Blog Post

Swaraj Today > News > രാഷ്ട്രീയം > ഒരു പ്രവാചകന്റെ പേര് അന്‍വര്‍ എന്നാണെങ്കിലോ

ഒരു പ്രവാചകന്റെ പേര് അന്‍വര്‍ എന്നാണെങ്കിലോ

പി വി അന്‍വറാണിപ്പോള്‍ വാര്‍ത്തയിലെ താരം. ഷേക്‌സ്പിയറിന്റെ പന്ത്രണ്ടാം രാവ് (ടെല്‍ഫ്ത് നൈറ്റ്) എന്ന നാടകത്തില്‍ ഒരു വാചകമുണ്ട്. ചിലര്‍ താരങ്ങളായി ജനിക്കുന്നു, ചിലര്‍ താരപദവി നേടിയെടുക്കുന്നു, വേറെ ചിലര്‍ക്കു മേല്‍ താരപദവി കെട്ടിയേല്‍പിക്കപ്പെടുന്നു (ഏകദേശ പരിഭാഷ). നിലമ്പൂരില്‍ നിന്നുള്ള നിയമസഭാംഗം പി വി അന്‍വറിന്റെ മേല്‍ അക്ഷരാര്‍ഥത്തില്‍ താരപദവി കെട്ടിയേല്‍പ്പിക്കപ്പെടുക തന്നെയാണെന്നു കരുതുന്നവര്‍ കുറവല്ല. അതുകൊണ്ടാണ് ഈ നീലക്കുറുക്കന്‍ ഇത്തിരി കഴിഞ്ഞാല്‍ കൂവിപ്പോകുക തന്നെ ചെയ്യുമെന്നും ചില നിഴലുകള്‍ കണ്ടാല്‍ തന്നെ കവാത്തു മറക്കുമെന്നും പലരും കരുതുന്നത്.

എങ്കില്‍ കൂടി എന്തുകൊണ്ടാണ് അന്‍വറിനു മേല്‍ താരപദവിയെത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ ചികയാനിറങ്ങിയ ഇദ്ദേഹത്തിന്റെ ഡിഎന്‍എയുടെ ബലത്തിലൊന്നുമല്ലെന്നു ദോഷൈകദൃക്കുകള്‍ പറഞ്ഞേക്കാം. എന്തായാലും ഒരു കാര്യം ഉറപ്പ്. ഇദ്ദേഹം എടുത്ത് അലക്കിയിരിക്കുന്ന വിഷയം കേരളം അത്രമേല്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നൊരു വിഷയമാണ്്. കഴിഞ്ഞ എട്ടു വര്‍ഷമായി ആഭ്യന്തര വകുപ്പ് കൈയാളുന്ന പിണറായി വിജയന്റെ പോലീസിനെ കേരളം അത്രയേറെ വെറുത്തു കഴിഞ്ഞിരിക്കുന്നു. ജനം അണകെട്ടി നിര്‍ത്തിയിരിക്കുന്ന വെറുപ്പിന്റെ കടലിലേക്കാണ് അന്‍വര്‍ മറ്റേതോ കാര്യസാധ്യത്തിനു വേണ്ടിയായിരിക്കാമെങ്കില്‍ കൂടിയും വലയെറിഞ്ഞിരിക്കുന്നത്. ഒന്നുകില്‍ അന്‍വറിനു വേറെ മീന്‍ വറുക്കാനുണ്ടായിരിക്കും, അല്ലെങ്കില്‍ വേറെ മീന്‍ വറുക്കാനുള്ള മറ്റാര്‍ക്കോ വേണ്ടി അന്‍വര്‍ അടുപ്പൊരുക്കുകയായിരിക്കും. എന്തായാലും വലയെറിഞ്ഞിരിക്കുന്നത് ചാകരക്കോളുള്ളിടത്തേക്കു തന്നെയാണ്.

കേരളസംസ്ഥാനത്തിന്റെ ഭരണതലപ്പത്ത് കമ്യൂണിസ്റ്റുകള്‍ നേതൃത്വം കൊടുക്കുന്ന മുന്നണിയെത്തുന്നത് നടാടെയല്ല. ഇഎംഎസ്, സി അച്യുതമേനോന്‍, ഇ കെ നായനാര്‍, വി എസ് അച്യുതാനന്ദന്‍ എന്നിങ്ങനെ ഇതിനു മുമ്പ് സംസ്ഥാന ഭരണത്തിനു നേതൃത്വം കൊടുത്ത നാലു കമ്യൂണിസ്റ്റുകളും സകല രാഷ്ട്രീയ വ്യത്യാസങ്ങളും നിലവിലുണ്ടായിരിക്കെത്തന്നെ കേരള ജനതയുടെ പൊതുവായ ആദരം നേടുന്നതില്‍ വിജയിച്ചവരാണ്. അവരുടെ രാഷ്ട്രീയത്തെ വെറുക്കുന്നവര്‍ പോലും അവരെ വെറുക്കുന്നവരായിരുന്നില്ല. അതിനൊരു മാറ്റമാണ് പിണറായി വിജയനിലൂടെ സംഭവിച്ചത്. ഈ മാറ്റം എന്നത് രാഷ്ട്രീയ നൈതികതയുമായി നേരിട്ടു ബന്ധപ്പെട്ടതുമാണ്. ഏതു നൈതികതയുടെ ബലത്തെ മുന്‍നിര്‍ത്തിയായിരുന്നോ ആദരവിന്റെ ബ്ലാങ്ക് ചെക്ക് ഇഎംഎസ് മുതല്‍ അച്യൂതാനന്ദന്‍ വരെയുള്ള ഇടതു നേതാക്കള്‍ നേടിയെടുത്തത് പിണറായി അതേ നൈതികതയെ പരണത്തു വയ്ക്കുക മാത്രമല്ല, പാര്‍ട്ടി അച്ചടക്കമെന്ന വാളുയര്‍ത്തി സ്വപക്ഷത്തെയും അധികാരത്തിന്റെ മദം കൊണ്ട് എതിര്‍പക്ഷത്തെയും വരച്ചിടത്തു നിര്‍ത്തുകയും ചെയ്തു പോരുന്നു.

