പഴയൊരു സംസാര ശകലത്തില്‍ നിന്നു തുടങ്ങാം. ഒരു ചങ്ങാതിയുടെ പരിഭവം. കുട്ടികള്‍ക്കു ജന്മം കൊടുക്കുന്നിടത്ത് നമ്മുടെ ഉത്തരവാദിത്വം തീരുന്നു. പിന്നെ ഏതൊക്കെയൊ കമ്പനികളുടെ മാര്‍ക്കറ്റിങ് മാനേജര്‍മാരല്ലേ അവരെ വളര്‍ത്തുന്നത്. ഒരു നെടുവീര്‍പ്പിന്റെ ബി ജി എം കൂടി ചേര്‍ന്നാല്‍ ഉദാത്തമാകുമായിരുന്ന പരിദേവനം.
മറുചോദ്യം കൊണ്ട് പരിദേവനത്തിന്റെ വായടപ്പിക്കുക എളുപ്പമായിരുന്നു. കുഞ്ഞുങ്ങളുടെ കാര്യം മാത്രമാക്കുന്നതെന്തിന്? നമ്മളെയൊക്കെ മറ്റാരാണ് വളര്‍ത്തുന്നത്. രാംരാജ് മുണ്ട്, സോഡിയാക് ഷര്‍ട്ട്, മാക്‌സ് കുര്‍ത്തികള്‍, കില്ലര്‍ പ്രൈസിലെ ടിവികള്‍, അപ്പിയിടുന്നതിനൊഴികെ മറ്റെന്തിനുമുള്ള ഗാര്‍ഹികോപരണങ്ങള്‍, അവസാനമില്ലാതെ അപ്‌ഗ്രേഡ് ചെയ്തുകൊണ്ടേയിരിക്കുന്ന കാറുകള്‍… എന്നുവേണ്ട നല്ല പൊളപ്പന്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്നു ഞെരുപ്പായി കസ്റ്റമര്‍ സൈക്കോളജി പഠിച്ചിറങ്ങുന്ന മാര്‍ക്കറ്റിങ് മാനേജര്‍മാരുടെ വലയില്‍ നമ്മളൊക്കെയുണ്ട്. ഒരാളെപ്പോലും ഒഴിവാക്കിയല്ല അവര്‍ വലവീശിക്കൊണ്ടേയിരിക്കുന്നത്.
രോഗങ്ങള്‍ പോലും കച്ചവടത്തിന്റെ സാധ്യതകളാണെന്നറിയുന്നത് മൂലക്കുരുവിന് ഏത് ആശുപത്രിയില്‍ ഏത്് ഡോക്ടറെ കാണണമെന്ന് മാര്‍ക്കറ്റിങ് മാനേജര്‍മാര്‍ പറയുമ്പോഴാണല്ലോ. ഇനിയൊരു പക്ഷേ, മൂലക്കുരുവുണ്ടെന്നറിയുന്നതു തന്നെ മാര്‍ക്കറ്റിംഗ് മാനേജര്‍മാര്‍ പറയുമ്പോഴായേക്കാം. ചത്തു കിടക്കുമ്പോഴും ചമഞ്ഞു കിടക്കേണ്ടതെങ്ങനെയെന്നും ഇവന്റ് മാനേജ്‌മെന്റിലെ മാനേജര്‍മാര്‍ ഇന്നേ ട്യൂഷന്‍ക്ലാസുകള്‍ അറേഞ്ച് ചെയ്‌തേക്കാം.
