Blog Post

Swaraj Today > News > വിനോദം > നാടകം കലവറയിലേക്കു നടന്നെത്തിയ വഴികള്‍

നാടകം കലവറയിലേക്കു നടന്നെത്തിയ വഴികള്‍

കലവറയും ഗോപാലന്‍ മാഷും കുറേ നാടകക്കുട്ടികളും എന്ന ലേഖന പരമ്പരയുടെ നാലാം ഭാഗം

നാടകത്തെ കുറിച്ച് പറയാമോ? കലവറയിൽ നാടകപഠനത്തിനു പ്രാധാന്യം നൽകാൻ കാരണമെന്താണ്?

സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ നാടകം ഉള്ളിലുണ്ടായിരുന്നു. . പഠനത്തിനു ശേഷം ഞങ്ങൾ ജനകീയ സാംസ്കാരിക വേദി രൂപപ്പെടുത്തി.
79 നു ശേഷം News paper theater എന്നൊരു ട്രൂപ്പ് ഉണ്ടാക്കി. അങ്ങനെ ധാരാളം തെരുവുനാടകങ്ങൾ അവതരിപ്പിച്ചു – ഞങ്ങൾക്കു പറയാനുള്ള കാര്യങ്ങളന്ന് നാടകത്തിലൂടെ പറഞ്ഞിരുന്നു. അന്നന്നത്തെ പത്രങ്ങളിൽ വരുന്ന വാർത്തകളിൽ നിന്നാണ് പ്രമേയം സ്വീകരിച്ചിരുന്നത്.. വൈകുന്നേരം അത് നാടകമാക്കിയിരുന്നു. അടിയന്തിരാവസ്ഥയ്ക്കു മുമ്പും ശേഷവും ഞങ്ങൾ നാടകം ചെയ്തു. അടിയന്തിരാവസ്ഥ കാലത്ത് പോലീസ് അന്വേഷിച്ചു വരുമ്പോൾ ഞങ്ങൾ എങ്ങോട്ടെങ്കിലും മുങ്ങും.
79 നു ശേഷവും അങ്ങനെ 4, 5 കൊല്ലം നാടകങ്ങളുമായി നടന്നു. ആറാം തിരുമുറിവിലൊക്കെ ഞങ്ങൾ സഹകരിച്ചിരുന്നു. സ്റ്റേജ് നാടകങ്ങളിൽ പേര് വേറെന്തൊക്കെയോ ആയിരിക്കും. നാടകം കളിച്ചു വരുമ്പോഴാണ് ജനങ്ങൾക്ക് മനസ്സിലാവുക സംഗതി വേറെയാണെന്ന്.

ജോലി കിട്ടിയതിനു ശേഷം കുട്ടികൾക്ക് ബുദ്ധിമുട്ടുള്ള ഭാഗങ്ങൾ നാടകമാക്കി അവതരിപ്പിക്കുമായിരുന്നു –
നന്നായി പഠിക്കുന്ന കുട്ടികൾ യൂത്ത് ഫെസ്റ്റിവലിലൊക്കെ നാടകം കളിക്കാൻ തയ്യാറാകും.. രക്ഷിതാക്കൾക്ക് കുട്ടികളെ കുറിച്ച് വേറെ പ്രതീക്ഷകളാണല്ലോ.
അതുകൊണ്ട് വാർഷികങ്ങളിൽ കളിക്കാൻ ബാക്ക്ബെഞ്ചേഴ്സ് തന്നെ വേണം. ഏതു നാടകത്തിലും അവർ സഹകരിക്കും. അധ്യാപകർക്കാണെങ്കിൽ ഇത്തരം കുട്ടികൾ അക്ഷരമറിയാത്തവർ മാത്രമാണ്. പക്ഷെ നാടകങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞാൽ അവരെ അംഗീകരിക്കാതെ പറ്റില്ലല്ലോ.താരങ്ങളായിക്കഴിഞ്ഞില്ലേ. ഇങ്ങനെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയാൽ കുട്ടികൾ പഠനത്തിലും മികവു കാണിക്കാൻ തുടങ്ങും..