റോഡായ റോഡുമുഴുവന്‍ ബ്ലോക്ക് ചെയ്ത് പൊതുജനത്തെ ബന്ദിയാക്കി മൂന്നു ഡസന്‍ വണ്ടിയുടെ അകമ്പടിയിലുള്ള യാത്രയും വൈതാളികര്‍ക്കു മേയുന്നതിനു സംസ്ഥാനം മുഴുവന്‍ വിട്ടുകൊടുക്കുന്നതും പൊതുജനത്തെ പൗരപ്രമുഖരില്‍ വേര്‍തിരിച്ചു രണ്ടു നീതി നടപ്പാക്കുന്നതും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അടുത്തു നില്‍ക്കുന്നവരൊക്കെ നാറുന്ന അഴിമതിക്കഥകളുടെ കേന്ദ്രസ്ഥാനത്തെത്തുന്നതുമൊക്കെ ജനങ്ങള്‍ തങ്ങളുടെ നിസഹായതയില്‍ കണ്ടില്ലെന്നു വച്ചപ്പോഴും ഉദ്യോഗസ്ഥതലത്തിലെ അഴിമതിയും കയറൂരി വിട്ട പോലീസിന്റെ തോന്ന്യാസങ്ങളും ജനങ്ങള്‍ക്കു പൊറുക്കാവുന്നതിനും അപ്പുറമായിരുന്നു. അന്‍വര്‍ എടുത്തലക്കിയതും ഇതു രണ്ടുമാണ്. അഴിമതിയുടെ മൂര്‍ധന്യത്തില്‍ ക്രിമിനലുകളായി മാറുന്ന പോലീസും അധികാരത്തിന്റെ തലപ്പത്ത് അവര്‍ക്ക് ഒത്താശ ചെയ്യുന്ന മേലാളന്‍മാരും-ഇവയ്ക്കു നേരേയായിരുന്നു അന്‍വറിന്റെ മൊട്ടുസൂചിപ്രയോഗം. വെറും മൊട്ടുസൂചി പ്രയോഗമാണ് അന്‍വര്‍ ചെയ്തിരിക്കുന്നത്. ഇത്രയുമെങ്കിലും ചെയ്യുന്ന മറ്റാരെയും ഭരണപക്ഷത്തു നിന്നു കാണാത്തതില്‍ പൊതുജനത്തിലുള്ള നൈരാശ്യമാണ് ഇദ്ദേഹം തീര്‍ത്തിരിക്കുന്നത്.

