ഒരു കാലത്ത് നമ്മുടെ സംവാദ ലോകത്തെ ഏറെ പിടിച്ചു കുലുക്കിയ ഒരു ചര്‍ച്ചാവിഷയമായിരുന്നു കല എന്തിനു വേണ്ടിയുള്ളതാണ് എന്നത്. കല കലയ്ക്കു വേണ്ടിയാണോ അതോ കല ജീവിതത്തിനു വേണ്ടിയാണോ. വ്യത്യസ്ത കാഴ്ചപ്പാടുകളുടെയും വാദഗതികളുടെ തട്ടകത്തില്‍ നിന്ന് വാളെടുത്തുവരെല്ലാം വെളിച്ചപ്പാടായി തുള്ളിയുറഞ്ഞ ഒരു സംവാദകാലത്തിന്റെ സംഭവ ബഹുലതയ്ക്കപ്പുറം ഈ സംവാദവിഷയത്തിന്റെ സാംഗത്യം തന്നെ പില്ക്കാലത്ത് ചോദ്യംചെയ്യപ്പെടുകയുണ്ടായി.
എന്നാല്‍ അടുത്ത കാലത്തായി ഇറങ്ങുന്ന ഏതാനും ചലച്ചിത്രങ്ങള്‍ നിശ്ചയമായും നമ്മെ കൂട്ടിക്കൊണ്ടുപോകേണ്ടതും അത്രമേല്‍ സംഗതവുമായൊരു സംവാദം, പക്ഷേ, ഒരു പൊതുമണ്ഡലത്തിലും കാര്യമായ തോതില്‍ സംഭവിക്കുന്നതേയില്ല. എന്തൊരു ദുര്യോഗം എന്നല്ലാതെ മറ്റൊന്നും പറയാന്‍ സാധിക്കുകയില്ല. സംവാദം നടക്കാതെ പോകുന്നതു കൊണ്ടു ചോദിക്കപ്പെടാതെ പോകുന്ന ചോദ്യം ഇത്രമാത്രം. സിനിമ കഞ്ചാവിനും കൊലയ്ക്കും വേണ്ടിയോ അതോ സിനിമ കഥയ്ക്കും സമൂഹത്തിനും വേണ്ടിയോ.
നാടകത്തെ സംബന്ധിച്ചായാലും സിനിമയെ സംബന്ധിച്ചായാലും പൊതുവേ വളരെ പ്രസക്തമായൊരു സങ്കല്പമുണ്ട്. ഒരു ഭിത്തി പൊളിച്ചു മാറ്റിയ മുറിയാണ് അരങ്ങ്. ആരൊക്കെയോ അരങ്ങിലെത്തുന്നു, ആരുടെയൊക്കെയോ ജീവിതം അരങ്ങില്‍ ജീവിക്കപ്പെടുന്നു. ടിക്കറ്റെടുത്ത് കൊട്ടകയിലും നാടകശാലയിലും കയറിയിരിക്കുന്നവര്‍ കണ്ടാസ്വദിക്കുന്നത് ആരാന്റെയും ഈ ജീവിതമാണ്. അവരറിയാതെ അവരുടെ ജീവിതത്തിലേക്കു ലഭിക്കുന്ന കാഴ്ച കാണികള്‍ക്ക് ആസ്വാദ്യകരമായി മാറുന്നത് അപരന്റെ അനുഭവങ്ങളുടെ കാഴ്ചയില്‍ നിന്ന് സ്വന്തം ജീവിതാനുഭവങ്ങളിലേക്ക് അബോധമായെങ്കിലും ഉള്‍ക്കാഴ്ച കിട്ടുന്നു എന്നതു കൊണ്ടാണ്. അപരന്റെ വീട്ടകവും അടുക്കളയും കിടപ്പുമുറിയും ഉല്ലാസവും ആഘോഷവും സംഘര്‍ഷവും പകയും പ്രതികാരവുമെല്ലാം അരങ്ങിലെ ഈ ലോകത്തുണ്ട്. എന്നാല്‍ കാണികള്‍ ഈ ജീവിതം മുഴുവന്‍ കാണുന്നത് ആ സ്വകാര്യതയുടെ ഒരു വശത്തു ഭിത്തി ഇല്ലാതിരിക്കുന്നു എന്ന സങ്കല്പത്തിലാണ്. അങ്ങനെ പരസ്യമായി ജീവിക്കപ്പെടുന്ന സ്വകാര്യ ജീവിതങ്ങളാണ് അരങ്ങിലുള്ളത്.
