വർദ്ധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കേരള നിയമസഭയിൽ അടുത്ത ദിവസം പാസ്സാക്കിയ നിയമഭേദഗതി ബില്ലിനെ ചാരി വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെതായി വന്നിരിക്കുന്ന വന്യജീവി സപ്താഹം ആരാച്ചാരന്മാരുടെ ആഘോഷം എന്ന തലക്കെട്ടോടെയുള്ള പ്രതികരണം കേരളത്തിലെ പരിസ്ഥിതി പ്രവർത്തകരിലൊരു വിഭാഗത്തിൻ്റെ കർഷക വിരുദ്ധതയും മനുഷ്യത്വമില്ലായ്മയും വ്യക്തമാക്കുന്നതാണ്. തിരഞ്ഞെടുപ്പുകൾ ആ സന്നമായപ്പോൾ സ്വീകരിക്കുന്ന രാഷ്ട്രീയ അഭ്യാസം എന്നതിനപ്പുറം കർഷകരുൾപ്പെടെ ആരും ഗൗരവത്തിലെടുക്കാത്ത ഒരു നിയമനിർമ്മാണ ശ്രമത്തെ അവസരമാക്കി വയനാട് പ്രകൃതി സംരക്ഷണ സമിതി അവരുടെ ഉള്ളിലിരുപ്പുകൾ പുറത്തു കാണിച്ചിരിക്കയാണ്. എന്തൊക്കെയാണവർ പറയുന്നത്; കേരളം വനം വന്യജീവി വിദ്വേഷത്തിൻ്റെ ജ്വരമൂർച്ചയിലാണത്രെ,
ഇപ്പോൾ നിയമസഭയിൽ കൊണ്ടുവന്നിരിക്കുന്ന വന്യജീവി സംരക്ഷണ നിയമ ഭേദഗതികൾ പാസ്സായാൽ കാട്ടിൽ നിന്ന് നാട്ടിലിറങ്ങുന്ന സകലമാന ജീവികളെയും ആർക്കും വെടിവച്ചു കൊല്ലാനനുവാദമുണ്ടാകും, വന്യജീവി വിദ്വേഷത്തിൻ്റെ വൈറസ്സിൻ്റെ പ്രഭവ കേന്ദ്രം താമരശ്ശേരി ബിഷപ്പ് റെമജിയോ സ്സാണ്, ആ വൈറസ്സ് ബിഷപ്പ് പാംപ്ലാനിയിലൂടെ നിരവധി രാഷ്ട്രീയ നേതാക്കളിലേക്കും പത്ര പ്രവർത്തകരിലേക്കും പടരുന്നു, ഇവരെല്ലാം ചേർന്ന് മലയോരം സ്വതന്ത്ര റിപ്പബ്ലിക്കാക്കും, ഇതെല്ലാം ദുരമൂത്ത കുടിയേറ്റ കർഷകൻ്റെ താൽപ്പര്യം സംരക്ഷിക്കാനാണ്……. എന്നിങ്ങനെയുള്ള വാദഗതികളാനുന്നയിച്ചിരിക്കുന്നത്. ഇതു വഴി
ഒരു സംഘടന കേരളത്തിലെ മലയോര മേഖലയിലെ ജനങ്ങൾക്കെതിരെയും അവരുടെ പ്രശ്നങ്ങളുന്നയിക്കുന്നവർക്കെതിരെയും പൊതുമണ്ഡലത്തിൽ ഒരു കുറ്റപത്രം അവതരിപ്പിച്ചിരിക്കയാണ്.കുറ്റപത്രം ഉപസംഹാരിക്കുന്നത് ഗാന്ധിചിന്തയെ ചാരിയാണെന്നത് ഏറെ വിചിത്രമാണ്.
പറയുമ്പോൾ എല്ലാം പറയണമല്ലോ, ദുരമൂത്ത മലയോര കർഷകനു നേരെ കണ്ണുരുട്ടുന്ന കൂട്ടത്തിൽ വനം വകുപ്പിൻ്റെ ഏകവിള കൃഷിയെയും ചെറുതായൊന്ന് വിമർശിച്ചിട്ടുണ്ടു്, കേന്ദ്ര സർക്കാർ പ്രകൃതിവിഭവങ്ങൾ കുത്തകകൾക്ക് തീറെഴുതുന്നതിനെതിരെയും വിരൽ ചൂണ്ടിയിട്ടുണ്ട്.
എന്നാൽ വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ പ്രതികരണത്തിൽ നിറഞ്ഞു നിൽക്കുന്നത് മലയോര ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനുനേരെയുള്ള രോഷവും പരിഹാസവുമാണ്. ഈ രോഷപ്രകടനം നടത്തുന്ന സംഘടനയുടെ ഉദ്ദേശശുദ്ധിയിൽ സംശയം തോന്നുക സ്വാഭാവികമാണ്. അവരുടെ ജനസ്വാധീനം എത്രയുണ്ടെന്നതിനെ അടിസ്ഥാനമാക്കിയാൽ അവഗണിച്ചുകളയാവുന്നതാണ് ഇത്തരം പ്രതികരണങ്ങളെങ്കിലും അങ്ങനെ ചെയ്യാൻ തുനിയാത്തത് രണ്ടു കാരണങ്ങളാലാണ്. ഇത്തരം പ്രതികരണങ്ങൾ, കേരളത്തിലെ പ്രകൃതി സംരക്ഷണ വിചാരമുള്ളവരെല്ലാം മലയോര കർഷകരോടും അവരുടെ ജീവിക്കാനുള്ള അവകാശത്തോടും ആദരവില്ലാത്തവരാണ് എന്ന ചിന്ത മലയോര മേഖലയിൽ വളർത്തും. ഇത് മലയോരത്ത് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള സാമൂഹിക ഇടം തന്നെ ഇല്ലാതാകും. ഇതിൻ്റെ നേട്ടമുണ്ടാക്കുക മലയോരത്തിൻ്റെ നെഞ്ചുപിളർക്കുന്ന ഖനന ലോബിയും മറ്റുമായിരിക്കും.