പിണറായി വിജയന്റെ ഒന്നാം ഗവണ്‍മെന്റ് പോലീസ് രാജിന്റെ തിരനോട്ടമായിരുന്നെങ്കില്‍ രണ്ടാം ഗവണ്‍മെന്റ് ക്രിമിനല്‍ പോലീസിങ്ങിന്റെ അഴിഞ്ഞാട്ടമായി മാറി എന്നതാണ് ജനങ്ങള്‍ തിരിച്ചറിഞ്ഞ സത്യം. പെന്‍ഷനും ഉപജീവനമാര്‍ഗങ്ങളും വരുമാന സ്രോതസുകളും വറ്റി ജീവിതം വഴിമുട്ടിയ ജനത്തിനു മുന്നില്‍ ഭരണത്തിന്റെ മുഖം ഏറ്റവും വികൃതമാക്കാന്‍ പോലീസിന്റെ തോന്ന്യാസവും വില്ലേജ് ഓഫീസ് മുതല്‍ അരങ്ങു നിറയുന്ന അഴിമതിയും മാത്രം മതിയല്ലോ. ഏത് വലിയ പോലീസ് തോന്ന്യാസവും ഉദ്യോഗസ്ഥതലത്തിലെ അഴിമതിയും പൊതിഞ്ഞു നിര്‍ത്താന്‍ രാഷ്ട്രീയ പിന്‍ബലം വേണ്ടുവോളം. പാറമട മാഫിയയും വയല്‍ നികത്തല്‍ മാഫിയയും ഗുണ്ടാപ്പിരിവ് മാഫിയയും പോലീസ് പിണിയാള്‍ മാഫിയയുമെല്ലാം നിറഞ്ഞാടിയത് ഒളിഞ്ഞും തെളിഞ്ഞും പിണറായിയുടെ ഭരണവുമായുള്ള ബന്ധത്തിന്റെ ബലത്തില്‍ മാത്രമായിരുന്നു. വെറും ഭരണപക്ഷ രാഷ്ട്രീയബന്ധം മാത്രം പോരാ, പിണറായിടീമുമായുള്ള ബന്ധം തന്നെ എന്തിനും ഏതിനും ആവശ്യമായിത്തീര്‍ന്നു. ഇങ്ങനെ കേരളത്തിലെ കിം ഇല്‍ സുങ്ങോ സ്റ്റാലിനോ ഒക്കെയായി മാറുന്നതില്‍ വല്ലാതെ അഭിരമിക്കുന്ന മനോനിലയിലേക്ക് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി മാറിയപ്പോള്‍ ജനം എത്രമാത്രം പൊറുതിമുട്ടിയെന്നു മനസിലാക്കുന്നതിനുള്ള ബാരോമീറ്ററായി അന്‍വറിന്റെ വിളിച്ചുപറയലുകള്‍ മാറി.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോലിസിങ് ഒരിക്കലും കോണ്‍ഗ്രസിന്റെയോ ഏതെങ്കിലും വലതുപക്ഷ രാഷ്ട്രീയപാര്‍ട്ടികളുടെയോ പോലിസിങ് പോലെയായിരുന്നില്ല. ഒന്നാം കമ്യൂണിസ്റ്റ് സര്‍ക്കാര്‍ മുതല്‍ വി എസ് ഗവണ്‍മെന്റ് വരെയുള്ള ഇടതുപക്ഷ ഭരണകാലങ്ങളില്‍ ഏറിയും കുറഞ്ഞുമുള്ള സെല്‍ ഭരണത്തിന്റെ പ്രശ്‌നങ്ങള്‍ മാത്രമായിരുന്നു പോലിസിങ്ങിനുണ്ടായിരുന്നത്. പാര്‍ട്ടി സെല്ലുകള്‍ പോലീസ് സ്‌റ്റേഷന്‍ ഭരണത്തില്‍ ഇടപെടുന്ന ഈ രീതി പലപ്പോഴും ജനസാമാന്യത്തിന് ഗുണകരമായി മാറുകയും ചെയ്തിരുന്നു എന്നതാണ് വാസ്തവം. ഇതിന്റെ സദ്ഫലങ്ങള്‍ നല്ലതോതില്‍ അനുഭവിച്ചു തന്നെയാണ് പിണറായി വിജയന്‍ എന്ന രാഷ്ട്രീയനേതാവ് വളര്‍ന്നു വന്നതും ഉയരങ്ങളിലേക്ക് എത്തിച്ചേര്‍ന്നതും. എന്നാല്‍ പരമമായ അധികാരം പരമമായി ദുഷിപ്പിക്കുന്നു എന്നു പറഞ്ഞതു പോലെ സര്‍വവും കൈപ്പിടിയിലൊതുക്കിയ ഏകാധിപതിയായ വിജയന് സെല്‍ഭരണമെന്നതിലുപരി വൈതാളിക ഭരണമായിരുന്നു പോലീസില്‍ വേണ്ടിയിരുന്നത്. സത്യത്തില്‍ സെല്‍ഭരണത്തില്‍ നിന്നു വൈതാളിക ഭരണത്തിലേക്ക് കാര്യമായ ദൂരമൊന്നുമില്ലെന്ന് തെളിഞ്ഞതും പിണറായിയുഗത്തില്‍ തന്നെയാണ്.

ജനാധിപത്യപരമായ ഭരണക്രമത്തില്‍ ഏറ്റവും ധനികനുമുതല്‍ ഏറ്റവും നിസ്വനു വരെ നിയമത്തിനു മുന്നിലെ തുല്യത ഉറപ്പാക്കാന്‍ സാധിക്കുന്നത് പ്രധാനമായും പോലീസിങ്ങിലൂടെയും കോടതികളിലൂടെയുമാണ്. അതുകൊണ്ടാണ് നിയമപാലനം, നീതിപാലനം എന്നൊക്കെ പറഞ്ഞുപോരുന്നതും. നിരന്തരമായ ജാഗ്രതയും ജനകീയ ഇടപെടലും വഴിമാത്രമേ ഇതുരണ്ടും കൃത്യമായി നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സാധിക്കൂ. അല്ലെങ്കില്‍ നിയമപാലകന്‍ കര്‍ക്കശമായ നീതിബോധമുള്ളവന്‍ കൂടിയായിരിക്കണം. ഇത് എല്ലായ്‌പോഴും അങ്ങനെയായിരിക്കുമെന്ന് ഉറപ്പാക്കാന്‍ സാധിക്കാത്തതിനാല്‍ നീതിനിഷേധത്തിനെതിരേ ജനകീയമായ അധികാരകേന്ദ്രങ്ങള്‍ക്ക് സദാ ഇടപെടലുകള്‍ നടത്തേണ്ടതായി വരും. ഇതു തന്നെയാണ് പഴയകാല രാഷ്ട്രീയ ചിത്രത്തില്‍ ഡയറി കക്ഷത്തില്‍ വച്ചു നടക്കുന്ന കോണ്‍ഗ്രസ് നേതാവും ലോക്കല്‍ കമ്മിറ്റിയില്‍ പോലീസ് സെല്ലിന്റെ ചുമതല വഹിക്കുകയും മുറിബീഡി വലിക്കുകയും ചെയ്യുന്ന സഖാവും ചെയ്തു പോന്നിരുന്നത്. ഒരു തരത്തില്‍ സമാന്തര നീതിപാലനം.