സയൻസ്ഫെയർ, യൂത്ത്ഫെസ്റ്റിവൽ എന്നിവയൊക്കെയാകും അവരുടെ തുടക്കം.
കുട്ടികളുടെ നാടകം എന്നാൽ എഴുതിത്തയ്യാറാക്കിയതൊന്നുമാകില്ല. തീം പറഞ്ഞ് അവരുടെ യുക്തം പോലെ ചെയ്യിക്കുകയാണ്.ഇത് അവരിലെ സർഗാത്മകതയെ ഉണർത്തും.
ഇതിന് കൃത്യമായ ഹോം വർക്ക് ആവശ്യവുമാണ്.

കുട്ടികളുടെ ചിന്ത, അറിവ്. ഭാഷ, എന്നിവയെ അളക്കേണ്ടതുണ്ട്. അത് എത്രത്തോളം ഉപയുക്തമാക്കാമെന്നും എങ്ങനെ അവരെ ഉയർത്തിക്കൊണ്ടുവരാമെന്നുമൊക്കെയുള്ള വ്യക്തമായ പ്ലാൻ വേണം. നാടകത്തിൻ്റെ ‘ഉദ്ദേശ്യം,ലക്ഷ്യം എന്നിവയെല്ലാം
അവർക്ക് അനുഭവവേദ്യമാകണം.
സ്കൂൾ കാലം കഴിഞ്ഞതോടെ പിന്നെ നമുക്ക് സ്കൂളിൽ പണ്ടുള്ളത്ര സ്വീകാര്യത കിട്ടില്ല. അങ്ങനെയാണ് കലവറ രൂപപ്പെടുന്നത്.
ഇതൊരു വിദ്യാഭ്യാസ പ്രവർത്തനമാണ്. ഒരു ജീവിതരീതിയാണ്.

കലവറയിലെ നാടക കലാകാരന്മാരെ കുറിച്ച് പറയാമോ?

കഴിഞ്ഞ 15ലേറെ വർഷങ്ങളായി സംസ്ഥാനത്തിനകത്തും പുറത്തും ശ്രദ്ധേയമായ നാടകങ്ങളവതരിപ്പിച്ചു കൊണ്ടിരിക്കുന്ന ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയ്യറ്റേഴ്സിൻ്റെ പ്രവർത്തകരെല്ലാം കലവറ തുടങ്ങിയ ശേഷം ഇവിടെയാണു താമസം. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മികച്ച സംവിധായകൻ, കോറിയോഗ്രാഫർ എന്നീ അവാർഡുകൾ നേടിയ അരുൺലാൽ, നാടക സംഘാംഗങ്ങളായ അഖിൽ, സുരേഷ്, മിഥുൻലാൽ, അനീഷ്, മജീദ്, ജിഷ്ണു, നീതു, മല്ലിക, സാവിത്രി, സുദേവ്, അനന്തു, ശരത്ത്, സഞ്ജയ്ശങ്കർ, വിഷ്ണു, രഘുമാഷ്, രാജേഷ്മാഷ് തുടങ്ങിയ 15 ഓളം പരിശീലകരും സമീപ പ്രദേശങ്ങളിലെ 6 വിദ്യാലയങ്ങളിൽ നിന്നായി 35ലേറെ കുട്ടികളും നാടക പരിശീലനത്തിനായി കലവറയിലുണ്ട്.

സാറിൻ്റെ പ്രവർത്തനങ്ങൾ കൊണ്ട് കുട്ടികൾ മെച്ചപ്പെടുന്നുണ്ടല്ലോ.സമൂഹത്തിന് കലവറയോടുള്ള പ്രതികരണമെന്താണ്?

സംഭവമൊക്കെ കേമമായിട്ടുണ്ട്. പക്ഷെ മാഷ്ക്ക് ജീവിക്കാനറിയില്ല. വെറുതെ പണം ചെലവിടുന്നു. എന്തിനാണ് ഇങ്ങനെയൊക്കെ പാടുപെടുന്നത്?എന്താണ് ഇതു കൊണ്ടുള്ള നേട്ടം? എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങൾ.
പക്ഷെ എനിക്കു പറയാനുള്ളത്, ഇതൊക്കെ തന്നെയാണ് ലാഭമെന്നാണ്. ജീവിച്ചിരിക്കുവോളം നമുക്ക് സന്തോഷമായിരിക്കണം. ആരോഗ്യത്തോടെയിരിക്കണം. ഇതൊന്നും ആരും ഏറ്റെടുക്കാനൊന്നും പോകുന്നില്ലെന്നറിയാം.

