കാലം കുറിച്ചു നല്കുന്ന മരണ മുഹൂര്ത്തത്തിനു കാത്തു നില്‍ക്കാതെ കനവ് ബേബി എന്ന കെ. ജെ. ബേബി ജീവിതത്തിന്റെ അരങ്ങില്‍ നിന്ന് സ്വയം വിടപറഞ്ഞിറങ്ങി. ഇനി കനവും നാട്ടു ഗദ്ദികയും മാവേലിമന്റവും ബേബിയുടെ ഓര്‍മകളും അച്ഛനെ യാത്രയാക്കാന്‍ ഗായികയായ മകള്‍ പാടിയ ബാവുള്‍ സംഗീതത്തിന്റെ അനുരണനങ്ങള്‍ പോലെ കുറേക്കാലം കൂടി വയനാട്ടില്‍ അങ്ങിങ്ങെങ്കിലും തങ്ങിനിന്നേക്കാം. എല്ലാ സ്വപ്നങ്ങളും പോലെ ഈ സ്വപ്നജീവിയും കാലം പോകെ ഓര്‍മകളുടെ ഓട്ടക്കൈയില് നിന്ന് ഊര്ന്നങ്ങ് മറയും.
ആരായിരുന്ന കെ. ജെ. ബേബി. ഇക്കൊല്ലം സെപ്റ്റംബര്‍ ഒന്നിന് എഴുപതാം വയസില്‍ സ്വന്തം ജീവിതത്തിനു ഭരതവാക്യം ചൊല്ലിയ കലാപ്രവര്ത്തകന്, കനവ് എന്ന ബദല്‍ പള്ളിക്കൂടത്തിന്റെ സൃഷ്ടാവും ആത്മാവും പാലകനും, ഗായകന്, സാഹിത്യ അക്കാദമി അവാര്‍ഡ് വരെ നേടിയെടുത്ത നോവലിസ്റ്റ്, തെരുവുനാടകത്തിന്റെ സാധ്യതകള്‍ നന്നായി തിരിച്ചറിഞ്ഞ നാടകപ്രതിഭ, വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ നേരെഴുത്തുകാരന്‍… ഇതൊക്കെയായിരുന്നു ബേബി. എന്നാല്‍ ഇതിലുമൊക്കെയേറെയുമായിരുന്നു ബേബി.
show moreമധ്യകേരളത്തില്‍ നിന്ന് കണ്ണൂരില്‍ പേരാവൂരിനടുത്ത് മാവടി എന്ന ഗ്രാമത്തിലേക്ക് ആദ്യകാലത്ത് കുടിയേറിയ ക്രിസ്ത്യന്‍ കുടുംബത്തില്‍ 1954-ല്‍ ജനനം. അവിടെ നിന്ന് പത്തൊമ്പതാം വയസില്‍ കുടുംബവുമൊത്ത് വയനാട്ടിലെ നടവയിലിലേക്ക് വീടുമാറ്റം. ബിരുദമെടുത്ത ശേഷം ഹൈന്ദവാശയങ്ങളില് ആകൃഷ്ടനായി സന്യാസം സ്വീകരിക്കുന്നതിനായി തമിഴ്നാട്ടില്‍ രമണ മഹര്‍ഷിയുടെ നാടായ തിരുവണ്ണാമലൈയിലേക്ക് യാത്ര. ചുരുങ്ങിയ കാലത്തിനു ശേഷം ആശ്രമത്തില്‍ നിന്നു തിരികെ വയനാട്ടിലേക്ക്. കൃഷിയും സ്വന്തം വീടിന്റെ മേല്‍നിലയില്‍ നാലഞ്ച് ആദിവാസിക്കിടാങ്ങള്ക്കു ഗുരുകുലവുമൊക്കെയായി തുടര്‍ന്നുള്ള ജീവിതം. ഈ ഗുരുകുലം പിന്നീട് വളര്‍ന്ന് 1994-ല്‍ കനവ് എന്ന ബദല്‍ വിദ്യാലയമായി മാറി. കുട്ടികള്‍ മാത്രമല്ല ഗോത്രവിഭാഗങ്ങളിലെ മുതിര്‍ന്നവര്‍ വരെ പഠിതാക്കളായെത്തി. പത്തു വര്‍ഷത്തിനുശേഷം കനവ് കൈയൊഴിഞ്ഞ ബേബി അതിനെ പൂര്‍വവിദ്യാര്‍ഥികള്‍ക്കും മറ്റുമായി എല്പിച്ചു കൊടുക്കുകയും ചെയ്തു.