എന്നാല്‍ പിണറായി തകര്‍ത്തത് ഈ സമാന്തര സംവിധാനമാണ്. അതിനു പകരം നീതിപൂര്‍ണമായ മറ്റൊരു ജനകീയ സംവിധാനത്തെ സൃഷ്ടിച്ചതുമില്ല. ഫലത്തില്‍ ഓരോ പോലീസ് സ്‌റ്റേഷനും ജനവിരുദ്ധമായ ഇടപെടലുകളുടെയും നീതി നിഷേധങ്ങളുടെയും കൂത്തരങ്ങായിത്തീര്‍ന്നു. ഓരോ നീതിനിഷേധനത്തിനും ജനവിരുദ്ധതയ്ക്കും മുഖ്യമന്ത്രിയുടെ ഓഫീസ് വരെ നീളുന്ന ബന്ധങ്ങള്‍ കണ്ടെത്താമെന്നു പോലും വന്നു. നീതിപാലനത്തിനു പകരം നീതിനിഷേധം നാട്ടുനടപ്പായി മാറിയതിനെതിരേയാണ് അന്‍വര്‍ എയ്ത ഓരോ അമ്പും ചെന്നു തറച്ചത്.

ഭരണത്തിലിരിക്കുന്നവര്‍ ഇരിക്കാന്‍ പറയുന്നതിനു മുമ്പ് ഇഴയാന്‍ തയ്യാറായിരിക്കുന്ന ഏമാന്‍മാര്‍ മാത്രം പിണറായിക്കു കീഴില്‍ പോലീസ് ആസ്ഥാനത്ത് കാലാകാലങ്ങളില്‍ വന്നുകൊണ്ടിരുന്നു. ആ പാവങ്ങള്‍ മോശയുടെ അംശവടിയും ഫറവോയുടെ കസേരയും കണ്ട് അന്തംവിട്ട് നിന്നുപോയില്ലെങ്കിലേ അതിശയിക്കേണ്ടൂ. അവരില്‍ പലര്‍ക്കും റിട്ടയര്‍മെന്റ് എന്നതൊരു സങ്കല്‍പം മാത്രമായി. ഭരണകാലാവധി നീട്ടിക്കൊടുക്കലും അതിനുശേഷം ദ്രവ്യം അശേഷം കുറയാത്ത ലാവണങ്ങളില്‍ പോസ്റ്റിങ്ങും എല്ലാം സര്‍വീസ് കാലത്തെ കണ്ണടച്ചുള്ള വിധേയത്വത്തിനു പ്രതിഫലം. ഇക്കാര്യത്തില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ മാത്രമായി മാറി.

ഇതിനൊപ്പം സംഭവിച്ച മറ്റൊരു വലിയ മാറ്റം കൂടിയുണ്ട്. നാടെങ്ങും ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയും പോഷിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു അത്. അടിയന്തരാവസ്ഥക്കാലത്ത് സമഗ്രാധിപതികള്‍ വളരെ നന്നായി പരീക്ഷിച്ച് വിജയം ഉറപ്പാക്കിയ സമ്പ്രദായമായിരുന്നു അതെന്ന് മറ്റാരെയുംകാള്‍ അറിയുന്നത് പിണറായി വിജയനായിരിക്കും. കാരണം അന്ന് യുവാവായിരുന്ന വിജയന്‍ കാടന്‍ പോലിസിങ്ങിന്റെ കിരാത മുറകള്‍ അറിഞ്ഞാണല്ലോ ഇന്നത്തെ വിജയനായി മാറിയത്. പോലീസ് എന്നു കേട്ടാലോ പോലിസ് വണ്ടിയുടെ നിഴലെങ്ങാന്‍ കണ്ടാലോ ഭയപ്പെടുന്ന ജനതയും അതിലൂടെ അനായാസം സാധിക്കാവുന്ന ക്രമസമാധാനപാലനവുമായിരുന്നു അടിയന്തരാവസ്ഥയുടെ സൃഷ്ടികളില്‍ ഒന്ന്.

വളരെ കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ പിണറായി സ്റ്റൈല്‍ പോലീസ് രാജ് തിരിച്ചറിയണമെങ്കില്‍ ഏതാനും സമീപകാല ഉദാഹരണങ്ങള്‍ നോക്കിയാല്‍ മതി. 2016 നു ശേഷം എട്ടു മാവോയിസ്റ്റുകളാണ് കേരള പോലീസുമായുള്ള ‘ഏറ്റുമുട്ടലുകളില്‍’ കൊല്ലപ്പെട്ടത്. ഇവയില്‍ ഒരെണ്ണമെങ്കിലും ശരിക്കും ഏറ്റുമുട്ടല്‍ കൊല തന്നെയാണെന്നു വിശ്വസിക്കുന്നതാകും ശ്രമകരം. 2016-ല്‍ പിണറായി വിജയന്‍ ഭരണത്തിലേറിയതിനു തൊട്ടുപിന്നാലെ നിലമ്പൂരില്‍ കുപ്പുദേവരാജനെയും ആറുമാസം മാത്രം പ്രായമുള്ളൊരു കുഞ്ഞിന്റെ അമ്മയായ അജിതയെയും വെടിവച്ചു കൊന്നു. മുന്നൂ വര്‍ഷത്തിനു ശേഷം വയനാട് വൈത്തിരിയില്‍ സി പി ജലീല്‍ പോലീസിന്റെ വെടിയേറ്റു മരിച്ചു. അതിനു പിന്നാലെ മൂന്നുപേര്‍-കാര്‍ത്തിക്, അരവിന്ദ്, ശ്രീമതി എന്നിവര്‍ പാലക്കാട് നിന്ന്. ഏഴാമത് കൊല്ലപ്പെട്ടതു വയനാട്ടില്‍ നിന്നു തന്നെ വേല്‍മുരുകന്‍. ഓരോ സംഭവത്തിലും തിരക്കഥ ഒന്നേ ഒന്ന്. മാവോയിസ്റ്റുകള്‍ പോലിസിനു നേരേ വെടിയുതിര്‍ക്കുന്നു. ആത്മരക്ഷാര്‍തം പോലീസ് തിരിച്ചു വെടിവയ്ക്കുന്നു. മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുന്നു. പോലീസിനാകട്ടെ ഒരു പോറല്‍ പോലുമേല്‍ക്കുന്നുമില്ല. എന്നുമാത്രമല്ല, പോലീസ് നടപടികളെ മുഴുവന്‍ ന്യായീകരിക്കുന്നതു മാത്രം മുഖ്യമന്ത്രിയുടെ പണി.

