Blog Post

Swaraj Today > News > സമൂഹം > അറിയുക, ആശാവര്‍ക്കര്‍മാര്‍ അടിമകളല്ല

അറിയുക, ആശാവര്‍ക്കര്‍മാര്‍ അടിമകളല്ല

ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ പ്രബുദ്ധരുടെ നാട് എന്ന് അവകാശപ്പെടുന്ന സംസ്ഥാനത്ത് സിഐടിയു നേതാക്കളും മുന്‍ ആരോഗ്യ മന്ത്രിയും ഇവരെ പരിഹസിക്കുകയും കേരള സര്‍ക്കാരിനോട് അല്ല കേന്ദ്രത്തിനോടാണ് സമരം വേണ്ടത് എന്ന് ആഘോഷിക്കുകയും ചെയ്യുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ജനാധിപത്യവിരുദ്ധതയും ഫാസിസ്റ്റ് മനോഭാവവും തുറന്നു കാണിക്കുന്നതാണ്.

ഇന്ത്യയുടെ ആരോഗ്യരംഗത്ത് ഗ്രാമീണ മേഖലയില്‍ സമൂലമായ പരിവര്‍ത്തനത്തിലൂടെ സ്ത്രീകളിലും കുട്ടികളിലും വൃദ്ധസഹോദരങ്ങളിലും ജീവിതത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു പദ്ധതിയായാണ് ആശ പ്രവര്‍ത്തകരെത്തുന്നത്. Accredited Social Health Activist – ASHA – സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തക. ഈ ആശയം 2005-ല്‍ കുടുംബാരോഗ്യ ക്ഷേമ മന്ത്രാലയം (Ministry of Health and Family Welfare) ദേശീയ ഗ്രാമീണ ആരോഗ്യ പ്രസ്ഥാനം ആയിട്ടാണ് വിഭാവനം ചെയ്യുന്നത്. 2012 – 13 കാലങ്ങളില്‍ ഇത് സംസ്ഥാനങ്ങളില്‍ നടപ്പാക്കപ്പെട്ടു തുടങ്ങി.

ഗര്‍ഭിണികളും രോഗികളുമായ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യപരിപാലനം വൃദ്ധജനങ്ങളുടെ ക്ഷേമം പകര്‍ച്ചവ്യാധികള്‍ മാറാരോഗങ്ങള്‍ക്കടിപ്പെടുന്നവരെപ്പറ്റിയുള്ള അറിവുകള്‍ സമാഹരിക്കല്‍ അവയെല്ലാം പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ സാന്ത്വന പരിചരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സമയോചിതമായി എത്തിക്കല്‍, വീടുകളിലെ ജലലഭ്യത, ഗുണനിലവാരം എന്നിവയുമായി ബന്ധപ്പെട്ട ഡേറ്റകള്‍ ശേഖരിക്കല്‍, അവയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന കിറ്റുകള്‍ വീടുകളില്‍ എത്തിക്കല്‍ എന്നു തുടങ്ങി സമൂഹത്തിന്റെ ആരോഗ്യം, ശുചിത്വം എന്നിവ കാത്തു സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരാണ് ആശാവര്‍ക്കര്‍മാര്‍.

കൃത്യമായി പറഞ്ഞാല്‍ ഒരു രാജ്യത്തിന്റെ ആരോഗ്യപരിപാലനത്തിന്റെ അടിസ്ഥാനതല പ്രവര്‍ത്തകര്‍ (Grass root workers). ഇവരുടെ നിശബ്ദസേവനം സമൂഹം അറിയുന്നത് കോവിഡ് മഹാമാരിയുടെ കാലത്താണ്. ഇന്ത്യയിലെ വീടുകള്‍, തെരുവുകള്‍ എല്ലാം അടഞ്ഞുകിടന്നപ്പോള്‍ ആശ വര്‍ക്കര്‍മാരാണ് മഹാമാരിയുടെ പകര്‍ച്ചാ സാധ്യതകള്‍ വകവയ്ക്കാതെ രോഗബാധിതരുടെ വിവരങ്ങള്‍ ശേഖരിച്ചും അവരെ കോവിഡ് ബാധിതര്‍ക്കുള്ള പ്രത്യേക സംവിധാനങ്ങളില്‍ എത്തിക്കാന്‍ സഹായിച്ചും കുത്തിവൈപ്പ് നടത്തുന്നതിനുള്ള പ്രാഥമിക മാര്‍ഗ്ഗങ്ങള്‍ ഒരുക്കിയും നമ്മെ മരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ച മുന്നണിപ്രവര്‍ത്തകര്‍. അവരുടെ സേവനം പരിഗണിച്ചാണ് ഐക്യരാഷ്ട്രസഭ ഗ്രൂപ്പ് ഹെല്‍ത്ത് ലീഡേഴ്‌സ് അവാര്‍ഡ് (2022) അവര്‍ക്ക് സമ്മാനിച്ചത്.