പിന്നെ പറയുന്നത് മാഷ്ക്ക് പ്രാരാബ്ധമൊന്നുമില്ല.അതാണിങ്ങനെ. ഒറ്റ മോനല്ലേയുള്ളൂ. പെൺകുട്ടികളില്ലല്ലോ. ഞങ്ങൾക്കു പെൺമക്കളാണ്. സമ്പാദിക്കണം, സ്വർണം കൊടുക്കണം. ഞാൻ ചോദിക്കാറുണ്ട് എന്തിനാണ് പെൺകുട്ടികൾക്ക് സ്വർണം കൊടുക്കുന്നത്? അതിനവർ പറയുന്നത്
മാന്യമായി ജീവിക്കണമെങ്കിൽ സ്വർണമൊക്കെ കൊടുക്കണമെന്നാണ്. സമ്പാദിക്കാതിരിക്കാൻ കഴിയില്ല. ഇതൊന്നും ബോധ്യപ്പെടുത്താനെളുപ്പമല്ല. നമുക്കു പറ്റുന്ന തരത്തിൽ അവരെ സഹകരിപ്പിക്കാനേ കഴിയൂ. മനുഷ്യർ അവരറിയുന്ന അനുഭവമേഖലകളിൽ കിടന്നു തിരിയുകയാണ്. അതിലപ്പുറം അവർക്കൊന്നും അറിയാനോ പ്രവർത്തിക്കാനോ ഇല്ല.അതാണ് സംഭവിക്കുന്നത്.
നഷ്ടങ്ങളാണുണ്ടാവുകയെന്നറിയാമായിരുന്നിട്ടും താങ്കൾ ഈ ആൾട്ടർ സ്കൂൾ എന്ന സ്വപ്നം കൊണ്ടു നടക്കുന്നു. പുതിയ വിദ്യാഭ്യാസ നയം രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങളെ വെല്ലുവിളിക്കുന്നതിനാണ് ഉപയോഗിക്കാനിട തികച്ചും സംസ്ഥാന ഗവൺമെന്റിന്റെ കീഴിൽ വരുന്നതായിരുന്നല്ലോ വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നതിന്റെ സിംഹഭാഗവും സ്റ്റേറ്റാണ് വഹിക്കുന്നതും.

പുതിയ യുജിസി കരട് നിയമങ്ങളെ കുറിച്ച് എന്താണഭിപ്രായം

ഭരണകൂടം എപ്പോഴും സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ നിയമങ്ങളുണ്ടാക്കിക്കൊണ്ടേയിരിക്കും. വിഘ്നേശ്വരനെ തേങ്ങയുടച്ച് പ്രസാദിപ്പിച്ച് റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്ന ശാസ്ത്രമാണല്ലോ നാം അഭ്യസിച്ചിട്ടുള്ളത്. ശാസ്ത്രീയതയും ആചാരങ്ങളും ആത്മീയതയും ഭൗതികവാദവുമൊക്കെ വോട്ടുരാഷ്ട്രീയത്തിൻ്റെയും അധികാരമുറപ്പിക്കലിൻ്റെയും ആയുധങ്ങളാക്കി സാധാരണക്കാർക്കിടയിൽ പ്രയോഗിച്ചു കൊണ്ടിരിക്കയാണല്ലോ. പുതിയ യുജിസി കരടു തത്വം കേന്ദ്രഭരണകൂട താല്പര്യങ്ങളെ സംരക്ഷിക്കാൻ വേണ്ടിയല്ലാതെ സംസ്ഥാന ഭരണകൂട താല്പര്യങ്ങൾക്കു വേണ്ടി നിലവിലെ സങ്കുചിത ചിന്തകളിൽ പ്രതീക്ഷിക്കുന്നതെങ്ങനെ? നാം ഭാരതീയർ എന്നഹങ്കരിക്കുന്നവർ മിക്കവാറുമെല്ലാം പുരാണങ്ങളെയും മിത്തുകളെയും ചരിത്രമാക്കി വ്യാഖ്യാനിക്കാൻ ആഗ്രഹിക്കുന്നവരാണല്ലോ. ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാൻ മത തീവ്രവാദികളെയും സന്യാസിമാരെയും ആസ്ഥാനപണ്ഡിതരാക്കി സർവ്വകലാശാലകളിൽ വാഴിക്കുന്നതിലൂടെ സാധിക്കുമെന്ന കുത്സിതമാർഗ്ഗമായി ഇതിനെ കാണാം.