മറ്റൊരു കാരണം മലയോരത്തെ ജീവിത യാഥാർത്ഥ്യങ്ങൾ നേരിട്ടറിവില്ലാത്തവരുടെ ഇടയിൽ മലയോര ജനത വനം – വന്യ ജീവി വിരുദ്ധരാണെന്ന മുൻവിധിയുണ്ടാക്കും. ഈ രണ്ടു കാര്യങ്ങളുടെയും പ്രത്യാഘാതങ്ങൾ മാരകമായിരിക്കും.
ഈ സാഹചര്യത്തിൽ, മലയോരത്ത് ജനിച്ചു വളർന്ന് ജീവിക്കുന്ന കർഷകനും പരിസ്ഥിതി പ്രവർത്തകനും ഗാന്ധിമാർഗ്ഗ പ്രവർത്തകനുമെന്ന നിലയിൽ വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ പ്രതികരണങ്ങളെ വിശകലനം ചെയ്യാൻ ശ്രമിക്കയാണ്.
മലയോരത്ത് വനം-വന്യജീവി വിദ്വേഷം പ്രചരിപ്പിക്കുന്നവർ സന്തോഷിക്കുന്നു , കേരളം വനം വന്യജീവി വിദ്വേഷത്തിൻ്റെ ജ്വര മൂർച്ചയിലാണ് എന്നുമുള്ള നിരീക്ഷണങ്ങൾ എന്തടിസ്ഥാനത്തിലാണെന്ന് അവർ തന്നെ വ്യക്തമാക്കേണ്ടതാണ്. യാഥാർത്ഥ്യബോധമുള്ള ഒരാളും ഈ വിധത്തിലാവില്ല ഈ വിഷയത്തെ വിലയിരുത്തുക. കാരണം, വന്യജീവി ശല്യം മൂലം സ്വന്തം ഉപജീവന മാർഗ്ഗമടഞ്ഞു പോയിരിക്കുന്ന പതിനായിരക്കണക്കിന് കർഷകർ ഈ നാട്ടിലുണ്ടു്. ആയിരക്കണക്കിന് കർഷകർ കൃഷിയിടമുപേക്ഷിച്ചു പോയിട്ടുണ്ട്. (അങ്ങനെയുള്ള മിക്ക സ്ഥലങ്ങളിലും ഇന്ന് ഒന്നുകിൽ റിസോർട്ട് കൃഷി തകൃതിയായി നടക്കുന്നു അല്ലെങ്കിൽ കരിങ്കൽ ഖനനം നടക്കുന്നു.)കുട്ടികളെ ഭയമില്ലാതെ സ്കൂളിലയക്കാൻ കഴിയാത്ത സ്ഥിതി, രാത്രിയിൽ ആസ്പത്രിയിൽ പോകേണ്ടി വന്നാൽ പോലും അതിന് വാഹനം കിട്ടാത്ത സാഹചര്യം, കാർഷികാനുബന്ധമായ തൊഴിൽരംഗങ്ങളിലും ചെറുകിട വ്യാപാര രംഗങ്ങളിലുമുണ്ടായിരിക്കുന്ന വലിയ തകർച്ച, ഇതൊന്നും മനസ്സിലാക്കാതെയാണ് ആ നിലക്കുള്ള നിരീക്ഷണങ്ങൾ തട്ടി വിടുന്നത്. അനുദിനമെന്നോണം പെരുകുന്ന ഒരു പ്രശ്നത്തെ നേരിടാൻ ഭരണ സംവിധാനം പരാജയപ്പെടുമ്പോൾ ജനങ്ങളിൽ ശക്തമായ പ്രതിഷേധങ്ങളും വൈകാരിക പ്രതികരണങ്ങളുമുണ്ടാവുന്നത് സ്വാഭാവികമാണെന്നു മനസ്സിലാക്കാൻ പുസ്തക വായന മതിയാവില്ല, സാധാരണക്കാരൻ്റെ ജീവിത വായന വേണ്ടി വരും. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രചരിപ്പിക്കുന്ന വിധത്തിലുള്ള വന്യജീവി വിദ്വേഷം ഇവിടെ ജ്വലിച്ചു നിൽക്കയാണെങ്കിൽ ഇവിടെ വന്യജീവികൾ ഏറെയൊന്നുമവശേഷിക്കുമായിരുന്നില്ല എന്നതാണ് സത്യം.
