പഞ്ചമി പെറ്റ മക്കളെല്ലാം ജനിച്ച മണ്ണിൻ്റെ ഉർവ്വരതയിലേക്കലിഞ്ഞു ചേർന്ന് കാലദേശ പരിമിതികളില്ലാതെ പൊട്ടിക്കിളിർത്ത് അതാതു ദേശങ്ങളിലെ പാട്ടുകളിലും കഥകളിലും വിശ്വാസങ്ങളിലും നിറഞ്ഞ് മനുഷ്യാകാരം പൂണ്ട് നിറവും മണവും പരത്തി വിടർന്നു നിൽക്കുന്നു. പൊന്നാനിക്കാരനായ ഒരവധൂതൻ, ഉപ്പു വിറ്റു നടന്ന നാടായി -ഉപ്പുകൂറ്റൻ്റെ നാടായി – കൂറ്റനാടും ആ ദേശങ്ങളിലൊന്നാണല്ലോ.
ഇവിടെ ,ഇപ്പോഴൊരു ഗോപാലൻ മാഷും കൂറ്റനാടിനു സ്വന്തമായിട്ടുണ്ട്. 1989 ൽ ഉപജീവനം ലാക്കാക്കി തൃശൂർ അമലനഗർ,വിലങ്ങൻ കുന്നിനടുത്തുള്ള ചൂരക്കാട്ടുകര ഗ്രാമത്തിൽ നിന്നും പാലക്കാടു ജില്ലയുടെ ഒരു പടിഞ്ഞാറൻ ഗ്രാമമായ കൂറ്റനാട്ടിലേക്ക് സ്വയം പറിച്ചുനട്ട കഥയാണ് ഗോപാലൻ മാഷ്ക്ക് പറയാനുള്ളത്. എന്നാൽ അദ്ദേഹത്തെ അറിഞ്ഞു വരുമ്പോൾ അറിയാനിനിയുമൊത്തിരി ബാക്കിയുണ്ടെന്ന് അത്ഭുതം കൂറുകയുമാകാം.
ഹിന്ദി അധ്യാപകനായി അപ്പർ പ്രൈമറി തലം മുതൽ പല സർക്കാർ സ്കൂളുകളിലായി പണിയെടുത്തതിനു ശേഷം പ്ലസ്ടു അധ്യാപകനായി മാറിയ അദ്ദേഹത്തിന്റെ വിധിനിയോഗം കൂറ്റനാട്ടിന്റെ സ്വന്തക്കാരനാകാനായിരുന്നു. എത്തിപ്പെട്ട ഇടത്തെ സ്വന്തമായിക്കാണാനും സ്നേഹിക്കാനും തന്റെ സ്വപ്നങ്ങൾക്കനുസൃതമായി അതിനെ രൂപപ്പെടുത്താനും എല്ലാവർക്കും കഴിയണമെന്നില്ലല്ലോ. കലവറ എന്ന, ഈ ബദൽ സ്കൂൾ അതാണ് നമുക്ക് പറഞ്ഞു തരുന്നത്.
സഹധർമിണിയായ ബീനാകുമാരി ടീച്ചറെ കണ്ടെത്തിയതും ഈ നാട്ടിൽ വച്ചത്രേ. ആ കഥകളെല്ലാം നമുക്ക് ഗുരുമുഖത്തു നിന്നു തന്നെ ശ്രവിക്കാം.
- മാഷ് കൂറ്റനാട്ടുകാരനായി മാറാനുണ്ടായ സംഭവം ഒന്നു വിവരിക്കാമോ…
1989 ലാണ് ഞാൻ കൂറ്റനാടു വന്നത്. 1993 ൽ കൂറ്റനാട് സ്ഥിരമായി വീടൊക്കെ പണിത് താമസിക്കാൻ തുടങ്ങി. അതിനുള്ള കാരണം ഒരു സമരവുമായി ബന്ധപ്പെട്ടതാണ്. അതായത് Dr.രാമകൃഷ്ണൻ തന്റെ ഹോസ്പിറ്റലിലെ മലിനജലം പുറത്തേയ്ക്ക് വിടുകയും നാട്ടുകാർ പ്രതിഷേധ സമരവുമായി മുന്നോട്ടു പോവുകയും ചെയ്തപ്പോൾ ഞാനും അതിന്റെ കൂടെ കൂടി. മലിനജലം വിടുന്ന ഭാഗത്തെ ഒരു അധ്യാപകൻ സമരത്തിൽ നിന്നു പിന്തിരിഞ്ഞപ്പോൾ ആളുകളെല്ലാം കൂടി ആ സ്ഥലം ഗോപാലൻ മാഷ് വാങ്ങിയിട്ടുണ്ടെന്നു പറഞ്ഞു പരത്തി.അതിൽ ഞാനിടപെട്ടു. ഞാൻ വാങ്ങിയിട്ടൊന്നുമില്ലായിരുന്നു. സമരത്തിൽ സജീവമായത് സ്ഥലം വാങ്ങിയതു കൊണ്ടാണെന്നാണവർ പറഞ്ഞത്. എനിക്ക് സമരത്തിൽ കൂടാൻ സ്ഥലം വാങ്ങേണ്ട കാര്യമൊന്നുമില്ല. എന്നാൽ പണമുണ്ടായിരുന്നെങ്കിൽ സ്ഥലം വാങ്ങുമായിരുന്നു. അപ്പോൾ നാട്ടുകാർ പറഞ്ഞു. മാഷ് കാശ് തരണ്ട. സ്ഥലം മാഷ്ടെ പേരിലേക്ക് മാറ്റാം. അങ്ങനെ സ്ഥലം ആധാരം എഴുതിക്കഴിഞ്ഞപ്പോൾ പണം കടം വാങ്ങി ബാധ്യതയെല്ലാം തീർത്ത് വീടും പണി കഴിപ്പിച്ച് താമസമായി.
ഔദ്യോഗിക ജീവിതത്തെ കുറിച്ചല്പം….
ഇതിനടുത്ത സ്ഥലമായ കക്കാട്ടിരിയിൽ എട്ടൊമ്പത് വർഷം പ്രൈമറി അധ്യാപകനായി ജോലി ചെയ്ത ശേഷമാണു ഞാൻ. 1989 ൽ വട്ടേനാട് സ്കൂളിൽ പ്രൈമറി അധ്യാപകനായി ചേർന്നത്. പിന്നെ ഇവിടെ തന്നെ ഹൈസ്കൂളിലേയ്ക്ക് മാറുകയും ചെയ്തു. ഹയർ സെക്കന്ററിയിലേയ്ക്കായപ്പോൾ കടമ്പൂര് സ്കൂളിലേക്കു പോയി അതിൽ പിന്നെ ചാത്തന്നൂർ സ്കൂളിലേയ്ക്കു മാറി അവിടെ നിന്നാണ് റിട്ടയർമെന്റ്.
റിട്ടയർമെന്റിനോടനുബന്ധിച്ച് വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും പ്രകൃതി ഭക്ഷണംനൽകിയതായി കേട്ടിട്ടുണ്ട്. അതൊന്നു വിവരിക്കാമോ.