കലവറ വാർഷികങ്ങളെ കുറിച്ച്…

കലവറ 2019 ഏപ്രിൽ 30, മെയ് 1 തിയ്യതികളിലായി നടന്ന ഉദ്ഘാടന പരിപാടികളോടെയാണ് തുടങ്ങുന്നത്. “കുടിയിരിപ്പ് ” എന്ന പേരിലായിരുന്നു ഈ പരിപാടി ആസൂത്രണം ചെയ്തിരുന്നത്. വി.കെ.ശ്രീരാമനായിരുന്നു ഉദ്ഘാടകൻ. രണ്ടാം ദിവസം പി.പി.രാമചന്ദ്രനായിരുന്നു മുഖ്യ പ്രഭാഷകൻ.
തൃശൂർ നാടക സൗഹൃദത്തിൻ്റെ സൂക്ഷ്മ ചർച്ച, പാലം, ശിങ്കിടി, രാജീവ് പീശപ്പിള്ളിയുടെ കളിയച്ഛൻ, കൊളത്തൂർ പാർത്ഥസാരഥിയുടെ മറുമരുന്ന് എന്നീ 5 നാടകങ്ങൾ രണ്ടു ദിവസങ്ങളിലായി നടന്നു. ചിത്രകലാ ക്യാമ്പ് ,മണലെഴുത്ത്, ജുഗൽബന്ദി, പുസ്തക ചർച്ച, നാടകസെമിനാർ, തായമ്പക എന്നിവയും ഉണ്ടായിരുന്നു. ആദ്യ ദിവസത്തെ ചക്ക കൊണ്ടുണ്ടാക്കിയ സ്വാദിഷ്ടമായ പത്തോളം വിഭവങ്ങളുടെ നിർമാണവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് പ്രതിമാസ രംഗാവതരണങ്ങളുടെ ഭാഗമായി മാർത്താണ്ഡൻ്റെ സ്വപ്നങ്ങൾ, ക്ലാവർ റാണി, ഇൻറർവ്യൂ ,നൂറു ശതമാനം സിന്ദാബാദ്, ബൊളീവിയൻ സ്റ്റാർസ്, കെൻ്റോണിയൻസ് , പ്രളയൻ, നൈൽഡയറി, ഫ്രീക്കൻ, കാകപക്ഷം, മറഡോണ, തുടങ്ങി 25ഓളം നാടകങ്ങളും നാടൻപാട്ട്, ഓട്ടൻതുള്ളൽ, നൃത്ത പരിപാടികൾ, 15 ലേറെ സിനിമാ പ്രദർശനങ്ങൾ, ചിത്രപ്രദർശനം, ബാംബു മ്യൂസിക്, ഓടക്കുഴൽക്കച്ചേരി, നാദസ്വരക്കച്ചേരി, ഗസൽ ,മെഹ്ഫിൽ എന്നിവയും നടക്കുകയുണ്ടായി.

