ഞാന്‍ നിങ്ങള്‍ക്കൊരു രക്ഷാമന്ത്രം നല്‍കാം. എപ്പോള്‍ നിങ്ങള്‍ സന്ദേഹത്തിലാകുന്നുവോ, എപ്പോള്‍ സ്വയംബോധം നിങ്ങളില്‍ അധികരിക്കുന്നുവോ, അപ്പോള്‍ ഇങ്ങനെയൊരു പരിശോധന നടത്തുക. അന്നോളം നിങ്ങള്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും നിസ്വനും ഏറ്റവും ബലഹീനനുമായ മനുഷ്യനെ മനസില്‍ സങ്കല്പിച്ചുകൊണ്ട് സ്വയം ആരായുക ഇപ്പോള്‍ ചെയ്യാന്‍ പോകുന്ന കാര്യം ഇയാള്‍ക്ക് പ്രയോജനപ്രദമാണോ, ഇയാള്‍ക്ക് മെച്ചമുണ്ടാകുന്നതാണോ.
(പൊതുപ്രവര്‍ത്തകര്‍ക്കായി ഗാന്ധിജി മുന്നോട്ടുവയ്ക്കുന്ന രക്ഷാസൂത്രം)
നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായതിനു ശേഷമുള്ള പന്ത്രണ്ടാമത്തെ ബജറ്റ്, മോദി 3.0 യുടെ ആദ്യ പൂര്‍ണ ബജറ്റ്, നിര്‍മല സീതാരാമന് എന്ന ധനകാര്യമന്ത്രിയുടെ റെക്കോഡ് സ്ഥാപിച്ച എട്ടാമത്തെ ബജറ്റ്-പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടിട്ട് ഇന്നേക്ക് അഞ്ചു ദിവസമാകുന്നു. ആസ്ഥാന വിശകലന വിദഗ്ധര്‍ക്കെല്ലാം ബജറ്റ് പഴകിയ വാര്‍ത്തയും അതു നിരത്തിയ പത്രക്കടലാസുകള്‍ക്ക് ടിഷ്യു പേപ്പറിന്റെ വിലയുമായി കഴിഞ്ഞു. എന്നാല്‍ പാവം ഇന്ത്യക്കാര്‍ ബജറ്റിന്റെ ദുരന്തങ്ങളിലേക്ക് ഇനിയാണ് ഉണരാനിരിക്കുന്നത്. ഇനി ഓരോ ദിനവും ബജറ്റിന്റെ ദുരിതങ്ങള്‍ അറിയുന്നതാവും.
ദരിദ്ര ഇന്ത്യയ്ക്കോ ഗ്രാമീണ ഇന്ത്യയ്ക്കോ കാര്‍ഷിക ഇന്ത്യയ്ക്കോ കാര്യമായ എന്തെങ്കിലും മെച്ചങ്ങള്‍ ഈ ബജറ്റില്‍ നിന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നുവോ? ഒരിക്കലും ഇല്ല എന്നു തന്നെയാണ് ഉത്തരം. കാരണം ബജറ്റ് അവതരിപ്പിക്കുന്നത് കോര്‍പ്പറേറ്റ് ദാസ്യത്തിന്റെ സര്‍വ പൊറാട്ട് നാടകങ്ങളിലും ബെസ്റ്റ് ആക്ടര്‍ പ്രൈസ് വാങ്ങാന്‍ തക്ക യോഗ്യതയുള്ളവരാണ്. സ്വകാര്യ മൂലധന ശക്തികളെയും സ്വന്തം പിണിയാളുകളെയും നിര്‍ലജ്ജം പോറ്റി വളര്‍ത്താന്‍ സര്‍വ പ്രകൃതിവിഭവങ്ങളും പൊതു നീക്കിയിരുപ്പുകളും തീറെഴുതുന്നവരാണ്. ഈ അവസാനത്തെ ഇന്ത്യക്കാരനു വരെ ക്ഷേമം എന്ന സങ്കല്പത്തെ തന്നെ, പണ്ടൊരു വൃദ്ധഹൃദയത്തെ നിറയൊഴിച്ചു തകര്‍ത്തതു പോലെ, പോയിന്റ് ബ്ലാങ്കില്‍ വീഴ്ത്തിയവരാണ്. എന്നിരിക്കിലും പുകയും പൊടിയും അടങ്ങിയ വേളയില്‍ ബജറ്റ് കസര്‍ത്തിനെക്കുറിച്ച് ഏതാനും ചിന്തകള്‍.