നാഷണൽ സർവ്വീസ് സ്കീമിന്റെ പ്രോഗ്രാം ഓഫീസർ എന്ന നിലയ്ക്ക് കുട്ടികളോട് ഞാൻ നല്ല ഭക്ഷണത്തെ കുറിച്ച് സംസാരിക്കാറുണ്ട്. എന്നാൽ എന്നെസ്സസ് ക്യാമ്പുകളിൽ കുട്ടികൾക്ക് അവർക്കിഷ്ടപ്പെട്ട ഭക്ഷണമാണ് വിളമ്പാറുള്ളത്. അതിൽ ചിക്കൻ , മീൻ, ചോറ്, കറികൾ അങ്ങനെ എല്ലാമുണ്ടാകും. പക്ഷെ ഞാനിതൊന്നും കഴിക്കാറില്ല.
അതിലൊരു മിടുക്കൻ ഒരിക്കൽ ചോദിച്ചു. “മാഷ് കഴിക്കാത്തതെന്തിനാ ഞങ്ങൾക്കു തരുന്നത്? ഞങ്ങൾക്കും മാഷ് കഴിക്കുന്ന നല്ല ഭക്ഷണം തന്നൂടെ? മാഷ് നല്ല ഭക്ഷണം കഴിക്കുക. ഞങ്ങൾക്ക്
മോശം ഭക്ഷണം തരിക അത് ശരിയല്ലല്ലോ.” അപ്പോൾ ഞാൻ പറഞ്ഞു “നിങ്ങൾക്ക് നല്ല ഭക്ഷണം ഇഷ്ടമാകില്ല. അതുകൊണ്ടാണ് തരാത്തത്. നിങ്ങൾക്ക് കഴിക്കണമെങ്കിൽ തരാം.”
അപ്പോൾ അയാൾ പറഞ്ഞു.”ഞങ്ങൾക്ക് ഇഷ്ടമല്ലാത്തതല്ല , ഞങ്ങളെ ഇഷ്ടപ്പെടുത്തിയത് ഇങ്ങനെയാണ്. മാഷ് നല്ല ഭക്ഷണമുണ്ടാക്കിയിട്ട്
ഒറ്റയ്ക്ക് കഴിക്കുന്നത് ശരിയല്ല.”
അത് ശരിയാണല്ലോ എന്നെനിക്കു തോന്നി അങ്ങനെ പിന്നത്തെ പ്രാവശ്യം മുതൽ ക്യാമ്പുകളിൽ ഞാൻ എനിക്കിഷ്ടപ്പെട്ട ഭക്ഷണങ്ങൾ ഉണ്ടാക്കാൻ തുടങ്ങി.അത് ചിലർക്കൊന്നും പിടിക്കില്ല. അപ്പോൾ അവർ അതിനെ എതിർക്കും. അവരോടതു കഴിച്ചു നോക്കാനാവശ്യപ്പെടും.
എന്നിട്ട് തീരെ ശരിയാകുന്നില്ലെങ്കിൽ നമുക്ക് പഴയതു തന്നെ ആവർത്തിക്കാം. ഇതാണ് ശരിയായ ഭക്ഷണം. ഇത് ശീലിക്കണം എന്നൊക്കെ പറഞ്ഞ് അവരെ കഴിപ്പിച്ചു.
അങ്ങനെ അവർ അതെല്ലാം കഴിക്കാൻ ശീലിച്ചു. അവർക്കത് ഇഷ്ടാമാവാൻ തുടങ്ങി. അങ്ങനെയിരിക്കെയാണ് എന്റെ റിട്ടയർമെന്റ് ആഗതമായത്. കുട്ടികൾക്കെല്ലാവർക്കും ഒരു ഭക്ഷണം കൊടുക്കാൻ ഞാൻ തീരുമാനിച്ചു. അതുവരെ ഹയർ സെക്കന്ററിയിലെ എന്നെസ്സെസ് കുട്ടികൾക്കു മാത്രമേ ഈ ആരോഗ്യ ഭക്ഷണം കൊടുക്കുമായിരുന്നുള്ളൂ.
ഹയർ സെക്കന്ററിയിൽ തന്നെ മുന്നൂറോളം കുട്ടികളുണ്ട്. പിന്നെ ഹൈസ്കൂളിൽ അത്യാവശ്യം രണ്ടായിരത്തിൽ ചില്ലാനം കുട്ടികളും. അവരൊന്നും ഈ ഓയിൽ ഫ്രീ ഭക്ഷണം പരിചയപ്പെട്ടിട്ടില്ല. അപ്പോൾ എനിക്കു തോന്നി , സദ്യ കൊടുത്താൽ കുഴപ്പമില്ല. എല്ലാവർക്കും ഇഷ്ടമാവും. ഇതും ഒന്ന് പരിചയപ്പെടുത്തണമല്ലോ. ഇഷ്ടമാവുന്ന രീതിയിൽ കൊടുക്കണം. അങ്ങനെ ഞാൻ രാധാകൃഷ്ണൻ ഡോക്ടറെ വിളിച്ചു.
രാധാകൃഷ്ണൻ ഡോക്ടർ പറഞ്ഞു,” അതൊക്കെ വല്യേ ചെലവാവും മാഷേ മുവ്വായിരം പേർക്ക് ഭക്ഷണമുണ്ടാക്കുക. അതും ഈ ഭക്ഷണം. മറ്റേ ഭക്ഷണമാകുമ്പോൾ സാമ്പാറുമൊക്കെയായി മുളകും മറ്റും കലക്കി ചെലവു കുറച്ചുണ്ടാക്കിയാൽ മതിയാകും. നമുക്കിത് ഉണ്ടാക്കാൻ ധാരാളം തേങ്ങ വേണം, പച്ചക്കറികളും കൂടുതൽ ഉപയോഗിക്കണം. ധാരാളം പണിക്കാരും വേണ്ടി വരും. അതൊക്കെ ബുദ്ധിമുട്ടാണ്..”
ഞാൻ പറഞ്ഞു,”അതിൽ കാര്യമില്ല. നമ്മളിത് നല്ല ഭക്ഷണം പ്രചരിപ്പിക്കാനെടുക്കുന്ന ഒരു എഫർട്ടാണ്. തന്നെയുമല്ല നല്ലതാവണമല്ലോ കൊടുക്കേണ്ടത്. ഡോക്ടർ പറഞ്ഞു, “കൊടുക്കാൻ വിരോധമൊന്നുമില്ല. കാശ് കുറേ പൊടിയും.”
“അതു സാരമില്ല. ഞാൻ കുറേ കാശ് സർക്കാറിന്റെ വാങ്ങിയിട്ടുണ്ട്. അപ്പോൾ ഇതിനു വരുന്ന കാശ് ഞാനെങ്ങനേങ്കിലും ഉണ്ടാക്കിക്കോളാം. ഇതെനിക്കുണ്ടാക്കിത്തരണം”, എന്നു പറഞ്ഞു.