വാട്‌സാപ്പില്‍ കാണുന്നൊരു ടാന്‍ടെക്‌സിന്റെ പരസ്യത്തില്‍ ക്ലിക്ക് ചെയ്തു പോയോ പിന്നെ ലോകത്തിലിത്രയും ടാന്‍ടെക്‌സ് മോഡല്‍ കമ്പനികളുണ്ടോ എന്ന് അതിശയിപ്പിക്കുന്ന വിധത്തിലായിരിക്കും സമാന ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളും പോസ്റ്റുകളും ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും വാട്‌സാപ്പിലുമൊക്കെയെത്തുന്നത്. ഇവയുടെയൊക്കെ വല്യമുതലാളിയായ സൂക്കര്‍ബര്‍ഗും യൂട്യൂബിന്റെയും ഗൂഗിളിന്റെയും മുതല്‍ ഏഴു കിടിലന്‍ കമ്പനികളുടെ തലപ്പത്തിരിക്കുന്ന സുന്ദര്‍ പിച്ചൈയുമൊക്കെ എണ്ണൂറുകോടിയിലധികം ജനങ്ങളുടെയും ചിന്തകളെ പോലും എങ്ങനെ മൂക്കുകയറിട്ടു നടത്താം എന്നതിലാണ് മിടുക്കു തെളിയിച്ചിരിക്കുന്നത്. അതിനുള്ള അല്‍ഗോരിതങ്ങളാണ് ഇവരുടെ അടുക്കളകളില്‍ വേവുന്നത്.
ക്ഷോഭിക്കുന്ന യുവത്വത്തിന്റെ പഴയൊരു കവി എഴുതി ‘ഹരി വെറും മുളംതണ്ടിനാല്‍ ലോകത്തെ മുഴുവന്‍ ഒരു തേങ്ങലായ് മാറ്റുമ്പോള്‍…’ ഇന്ന് അതിനൊരു വാക്‌ഭേദമാകാം. ‘കമ്പനികള്‍ വെറും അല്‍ഗോരിതങ്ങളാല്‍ ലോകത്തെ മുഴുവന്‍ ഒരു കമ്പോളമായി മാറ്റുമ്പോള്‍…’ എനിക്കും നിങ്ങള്‍ക്കും കസ്റ്റമര്‍ ആകുവാന്‍ മാത്രമേ കഴിയൂ എന്നു പറയാതെ പറഞ്ഞു വയ്ക്കുന്നവര്‍ മാത്രമായി ഈ ബൂഗോളത്തിലെ എണ്ണൂറുകോടിയില്‍ ചില്വാനം മാനവരും മാറുന്നു. കാറല്‍ മാര്‍ക്‌സ് പോലും കാണാതെപോയ സാധ്യതയായി കമ്പോളവും കമ്പോളശക്തികളും കസ്റ്റമര്‍മാരും മാറുന്നു.
സോഷ്യലിസമല്ല, മൂലധനം സര്‍വരെയും സമന്‍മാരാക്കി മാറ്റുന്ന സമത്വമനോഹരമായ കാഴ്ചയുടെ നാട്ടുനടപ്പും അതിലെ കെണി തിരിച്ചറിയപ്പെടാത്ത സത്യവുമായി മാറുമ്പോള്‍ അങ്ങിങ്ങ് ചിലരെങ്കിലും സന്ദേഹികളുൂം വേവലാതിപ്പെടുന്നവരുമാകുന്നു. അവര്‍ക്ക് തിരിച്ചറിവുകള്‍ക്കുള്ള വെളിച്ചത്തിനു പ്രകാശഗോപുരമായി ഒറ്റമുണ്ടു തറ്റുടുത്തൊരു മെല്ലിച്ച വൃദ്ധന്‍, അതിനു തൊട്ടു മുമ്പുള്ള കാലത്തു നിന്നു വാല്‍ഡനിലെ ഗുരു, അതിനു മുമ്പ് ഒരുകോപ്പ വിഷം ഒറ്റയിറുക്കിനു കുടിച്ച് തടവറയില്‍ വീണുമരിച്ച ദാര്‍ശനികന്‍ ഒക്കെ നില്‍ക്കുന്നു. ഈ തിരിഞ്ഞു നടപ്പിനു ലോകം ഇന്നു നല്‍കുന്ന പേര് മിനിമലിസം. വാക്കിന് അര്‍ഥം ഇത്രമാത്രം-ചുരുങ്ങിയ ജീവിതം. ജീവിതകാലമല്ല ചുരുങ്ങുന്നത്, ചിന്തകളല്ല ചുരുങ്ങുന്നത്, കാഴ്ചകളല്ല ചുരുങ്ങുന്നത്, ആവശ്യങ്ങള്‍ ചുരുങ്ങുന്നു. അഥവാ ചുരുക്കുന്നു. ഏറ്റവും ചുരുങ്ങിയ ആവശ്യങ്ങള്‍ മാത്രം നിവര്‍ത്തിച്ചുകൊണ്ടൊരു ജീവിതം.