വന്യജീവി വിദ്വേഷത്തിൻ്റെ ഉപജ്ഞാതാവായി ബിഷപ്പ് റെമജിയോസിനെയും അതിൻ്റെ പിന്തുടർച്ചക്കാരനായി ബിഷപ്പ് പാംപ്ളാനി യെയും വിശേഷിപ്പിക്കുന്നതിലൂടെ ഏറെ അപകടകരമായ ഒരു ആക്ഷേപമാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി ഉന്നയിക്കുന്നത്. വന്യജീവി ശല്യം മൂലം പൊറുതിമുട്ടിയ മലയോര ജനതയിൽ സാമുദായികമായി വിഭജനമുണ്ടാക്കാനുള്ള ഈ നീക്കം വയനാട് പ്രകൃതി സംരക്ഷണ സമിതിയെ നയിക്കുന്നവരുടെ പക്വതയില്ലായ്മയുടെ അടയാളമാണ്. ബിഷപ്പുമാരെയോ മറ്റ് മതനേതാക്കളെയോ അവരൊക്കെ ഓരോ സമയത്തുംഎടുക്കുന്ന നിലപാടുകളെയോ കണ്ണടച്ചു പിന്തുണക്കുന്നില്ല എന്ന് വ്യക്തമാക്കിക്കൊണ്ടു് തന്നെ ഒരു കാര്യം പറയട്ടെ.മലയോര മേഖലയിലെ കർഷകരിൽ ഗണ്യമായ ഒരു വിഭാഗമാണ് കത്തോലിക്ക സമുദായം. അവരുടെ നേതൃത്വം സ്വാഭാവികമായും വന്യജീവി ആക്രമണ വിഷയങ്ങളിലും ജനവികാരത്തോടൊപ്പം നിന്നിട്ടുണ്ടു്. അവർ മാത്രമല്ല മലയോര മേഖലയിലെ മറ്റ് സമുദായ നേതാക്കളും ഈ വിഷയത്തിൽ ഇടപെട്ടിട്ടുള്ളവരാണ്. വന്യജീവി ആക്രമണങ്ങളിൽ ഏറ്റവും കൂടുതൽ ജനങ്ങൾ മരിച്ച ആദിവാസി വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനകളും ഈ വിഷയത്തിൽ ശക്തമായ പ്രതികരണങ്ങൾ നടത്തിയിട്ടുണ്ടു്. സ്വാഭാവികമായും എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും നേതാക്കൾ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. നമ്മുടെ സമൂഹത്തിൽ മറ്റാരെക്കാളും ജനങ്ങളുമായി ബന്ധമുള്ള രാഷ്ട്രീയ പാർട്ടികളും സമുദായ സംഘടനകളും ഈ വിഷയത്തിൽ ഇടപെടുന്നതും വിഷയത്തിൻ്റെ വ്യാപ്തി വർദ്ധിച്ചു വരുന്നതും , മാധ്യമപ്രവർത്തകർ സമൂഹമദ്ധ്യത്തിൽ അത് ചർച്ചക്ക് വയ്ക്കുന്നതും എന്തുകൊണ്ടോ വയനാട് പ്രകൃതി സംരക്ഷണ സമിതിക്ക് ഇഷ്ടപ്പെടുന്നില്ല. ഇവരുടെ ഈ നിലപാടിൽ അത്ഭുതപ്പെടേണ്ടതില്ല; കാരണം സമീപകാലത്താണ് കേരള വനം വകുപ്പ് പൗരൻമാരുടെ വീട്ടുകളിൽ വാറണ്ടില്ലാതെ കയറി പരിശോധന നടത്താൻ ഉൾപ്പെടെ പോലിസിനു പോലുമില്ലാത്ത അധികാരം നേടിയെടുക്കാനായി ഒരു നിയമ നിർമ്മാണത്തിന് ശ്രമിച്ചത്. അതിൻ്റെ അപകടം പല കോണുകളിൽ നിന്നും ചൂണ്ടികാണിക്കപ്പെട്ടപ്പോൾ സർക്കാർ ആ നിയമ നിർമ്മാണശ്രമമുപേക്ഷിച്ചു. സർക്കാർ ആ ശ്രമമുപേക്ഷിച്ചതിൽ ഏറെ പ്രതിഷേധം പ്രകടിപ്പിച്ചവരാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി. ആ നിയമം പാസ്സാക്കി വനം വകുപ്പുദ്യോഗസ്ഥരെ ജനങ്ങൾക്കിടയിലേക്ക് കയറൂരി വിടണമെന്ന അഭിപ്രായക്കാരായിരുന്നു ആ സംഘടനക്കാർ. അതു മാത്രം പോരാ വർഗ്ഗീയ സംഘർഷ സാഹചര്യങ്ങളിൽ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് ചിലനിയന്ത്രണങ്ങൾ ഉള്ളതിന് സമാനമായി, വന്യജീവി ആക്രമണ വാർത്തകൾ റിപ്പോർട്ടു ചെയ്യുന്നതിൽ നിയന്ത്രണമേർപ്പെടുത്താനുള്ള വ്യവസ്ഥകൾ കൂടി വേണ്ടെന്നുവയ്ക്കപ്പെട്ട ബില്ലിൽ ഉൾപ്പെടുത്തണമെന്ന് പറഞ്ഞവരാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി. ഇതിൽ നിന്നെല്ലാം സ്വാഭാവികമായി മനസ്സിലാക്കാൻ കഴിയുന്നത് ഇവരുടെ പൗരാവകാശ ബോധനിലവാരമാണ്. മനുഷ്യർ കൂടി ഉൾപ്പെട്ട പ്രകൃതിയെ ആണോ ഇവർ സംരക്ഷിക്കാൻ ലക്ഷ്യമിടുന്നത് എന്ന സംശയവും സ്വാഭാവികമായുണ്ടാവും.
