ആശ വര്‍ക്കര്‍മാരുടെ അതിജീവന സമരം ഒരു കാരണവശാലും വഴിയാധാരമായിക്കൂടാ. ഇലതിരിഞ്ഞ് വിളമ്പുന്നതും ഉണ്ടവനെ വീണ്ടും ഊട്ടുന്നതും നാട്ടുനടപ്പാകുമ്പോള്‍ തെരുവിലുണ്ടും തെരുവിലുറങ്ങിയും ഈ സോദരിമാര്‍ പൊരുതുന്നത് നിത്യവൃത്തിയും നിലനില്പും പ്രതിസന്ധിയിലായ സര്‍വര്‍ക്കും വേണ്ടിയാണ്. ‘അറിയുക ആശവര്‍ക്കര്‍മാര്‍ അടിമകളല്ല’ എന്ന ലേഖനത്തിന്റെ വെളിച്ചത്തില്‍ പ്രതികരണങ്ങള്‍ തുടരുന്നു.
ആശാവർക്കർമാരുടെ തിരുവനന്തപുരത്തെ സമരം വലിയതോതിൽ പൊതു സമൂഹത്തിൻ്റെ പിന്തുണ നേടിയെടുക്കുമ്പോഴും സർക്കാരും സി.പി.എമ്മും സി.ഐ.ടി യുവും എല്ലാ വിധത്തിലും സമരം പൊളിക്കാൻ ശ്രമിക്കയാണ്. ഭരണനടപടികളെടുത്ത് ആശാപ്രവർത്തകരിലും കേസ്സുകളെടുത്ത് അവരെ പിന്തുണക്കുന്നവരിലും സമ്മർദമുയർത്തുന്നു. പരിഹാസങ്ങളിലൂടെ സമരത്തിനെതിരെ പ്രചരണം നടത്തുന്നു. ആശാവർക്കർമാരുടെയിടെയിലെ തങ്ങളുടെ യൂണിയനെ ഉപയോഗിച്ച് കേന്ദ്രത്തിനെതിരെ ബദൽ സമരം നടത്തുന്നു. ഇതിനെല്ലാമിടയിൽ ആശാ വർക്കർമാരുടെ സമരത്തിൻ്റെ കരുത്ത് ചോർന്നുപോകാതെ നോക്കേണ്ടത് കേരളത്തിലെ നീതിബോധമുള്ള മുഴുവൻ ജനങ്ങളുടെയും ഉത്തരവാദിത്വമാണ്. കാരണങ്ങൾ പലതാണ്. ഒന്നാമതായി സമരക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ തികച്ചും ന്യായമാണ്. ചെയ്യുന്ന ജോലിക്ക് നാമമാത്രമായ വേതനം മാത്രം കിട്ടുന്നവരുടെ രോദനത്തോടൊപ്പം നിൽക്കുക എന്നത് മനുഷ്യപ്പറ്റുള്ളവരുടെ ധർമ്മമാണ് ; പ്രത്യേകിച്ചും പൊതുഖജനാവിലെ വരവിൻ്റെ ഗണ്യമായ പങ്കും നീതികരിക്കാനാവാത്ത വിധത്തിൽ ശമ്പളമായും പെൻഷനായും കൈപ്പറ്റുന്ന ഒരു ന്യൂനപക്ഷം നടത്തിയിട്ടുള്ള പോയ കാലത്തെ നിരവധി സമരങ്ങളുടെ പശ്ചാത്തലത്തിൽ.
രണ്ടാമത്തെ കാരണം , ന്യായമായ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്നവരെ പരാജയപ്പെടുത്താൻ അധികാരവും ട്രേഡ് യൂണിയൻ മുഷ്കും രംഗത്തിറങ്ങുമ്പോൾ അതിനെ ചെറുക്കാൻ ജനങ്ങൾക്ക് കഴിയുക എന്നത് നാട്ടിൽ ജനാധിപത്യമൂല്യങ്ങൾ നിലനിൽക്കാനാവശ്യമാണ്. ജനാധിപത്യം എന്നത് സമരം ചെയ്യാനുള്ള അവകാശം കൂടിയാണ് . ഭരണകർത്താക്കൾക്ക് അഹിതകരമാണെന്നതിനാൽ സമരമെ അനുവദിക്കില്ല എന്നു വരുന്നത് ജനാധിപത്യത്തിൽ വക്കുപൊറുപ്പിക്കാനാവാത്ത പ്രവണതയാണ്.
മൂന്നാമത്തെ കാരണം, മുതലാളിത്തം ഭരണാധികാരവുമായി ചേർന്ന് പത്തി വിടർത്തിയാടുന്ന വർത്തമാനകാലത്ത് വിവിധ മേഖലകളിൽ നിരാലംബരാക്കപ്പെടുന്നവർ ശക്തമായി ജനാധിപത്യപരമായ ചെറുത്തുനിൽപ്പുകൾ നടത്തേണ്ടി വരും. സമൂഹത്തിലെ ദുർബ്ബലർക്ക് ആശ്വാസം നൽകാൻ ഭരണാധികാരമുപയോഗിക്കുക എന്ന പഴയ രാഷ്ട്രീയ മുൻഗണന അട്ടിമറിക്കപ്പെടുകയും വൻകിട കോർപ്പറേറ്റുകൾക്കും അധികാരിവർഗ്ഗത്തിൻ്റെ ഭാഗമായി നിൽക്കുന്ന ഒരു സംഘടിതന്യൂനപക്ഷത്തിനുമൊഴികെ മറ്റാർക്കും പൊതുവിഭവങ്ങൾക്ക് അവകാശമില്ലെന്ന വിധത്തിലുമാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. നിയമങ്ങളും ചട്ടങ്ങളും വേതന വ്യവസ്ഥകളുമെല്ലാം ആ നിലക്ക് പുനസംവിധാനം ചെയ്യപ്പെടുന്നു. ഇവിടെ ആശാ വർക്കർമാരെപ്പോലെ അവകാശനിഷേധങ്ങൾക്കിരയാവുന്ന വിവിധ ജനവിഭാഗങ്ങൾ സമരരംഗത്തിറങ്ങേണ്ട സമയം സമാഗതമായി. കർഷകർ, മത്സ്യത്തൊഴിലാളികൾ,ചെറുകിട വ്യാപാര രംഗത്തുള്ളവർ, അസംഘടിതമേഖലയിലെ തൊഴിലാളികൾ, വയോധികർ തുടങ്ങിയവരുടെയെല്ലാം നീതിക്കായുള്ള നിലവിളികൾ തെരുവുകളിൽ അലയടിച്ചു തുടങ്ങിയിട്ടുണ്ട്. അത്തരം സമരങ്ങൾക്കുള്ള ജനാധിപത്യ ഇടം നഷ്ടപ്പെടാതിരിക്കാൻ ആശാ വർക്കർമാരുടെ തുപോലുള്ള സമരങ്ങൾ വിജയിച്ചെ തീരു. ഇത്തരം ജനവിഭാഗങ്ങളുടെ സമരാവകാശം ഫാസിസ്റ്റ് പ്രവണതകളുള്ള രാഷ്ട്രീയ നേതൃത്വങ്ങൾക്കും ട്രേഡ് യൂണിയൻ കങ്കാണിമാർക്കും അടിയറവ് വയ്ക്കാനാവില്ല എന്ന രാഷ്ട്രീയ ബോധമുളളവരെല്ലാം ആശാവർക്കർമാരുടെ സമരം പരാജയപ്പെടാതിരിക്കാൻ രംഗത്തുവരേണ്ടതുണ്ടു്.