read moreഇങ്ങനയെയുള്ള യഥാതഥ ജീവിതത്തിന്റെ ഏതെങ്കിലും തലത്തില്‍ സംഭവ്യമോ സംഗതമോ ആയ കാര്യങ്ങളിലേക്കാണോ അടുത്തകാലത്ത് വെള്ളിത്തിര കീഴടക്കിയ കുറേ സിനിമകളിലെങ്കിലും വെളിവാക്കപ്പെടുന്നത്. ജീവിത ഗന്ധിയാവേണ്ട, ജീവിത സ്പര്ശിയെങ്കിലുമായ ഏതെങ്കിലും കാഴ്ചയ്ക്കു നേരെയാണോ ഇത്തരം സിനിമകള്‍ കാണികള്‍ക്കായി ഒരു വശത്തെ സാങ്കല്പിക ഭിത്തി പൊളിച്ചു മാറ്റിത്തരുന്നത്. അതോ ഒരു സമൂഹത്തിന്റെയും കാലത്തിന്റെയും സമാഹൃത മൂല്യബോധത്തെയും നീതിബോധത്തെയും പൊളിച്ചടുക്കുകയാണോ ഇവ ചെയ്യുന്നത്.
ഇത്രയും ആമുഖമായി എഴുതിയത് അടുത്തയിടെ ബോക്സ് ഓഫീസില്‍ അമ്പരപ്പിക്കുന്ന വിജയം കൈവരിച്ച രണ്ടു ചിത്രങ്ങള്‍, ലോകേഷ് കനകരാജിന്റെ ലിയോ, ജിത്തു മാധവന്റെ ഫഹദ് ഫാസില്‍ ചിത്രം ആവേശം എന്നിവ കൈമാറുന്ന സന്ദേശം എന്ത് എന്ന ചെറുതല്ലാത്ത ഭീതിയില്‍ നിന്നാണ്. ലോകേഷ് കനകരാജിന്റെ ട്രാക്ക് റെക്കോഡ് തന്നെ അതിരുകളില്ലാത്തതും സര്‍വ അനുപാതവും തെറ്റിക്കുന്നതുമായ വയലന്‍സിന്റെ ചിത്രീകരണമാണ്. അവസാന ചിത്രമായ ലിയോ അതിനു മുമ്പിറങ്ങിയ രണ്ടു ചിത്രങ്ങളെയും ഇക്കാര്യത്തില്‍ കവച്ചു വച്ചരിക്കുന്നു എന്നു മാത്രമല്ല, ക്ലീന്‍ ബൗള്‍ ചെയ്തിരിക്കുന്നു എന്നു പോലും നിസംശയം പറയാം. പടം തീരുമ്പോള്‍ ചോരയുണങ്ങിയ കറയും കൊക്കെയ്ന്റെ ലഹരിയും മാത്രമാണ് വെള്ളിത്തിരയില്‍ ബാക്കിയാകുന്നത്. എന്തൊരു ദുര്യോഗം.
