റഷ്യയിലെ ഒരു ബിയര്‍ ബ്രാന്‍ഡ് തങ്ങളുടെ ലഹരിക്കുപ്പിക്കു പുറത്ത് മഹാത്മ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത് കലാകാരനായൊരു സുഹൃത്താണ് ഷെയര്‍ ചെയ്തു തരുന്നത്. മദ്യ കമ്പനിയുടെ ഈ നടപടി വ്യാപകമായ പ്രതിഷേധമുണര്‍ത്തി, അതോടൊപ്പം ഗാന്ധിചിത്രം സഹിതമുള്ള ലേബല്‍ വൈറലായി മാറുകയും ചെയ്തു. ഈ ലേബല്‍ എനിക്ക് ഷെയര്‍ ചെയ്തു തന്ന ആര്‍ട്ടിസ്റ്റ് അതോടൊപ്പം സൂചിപ്പിച്ചത് വളരെ കൃത്യമായ കാര്യമാണ്-‘ഇത് കലയുടെ മേല്‍ തന്നെയുള്ള അതിക്രമമാണ്.’ പിന്നീടും തുടരെയെത്തിയ സന്ദേശങ്ങളുടെ സ്വരവും ഇതു തന്നെയായിരുന്നു.
അസ്വസ്ഥതാ ജനകമായ ഈ നടപടിയെ ഒരു ഒറ്റപ്പെട്ട കാര്യമായി കണക്കാക്കാനാവില്ല. മദ്യനിരോധനത്തിന്റെയും മദ്യവര്‍ജനത്തിന്റെയും കാര്യത്തില്‍ അര്‍ഥശങ്കയ്ക്കിടയില്ലാത്ത നിലപാടായിരുന്നു ഗാന്ധിയുടേതെങ്കിലും മദ്യവുമായി ബന്ധപ്പെട്ട് ഗാന്ധിയുടെ ചിത്രം ഉപയോഗിക്കപ്പെടുന്നത് ആദ്യമായല്ല. അതുപോലെ, പ്രചാരണ പരസ്യങ്ങളിലും വാണിജ്യതാല്‍പര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഗാന്ധിയുടെ ചിത്രം ഉപയോഗിക്കുന്നതും പലപ്പോഴും സംഭവിക്കുന്നു. ഇപ്പോള്‍ വിവാദമായിരിക്കുന്ന പരസ്യം നല്‍കിയിരിക്കുന്ന മദ്യനിര്‍മാണ സ്ഥാപനം ഗാന്ധിയുടെ രാജ്യാന്തര തലത്തിലുള്ള സ്വീകാര്യതയുടെ അരികുപറ്റി പ്രയോജനമെടുക്കാനായിരിക്കും ഉദ്ദേശിച്ചിരിക്കുക. എന്നാല്‍ അദ്ദേഹത്തിന്റെ മഹത്തായ പൈതൃകത്തോട് എത്രമാത്രം അനാദരവും കാലുഷ്യവുമാണ് ബന്ധപ്പെട്ടവര്‍ കാട്ടുന്നതെന്ന കാര്യത്തെ തന്നെയാണ് ഈ കടുംകൈ ഓര്‍മപ്പെടുത്തുന്നത്. ഗാന്ധിയുടെ ചിത്രങ്ങളും മൂല്യവും അങ്ങേയറ്റത്തെ ആദരവോടും കുലീനതയോടും കൂടി മാത്രമേ ഉപയോഗിക്കാവൂ എന്നത് നിസ്തര്‍ക്കമാണ്. ഒരു കാരണവശാലും അദ്ദേഹത്തിന്റെ തത്വങ്ങള്‍ക്കു വിരുദ്ധമായ കാര്യങ്ങളുടെ പ്രചാരണത്തിനും വാണിജ്യപരമായ മെച്ചങ്ങള്‍ക്കും വേണ്ടി ഇവ ഉപയോഗിച്ചു കൂടാ.