ഓര്‍ക്കുക, മൊത്തം ദേശീയ ഉല്പാദനത്തിന്റെ (ജിഡിപി) എണ്പതു ശതമാനത്തിനടുത്താണ് പൊതു കടം. ഗവണ്മെന്റിന്റെ മൊത്തം വരുമാനത്തിന്റെ നാലിലൊന്നും പലിശയടയ്ക്കുന്നതിനു മാത്രമായി ചെലവാക്കേണ്ടി വന്നിരിക്കുകയുമാണ്. വലിയ സാമ്പത്തിക വീമ്പടി നടത്തുന്ന രാജ്യം ഇനിയും 15 ലക്ഷം കോടി രൂപ കടമെടുക്കാന്‍ പോകുകയാണ്. അതായത് ഇന്ത്യ കൂടുതല്‍ കടക്കാരനാവുകയാണ്. ഈ കൂനൊക്കെ അറിഞ്ഞേ നിര്‍മല സീതാരാമനു ഞെളിയാനാവുകയുള്ളൂ എങ്കിലും അടുത്ത വര്‍ഷത്തെ ബജറ്റില്‍, അതായത് 2026-27 ലെ ബജറ്റിലെങ്കിലും ധനക്കമ്മി 4.5 ശതമാനത്തിനു താഴെയെത്തിക്കണമെന്നു കിനാവു കാണുന്നതിനു ധനമന്ത്രിക്കായാലും വിശേഷാല്‍ നികുതിയൊന്നു കൊടുക്കേണ്ടല്ലോ.
പാവപ്പെട്ടവന്റെ ഇന്ത്യയ്ക്ക് 2006 ഫെബ്രുവരി മുതല്‍ ഏറ്റവും വലിയ കൈത്താങ്ങായിരുന്നതും പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയ്ക്കു മേല്‍ വകയിരുത്തപ്പെട്ടിരുന്നതുമായ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ഈ ബജറ്റിലും പ്രതീക്ഷയ്ക്കു വകയൊന്നുമില്ല. ആകെ കൂടി വകയിരുത്തിയിരിക്കുന്നത് 86000 കോടി രൂപ മാത്രം. കഴിഞ്ഞ ബജറ്റിലും കൃത്യമായും ഇതേ തുക തന്നെയായിരുന്നു നിര്‍മല സീതാരാമന് ഈയിനത്തില്‍ വകയിരുത്തിയിരുന്നത്. എന്നാല്‍ ജൂലൈ മുതല്‍ മാര്‍ച്ച് വരെ മാത്രം കാലയളവുണ്ടായിരുന്ന ആ ബജറ്റ് പോലെയല്ലല്ലോ ഇപ്പോഴത്തെ പൂര്‍ണ ബജറ്റ്. ഇതിനു മുമ്പ് അവതരിപ്പിച്ച അവസാന പൂര്‍ണ ബജറ്റായ 2023-24ലെ ബജറ്റില്‍ പോലും 89154 കോടി രൂപ അനുവദിച്ചിരുന്നതാണെന്നോര്ക്കുക.
ഈ അവസാനത്തെ ഇന്ത്യക്കാരന് എന്നല്ല, ശരാശരിക്കു താഴെയോ ശരാശരി രേഖയിലോ നില്ക്കുന്ന ഒരോ ഇന്ത്യക്കാരനും അറിയുക, തൊഴിലുറപ്പു പദ്ധതിയില്‍ മാത്രമല്ല, സാമൂഹ്യ സേവന മേഖലയില്‍ ചെലവഴിക്കുന്ന തുകയുടെയും അഞ്ചു ശത്മാനം വെട്ടിക്കുറച്ചിട്ടുണ്ട്. ദുര്‍ബല ജനവിഭാഗങ്ങള്‍ക്കു കിട്ടുന്ന സേവനങ്ങളാണ് ഇതുമൂലം ഇല്ലാതാകാന്‍ പോകുന്നത്. ഭവന നിര്‍മാണത്തിനുള്ള ചെലവിലും 4 ശതമാനത്തിന് മേല്‍ വെട്ടിക്കുറച്ചിട്ടുണ്ട്. പട്ടിക വര്‍ഗ, ജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനായി നീക്കിവയ്ക്കുന്ന തുകയിലെ കുറവ് മൂന്നു ശതമാനം. കുറവു ചെയ്തിരിക്കുന്ന തുകയുടെ കണക്കുകള്‍ വായിക്കുമ്പോള്‍ ഓര്‍ക്കേണ്ട മറ്റൊരു കാര്യം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദരിദ്രര്‍, 24 കോടിയോളം പേര്, ഇന്ത്യയിലാണുള്ളത്. നൂറില്‍ താഴെ വന്‍കിട കോര്‍പ്പറേറ്റുകളുടെയോ വെറും അഞ്ചു കോടി മാത്രം വരുന്ന മധ്യവര്‍ഗക്കാരുടെയോ (ആദായനികുതി കുറവിന്റെ മെച്ചങ്ങള്‍ അക്കമിട്ടു നിരത്തിയ സംഘവിദഗ്ധര് പറഞ്ഞ കണക്ക്) ഇന്ത്യയല്ല ഭരണനേട്ടത്തിന്റെ ഉരകല്ലായി മാറേണ്ടത്. പണ്ടു മൂന്നു വെടിയുണ്ടയില്‍ നെഞ്ചിന്‍കൂട് തകര്‍ന്നു മരിച്ചൊരു മഹാത്മാവ് ചൂണ്ടിക്കാണിച്ചതു പോലെ ഈ അവസാനത്തെ ഇന്ത്യക്കാരനാണ് ബജറ്റില്‍ എന്നല്ല, ഭരണത്തിന്റെ ഓരോ ഘട്ടത്തിലും ഉരകല്ലായി മാറേണ്ടത്.
സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന ജനവിഭാഗങ്ങളുടെ, വിശേഷിച്ചും ദരിദ്രര്‍, ചെറുപ്പക്കാര്‍, കര്‍ഷകര്‍, വനിതകള്‍ എന്നിവരുടെ, നെടുനാളായുള്ള ആവശ്യങ്ങളില്‍ പലതിനോടും ബജറ്റിന്റെ സമീപനമെന്താണ്. ഈ വിഭാഗക്കാരുടെ വോട്ടുകള്‍ അടപടലം പെട്ടിയില്‍ വീണതിന്റെ ഫലം കൂടിയാണല്ലോ മോദി 3.0. കാര്യമാത്രപ്രസക്തമായതൊന്നും നിര്‍മല സീതാരാമന്റെ ചുവന്ന ഫയലില്‍ നിന്ന് ഇക്കൂട്ടര്‍ക്കായി പുറത്തേക്കു വരുന്നില്ല എന്നതാണ് വാസ്തവം. ഇതിനൊരു അപവാദം പറയാനുള്ളത് ഇനി ഉടന്‍ തിരഞ്ഞെടുപ്പ് വരുന്ന സംസ്ഥാനമായ ബീഹാറിനു വാരിക്കോരി നല്‍കിയിരിക്കുന്ന ആനുകൂല്യങ്ങളാണ്. അതിനെ പൊതുവായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഇന്ത്യക്കാരോടുള്ള അനുകൂല സമീപനമായി കാണേണ്ടതില്ല, പകരം തിരഞ്ഞെടുപ്പുകാല സുഖിപ്പിക്കലുകളിലൊന്ന് എന്നു മാത്രം കരുതേണ്ട കാര്യമേയുള്ളൂ.
ആദായ നികുതിയില്‍ വരുത്തിയ കുറവാണല്ലോ നാടായ നാടു മുഴുവന്‍ കൂലിയെഴുത്തുകാരും വാമൊഴിപ്പാട്ടുകാരും ബജറ്റിന്റെ മഹത്വമായി എടുത്തു പറഞ്ഞുകൊണ്ടിരിക്കുന്നത്. മാസം ഒരു ലക്ഷം വരെ ശമ്പളം വാങ്ങുന്ന ഭദ്രലോഗിനും അവര്‍ക്കൊപ്പം ഐടി റിട്ടേണുകളില്‍ കനമുള്ള തുകയെഴുതുന്ന മധ്യവര്‍ഗത്തിനും ഇതു സന്തോഷം പകരുന്ന കാര്യമാണെന്നതില്‍ തര്‍ക്കമില്ല. ഇതിലൂടെ സര്‍ക്കാര്‍ നഷ്ടപ്പെടുത്തുന്ന പണത്തിലുമധികം ഇക്കൂട്ടരുടെ അധിക ചെലവഴിക്കലില്‍ പരോക്ഷ നികുതിയായി സര്‍ക്കാരിന്റെ ഖജനാവില്‍ തന്നെയെത്തുമെന്ന യാഥാര്‍ഥ്യം പോലും മാറ്റിവച്ച് ചിന്തിക്കേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. കഴിഞ്ഞ ധനകാര്യ വര്‍ഷത്തില്‍ എട്ടു ശതമാനം ജിഡിപി വളര്‍ച്ചയുണ്ടായിരുന്നത് ഇപ്പോള്‍ 5.4 ശതമാനമായി കുത്തനെ കുറഞ്ഞിരിക്കുന്നു. ഡോളറുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ വില നാളിതു വരെയില്ലാത്ത തകര്‍ച്ചയെ നേരിടുന്നു. ഇന്ത്യയിലെ തൊഴിലില്ലായ്മയാണെങ്കില്‍ കേരളത്തിലെ മൊത്തം ജനസംഖ്യയെക്കാള്‍ അധികമാണ്. നാണയപ്പെരുപ്പം, ഭക്ഷ്യവില വര്‍ധനവ് ഒക്കെയും ഗുരുതരമായ അവസ്ഥയില്‍ തുടരുന്നു. ഇന്ത്യയിലെ കമ്പോളങ്ങളില്‍ മധ്യവര്‍ഗം കാശുമുടക്കാന്‍ മടിച്ചു നില്‍ക്കുകയാണ്. ഇവരെക്കൊണ്ടു കാശു മുടക്കിക്കുകയാണ് നിര്‍മലാജിയുടെ ഉദ്ദേശ്യം. കമ്പോളത്തില്‍ കാശിറക്കുക എന്നു പറഞ്ഞാല്‍ അത്രയും ജിഎസ്ടി അടപ്പിക്കുക എന്നതാണ്.