ജിത്തു മാധവന്റെയാണെങ്കില് ട്രാക്ക് റെക്കോഡ് കഥയില്ലായ്മയുടെയാണ്. കഴിഞ്ഞ വര്‍ഷം കന്നിയങ്കം കുറിച്ചത് രോമാഞ്ചം എന്ന എന്റര്ടെയ്നര് കൊണ്ടാണ്. എന്റര്ടെയ്നര് എന്ന ജോനറില്‍ തരക്കേടില്ലാത്ത വിധം സാന്നിധ്യമറിയിച്ച രോമാഞ്ചം വിജയിക്കുകയും ചെയ്തു. എല്ലാ ചക്കയിടുമ്പോഴും ബോക്സ് ഓഫീസ് പൊളിച്ചുകൊണ്ടു തന്നെ വീഴണമെന്നില്ലല്ലോ. അതുകൊണ്ട് രണ്ടാമത്തെ ചിത്രത്തിലെത്തിയപ്പോള്‍ കളം മാറ്റിപ്പിടിച്ചത് വയലന്‍സിലേക്കും ലഹരിയിലേക്കുമാണ്. ബാംഗളൂര്‍ എന്‍ജിനിയറിങ് കോളജിലെ റാഗിങ്ങും അടിമുടി സൈക്കോ ആയ ഗുണ്ടാത്തലവന്റെ കയറൂരിവിട്ട ആക്ഷനുകളുമാകുമ്പോള് വയലന്സിനെന്തിന് ബെല്ലും ബ്രേക്കും മലയാളിത്തവും. ക്ലാസ് മേറ്റുകളെക്കാള് ഗ്ലാസ്മേറ്റുകളായി സര്‍വരും മാറുമ്പോള്‍ ലഹരിയുടെ ഈര്‍പ്പം കിട്ടിയ ബന്ധങ്ങള്‍ക്ക് വളരാന്‍ വേണ്ട മണ്ണൊരുങ്ങിക്കിട്ടുകയും ചെയ്യുന്നു.
ലോകേഷിന്റെയും ജിത്തുവിന്റെയും സിനിമകളുടെ വെളിച്ചത്തില്‍ നോക്കുമ്പോഴാണ് ഭരതന്റെയും മറ്റും കൊണ്ടാടപ്പെട്ട വയലന്‍സ് സിനിമകള്‍ക്കു പോലും വേണമെങ്കില്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് എന്‍ട്രി സബ്മിറ്റ് ചെയ്യാമെന്നു തോന്നിപ്പോകുന്നത്. പഴയകാല വയലന്‍സ് ചിത്രങ്ങള്‍ അവിടെ നില്ക്കട്ടെ, ലോകേഷ് തന്നെ മറയില്ലാതെ വെളിപ്പെടുത്തുന്നൊരു കാര്യമുണ്ട്. പത്തൊമ്പതു വര്‍ഷം മുമ്പ് ഹോളിവുഡില്‍ വിജയം നേടിയ എ ഹിസ്റ്ററി ഓഫ് വയലന്‍സ് എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ നിന്നാണിതിന്റെ ആശയാനുവാദം സ്വീകരിച്ചിരിക്കുന്നത്. ഈ ഇംഗ്ലീഷ് ചിത്രമാണെങ്കില്‍ ഇപ്പോഴും ഇന്റര്‍നെറ്റില്‍ ലഭ്യവുമാണ്. അങ്ങനെയൊരു ചിത്രത്തിന്റെ ബാന്ധവം തുറന്നു പറയുന്നതിനുള്ള തന്റേടത്തിനു മുന്നില്‍ സഹതപിക്കുക എന്നല്ലാതെ മറ്റെന്താണ് ലോകേഷിന്റെ ചിത്രം കണ്ടു കഴിയുമ്പോള്‍ പറയാനാവുക.