മദ്യപരസ്യവുമായി ബന്ധപ്പെട്ട കാര്യത്തില്‍ നിര്‍ബന്ധമായും പ്രതിഷേധം ഉയരേണ്ടതുണ്ട്. എന്നാല്‍ കേവലമായ പ്രതിഷേധം കൊണ്ടു പ്രതികരണം അവസാനിച്ചു കൂടാ. മദ്യം സംബന്ധിച്ചും അതിന്റെ അപകടകരമായ ഫലങ്ങള്‍ സംബന്ധിച്ചുമുള്ള ഗാന്ധിയുടെ കാഴ്ചപ്പാടുകള്‍ ജനസമക്ഷമെത്തിക്കുന്നതിനും ഇതിനൊപ്പം പ്രാധാന്യം നല്‍കേണ്ടതുണ്ട്. തന്റെ ജീവിതകാലമത്രയും ഗാന്ധി മദ്യത്തിന്റെ ഉപയോഗത്തെ നിശിതമായി എതിര്‍ക്കുകയും മാനവധാര്‍മികതയെ നശിപ്പിക്കുന്ന വസ്തുവായി മാത്രം അതിനെ കാണുകയം ചെയ്തയാളാണ്. ‘മദ്യം സാത്താന്റെ കണ്ടുപിടുത്ത’മാണെന്ന അതിശക്തമായ നിലപാടാണ് തന്റെ രചനകളില്‍ ഗാന്ധി മുന്നോട്ടു വച്ചത്. വ്യക്തികളിലും സമൂഹത്തിലും മദ്യം ചെലുത്തുന്ന നശീകരണാത്മകമായ സ്വാധീനമെന്തെന്ന് നേരിട്ടു കണ്ടു ബോധ്യപ്പെട്ടിട്ടുള്ളയാളുമാണ് ഗാന്ധി. അടിസ്ഥാനപരമായ വകതിരിവുകളെ വിസ്മരിക്കുന്നതിനും യുക്തിസഹമായ പ്രവര്‍ത്തനങ്ങളെ നശിപ്പിക്കുന്നതിനും മദ്യം എങ്ങനെയാണ് ഇടയാക്കുന്നതെന്ന കാര്യം അദ്ദേഹത്തിനു തികഞ്ഞ ബോധ്യമുള്ളതായിരുന്നു.
മദ്യനിരോധനത്തോടുള്ള ഗാന്ധിയുടെ പ്രതിബദ്ധത അശേഷം ഇളക്കമില്ലാത്തതു തന്നെയായിരുന്നു. 1931-ല്‍ അദ്ദേഹം യംഗ് ഇന്ത്യയില്‍ ഇങ്ങനെ എഴുതി. ‘കേവലം ഒരു മണിക്കൂര്‍ സമയത്തേക്ക് ഇന്ത്യയുടെ സര്‍വാധികാരിയായി നിയമിക്കപ്പെടുകയാണെങ്കില്‍ ഞാന്‍ ആദ്യമായി ചെയ്യാന്‍ പോകുന്ന കാര്യം യാതൊരു പ്രതിഫലവും നല്‍കാതെ ഇന്ത്യയിലെ മുഴുവന്‍ മദ്യശാലകളും അടച്ചുപൂട്ടുകയായിരിക്കും.’ മദ്യത്തിനു ബദലെന്ന നിലയില്‍ ഫാക്ടറി ഉടമകള്‍ തൊഴിലാളികള്‍ക്കു നിര്‍ദോഷമായ പാനീയങ്ങളും വിനോദോപാധികളും ലഭ്യമാക്കുകയും മാനവികമായ ജീവിത സാഹചര്യങ്ങളുമൊരുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം വിശ്വസിച്ചു.