ആരോഗ്യരംഗത്തെ അടിസ്ഥാനതല പ്രവര്‍ത്തകരായ ഇവരുടെ സേവനം മിക്കപ്പോഴും ദിവസത്തില്‍ 16 മണിക്കൂറും ലഭ്യമാണ്. മിക്ക പ്രദേശങ്ങളിലും ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് അടിയന്തിരമായ വൈദ്യസഹായം എത്തിക്കാന്‍ വഴിയൊരുക്കുന്നതില്‍ ആശാവര്‍ക്കര്‍മാരില്‍ ചില സഹോദരികള്‍ കാണിച്ച അര്‍പ്പണ മനോഭാവം എനിക്ക് നേരിട്ട് അറിയാവുന്നതാണ്. ആശാവര്‍ക്കരുടെ സേവനത്തിന്റെ സൂക്ഷ്മദര്‍ശനി തക്ക സമയത്ത് പ്രവര്‍ത്തിച്ചതുകൊണ്ട് കഠിനമായ വേദനയില്‍ നിന്നും ക്ലേശങ്ങളില്‍ നിന്നും ക്യാന്‍സര്‍ രോഗബാധിതയായ ഒരു സഹോദരിക്ക് അനല്പമായ ആശ്വാസം കിട്ടിയത് ഓര്‍ത്തുപോകുന്നു.

ഇവരെപ്പോലുള്ളവര്‍ കഴിഞ്ഞ രണ്ടാഴ്ചയില്‍ അധികമായി 7000 രൂപയില്‍ നിന്ന് പ്രതിമാസ ഓണറേറിയം വര്‍ധിപ്പിക്കുന്നതിനും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടി സമരം ചെയ്യുകയാണ്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ പ്രബുദ്ധരുടെ നാട് എന്ന് അവകാശപ്പെടുന്ന സംസ്ഥാനത്ത് സിഐടിയു നേതാക്കളും മുന്‍ ആരോഗ്യ മന്ത്രിയും ഇവരെ പരിഹസിക്കുകയും കേരള സര്‍ക്കാരിനോട് അല്ല കേന്ദ്രത്തിനോടാണ് സമരം വേണ്ടത് എന്ന് ആഘോഷിക്കുകയും ചെയ്യുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ജനാധിപത്യവിരുദ്ധതയും ഫാസിസ്റ്റ് മനോഭാവവും തുറന്നു കാണിക്കുന്നതാണ്. മോഡി ഭരണം ഫാസിസ്റ്റ് അല്ല ജനാധിപത്യവിരുദ്ധം മാത്രമാണെന്ന് പ്രകാശ് കാരാട്ട് സിദ്ധാന്തപ്പെടുന്നിടത്ത് ഒരു ഫാസിസ്റ്റ് പാര്‍ട്ടിക്ക് മറ്റൊരു ഫാസിസ്റ്റ് പാര്‍ട്ടിയെ തിരിച്ചറിയാന്‍ കഴിയാത്ത കളര്‍ ബ്ലൈന്‍ഡ്നെസ്സ് ഇല്ലേയെന്ന് സംശയിച്ചു പോകും. ‘മനുഷ്യന്‍ ഒന്നെന്ന് പാടിയാല്‍ പോരാ മനുഷ്യത്വം ഉണ്ടാകണം’ എന്ന് ഡോക്ടര്‍ ഗീവര്‍ഗീസ് മാര്‍കൂറിലോസ് സെക്രട്ടറിയേറ്റ് പടിക്കലിലെ സമരപ്പന്തലില്‍ വച്ച് മാര്‍ക്‌സിസ്റ്റ് അധികാരികളെയും അധീശന്മാരെയും ഓര്‍മ്മപ്പെടുത്തിയത് ശരിയാണ്.

