ്വകലാശാല വിഷയവുമായി ബന്ധപ്പെട്ട് കക്ഷിരാഷ്ട്രീയ കലപിലകൾ മാത്രമാണിവിടെ നടന്നത്.
സാധാരണ മനുഷ്യനെ അവൻ്റെ ജീവിത സാഹചര്യങ്ങളിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രാപ്തനാക്കുന്നതും അതിൻ്റെ സദ്ഫലങ്ങൾ അവനും സമൂഹത്തിനും ലഭിക്കുന്നതുമായ ഒരു വിദ്യാഭ്യാസ സങ്കല്പം സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായി ഇന്ത്യയിൽ ഉണ്ടായിരുന്നു. നിരവധി സ്ഥാപനങ്ങളിലൂടെ ആ സങ്കല്പമനുസരിച്ചുള്ള വിദ്യാഭ്യാസ പരീക്ഷണങ്ങളും നടന്നിരുന്നു. അത്തരമൊരു സ്ഥാപനത്തിൽ നാലു പതിറ്റാണ്ടു മുമ്പ് ,കൃത്യമായി പറഞ്ഞാൽ 1984-ൽ, രണ്ടാഴ്ച കാലം ചിലവഴിക്കാൻ ഈ ലേഖകന് സാധിച്ചതിൻ്റെ ഓർമ്മ ഇവിടെ പ്രസക്തമായതിനാൽ പങ്കുവയ്ക്കുന്നു.
ബീഹാറിലാണ് ആ സ്ഥാപനം. ഖാദിഗ്രാം എന്നാണ് ആ സ്ഥാപനത്തിൻ്റെ പേര്. അതിൻ്റെ സ്ഥാപകൻ ധീരേന്ദ്ര മജുംദാർ (ചാരു മജുംദാറല്ല) എന്ന ഗാന്ധിയൻ ചിന്തകനും നിർമ്മാണ പ്രവർത്തകനുമാണ്. ഞാൻ ആ സ്ഥാപനം സന്ദർശിക്കുമ്പോൾ അതിനെ നയിച്ചിരുന്നത് ആചാര്യ പി.രാമമൂർത്തിയാണ്. അദ്ദേഹത്തെയാണ് പിൽക്കാലത്ത് വി.പി.സിംഗ് സർക്കാർ ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വരുത്തേണ്ട പരിഷ്കാരങ്ങളെ കുറിച്ച് പഠിക്കാൻ കമ്മീഷനായി നിയോഗിച്ചത്. അദ്ദേഹത്തിൻ്റെ പഠന റിപ്പോർട്ട് എവിടെയെങ്കിലും പൊടിപിടിച്ചു കിടക്കുന്നുണ്ടാവും.
ആ സ്ഥാപനം സന്ദർശിക്കാനായി ഞാനുൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നു ള്ളവരും അമേരിക്കയിൽ നിന്നുള്ളവരുമായ ഇരുപതംഗ സംഘം സ്ഥാപനത്തിൻ്റെ തൊട്ടടുത്തുള്ള ചെറിയ ടൗണിൽ ബസിറങ്ങിയപ്പോൾ കാണുന്നത് ആചാര്യ രാമമൂർത്തിയും അദ്ദേഹത്തിൻ്റെ സ്ഥാപനത്തിലെ കുറെ കുട്ടികളും അദ്ധ്യാപകരുമുൾപ്പെടെയുള്ള സംഘം വേറെ ഒരു സംഘമാളുകളോട് സംസാരിക്കുന്നതാണ്. രണ്ടാമത്തെ സംഘത്തിൻ്റെ കൈകളിൽ ആയുധങ്ങളുണ്ട്. വലിയൊരു ചെണ്ടയും അവരുടെ പക്കലുണ്ട്. എന്താണ് നടക്കുന്നതെന്ന് തെല്ല് കഴിഞ്ഞ് മനസ്സിലായി. തലേന്ന് ആ നാട്ടിൽ നടന്ന ഒരു ജാതി സംഘട്ടനത്തിൻ്റെ തുടർച്ചയായി പ്രത്യാക്രമണത്തിന് ഒരു സംഘം ചെണ്ടയടിച്ച് ആയുധങ്ങളുമായി ശത്രുപക്ഷത്തിൻ്റെ അടുത്തേക്ക് പോകുകയായിരുന്നു. അതറിഞ്ഞെത്തിയതാണ് ആചാര്യ രാമമൂർത്തിയും വിദ്യാർത്ഥികളും അദ്ധ്യാപകരും. അവർ ആയുധധാരികളായ സംഘത്തോടു്, തലേന്നത്തെ സംഘട്ടനത്തിനുത്തരവാദികളായ മറുജാതിക്കാരുമായി ചർച്ചകൾ നടത്തി സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പു കൊടുത്തു കൊണ്ടു് പ്രത്യാക്രമണ ഉദ്യമത്തിൽ നിന്ന് പിൻമാറാൻ അഭ്യർത്ഥിക്കുന്നതിനാണ് ഞാനുൾപ്പെടുന്ന സന്ദർശക സംഘം സാക്ഷിയായത്. ആചാര്യ രാമമൂർത്തിയുടെ അഭ്യർത്ഥന ചെവിക്കൊണ്ട് സായുധ സംഘം മടങ്ങിപ്പോയി. ഞങ്ങൾ ആചാര്യയുടെയും വിദ്യാർത്ഥികളുടെയും കൂടെ അവരുടെ സ്ഥാപനത്തിലേക്കും.
അന്ന് മുതൽ രണ്ടാഴ്ച കാലം ഞങ്ങൾ ആ വിദ്യാഭ്യാസ സ്ഥാപനത്തിൽ താമസിച്ച് അവിടെ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും കണ്ടു മനസ്സിലാക്കുകയും ചിലതിൽ പങ്കാളികളാവുകയും ചെയ്തു. അന്നവിടെ കണ്ട കാര്യങ്ങൾ നാലു പതിറ്റാണ്ടിനു ശേഷവും ഓർമ്മയിലുണ്ടു്. വിദ്യാർത്ഥികളോടൊപ്പം അദ്ധ്യാപകരും സ്ഥാപനത്തിൻ്റെ മറ്റ് ചുമതലക്കാരും അവിടെത്തന്നെ താമസിക്കുന്നു. രാവിലെ എല്ലാവരും ചേർന്ന് സർവ്വമത പ്രാർത്ഥന നടത്തുന്നു. വിദ്യാർത്ഥികളും ആദ്ധ്യാപകരുമുൾപ്പെടെ ഒരു സംഘം ഭക്ഷണം പാകം ചെയ്യുന്ന പ്രവർത്തനങ്ങളിലേർപ്പെടുമ്പോൾ മറ്റൊരു സംഘം അവരുടെ കൃഷിയിടത്തിലെ പണികൾ ചെയ്യുന്നു. വേറൊരു സംഘം ഖാദി വസ്ത്ര നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങളിലെ പ്രവർത്തനങ്ങളിലേർപ്പെടുന്നു. മറ്റൊരു