2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഈ ഘട്ടം സന്ദിഗ്ധതയുടെതാണ്. ജനാധിപത്യ വിശ്വാസികള്‍ എത്രയും ജാഗ്രത പുലര്‍ത്തേണ്ട കാലം. ദൈവാവതാരമാണ് താനെന്ന മോദിയുടെ വാക്കുകളില്‍ വളരെ സൈക്കിക്കായ ഒട്ടും യുക്തിഭദ്രമല്ലാത്ത കറതീര്‍ന്ന സ്വേച്ചാധിപതിയുടെ മനോഭാവമുണ്ട്. ദൈവവതാരത്തിന് മരണമില്ല. അതിനാല്‍ താന്‍ ലോകാവസാനം വരെയും ഇന്ത്യ ഭരിക്കും എന്ന അചഞ്ചലമായ വിശ്വാസം ഉണ്ട്. നിങ്ങള്‍ ഭരിക്കപ്പെടാനും ഞാന്‍ ഭരിക്കാനും നിയോഗിക്കപ്പെട്ടവന്‍.
2013ല്‍ നിലഞ്ജന്‍ മുഖോപാധ്യായ എഴുതിയ മോദിയുടെ ജീവചരിത്രം ‘നരേന്ദ്രമോദി ദി മാന്‍, ദി ടൈംസ്’ വായിച്ചാണ് ഞാന്‍ ‘ഏകാകിയായ ഏകാധിപതി’ പത്തു വര്‍ഷം മുമ്പ് എഴുതുന്നത്. അതില്‍ മോദിയുടെ മൂത്ത സഹോദരന്‍ സോമഭായ്: അവന്‍ അവരുടെ (ആര്‍എസ്എസിന്റെ) അച്ചടക്കവും അധികാര ഘടനയും ഇഷ്ടപ്പെട്ടു. ആദ്യകാലങ്ങളില്‍ ശാഖയില്‍ നിന്ന് മടങ്ങിയെത്തുന്ന സമയം അവന്‍ വളരെ പക്വതയുള്ളവനായി കാണപ്പെട്ടു. എന്തോ അവനില്‍ കാര്യമായ മുദ്ര പതിപ്പിച്ച പോലെ. ശാഖയില്‍ ഒരാള്‍ കല്‍പ്പിക്കുന്നു മറ്റുള്ളവര്‍ അനുസരിക്കുന്നു. ഈ വസ്തുത അവനില്‍ വളരെയേറെ മതിപ്പുളവാക്കി (പുറം 57, മുഖോപാധ്യായ).
മോദി ഒരിക്കലും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കാന്‍ ഇഷ്ടപ്പെട്ടില്ല. മറ്റുള്ളവര്‍ ആരും തന്റെ അധികാരത്തില്‍ തലയിടുന്നത് താല്പര്യപ്പെടുന്നുമില്ല. ഇത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ അരക്ഷിതാവസ്ഥയാണ്. (പുറം 57) അനുസരണയാണ് അദ്ദേഹം ചുറ്റുമുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അദ്ദേഹം തന്നെ സംഘടനയ്ക്ക് മുകളിലായി കാണുന്നു. മേല്‍പ്പറഞ്ഞ 2013ലെ മനോഘടനയില്‍ നിന്ന് മോദിക്ക് മാറാന്‍ കഴിയില്ല, അദ്ദേഹം തന്റെ ശരീരത്തെ സ്റ്റീലൈസ് ചെയ്യുന്നതുപോലെ തന്റെ മനസ്സിനെയും ഉരുക്ക് ബലത്തില്‍ ആക്കുന്നുണ്ട്. ഇക്കാര്യം മുഖോപാധ്യായ കരണ്‍ ഥാപ്പറുമായുള്ള ദി വയറിലെ അഭിമുഖത്തില്‍ ഫലം അറിഞ്ഞ് മൂന്നോ നാലോ ദിവസങ്ങള്‍ക്ക് ശേഷം വ്യക്തമാക്കുന്നുണ്ട്. ഥാപ്പറുമായുള്ള അഭിമുഖത്തില്‍ പ്രൊഫസര്‍ സുഹാസ് പാല്‍ഷിക്കാര്‍ പറയുന്നത് കേള്‍ക്കുക. പതിനെട്ടാം ലോക്‌സഭയിലെഏറ്റവും അണ്‍കംഫര്‍ട്ടബിള്‍ ആയിട്ടുള്ള മനുഷ്യന്‍ മോദിയാണ്.