ഗോത്രജനതയുടെ പാട്ടും ആചാരങ്ങളും ഭാഷയും അന്യംനിന്നു പോകാതെ സംരക്ഷിക്കുകയും അവരുടെ സാംസ്കാരികത്തനിമയും ചരിത്രവും വീണ്ടെടുക്കുകയും ചെയ്യുന്നതിന് എഴുത്തിന്റെ വഴിതേടുകയാണ് ബേബി ചെയ്തത്. അതിനുള്ള ശ്രമത്തില്‍ പിറവിയെടുത്തതാണ് ബേബിയുടെ ഗ്രന്ഥങ്ങളെല്ലാം. ആളുകളിലേക്ക് ഏറ്റവുമധികം ഇറങ്ങിച്ചെല്ലാന്‍ സാധിക്കുന്നത് നോവലിനും നാടകത്തിനുമായതിനാല് ബേബി എഴുതിയതെല്ലാം നോവവും നാടകങ്ങളുമായിരുന്നു. നാടകങ്ങള്‍ എഴുതുക മാത്രമല്ല, അരങ്ങിലെത്തിക്കുകയും ചെയ്തു. ആദ്യകൃതി അടിയോരുജീവിതത്തിന്റെ കഥ അവരുടെ കുടിയുടെ പശ്ചാത്തലത്തില്‍ തന്നെ പറയുന്ന അപൂര്‍ണ എന്ന നാടകമായിരുന്നു.
ആദിവാസികള്‍ക്കിടയില്‍ അവരുടെ ജീവിതങ്ങളും ആചാരങ്ങളും ദാരിദ്ര്യത്തിന്റെ അവസ്ഥാഭേദങ്ങളും ചൂഷണത്തിന്റെ നേര്ക്കാഴ്ചകളുമൊക്കെയായി നിരന്തരം അറിഞ്ഞും ഇടപെട്ടും ജീവിക്കുന്നതിനിടയില്‍ ഗദ്ദിക എന്ന അവരുടെ കലാവിഷ്കാരം നേരിട്ടറിയുന്നതിനായി. ഇതിന്റെ മാതൃകയില്‍ നാട്ടുഗദ്ദിക എന്നൊരു നാടകത്തിന്റെ രചന. പിന്നീട് പ്രതിരോധപ്രവര്ത്തകരെയും ആദിവാസികളെയും ഒക്കെച്ചേര്‍ത്ത് നാട്ടുഗദ്ദിക അരങ്ങിലേക്ക്. എണ്ണമറ്റ തട്ടുകളില്‍ അടിയോരുടെ ജീവിതം അരങ്ങേറി. 1981-ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കേ ബേബിയെയും സംഘത്തെയും നക്സലുകള്‍ എന്ന പേരില്‍ അറസ്റ്റ് ചെയ്ത് തുറുങ്കിലടയ്ക്കുന്നതു വരെ നാടകാവതരണം തുടര്‍ന്നു. നാടകം കളിച്ചു എന്നതിന്റെ പേരില്‍ കേരളത്തില്‍ ആദ്യമായി ആദിവാസികള്‍ അറസ്റ്റു ചെയ്യപ്പെടുന്നത് അപ്പോഴായിരുന്നു. അതിനു മുമ്പു തന്നെ ബേബി പോലിസിന്റെ നോട്ടപ്പുള്ളിയായി മാറിയിരുന്നു എന്നതാണ് വാസ്തവം. വയനാട്ടിലെ എഴുപതുകളിലെ നക്സല്‍ മുന്നേറ്റത്തെക്കുറിച്ച് ഒരു ലഘു പഠനഗ്രന്ഥം രചിച്ചതോടെയായിരുന്നു അത്.
