വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും അതിവൃഷ്ടിയുണ്ടാവുമെന്ന് കൃതമായി പ്രവചിക്കാൻ കാലാവസ്ഥാ വകുപ്പിനായില്ല എന്ന ആക്ഷേപവും, ഒരു സന്നദ്ധ സംഘടന അത് മുൻകൂട്ടി പ്രവചിച്ചിട്ടും ആരുമത് മുഖവിലക്കെടുത്തില്ല എന്ന പരാതിയും വയനാടു് ദുരന്ത വാർത്തകളോടൊപ്പം നമ്മൾ കേട്ടതാണ്. സർക്കാർ സംവിധാനങ്ങൾക്ക് പ്രാദേശികമായ കൃത്യതയോടെ കാലാവസ്ഥാ പ്രവചനം നടത്തുന്നതിൽ ഉള്ള പരിമിതിയാണ് ഒരു വശത്ത് വ്യക്തമാകുന്നത്. എന്നാൽ സർക്കാർ സംവിധാനങ്ങൾക്ക് പുറത്ത് മറ്റാരെങ്കിലും അത് കൃത്യതയോടെ പ്രവചിച്ചാൽ അതനുസരിച്ചുള്ള ജാഗ്രത പുലർത്താൻ ജനങ്ങളോ സർക്കാരിൻ്റെ ദുരന്തനിവാരണ സംവിധാനങ്ങളോ തയ്യാറാവാത്തത് അത്തരം പ്രവചനങ്ങൾ ആധികാരികമല്ലെന്ന കാരണം പറഞ്ഞാണ് എന്നതും നമ്മൾ കാണുന്നു. ഇതിനിടയിലാണ് പ്രളയ മുന്നറിയിപ്പ് നൽകാൻ ആധികാരികതക്കപ്പുറം വിശ്വാസ്യതയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ജനകീയ സംവിധാനം മീനച്ചിൽ നദീതടത്തിൽ ജാഗ്രതയോടെ പ്രവർത്തിക്കുന്നത്. വാഗമൺ മുതൽ കുമരകം വരെ സ്ഥാപിച്ചിരിക്കുന്ന 130 മഴമാപിനികളും പുഴയിലെ ജലനിരപ്പളക്കാൻ 13 സ്ഥലങ്ങളിലുള്ള സംവിധാനങ്ങളും കർഷകരും വിദ്യാർത്ഥികളും പൊതു പ്രവർത്തകരുമടങ്ങുന്ന ആയിരത്തോളമാളുകൾ കണ്ണി ചേർക്കപ്പെട്ട ഒരു കാവൽ സംഘവുമാണ് മഴക്കാലത്ത് മീനച്ചിൽ നദീ തടത്തിലെ ജനങ്ങൾക്ക് നിരന്തരം വിവരങ്ങൾ നൽകി കൊണ്ടിരിക്കുന്നത്. മീനച്ചിലാറിൻ്റെ കൈവഴി കളിലൊന്നായ തീക്കോയി ആറിൻ്റെ തലക്കൽ വെള്ളികുളത്ത് മഴ പെയ്താൽ, മറ്റൊരു കൈ വഴിയായ പൂഞ്ഞാർ പുഴയുടെ മുകളറ്റത്ത് അടിവാരത്ത് മഴ പെയ്താൽ, കടവപുഴയാറ്റിൽ ജലനിരപ്പുയരാൻ മേച്ചാലിലോ ,കോണിപ്പാടു് തോട്ടിൽ ജലനിരപ്പുയരാൻ മേലുകാവിലോ മഴ പെയ്താൽ അത് പാലാക്കാരും കോട്ടയംനി വാസികളും നിമിഷങ്ങൾക്കകമറിയും. ഈ വിധത്തിൽ മീനച്ചിലാറിൻ്റെ കൈവഴികളിലുൾപ്പെടെ വിന്യസിച്ചിരിക്കുന്ന മഴ മാപിനികളും അവയുടെ റീഡിംഗുകളെടുക്കുന്ന പുതു തലമുറയിലും പഴയ തലമുറയിലും പെട്ട സന്നദ്ധ പ്രവർത്തകരുമടങ്ങുന്ന ഒരു വൻനിരയുണ്ടു്. ഇവർക്കിയിലുള്ളത് ഒരു ജൈവ ബന്ധമാണ്. ആ ബന്ധത്തെ അടിസ്ഥാനമാക്കി നിലനിൽക്കുന്ന വിശ്വാസ്യതയാണ് ആധികാരികതക്കു പകരമായി ഇവിടെയുള്ളത്.