ബിജെപി എംപിമാരുടെ അംഗബലം 40 ആയി കുറഞ്ഞിട്ടും തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ജൂണ്‍ നാലിന് ബിജെപി ആസ്ഥാനത്തേക്ക് ഒരു ചക്രവര്‍ത്തിയുടെ വേഷവിധാനത്തോടെ വിജയചിഹ്നം ഉയര്‍ത്തിക്കാട്ടി പ്രവേശിക്കുന്ന മോദിയില്‍ താന്‍ അജയ്യനാണെന്ന അഹന്ത കാണാം. ജനങ്ങള്‍ തന്നെ ഒരു വിധത്തില്‍ തോല്‍പ്പിച്ചു, താന്‍ അജയ്യനാണ് എന്ന തന്റെ തലയെടുപ്പ് അവര്‍ വക വെച്ചില്ല, താന്‍ ദൈവവതാരം എന്നതിനെ ജനങ്ങള്‍ നിരാകരിച്ചു എന്ന് തുറന്നു സമ്മതിക്കാന്‍ സ്വയം തീര്‍ത്ത ഉരുക്ക് തടവറയില്‍ ജീവിക്കുന്ന മോദിക്ക് സാധിക്കുന്നില്ല. ഈ മനോഘടന ന്യൂനപക്ഷങ്ങള്‍, ദളിതര്‍, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവരോടുള്ള വര്‍ദ്ധിച്ച വെറുപ്പും അവരെ തകര്‍ക്കാനുള്ള പ്രതികാര നടപടികളുടെ തുടര്‍ച്ചയുമായി മാറിയേക്കാനാണ് സാധ്യത. ജനാധിപത്യത്തിന്റെ തുറസ്സുകള്‍ കൂടുതല്‍ അടയ്ക്കാന്‍ എല്ലാ പദ്ധതിയും തന്റെ ഐക്മാനായ ( ഹിറ്റ്‌ലറുടെ പിണിയാള്‍) അമിത് ഷായും ഒന്നിച്ച് ചര്‍ച്ച ചെയ്‌തേക്കാം, നടപ്പാക്കിയേക്കാം.
ഭാരതീയ ന്യായ സംഹിത ഇന്ത്യന്‍ പീനല്‍ കോഡിന് പകരം നടപ്പാക്കാന്‍ ഉത്തരവിറക്കിയത് ശ്രദ്ധിക്കുക. അതിനെ നേരിടാനുള്ള ധാര്‍മിക ധീരത രാഹുല്‍ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും ആര്‍ജിക്കേണ്ടതുണ്ട്. അതിനായവര്‍ ഇന്ത്യയുടെ തൊഴിലില്ലാത്തവരോടും ദരിദ്രരോടും ബുള്‍ഡോസര്‍ രാഷ്ട്രീയത്തിന്റെ ഇരകളായ മുസ്ലിമുകളോടും ആദിവാസികളോടും സംസാരിക്കണം. അവരുടെ അവസ്ഥയുടെ കാരണക്കാര്‍ ആരെന്ന് ബോധ്യപ്പെടുത്തണം. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത് മോദി ഭരണത്തെക്കുറിച്ച് ഭംഗ്യന്തരേണ ചില ഇതിരഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അവരെ വിശ്വസിക്കാനാവില്ല. മോദിയും ആര്‍എസ്എസും തമ്മില്‍ പാച്ചപ്പ് നടക്കും, മോദി ഹിന്ദുത്വ അജണ്ട നടപ്പാക്കുന്ന മുറയ്ക്ക്.