മലയാളത്തിലെ പ്രഥമ നരവംശശാസ്്ത്രപരമായ നോവലെന്നു വിളിക്കാവുന്ന മാവേലി മണ്‍റമാണ് ബേബിയെന്ന പ്രതിഭയെ ലോകത്തിനു മുഴുവന്‍ മുന്നിലെത്തിക്കുന്നത്. വയനാട്ടിലെ ഗോത്രജീവിതത്തിന്റെ ഭൂതകാലങ്ങളിലേക്കാണ് ഈ ഗ്രന്ഥം അനുവാചകരെ കൂട്ടിക്കൊണ്ടു പോകുന്നത്. കാടും പരിസ്ഥിതിയും വന്യജീവലോകവുമൊക്കെയായി തികഞ്ഞ ഇഴയടുപ്പത്തില്‍ കഴിഞ്ഞൊരു ഭൂതകാലമാണ് വയനാട്ടിലെ ഗോത്രജനതയ്ക്കുള്ളത്. അവിടേക്കാണ് കൊളോണിയല്‍ ഭരണകര്ത്താക്കളെത്തുന്നത്, പുറംജനത കുടിയേറിയെത്തുന്നത്, വന്‍കിട പദ്ധതികളും വികസനവും ചുരം കയറിയെത്തുന്നത്. ഇതെല്ലാം ചേര്‍ന്ന് ഒരു നാടിനെ നിര്‍മിച്ചിരുന്ന ലോലമായ നൂലിഴകളെ തകര്‍ക്കുന്നതിന്റെ കൂടി കഥയാണ് മാവേലിമണ്റം. കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ഈ നോവല്‍ അര്‍ഹിക്കുന്നതു തന്നെയായിരുന്നു. മുട്ടത്തുവര്‍ക്കി സാഹിത്യ പുരസ്കാരവും കൊച്ചുബാവ പുരസ്കാരവും ഈ കൃതി കരസ്ഥമാക്കുകയുണ്ടായി.
ബേബിയുടെ അവസാന സാഹിത്യ കൃതിയും ഒരു നാടകം തന്നെ. കുഞ്ഞിമായന്‍ എന്തായിരിക്കും പറഞ്ഞത് എന്ന ഈ നാടകം തലശേരിയിലെ കര്‍ഷകനായിരുന്ന കുഞ്ഞിമായന്റെ ജീവിതമാണ് ഇതിവൃത്തമാക്കുന്നത്. 1957-ല്‍ ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്തതോടെ കുഞ്ഞിമായന്‍ അപ്രത്യക്ഷനായതാണ്. പിന്നീട് തിരിച്ചിറപ്പള്ളി ജയിലില്‍ വിചാരണത്തടവുകാരനായിരിക്കേ കുഞ്ഞിരാമന് മരിച്ചു എന്ന വിവരം മാത്രമാണ് നാട്ടിലെത്തുന്നത്.
എഴുത്തും തട്ടകങ്ങളും പാട്ടും അരങ്ങുകളുമൊക്കെയായുള്ള ജീവിതം മെല്ലെയാണെങ്കിലും ചില ശൂന്യതകളിലേക്കു വന്നെത്തുകയായിരുന്നെന്നു കരുതണം. കനവ് എന്ന ബദല്‍ വിദ്യാലയത്തിനു ചുവടുറപ്പിക്കാനും മുന്നോട്ടുപോകാനും സാധിച്ചത് ഒരു സന്നദ്ധ സംഘടന നല്കിയ ആറേക്കര്‍ സ്ഥലത്തും അവരുടെ സാമ്പത്തിക പിന്തുണയിലുമായിരുന്നു. ഈ പിന്തുണ പില്ക്കാലത്ത് നിലച്ചുവെന്നു മാത്രമല്ല, ആദിവാസി ബാല്യങ്ങള്‍ക്കു പോലും ബദല്‍ വിദ്യാലയങ്ങളെക്കാള്‍ പൊതുവിദ്യാലയങ്ങള്‍ സ്വീകാര്യമായി മാറി. ഇതോടെ കനവിനെ അതിലെ അന്തേവാസികള്‍ക്ക് തന്നെ ഏല്പിച്ചു കൊടുത്ത് പഴയ തിരുവണ്ണാമലയിലെ രമണമഹര്‍ഷിയുടെ ആശ്രമത്തിലേക്കു തന്നെ എത്താനും ബേബിയെ പ്രേരിപ്പിച്ചത് മറ്റൊരു പരീക്ഷണബോധമായിരിക്കാം. എന്തായാലും അതും വിജയിച്ചില്ല എന്നതു യാഥാര്‍ഥ്യം.
എല്ലാ പ്രവര്‍ത്തനങ്ങളിലും ഒപ്പമുണ്ടായിരുന്ന കോളജ് അധ്യാപിക കൂടിയായിരുന്ന ഭാര്യ ഷേര്‍ളി മൂന്നു വര്‍ഷം മുമ്പ് അവസാനമായി ശ്വസിച്ചത് ബേബിയെ തനിച്ചാക്കിക്കൊണ്ടായിരുന്നു. ഇനി ബേബിയും ഓര്മ മാത്രമായി മാറുന്നു.
show less