എ ഹിസ്റ്ററി ഓഫ് വയലന്‍സ് കാണുന്ന ആര്‍ക്കും വിശേഷാല്‍ ആസ്വാദനക്കുറിപ്പൊന്നും കൂടാതെ തന്നെ മനസിലാകും വയലന്‍സ് എന്ന സങ്കല്പത്തെ എത്ര ചിന്തോദ്ദീപകമായി സംവിധായകന് സമീപിച്ചിരിക്കുന്നു എന്ന കാര്യം. അതിലെ നായകന്റെ ഭൂതകാലം വയലന്‍സുമായി വല്ലാതെ ഇഴചേര്‍ന്നിരിക്കുന്നതു തന്നെയാണ്. എന്നാല്‍ അയാളുടെ വര്‍ത്തമാനകാല പരിശ്രമം മുഴുവന്‍ അതേ ഭൂതകാലത്തിന്റെ വലക്കണ്ണികളില്‍ നിന്നും സ്വയം വിടുതല്‍ നേടുന്നതിനാണ്. പലപ്പോഴും അതിനു സാധിക്കുന്നില്ലെങ്കില്‍ കൂടി, ഭൂതകാലം അയാളെ തോളിനു പിടിച്ച് തിരിച്ചു വയലന്‍സുമായി മുഖാമുഖം നിര്‍ത്തുന്നുണ്ടെങ്കില്‍ കൂടി ചിത്രം അവസാനം കൈമാറുന്നത് വയലന്‍സിനെതിരായ സുവിശേഷം തന്നെയാണ്. അതാണ് ലോകേഷിന്റെ ചിത്രത്തിലില്ലാത്തതും. അവസാനം വരെ വയലന്‍സ് ആഘോഷിക്കപ്പെടുന്നിടത്ത് എന്തു സദ്വാര്ത്ത, എന്തു വിമലിനീകരണം, എന്തു കഥാര്‍സിസ്. ഈ ശൂന്യതയെയും പരാജയത്തെയും പോലും വിജയത്തിനു മേലുള്ള അവകാശവാദമായി ഉന്നയിക്കപ്പെടുന്നിടത്താണ് ലോകേഷിന്റെ ചിത്രത്തിന്റെ സാമൂഹ്യവിരുദ്ധത വെളിവാകുന്നത്. ലോകേഷ് കനകരാജിനെ കോടതി ഇടപെട്ട് മനോരോഗ ചികിത്സയ്ക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട സ്വകാര്യ അന്യായം പോലും പ്രതീക്ഷ പകരുന്ന കാര്യമായി മാറുന്നതും ഇതുകൊണ്ടു തന്നെ.
വല്ലാത്തൊരു വിരോധാഭാസമെന്നു പറയേണ്ട ഒരു കാര്യത്തിന്റെ പിടിയില്‍ നിന്നു നമ്മുടെ സിനിമ എന്നാണിനി മോചനം നേടുക. കൊല്ലുക എന്ന പ്രവര്‍ത്തിയുടെ ധാര്‍മികമായ ശരികേട് അവിടെ നില്ക്കട്ടെ, നിയമപരമായ ശരികേടു പോലും മാസ് സിനിമകളിലൊന്നും ആരുടെയും വേവലാതിയായി മാറുന്നില്ലല്ലോ. കൊലനടത്തുന്നത് എത്ര തന്നെ പ്രബലനായ നേതാവായിക്കൊള്ളട്ടെ, എത്ര തന്നെ അനുയായികളുള്ള ആള്ദൈവങ്ങളായിക്കൊള്ളട്ടെ, എത്രതന്നെ സമ്പത്തുള്ള കുബേരനായിക്കൊള്ളട്ടെ നിയമത്തിന്റെ നീണ്ട കൈകള്‍ ഇന്നല്ലെങ്കില്‍ നാളെ അയാളിലേക്ക് എത്തുക തന്നെ ചെയ്യുമെന്നതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. ഒരു പക്ഷേ, നിയമത്തിന്റെ മൂക്കുകയറിന് ഇവരുടെ കാര്യത്തില്‍ വരുമ്പോള്‍ നീളം കുറേ കൂടുതലായിരിക്കാം. പക്ഷേ, കയര്‍ അവിടെത്തന്നെയുണ്ടായിരിക്കും. അങ്ങനെയെങ്കില്‍ ലിയോ ദാസിനും കുട്ടിക്കും രങ്കണ്ണനും അമ്പാനുമൊക്കെ മാത്രം ഈ കയറിന്റെ സൂചനപോലുമില്ലാതെ തല്ലിയും കഴുത്തറത്തും നടക്കാന്‍ കഴിയുന്നതെങ്ങനെ.