മോദിയും സംഘവും പത്രമാധ്യമങ്ങളും അവകാശപ്പെടുന്നതുപോലെ അവര്‍ക്ക് 400 പ്ലസ് സീറ്റുകള്‍ കിട്ടിയിരുന്നെങ്കില്‍ ഇതൊരു കരാള ഘട്ടമായി മാറിയേനെ. ചൈനയിലെ ഷീ പിംഗിനെ പോലെയും റഷ്യയിലെ വ്‌ളാഡിമിര്‍ പുടിനെ പോലെയും മോദി തന്റെ തനിനിറം യാതൊരു സന്ദേഹവും ഇല്ലാതെ പുറത്തെടുത്ത് ഇന്ത്യയെ ജനാധിപത്യത്തിന്റെ ശവപ്പറമ്പ് ആക്കിയേനെ. എല്ലാ ജനാധിപത്യ സ്ഥാപനങ്ങളെയും അവകാശങ്ങളെയും മുടിപ്പിച്ച് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ഇന്ത്യയുടെ വിഭവങ്ങള്‍ വിറ്റു തുലച്ച ഭരണഘടന വെറും നോക്കുകുത്തിയാക്കി ഇന്ത്യന്‍ ഭരണഘടന അടര്‍ത്തിയടര്‍ത്തി ഒരു ഹിന്ദുത്വ ഭരണഘടനയാക്കി മാറ്റി. മോഡിയുടെയും പാര്‍ട്ടിയുടെയും സൈസ് ചെറുതായിട്ടും നോക്കൂ, രാഷ്ട്രപതിയും സ്പീക്കറും സംസാരിക്കുന്നത് എന്തിനെപ്പറ്റിയാണെന്ന്! ഭരണഘടനയുടെ കാവല്‍ക്കാര്‍ 1975 ലെ അടിയന്തരാവസ്ഥയുടെ രാഷ്ട്രീയം പറയുന്നു. 5 നേക്കാള്‍ ഭീകരമാണ് ഇക്കാലം എന്ന് അവര്‍ക്ക് പറയാനാവില്ലല്ലോ! അവര്‍ ഭരണകൂട കാവല്‍ക്കാരായാല്‍ മോദി ഷാമാരുടെ സ്‌ക്രിപ്റ്റ് പ്രോംപ്റ്റ് ചെയ്യുന്ന പാവകളായി മാറുന്നു ഈ ഭരണഘടന കാവല്‍ക്കാര്‍?
മോദിയുടെ മനോഘടനക്കേറ്റ ‘പ്രഹരം’,
മോദിയും സംഘവും ആര്‍എസ്എസും കഴിഞ്ഞ ഒരു നൂറ്റാണ്ടായി പ്രത്യക്ഷമായും കഴിഞ്ഞ ഒരു ദശ വര്‍ഷമായി നേരിട്ടും അവര്‍ സ്ഥാപിക്കാന്‍ തത്രപ്പെടുന്നത് ഏകശിലാ മുഖമുള്ള ആധുനിക പാശ്ചാത്യ നാഗരികതയ്ക്ക് തുല്യമായ ഇന്ത്യന്‍ പതിപ്പാണ്. ഇതറിയണമെങ്കില്‍ 1969 മുതല്‍ ഗുജറാത്തില്‍ അവര്‍ എന്‍ജിനീയറിങ് ചെയ്ത ഓരോ കലാപത്തിലും എങ്ങനെയാണ് ഹിന്ദുത്വയിലേക്ക് ഹിന്ദുയിസത്തിന്റെ ജാതി വിഭാഗങ്ങളെ വലിച്ചെടുത്തത് എന്ന് നോക്കിയാല്‍ മതി. ആദ്യകാലത്ത് സാമൂഹ്യവിരുദ്ധരെന്ന് ലേബല്‍ ഉള്ളവരാണ് ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും ആരാധനാലയങ്ങളും ഇല്ലാതാക്കിയിരുന്നത്. പിന്നീട് സവര്‍ണ്ണ ഹിന്ദുക്കളായി. 2002 ഓടെ ആ നശീകരണ വിധ്വംസക സംഘത്തിലേക്ക് ആദിവാസിയും ദളിതരും ഒബിസിയും സവര്‍ണ്ണരും ചേര്‍ക്കപ്പെട്ടു. ഏകശില രാഷ്ട്രീയ ഹിന്ദുവിന് ഒരേ ഒരു ശത്രു മുസ്ലിം ആയി. 2002ല്‍ തുടങ്ങിയ ഗുജറാത്ത് മാതൃകയാണ് 2014ലും 2019ലും അഖിലേന്ത്യാതലത്തില്‍ മോദി ഗംഭീരമായി വിജയിപ്പിച്ചത്.
