Blog Post

Swaraj Today > News > രാജ്യാന്തരം > അയലത്തെ കൊടുങ്കാറ്റ് ആര്‍ക്കൊക്കെ പാഠമാകണം

അയലത്തെ കൊടുങ്കാറ്റ് ആര്‍ക്കൊക്കെ പാഠമാകണം

വിദ്യാർത്ഥി ഐക്യം സിന്ദാബാദ്. ഈ തലക്കെട്ട് വാചകം കേൾക്കാത്തവർ കേരളത്തിലുണ്ടാവില്ല. നമ്മുടെ സ്കൂളുകളിലും കേളേജുകളിലും ഇടക്കിടെ മുഴങ്ങാറുള്ള ഈ മുദ്രാവാക്യത്തിൻ്റെ അകമ്പടിയോടെ ന്യായവും അന്യായവുമായ വിവിധ ആവശ്യങ്ങളുമൊക്കെ കാലാകാലങ്ങളായി നമ്മൾ കേൾക്കുന്നു. മുദ്രാവാക്യങ്ങൾക്കപ്പുറത്ത് പ്രവർത്തന രംഗത്ത് വളരെ മാതൃകാപരമായ കാര്യങ്ങളും അതുപോലെ തന്നെ പൊതുമുതൽ നശിപ്പിക്കൽ മുതൽ സിദ്ധാർദ്ധ്മാരെ മരണത്തിലേക്ക് തള്ളിവിടുകയും അദ്ധ്യാപകരെ മർദ്ദിക്കുകയും വരെ ചെയ്യുന്ന കാട്ടാളത്തങ്ങളും നമ്മൾ കാണാറുണ്ടു്. നമ്മുടെ നാട്ടിൽ വിദ്യാർത്ഥി രാഷ്ടീയത്തിൽ നിന്ന് ഏറെ രാഷ്ട്രീയ നേതാക്കൾ വളർന്നു വന്നിട്ടുണ്ടു്. അവർ മറ്റ് രംഗങ്ങളിൽ നിന്ന് രാഷ്ട്രീയ നേതൃത്വത്തിൽ എത്തിയവരെക്കാൾ ഗുണപരമായി മെച്ചമാണെന്ന് ആരും പറഞ്ഞു കേട്ടിട്ടുമില്ല. മാത്രവുമല്ല പൊതു രാഷ്ടീയ മണ്ഡലത്തിലെ മൂല്യച്ചുതിക്കെതിരെ വിദ്യാർത്ഥി സമൂഹത്തെ ചിന്തിപ്പിക്കുന്നതിനോ പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നതിലോ നമ്മുടെ നാട്ടിലെ വിദ്യാർത്ഥി രാഷട്രീയ സംഘടനകൾ എന്തെങ്കിലും ചെയ്തതായി അറിയില്ല. തങ്ങളുടെ രാഷ്ട്രീയ യജമാനൻമാർ വിതറുന്ന ചൂടുചോർ വാരുന്ന കുട്ടി ക്കുരങ്ങൻമാരായി സ്വയം തരം താഴുകയും ഒരു തിരുത്തൽ ശക്തിയാവാനുള്ള യൗവ്വന സഹജമായ ആവേശത്തെ നിർവീര്യമാക്കുകയും ചെയ്യുന്ന റോളാണ് വിദ്യാർത്ഥി രാഷ്ട്രീയ രംഗത്ത് നമ്മുടെ നാട്ടിൽ കാണാറുള്ളത്. എന്നാൽ വിദ്യാർത്ഥി ഐക്യ മുദ്രാവാക്യം ഒരു രാജ്യത്തിലെ ഏകാധിപതിയെ നിഷ്കാസനം ചെയ്യുന്നതിലേക്കെത്തിയതാണ് ബംഗ്ളാദേശിൽ അടുത്തയിടെ നമ്മൾ കണ്ടത്. ജനാധിപത്യ സംവിധാനത്തിലൂടെ ഏകാധിപതികൾ ഏറെയുണ്ടാവുന്ന കാലമാണിത്. വിമർശനങ്ങളെ, എതിർശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കൾ അധികാര കേന്ദ്രങ്ങളിൽ അമർന്നിരിക്കാൻ ജനാധിപത്യത്തിൻ്റെ അവശ്യ ഘടകമായ പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ എല്ലാ വഴികളും സ്വീകരിക്കുന്നു. ബംഗ്ലാദേശിലും അതു തന്നെയാണ് നടന്നത്.ഇന്ത്യയിലും അത് പരീക്ഷിക്കപ്പെടുന്നുണ്ടു്.ഇന്ത്യയിലെ പ്രതിപക്ഷത്തിന് കുറെയൊക്കെ അതിനെ ചെറുത്തു നിൽക്കാൻ കഴിയുന്നുണ്ടു്. എന്നാൽ ബംഗ്ലാദേശിൽ രാഷ്ട്രീയ ചെറുത്തുനിൽപ്പ് ദുഷ്ക്കരമായതിനാലാവാം തിരഞ്ഞെടുപ്പ് ബഹിഷ്കരണം പോലെയുള്ള പിൻമാറ്റത്തിലേക്കാണ് അവിടുത്തെ പ്രതിപക്ഷം നീങ്ങിയത്.പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചാലും ജന ബന്ധമുണ്ടെങ്കിൽ പ്രതിപക്ഷ കക്ഷികൾക്കു് ചെറുത്തു നിൽക്കാനാവുമെന്ന് അടിയന്തിരാവസ്ഥയെ തുടർന്നുള്ള തിരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ തെളിയിച്ചിട്ടുണ്ടു്.അടിയന്തിരാവസ്ഥയിലെ പ്രതിപക്ഷമാണ് ഏറെക്കുറെ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പവസരത്തിലെ ഭരണപക്ഷമെന്നതും , അന്നത്തെ ഭരണപക്ഷം ഇന്നത്തെ പ്രതിപക്ഷവുമാണെന്ന വ്യത്യാസമേയുള്ളു.ജനാധിപത്യത്തിനായുള്ള പ്രതിപക്ഷ ചെറുത്തു നിൽപ്പിനെ രണ്ടവസരത്തിലും ജനങ്ങൾ പിന്തുണയ്ക്കുക തന്നെയാണ് ചെയ്തത്. എന്തെല്ലാം പോരായ്മകളുണ്ടെങ്കിലുംഇന്ത്യയിലെ പ്രതിപക്ഷം പ്രകടിപ്പിക്കുന്ന രാഷ്ടീയ ആർജ്ജവം ബംഗ്ലാദേശിലെ പ്രതിപക്ഷത്തിൽ നിന്നുണ്ടായില്ല. പ്രതിപക്ഷം ബഹിഷ്കരിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്വാഭാവികമായും മഹാഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട ഷേക്ക് ഹസീനയും അവരുടെ പാർട്ടിയും അധികാരത്തിൻ്റെ ഏകപക്ഷീയതയിൽ രമിക്കുമ്പോഴാണ് വിദ്യാർത്ഥികൾ പ്രക്ഷോഭവുമായി രംഗത്തു വരുന്നത്.ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നതു പോലെ തന്നെ, രാഷ്ട്രീയാധികാരവും കോർപ്പറേറ്റ് മൂലധനവും വേർതിരിക്കാനാവാത്ത വിധം ഒന്നായിത്തീർന്ന യാഥാർത്ഥ്യമാണ് ബംഗ്ലാദേശിലും നിലനിൽക്കുന്നത്. കോർപ്പറേറ്റ് വളർച്ചയെ രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയായി അവതരിപ്പിക്കുന്ന മായാജാലം കൊണ്ടു് സാധാരണ ജനങ്ങളുടെ സാമ്പത്തിക ഞെരുക്കത്തെ ആശ്വസിപ്പിക്കാൻ ഒരു ഭരണാധികാരിക്കും ദീർഘനാൾ കഴിയില്ല. സാധാരണ ജനങ്ങളുടെ സാമ്പത്തിക ഞെരുക്കവും തൊഴിലില്ലായ്മയും തന്നെയാണ് സംവരണ വിഷയത്തിലുള്ള പ്രതിഷേധവുമായി തെരുവിലിറങ്ങാൻ വിദ്യാർത്ഥി സമൂഹത്തെ പ്രേരിപ്പിച്ചത്.സംഘടിതമായ ഒരു പ്രസ്ഥാനത്തിൻ്റെയോ നേതാവിൻ്റെയോ ആസൂത്രിത സംഘാടനമില്ലാതെയാരംഭിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിന് വളരെ പെട്ടെന്നു് രാജ്യമാസകലം പിന്തുണ ലഭിച്ചതിൽ നിന്ന് വ്യക്തമാകുന്ന കാര്യം ആ രാജ്യത്ത് ജനങ്ങൾ കടുത്ത സാമ്പത്തിക ഞെരുക്കത്തിലും അസംതൃപ്തിയിലുമായിരുന്നു എന്നാണ്. ഈ അസംതൃപ്തിയുടെ രാഷ്ട്രീയ നാവാകാൻ അവിടുത്തെ പ്രതിപക്ഷത്തിന് കഴിയാതെ വന്ന ശുന്യതയിൽ വിദ്യാർത്ഥികളുടെ സമരാഹ്വാനത്തിന് വലിയ പിന്തുണ ലഭിച്ചു. ചോദ്യം ചെയ്യാൻ ആരുമില്ലാതെ അധികാരമാസ്വദിച്ചു വരുന്ന എല്ലാ ഭരണാധികാരികളെയും പോലെ ഷേ‌ക്കു് ഹസീനയും സമരത്തെ അടിച്ചമർത്താൻ നോക്കി. ഒരു ഘട്ടം കഴിഞ്ഞപ്പോൾ സമരം ഷേക്കു് ഹസീനയുടെ ഏകാധിപത്യത്തിനെതിരായി ഗതിമാറി. സമരത്തെ കൂടുതൽ രക്തമൊഴുക്കി അടിച്ചമർത്താൻ പട്ടാളം വിമുഖത പ്രകടിപ്പിച്ചപ്പോൾ ഏകാധിപതിക്ക് അധികാരമുപേക്ഷിച്ച് ഓടിപ്പോകേണ്ടി വന്നു. ഇത്തരമൊരു രാഷ്ട്രീയ ഇടപെടൽ വിദ്യാർത്ഥികൾക്കിടയിൽ നിന്നുണ്ടാവാൻ ഒരു പക്ഷെ ശ്രീലങ്കയിലെ ഏകാധിപതിയെ നിഷ്കാസനം ചെയ്ത ജനകീയ പ്രക്ഷോഭമൊക്കെ പ്രേരക ഘടകമായിട്ടുണ്ടാവാം. ബംഗ്ലാദേശിലെ വിദ്യാർത്ഥി സമൂഹം നൽകുന്ന സന്ദേശം വ്യക്തമാണ്.ജനങ്ങളാണ് ജനാധിപത്യത്തിലെ പരമാധികാരികൾ.രാഷ്ട്രീയാധികാരം അടിമുടി ജന വിരുദ്ധമായി മാറുന്ന സാഹചര്യത്തിൽ, പ്രതിപക്ഷ രാഷ്ടീയ പോംവഴികളടയുന്ന മൂഹൂർത്തങ്ങളിൽ, ജനശ്ശക്തിയുടെ മലവെള്ളപ്പാച്ചിലിൽ ഏകാധിപതികൾ ഒഴുകിപ്പോകുമെന്നതാണത്. ഈ സന്ദേശത്തിന് ഇക്കാലത്ത് ഏറെ പ്രാധാന്യമുണ്ടു്.രാഷ്ട്രീയാധികാരം, കോർപ്പറേറ്റ് മൂലധനം, ആധൂനിക സാങ്കേതിക വിദ്യകളുടെ സാധ്യതകൾ ഇവ മൂന്നും ഒരുമിച്ചു ചേർന്ന് ജനജീവിതത്തെ നിയന്ത്രിക്കുന്ന കാലമാണിത്.ഭരണകൂടത്തിനെ നിയന്ത്രിക്കുന്നവർക്കു് ഇന്ന് വിമർശനങ്ങളെയും എതിർശബ്ദങ്ങളെയും നിശബ്ദമാക്കുവാൻ വഴികളേറെയാണ്.ഭരണ സംവിധാനങ്ങളുടെ അധികാര വിനിയോഗങ്ങൾ കൂടുതൽ നിഗൂഡമായിക്കൊണ്ടിരിക്കുന്നു. അതു കൊണ്ടു തന്നെ ചില ഘട്ടങ്ങളിൽ അധികാര വ്യവസ്ഥയെ അമ്പരപ്പിക്കുന്ന ജനാധികാരത്തിൻ്റെ തളളിക്കയറ്റം അനിവാര്യമാണ്. അതിന് നേതൃത്വം നൽകിയ വിദ്യാർത്ഥി സമൂഹം അഭിനന്ദനമർഹിക്കുന്നു. ഷേക്ക് ഹസീനയാണ് ഇന്ത്യൻ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഭരണാധികാരി എന്നതിനാൽ ഇന്ത്യാ ഗവൺമെൻ്റോ ഇന്ത്യയിലെ മാധ്യമങ്ങളോ വിദ്യാർത്ഥി പ്രക്ഷോഭം ജനാധിപത്യ മൂല്ല്യങ്ങൾക്കു വേണ്ടിയുള്ള ഒരു നീക്കമായി വികസിച്ചതിനെ അഭിനന്ദിക്കുന്നതായി കണ്ടില്ല. ഈ പ്രക്ഷോഭത്തെ തുടർന്ന് ഷേക്ക് ഹസീന രാജി വച്ചതുകൊണ്ട് ബംഗ്ലാദേശിൽ തേനും പാലുമൊഴുകാൻ പോകുന്നില്ല.എന്നാൽ ഹസീനയുടെ പാർട്ടിക്കുൾപ്പെടെ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാനും രാഷ്ട്രീയ പ്രക്രിയകളിൽ ഭയരഹിതമായി പങ്കാളികളാകാനുമുള്ള സാഹചര്യമുണ്ടായെന്നു വരാം.അതൊരു ചെറിയ കാര്യവുമല്ലല്ലോ.

Leave a comment

Your email address will not be published. Required fields are marked *