തമിഴ് ചലച്ചിത്ര ലോകമെടുത്താല് ബോക്സ് ഓഫീസില്‍ വിജയം രുചിക്കണമെങ്കില്‍ കണ്ണില്‍ചോരയില്ലാത്ത കൊലപാതകത്തിന്റെ മസാലക്കൂട്ടു കൂടിയേ തീരൂവെന്ന അവസ്ഥയെത്തിയിട്ട് നാളുകള്‍ കുറേയായി. അല്പം കൂടി പിന്നിലേക്കു നോക്കിയാല്‍ കാണുന്നത് വയലന്‍സിന്റെ ഗ്രാഫ് പത്തി ഉയര്‍ത്തിയുയര്‍ത്തി വരുന്നതിന്റെ രേഖീയമായ സൂചനകള്‍ തന്നെയാണ്. ഉദാഹരണം എത്ര വേണമെങ്കിലുമുണ്ട്. ലിയോയ്ക്കു മുമ്പിറങ്ങിയ ജെയിലറില്‍ കമന്റടിക്കുക മാത്രം ചെയ്യുന്ന രണ്ടുപേരുടെ കഴുത്തറക്കുന്നരംഗം കാണികളുടെ നീതിബോധത്തെ മാത്രമല്ല, യുക്തിബോധത്തെപ്പോലും കൊഞ്ഞനം കുത്തുന്നതു തന്നെയല്ലേ. 1992-ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്റെ തേവര്‍മകനില്‍ വിത്തിട്ട വയലന്‍സിന്റെ ആവിഷ്കാരമാണ് ഇപ്പോള്‍ ലിയോയില്‍ നൂറുമേനി വിളഞ്ഞു പത്തായം നിറയ്ക്കുന്നത്.
ആവേശം കണ്ടു കഴിയുമ്പോള്‍ ഒരു കാര്യത്തില്‍ സമാധാനിക്കാം. കമല്‍ഹാസന്റെ രണ്ടു വര്‍ഷം മുമ്പിറങ്ങിയ വിക്രം സിനിമയുടെ അടുത്തുവരെയേ ഇതുവരെ മലയാളം പേച്ചുന്ന വയലന്‍സ് എത്തിയിട്ടുള്ളൂ. വിക്രമിന്റെ ക്ലൈമാക്സ് എത്തുമ്പോള്‍ എല്ലാവരുടെ കൈയിലും തോക്കാണ്. ആരും ആര്‍ക്കു നേരെയും വെടിയുതിര്‍ത്തിരിക്കും. ആവേശത്തിലെ ക്ലൈമാക്സില്‍ ഒരു ഗുണ്ടാപ്പടയോട് രങ്കണ്ണന് ഒറ്റയ്ക്കു ഫൈറ്റുമ്പോഴും ഗുണ്ടാപ്പടകള്‍ തമ്മിള്‍ വെട്ടിമുട്ടുമ്പോഴും ആര് ആരെ വേണമെങ്കിലും കൊന്നിരിക്കും. ഒരുവന് മറ്റൊരുവന്റെ കുരവള്ളി മുറിക്കുന്നത് പടം ഓടുന്നതിന്റെ കുറുക്കുവഴിയായി മാറുന്നു എന്നതിനപ്പുറം, ഇതു കണ്ടിരിക്കുന്നവര്‍ ‘ഉത്തരം ഹിംസയാണ’് എന്ന സന്ദേശം ഉപ്പുതൊടാതെ വിഴുങ്ങുന്നു എന്നതിനുമപ്പുറം ഒരു കൊട്ടക ഒന്നടങ്കം എഴുന്നേറ്റു നിന്നു പോലും നായകന് കൈയടിച്ചു പിന്തുണ നല്കുന്നു എന്ന യാഥാര്‍ഥ്യം കരുണയില്ലായ്മയുടെ മാപ്പ് അര്‍ഹിക്കാത്ത അപരാധം തന്നെയാണ്. ഒരു കാലത്തും ഒരു നാട്ടിലെയും സിനിമ ഇങ്ങനെ ആയിക്കൂടാ.
show less