ഡോക്ടർ കുടുങ്ങി. തിരൂരിൽ നിന്നും മുവ്വായിരം പേർക്ക് ഭക്ഷണമുണ്ടാക്കാൻ ആൾക്കാരെ കൊണ്ടുവരിക എന്നത് നടക്കുന്ന കാര്യമല്ല. ആശുപത്രി അവിടെ സ്തംഭിക്കാൻ പാടില്ലല്ലോ.. പിന്നെ എന്തു ചെയ്യണമെന്ന ചിന്തയായി. അങ്ങനെ നെന്മാറയിൽ നിന്നും മറ്റൊരു രാധാകൃഷ്ണൻ സാധാരണ ദേഹണ്ണമൊക്കെയായി നടക്കുന്ന ആളാണ്. പക്ഷെ പ്രകൃതി ഭക്ഷണം പരിചയമുണ്ട്. അയാളെ പരിചയപ്പെടുത്തിത്തന്നു.
അങ്ങനെ ഞാൻ അയാളെ വിളിച്ചു. അയാളും പറഞ്ഞു,” സാധാ ഭക്ഷണം ഉണ്ടാക്കിയാൽ പോരേ, അതല്ലേ എല്ലാവർക്കും ഇഷ്ടമാവുക?”
അപ്പോൾ ഞാൻ പറഞ്ഞു, “എല്ലാവർക്കും ഇഷ്ടമാവുന്ന തരത്തിൽ നല്ല ഭക്ഷണം ഉണ്ടാക്കണം. എണ്ണയും ചുവന്ന മൊളകും ഒന്നുമില്ലാതെ നല്ല ഭക്ഷണം ഉണ്ടാക്കിത്തരണം.”
അതിൽ പായസവും ഉണ്ടായി. സാധാരണ തിരൂരിൽനിന്നുള്ള പ്രകൃതി ഭക്ഷണത്തിൽ പായസം കിട്ടില്ല. കുട്ടികൾക്ക് പായസം കൊടുക്കണം. അത് മത്തങ്ങപ്പായസമായിരുന്നു. അപ്പോൾ ഡോക്ടർ പറഞ്ഞു പായസം ചോറിന്റെ കൂടെ വിളമ്പില്ല. പായസം വേണമെങ്കിൽ അത് ആദ്യം തരും, ഒന്നോ രണ്ടോ മണിക്കുർ കൊണ്ട് അത് ദഹിക്കും അതിനു ശേഷമേ ഭക്ഷണം കൊടുക്കൂ.” അങ്ങനെ വെൽക്കം ഡ്രിങ്ക് പോലെ പായസം കൊടുക്കാമെന്നു തീരുമാനമായി. അതിനു ശേഷം കുറച്ചുനേരം വർത്തമാനമൊക്കെ പറഞ്ഞിരുന്നിട്ട് ഉച്ചയ്ക്ക് ചോറുണ്ണാം.”
ഞാൻ പറഞ്ഞു,
“അങ്ങനെ മതി”.
അങ്ങനെ എല്ലാവരും ആ ഭക്ഷണം സ്വാദോടെ കഴിച്ചു. എല്ലാവർക്കും വളരെ ഇഷ്ടമായി. പക്ഷെ അരി മാത്രം ഇഷ്ടമായില്ല.. ചുവന്ന തവിടധികം കളയാത്ത അരി, കുട്ടികൾക്കത് ശീലമില്ലല്ലോ. അത് ‘മൊരുമൊരുപ്പാ’ണെന്നാണവർ പറഞ്ഞത്. പക്ഷെ ബാക്കിയെല്ലാ കറികളും പായസവും അവർക്കിഷ്ടമായി. പായസം ഞങ്ങളാദ്യം ക്ലാസിൽ കൊണ്ടുപോയി കൊടുത്തു. അതിനു ശേഷം കുറേ നേരം കളിയും ചിരിയുമായി കഴിഞ്ഞു കൂടി. പിന്നീടാണ് ഊണ് കൊടുത്തത്. ചിലർ സദ്യയുടെ കൂടെ തന്നെ പായസം വേണമെന്നു ശഠിച്ചു. അതും സമ്മതിച്ചു കൊടുത്തു. കുട്ടികൾ വളരെ ആവേശത്തോടെ നല്ല ഭക്ഷണം കഴിച്ചു. ഇന്നും പല കുട്ടികളും കാണുമ്പോൾ ചാത്തനൂർ സ്കൂളിൽ വച്ച് കഴിച്ച അന്നത്തെ പ്രകൃതി ഭക്ഷണത്തെ കുറിച്ച് പറയാറുണ്ട്. അത് വലിയൊരു അംഗീ കാരമായി ഞാൻ കരുതുന്നു.
അതുപോലെ തന്നെ മകന്റെ കല്യാണത്തിനും .. അന്നും ആളുകൾ പറഞ്ഞു, “കല്യാണത്തിനു വിളിച്ചിട്ട് ഇങ്ങനത്തെ ഭക്ഷണം കൊടുത്താലൊന്നും ശരിയാവില്ല!
പക്ഷെ ഈ ഭക്ഷണം പരിചയപ്പെടുത്തണമല്ലോ. അങ്ങനെ മൂന്നു തരം ഭക്ഷണമാണ് അന്നേ ദിവസം ഒരുക്കിയത്. നോൺവെജ്, വെജ് , മറ്റൊന്ന് ഡോക്ടർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രകൃതി ഭക്ഷണം. അങ്ങനെ മൂന്ന് കൗണ്ടറുകൾ. അതിൽ ഏറ്റവും തിരക്കുണ്ടായത് ഓയിൽ ഫ്രീ ഫുഡ് കഴിക്കാനാണ്. കഴിക്കാൻ വന്നവർ പറഞ്ഞത് ഞങ്ങൾക്ക് വെജും നോൺ വെജുമൊക്കെ എല്ലാ കല്യാണത്തിനും കിട്ടും. പക്ഷെ ഈയൊരു കൗണ്ടറിലുള്ളത് ഞങ്ങളിതുവരെ രുചിച്ചിട്ടില്ല. അതുകൊണ്ട് അതു കഴിക്കണം എന്നാണ്. ഞാനൊരു എഴുനൂറ്റമ്പത് പേർക്കാണ് ഫുഡ് പറഞ്ഞത്. പക്ഷെ വന്നവരെല്ലാവരും കുറേശെയൊക്കെയായിട്ട് അത് രുചിച്ചു. ഏകദേശം മുവ്വായിരത്തോളം പേരാണ് അന്ന് കല്യാണത്തിനുണ്ടായിരുന്നത്. എല്ലാവർക്കുമത് കിട്ടുകയില്ലല്ലോ. എഴുനൂറ്റമ്പത് പേർക്കുണ്ടാക്കിയതല്ലേ. എല്ലാവരും അത് ആവേശത്തോടെ സ്വീകരിക്കുകയുണ്ടായി.
കലവറയിൽ എന്തെല്ലാം പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നു വരുന്നത് ?
ഇപ്പോൾ കലവറയിൽ നാടകങ്ങൾ, നൃത്തം, സംഗീതം, ചിത്രംവര,ജൈവകൃഷി എന്നിവയാണ് സജീവമായി നടക്കുന്നത്. പിന്നെ അമ്മമാരുടെ തിരുവാതിരക്കളി സജീവമായി നടക്കുന്നുണ്ട്. അത്യാവശ്യം പല സ്ഥലങ്ങളിലും പോയി കളിക്കുന്നുമുണ്ട്.