സംഘം ഗോശാലയിലെ പണികളിലും. മറ്റു ചില കൈവേലകളുടെ പരിശീലനത്തിനുള്ള സംവിധാനങ്ങളുമവിടെയുണ്ടായിരുന്നതോർക്കുന്നു. നിശ്ചിത സമയത്തെ വിവിധ സ്വഭാവത്തിലുള്ള കായികാദ്ധ്വാനത്തിനു ശേഷം അവർ ഭാഷകളും ഗണിതവും സാമൂഹ്യ ശാസ്ത്രവുമെല്ലാം സാധാരണ സ്കൂളുകളിലേതുപോലെ പഠിക്കുന്നു. അവിടെ പാചകത്തിന് ഉപയോഗിക്കാൻ കൂറ്റൻ ബയോഗ്യാസ് പ്ലാൻ്റുണ്ടായിരുന്നു. ഗോശാലയിലെ ചാണകവും അദ്ധ്യാപകരും കുട്ടികളുമടങ്ങുന്ന ആ സ്ഥാപനത്തിലെ അന്തേവാസികളുപയോഗിക്കുന്ന കക്കൂസുകളിലെ മാലിന്യവും ബയോഗ്യാസ് പ്ലാൻ്റിലേക്ക് പോകുന്നു. പ്ലാൻ്റിലെ സ്ലറി അവരുടെ ഗോതമ്പു പാടത്തേക്ക് . ആ സ്ഥാപനത്തിലെ മുഴുവനാളുകൾക്കുമുള്ള ഭക്ഷണത്തിന് വേണ്ടവ അവിടെ അവർ ഉല്പാദിപ്പിക്കുന്നു. വസ്ത്രമുല്പാദിക്കുന്നു. മറ്റു പല ഉല്പന്നങ്ങളുമുണ്ടാക്കിയിരുന്നു. വൈകിട്ടും സർവ്വമത പ്രാർത്ഥന . ചില ദിവസങ്ങളിൽ വൈകിട്ട് കുട്ടികളുടെ കലാപരിപാടികൾ. അങ്ങനെ ആ സ്ഥാപനത്തിലെ രണ്ടാഴ്ചക്കാലം കടന്നുപോയി.
അന്ന് മനസ്സിലായത് ആ സ്ഥാപനത്തിൽ പഠിച്ചിറങ്ങുന്ന ഒരു വിദ്യാർത്ഥി വർഗീയവാദിയാവില്ല, അക്രമണകാരിയാവില്ല, പ്രായോഗിക ജീവിത യാഥാർത്ഥ്യങ്ങളുടെ മുമ്പിൽ പകച്ചു നിൽക്കുന്നവരാവില്ല എന്നെല്ലാമാണ്. കൃഷിയും, പ്രകൃതിനിരീക്ഷണവും, സമാധാന പ്രവർത്തനങ്ങളും, പാചകവും വിവിധ കൈവേലകളും ഭാഷയും ഗണിതവും പ്രാഥമികമായി ശാസ്ത്രവും സാമൂഹിക വിഷയങ്ങളുമുൾപ്പെടെ പഠിക്കുന്ന അവർ ജീവിക്കാൻ പഠിക്കുന്നു. അവർ ഒരു സമൂഹമായി ജീവിച്ചു കൊണ്ടാണിതെല്ലാം പഠിച്ചത് എന്നതുകൊണ്ട് സാമൂഹിക ജീവിതവും പഠിക്കുന്നു. അവരിൽ പ്രത്യേക കഴിവുമുള്ളവർ അതനുസരിച്ചുള്ള ഉന്നത പഠനങ്ങൾക്ക് പോകുന്നു. എന്നാൽ എല്ലാവരും ജീവിതത്തിൻ്റെ അടിസ്ഥാന പാഠങ്ങൾ പഠിക്കുന്നുണ്ട് എന്ന് സ്ഥാപനം ഉറപ്പുവരുത്തുന്നു.