ആശാവര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം വര്‍ദ്ധിപ്പിക്കാത്തതിന് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വാദം യുക്തിസഹമല്ലെന്ന് സിഡിഎസ് മുന്‍ ഡയറക്ടര്‍ ഡോക്ടര്‍ കെ പി കണ്ണന്‍ വ്യക്തമാക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ 2022- 23 തനത് വരുമാനമായി (ടാക്‌സ് + നോണ്‍ ടാക്‌സ്)പിരിച്ചത് സംസ്ഥാന വരുമാനത്തിന്റെ 8.5 ശതമാനം. അതായത് ഓരോ 100 രൂപ വരുമാനത്തിനും സര്‍ക്കാര്‍ 8.5 രൂപ വരുമാനമായി പിരിച്ചു. 2023-24 ല്‍ ഇത് 7.9 ശതമാനമായി കുറഞ്ഞു, 2024-25 ല്‍ ഇത് 7.8 രൂപയായി കുറയുമെന്ന് ബഡ്ജറ്റ് രേഖകള്‍ പറയുന്നു. 2022-23 ലെ 8.5 എന്ന തോതില്‍ നിലനിര്‍ത്തിയിരുന്നെങ്കില്‍ 9000 കോടി രൂപ അധികം കിട്ടുമായിരുന്നു. 26500 ഓളം വരുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് മാസം അവര്‍ ചോദിക്കുന്ന അധിക വേതനമായി 11000 രൂപ കൂടി കൊടുത്താല്‍ സര്‍ക്കാരിന് പരമാവധി അധിക ചെലവ് വര്‍ഷത്തില്‍ 396 കോടി രൂപയാണ്, അതായത് ഇക്കൊല്ലം പിരിക്കാതെ പോയ ഒന്‍പതിനായിരം കോടിയുടെ 4.4 ശതമാനം മാത്രം.

ഇനി പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗങ്ങള്‍ക്ക് ഈ സമര ദിവസങ്ങളില്‍ തന്നെ സര്‍ക്കാര്‍ ഓരോ അംഗത്തിനും ( മറ്റു സംസ്ഥാനങ്ങളിലും യു പി എസ് സി യിലും ഇതിന്റെ പകുതി അംഗങ്ങളെ ഉള്ളൂ എന്നാണ് അറിവ്) 102000 രൂപ വര്‍ദ്ധിപ്പിച്ചു. പത്താം ക്ലാസ് പാസായ ഒരു ലോക്കല്‍ കമ്മിറ്റി അംഗത്തിന് പോലും പി എസ് സി അംഗമാകാന്‍ കഴിയുന്ന രീതിയിലാണ് അതിലേക്കുള്ള തിരഞ്ഞെടുപ്പ്. ഒരു വിദ്യാഭ്യാസ യോഗ്യതയും വേണ്ട, പാര്‍ട്ടിയുടെ പാദസേവകനാകലാണ് യോഗ്യത) അപ്പോള്‍ ഒരു അംഗത്തിന് ഒരു വര്‍ഷത്തില്‍ അധിക ചെലവ് 1224000 രൂപ. ഇത്രയും രൂപ കൊണ്ട് 2025 ആശാവര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം പതിനോരായിരം രൂപ അധിക വേതനം കൊടുക്കാന്‍ സാധിക്കും. പാവപ്പെട്ട ആശാ സഹോദരിക്കാണോ പി എസ് സി അംഗത്തിനാണോ മുന്‍ഗണന നല്‍കേണ്ടത്? ഇതാണോ മനുഷ്യ സ്‌നേഹം? ജനാധിപത്യം? രാഷ്ട്രീയ ധാര്‍മികത?

ആശാവര്‍ക്കര്‍മാരുടെ ജോലി സാഹചര്യം മെച്ചപ്പെടുത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് രാമസുബ്രഹ്‌മണ്യവും അവര്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്ന് കമ്മീഷന്‍ അംഗം ജസ്റ്റിസ് ബിദ്യൂത് രഞ്ജന്‍ സാരംഗിയും വ്യക്തമാക്കുന്നുണ്ട്.

‘അടിമകളല്ല അടിമകളല്ല ഇനിമേല്‍ അടിമപ്പണി ചെയ്യാന്‍ ആശാ വര്‍ക്കര്‍ മാരെ കിട്ടില്ല..’ എന്ന മുദ്രാവാക്യം കേരളത്തിന്റെ തെരുവുകളില്‍ മുഴങ്ങി കേള്‍ക്കുമ്പോള്‍ അത് കേള്‍ക്കാത്ത ഭാവത്തില്‍ അധികാരത്തിന്റെ മണലില്‍ തലപൂഴ്ത്തിയിരിക്കുന്നവരോട് കണക്ക് പറയേണ്ടവരും കണക്ക് തീര്‍ക്കേണ്ടവരും കേരളത്തിലെ പൊതുസമൂഹമാണ്, സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരുമാണ്. അവസാനം പറഞ്ഞവര്‍ അധികാരികളുടെ പാദസേവകരായി സമഗ്രാധിപത്യ പ്രവണതകളെ സാധുവാക്കുന്ന അശ്ലീല കാഴ്ചകളാണ് നമ്മുടെ മുന്നിലുള്ളത്. ആശ സഹോദരിമാര്‍ക്ക് പിന്തുണ നല്‍കുന്നതോടൊപ്പം പാദസേവകരെ തുറന്നു കാട്ടുവാനും കഴിയേണ്ടതുണ്ട്. ജാഗ്രതയുള്ള ഒരു സമൂഹത്തിനേ അത് സാധിക്കൂ.

 

Leave a comment

Your email address will not be published. Required fields are marked *