പിന്നെ മായമില്ലാത്ത ഭക്ഷണം – പ്രകൃതി ഭക്ഷണം എന്നു തീർത്തും പറയാൻ വയ്യ -നല്ല സാധനങ്ങൾ മാത്രം ഉപയോഗിച്ച്, അതായത് ഓണസദ്യയൊക്കെ ഉണ്ടാക്കുമ്പോൾ വെളിച്ചെണ്ണയൊക്കെ ഉപയോഗിക്കും. പക്ഷെ അത് അളവ് കുറയ്ക്കുകയും. ശുദ്ധമായ വെളിചെണ്ണ മാത്രം ഉപയോഗിക്കുകയും ശുദ്ധമായ മുളക്പൊടി ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കുകയും ചെയ്യുന്നു.
ആവശ്യക്കാർക്ക് ഓർഡർ അനുരിച്ച് ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. ജനങ്ങളുടെ ആവശ്യമനുസരിച്ച് ഓർഡർ അനുസരിച്ച് കുറച്ചുപേർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാറുണ്ട്.നല്ലഭക്ഷണത്തിന് എപ്പോഴും ഡിമാന്റുണ്ട്. അതുകൊണ്ട് ഉണ്ടാക്കിയതൊട്ടും തെകയാറില്ല.
,കലവറ തുടങ്ങുന്നത് മാഷ്ക്ക് പെൻഷൻ പറ്റി കിട്ടിയ കാശ് കൊണ്ടാണെന്നു കേട്ടിട്ടുണ്ട്. സത്യമാണോ? ഇങ്ങനെയൊരു സംരംഭം ലാഭമായിരിക്കില്ലല്ലോ, പിന്നെ എന്താണിങ്ങനെയൊന്നു തുടങ്ങാനുള്ള പ്രചോദനം?
പെൻഷൻ കാശാണിതിൻ്റെ മൂലധനം.
കാശ് ബാങ്കിലിട്ടിട്ട് വല്യ കാര്യമുണ്ടെന്നൊന്നും തോന്നിയില്ല. അതിനു മുമ്പീ സ്ഥലം വാങ്ങിയിട്ടുണ്ടായിരുന്നു. അനിയത്തിക്കു വീടുവയ്ക്കാൻ വേണ്ടി വാങ്ങിയതായിരുന്നു. അവൾ ഇവിടെ വീടുവയ്ക്കുന്നില്ല എന്നറിഞ്ഞപ്പോൾ ഇവിടെ കൃഷിയൊക്കെയായിട്ടങ്ങനെ കൂടുകയായിരുന്നു. പച്ചക്കറി, വാഴ, കൊള്ളി, കവുങ്ങ്, തെങ്ങ്….ഒക്കെ ഉണ്ടായിരുന്നു.
വിടിയുടെ കൃതികൾ,കമ്യൂൺ സങ്കല്പങ്ങൾ … അതെല്ലാം വായിച്ചറിഞ്ഞപ്പോഴുണ്ടായ ഒരാവേശത്തിൽ അതുപോലെ എല്ലാവർക്കും കൂടി ഒന്നിച്ച് എന്തെങ്കിലുമൊക്കെ ചെയ്യണം എന്നുള്ള ഒരു മോഹം ഉണ്ടായിരുന്നു .വീടു തന്നെ അങ്ങനെ ചെയ്താലോ എന്നാലോചിച്ചു. അതൊന്നും നടന്നില്ല. പിന്നീട് പെൻഷനായപ്പോഴാണ് ഇങ്ങനെയൊന്നു തുടങ്ങാം എന്നുള്ള ധൈര്യമായത്.അങ്ങനെ ഇതു യാഥാർത്ഥ്യമായി.
കലവറ ഒരു ട്രസ്റ്റായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കലവറ ചാരിറ്റബിൾ ട്രസ്റ്റ്. ട്രസ്റ്റിലുള്ളതായി രജിസ്റ്റർ ചെയ്തിരിക്കുന്നത് മൂന്നു പേരാണ്. നാടകപ്രവർത്തകനായ അരുൺലാൽ, കൂറ്റനാട്ടെ എല്ലാ നല്ല കാര്യങ്ങൾക്കും ഒപ്പം നിൽക്കുന്ന ഷാജി , പിന്നെ ഞാനും. കൂടാതെ ഒമ്പതംഗ ഭരണ സമിതിയും 35 അംഗങ്ങളുള്ള പ്രവർത്തക സമിതിയുമുണ്ട്. ഈ ഭരണസമിതിയും പ്രവർത്തകസമിതിയും കൂട്ടായി ഇരുന്ന് പ്ലാൻ ചെയ്തുണ്ടാക്കിയതാണ് ഇവിടെ നടക്കുന്ന പ്രവർത്തനങ്ങളെല്ലാം.
കലവറ എന്ന പേര്,
പേരുകൊണ്ടു തന്നെ തിരിച്ചറിയണം എന്ന ആഗ്രഹത്തോടെ കണ്ടെത്തിയതാണ്.നാടക സാധനങ്ങൾ, കാർഷിക ഉല്പന്നങ്ങൾ, പുസ്തകങ്ങൾ എന്നിവയെല്ലാം ശേഖരിക്കാനും സൂക്ഷിക്കാനുമുള്ള ഒരിടം. അതിന്
ഭാഷാപരമായി മലയാളത്തനിമയുള്ള
അറ എന്ന പേര് സ്വീകാര്യമായി തോന്നി. . അങ്ങനെ കൃഷിയും സംസ്കാരവും എല്ലാം സമ്മേളിക്കുന്ന കലയും അറയും ചേർന്ന് . കലവറയുണ്ടായി
കലവറ നിലവിൽ വന്നിട്ട് അഞ്ചാമത്തെ വർഷമാണിത്.പരമാവധി പ്രാദേശിക ഭാഷയെ, സാഹിത്യത്തെ കുട്ടികൾക്കിടയിലും മുതിർന്നവർക്കിടയിലും ഗൗരവത്തോടെ സമീപിക്കാനുള്ള അവസരങ്ങളൊരുക്കുക -അതാണ് കലവറയുടെ ഉദ്ദേശ്യം.
ഏതു വിഷയമാണ് മാഷ് കൈകാര്യം ചെയ്തിരുന്നത്? മലയാളം അധ്യാപകനായിരുന്നോ?
ഞാനൊരു ഹിന്ദി അധ്യാപകനായിരുന്നു.
ഹിന്ദി പിജി, ബിഎഡ്, സെറ്റ് എന്നിവയെല്ലാം സ്വായത്തമാക്കിയതിനു ശേഷം പ്ലസ്ടു അധ്യാപകനായി.
അധ്യാപനം തുടങ്ങി വച്ചത് അപ്പർ പ്രൈമറി യിലാണ്. പിന്നീട് ഹൈസ്കൂളിലേക്കും. അതിനു ശേഷം പ്ലസ്ടുവിലേക്കും.
ഹിന്ദിമാഷായിരുന്നെങ്കിലും ഭാഷാപരമായി മലയാളത്തോട് കൂടുതൽ അടുപ്പമുണ്ടായിരുന്നു – കഥയായിട്ടും കവിതയായിട്ടും മലയാളം എന്നിൽ വളർന്നു.