2019 നു ശേഷം മൂന്നു വർഷങ്ങളിൽ വാർഷിക പരിപാടികൾ നടത്താനായില്ല.കഴിഞ്ഞതിന്റെ മുമ്പത്തെ വർഷത്തെ വാർഷികം ചോട് 2023 എന്ന പേരിൽ 4 ദിവസങ്ങളിലായാണ് നടന്നത്. ഖസാക്കിൻ്റെ ഇതിഹാസം പ്രമേയമാക്കി ബസന്ത് പെരിങ്ങോട് നാലു മണിക്കൂർ കൊണ്ട് നിർമിച്ച ആറു ചിത്രങ്ങൾ രണ്ടാം ദിവസത്തെ ശ്രദ്ധേയമായ പരിപാടിയായിരുന്നു. ശനി, ഞായർ ദിവസങ്ങളിലെ സാംസ്കാരിക സദസ്സിൽ ആലങ്കോട് ലീലാകൃഷ്ണൻ, കൽപ്പറ്റ നാരായണൻ എന്നിവർ പങ്കെടുത്തിരുന്നു. ഇവലൂഷൻ, മാപ്പ്, കുടകൾ,കാറ്റു പാഞ്ഞ വഴി, വില്ലൻമാർ എന്നീ 5 നാടകങ്ങൾ, 15ലേറെ ചിത്രകാരൻമാരുടെ അമ്പതോളം ചിത്രങ്ങളുടെ പ്രദർശനം, സിനിമ പ്രദർശനം എന്നിവയുമുണ്ടായിരുന്നു.
കഴിഞ്ഞ വർഷത്തെ വാർഷികം മെയ് 3, 4, 5 തിയ്യതികളിൽ കലപ്പ 2024 എന്ന പേരിലാണ് നടന്നത്. കാർഷിക കലയുത്സവം എന്ന പേരിൽ മൂന്നുദിവസങ്ങളിലായി ഇടശ്ശേരിയുടെ കൂട്ടുകൃഷി, പരിസ്ഥിതി വിഷയങ്ങൾ പ്രതിപാദിക്കുന്ന ശ്രീജിത്ത് രമണൻ്റെ ചെവിട്ടോർമ്മ , തുപ്പേട്ടൻ്റെ അവാർഡ്, കുട്ടികളുടെ നാടകങ്ങൾ എന്നിങ്ങനെ 5 നാടകങ്ങൾ, കൃഷി പരിസ്ഥിതി, നാടകം – എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണങ്ങൾ, സംഗീത പരിപാടികൾ, സൈക്കിൾ ചവിട്ടു മത്സരം, പാചകമേള തുടങ്ങിയ പരിപാടികളാണ് ആസൂത്രണം ചെയ്തത്.

അയൽവക്കത്തേക്ക് കുട്ടികളെ പറഞ്ഞയയ്ക്കാതിരുക്കുക എന്നതാണ് ഇപ്പോൾ അനുയോജ്യം. സാറങ്ങനെ കരുതുന്നുണ്ടോ?

അതെ. അവരുടെ ദുശ്ശീലങ്ങൾ പഠിക്കും. പല അപകടങ്ങളും സംഭവിക്കാനുമിടയുണ്ട്.
എന്നാൽ എനിക്കു പറയാനുള്ളത്.ഇവിടെ കലവറയിൽ നാഷണൽ സ്കീമിന്റെ ഒരു ക്യാമ്പ് നടന്നു.ശ്രീപതി എഞ്ചിനീയറിങ് കോളേജിൻ്റെ ഒരു ക്യാമ്പാണ് നടന്നത്. സൗകര്യങ്ങളെല്ലാം തയ്യാറാണ്. പക്ഷെ 30 പെൺകുട്ടികളും 30 ആൺകുട്ടികളുമാണ് ക്യാമ്പിലുണ്ടായിരുന്നത്. രാത്രി എവിടെ കിടക്കുമെന്നുള്ളതായിരുന്നു പ്രശ്നം. ‘ ഒന്നുകിൽ പെൺകുട്ടികൾക്ക് എൻ്റെ വീട്ടിൽ സൗകര്യം ചെയ്തു കൊടുക്കാം അല്ലെങ്കിൽ ഇവിടെ താമസിക്കാം. രണ്ട് മുറികളുണ്ട്. പിന്നെ അടുക്കളയും ഈ ഹാളും അത്രയേ ഉള്ളൂ. അങ്ങനെ തീരുമാനമാകാതെ കുറച്ചിട നിന്നു.
അപ്പോൾ ഞാൻ ചോദിച്ചു “നിങ്ങൾ ഡൽഹിക്കു പോകുകയാണ് എന്നു കരുതൂ. നിങ്ങളെങ്ങനെയാ യാത്ര ചെയ്യുക? പെൺകുട്ടികൾക്കു മാത്രമായിട്ടു ബോഗിയുണ്ടാകുമോ? കിടന്നുറങ്ങുന്നതു വരെ യാതൊരു കുഴപ്പവുമില്ല. ഇതിലെന്താണു യുക്തിയുള്ളത്? നിങ്ങളറിയുന്ന നിങ്ങളുടെ കൂടെ പഠിക്കുന്ന കുട്ടികളാണെല്ലാവരും. എന്തുകൊണ്ടാണു നിങ്ങൾക്കു ധൈര്യമില്ലാത്തത്?”