കോട്ട്, സ്യൂട്ട്, വക്കീല്‍ ഗൗണ്‍ തുടങ്ങി വേഷത്തിന്റെ എടുപ്പുകള്‍ മുഴുവന്‍ ഇംഗ്ലണ്ടില്‍ പഠിച്ച പാഠങ്ങള്‍ പോലെ മാരിറ്റ്്‌സ്ബര്‍ഗ് റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ച് ഒറ്റമുണ്ടിലേക്ക് തുണിയുടെ ആവശ്യങ്ങളെ മുഴുവന്‍ 1948 ജനുവരി മുപ്പതുവരെ ജീവിച്ചൊരു മനുഷ്യന്‍ ചുരുക്കിയതെങ്ങനെയോ അതുപോലെ അനാവശ്യങ്ങളെ ചുരുക്കി ആവശ്യങ്ങളിലേക്കും ആവശ്യങ്ങളെ ചുരുക്കി അത്യാവശ്യങ്ങളിലേക്കും അത്യാവശ്യമെന്നു തോന്നിക്കുന്നവയെപോലും ചുരുക്കി ഒഴിച്ചു കൂടാന്‍ പറ്റാത്തവയിലേക്കും സ്വജീവിതങ്ങളെ മാറ്റിനിര്‍വചിക്കുന്നവരുടെ എണ്ണം ലോകത്തു വളരുന്നു.
സ്വന്തം ആവശ്യങ്ങളെ പരിമിതപ്പെടുത്തുമ്പോള്‍ സംഭവിക്കുന്ന ഏറ്റവും വലിയ മാറ്റം ഓരോരുത്തരുടെയും കൈവശത്തിലും ഉടമസ്ഥതയിലും ഉപഭോഗത്തിലുമുളള വസ്തുക്കളുടെ അഥവാ സാധനങ്ങളുടെ എണ്ണത്തിലും തോതിലും ഗണ്യമായകുറവു വരുന്നു എന്നതാണ്. അതേസമയം നേരാംവണ്ണം ഉണ്ണാതെയും ഉടുക്കാതെയുമുള്ള മുരഞ്ഞ ജീവിതമാണിതെന്നു കരുതേണ്ട, തറയില്‍ ഇരിക്കുകയും കിടക്കുകയും ചെയ്യേണ്ടിവന്നാല്‍ അങ്ങനെ തന്നെ ചെയ്യുമെങ്കിലും തറയും ഭിത്തിയും മാത്രമുള്ള കുടുസുമുറികളിലെ ഉണക്കജീവിതമാണ് ഇക്കൂട്ടരുടേത് എന്നൊന്നും ആരും കരുതേണ്ടതില്ല.
യഥാര്‍ഥത്തില്‍ മിനിമലിസത്തെ നിര്‍വചിക്കാന്‍ സാധിക്കുന്നത് ഇങ്ങനെയാണ്. ജീവിതം എന്ന സാധ്യതയെ ജീവിക്കാനുള്ള തീരുമാനം കൊണ്ടു നേരിടുന്നൊരാള്‍ യഥാര്‍ഥത്തില്‍ കാതലെന്നു കരുതേണ്ട കാര്യങ്ങള്‍ ഏതൊക്കെയാണെന്നു സ്വന്തം ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ പുനര്‍നിര്‍വചിക്കുന്നു. ഈ പുനര്‍നിര്‍വചനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു ഇങ്ങനെ കേന്ദ്രസ്ഥാനത്തെത്തുന്നവയില്‍ നിന്നു ശ്രദ്ധയെ തിരിക്കുന്നത് എന്തൊക്കെയായാലും അവയെയെല്ലാം വേണ്ടെന്നു വയ്ക്കുന്നു. ഇതു മാത്രമാണ് മിനിമലിസം. ഇതൊരു മാനസികഭാവമാണ്. അര്‍ഥപൂര്‍ണമായ ജീവിതത്തില്‍ നിന്നും യഥാര്‍ഥമായ ആനന്ദത്തില്‍ നിന്നും (ആനന്ദം പോലെ തോന്നിക്കുന്ന കാര്യങ്ങളില്‍ നിന്നല്ല) മനസിനെ വശങ്ങളിലേക്കു വലിക്കുന്ന സര്‍വതിനെയും ഒരാള്‍ ഉപേക്ഷിക്കുമ്പോള്‍ അയാള്‍ മിനിമലിസ്റ്റ് ജീവിതം നയിക്കുന്നയാളായി മാറുന്നു.