2024 ഉത്തര്‍പ്രദേശില്‍ മറ്റുചിലയിടങ്ങളിലും ഹിന്ദുത്വയിലേക്ക് ആകര്‍ഷിക്കപ്പെട്ടവര്‍ തങ്ങളുടെ തൊഴിലില്ലായ്മ ദാരിദ്ര്യത്തിനും പിന്നോക്കാവസ്ഥയ്ക്കും കിടപ്പാടങ്ങളുടെയും തൊഴിലിടങ്ങളുടെയും നാശത്തിനും കൈതൊഴിലുകള്‍ അന്യം വന്നതിനും കാരണക്കാര്‍ മുസ്ലിം അല്ല എന്ന് തിരിച്ചറിഞ്ഞു. ഹിന്ദുത്വയുടെ ഹിംസാത്മകമായ ബാന്‍ഡ് വാഗണില്‍ നിന്നും അവര്‍ നിശബ്ദരായി വിട്ടുനിന്നു. അതായത് ഹിന്ദുത്വയുടെ യൂറോ കേന്ദ്രീകൃത മാതൃകയിലുള്ള വാര്‍പ്പിനെ അവര്‍ ധിക്കരിച്ചു. ഹിന്ദുയിസം വ്യത്യസ്തതകളുടെ സമന്വയമാണെന്ന് ഗാന്ധിയന്‍ രീതിയില്‍ തിരിച്ചറിഞ്ഞിരിക്കണം. ഇതിനവരെ ശക്തരാക്കിയത് മോദിയും സംഘവും പ്രചരിപ്പിച്ചിരുന്ന ഭരണഘടനയോടുള്ള അവജ്ഞയാണ്. അതില്‍ പ്രതിപക്ഷത്തിന് പ്രത്യേകിച്ചും രാഹുല്‍ഗാന്ധിക്ക് നിര്‍ണായക പങ്കുണ്ട്. അതിനാല്‍ ഞാനിതിന് കാണുക സംസ്‌കൃതികളുടെ വൈവിധ്യത്തെ നിലനിര്‍ത്താനായി (ഗാന്ധി) അവര്‍ ഭരണഘടനയെ (അംബേദ്കര്‍) അബോധമായി ഉയര്‍ത്തിപ്പിടിച്ചു എന്നാണ്. ഇത് ഹിന്ദുത്വയുടെ ബ്രാഹ്‌മണിക്കല്‍ വിപ്ലവത്തിന് നേരെയുള്ള പ്രതിവിപ്ലവത്തിന്റെ ആരംഭമാണ്. ഇത് ശാക്തീകരിക്കാന്‍ പ്രതിപക്ഷ കക്ഷികളും സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളും ജാഗരൂകരായി ശ്രമിക്കണം. ജാതി തിരിച്ചുള്ള സെന്‍സസിന് പ്രക്ഷോഭം നടത്തണം അവര്‍ തമ്മിലടിച്ച് കലഹിച്ചാല്‍ ഇനിയും ആ കരാളാവസ്ഥ കൂടുതല്‍ ഭീകരതയോടെ വന്നേക്കാം.