അധ്യാപകർ പറഞ്ഞത് അവരിവിടെ ക്യാമ്പ് ചെയ്യും. കുട്ടികൾ ആവശ്യപ്പെടുകയാണെങ്കിൽ പെൺകുട്ടികളെ മാഷ്ടെ വീട്ടിലേക്ക് പറഞ്ഞയയ്ക്കാമെന്നാണ്. ഞാൻ കുട്ടികളോടു പറഞ്ഞു. നിങ്ങൾക്ക് എൻ്റെ വീട്ടിൽ കിടക്കാം. എനിക്കൊരു വിരോധവുമില്ല. ടീച്ചർ അവിടെ നിന്നുകൊള്ളും. പക്ഷെ ഇവിടെയും വേണമെങ്കിൽ നിങ്ങൾക്കു താമസിക്കാം.അപ്പോൾ അവർ പറഞ്ഞു. “ഇന്നു ഞങ്ങൾ ഇവിടെ താമസിക്കാം.പ്രശ്നമെന്തെങ്കിലുമുണ്ടെങ്കിൽ നാളെ തൊട്ട് ഞങ്ങളങ്ങോട്ടു മാറും.”
അങ്ങനെ ഹാള് രണ്ടാക്കി തിരിച്ച് മറച്ച് ബന്ധവസ്സാക്കി കിടന്നുറങ്ങി.
പക്ഷെ അതിനടുത്ത ദിവസങ്ങളിൽ ഇടയിലെ മറയൊക്കെ അപ്രത്യക്ഷമായി.അവർ സാധാരണ വീടുകളിൽ കിടന്നുറങ്ങുന്നതു പോലെ 30 പെൺകുട്ടികൾ അപ്പുറവും 30 ആൺകുട്ടികൾ ഇപ്പുറവുമായി കടന്നുറങ്ങി. ഇത്രയും ധൈര്യം അവർക്ക് കൈവന്നതെങ്ങനെയാണ്?

“ഞങ്ങൾ സാധാരണ രീതിയിൽ ക്യാമ്പ് ചെയ്യുകയായിരുന്നെങ്കിൽ ഇവിടെ നിന്നു കിട്ടിയ കാര്യങ്ങൾ പഠിക്കാനാകുമായിരുന്നില്ല.” എന്നാണവർ ഇതിനെ കുറിച്ചു പറഞ്ഞത്.അവർ മുതിർന്ന കുട്ടികളാണ്. അവർ വിചാരിക്കാതെ അപകടമൊന്നും സംഭവിക്കില്ല.

പണ്ട് അയൽ ബന്ധങ്ങളിൽ ഉണ്ടായിരുന്നതും ഈ സഹോദരബന്ധമായിരുന്നു.അത് ഇന്ന് പൊയ്പോയിരിക്കുന്നു. മുതിർന്നവരുടെ അകാരണമായ ഭയവും ഇടപെടലുമാണ് എല്ലാം താളം തെറ്റിക്കുന്നത്. നമ്മളവർക്ക് ശരിയായ മാർഗം കാണിച്ചു കൊടുക്കുക. അവരുടെ തമാശകളിലും കളികളിലുമെല്ലാം പങ്കെടുക്കുക. ഇഷ്ടമല്ലാത്തതു കാണിച്ചാൽ നെറ്റി ചുളിക്കണം. അത്രയേ ആവശ്യമുള്ളൂ, അവർ തനിയെ മാറിക്കൊള്ളും. ഉദാഹരണത്തിന് അവസാന ദിവസം അവർക്ക് ക്യാമ്പ് ഫയർ നടത്തണമെന്നുണ്ടായിരുന്നു. .പക്ഷെ അതിൻ്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ മനസ്സിലാക്കിയപ്പോൾ അവരതിൽ നിന്നു പിൻമാറി.
അതാണവർ!
വേണ്ടത് പറഞ്ഞു കൊടുക്കാനവർക്കാരുമില്ല.

Leave a comment

Your email address will not be published. Required fields are marked *