വയനാട് പ്രകൃതി സംരക്ഷണ സമിതി ഇപ്പോൾ പറയുന്നത് ഈ നിയമസഭാ സമ്മേ ളനത്തിൽ അവതരിപ്പിച്ച ബിൽ പാസ്സാക്കപ്പെട്ടാൽ നാട്ടിലിറങ്ങുന്ന സകലമാന വന്യജീവികളെയും ആർക്കും യഥേഷ്ടം കൊല്ലാനാവുമെന്നാണ്. ഇങ്ങനെ നട്ടാൽ കുരുക്കാ ത്ത നുണ പ്രചരിപ്പിച്ച് ജനങ്ങളെ പ്രകൃതി സംരക്ഷണ വിചാരമുള്ളവരാക്കാമെന്നാണവർ കരുതുന്നത്. പുതിയ ബില്ലിൽ അപകടകാരികളായ വന്യജീവികളെ കൊല്ലാൻ ഉത്തരവിടുന്ന കാര്യത്തിൽ ചീഫ് വൈൽഡ്‌ലൈഫ് വാർഡന് അനുഭവപ്പെടുന്ന നിയമപരമായ സങ്കീർണ്ണതകളുടെ സാഹചര്യമൊഴിവാക്കാനുള്ള വ്യവസ്ഥകളാണുള്ളത് എന്നാണ് മനസ്സിലാവുന്നത്. അത് പാസ്സാക്കിക്കഴിഞ്ഞ് രാഷ്ട്രപതി അനുമതി നൽകാതിരിരുന്നാൽ ചെയ്താൽ ഈ പ്രശ്നം മൂലം മലയോരമേഖലയിലുണ്ടായിരിക്കുന്ന സർക്കാർ വിരുദ്ധ വികാരത്തെ കേന്ദ്ര സർക്കാരിനെതിരെ തിരിച്ചു വിടാമെന്ന രാഷ്ട്രീയ കൗശലത്തിനപ്പുറത്ത് പുതിയ നിയമനിർമ്മാണത്തിനു പിന്നിൽ ഒരു ഉദ്ദേശശുദ്ധിയുമില്ലെന്ന് പ്രാഥമികമായ രാഷ്ട്രീയ ബോധമുള്ള എല്ലാവർക്കുമറിയാം. ഇത് ഭരണ രാഷ്ട്രീയ നേതൃത്വവും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തുന്ന ഒരു രാഷ്ട്രീയ നീക്കം മാത്രമാണ്. ഈ നിയമം വഴി എത്ര അപകടകാരിയാണെങ്കിലും നാട്ടിലിറങ്ങുന്ന ഒരു വന്യജീവിക്കും ഒരപകടവും ഉണ്ടാകാൻ പോകുന്നില്ല എന്ന് വനം വകുപ്പിനെ നിയന്ത്രിക്കുന്നവർക്കു മറിയാം. ഇതറിഞ്ഞു കൊണ്ടുതന്നെയാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി കേരളത്തിലിതാ വന്യജീവികളെല്ലാം അപകടത്തിലായിരിക്കുന്നു എന്ന മുറവിളികൂട്ടി വന്യജീവി ശല്യത്തിന് പരിഹാരമുണ്ടാക്കാനുള്ള ഏതു നീക്കത്തെയും തടയാനുള്ള ജനാഭിപ്രായമുണർത്താൻ ശ്രമം നടത്തുന്നത്.
ഇവർ പറയുന്നത് വനം- വന്യജീവി വിരുദ്ധരായ മലയോരജനത ഇവിടെ പരാമർശിച്ചതുപോലുള്ള നിയമനിർമ്മാണങ്ങളെ കൂടി ഉപയോഗപ്പെടുത്തി മലയോര റിപ്പബ്ലിക് ഉണ്ടാക്കുമെന്നാണ്. ആ റിപ്പബ്ലിക്കിൽ ബിഷപ്പ് റെമജിയോസും ബിഷപ്പ് പാംപ്ളാനിയുമൊക്കെയാവാം കാര്യങ്ങൾ തീരുമാനിക്കുക എന്നു കൂടി വയനാട് പ്രകൃതി സംരക്ഷണ സമിതി പറയാതെ പറയുകയാണ്. രാഷ്ട്രീയ നേതൃത്വങ്ങളും മാധ്യമപ്രവർത്തകരും ആ റിപ്പബ്ലിക്കിൻ്റെ നടത്തിപ്പുകാരാവുമെന്നാവും വയനാട് പ്രകൃതി സംരക്ഷണ സമിതി ആശങ്കപ്പെടുന്നത്. പ്രകൃതി സംരക്ഷണ പ്രവർത്തനം എന്നത് സമൂഹത്തിലേക്ക് എന്ത് അസംബന്ധങ്ങളും വിളമ്പാനുള്ള ലൈസൻസാണ് എന്നു ധരിച്ചിട്ടുള്ളവരെക്കുറിച്ച് എന്തു പറയാൻ.