ഇന്ത്യന്‍ അവസ്ഥയില്‍ നിന്ന് കേരളത്തിലേക്ക് വന്നാല്‍ ഇവിടെ സ്ഥിതി മോശമായി കൊണ്ടിരിക്കുകയാണ്. തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ വിജയം അതാണ് സൂചിപ്പിക്കുന്നത്. സുരേഷ് ഗോപി കഴിഞ്ഞ ആറു വര്‍ഷമായി തൃശ്ശൂരില്‍ ഉണ്ട്. ചെറിയ ചെറിയ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ തന്റെ Larger than life image നിര്‍മ്മിച്ചിട്ടുണ്ട്. ഇതിന് അവരെ സഹായിച്ചത് ചിട്ടയ്ക്കുള്ള ബൂത്ത് തല പ്രവര്‍ത്തനമാണ്. പൈസ വാരിക്കോരി ചെലവഴിച്ച് പരസ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചാരണം കൊഴുപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. വിജയത്തിലെത്താന്‍ ഏത് മാര്‍ഗ്ഗവും ഉപയോഗിക്കാന്‍ മറ്റു രാഷ്ട്രീയ കക്ഷികളെക്കാള്‍ മുന്നില്‍ അവരുണ്ട്. കോണ്‍ഗ്രസിന്റെ മുന്‍ എംപിയുടെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനം വളരെ മോശമായിരുന്നു. അവസാന നിമിഷത്തില്‍ എത്തിയ സ്ഥാനാര്‍ത്ഥിക്ക് രാജനെ കൊന്ന അച്ഛന്റെ മകന്‍ എന്ന കറുത്ത പാടും ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്റെത് തൃശ്ശൂരില്‍ പാടവമില്ലാത്ത ഒരു നേതൃത്വം ആയിരുന്നു. സവര്‍ണ്ണ ഹിന്ദുക്കള്‍ അവരിലെ സ്ത്രീകള്‍ സെയില്‍സ് ഗേള്‍സ് ദളിതരില്‍ ഒരു വിഭാഗം ക്രിസ്ത്യന്‍ സമുദായത്തിലുള്ളവര്‍ എന്നിവര്‍ ഗോപിയുടെ വിജയത്തിന് സഹായിച്ചു. കരുവന്നൂര്‍ ബാങ്ക് കുംഭകോണം സുനില്‍കുമാറിനെ ബാധിച്ചു. ശരിയാണ് ഗോപിയും സുനിലും തങ്ങളുടെ വ്യക്തിപരമായ ചാനലുകള്‍ നന്നായി നിലനിര്‍ത്തി. കോണ്‍ഗ്രസ് വോട്ടര്‍മാരുടെ അടിസ്ഥാന വിഷയങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകര്‍ക്ക് പോലും അത് വോട്ടര്‍മാരിലേക്ക് എത്തിക്കാന്‍ ആയില്ല.
ബിജെപി തൃശ്ശൂരില്‍ ഉറപ്പിച്ച വിജയം അസംബ്ലി തെരഞ്ഞെടുപ്പില്‍ നടപ്പിലാക്കാന്‍ അവര്‍ ഇപ്പോള്‍ തന്നെപ്രയത്‌നം തുടങ്ങിയിട്ടുണ്ട്. ജോര്‍ജ് കുര്യന്റെ കേന്ദ്രമന്ത്രിസഭാ പ്രവേശനം അതാണ് കാണിക്കുന്നത്. മുന്‍കാലത്തെതുപോലെ എല്‍ഡിഎഫ് യുഡിഎഫ് ഏറ്റുമുട്ടലിന്റെ കാലം കഴിഞ്ഞു. മുഖ്യ കാരണങ്ങളില്‍ ഒന്ന് കഴിഞ്ഞ ഏഴട്ടു വര്‍ഷങ്ങളായി മുഖ്യമന്ത്രി പിണറായി വിജയനും ഒരു തസ്‌കരസംഘവും പാര്‍ട്ടിയെയും സര്‍ക്കാരിനെയും തടവിലിട്ടിരിക്കുകയാണ്. കേരളത്തില്‍ ബംഗാളിനേക്കാള്‍ ദയനീയമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തകരാന്‍ ഇടയുണ്ട്. ഒരു സിവിള്‍ സൊസൈറ്റി പ്രസ്ഥാനം കേരളത്തില്‍ സാധിക്കില്ല. അതിന്റെ ഒരു നാമ്പ് പോലും വളരാന്‍ പാര്‍ട്ടി അനുവദിക്കില്ല. കേരളത്തിലെ ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും ഈ ഗൂഢസംഘത്തിന്റെ തടവുകാരാണ്. ആ തടവില്‍ അവര്‍ സുഖം അനുഭവിക്കുന്നുണ്ട്.