1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ നിയമത്തിന്റെ പിന്‍തുടര്‍ച്ചയായി ഇന്ത്യയിലെ വിവിധ പ്രവിശ്യകളില്‍ 1937-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലെത്തിയിരുന്നു. അവിടെയൊക്കെ വിദ്യാഭ്യാസ സംബന്ധിയായ ചെലവുകളെ നേരിടുന്നതിന് ആകെകൂടി ലഭ്യമായ വരുമാനസ്രോതസ് മദ്യവില്‍പനയിലൂടെ ലഭിക്കുന്ന എക്‌സൈസ് വരുമാനമാണെന്ന വസ്തുത അദ്ദേഹത്തെ തെല്ലൊന്നുമല്ല അസ്വസ്ഥനാക്കിയത്. അതേ തുടര്‍ന്ന് അദ്ദേഹം ഇങ്ങനെ വിലപിക്കുകയാണുണ്ടായത്. ‘പുതിയതായി നടപ്പില്‍ വന്ന പരിഷ്‌കാരങ്ങളുടെ ഏറ്റവും ക്രൂരമായ വിരോധാഭാസം എന്തെന്നാല്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി നമ്മുടെ പക്കല്‍ മദ്യം വിറ്റു ലഭിക്കുന്ന വരുമാനമല്ലാതെ മറ്റൊന്നുമില്ല എന്നതാണ്.’ ഈ തിരിച്ചറിവില്‍ നിന്നാണ് അടിസ്ഥാന വിദ്യാഭ്യാസം എന്ന പേരില്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വാശ്രയ സമ്പ്രദായം എന്നൊരു പുതിയ രീതി വികസിപ്പിക്കുന്നതിനു ഗാന്ധി തീരുമാനിക്കുന്നത്. മദ്യവ്യവസായത്തില്‍ നിന്നു ലഭിക്കുന്ന മലിനമായ വരുമാനം വിദ്യാഭ്യാസത്തിനായി ഉപയോഗിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതായിരുന്നു ഈ വിദ്യാഭ്യാസ പദ്ധതി.
ഗാന്ധി മദ്യനിരോധനത്തിന്റെ അതിശക്തനായ വക്താവിയിരുന്നു. എന്നു മാത്രമല്ല, മദ്യത്തിന്റെ നശീകരണ സ്വഭാവത്തെക്കുറിച്ച് വളരെയേറെ ഊന്നിപ്പറയുക കൂടി ചെയ്തു പോന്നു. മദ്യം വ്യക്തികളില്‍ നിന്ന് യുക്തിയെയും ധാര്‍മികതയെയും മനുഷ്യാന്തസിനെ തന്നെയും കവര്‍ന്നെടുക്കുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. മദ്യാസക്തിയുടെ ചങ്ങലക്കെട്ടുകളില്‍ നിന്ന് സ്വതന്ത്രരായ വ്യക്തികള്‍ അധിവസിക്കുമ്പോഴാണ് ഇന്ത്യ സമൃദ്ധി കൈവരിക്കുന്നതെന്ന ദര്‍ശനമായിരുന്നു ഗാന്ധിക്കുണ്ടായിരുന്നത്.
അതിനാല്‍ കേവലമായി റഷ്യയിലെ ബിയര്‍ ബ്രാന്‍ഡിനെ അപലപിക്കുക മാത്രമല്ല വേണ്ടത്, അതിനൊപ്പം ഗാന്ധിയുടെ സന്ദേശങ്ങളെ നാം ഉയര്‍ത്തിപ്പിടിക്കുക കൂടി ചെയ്‌തേ തീരൂ. അതിനാല്‍ മദ്യപാനശീലത്തിന്റെ അപകടങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ആരോഗ്യജീവിതത്തെ ഒരു സംസ്‌കാരമായി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യാം. കേവലമായ പ്രതിഷേധത്തിനപ്പുറം അര്‍ഥപൂര്‍ണമായ കര്‍മപദ്ധതിയിലേക്കു ശ്രദ്ധ തിരിക്കുക കൂടി ചെയ്യേണ്ട സന്ദര്‍ഭമാണിത്. ബദല്‍ ബോധവല്‍ക്കരണത്തിനും ഗാന്ധിയന്‍ മൂല്യങ്ങളുടെ പ്രചാരണത്തിനും എല്ലാവര്‍ക്കും ഭേദപ്പെട്ട ഭാവിജീവിതം ഉറപ്പാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഇപ്പോഴത്തെ സാഹചര്യത്തെ നമുക്ക് ഉപയോഗപ്പെടുത്താം.
(മഹാരാഷ്ട്രയിലെ വാര്‍ധയില്‍ പ്രവര്‍ത്തിക്കുന്ന സേവാഗ്രാം ആശ്രം പ്രതിഷ്ഠാനില്‍ ശ്രീ ജംനലാല്‍ ബജാജ് മെമ്മോറിയല്‍ ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ഡയറക്ടറാണ് ലേഖകന്‍. ഇമെയില്‍: directorjbmlrc@gmail.com)