ഇവർ നടത്തുന്ന ഒരു വിശേഷണം സവിശേഷശ്രദ്ധയാകർഷിക്കുന്നു. ദുര മൂത്ത കൂടിയേറ്റ കർഷകർ എന്ന വിശേഷണമാണ് കൗതുകമുണർത്തുന്നത്. ആധൂനിക വ്യാവസായിക നാഗരികത ജനങ്ങളിൽ ഉപഭോഗാർത്തി വളർത്തി കൊണ്ടാണ് മുന്നോട്ടു പോകുന്നത് എന്നത് സത്യമാണ് . ഇത് ഏറ്റവും തീഷ്ണമായി ആദ്യം ഉന്നയിച്ചത് 1909-ൽ ഗാന്ധിജിയാണ്. അദ്ദേഹമെഴുതിയ ഹിന്ദ് സ്വരാജ് ഓർ ഇൻഡ്യൻ ഹോംറൂൾ എന്ന ഗ്രന്ഥം തന്നെ ഇത്തരത്തിലുള്ള വിമർശനത്തെ അടിസ്ഥാനമാക്കിയാണ്. ഗാന്ധി ആ പുസ്തകമെഴുതി ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ വിശകലനം കൃത്യമാണ് എന്ന് ലോകമെങ്ങുമുള്ള ചിന്തകൻമാരിൽ പലരും അംഗീകരിക്കുന്നു. ഉപഭോഗാർത്തി (ദുര) പ്രസരിപ്പിക്കുന്ന ഒരു നാഗരികതയുടെ ഭാഗമായി ജീവിച്ചു കൊണ്ട് തന്നെ ഒരു വിഭാഗം ജനങ്ങൾക്കു നേരെ മാത്രംവിരൽ ചൂണ്ടി നിങ്ങൾക്ക് ദുര മൂത്തിരിക്കുന്നു എന്ന് കുറ്റപ്പെടുത്താൻ ആർക്കാണിവിടെ യോഗ്യത. അതും ലോകത്തിലെ ഏറ്റവും ഉദാത്തമായ തൊഴിൽ എന്ന് ഗാന്ധി വിശേഷിപ്പിച്ച കൃഷി ഉപജീവനമാക്കിയവർക്കു നേരെ വിരൽ ചൂണ്ടി. പ്രകൃതി നടത്തുന്ന സൃഷ്ടിപ്രക്രിയയിൽ പങ്കാളിയാവുന്നവനാണ് കർഷകൻ . മറ്റൊരു തൊഴിലിനും ഈ മഹത്വം അവകാശപ്പെടാനാവില്ല. ഗാന്ധി ബ്രഡ് ലേബറിനെ കുറിച്ചും പറഞ്ഞിരുന്നു. ഭക്ഷണം കഴിക്കുന്നവരെല്ലാം കുറഞ്ഞ അളവിലെങ്കിലും കായികാദ്ധ്വാനം ചെയ്യണമെന്ന്. ഇത് നമ്മുടെ ശാരീരികാരോഗ്യം നിലനിർത്താൻ ആവശ്യമാണെന്നതുപോലെ അടിസ്ഥാനപ്രകൃതി നിയമവുമാണ്. കർഷകർ ഈ പ്രകൃതി നിയമവും പാലിക്കുന്നവരാണ്. ഇവർ അൻപതുകൊല്ലം മുമ്പ് ജീവിച്ചിരുന്നതിലും ഭേദപ്പെട്ട വീട്ടിലാവും ഇന്ന് താമസിക്കുക. അന്നത്തെ രീതിക്കുള്ള വീട്ടുസാമാനങ്ങളാവില്ല ഇന്നുള്ളത്. പണ്ട് വാറ്റുചാരായം കുടിച്ചിരുന്നവരുടെ പിൻതലമുറ ബിവറേജിലെ മദ്യമാവും കുടിക്കുക. പക്ഷെ,വയനാട് പ്രകൃതി സംരക്ഷണ സമിതിയിലെ സാറൻമാർ പറയണം, കർഷകർ മാത്രമാണോ ജീവിത ശൈലികളിൽ മാറ്റം വരുത്തിയവർ? കർഷകർ ഇപ്പോഴും ഏറുമാടത്തിൽ കഴിയണം കാളവണ്ടികളിൽ യാത്ര ചെയ്യണം , കീറപ്പായകളിൽ ഉറങ്ങണം എന്നു പറയാൻ നിങ്ങൾക്കെന്തധികാരം? നിങ്ങളെ നയിക്കുന്ന ഈ സങ്കുചിതവികാരം ഏറെ ലജ്ജാകരമാണ്. ഉപഭോഗാർത്തിയുടെ നാഗരികതയിൽ നിന്ന് സമൂഹത്തിനൊന്നാകെ ഒരു നാൾ തിരിച്ചു നടക്കേണ്ടിവരും. സാംസ്കാരിക രാഷ്ട്രീയ സാമ്പത്തിക ആദ്ധ്യാത്മിക മാനങ്ങളുള്ള അത്തരമൊരു പരിവർത്തന നീക്കത്തിൽ ഏറ്റവും അതിജീവന ശേഷിയോടെ മുന്നിൽ നിൽക്കുക കർഷക സമൂഹം തന്നെയാവും. അതുകൊണ്ട് ദുരമൂത്ത കുടിയേറ്റ കർഷകർ എന്ന നിങ്ങളുടെ വിശേഷണം ഇനി ആവർത്തിക്കാതിരിക്കാനുള്ള ചരിത്രബോധവും രാഷ്ട്രീയ ബോധവുമാർജ്ജിക്കുക. ആരാണ് കുടിയേറ്റക്കാരല്ലാത്തവർ എന്നു കൂടി വയനാട് പ്രകൃതി സംരക്ഷണ സമിതിയെപ്പോലെ കുടിയേറ്റ വിരുദ്ധതയുള്ള എല്ലാവരും വ്യക്തമാക്കേണ്ടതുണ്ടു്. വളരെ മുമ്പേ കുടിയേറിയവർ പിന്നീട് കുടിയേറിയവർക്കെതിരെ കുറ്റപത്രം വായിക്കുന്നത് അസംബന്ധമാണ്.
വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ കുറിപ്പിൽ വന്യജീവികൾ കാടിന് പുറത്തുവരുന്നതിൻ്റെ കാരണങ്ങളിൽ ചിലതിലേക്ക് വിരൽ ചൂണ്ടിയതിനെ സ്വാഗതം ചെയ്യുന്നു. വനം വകുപ്പിൻ്റെ തേക്ക് യൂക്കാലി തോട്ടങ്ങളെ കുറിച്ചും ബിർളക്കായി മുളങ്കാടുകൾ തീറെഴുതിയതു സംബന്ധിച്ചുമെല്ലാമുള്ള വിലയിരുത്തലുകൾ അടിസ്ഥാനപരമാണ്. എന്നാൽ വനം വകുപ്പിൻ്റെ തെറ്റായ നയങ്ങൾ നിമിത്തം വന്യജീവികൾ കാടിറങ്ങി കർഷകരുടെയും ആദിവാസികളുടെയും ജീവിതം കുട്ടിച്ചോറാക്കുമ്പോൾ, നിങ്ങളതങ്ങ് സഹിച്ചാൽ മതി, നിങ്ങൾ പ്രതിഷേധിക്കരുത്, നിങ്ങളുടെ ആവലാതികൾക്കൊപ്പം ആരെങ്കിലും നിന്നാൽ അവരെ ഞങ്ങൾ വിചാരണ ചെയ്യും എന്നൊക്കെയുള്ള മനോഭാവം മിതമായ ഭാഷയിൽ പറഞ്ഞാൽ ക്രൂരമാണ്. വനം വകുപ്പ് 2011 ന് ശേഷം മൃഗസെൻസസ് നടത്താതിൽ വയനാട് പ്രകൃതി സംരക്ഷണ സമിതിക്ക് പരാതിയില്ലേ? ഓരോ വനമേഖലയുടെയും മൃഗവാഹക ശേഷി സംബന്ധിച്ച പഠനം നടത്താത്തിലോ,വനാതിർത്തി മേഖലകളിൽ മുമ്പ് ചെയ്തിരുന്ന അടിക്കാട് തെളിക്കൽ ഇപ്പോൾ ഉപേക്ഷിച്ചതിലോ വിമർശനമില്ലേ? ഇതൊക്കെ 2022 മാർച്ച് 31 വരെയുള്ള കേരള സർക്കാരിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള CAG റിപ്പോർട്ടിലെ വിമർശനങ്ങളാണ് കേട്ടോ. ആ റിപ്പോർട്ടിലുള്ള ചില കണക്കുകളും വയനാട് പ്രകൃതി സംരക്ഷണ സമിതി ശ്രദ്ധിക്കുന്നതു കൊള്ളാം അതിപ്രകാരമാണ്.
കേരളത്തിലെ ആകെ വനഭൂമി – 11524.91 ച .കി.മി (കേരളത്തിൻ്റെ ആകെ ഭൂവിസ്തൃതിയുടെ 29.66%)
ഇതിൽ 25 13.5 3 ച .കി .മി (21. 81%) വനേതര ആവശ്യങ്ങൾക്ക് ഉപയോഗിച്ചു.
അങ്ങനെ വനമല്ലാതാക്കിയതിൽ 1562.04 ച.കി.മി. തേക്ക് യൂക്കാലി തുടങ്ങിയവയുടെ തോട്ടം.
KSEB ക്കും മറ്റ് പൊതുമേഖല സ്ഥാപനങ്ങൾക്കും പാട്ടത്തിന് കൊടുത്തത് – 514.90 ച.കി.മി.
1980-ലെവനഭൂമി തരംമാറ്റൽ നിയമമനുസരിച്ച് വിവിധ പദ്ധതികൾക്കും സ്വകാര്യ പൊതു പ്ലാൻ്റേഷനുകൾക്കും, 1977 ജനു. 1 ന് മുമ്പുള്ള നിയമവിധേയമാക്കിയ കുടിയേറ്റക്കാർക്കും മാറ്റി വച്ചത് – 384.12 ച.കി.മി.
1977 ജനു. 1 ന് ശേഷമുള്ള നിയമവിരുദ്ധ കയ്യേറ്റം -50.25 ച. കി.മി.
റവന്യു വകുപ്പ് പലർക്കായി പട്ടയം നൽകിയത് 2.22 ച.കി.മി.
മേൽ സൂചിപ്പിച്ച കണക്കനുസരിച്ച് ദുര മൂത്ത കുടിയേറ്റ കർഷകൻ്റെ പക്കൽ എത്ര ചതുരശ്ര കിലോമീറ്റർ ഭൂമിയുണ്ടെന്ന് കണക്കുകൂട്ടി നോക്കു. മൂന്നു കാര്യങ്ങൾക്കായി നീക്കി വച്ച കൂട്ടത്തിലാണ് CAG റിപ്പോർട്ടിൽ 1977 ന് മുമ്പുള്ള കുടിയേറ്റക്കാർക്ക് ഭൂമി നൽകിയത് സൂചിപ്പിച്ചിട്ടുള്ളത്. മൂന്നു കാര്യത്തിനും കൂടി മാറ്റിവച്ചത് 384.12 ചതുരശ്രകിലോമീറ്ററാണ് അതിൻ്റെ പകുതിയും കുടിയേറ്റ കർഷകൻ്റെ പക്കലാണെന്നും 1977 ന് ശേഷമുള്ള കയ്യേറ്റം മുഴുവനും കർഷകൻ നടത്തിയതാണെന്നും (റിസോർട്ടുകാരെയും ക്വാറിക്കാരെയുമൊക്കെ വെറുതെ വിടാം)വാദത്തിനു വേണ്ടി സമ്മതിച്ചാലും ദുര മൂത്ത കർഷകൻ്റെ കൈവശമുള്ളത് ആകെ 250 ചതുരശ്രകിലോമീറ്റർ വനഭൂമിയാണ്. അതാകട്ടെ ആകെ വനഭൂമി വനേതര ആവശ്യങ്ങൾക്കുപയോഗിച്ചതിൻ്റെ 10% മാത്രം. ഈ പത്തുശതമാനം (250 ച.കി.മി. )മറ്റു ചില കണക്കുകളോട് ചേർത്ത് വച്ച് പരിശോധിക്കണം. 