ഇതിനു മറ്റൊരു വശം കൂടിയുണ്ട്. ബജറ്റിനു മുന്നോടിയായി പുറത്തിറക്കുന്ന ഇക്കണോമിക് സര്‍വേ പറയുന്നത് ശമ്പളം പോലെ നേരിട്ടു പണം കൈപ്പറ്റുന്നവരില്‍ 77 ശതമാനം ആള്‍ക്കാരും അതില്‍ 44% ഭക്ഷ്യാവശ്യത്തിനായും 31% കടങ്ങളുടെ തിരിച്ചടവ് പോലെയുള്ള കാര്യങ്ങള്‍ക്കും വിനിയോഗിക്കുന്നു എന്നാണ്. അതായത് ശമ്പളക്കാരുടെ വരുമാനത്തിന്റെ നൂറില്‍ എഴുപത്തഞ്ചൂ രൂപയും സമകാലിക സാമ്പത്തികശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലുള്ള പ്രത്യുല്പാദനപരമല്ലാത്ത മേഖലകളിലാണ് വിനിയോഗിക്കപ്പെടുന്നത്. പ്രത്യുല്പാദനപരമായ, അതായത് കൃഷി പോലെയുള്ള പ്രഥമ മേഖല, വ്യവസായം പോലെയുള്ള ദ്വിതീയ മേഖല എന്നിവയിലൊന്നും ശമ്പളക്കാരന്റെ വരുമാനം കാര്യമായി വരുന്നതേയില്ല. അതുകൂടാതെ വികസിത് ഭാരത് ഏതു രീതിയില്‍ നടപ്പാകുമെന്നാണ് നിര്‍മലാജിയുടെ സ്വപ്നം. ചുരുക്കത്തില്‍ നികുതി സ്ലാബുകള്‍ക്കനുസരിച്ച് ഒടുക്കേണ്ട നികുതിയില്‍ കുറവു വരുത്തിയെങ്കില്‍ പോലും അതില്‍ നിന്നു കാര്യമായ ദമ്പിടിയൊന്നും നാടിന്റെ വളര്‍ച്ചയ്ക്കു വേണ്ടി കിട്ടിയേക്കില്ലായെന്നു സാരം.
വാണിജ്യമേഖലയില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളാണല്ലോ ആദായനികുതിയിളവ് കഴിഞ്ഞാല്‍ വാഴ്ത്തുപാട്ടുകള്‍ക്ക് ഏറ്റവുമധികം വിഷയമായിരിക്കുന്നത്. ഇതിനൊപ്പം മറ്റൊരു സമകാലിക സാഹചര്യത്തിനു പശ്ചാത്തല പരിഗണന കൊടുത്തേ മതിയാകൂ. ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി ചുമതലയേറ്റെടുക്കുന്നത് തന്നെ ഇന്നോളം ലോകം കണ്ടിട്ടില്ലാത വാണിജ്യയുദ്ധത്തിന്റെ ജ്യോഗ്രഫിക്കല്‍ വാറിന്റെയും കേളികൊട്ടുമായാണ്. ട്രംപിന്റെ ഒന്നാമത്തെ ഭീഷണി തന്നെ ചൈന, കാനഡ, മെക്സിക്കോ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കെതിരേയാണ്. പണ്ടൊരു കുട്ടിക്കഥയിലെ കുരങ്ങച്ചന്റെ ഞാനും മുതലയച്ചനും വീമ്പിന്റെ പാരഡി പോലെ ഞാനും ട്രംപച്ചനും വീമ്പടികള്‍ പോരാ ഇനി പിടിച്ചു നില്‍ക്കുന്നതിന്. ഒരു കാബിനറ്റ് മന്ത്രി അമേരിക്കയില്‍ സകലമാന വാതിലിലും മുട്ടിയിട്ടു പോലും ട്രംപച്ചന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം പോലും കിട്ടിയില്ലെന്നോര്‍ക്കണം. ട്രംപിനു വേണ്ടത് തികഞ്ഞ വിധേയത്വമാണ്. മോദി നല്കാന് തയാറാകുന്നതും ഇതു തന്നെ.
ഈ വിധേയത്വം ഏറ്റവുമധികം കാണാനാവുന്നത് മൂന്നു കാര്യങ്ങളിലാണ്. ആണവോര്‍ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരികയും ദുരന്തബാധ്യതാപരമായ ഉത്തരവാദിത്വത്തില്‍ ആവുന്നത്ര വെള്ളം ചേര്ക്കലുകള് നടത്തുകയും ചെയ്യുന്നത് ഇതില്‍ ഒന്നാമത്തേത്. അമേരിക്കയില്‍ കച്ചവടം പൂട്ടാറായ ഊര്‍ജ കമ്പനികള്‍ക്കും അദാനി പവര്‍ പോലെയുള്ള നാടന്‍ കുത്തകകള്‍ക്കും ആണവോര്‍ജ മേഖലയുടെ വാതില്‍ തുറന്നു കൊടുക്കുകയും അഴിഞ്ഞാടാന്‍ അവസരമേകുകയും ചെയ്യുന്നത് ഒരു വെടിക്കു രണ്ടു പക്ഷി എന്ന പഴയ ചൊല്ലിന്റെ ആധുനിക വേര്‍ഷന്‍. വിധേയത്വത്തിന്റെ രണ്ടാമത്തെ രൂപകം ഇന്‍ഷുറന്‍സ് മേഖലയില്‍ നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരൂമാനം. ആര്‍ക്കും അറിയാവുന്നതു പോലെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ വാണിജ്യയുദ്ധം ഏറ്റവും ശക്തമായി തുടരുന്ന രാഷ്ട്രമാണ് അമേരിക്ക. എന്നുമാത്രമല്ല, അവിടെ കച്ചവട സാന്ദ്രത അങ്ങേയറ്റം വര്‍ധിച്ച് ഇനിയൊരു ചുവടു വയ്ക്കാനാവാത്ത അവസ്ഥയിലുമാണ്. അവര്‍ക്കാണ് ഗവണ്മെന്റിന്റെ നയം മാറ്റത്തിന്റെ ഏറ്റവും വലിയ മെച്ചം ലഭിക്കുക. അവര്‍ക്കു മുന്നില്‍ എല്ഐസിയൊക്കെ വെറും ശിശു. അടുത്ത ബിഎസ്എന്‍എല്‍ ആയി എല്‍ഐസി മാറിയാലും അതിശയിക്കേണ്ട.
അമേരിക്കയുടെ മുന്നില്‍ നല്ല കുട്ടിയായി മാറുന്നതിനു വേണ്ടി നടത്തിയ മൂന്നാമത്തെ കസര്‍ത്ത് ഇറക്കുമതി ചുങ്കത്തിന്റെ കാര്യത്തിലാണ്. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പലേ വസ്തുക്കള്‍ക്കും പരമാവധി ഇറക്കുമതിച്ചുങ്കം 150 ശതമാനത്തില്‍ നിന്നും എഴുപതു ശതമാനമായി കുറവു ചെയ്തിരിക്കുന്നു. പോരെങ്കില്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട ഒരു ഫാക്ട് ഷീറ്റ് തന്നെ പുറത്തിറക്കിയിട്ടുമുണ്ട്. അമേരിക്കയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന മുപ്പതോളം ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതിച്ചുങ്കം ഏഴര ശതമാനത്തില്‍ താഴെയാണെന്ന് ഈ ഫാക്ട് ഷീറ്റ് സാക്ഷ്യപ്പെടുത്തുന്നു. ഏറെ കൊട്ടിഘോഷിച്ച മെയ്ക്ക് ഇന്‍ ഇന്ത്യ എവിടെ പോയെന്ന് ഒരു മാധ്യമവും ചോദിക്കില്ല. കാരണം, ആദ്യം വിലയ്ക്കെടുത്തത് ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങളെയായിരുന്നല്ലോ. ഇറക്കുമതി ചുങ്കം കുറച്ചു എന്നു മാത്രമല്ല, ഇന്ത്യയെ പറ്റിയുള്ള ബാഡ് ഒപ്റ്റിക്സ് മാറ്റാനുള്ള ശ്രമമാണിതെന്നു നിര്‍ലജ്ജം ന്യായീതരിക്കുകയും ചെയ്യുന്നു. ആരുടെ ബാഡ് ഒപ്റ്റിക്സ് എന്ന ചോദ്യം ആരും ഉന്നയിക്കുമെന്ന പേടി വേണ്ട. അതിനു തക്ക തണ്ടെല്ലു ബലം ഒരു മുഖ്യധാരാ മാധ്യമത്തിനുമില്ലല്ലോ. കാനഡ, മെക്സിക്കോ, ചൈന തുടങ്ങി ഇന്ത്യയ്ക്കൊപ്പം ട്രംപിന്റെ കണ്ണുരുട്ടല്‍ കാണേണ്ടി വന്ന രാജ്യങ്ങള്‍ വല്യേട്ടന്റെ ഭീഷണിയെ എത്ര തന്റേടത്തോടെയാണ് നേരിട്ടതെന്ന താരതമ്യവും ഇവിടെ ഒരു മാധ്യമവും നടത്തില്ല, ഉറപ്പ്.
