Blog Post

Swaraj Today > News > നിലപാട് > സ്വരാജ് കേവലം മുദ്രാവാക്യമല്ല, ദരിദ്രന്റെ രാഷ്ട്രീയായുധമാണ്

സ്വരാജ് കേവലം മുദ്രാവാക്യമല്ല, ദരിദ്രന്റെ രാഷ്ട്രീയായുധമാണ്

ഗ്രാമങ്ങളിൽ ജനങ്ങൾ തമ്മിൽ ഭിന്നിപ്പില്ലെന്നും രാജ്യതന്ത്രജ്ഞന്മാരാണ് ഞങ്ങളെ ഭിന്നിപ്പിക്കുന്നതെന്നും ഗാന്ധി 1942 ൽത്തന്നെ നിരീക്ഷിച്ചിട്ടുണ്ട്. വർഗീയ വിഭജനത്തിന്റേതും വിദ്വേഷത്തിന്റേതുമായ പെരുമ്പറ കൊട്ടലുകൾ തിമിർത്തു പെയ്ത് തെല്ല് ശമിച്ചു നില്ക്കുന്ന ഇന്ത്യയുടെ രാഷ്ട്രീയാന്തരീക്ഷത്തിൽ വർദ്ധിച്ച ജാഗ്രതയും രാഷ്ട്രീയ – സാമൂഹിക ശുദ്ധിയും തേടുന്ന പ്രയത്നങ്ങൾക്ക് ഒരുപകരണമായി,
Swaraj Today ഓൺലൈൻ മാസിക പ്രസിദ്ധീകരണം ആരംഭിക്കുന്നു.

പ്രലോഭനാത്മകമായ ആധുനിക നാഗരികതക്ക് വിധേയമായ മദ്ധ്യവർഗ പ്രവണതകളാണ് പ്രശ്നങ്ങൾക്ക് മുഖ്യ കാരണമാവുന്നത്.
പക്ഷേ, ലോകഗതിയുടെ പൊതുസ്വഭാവം മദ്ധ്യവർഗത്തെ തിരസ്കരിക്കുന്നതല്ല. കമ്പോളാധിഷ്ഠിതമായ വ്യാവസായിക നാഗരികതയെ ഉൾക്കൊണ്ടും നിരന്തരം നവീകരിച്ചും മാത്രമേ നമുക്ക് മുന്നോട്ടു നീങ്ങാനാവൂ.

Swaraj Today – സ്വരാജ്‌ ടുഡെ എന്ന പ്രസിദ്ധീകരണം അഭിമുഖീകരിക്കുന്ന വർത്തമാനകാല യാഥാർത്ഥ്യങ്ങൾ വളരെ വ്യക്തമാണ്. അതേസമയം പ്രതിവിധികൾ അമൂർത്തവുമാകുന്നു.

വിഭവ സമ്പത്തിൽ നിയന്ത്രണം കൈയ്യാളുന്ന ധനശക്തികൾക്ക് അധികാര ഘടനയിലുള്ള സ്വാധീനം തന്നെയാണ് അടിസ്ഥാന പ്രശ്നം. പ്രകൃതിവിഭവങ്ങളും ഉല്പാദനോപാധികളും മിച്ചമൂല്യവും ചേർന്നതാണ് വിഭവസമ്പത്ത് . കമ്പോളമെന്ന് വിശാലാർത്ഥത്തിൽ വ്യവഹരിക്കാവുന്നത്. ഭരണകൂടാധിഷ്ഠിതമായ നിയമ വ്യവസ്ഥകൾ സങ്കേതബദ്ധമായി മാത്രമേ ചലിക്കുകയുള്ളൂ. തന്മൂലം സാമ്പത്തിക-ഭൗതിക ശക്തികൾക്കു് , കമ്പോളത്തിന് അധികാര വൃന്ദത്തെ വരുതിയിൽ നിർത്തുക എളുപ്പവുമാണ്.

ഉപഭോഗ നിരക്ക് വർദ്ധമാനമാക്കേണ്ടത് കമ്പോളത്തിന്റെ വിപണിയുടെ കുതിപ്പിന് അനിവാര്യമാകുന്നു. ഉപഭോഗവും വിപണിയും ഭൗതിക ശക്തികളുടെ വളർച്ചയും രാഷ്ട്രീയാധീശത്വവും പരസ്പരം ബന്ധിതമാകുന്നു. അടിസ്ഥാനപരമായ ഈ യാഥാർഥ്യം ഗാന്ധി തിരിച്ചറിഞ്ഞ് രൂപപ്പെടുത്തിയ രാഷ്ട്രീയ ദർശനമാണ് സ്വരാജ് .