കഴിഞ്ഞ ജൂണ്‍ 28-ലെ പത്രത്തില്‍ ന്യൂസ് ക്ലിക്ക് സ്ഥാപക എഡിറ്ററും ജേണലിസ്റ്റും ആയ പ്രബീര്‍പുര്‍ക്കായസ്ഥയും എഴുത്തുകാരിയായ ഗീതാ ഹരിഹരനും ഇരിക്കുന്ന ഫോട്ടോയില്‍ മധ്യത്തിലുള്ളത് നമ്മുടെ പ്രശസ്ത കവി കെ സച്ചിദാനന്ദന്‍ ആണ്. കേരളത്തിലെ സമഗ്ര സ്വേച്ഛാധിപത്യത്തിന്റെ തണലില്‍ അക്കാദമി പ്രസിഡണ്ടായി വാഴുമ്പോള്‍ സച്ചിദാനന്ദന്‍ ആരുടെ നേരെയാണ് ചിരിക്കുന്നത്, നിങ്ങളും ഞാനും വിഡ്ഢികള്‍ എന്ന വ്യംഗ്യത്തില്‍. മോദിയെക്കാള്‍ എന്ത് ജനാധിപത്യ മേന്മയാണ് പിണറായി വിജയനുള്ളത്? വരും തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനെയും എല്‍ഡിഎഫിനെയും മാറിമാറി പരീക്ഷിക്കുന്നതിന് പകരം ബിജെപിയെ പരീക്ഷിച്ചാലോ എന്ന് ജനങ്ങള്‍ ചിന്തിച്ചാലോ? അതിനവരെ തുണയ്ക്കാന്‍ കേരളത്തിലെ ഹിന്ദു മധ്യ വര്‍ഗികളില്‍ നല്ലൊരു വിഭാഗവും ദളിത് ഈഴവരിലെ ഒരു വിഭാഗവും അതാതു കാലങ്ങളില്‍ വലതുപക്ഷ ശക്തികള്‍ക്ക് താഴ്ന്നു കൊടുക്കുന്ന ക്രിസ്ത്യന്‍ പൗരോഹിത്വവും സന്നദ്ധരാവില്ലേ?
ഈ രാഷ്ട്രീയ സാംസ്‌കാരിക സെനാരിയോഗകള്‍ക്ക് അപ്പുറം എന്നെപ്പോലുള്ളവരെ വേദനിപ്പിക്കുന്നത് ഈ ഭൂമിയുടെ ജീവന്റെ നിലനില്‍പ്പാണ്. ഇന്ത്യയിലെ ഏത് സര്‍ക്കാരും ഭൂമിയുടെ വിഭവങ്ങള്‍ നശിപ്പിച്ച് വികസനം നടപ്പാക്കുന്നതില്‍ തെറ്റില്ല എന്ന് കാണുന്നവരാണ് ഉദ്യോഗസ്ഥരില്‍ ബഹുഭൂരിപക്ഷവും. ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തിന്റെ അതിജീവനം ദരിദ്രരില്‍ ദരിദ്രനായവന്റെയും ഇതര ജീവജാലങ്ങളുടെയും നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും മാനിഫെസ്റ്റോയിലും ഈ അതിജീവനത്തിന്റെ വിഷയം സ്പര്‍ശിക്കുന്നില്ല നമ്മുടെ ഹിമാലയം മുതല്‍ കന്യാകുമാരി വരെയുള്ള പ്രകൃതി അതിഭീകരമായ തകര്‍ച്ചയെ നേരിടുകയാണ്. പ്രകൃതിയുടെ പക അത്യുഷ്ണമായും അതിവര്‍ഷമായും മരുവത്കരണമായും ജീവജാലങ്ങളുടെ നാശത്തിലേക്ക് നയിക്കും. കടല്‍ കയ്യേറി ജീവയോഗ്യമല്ലാതാകും. ആഗോളതാപനം ഇനിയും ഈ രീതിയില്‍ വര്‍ദ്ധിച്ചാല്‍ 2100 ല്‍ ഭൂമിയുടെ ജനസംഖ്യ 100 കോടിയായി കുറയും. ശേഷിക്കുന്ന ജീവജാലങ്ങള്‍ തമ്മില്‍ അതിജീവനത്തിന്റെ പോരാട്ടങ്ങള്‍ ഉണ്ടാവും. നമ്മുടെ മക്കളുടെ മക്കള്‍ അത് നേരിടേണ്ടി വരും…