ഇതിനോടു ചേര്‍്ത്തു വായിക്കേണ്ടതാണ് കോഴിക്കോട് ജില്ലയില്‍ പന്തീരാങ്കാവില്‍ അലന്‍ എന്നും താഹയെന്നും പേരായ രണ്ടു കുട്ടികളെ യുഎപിഎ ചുമത്തി അഴികള്‍ക്കു പിന്നിലാക്കിയത്. ജേര്‍ണലിസം വിദ്യാര്‍ഥിയായിരു്ന്ന അലന്‍ ഷുഹൈബിനെയും നിയമ വിദ്യാര്‍ഥിയായിരുന്ന താഹ ഫസലിനെയും 2019 നവംബറിലാണ് മാവോയിസ്റ്റുകളെന്ന പേരില്‍ പോലീസ് അറസ്റ്റു ചെയ്യുന്നത്. സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ കൂടിയായിരുന്ന ഇരുവരുടെയും പേരില്‍ കണ്ടെത്തിയ കുറ്റം ഏതാനും മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശം സൂക്ഷിച്ചു എന്നതും. അറസ്റ്റിനു പിന്നാലെ യുഎപിഎ ചുമത്തി ഇരുവരുടെ കസ്റ്റഡി പരിധിയില്ലാതെ നീട്ടിയപ്പോള്‍ അന്നോളം എതിര്‍ത്തു പോന്ന യുഎപിഎ ആദ്യമായി നടപ്പിലാക്കിയ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി. എന്നുു മാത്രമല്ല, ചായകുടിക്കാന്‍ പോയപ്പോഴൊന്നുമല്ല അലനെയും താഹയെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് നടപടിയെ ന്യായീകരിക്കാനും അടിയന്തരാവസ്ഥയുടെ പോലീസ് രാജ് നേരിട്ടനുഭവിച്ച വിജയനു മനസാക്ഷിക്കുത്തുണ്ടായില്ല. അദ്ദേഹം തന്നെ മറ്റൊരിക്കല്‍ പറഞ്ഞതു പോലെ പഴയ വിജയനും പുതിയ വിജയനും തമ്മിലുള്ള അന്തരങ്ങളിലൊന്നാവും ഇതും.

ഇതിനൊക്കെ ഒപ്പം കാണേണ്ടതാണ് ലോക്കപ്പ് കൊലപാതകങ്ങള്‍. നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ ലോക്‌സഭയില്‍ നല്‍കിയ കണക്കനുസരിച്ച് 2016 മുതല്‍ 2024 വരെ കേരളത്തില്‍ 16 പേര്‍ക്കാണ് പോലീസ് കസ്റ്റഡിയില്‍ ജീവന്‍ നഷ്ടമായത്. 2016-17 ല്‍ രണ്ട്, 2018-19 ല്‍ മൂന്ന്, 2019-20 ല്‍ രണ്ട്, 20202-21 ല്‍ ഒന്ന്, 2021-22 ല്‍ ആറ്, 2022-24 ല്‍ ഇതുവരെ രണ്ട് എന്നിങ്ങനെയാണ് ലോക്കപ്പില്‍ പൊലിഞ്ഞ ജീവനുകള്‍. വിനായകന്‍, ശ്രീജിത്ത്, രാജ്കുമാര്‍, ഷമീര്‍ എന്നിങ്ങനെ കിരാതമായ പോലീസ് മുറയുടെ എടുത്തു പറയേണ്ട ഉദാഹരണങ്ങള്‍ ഇക്കൂടെ പലതുണ്ട്. ഇവയില്‍ മിക്കവയിലും ആരോപണവിധേയരായ പോലീസുകാര്‍ തിരികെ സര്‍വീസില്‍ പ്രവേശിച്ചു കഴിഞ്ഞു. ലോക്കപ്പുകളില്‍ മനുഷ്യാവകാശ ധ്വംസനം നടക്കുന്നില്ലെന്നുറപ്പാക്കുമെന്ന് പ്രകടന പത്രികയില്‍ എഴുതിവച്ച് ഭരണത്തിലേറിയ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ കാലത്താണ് ഇത്രയും ലോക്കപ്പ് മരണങ്ങള്‍ നടന്നതെന്നോര്‍ക്കണം.