2021-ലെ India State of Forest Report അനുസരിച്ച് 490 ച.കി.മി. വനം അധിനിവേശ സസ്യങ്ങളാൽ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇത് മഞ്ഞക്കൊന്ന ഒഴികെയുള്ള അധിനിവേശ സസ്യങ്ങളുടെ മാത്രം കണക്കാണ്. മണക്കൊന്ന കണക്ക് ഇപ്രകാരമാണ് . 1986ൽ മുത്തങ്ങയിലെ ഫോറസ്റ്റ് ഓഫീസങ്കണത്തിൽ തണൽമരമായാണ് ഏതാനും ചുവട് മത്ത ക്കൊന്ന ആദ്യം നട്ടത്. 2012 ആയപ്പോഴേക്കും അത് ഓഫീസ് കോമ്പൗണ്ടിൻ്റെ അതിരുകൾ മറികടന്ന് 14.56 ച.കി.മി പ്രദേശത്ത് വ്യാപിച്ചു. 2020 ആയപ്പോൾ അത് 78.91 ച.കി.മി സ്ഥലത്തേക്ക് (വയനാട് വൈൽഡ് ലൈഫ് സാങ്ങ്ചറിയുടെ ആകെ വിസ്തീർണ്ണത്തിൻ്റെ 23%) വ്യാപിച്ചു. 2025 ആയപ്പോൾ പഴയ 490 ച.കി.മീറ്ററിലെ മഞ്ഞക്കൊന്ന ഒഴികെയുള്ള അധിനിവേശ സസ്യങ്ങളും,78.91 ച.കി.മീറ്റർ പ്രദേശത്തെ മഞ്ഞക്കൊന്നയും എത്ര ഇരട്ടി വനഭൂമി നശിപ്പിച്ചിട്ടുണ്ടാവും. ആധികാരിക രേഖകളെ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇതായിരിക്കെ ഇതൊന്നും ഗൗരവത്തിലെടുക്കാതെ മലയോരത്തെ ജനങ്ങൾ ക്കുനേരെ കൊഞ്ഞനം കുത്തുന്നവരെ പ്രകൃതി സ്നേഹികൾ എന്ന് എങ്ങനെ വിളിക്കും. വനം വകുപ്പിൻ്റെ കൊള്ളരുതായ്മകൾ മൂലം വന്യമൃഗങ്ങൾ വനമുപേക്ഷിച്ചു പുറത്തുവരുന്നു. അവ ദുരമൂത്ത കർഷക പരിഷകളുടെ കൃഷിയിടങ്ങൾ താറുമാറാക്കട്ടെ, കർഷകർ എവിടെയെങ്കിലും പോയി തുലയട്ടെ എന്നാവും വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ മനസ്സിലിരുപ്പ്.
ഇത് വയനാട് പ്രകൃതി സംരക്ഷണ സമിതി യോടു മാത്രമുള്ള പ്രതികരണമല്ല. കേരളത്തിൽ പരിസ്ഥിതി സംരക്ഷണ കുപ്പായമണിഞ്ഞു നടക്കുന്നവരിൽ രണ്ടു വിഭാഗമുണ്ടു്. ഒരു വിഭാഗം മനുഷ്യർക്ക് പാരിസ്ഥിതനീതി നിഷേധിക്കപ്പെടുന്ന ഇടങ്ങളിൽ ജനങ്ങളോടൊപ്പം നിൽക്കുന്ന മനുഷ്യപ്പറ്റുള്ള പരിസ്ഥിതി പ്രവർത്തകർ. മറ്റൊരു വിഭാഗം കാൽപ്പനിക പരിസ്ഥിതി വാദമുയർത്തി മനുഷ്യ ദുരിതങ്ങൾ കണ്ടില്ലെന്നു നടിച്ച് വലിയ കേമത്തഭാവവുമായി നടക്കുന്നവർ. മുത്തങ്ങയിൽ ദൂരഹിതരായ ആദിവാസികളുടെ നേരെ പോലീസ് അഴിഞ്ഞാടിയപ്പോൾ അവർ മിണ്ടിയില്ല. കാരണം മുത്തങ്ങയിൽ നിന്ന് ആദിവാസി സമരക്കാരെ പുറത്താക്കണമെന്നായിരുന്നു അവരുടെ ആവശ്യം. അന്ന് ആദിവാസികൾ സമരവേദിയാക്കിയ വനഭൂമിയുടെ നൂറിരട്ടിയിലധികം വനഭൂമി മുത്തങ്ങയിൽ നിന്നുതന്നെ പടർന്നു കയറിയ മഞ്ഞക്കൊന്ന തകർത്തതിൻ്റെ കണക്കിവിടെ പറഞ്ഞിട്ടുണ്ടല്ലോ. ഈ കാൽപ്പനിക പരിസ്ഥിതിവാദികളുടെ സജീവ സാന്നിദ്ധ്യം ഏറ്റവും പ്രകടമായത് ഗാഡ്ഗിൽ റിപ്പോർട്ട് സമരവുമായി ബന്ധപ്പെട്ടാണ്. മലയോര ജനതയുടെ അഭിപ്രായം തേടാതെയും മലയോരത്തുമാത്രമായി നിയന്ത്രണങ്ങൾ നിർദ്ദേശിച്ചുമുള്ള ഏകപക്ഷീയതയെ പിന്തുണച്ചു കൊണ്ട് കേരളത്തിലെ പട്ടണങ്ങളിൽ നടന്ന പാരിസ്ഥിതിക ആഘോഷങ്ങളുടെ മുമ്പിൽ ഏറിയപങ്കും ഈ കാൽപ്പനികക്കാരായിരുന്നു. കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ച് ഇക്കൂട്ടർ മൗനം അവലംബിക്കുകയാണ് ചെയ്തത് .