കലവറയിൽ തുടക്കത്തിലൊക്ക അതായത് കോവിഡിനു മുമ്പ് വരെ നാടകങ്ങൾ, ക്യാമ്പുകൾ, കവിയരങ്ങുകൾ, കഥയരങ്ങുകൾ എന്നിവയെല്ലാം ഉഷാറായി നടക്കാറുണ്ടായിരുന്നു. പിന്നീട് ആ ആവേശം നിലനിർത്താനായിട്ടില്ല. എന്തെങ്കിലും പ്ലാൻ ചെയ്താലും നിർവ്വഹണ രംഗത്ത് ഒരു ഉത്സാഹക്കുറവ് ഉണ്ടാകാറുണ്ട്. സാമ്പത്തികവും പ്രശ്നമാണ്.
എങ്കിലും വളരെ അനൗപചാരികമായി ചില കവിയരങ്ങുകൾ കഥയരങ്ങുകൾ എന്നിവ നടക്കാറുണ്ട്.ചിലർ ഇവിടെ ഇരുന്നുകൊണ്ടെഴുതുവാൻ താല്പര്യം പ്രകടിപ്പിക്കുന്നവരാണ്.
ഹിന്ദി അധ്യാപകനായ താങ്കൾ ഹിന്ദിയെ രാഷ്ട്ര ഭാഷയാക്കുന്നതിനോട് യോജിക്കുന്നുണ്ടോ?
ഹിന്ദി അടിച്ചേല്പിക്കുക എന്നതിനോട് യോജിപ്പൊന്നുമില്ല. ഹിന്ദി എന്നത് ഡൽഹിയിലും പ്രാന്തപ്രദേശങ്ങളിലും സംസാരിച്ചിരുന്ന ഖഡിബോലി സംസ്കരിച്ചെടുത്ത ഭാഷയാണ്.
ഉറുദുവിൽ നിന്നൊക്കെ കടമെടുത്ത ഒരു ഭാഷ.അധികാരിവർഗം പ്രചരിപ്പിക്കുന്ന പോലെയൊന്നുമല്ല കാര്യങ്ങൾ.
രാജ്യമൊട്ടാകെ ഉത്തരേന്ത്യൻ ആധിപത്യം സ്ഥാപിക്കാൻ വേണ്ടി ഹിന്ദിയെ ഉപയോഗിക്കുന്നു എന്നതാണു വാസ്തവം.
ഞാൻ കേരളത്തിലെ പ്രൈമറി തലം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള ഹിന്ദി പാഠപുസ്തക നിർമ്മാണവുമായി ബന്ധപ്പെട്ട് കുറേ കാലം പ്രവർത്തിച്ചിട്ടുള്ള ഒരാളാണ്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാഷാ സമന്വയ വേദിയുടെ 2022 ലെ ഹിന്ദി സേവി സമ്മാൻ എനിക്കായിരുന്നു ലഭിച്ചത്. അതുകൊണ്ടു തന്നെ ഹിന്ദി ഭാഷയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ഞാൻ കുറേ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴും ഹിന്ദി ഭാഷ പ്രചരിപ്പിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ.
പക്ഷെ ഇന്ത്യയുടെയൊരു ഫെഡറലിസത്തെ അംഗീകരിക്കാതെ വരുന്നതിലാണ് അഭിപ്രായഭിന്നതയുള്ളത്.ഒരു രാഷ്ട്രം,
ഒരു രാഷ്ട്രഭാഷ ,
ഒരു രാഷ്ട്ര പുഷ്പം എന്നിങ്ങനെയുള്ള ചിന്തകൾ ഇന്ത്യ എന്ന വൈവിധ്യത്തെ നിരാകരിക്കുമോ എന്നുള്ളതിലാണ് സംശയം.
ഇന്ത്യക്ക് അംബേദ്കറെ പോലുള്ളവരുടെ ശ്രമഫലമായി രൂപപ്പെട്ടു വന്ന ബൃഹത്തായൊരു ഭരണഘടനയുണ്ട്.
ഇന്ത്യയുടെ അടിസ്ഥാനം കുറച്ചു കൂടി ബലവത്താണ്.
ഭരണവർഗങ്ങളെ ഇന്ന് ചില പ്രത്യേക താല്പര്യങ്ങളോടെ കുത്തകകൾ രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്.ഇതിനൊന്നും
പൂർണമായ വിജയം ഉണ്ടാകാൻ പോകുന്നില്ല.
അതായത് ജനങ്ങളുടെയുള്ളിൽ ഒരു നന്മയുണ്ട്.അത് സ്വാതന്ത്ര്യ സമരകാലം രൂപപ്പെടുത്തിയ ഇന്ത്യ എന്ന വികാരമാണ്.
ഭരണവർഗം, മീഡിയ, ജുഡീഷ്യറി, കോർപ്പറേറ്റുകൾ ഇവർ തമ്മിലൊരു സഹകരണമുണ്ട്. വൻകിട കുത്തകകൾ പണ്ടും ഭരണ വർഗങ്ങളെ സ്വാധീനിച്ചിരുന്നു.അന്ന് ഭരണത്തിലിരിക്കുന്നവർക്ക് വിധേയപ്പെട്ടിരുന്നവരായിരുന്നു അവരെങ്കിൽ ഇന്ന് നേരെ മറിച്ചാണ്.ഇതിനൊരു മാറ്റം വരണമെങ്കിൽ ഗാന്ധിജിയും അംബേദ്കറുമെല്ലാം പുനർജനിക്കേണ്ടതുണ്ട്.
ടാഗോറിൻ്റെ ഗീതാഞ്ജലിയിൽ നിർഭയത്വത്തെ പറ്റി പറയുന്നതിങ്ങനെയാണ്.
‘എവിടെ നിർഭയമാകുന്നു മാനസം. അവിടെ നില്ക്കുന്നു ശീർഷം സമുന്നതം.’
ദേശാഭിമാനം സങ്കുചിതമാണെന്നും വിശ്വമാനവികതയാണു വേണ്ടതെന്നും പറയാറുണ്ട്. ഗാന്ധിജിയുടെ ദേശീയത ബ്രിട്ടീഷ് ആധിപത്യത്തെ ചെറുക്കുക എന്ന ലക്ഷ്യത്തിൽ നിന്നുണ്ടായതാണ്. ഗാന്ധിജി സാർവദേശീയതയ്ക്ക് എതിരൊന്നുമായിരുന്നില്ലെങ്കിലും രാഷ്ട്രീയ ഇന്ത്യയെ കെട്ടിപ്പടുക്കുക എന്ന ഭഗീരഥ പ്രയത്നത്തിലായിരുന്നു അദ്ദേഹം. അത് ദേശീയത കൊണ്ടേ സാധിക്കുമായിരുന്നുള്ളൂ. ബഹുസ്വരതയുടെ ഇന്ത്യയ്ക്ക് കൂടുതൽ നല്ലത് സാർവ്വദേശീയത തന്നെയാണ്.
അവിടെ എല്ലാ ഭാഷകൾക്കും തുല്യ പ്രാധാന്യമാണുണ്ടാവുക.
കുട്ടികൾ മതനിരപേക്ഷതയിലാണ്.ജെൻ്റർ ഇക്വാലിറ്റിയിലാണവർ വളർന്നു വരുന്നത് എന്നാൽ സമൂഹം അവരെ പഴയ ജീവിതത്തിലേയ്ക്ക് തളച്ചിടുന്നു. ശരിയല്ലേ?