അവരെ ആ നിലയ്ക്കു ബന്ധിപ്പിക്കുന്നത് മീനച്ചിലാർ എന്ന വികാരമാണ്.ഇത് രണ്ടോ മൂന്നോ വർഷങ്ങൾ കൊണ്ടുണ്ടായതല്ല. മൂന്നു പതിറ്റാണ്ടിലധികമായുള്ള കുറെ മനുഷ്യരുടെ നിരന്തര പരിശ്രമങ്ങളുടെ വികാസത്തിൻ്റെ ഒരു ഘട്ടത്തിൽ സ്വാഭാവികമായി സംഭവിച്ചതാണെന്നു പറയാം. മീനച്ചിൽ നദീതട പദ്ധതിയെന്ന ഒരു മണ്ടൻ ജലസേചന പദ്ധതിക്കെതിരെ നടന്ന വർഷങ്ങൾ നീണ്ട ജനകീയ സമരത്തിൻ്റെ ഫലമായി ആ പദ്ധതി വേണ്ടെന്നു വയ്ക്കപ്പെട്ടപ്പോൾ, ആ സമരത്തിൻ്റെ സൃഷ്ടിപര വികാസമെന്ന നിലയിൽ രൂപം കൊണ്ട പ്രസ്ഥാനമാണ് മീനച്ചിൽ നദീസംരക്ഷണ സമിതി.മീ നച്ചിലാർ കോട്ടയം ജില്ലയുടെ ജലസമ്പത്തിൻ്റെ പ്രതീകം, മീനച്ചിലാറിനെ രക്ഷിക്കാൻ ജനശ്ശക്തിയുണർത്തുക എന്ന മുദ്രാവാക്യമാണ് തുടക്കം മുതലെ ഈ സമിതി മുന്നോട്ടുവച്ചത്. ഇവിടെ സൂചിപ്പിച്ച വിധത്തിലുള്ള മുന്നറിയിപ്പ് സംവിധാനം നിലനിൽക്കുന്നത് ജനശ്ശക്തിയെ ആശ്രയിച്ചാണ് ,അല്ലാതെ ഭരണകൂട സംവിധാനങ്ങളെ ആശ്രയിച്ചല്ല. ഇപ്പോൾ മീനച്ചിലാറിൻ്റെ വൃഷ്ടിപ്രദേശങ്ങളിലെ മഴ പ്രവചനത്തിൽ വൈദഗ്ദ്യമുള്ള സന്നദ്ധ പ്രവർത്തകർ ഈ പ്രസ്ഥാനത്തിലുണ്ടു്.മഴ മാപിനികളുടെ സഹായത്തോടെ കൃത്യമായ സമയത്ത് മഴയളന്ന് കൃത്യസമയത്തു തന്നെ പഞ്ചായത്ത്തലം മുതലുള്ള പ്രത്യേക വാട്സപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്ത് മീനച്ചിലാറിൻ്റെ തുടക്കം മുതൽ വേമ്പനാട്ടു കായലിലെത്തുന്നതു വരെയുള്ള മേഖലകളിലെ ജനങ്ങളെ അറിയിക്കാനുള്ള നെറ്റ് വർക്കുകൾ രൂപപ്പെട്ടുത്തിയിരിയ്ക്കുന്നു. ഇങ്ങനെയൊക്കെ ചെയ്യാൻ ഇവരെ ആരും അധികാരപ്പെടുത്തിയിട്ടില്ല എങ്കിലും പ്രവർത്തന രംഗത്തെ വിശ്വാസ്യത കൊണ്ടു് ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുൾപ്പെടെയുള്ള അധികാര കേന്ദ്രങ്ങൾ ആധികാരികതയോടെ ഇവർ നൽകുന്ന വിവരങ്ങൾ കണക്കിലെടുക്കുന്നു. കേന്ദ്ര കാലാവസ്ഥാ പഠന വകുപ്പിലെ ശാസ്ത്രജ്ഞൻമാരും മാധവ് ഗാഡ്ഗിലിനെ പോലുള്ളവരും മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ ഈ പ്രവർത്തനങ്ങളിൽ താൽപ്പര്യം കാണിക്കുന്നു, പിന്തുണയ്ക്കുന്നു. തങ്ങളുടെ ജീവിതത്തിൻ്റെ ജീവനാഡിയായി നിലനിൽക്കുന്ന ഒരു ചെറു നദിയിലെ മാറ്റങ്ങൾ ശ്രദ്ധിക്കാനും നദിയിലെ ജലനിരപ്പിനടിസ്ഥാനമായ മഴയെയും കലാവസ്ഥയെയും ജാഗ്രത്തായ നിരീക്ഷണങ്ങളിലൂടെ നിരന്തരം വിലയിരുത്താനും നദീതീരത്തെ ജനങ്ങൾ പ്രാപ്തി നേടുക എന്നു പറഞ്ഞാൽ അതിൽ അടിസ്ഥാനപരമായ ഒരു സൂഷ്മ രാഷ്ട്രീയ ഉള്ളടക്കമുണ്ടു്.ആ രാഷ്ട്രീയം സ്വരാജിൻ്റെ രാഷ്ട്രീയമാണ്. സർക്കാർ സംവിധാനങ്ങളിൽ നിന്നോ വിദഗ്ദൻമാർ അണിനിരക്കുന്ന സ്ഥാപന ങ്ങളിൽ നിന്നോ ഉള്ള അറിയിപ്പുകൾക്കായി കാത്തിരിക്കാതെ ജനകീയമായ നിരീക്ഷണ സംവിധാനങ്ങളിലൂടെ വിവര സമാഹരണവും വിവരവിനിമയവും നടത്തുന്ന സ്വാശ്രയത്വത്തിൻ്റെയും കൂട്ടായ്മയുടെയും രാഷ്ട്രീയം.മഴയളക്കുമ്പോൾ കേവലം മഴ മാത്രമല്ല അളക്കപ്പെടുന്നത്, താനറിയുന്നവരും അറിയാത്തവരുമായി പുഴയോരങ്ങളിൽ താമസിക്കുന്നവരുടെ ജീവിതത്തെക്കുറിച്ചുള്ള കരുതൽ കൂടിയാണ് അളക്കപ്പെടുന്നത്.മഴയളവിൽ ലഭിക്കുന്നത് കേവലം മഴയറിവ് മാത്രമല്ല കാലാവസ്ഥയെ കുറിച്ച് പ്രകൃതിയെ കുറിച്ച് അതിൽ തൻ്റെ പങ്കിനെക്കുറിച്ച് ഒക്കെയുള്ള തിരിച്ചറിവു് കൂടിയാണ്.ഇത് മറ്റൊരിടത്തും കാണാത്ത ഒരു ചുവടുവയ്പ്പാണ്. മഹാത്മാഗാന്ധി ഇന്ന് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ, ഹരിജൻ ഇന്നുമദ്ദേഹം പ്രസിദ്ധികരിച്ചിരുന്നെങ്കിൽ, തീർച്ചയായും മീനച്ചിൽ നദീതടത്തിലെ ഈ ഉദ്യമത്തെക്കുറിച്ച് അദ്ദേഹം ഒരു കുറിപ്പെഴുതുമായിരുന്നു.കാരണം സ്വരാജിനെ കുറിച്ച് – സ്വന്തം ജീവിതത്തിന് മേലുള്ള സ്വന്തം നിയന്ത്രണത്തെ കുറിച്ച് – ഏറ്റവും സൂഷ്മമായി മനസ്സിലാക്കിയ ആളായിരുന്നല്ലോ അദ്ദേഹം.ഡോ.എസ്.രാമചന്ദ്രൻ ചെയർമാനും എബി ഇമ്മാനുവേൽ കൺവീനറുമായി പ്രവർത്തിക്കുന്ന മീനച്ചിൽ നദീസംരക്ഷണ സമിതിക്ക് മികച്ച പ്രവർത്തനത്തിന് ദേശീയ അവാർഡുകളുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ കിട്ടിയിട്ടുണ്ടു്.ബന്ധപ്പെടാനുള്ള നമ്പർ 94002 131 41