ഈയര്‍ഥത്തില്‍ ജീവിതത്തെ കാണുമ്പോള്‍ വീടിന്റെ വലുപ്പം അനാവശ്യമാകുന്നു, വണ്ടി തന്നെ അനാവശ്യമാകുന്നു, അഥവാ വണ്ടിയുണ്ടെങ്കില്‍ തന്നെ അതിന്റെ വലുപ്പം നമ്മുടെ വലുപ്പത്തിന്റെ മുഴക്കോലാകുന്നത് അനാവശ്യമാകുന്നു, അനാവശ്യങ്ങളെല്ലാം വേണ്ടെന്നു വയ്ക്കാനുള്ളവ മാത്രമാണെന്ന തിരിച്ചറിവിലേക്ക് ഒരാളെത്തുന്നു. വയ്ക്കാന്‍, വിളമ്പാന്‍, ഉടുക്കാന്‍, കിടക്കാന്‍, ചമയാന്‍, നേരംകൊല്ലാന്‍ ഒക്കെ എത്ര കുറച്ചു വസ്തുക്കളാണോ ആവശ്യം അവ മാത്രം ഈ ജീവിതത്തിനു മതിയാകുമെന്ന തിരിച്ചറിവ് ഒരാളെ നയിക്കാന്‍ തുടങ്ങുന്നു. ഒരാള്‍ കാതലായ ചോദ്യങ്ങള്‍ സ്വയം ചോദിക്കാന്‍ തുടങ്ങുന്നു. ഗയയിലെ രാജകുമാരന്‍ ബോധിയിലെ മരച്ചുവട്ടിലേക്ക് ഇറങ്ങിനടക്കുന്നതിനു മുമ്പു ചോദിച്ചതുപോലെയുള്ള ചോദ്യങ്ങള്‍, ഒറ്റയുടുപ്പിട്ട് അമരങ്ങളിലുറങ്ങുകയും പണമുള്ളവര്‍ക്കും അധികാരികള്‍ക്കുമെല്ലാം ന്യൂയിസാന്‍സ് മാത്രമായി മാറുകയും ചെയ്‌തൊരു ദൈവം ചോദിച്ചതുപോലെയുള്ള ചോദ്യങ്ങള്‍.
ഓര്‍ക്കുക, ഒരു അലമാരി നിറയെ കുപ്പായം ആര്‍ക്കും ആനന്ദം തരുന്നില്ല, ജീവിതത്തിന്റെ അര്‍ഥം തരുന്നില്ല. ആനന്ദം പോലെയും അര്‍ഥം പോലെയുമുള്ള എന്തോ ഒന്നു മാത്രമേ തരുന്നുള്ളൂ. പോര്‍ച്ചില്‍ രണ്ടുകാറും മുറ്റത്തു നാലു കാറുമുണ്ടെങ്കിലും ഇങ്ങനെ തന്നെ. ലോകത്തെ സകലമാന ഊട്ടുപുരകളിലെയും മാദകമായ സ്വാദുകളും ഒരു പിഞ്ഞാണം കഞ്ഞിക്കു മുന്നില്‍ തോല്‍ക്കുമെന്നറിയുക. അവനും അവളും ലോകരും പറയുന്ന മണങ്ങള്‍ക്കും കാഴ്ചകള്‍ക്കും കേള്‍വികള്‍ക്കും രുചികള്‍ക്കും ഉടമസ്ഥതകള്‍ക്കും കുറേ നിമിഷങ്ങളിലേക്ക് സന്തോഷം തരാന്‍ സാധിച്ചേക്കാം. അതും ചിലപ്പോള്‍ മാത്രം. ഒരുകാലത്തും ആനന്ദം തരാന്‍ സാധിക്കുമെന്നു കരുതേണ്ട. പുറമേ നിന്നുള്ള ഏതു വസ്തുവിനും തരാന്‍ സാധിക്കുന്നത് സന്തോഷം മാത്രമാണ്. ഓരോരുത്തരും സ്വന്തം അകമേ നിന്നു ഖനനം ചെയ്തു കണ്ടെടുക്കേണ്ടതാണ് ആനന്ദവും ജീവിതത്തിന്റെ അര്‍ഥവും. ഈ ഖനനത്തില്‍ നിന്നു വ്യക്തിയെ തടയുന്നു എന്നതാണ് ഒരാള്‍ മിനിമലിസ്റ്റ് എന്ന നിലയില്‍ ഒഴിവാക്കുന്ന ഓരോ കാര്യവും സത്യത്തില്‍ ചെയ്യുന്ന അപരാധം.