എന്തൊക്കെയാണ് 2047ലെ വികസിത് ഭാരതം സ്വപ്നം കാണുന്ന ബജറ്റ് കര്‍ഷകര്‍ക്കായി മുന്നോട്ടു വയ്ക്കുന്നത്. ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയില്‍ ചന്തു ചേകവര്‍ പറയുന്ന ‘പാണനു പാടിനടക്കനൊരു കഥ’ പോലെ ടെലിവിഷനില്‍ സ്ക്രോളിങ് ടൈറ്റിലാകാനും പത്രങ്ങളുടെ തലക്കെട്ടില്‍ കയറിപ്പറ്റാനും കൃഷിക്കും കിട്ടി ഒരു തലോടല്‍. പ്രധാനമന്ത്രി ധന-ധാന്യ കൃഷി യോജനയില്‍ നൂറു ജില്ലകള്‍ക്ക് സമഗ്ര പദ്ധതി. ഓര്‍ക്കുക, ആകെ 788 ജില്ലകളുള്ള ഇന്ത്യയില്‍, അതില്‍ ചില ജില്ലകള്‍ക്കെങ്കിലും കേരളത്തെക്കാള്‍ വിസ്തീര്ണമുണ്ടായിരിക്കെ, നൂറു ജില്ലകള്‍ക്കു മാത്രം കാര്‍ഷിക സഹായം. ഇത്രയും ജില്ലകള്‍ ഏറ്റവും അവികസിതമാണെന്ന കണ്ടെത്തലിലാണ് ഈ കൈത്താങ്ങ്. മോദിയുടെ വിഖ്യാതമായ പതിനൊന്നാണ്ട് തികയാന്‍ പോകുമ്പോഴും അവികസിത ജില്ലകളോ, ഛായ്.
തന്റെ ബജറ്റ് സമഗ്രമാണെന്നൊരു ധാരണ പരത്താനുള്ള ശ്രമം നിര്‍മലയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. ഇതിനായി പത്തു താക്കോല്‍ മേഖലകള്‍ ധനമന്ത്രി തന്നെ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഇക്കൂടെ കൃഷി, എംഎസ്എംഇ അഥവാ ചെറുകിട വ്യവസായങ്ങള്‍, സ്വയം തൊഴില്‍ മേഖലകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ അഥവാ ഇന്നോവേഷന്‍ സെക്ടര്‍ എന്നിവയൊക്കെ എടുത്തു പറയുന്നുമുണ്ട്. ദരിദ്രര്‍, ചെറുപ്പക്കാര്‍, കര്‍ഷകര്‍, സ്ത്രീകള്‍ എന്നിവരെയൊക്കെ എടുത്തുപറഞ്ഞ് ആണയിടുന്നതിനും ബജറ്റില്‍ ക്ഷാമമൊന്നുമില്ല, എന്നാല്‍ കേവലം അധരസേവനത്തിനപ്പുറം ഇക്കൂട്ടര്‍ക്കായി കാര്യമായി യാതൊന്നും കരുതിവച്ചിട്ടില്ലെന്നു ബജറ്റ് രേഖകളിലൂടെ ഓടിച്ചു കടന്നു പോകുമ്പോള്‍ തന്നെ മനസിലാകുന്നതേയുള്ളൂ.
