Blog Post

Swaraj Today > News > വായന > കമ്പോസ്റ്റില്‍ നിന്നു നിന്നെ ഞങ്ങള്‍…

കമ്പോസ്റ്റില്‍ നിന്നു നിന്നെ ഞങ്ങള്‍…

ദാര്‍ശനികയും പാരിസ്ഥിതിക ആധ്യാത്മികതയുടെ വക്താവും സോള്‍ലാന്‍ഡ് എന്ന കൂട്ടായ്മയുടെ സ്ഥാപകയുമായ ആസുള്‍ തോം പോപ്പ് ഫ്രാന്‍സിസിന് നിവേദിക്കുന്ന കാവ്യാത്മകമായ യാത്രാമൊഴിയുടെ മലയാളത്തിലേക്കുള്ള മൊഴിമാറ്റവും അതിനൊപ്പം നല്‍കിയിരിക്കുന്ന ഏറെ അര്‍ഥതലങ്ങളുള്ള ചിത്രവും

അധികാരത്തിന്റെ ഇടനാഴികളില്‍
ആവരണങ്ങളില്ലാത്ത വെറും കാലുമായി
കടന്നുപോയവന് പ്രണാമം.
അരമന വിട്ട് ആളുകളിലേക്കിറങ്ങിയവന്‍
ഇതാ മരിച്ചിരിക്കുന്നു.

മണ്ണിനു പ്രിയന്‍,
മേലങ്കിയണിഞ്ഞ സോദരന്‍,
ജന്മം കൊണ്ടവന്‍ മുട്ടിത്തുറന്നത്
കൊട്ടിയടയ്ക്കാന്‍ ഒരു സാമ്രാജ്യത്തിനും
കഴിയാത്ത വാതില്‍.

പാവപ്പെട്ടവന്റെ പാപ്പ.
തടവുകാരുടെ പാദങ്ങളിലാണ് നീ ചുംബിച്ചത്.
പൊന്നിനെ നിഷേധിച്ച് ധൂളിയെ പുണര്‍ന്നവന്‍.
ആര്‍ക്കും മേലെയല്ലാതെ, ഏതു ചെറിയവനുമൊപ്പം.

അധികാരത്തിന്റെ തളങ്ങളില്‍ പറഞ്ഞുകൂടാത്തവയാണ്
നീ പറഞ്ഞതൊക്കെയും.
മുതലാളിത്തത്തെ വിളിക്കാന്‍ നിനക്കു ഭംഗിവാക്കുകളില്ല.
പിഴുതെടുക്കല്‍, വിശുദ്ധി കെടുത്തല്‍,
ഭൂമിയുടെയും മനുഷ്യന്റെയും മെല്ലെയുള്ള ക്രൂശിക്കല്‍-
അതിന്റെ തനിപ്പേരില്‍ തന്നെ നീ വിളിച്ചതിങ്ങനെ.

നിന്റെ കൈകളില്‍ വാളായിരുന്നില്ല,
നീയുയര്‍ത്തിയതൊരു കണ്ണാടി.
എന്നിട്ടും രാജാധികാരങ്ങള്‍ വിറകൊണ്ടു.
മുറിവേറ്റവര്‍ക്കൊപ്പമായിരുന്നു നീയിരുന്നത്-
ഓരോ മുറിവിനെയും പേരിട്ടു വിളിച്ചുകൊണ്ട്.
മറുകാഴ്ചകളിലേക്ക് നിന്റെ കണ്ണുകളോടിയില്ല.
മണ്ണിലടങ്ങുന്ന വിശുദ്ധിയെക്കുറിച്ച് നിന്റെ ധീരസ്വരം.
ഭൂമി നിനക്ക് നമ്മുടെ പൊതുവായ വീട്.
അങ്ങനെ നീ വിളിച്ചത് വെറുമൊരു രൂപകമായല്ല,
ഒരമ്മ തന്റെ വീടിനെക്കുറിച്ചു പറയുമ്പോലെ.

പള്ളി മറന്നതെന്തോ അതിനെ നീ ഓര്‍മിപ്പിച്ചു-
മരങ്ങള്‍ക്കിടയിലാണ് ദൈവം സഞ്ചരിച്ചതെന്ന്.
മലിനമായ നദികളിലാണ് പരിശുദ്ധാത്മാവ് വിതുമ്പുന്നതെന്ന്.
കമ്പോസ്റ്റ് കൂനയിലാണ് ഉത്ഥാനം തുടങ്ങുന്നതെന്ന്.
നിശബ്ദരാക്കപ്പെട്ടവര്‍ക്കൊപ്പം നീയും നിന്നു.

പടിഞ്ഞാറിന്റെ പാപങ്ങളെ-
ആര്‍ത്തിയെ, കീഴടക്കലിന്റെ യുക്തിയെ, ആണവ സുവിശേഷത്തെ-
പേരുചൊല്ലി വിളിക്കാന്‍ നിനക്കു ധൈര്യം.
വിധേയനാകാനുള്ള നിന്റെ വിമുഖതയ്ക്കു മുന്നില്‍
വത്തിക്കാന്‍ വിറപൂണ്ടു.
നിനക്കു തൊങ്ങലുകളുമായി സ്ഥാപനങ്ങള്‍ വരിനിന്നു.
എന്നിട്ടും കരുണയുടെ, നഷ്ടസാധ്യതകളുടെ,
വിനീതമായ നിഷേധത്തിന്റെ
നിലപാടുകളായിരുന്നു നിനക്കു തിരുവസ്ത്രം.

ഇല്ല, നിന്നെ വിശുദ്ധഗണത്തിലേക്കുയര്‍ത്താന്‍ ഞങ്ങളില്ല,
പകരം ഞങ്ങള്‍ നിനക്കൊപ്പം നടക്കാം.
ഞങ്ങള്‍ നിനക്കു തുടര്‍ച്ചകളാകാം.
ഇതാകട്ടെ നിനക്കുള്ള വാഴ്ത്തുമൊഴി-
പൊന്നും മീറയുമല്ല, പകരം വിത്തുകള്‍
കുന്തിരിക്കമല്ല, പകരം ഉണര്‍ന്നെഴുന്നേല്‍ക്കല്‍
സ്മാരകങ്ങളല്ല, പകരം പുതുചലനങ്ങള്‍.

നീ പോയിട്ടേയില്ല.
നീയിപ്പോള്‍ കമ്പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്.
കമ്പോസ്റ്റ് വിശുദ്ധമാണ്.
വിശുദ്ധമായ ചെറുത്തുനില്‍പിന്റെ വേരുകളിലാണിനി നീ.
നീതിയെ നടുന്ന ഓരോ കൈകളിലുമാണിനി നീ.
മറുലോകം സാധ്യമാണെന്നല്ല, മറുലോകം വന്നുകഴിഞ്ഞെന്നു
വിളിച്ചുപറയുന്ന ധീരര്‍ക്കൊപ്പമാണിനി നീ.
ഇതാ, മറുലോകം ഉയിര്‍ക്കുകയാണ്.

പാവപ്പെട്ടവരുടെ പ്രവാചകാ,
നീ കമ്പോസ്റ്റായി ഇളവേല്‍ക്കുക.
നിന്നെ ഞങ്ങള്‍ അവിടെനിന്നെടുത്തുകൊള്ളാം.

മൊഴിമാറ്റം: നെമി ജോര്‍ജ്

Leave a comment

Your email address will not be published. Required fields are marked *