മിനിമലിസം അതില്‍ തന്നെ ഒരിക്കലും ഇരുമ്പുലക്ക പോലെ അയവില്ലാത്ത കുറേ നിയമങ്ങളുടെ അകമ്പടിയോടെയല്ല ആരുടെയെങ്കിലും ജീവിതത്തിന്റെ കോലായയില്‍ കാലു കുത്തുന്നത്. നിയമാവലികളില്ലെങ്കിലും സമീപനങ്ങളും തത്വങ്ങളുമുണ്ട്. സത്യത്തില്‍ വൈയക്തിക തലത്തില്‍ മാത്രം സാംഗത്യമുള്ള ഏതു കാര്യത്തിനും നിയമാവലിയല്ലല്ലോ നിലപാടുകളും സമീപനങ്ങളും മാത്രമാണല്ലോ ഉള്ളത്. നിലപാടുകളുടെ അരിപ്പയില്‍ അരിച്ചെടുക്കുന്ന കാര്യങ്ങളാണ് ഒരു മിനിമലിസ്റ്റിന്റെ ജീവിതത്തിലുള്ളത്. പൊതുവേ നാലോ അഞ്ചോ കാര്യങ്ങളെ ഇങ്ങനെ നിലപാടുകളുടെ ഗണത്തില്‍ പെടുത്താമെന്നു തോന്നുന്നു.
ഒന്ന്: വാങ്ങുന്നതിനു മുമ്പുള്ള വീണ്ടുവിചാരം.
ലോകത്തു ജീവിക്കുന്നത്രയും നാള്‍ മിനിമലിസ്റ്റുകളും ഉപഭോക്താക്കള്‍ തന്നെയാണല്ലോ. എന്നാല്‍ മറ്റ് ഉപഭോക്താക്കളില്‍ നിന്നു വ്യത്യസ്തമായി ഇവര്‍ ബോധ്യങ്ങളുള്ള ഉപഭോക്താക്കളാണ്. അതു കൊണ്ടു തന്നെ എന്തും വാങ്ങുന്നതിനു മുമ്പായി എന്തിന് എന്ന ചോദ്യം സ്വയം ചോദിക്കുന്നു. സത്യത്തില്‍ ഈ ചോദ്യമാണ് ഒട്ടനവധി ഉത്തരങ്ങളിലേക്ക് വഴി തെളിക്കുന്നത്. ഇന്നോളം നിവര്‍ത്തിക്കാന്‍ കഴിയാത്തൊരു ആവശ്യത്തെ പരിഹരിക്കുന്നതിനാണോ അതോ ഏതോ ചില പൊള്ളത്തരങ്ങളെയോ ആന്തരിക ശൂന്യതകളെയോ പൊങ്ങച്ച ചിന്തകളെയോ പൊതിഞ്ഞു പാലിക്കുന്നതിനാണോ ഈ വാങ്ങല്‍ സഹായിക്കുന്നത്. അങ്ങനെ വരുമ്പോഴാണ് ബ്രാന്‍ഡഡ് ചെരുപ്പിനു പകരം വള്ളിച്ചെരുപ്പ് മതിയെന്നും ഒരു സഞ്ചിയില്‍ കൊള്ളുന്ന തുണി മതിയെന്നും ഒരാള്‍ തീരുമാനിക്കുന്നത്. അല്‍ഫാമും കുഴിമന്തിയും വേണ്ട വീട്ടിലെ അടുപ്പില്‍ വേവിച്ച കഞ്ഞിയും കൂട്ടാനും മതിയെന്നു തീരുമാനിക്കുന്നത്.