പ്രതിപക്ഷ സമരങ്ങളോടുള്ള സര്‍ക്കാരിന്റെ നിലപാടാണ് ഇതിനൊപ്പം ശ്രദ്ധിക്കേണ്ടത്. ആര്‍ക്കും അറിയാവുന്നതു പോലെ കോണ്‍ഗ്രസ് ഒരിക്കലും കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയേ അല്ല. എന്തൊക്കെ വായ്ത്താരികള്‍ അതിന്റെ നേതാക്കന്‍മാര്‍ മുഴക്കിയാലും തല്ലു വരുന്നിടത്തു നിന്ന് പത്തുമൈലെങ്കിലും ദൂരെ നില്‍ക്കേണ്ടതെങ്ങനെയെന്ന് കോണ്‍ഗ്രസ് കുഞ്ഞുങ്ങള്‍ മുതല്‍ കോണ്‍ഗ്രസ് കാര്‍ന്നോന്‍മാര്‍ വരെയുള്ളവര്‍ക്ക് നല്ല അസലായറിയാം. ഈ പരാധീനതകള്‍ക്കൊക്കെ ഇടയില്‍ നിന്ന് അഞ്ചോ പത്തോ പേരെ സംഘടിപ്പിച്ചായിരിക്കും അവര്‍ ഒരു പ്രകടനത്തിനിറങ്ങുന്നത്. എത്ര കിരാതമായാണ് ഈ സമരങ്ങളോടുള്ള പോലീസിന്റെ ഇടപെടല്‍. എന്നു മാത്രമല്ല, ഒരു പെണ്‍കുട്ടിയെങ്കിലും സമരത്തിനിറങ്ങിയിട്ടുണ്ടെങ്കില്‍ അവരുടെ ഉടുതുണി കീറുന്നതിലായിരിക്കും ചില പോലീസിനു ശ്രദ്ധ. ഇതിനെല്ലാം ഒരൊറ്റ അര്‍ഥമേയുള്ളൂ, പ്രതിഷേധിക്കാന്‍ ആരിറങ്ങിയാലും അവരുടെ തലമണ്ട പൊളിച്ചിരിക്കും. അവളുമാരുടെ ഉടുതുണി കീറിയിരിക്കും.

പോലീസു തന്നെ കള്ളന്‍മാരാകുന്ന നിലവിലെ സാഹചര്യം ഇതിനു പുറമെ. ഓര്‍ക്കുക ഭരണപക്ഷത്തെ ഒരു ജനപ്രതിനിധി പരസ്യമായി പത്രക്കാരോടു പറയുന്നത് എസ് പി സ്വര്‍ണം പൊട്ടിക്കല്‍ ഗാങ്ങിലെ അംഗമാണെന്ന്. എസ്പി രൂപീകരിച്ച പ്രത്യേക പോലീസ് ടീം ഇതിനു പരിശീലനം സിദ്ധിച്ചവരാണെന്ന്. ഇത്രയും സ്വര്‍ണം പൊട്ടിക്കുന്ന എസ്പി സ്വന്തം ഔദ്യോഗിക വാസസ്ഥലത്തെ മഹാഗണിയുടെ തടി പോലും വെറുതെ വിടുന്നില്ല. അതും കക്കുന്നു. ചുരുങ്ങിയത് രണ്ട്് വേറെ എസ്പിമാരുടെ ഗുണവതിയാരങ്ങള്‍ കഥാനായകനായ എസ് പി ജനപ്രതിനിധിയോടു ഫോണില്‍ പറയുന്നു. നല്ലവരില്‍ നല്ലവനായ എംഎല്‍എ അതു റിക്കോര്‍ഡ് ചെയ്തു നാട്ടുകാരെ കേള്‍പിക്കുന്നു. എസ്പിയും എംഎല്‍എയുമെല്ലാം ഫോണ്‍ ചോര്‍ത്തിക്കൊണ്ടിരിക്കുകയാണത്രേ. പോലീസിന്റെ സകലമാല ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗോഡ്ഫാദറുണ്ടെന്ന്. നമ്മള്‍ ലാറ്റിന്‍ അമേരിക്കന്‍ നോവലൊന്നുമല്ല വായിക്കുന്നതെന്ന് സ്വയം വിശ്വസിപ്പിക്കേണ്ട തരത്തിലുള്ള വാര്‍ത്തകളാണ് പത്രത്തില്‍ നിരക്കുന്നത്.