ജെൻ്റർ ഇക്വാലിറ്റി പുരുഷ കേന്ദ്രീകൃത സമൂഹം അനുവദിക്കുന്നില്ല. വളർന്നു വരുന്ന കുട്ടികൾക്ക് ധാരാളം അനുഭവങ്ങൾ വിദ്യാഭ്യാസത്തിലൂടെ സ്വായത്തമാക്കാനാവുന്നുണ്ടെങ്കിലും അതൊന്നും ജീവിതത്തിൽ പ്രതിഫലിക്കുന്നില്ല. ഇന്ന് സ്കൂളുകളിലായാലും കോളേജുകളിലായാലും ആൺകുട്ടികളേക്കാൾ എന്തുകൊണ്ടും മികച്ച പെൺകുട്ടികളാണുള്ളത്. ഉദാഹരണത്തിന് ഇവിടെ നാടകത്തിലുള്ള പെൺകുട്ടികൾ ഏതു കാര്യത്തിനും ചാടിത്തുള്ളി വരുന്നവരാണ്.അതേ സമയം ആൺകുട്ടികൾ ഒതുങ്ങിക്കൂടാനാണു ശ്രമിക്കുക.എന്നാൽ പണ്ട് അതായിരുന്നില്ല അവസ്ഥ. നാടകത്തിൽ അഭിനയിക്കാനൊന്നും പെൺകുട്ടികളെ കിട്ടുമായിരുന്നില്ല. മിക്കവാറും ആണുങ്ങൾ പെൺവേഷം കെട്ടിയാണ് ആ കുറവ് നികത്തിയിരുന്നത്.
ഇന്ന് നല്ല കഴിവുള്ളൊരാൺകുട്ടിയെ കിട്ടുവാനാണ് പ്രയാസം.
ഇതൊക്കെയാണെങ്കിലും പെൺകുട്ടികൾ വിവാഹം കഴിയുന്നതോടെ അവരിൽ നിന്നുണർന്നു വന്ന സർഗാത്മകതയേയും സ്വപ്നങ്ങളേയുമെല്ലാം ഉപേക്ഷിച്ച് അടുക്കളയും വീടും വീട്ടാവശ്യങ്ങളുമായി ഒതുങ്ങിക്കൂടുന്നു. അല്ലെങ്കിൽ
സമൂഹം അവരെ അങ്ങനെയാക്കി മാറ്റുന്നു. പെൺകുട്ടികൾ യാതൊരു കഴിവുമില്ലാത്തവരായി ആരോപിക്കപ്പെടുകയും തളച്ചിടപ്പെടുകയും ചെയ്യുന്നു.
കലവറയിൽ കഴിഞ്ഞ രണ്ടു മൂന്നു വർഷമായി വ്യത്യസ്ത നിലയിൽ ശ്രദ്ധ നേടിയ വ്യക്തികളെ കണ്ടെത്തി ആദരിക്കുന്ന ഒരു സംരംഭം ഏറ്റെടുത്തിട്ടുണ്ട്.ഒരു പ്രാദേശിക അവാർഡ്. എന്നു പറഞ്ഞാൽ 5000 രൂപയും ഒരു ഷീൽഡും. അത്രയേ ഉള്ളൂ.
ആദ്യ വർഷം ജൈവകർഷകനായ ഒരു യുവാവിനെയാണ് തിരഞ്ഞെടുത്തത്.
രണ്ടാമത്തെ വർഷം ഒരു കൂട്ടായ്മയ്ക്ക്…. പൂകൃഷിയും പച്ചക്കറികൃഷിയുമൊക്കെ ചെയ്ത് അതിൻ്റെ ലാഭം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്ന ഒരു യുവജന സംഘം.
മൂന്നാം വർഷം ഒരു സ്ത്രീയ്ക്കു കൊടുക്കാമെന്നു തീരുമാനിച്ചു. അങ്ങനെയൊരു സ്ത്രീയെ കണ്ടെത്താനുള്ള അന്വേഷണം ആദ്യമൊന്നും ലക്ഷ്യം കണ്ടില്ല.
. പലരേയും നിരീക്ഷിച്ചു. അധ്യാപകർ, നഴ്സസ്… ശരിയായി പ്രവർത്തിക്കുന്ന ആളു തന്നെ വേണമല്ലോ. അവസാനം ഒരാളെ കണ്ടെത്തി. ഒരു വളണ്ടിയറാണ്. അവർ ഒരു മാസം 1000 ത്തിൽ ചില്വാനം രൂപയോളം വിലവരുന്ന സാധനങ്ങളും മരുന്നുകളും ഡൊണേറ്റ് ചെയ്യുന്നു. ഒരു കോളനിക്ക് ആവശ്യമായ അത്യാവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നു. പാലിയേറ്റീവ് കെയറിലുള്ള രോഗികൾക്കു ഭക്ഷണം, മരുന്ന് എന്നിവ എത്തിക്കുന്നു. അതുപോലെ വിധവാ പെൻഷൻ, വാർദ്ധക്യകാല പെൻഷൻ, ഇതെല്ലാം ശരിയാക്കിക്കൊടുക്കുന്നു. യഥാർത്ഥത്തിൽ അവർ ഒരു ഷോപ്പിങ് മാളിലെ വളരെ തുച്ഛമായ ശബളത്തിനു പണിയെടുക്കുന്ന ജീവനക്കാരിയാണ് .
സ്ത്രീകളിൽ നിന്ന് അർഹയായ ഒരാളെ കണ്ടെത്തണമെന്നു വിചാരിച്ച് കുറേയധികം അന്വേഷിച്ചപ്പോഴാണ് ഇവരെ കണ്ടെത്താനായത്.
സ്ത്രീകൾക്ക് ഇത്തരത്തിൽ പ്രവർത്തിക്കാൻ അവസരമില്ല.സമൂഹം അതിനനുവദിക്കുന്നില്ല.
സ്ത്രീകളെ അടുക്കളയിൽ തളച്ചിടുന്ന സ്വഭാവരീതിയാണ് സമൂഹത്തിൻ്റേത്. അറിയാതെ പോലും കുടുംബത്തിൻ്റെ ആവശ്യങ്ങൾ അവളിൽ മാത്രം നിക്ഷിപ്തമാകുന്നു – സമഗ്രതയാണാവശ്യം. സ്ത്രീക്കും പുരുഷനും കൂട്ടായ ഉത്തരവാദിത്തങ്ങൾ കുടുംബത്തിൽ ഉണ്ടായിരിക്കണം.
കൂലിയുടെ കാര്യം തന്നെ നോക്കൂ. സ്ത്രീ തൊഴിലാളിക്ക് ചിലപ്പോൾ പുരുഷനേക്കാൾ നന്നായി പണിയെടുക്കാനുള്ള കഴിവുണ്ടായിരിക്കും. എന്നാലും കൂലി കുറവേ ലഭിക്കൂ. ഷോപ്പിങ് മാളുകളിൽ അതുകൊണ്ടു തന്നെ സ്ത്രീ തൊഴിലാളികളെയാണാവശ്യം. അവർക്കാവുമ്പോൾ കുറഞ്ഞ കൂലി കൊടുത്താൽ മതിയല്ലോ. ട്രേഡ് യൂണിയനുകളേയും ഭയപ്പെടേണ്ടതില്ല.കൂലിവർദ്ധന ചോദിക്കുകയോ സമരം ചെയ്യുകയോ ഇല്ല. ഇങ്ങനെ കുറേ സൗകര്യങ്ങളുണ്ട്.