രണ്ട്: അത്യാവശ്യമുള്ളതല്ലെങ്കില്‍ ഈ കച്ചവടം അനാവശ്യമാണ്.
ഓണം വരാന്‍ പോകുന്നു. ഓക്‌സിജനുകളും മൈജികളും ബിസ്മികളും നന്തിലത്തുകളുമെല്ലാം കില്ലര്‍ പ്രൈസുകളും പത്രങ്ങളുടെ പുറന്താള്‍ നിറയെ കൊതിപ്പിക്കുന്ന ഓഫറുകളുമായെത്തും. അപ്പോള്‍ മനസിനുള്ളിലിരുന്നൊരു ബലഹീനന്‍ മുരളാന്‍ തുടങ്ങും. 32 ഇഞ്ചിന്റെ ടിവി മാറ്റി ഭിത്തി നിറയുന്ന ടിവിയില്ലാതെന്തു ജീവിതം. എസിയില്ലാതെന്ത് ഉറക്കം, എയര്‍ഫ്രയറില്ലാതെന്തു പാചകം. സത്യത്തില്‍ ഇത്തരം തോന്നലുകളിലേക്കാണ് ഓരോ ഓഫര്‍ കച്ചവടങ്ങളും ചൂണ്ടയെറിയുന്നത്. മിനിമലിസ്റ്റുകള്‍ സാധനങ്ങള്‍ വാങ്ങുകയാണ് ചെയ്യുന്നത്, ആരും അവരെക്കൊണ്ടു വാങ്ങിപ്പിക്കുകയല്ല. ബോധപൂര്‍വമുള്ള വാങ്ങലുകളും തോന്നലുകളില്‍ ആരാന്റെയും കാഞ്ഞബുദ്ധിക്കു വഴങ്ങി വാങ്ങിപ്പിക്കലുകള്‍ക്ക് ഇരയാകുന്നതും തമ്മില്‍ ആടും ആനയും തമ്മിലുള്ളത്ര വ്യത്യാസമുണ്ട്.
മൂന്ന്: അവനെയും അവളെയും പോലെയാകാത്ത ജീവിതം.
ജീവിതം അവനോടും അവളോടുമുള്ള പൊങ്ങച്ചപ്രദര്‍നത്തിന്റെ മത്സരമല്ല. അതു കൊണ്ടു ‘ഗപ്പ്’ കിട്ടുന്നതില്‍ വലിയ കഥയൊന്നുമില്ല. അവനെപ്പോലെ ജീവിക്കുന്നതില്‍ നിന്നോ അവള്‍്ക്കുള്ളതെല്ലാം സ്വന്തമാക്കുന്നതില്‍ നിന്നോ കിട്ടുന്നൊരു കാര്യമാണ് ആനന്ദമെന്നു കരുതുന്നവര്‍ക്ക് ഒരിക്കലും കിട്ടാതെ പോകുന്നതും ആനന്ദം തന്നെയായിരിക്കും. നൈമിഷികമായ സന്തോഷങ്ങളും സുഖങ്ങളും കിട്ടിയേക്കാം. അതിനെക്കാള്‍ വേഗത്തില്‍ അവ മടുപ്പിക്കുകയും ചെയ്തുകൊണ്ടേയിരിക്കും. കുറച്ചു വസ്തുവകകളുമായി ജീവിക്കുന്നവര്‍ക്കു മാത്രമാണ് അവനവന്റെ അകമേയുള്ള കാതലുമായി പുറമേയുള്ള ജീവിതത്തെ നേര്‍വരയില്‍ കൊണ്ടുപോകാന്‍ സാധിക്കുന്നത്. നമ്മുടെ ജീവിതത്തിന്റെ രേഖകള്‍ വരയ്ക്കാന്‍ മറ്റാരും പെന്‍സില്‍ കൂര്‍പ്പിക്കാതിരിക്കട്ടെ.