അഴിമതിയുടെ ദുര്‍ഭൂതം പോലീസിനെ ആകമാനം കീഴടക്കിയിരിക്കുകയാണ്. ജനത്തിന് ഇക്കാര്യം വിശ്വസിക്കാന്‍ എഡിജിപി കവടിയാറില്‍ പണിയുന്ന വീടിന്റെ ചിത്രമൊന്നും കാണുകയോ അതിന്റെ എസ്റ്റിമേറ്റ് നോക്കുകയോ വേണ്ട. ഓരോ നാട്ടിലും ഒരു സാദാ കോണ്‍സ്റ്റബിള്‍ എങ്കിലുമുണ്ടെങ്കില്‍ അവരുടെ ജീവിത ശൈലി നോക്കിയാല്‍ മാത്രം മതി. ഇവരുടെ ആര്‍ഭാട ജീവിതവും സ്വന്തം ഗതികെട്ട ജീവിതവും തമ്മില്‍ മനസാ താരതമ്യം ചെയ്യാത്ത ഒരു തൊഴിലാളിയും ഒരു കര്‍ഷകനും ഒരു ചെറുകിട കച്ചവടക്കാരനും ഒരു നാട്ടിലുമുണ്ടാകില്ല. ഈ ആര്‍ഭാടജീവിതത്തിനു മുഴുവന്‍ പിന്നിലുള്ളത് അഴിമതിയുടെ പ്രതിഫലമാണെന്നു മനസിലാക്കാന്‍ സാധാരണവോട്ടര്‍ക്ക് പാഴൂര്‍ പടിപ്പുരവരെ പോകേണ്ട കാര്യമൊന്നുമില്ല. അതു കൊണ്ടാണ് പോലീസിലെ അഴിമതിയുടെ കാര്യം അന്‍വര്‍ പറയുമ്പോള്‍ വളരെ കൃത്യമായി ജനത്തിന് അതു കണക്ടഡ് ആകുന്നത്. പോലീസും ഭരണവുമെല്ലാം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു എന്നു കരുതുന്ന ജനത്തിന് തെളിവായി അന്‍വറിന്റെ ഡിറ്റക്ടീവ് സ്‌റ്റോറി മാറുന്നു.

ഇത്രയും കൊണ്ടും പോലീസിന്റെ മാഹാത്മ്യം തീരുന്നില്ലെന്ന് പറയുന്നതും അന്‍വര്‍ തന്നെ. ബിജെപിയുടെ വളര്‍ച്ച കേരളത്തിന്റെ സാമൂഹ്യഗാത്രത്തിന് എത്ര വലിയ വിപത്താണ് ഒരുക്കുന്നതെന്നു മനസിലാക്കാന്‍ തക്ക വിവേകം സാധാരണ മലയാളി തന്റെ മനസിന്റെ കല്ലച്ചില്‍ കുറിച്ചുസൂക്ഷിച്ചിരുന്നതു കൊണ്ടാണ് ഇന്നോളം ഒരു പാര്‍ലമെന്റ് അംഗം പോലും കേരളത്തില്‍ നിന്നു ഡല്‍ഹിയിലേക്ക് വണ്ടി കയറാഞ്ഞത്. അബദ്ധത്തില്‍ ഒരു തവണ നേമത്ത്, അതും ഒ. രാജഗോപാല്‍ എന്ന ബിജെപിയുടെ ഏറ്റവും സൗമ്യമുഖം ജയിച്ചതിനപ്പുറം ഒരു ബിജെപിക്കാരന്‍ പോലും കേരള നിയമസഭയില്‍ എത്താതിരുന്നത്. കോണ്‍ഗ്രസുകാരൊക്കെ നാളെ ബിജെപിയാകുമെന്നു നാഴികയ്ക്കു നാല്‍പതുവട്ടം പറയുന്ന സഖാക്കളുടെ നാട്ടിലാണ് സഖാവു തന്നെയായൊരു എംഎല്‍എ പറയുന്നത് തൃശൂരില്‍ ബിജെപിക്കു ജയിക്കാന്‍ വേണ്ട രീതിയില്‍ കളമൊരുക്കിയതു പിണറായി വിജയന്റെ മനസാക്ഷിയെന്നു പറയാവുന്ന പോലീസ് ഓഫീസര്‍ ആണെന്ന്. അതേ പോലീസ് ഓഫീസര്‍ ആര്‍എസ്എസിനും മുഖ്യമന്ത്രിക്കുമിടയിലെ പാലം പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറയുമ്പോള്‍ നിഷേധക്കുറിപ്പ് പോലും ഇറക്കാന്‍ ആരുമില്ല.

അന്‍വര്‍ കുത്തിപ്പൊട്ടിച്ച ഒരിടത്തു നിന്ന് പഴുപ്പ് പുറത്തു ചാടിയെങ്കില്‍ മറ്റു നൂറിടത്ത് കുത്തിയാലും പുറത്തു ചാടാന്‍ പഴുപ്പ് ഉണ്ടാകുമെന്നതില്‍ ജനത്തിനിന്ന് സംശയമില്ല. അത്ര മികച്ച ട്രാക്ക് റിക്കോര്‍ഡാണ് എട്ടു വര്‍ഷംകൊണ്ട് പിണറായി വിജയന്‍ സൃഷ്ടിച്ചിരിക്കുന്നത്. കുടത്തില്‍ നിന്ന് അഴിമതിയുടെ ഭൂതത്തെ പോലീസ് സേനയിലാകെ തുറന്നു വിട്ടിരിക്കുകയാണിപ്പോള്‍, ഹിംസയുടെ ഭൂതത്തെ നാട്ടിലെങ്ങും തുറന്നു വിട്ടിരിക്കുകയാണിപ്പോള്‍, അവസാനമായി വര്‍ഗീയതയുടെ ഭൂതത്തെയും തുറന്നുവിട്ടിരിക്കുന്നു. പണത്തിന്റെ രുചിയറിഞ്ഞ പോലീസും ചോരയുടെ രുചിയറിഞ്ഞ പോലീസും ഇവ രണ്ടിനുമുള്ള അറപ്പു തീര്‍ന്ന അവസ്ഥയിലെത്തിയിരിക്കുന്നു. അതിനെല്ലാം പുറമെ വര്‍ഗീയതയുടെ വിത്തെറിഞ്ഞ് വലിയ വിളവ് കൊയ്യുന്നതിന്റെ സ്വാദ് കൂടി ഇവരറിഞ്ഞാല്‍…