നഗര മേഖലയിലെ തൊഴിലില്ലായ്മ 6.4 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞതായി വളരെ അഭിമാനപൂര്‍വം ഈ ബജറ്റ് പ്രഖ്യാപിക്കുന്നു. എന്നാല്‍ പറയാതെ പോകുന്നത് ഈ കുറവ് വരുത്തിയിരിക്കുന്നത് നേരത്തെയുണ്ടായിരുന്ന 6.6 ശതമാനത്തില്‍ നിന്നാണ് എന്നതാണ്. അരവിന്ദ് സുബ്രമണ്യത്തെപ്പോലെയുള്ള വിശ്രുത സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കൊരു വസ്തുതയുണ്ട്. തൊഴിലില്ലായ്മയില്‍ വന്നിരിക്കുന്ന നേരിയ കുറവിനെ ചേര്‍ത്തുവച്ചു കാണേണ്ടത് ലഭ്യമാക്കിയിരിക്കുന്ന തൊഴില്‍ അവസരങ്ങളുടെ ഗുണമേന്മയോടു ചേര്‍ത്താണ്. മാന്യമായ വേതനമോ, അശേഷം തൊഴില്‍ സുരക്ഷയോ വളര്‍ച്ചാ സാധ്യതയോ ഇല്ലാത്ത അസംഘടിത മേഖലയിലാണ് തൊഴിലവസരങ്ങളുടെ സൃഷ്ടി നടന്നിരിക്കുന്നത്. കാര്‍ഷികേതര മേഖലയില്‍ 78.5 ലക്ഷം തൊഴില്‍ അവസരങ്ങള്‍ പ്രതിവര്‍ഷം സൃഷ്ടിക്കപ്പെട്ടാല്‍ മാത്രമാണ് ഇന്ത്യയിലെ തൊഴിലില്ലായ്മയെ നേരിടുന്നതിനു സാധിക്കൂ എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ നിലയിലെത്താന്‍ ഒരു ഉത്തരവും ഈ ബജറ്റ് മുന്നോട്ടു വയ്ക്കുന്നില്ല.
ചെറുകിട, സൂക്ഷ്മ സംരംഭങ്ങള്‍ക്ക് വായ്പാ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികളാണ് ചെറുതായെങ്കിലും ഗുണപരമായ മാറ്റങ്ങളിലേക്കു നയിക്കുമെന്ന പ്രതീക്ഷയെങ്കിലും തരുന്നത്. ഇക്കൂട്ടരുടെ വായ്പകള്‍ക്കുള്ള സര്‍ക്കാര്‍ ഗാരന്റി ഇതുവരെയുണ്ടായിരുന്ന അഞ്ചു കോടി രൂപയില്‍ നിന്നു പത്തു കോടി രൂപയായി ഉയര്‍ത്തിയിരിക്കുന്നു. ഈയിനത്തില്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഒന്നര ലക്ഷം കോടി രൂപ വകയിരുത്തുകയും ചെയ്തിരിക്കുന്നു. അടിസ്ഥാന തലത്തില്‍ മാറ്റത്തിനു വഴിതുറക്കാന്‍ ഈ നടപടി സഹായിക്കുമെന്നു പ്രതീക്ഷിക്കാം. അപൂര്‍വമെങ്കിലും ആശാവഹമായ പദ്ധതികളിലൊന്നാണ് എണ്പതു കോടി ജനത്തിന് ഗരീബ് അന്ന കല്യാണ്‍ യോജനയുടെ കീഴില്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഭക്ഷ്യധാന്യം അനുവദിക്കുമെന്ന പ്രഖ്യാപനം. ഇതു പോലെ തന്നെ എടുത്തു പറയേണ്ടതാണ് വനിതകള്‍, പട്ടിക വിഭാഗങ്ങള്‍ തുടങ്ങിയ സംരംഭകര്‍ക്ക് രണ്ടു കോടി രൂപ വരെ വായ്പയായി അനുവദിക്കുമെന്ന പ്രഖ്യാപനം.
എന്നാല്‍ കൈയടിക്കു വേണ്ടി മാത്രമുള്ള പദ്ധതികളുടെ ധാരാളിത്തമാണു ബജറ്റിന്റെ സ്വഭാവമെന്നു പറയാതെ വയ്യ. ഉദാഹരണത്തിന് പലിശ ഒഴിവായി പാവപ്പെട്ട ഭവനങ്ങളിലെ കുട്ടികള്‍ക്ക് പത്തു ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ അനുവദിക്കുമെന്ന പ്രഖ്യാപനം. ഇതിനായുള്ള ഫണ്ട് അനുവദിക്കുന്നതു പോലെയുള്ള നടപടികളൊക്കെ മൗനത്തിലൊളിപ്പിക്കുന്ന ബജറ്റാണിത്. കര്‍ഷകരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ മിനിമം സപ്പോര്‍ട്ട് പ്രൈസ്, ഊനമില്ലാത്ത സംഭരണ സംവിധാനം എന്നിവയൊക്കെ ആവശ്യമാണെന്ന് അറിവില്ലാത്തവരല്ല ഭരണത്തിലിരിക്കുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് വടക്കേ ഇന്ത്യന്‍ കര്‍ഷക സമൂഹം എത്രയോ കാലം സമരപാതയിലുമാണ്. എന്നാല്‍ ബജറ്റിന് ഈ ആവശ്യത്തിനു നേരേയും കര്‍ഷകര്‍ക്കു നേരേയും തികഞ്ഞ അലംഭാവം മാത്രം.