സ്ത്രീകളുടെ സാമൂഹ്യ പ്രവർത്തനം പുരുഷന്മാരുടേതിനോളം സാർവ്വത്രികമല്ല. എന്തായിരിക്കും അതിനു കാരണം?
സ്ത്രീകളുടെ ഒരു പ്രശ്നം ഒരു male dominated സമൂഹത്തിലാണ് അവർ ഇടപെടുന്നത് എന്നുള്ളതാണ്. അത് കേരളത്തിൽ എന്നുമാത്രമല്ല ലോകവ്യാപകമായിത്തന്നെ അതാണവസ്ഥ. ആണുങ്ങളാണെല്ലാം തീരുമാനിക്കുക. സ്ത്രീകൾ അനുസരിക്കാൻ ബാധ്യസ്ഥരാണ്. അവിടെ കഴിവൊന്നും പ്രശ്നമല്ല. കഴിവുകൂടിയ പെണ്ണ് കഴിവുകുറഞ്ഞ ആണിനു വഴങ്ങി ജീവിക്കുക എന്ന സാമൂഹികാവസ്ഥയാണുള്ളത്. അതായതിപ്പോൾ രാത്രിയിൽ സ്ത്രീകൾക്ക് സഞ്ചാര സ്വാതന്ത്ര്യമില്ലല്ലോ. സാമൂഹ്യ പ്രവർത്തനത്തിനിറങ്ങുന്ന സ്ത്രീയായാലും ഉദ്യോഗസ്ഥയായ സ്ത്രീയായാലും ഇതു തന്നെയാണവസ്ഥ. ഞങ്ങൾ പാലിയേറ്റീവ് Home Care നു പോകുമ്പോൾ ഒരു female nurse നെ കൂടെ കൂട്ടാറുണ്ട്. ഈ nurseനെ രാത്രി വൈകിയ വേളയിൽ ഞങ്ങൾക്ക് അവരുടെ വീട്ടിൽ കൊണ്ടുപോയാക്കേണ്ടി വരുന്നു.
ഏതു കാര്യത്തിലായാലും സ്ത്രീയുടേതായ ഒരു തീരുമാനമെടുക്കാനോ പ്രവർത്തിക്കാനോ പറ്റുന്ന ഒരു സ്ഥിതിവിശേഷം നമ്മുടെ നാട്ടിലില്ല.
ഇപ്പോൾ കലവറയുടെ കാര്യം തന്നെയെടുത്താൽ ഭരണസമിതിയിലും പ്രവർത്തകസമിതിയിലും പകുതി സ്ത്രീ പ്രാതിനിധ്യം വേണമെന്ന് നിർബന്ധം എനിക്കുണ്ടായിരുന്നു. പക്ഷെ നമ്മൾ വിചാരിച്ച രീതിയിലല്ല കാര്യങ്ങൾ. ആകെ രണ്ട് സ്തീകളാണ് ഭരണസമിതിയിലുള്ളത്. ബാക്കി ഏഴ് പേരും ആണുങ്ങളാണ്. പ്രവർത്തകസമിതിയിലും ഭൂരിപക്ഷം ആണുങ്ങളാണ്. സ്ത്രീകൾ വരാത്തതിന്റെ ഒരു കാരണം അവർക്ക് സമൂഹത്തിലിറങ്ങി പ്രവർത്തിക്കാൻ പറ്റാത്ത സാമൂഹ്യ സാഹചര്യം നിലവിലുണ്ട് എന്നുള്ളതാണ്.ആ രീതിയിൽ അവർ മാറി നില്ക്കുന്നതിനെ കുറ്റം പറയാനൊക്കുകയുമില്ല. അവർക്കതിനു വേണ്ട സമയമില്ല എന്നും വീട്ടിലെ സാഹചര്യം അതിനു പറ്റിയതല്ല എന്നും പറഞ്ഞ് മാറിനില്ക്കുന്നതും കാരണമായെണ്ണാം. പക്ഷെ ഓർക്കേണ്ട ഒരു കാര്യം ഇതൊന്നും പുരുഷനു ബാധകമല്ല എന്നതാണ്.
ഭാഷയിലും ഈ പ്രശ്നമുണ്ട്. അതായത് പ്രൊഫസർ നാരായണമേനോൻ ഒരിക്കൽ പറയുകയുണ്ടായി , വലിയ വലിയതൊക്കെ ഭാഷയിൽ ‘മാർ’ ആണ്. പുരുഷൻ ‘മാർ.ആണ്.പക്ഷെ ജീവനില്ലാത്തതും ചെറുതും ഒക്കെ ‘കൾ’ ആണ്. സ്ത്രീകൾ ‘കൾ’ ആണ്. കല്ലുകൾ, മുള്ളുകൾ ഒക്കെ ‘കൾ’ ആയി മാറുന്നു. എന്നാൽ രാജാക്കന്മാർ, എന്നേ പറയുകയുള്ളൂ. ചക്രവർത്തിമാർ,സൂര്യചന്ദ്രന്മാർ.
പ്രൊഫസർ നാരായണ മേനോൻ നല്ലൊരു ഭാഷാ പണ്ഡിതനായിരുന്നു. അദ്ദേഹം പറയുകയുണ്ടായി , ഇങ്ങനെയൊരു പ്രശ്നം സമസ്ത മേഖലകളിലും നിലനില്ക്കുന്നുണ്ട്. അതിനെ അതിജീവിക്കുവാൻ സ്ത്രീകൾ തന്നെ വിചാരിക്കണം എന്നുള്ളതാണു പ്രശ്നം. ഒപ്പം തന്നെ പുരുഷന്മാരുടെ ഭാഗത്തു നിന്ന് അതിനു വേണ്ടിയുള്ള ഒരു സപ്പോർട്ടും ആവശ്യമാണ്. പുരുഷന്മാർ പലരും അതിന് തയ്യാറുമാണ്. സാഹചര്യങ്ങൾ ഒത്തുവരണമെന്നു മാത്രം. സ്ത്രീവാദം വേണ്ട രീതിയിൽ പ്രവർത്തന സജ്ജമല്ല എന്നതും പ്രശ്നമാണ്. ഭാവിയിൽ അതു വന്നേക്കാം എന്നാശിക്കുന്നു.
ചില നിലപാടുകൾ കലവറയിൽ എടുക്കുന്നതും അതിനാണ്. അമ്മമാരുടെ തിരുവാതിരക്കളി ആ നിലയ്ക്കാണ് തുടങ്ങി വച്ചിട്ടുള്ളത്. എന്നാലതും സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തോളം പോന്ന പ്രവർത്തനമല്ല എന്ന ബോധം ഞങ്ങളിൽ നന്നായുണ്ട്.