ചിന്തിക്കാതിരിക്കുകയാവും നല്ലത്. ഒരു കാര്യം ഉറപ്പ്, പിന്നെ കേരളം എന്നൊരു സാഹോദര്യത്തിന്റെ തുരുത്ത് ഈ രാജ്യത്തുണ്ടാവില്ല. ഈ മുന്നറിയിപ്പ് നല്‍കാനുള്ള നിയോഗം നിയതി ഏല്‍പിച്ചിരിക്കുന്നത് അന്‍വറിനെയാകുമോ. നശീകരണത്തിന്റെ ഭൂതം കുടത്തില്‍ നിന്നു പുറത്തെത്തി മേയുമ്പോള്‍ വിവേകത്തിന്റെ സ്വരം അന്‍വറില്‍ നിന്നെങ്കില്‍ അന്‍വറില്‍ നിന്ന് പുറത്തേക്കു വരട്ടെ. കാരണം കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടികളും തന്നെ മാറിമാറി കേരളം എല്ലാക്കാലത്തേക്കും ഭരിക്കേണ്ടത് ഈ നാടിനെ സ്‌നേഹിക്കുന്നവരുടെയൊക്കെ ആഗ്രഹമാണ്. ഇതിനിടയിലേക്ക് വിഭജനത്തിന്റെയും വെറുപ്പിന്റെയും വിഷവുമായെത്തുന്നവര്‍ ആത്യന്തികമായി ഈ നാട് നശിപ്പിച്ചേ പിന്‍വാങ്ങൂ. അതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു എന്നത് എത്രമേല്‍ ആശങ്കാജനകമാണ്.

തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചതിനെപ്പറ്റിയല്ല ഇവിടെ പറയുന്നത്. പകരം പത്രത്തില്‍ ചെറിയ കോളം വാര്‍ത്തയായി വന്നൊരു കാര്യത്തെക്കുറിച്ചാണ്. സിപിഎമ്മിന്റെ സമ്മേളനങ്ങള്‍ ബ്രാഞ്ച് മുതല്‍ തുടങ്ങിയിരിക്കുകയാണ്. കണ്ണൂരില്‍ പാര്‍ട്ടിക്കോട്ടയില്‍ ഒരു ബ്രാഞ്ചില്‍ സമ്മേളനത്തിന് ഒരു പ്രതിനിധി പോലും എത്തിയില്ലത്രേ. പിണറായി വിതച്ചത് പാര്‍ട്ടി കൊയ്യാന്‍ ആരംഭിക്കുന്ന നാന്ദിയായിരിക്കരുതേ ഇതെന്നു മാത്രം പ്രാര്‍ഥിച്ചു പോകുന്നു. കാരണം, ഒരു ബ്രാഞ്ചിലെ പാര്‍ട്ടി മെംബര്‍മാരുടെ വിട്ടുനില്‍ക്കല്‍ ആയിരം ബ്രാഞ്ചുകളിലേക്ക് എത്തുന്നത് ചിലപ്പോള്‍ പകര്‍ച്ചവ്യാധിയുടെ വേഗത്തിലായിരിക്കും.

അങ്ങനെയൊരു മഹാമാരിയെ അതിജീവിക്കാന്‍ ഒരു പക്ഷേ, ജനലക്ഷങ്ങളുടെ മോഹസാക്ഷാത്കാരമായ പാര്‍ട്ടിക്കു കഴിയാതെ വന്നാലോ. പശ്ചിമ ബംഗാളിലെ പോലെ മെലിഞ്ഞ് എല്ലും തോലുമായൊരു പാര്‍ട്ടിയെയല്ല കേരളത്തിനു വേണ്ടത്. കോണ്‍ഗ്രസ് ഇവിടെ ശേഷിക്കുമോ എന്നതൊരു ചോദ്യമേയല്ല, ശേഷിക്കുക തന്നെ ചെയ്യും. കാരണം കോണ്‍ഗ്രസ് വേണ്ടുവോളം തകര്‍ച്ചയും ചോര്‍ച്ചയും അതിജീവിച്ചു കഴിഞ്ഞു. പക്ഷേ, അതല്ല കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസ്ഥ. ഇതുവരെ കാല്‍ക്കീഴിലെ മണ്ണിന്റെ ചോര്‍ച്ച അറിഞ്ഞിട്ടില്ലാത്തതാണ്. ലാല്‍ ജോസിന്റെ വിക്രമാദിത്യന്‍ എന്ന സിനിമയുടെ അവസാനം ആദിത്യനോടു വിക്രമന്‍ പറയുന്ന ഡയലോഗ് ഓര്‍മിക്കുക. നീയുള്ളിടത്ത് ഞാനുമുണ്ടാകണം. എന്നാലേ ചിത്രം പൂര്‍ത്തിയാകൂ. കോണ്‍ഗ്രസ് മാത്രം പോരാ, മത്സരിച്ച് ജനക്ഷേമഭരണം നടത്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇവിടെ വേണം.

Leave a comment

Your email address will not be published. Required fields are marked *