നാല്: ജീവത്തായി നിലനിര്‍ത്തുന്ന കാര്യങ്ങള്‍ക്കുള്ള ഇടം.
വെറും പ്രായോഗികാര്‍ഥത്തില്‍ ചിന്തിച്ചാല്‍ തന്നെ കുറച്ചു സാധനങ്ങള്‍ മാത്രം സ്വന്തമായുള്ളൊരാള്‍ക്കാണ് കൂടുതല്‍ ഇടം ബാക്കിയാകുന്നത്, കൂടുതല്‍ സമയം ബാക്കിയാകുന്നത്, കൂടുതല്‍ ഊര്‍ജം ബാക്കിയാകുന്നത്. ഇത്തരത്തില്‍ ബാക്കിയാകുന്ന ഇടവും സമയവും ഊര്‍ജവുമെല്ലാമാണ് യാതൊന്നാണോ കാതല്‍, അതിനായി മാറ്റിവയ്ക്കാന്‍ ലഭിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകള്‍ മുഴുവന്‍ നിരങ്ങിക്കളയുന്ന സമയവും ഊര്‍ജവുമാകാം പ്രകൃതിയോട് അഭിനിവേശമുള്ളൊരാള്‍ക്ക് ഇടവപ്പാതി മഴയിലേക്ക് വെറുംകൈയോടെ ഇറങ്ങി ഈറനാകുന്നതിന് കിട്ടുന്നത്. കുഴിമന്തി ഉണ്ടായിവരാന്‍ നക്ഷത്രത്തൊങ്ങലുള്ള ഊട്ടുശാലയില്‍ കാത്തിരിക്കുന്ന സമയമുണ്ടെങ്കില്‍ ഇളവെയിലില്‍ പുഴ തുടിക്കുന്നതു തൊട്ടറിയാനാവും. കാല്‍പനികമായി മാത്രം ചിന്തിക്കണമെന്നില്ല, കുടുംബത്തിനൊപ്പമിരിക്കാനും ധ്യാനിക്കാനും പ്രാര്‍്ഥിക്കുന്നവര്‍ക്ക് അതിനും അങ്ങനെ സമയത്തിന്റെ ബദല്‍ ഉപയോഗ സാധ്യകളെത്ര.
അഞ്ച്: പരിസരത്തിനും നിലനില്‍പിനും വേണ്ടി.
ഓരോ ചുവടും ഓരോ തീരുമാനവും ഓരോ ചെയ്തിയും പരിസരത്തെ നോവിക്കാത്തതാകുന്നത് മിനിമലിസത്തില്‍ മാത്രമാണ്. കുറച്ചു വാങ്ങല്‍, കുറഞ്ഞ ഉപഭോഗം അതിനാല്‍ തന്നെ കുറഞ്ഞ മാലിന്യ സൃഷ്ടി, കുറഞ്ഞ മലിനീകരണം, പരിസരത്തിന് കുറഞ്ഞ ദ്രോഹം. ഓര്‍ക്കുക, ലോകം മുഴുവന്‍ ഓരോരുത്തരുടെയും പാരിസ്ഥിത പാദമുദ്ര (ഇക്കളോജിക്കല്‍ ഫുട്പ്രിന്റ്) എന്ന കാര്യത്തില്‍ ഏറെ വേവലാതിപ്പെടുന്ന കാലമാണിത്. ആവശ്യങ്ങളെ പരിമിതപ്പെടുത്തുക, വസ്തുവകകള്‍ പുനരുപയോഗിക്കുക, പങ്കിട്ടുപയോഗിക്കുക, ദീര്‍ഘകാലം ഉപയോഗിക്കുക എന്നതിനെക്കാള്‍ പാരിസ്ഥിതിക പാദമുദ്രാബോധം നമ്മില്‍ നിന്നാവശ്യപ്പെടുന്നത് എന്താണ്.