ഗാന്ധി ഹിന്ദ് സ്വരാജിലൂടെ റഞ്ഞത് യൂറോ കേന്ദ്രീകൃതമായ ഹിംസാത്മകമായ ആധുനിക നാഗരികതയ്‌ക്കെതിരെ നമ്മുടെ മണ്ണിന്റെ സ്രോതസ്സുകളില്‍ നിന്നും സംസ്‌കൃതികളില്‍ നിന്നും വ്യത്യസ്ത സമുദായങ്ങളുടെ ജനങ്ങളില്‍ നിന്നും ധാതുക്കള്‍ ശേഖരിച്ച് സൃഷ്ടികരമായ സ്‌ത്രൈണമായ ഒരു വികസനത്തിന് ഒരു പുതിയ ജീവിതശൈലി ഉണ്ടാക്കൂ എന്നാണ്. ഒരു സാംസ്‌കാരിക വിപ്ലവം. എല്ലാ വിഭാഗം ജനങ്ങള്‍ക്കും നാനാ ജാതി ജീവജാലങ്ങള്‍ക്കും മണ്ണിനും ജലത്തിനും വായുവിനും സ്വതന്ത്രമായി വിഹരിക്കാനാവുന്ന ഇന്ത്യ അതിനായിട്ടാവണം ജനാധിപത്യം തെരഞ്ഞെടുപ്പ് നമ്മുടെ സമിതിദാനാവകാശം…. ഒരു വോട്ടിലൂടെ ഈയൊരു സാംസ്‌കാരിക വിപ്ലവം ഫലവത്താക്കാനുള്ള രൂപരേഖ തയ്യാറാക്കുവാന്‍ കഴിയില്ല. അതിന് കേരളത്തിലും ഇന്ത്യയിലും സിവിള്‍ സൊസൈറ്റി പ്രസ്ഥാനങ്ങള്‍ വളരണം അവരോടൊപ്പം നില്‍ക്കാന്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എഴുത്തുകാര്‍ ബുദ്ധിജീവികള്‍ എന്നിവര്‍ സന്നദ്ധരാവണം. ഈ ഒരു ദൗത്യത്തിന് പലതരം പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ് ബുദ്ധിജീവിയും എഴുത്തുകാരനും ആക്ടിവിസ്റ്റും പൗരാവകാശ പ്രവര്‍ത്തകനും താഴെത്തട്ടിലുള്ള രാഷ്ട്രീയ പ്രവര്‍ത്തകനും ഒരേ ദിശയില്‍ പ്രവര്‍ത്തിക്കണം. നമ്മുടെ കലാലയങ്ങള്‍, പാഠശാലകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, കള്‍ച്ചറല്‍ ക്ലബ്ബുകള്‍, സ്ത്രീ സംഘടനകള്‍, കോളനികള്‍, വനിത കൂട്ടായ്മകള്‍ എല്ലാം ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈ ഭൂമിയുടെ വരും തലമുറകളുടെ ഇതര ജീവന്റെ മണ്ണിന്റെ ജലത്തിന്റെ വായുവിന്റെ അതിജീവനം സാധ്യമാകൂ….അതിന് ആദ്യം വേണ്ടത് ജനാധിപത്യമാണ്…. ജനാധിപത്യം കൂടുതല്‍ ജനാധിപത്യം….