സ്ത്രീകളെ പ്രദർശന വസ്തുവായി ഉപയോഗിക്കുന്നു എന്നുള്ള ഒരു പ്രശ്നവും സമൂഹത്തിനുണ്ട്. ആണധികാരം സ്ത്രീകൾക്കു നല്കിയ സ്ഥാനങ്ങളാണ് ജോയിൻ സെക്രട്ടറിയും വൈസ് പ്രസിഡണ്ടുമൊക്കെ അതങ്ങനെ തുടർന്നു പോകുന്നു. ആണായാലും പെണ്ണായാലും അവരുടെയൊക്കെ ഒരു ധാരണ ഇങ്ങനൊയൊക്കെയേ നടക്കുകയുള്ളൂ എന്നുള്ളതാണ്.
പക്ഷെ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഞങ്ങളുടെ ‘നാടക്ക്’ എന്ന ഒരു സംഘമുണ്ട്. അതിന്റെ ജനറൽ സെക്രട്ടറി ശൈലജ എന്നൊരു സ്ത്രീയാണ്. അവർ നന്നായി പ്രസംഗിക്കുന്നു. കേരളം മുഴുവൻ കറങ്ങിനടന്ന് നല്ല രീതിയിൽ കാര്യങ്ങൾ സംഘടിപ്പിക്കാനും കൊണ്ടു നടക്കാനും പ്രാപ്തിയുണ്ട്.
അതുപോലെ സ്ത്രീകളുടെ കരുത്ത്, അതിനെ പ്രോത്സാഹിപ്പിക്കാൻ ഞങ്ങളുടേയൊരു നിർദ്ദേശമെന്ന രീതിയിൽ സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങേണ്ട ഒരു കാര്യമാണ്. ഇവിടെയിപ്പോൾ കരാട്ടേ ക്ലാസ് നടത്തുന്നുണ്ട്. അതിലാകെ എട്ടു കുട്ടികളാണുള്ളത് അതിൽ രണ്ടു കുട്ടികളാണ് പെൺകുട്ടികളുള്ളത്. അതുപോലെ ഇവിടെ വാർഷികത്തോടനുബന്ധിച്ചൊരു സൈക്കിൾയാത്ര സംഘടിപ്പിച്ചു.
‘വീടിയുടെ വീട്ടിൽ നിന്നും കലവറയിലേക്ക് ‘. അതിൽ സ്ത്രീകളാരും പങ്കെടുത്തില്ല. നമ്മൾ പരമാവധി സ്ത്രീകളെ പങ്കെടുപ്പിക്കാനുള്ള പ്രചരണങ്ങളും പരിപാടികളും നടത്തുന്നുണ്ട്. അവർക്കു സമയമില്ല എന്നാണു പറയുക. അവർ നാടകം കാണാൻ വരുന്നുണ്ട്. മറ്റു പരിപാടി കാണാൻ വരുന്നുണ്ട്.
ഇങ്ങനെയൊക്കെയായപ്പോഴാണ് തിരുവാതിരക്കളിയെങ്കിൽ അതെങ്കിലും നടക്കട്ടെ എന്നുള്ള രീതിയിൽ അമ്മമാരുടെ തിരുവാതിരക്കളി സംഘം തുടങ്ങിയത്. ഇവിടെ തുടക്കത്തിൽ യോഗ ക്ലാസിന് കുറച്ച് സ്ത്രീകളൊക്കെ വന്നിരുന്നു. അതിനും ഇപ്പോൾ സ്ത്രീകളുടെയൊരു പ്രാതിനിധ്യമില്ല. യോഗാ ക്ലാസ് അങ്ങനെ നിന്നു പോയി. നല്ല ഭക്ഷണത്തിന്റെ ഭാഗമായി സ്ത്രീകളുടെയൊരു കൂട്ടായ്മ ഉണ്ടായ് വന്നെങ്കിലും അതുമിപ്പോൾ നിർജീവാവസ്ഥയിലാണ്. വീട്ടിലെ സാഹചര്യങ്ങളാവാം.ലൈബ്രറിയിലും സ്ത്രീകളുടെയൊരിടപെടലാെന്നും നടക്കുന്നില്ല. പതുക്കെ ശരിയാകുമെന്നാണ് കരുതുന്നത്.
നാടകത്തിലാണ് പെൺകുട്ടികളുടെ സാന്നിദ്ധ്യമേറെയുള്ളത്. നാടകം കളിക്കാൻ മാത്രമല്ല നാടകത്തിനോടൊപ്പം സഞ്ചരിക്കുമ്പോൾ സാധാരണ സെറ്റും സാധനങ്ങളുമൊക്കെ കൊണ്ടുപോകുമ്പോൾ ആൺകുട്ടികളേക്കാൾ പെൺകുട്ടികൾക്കാണ് ഉത്സാഹം കൂടുതൽ. അതായത് സാധനങ്ങൾ ലോറിയിൽ കയറ്റാനും ഇറക്കാനും ലോറിയുടെ പിന്നിലിരുന്ന് യാത്ര ചെയ്യാനും കാഴ്ചകൾ കണ്ടാസ്വദിക്കാനും ഒക്കെ അവർക്കു കഴിയുന്നുണ്ട്.
സ്ത്രീകൾ അബലകളൊന്നുമല്ല. അവരുടെ പേടിയെ മാറ്റിവച്ച് ജീവിക്കാൻ തയ്യാറായാൽ , സ്ത്രീ ദുർബലയാണെന്ന സ്വന്തം കാഴ്ചപ്പാടിനെ തിരുത്താൻ തയ്യാറായാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. അപകടങ്ങൾ വരുന്നത് മുഖ്യമായും അവർ പേടിച്ച് പിന്മാറുന്നതു കൊണ്ടുണ്ടാവുന്നതാണ്. കേരളത്തിനു പുറത്താണെങ്കിൽ സ്ത്രീകൾ പുറത്തിറങ്ങി നടക്കുന്നുണ്ടല്ലോ. അവർക്കൊന്നും അപകടങ്ങൾ കാര്യമായിട്ടൊന്നും സംഭവിക്കുന്നില്ല. തലകുനിക്കാതിരിക്കുക.
ഇപ്പോൾ തന്നെ സിനിമാ രംഗത്തുള്ള പ്രശ്നങ്ങൾ ഉന്നയിക്കാൻ അവർ ധൈര്യം കാണിക്കുന്നുണ്ടല്ലോ. അപ്പോൾ ഏതു മേഖലയിലും പ്രവർത്തിക്കാൻ ധൈര്യപ്പെടുക എന്നുള്ളതു തന്നെയാണു പ്രധാനം. സമൂഹം പതുക്കെ പതുക്കെ അഭിവൃദ്ധി പ്രാപിക്കുന്നുണ്ട്. കലവറ അതിന് എല്ലാ വിധ പിന്തുണയും നൽകും. അതിന് എന്തെല്ലാം ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്യുകയും ചെയ്യും കലവറ ഒറ്റയ്ക്കു വിചാരിച്ചാലല്ല, കൂട്ടായി മുന്നേറാൻ ശ്രമിക്കാം.
എന്തായാലും സ്ത്രീകളിന്നും ഏതൊരു അധ:സ്ഥിത സമൂഹത്തെ പോലെയും ആദിവാസി സമൂഹത്തെ പോലെയും male dominated സമൂഹത്തിന്റെ വിവേചനങ്ങൾക്കു വിധേയമാണ്.
(തുടരും )