അതേ സമയം,നാട്ടിലിറങ്ങുന്ന കാട്ടുപന്നി പോലുള്ള മൃഗങ്ങളെ തിന്നാനനുവദിക്കണമെന്നും വന്യജീവികളുടെ ആക്രമണം നേരിടുന്നതിന് പ്രൈവറ്റ് ഡിഫൻസ്അവകാശം ജനങ്ങൾക്കുണ്ടെന്നുമുള്ള ഗാഡ്ഗിലിൻ്റെ അഭിപ്രായങ്ങൾ ഇവർ സൗകര്യപൂർവം മറച്ചു വയ്ക്കുകയാണ്. ഇവരുടെ അട്ടഹാസങ്ങൾ കൊണ്ടുണ്ടായ ഫലം മലയോരജനത പരിസ്ഥിതി സംരക്ഷണമെന്ന പദത്തെത്തന്നെ സംശയത്തോടെ നോക്കുന്ന സ്ഥിതിയാണ്. ഇത് ആത്യന്തികമായി ഗുണം ചെയ്തത് ക്വാറി റിസോർട്ട് താൽപ്പര്യങ്ങൾക്കാണെന്ന് ജനങ്ങളുമായി ബന്ധമുള്ള പരിസ്ഥിതിപ്രവർത്തകർക്ക് ബോധ്യപ്പെട്ടിട്ടുണ്ടു്. പരിസ്ഥിതി വാദത്തിൻ്റെ പേരിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഉയരുന്ന ഭീക്ഷണിയെ കണ്ടില്ലെന്ന് നടിക്കുന്നത് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് തന്നെ തടസ്സമാവുകയേ ഉള്ളു. ജനങ്ങളുടെ പിന്തുണയും സഹകരണവുമില്ലാതെ വനംവകുപ്പിനോ, നിയമങ്ങൾക്കോ കോടതികൾക്കോ, വയനാട് പ്രകൃതി സംരക്ഷണ സമിതികളെപ്പോലുള്ള സന്നദ്ധ സംഘടനകൾക്കോ പ്രകൃതിയെ സംരക്ഷിക്കാനാവുമെന്നുകരുതുന്നത് മൗഢ്യമാണ്. പശ്ചിമഘട്ടത്തിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ അവരെ ഇരുട്ടിൽ നിർത്തി കൊണ്ട് പശ്ചിമഘട്ടത്തെ രക്ഷിച്ചു കളയാം എന്നു വിചാരിച്ച് കൂറെയാളുകൾ പട്ടണങ്ങളിലെ തെരുവുകളിലും അന്തിചർച്ചാവേദികളിലും ആടിത്തിമിർത്തിട്ടു് എന്തു സംഭവിച്ചു എന്നത് ഒരു പാഠമാണ്. ഒട്ടും ദുരയില്ലാതെ ഏറ്റവും കുറഞ്ഞ കാർബൺ പാദമുദ്രയോടെ ജീവിക്കുന്നവരായിരുന്നല്ലോ അവരിലേറെയും.
അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കുന്നവരാകണം പൊതു പ്രവർത്തകർ. പരിസ്ഥിതി പ്രവർത്തനവും ജനങ്ങളിൽ നിന്ന് പാഠങ്ങൾ പഠിക്കാനുള്ള വിനയത്തോടെയാവുന്നത് നല്ലതാണ്.
ഒരു പ്രസ്ഥാനം എന്ന നിലയിൽ ഈ സംസ്ഥാനത്തെ ജനങ്ങളിൽ ഗണ്യമായ ഒരു പങ്കിനെ ബാധിക്കുന്ന പ്രശ്നത്തിൽ പ്രതികരിക്കുമ്പോൾ പക്വതയും മാന്യതയും യാഥാർത്ഥ്യബോധവും പ്രകടിപ്പിക്കേണ്ടതുണ്ടു്. അതിനു പകരം സങ്കുചിത കാഴ്ചപ്പാടുകളും വിദ്വേഷവും പരിഹാസവും നിറച്ച് അസഹിഷ്ണതയോടെ ഒരു പ്രസ്ഥാനത്തിൻ്റെ പേരിൽ പ്രതികരിക്കുന്നത് ഉചിതമാണോ എന്ന് സമചിത്തതയോടെ ആലോചിക്കുക.
കാടും കടലും ഈ ഭൂമിയിലെ സകല ജീവജാലങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്നകാര്യത്തിൽ സംശയമില്ലാത്ത ആളാണ് ഞാൻ. ഗാന്ധിയുമണ്ഡലത്തിൽ 1983 മുതൽ സജീവമായി പ്രവർത്തിക്കുകയും അരിയനൂരിൽ നടന്ന ജനകീയ പ്രതിരോധ പ്രവർത്തകരുടെ കൂടിചേരലിൽ നിന്ന് ഊർജം ഉൾക്കൊണ്ടിട്ടുള്ളയാളുമാണ്. വനം വകുപ്പിൻ്റെ സെലക്ഷൻ ഫെല്ലിംഗിനെതിരെ നടന്ന മൂക്കൻ പെട്ടി മരം വെട്ട് തടയൽ സമരത്തിൽ പങ്കെടുക്കുകയും മീനച്ചിൽ നദീ സംരക്ഷണ സമിതിയുടെ കൺവീനർ എന്ന നിലയിൽ പ്രവർത്തിക്കുകയും, നിരവധി പരിസ്ഥിതി സമരങ്ങളിൽ പങ്കാളിയാവുകയും, ഹരിത മാർഗ്ഗം എന്ന പരിസ്ഥിതി മാസികയുടെ പ്രസിദ്ധീകരണചുമതല നിർവ്വഹിക്കുകയും ചെയ്തിട്ടുള്ളയാളെന്ന നിലയിൽ പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകതയെക്കുറിച്ച് തികഞ്ഞ ബോധ്യത്തോടെ തന്നെയാണ് ഈ കുറിപ്പെഴുതിയത് എന്നു കൂടി വ്യക്തമാക്കാനാഗ്രഹിക്കുന്നു.
(കണക്കുകൾ അവലംബം – ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സംഖ്യം (NAPM) മനുഷ്യ-വന്യജീവി സംഘർഷം സംബന്ധിച്ച് നടത്തിയ പഠന റിപ്പോർട്ട്.)