അധികാരത്തിന്റെ പ്രയോഗരൂപങ്ങളും വിഭവ വിനിയോഗവും തന്നെയാണ് ഭൗതിക വ്യവസ്ഥയെ രൂപപ്പെടുത്തുന്നത്. ഭൗമ വ്യവസ്ഥ ആരോഗ്യത്തോടെ നിലനില്ക്കുന്നതിനും സാമ്പത്തിക – രാഷ്ട്രീയ പ്രക്രിയകളിൽ അടിസ്ഥാന ജനവിഭാഗങ്ങളുടെ പങ്കാളിത്തം സാധ്യമാക്കുന്നതിനും ഉതകുന്ന രാഷ്ട്രീയ കർമ്മ പദ്ധതിയാണ് സ്വരാജ് . വിഭവങ്ങളുടെ ഉല്പാദന – ഉപഭോഗ തലങ്ങളിലെ സാമൂഹിക നിയന്ത്രണമെന്നത് ധാർമികമായ ശരിയും വിതരണത്തിലെ നീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏറ്റവും ദുർബ്ബലരായ പൗരന്മാർക്കു കൂടി നീതി ഉറപ്പാക്കുക മാത്രമാണതിന്റെ ഉരകല്ല് .

വസന്തത്തിലെ പുഷ്പങ്ങളെപ്പോലെ എന്നും നവീനമായ രാഷ്ട്രീയ പദ്ധതിയാണ് സ്വരാജ് ദർശനം. രാഷ്ട്രീയ-ഭരണ നീതിയുടെ പ്രായോഗിക രൂപമാണത്. വഴങ്ങുന്ന ഭരണകൂടങ്ങൾ , തന്ത്രപരമായി നിരാകരിച്ചും
സ്വേച്ഛാധികാര പ്രയോഗങ്ങളിലൂടെ അടിച്ചമർത്തിയും നീതിയുടെ പക്ഷങ്ങളെ ദുർബ്ബലമാക്കുവാൻ ശ്രമിക്കും.

രൂക്ഷമാവുന്ന വിലക്കയറ്റവും തൊഴിലില്ലായ്മയും പെരുകുന്ന സാമ്പത്തിക അസമത്വവും , ദുരധികാര വാഴ്ചയും ഫാസിസ്റ്റ്‌ പ്രവണതകളും , കോർപ്പറേറ്റ് പ്രീണനവും കമ്പോളത്തിന്റെ അധിനിവേശവും …. കോർപ്പറേറ്റ് താല്പര്യങ്ങൾക്കായി വഴിവിട്ട ഭരണ നടപടികൾ . രാജ്യത്ത് ആശങ്കയേറ്റുന്ന രാഷ്ട്രീയാവസ്ഥയാണിത്. വമ്പിച്ച ജനവിഭാഗങ്ങൾ അന്യവല്കരിക്കപ്പെട്ട് പ്രാന്തങ്ങളിലേക്കും പുറമ്പോക്കുകളിലേക്കും തള്ളിനീക്കപ്പെടുന്നു. സമ്പത്തിന്റെ കുന്നുകളും ദാരിദ്ര്യത്തിന്റെ കുഴികളും ഗർത്തങ്ങളും രൂപപ്പെടുന്നു.

ഇന്ത്യയുടെ പ്രതിരോധങ്ങൾക്ക് ദിശാസൂചന നല്കുന്ന അവസ്ഥയാണിത് . ചിതറിയതെങ്കിലും ദൃഢമായ ചെറുത്തു നില്പുകൾ ഉയർന്നു വരണം. നിലപാടുകളിലെ വ്യക്തതയും നീതിയും കാമ്പാവുന്നവ. സത്യാഗ്രഹവും സഹന സമരവും തെളിമയുള്ള ജീവിതവും സാമൂഹിക ഇടപെടലുകളും രാഷ്ട്രീയമായ ജാഗ്രതയും മാത്രമാണ് വഴി . സത്യാഗ്രഹിയുടെ പാതയിൽ പ്രകാശമായി സ്വരാജ് രാഷ്ട്രീയ ദർശനം ദീപ്തമാവട്ടെ.

Leave a comment

Your email address will not be published. Required fields are marked *