എന്താണ് ഖാദിഗ്രാം എന്ന വിദ്യാദ്യാസ സ്ഥാപനം മുന്നോട്ടുവച്ച വിദ്യാഭ്യാസ രീതിയുടെ ഇന്നത്തെ പ്രസക്തിയെന്നതാണ് ആലോചിക്കേണ്ടത്. ഈ കുറിപ്പിൻ്റെ ആദ്യഭാഗത്ത് സൂചിപ്പിച്ച ആഗോളസാഹചര്യങ്ങളുടെ സ്വാധീനം ലോകത്താകമാനമുള്ള ജനങ്ങളുടെ ജീവിതത്തിൽ ഇരുൾ പരത്തുന്നവയാണ്. ലോക ജനസംഖ്യയുടെ മഹാഭൂരിപക്ഷവും സാമ്പത്തികമായും രാഷ്ട്രീയമായും നിരാലംബരായി വീണു പോകുന്ന കാലഘട്ടമാണിത്. വരും നാളുകളിൽ ആ വിഴ്ച പൂർണ്ണമാകും. അത്തരമൊരു പതനത്തിൽ പിടിച്ചു നിൽക്കാൻ പുതു തലമുറകളെ പ്രാപ്തമാക്കുന്നതാവണം വിദ്യാഭ്യാസം. സ്വന്തം മണ്ണിൽ കാലുറപ്പിച്ചു കൊണ്ടു് ചുറ്റുവട്ടത്തുള്ളവരുടെ കൈപിടിച്ച് നിവർന്നുനിൽക്കാനുള്ള ശേഷിയാണ് പുതിയ തലമുറക്ക് നൽകേണ്ടത്. അതിനുപകരിക്കുന്ന പൊളിച്ചെഴുത്തുകളാണ് വിദ്യാഭ്യാസ രംഗത്തുണ്ടാവേണ്ടത്. സ്കൂൾ വിദ്യാഭ്യാസ രംഗത്ത് ആരംഭിച്ച് കലാലയ വിദ്യാഭ്യാസ രംഗത്തേക്ക് വികസി ക്കുന്ന അത്തരമൊരു പരിവർത്തനത്തെക്കുറിച്ച് ഇന്നാരും ചിന്തിക്കുന്നില്ല. അങ്ങനെ ചിന്തിക്കുന്നവർക്ക് ഒരു വഴികാട്ടിയാണ് ഖാദി ഗ്രാം. എല്ലാവരും വിചാരിക്കുന്നത് ഇന്നു കാണുന്ന വിധത്തിൽ ലോക സാഹചര്യങ്ങൾ കല്പാന്തകാലത്തോളം നിലനിൽക്കുമെന്നും ലോകത്തെവിടെയും പറന്നെത്തി അവിടെ തങ്ങളുടെ ഭാവി കെട്ടിപ്പടുക്കാനുള്ള മത്സരക്ഷമതയാർജ്ജിച്ചാൽ മതിയെന്നുമാണ്. ആ സാഹചര്യം മാറുന്നതിൻ്റെ സൂചനകളാണ് ഇന്ന് ഒരേ സമയം പല രാജ്യങ്ങളിൽ നിന്നുയരുന്നത്. മൂർത്തമായ ഈ യാഥാർത്ഥ്യങ്ങൾ കാണാതെ വളരെ വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിന് എങ്ങാനും പ്രയോജനപ്പെട്ടെക്കാ വുന്ന ഒരു നീക്കം മാത്രമാണ് സ്വകാര്യ സർവ്വകലാശാലകൾക്ക് വാതിൽ തുറന്നു കൊടുക്കുന്ന പരിപാടി. ഇതു മനസ്സിലാക്കാതെ മാറുന്ന ലോക സാഹചര്യങ്ങൾക്ക് ചേർന്ന ഒരു നീക്കമാണിത് എന്ന് സ്വയം വിശ്വസിക്കുന്നതും മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നതും ശുദ്ധ മൗഢ്യമാണ്.
ഇങ്ങനെയൊക്കെ ചിന്തിക്കയും പറയുകയും ചെയ്യുന്ന എന്നെപ്പോലെയുള്ളവരെ ഇന്നത്തെ യുവതലമുറയും അവരുടെ മാതാപിതാക്കളും വിദ്യാഭ്യാസ വിചക്ഷണൻമാരും പരിഹസിക്കുകയേയുള്ളുവെന്നറിഞ്ഞു കൊണ്ടാണിത് കുറിക്കുന്നത് എന്നു കൂടി സൂചിപ്പിക്കട്ടെ.