സാമൂഹ്യ മേഖലയിലെ ധനനിക്ഷേപത്തെപ്പറ്റി ബജറ്റ് വലിയവായില്‍ പറയുന്നതിനു കുറവൊന്നുമില്ല. എന്നാല്‍ വിദ്യാഭ്യാസം, ആരോഗ്യരക്ഷ, ഗ്രാമവികസനം എന്നീ പ്രധാന സാമൂഹ്യ മേഖലകളിലെ ബജറ്റ് നിക്ഷേപത്തെക്കുറിച്ച് പറയാതിരിക്കുകയാവും മെച്ചം. കടലാസിലെ കണക്കുകളില്‍ പണം കുറേയെങ്കിലും വിനിയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇതിന്റെ പരിതാപകരമായ അവസ്ഥ ബോധ്യപ്പെടുന്നത് പണപ്പെരുപ്പം, ജനസംഖ്യാവര്‍ധന തുടങ്ങിയവയുടെ വെളിച്ചത്തില്‍ ഈ തുകയെ പഠനവിധേയമാക്കുമ്പോഴാണ്. മൊത്തം വരുമാനത്തില്‍ നിന്നു കൃഷിക്കായി നീക്കി വച്ചിരിക്കുന്നത് 9.3 ശതമാനവും വിദ്യാഭ്യാസത്തിനായി നീക്കിവച്ചിരിക്കുന്നത് ഏഴു ശതമാനവും ആരോഗ്യപരിപാലനത്തിനായി നീക്കി വച്ചിരിക്കുന്നത് 5.3 ശതമാനവും മാത്രമാണെന്നോര്‍ക്കുക.
ഒരു കാര്യം തീര്‍ത്തു പറയാം. ഓരോ ബജറ്റ് അവതരണവും കഴിയുമ്പോള്‍ നിര്‍മല സീതാരാമന് കണക്കുകൊണ്ടുള്ള കളിയില്‍ തന്റെ മുന്‍ഗാമികളെക്കാളൊക്കെ വൈഭവം ആര്‍ജിച്ചിരിക്കുന്നു. എന്നു മാത്രമല്ല, എട്ടാമത്തെ ബജറ്റായപ്പോള് ഇന്ത്യയില്‍ ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ചിരിക്കുന്ന ധനമന്ത്രി കൂടിയായി നിര്‍മലാജി മാറിയിരിക്കുന്നു. ഒരുപക്ഷേ, ബജറ്റ് മുഴുവന്‍ വെറും തള്ള് മാത്രമാകുന്ന അവസ്ഥയിലേക്ക് ഇക്കണക്കിനു പോയാല്‍ നിര്‍മലാജി എത്തുന്നതിന് ഏറെ വൈകിയേക്കില്ല. ആ ദിശയില്‍ ഈ ബജറ്റ് നിശ്ചയമായും ഓര്‍മിക്കപ്പെടുക തന്നെ ചെയ്യും. പാവം ഇന്ത്യക്കാര്‍, അവര്‍ക്ക് രാമനും കുംഭമേളയുമൊക്കെ ധാരാളം മതിയല്ലോ.
ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇരിക്കാന്‍ പറയുന്നതിനു മുമ്പു തന്നെ ഇഴയാന്‍ തയാറുള്ളവരാകുന്നതിന്റെ മെച്ചം നിര്മലാജിക്കു വേണ്ടുവോളം കിട്ടുന്നു. അല്ലായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലെ പ്രഖ്യാപനങ്ങളും ഈ ബജറ്റിലെ ബജറ്റിലെ പ്രഖ്യാപനങ്ങളും തമ്മിലൊരു താരതമ്യത്തിനെങ്കിലും അവരിലാരെങ്കിലും തയാറാകുമായിരുന്നു. കഴിഞ്ഞ ബജറ്റിലെ എത്ര പ്രഖ്യാപനങ്ങള്‍ നടപ്പാക്കി, എത്രയെണ്ണം ഭാഗകമായി തഴഞ്ഞു, എത്രയെണ്ണം പൂര്‍ണമായി തഴഞ്ഞു എന്നൊരു പഠനം നടത്താനുള്ള ധീരത ഒരാള്‍ക്കു പോലും ഇല്ലാതെ പോയല്ലോ.
വാല്‍ക്കഷണം: പൂനെയ്ക്കു പുറമെ ഇന്ത്യയിലെ മറ്റു പല നഗരങ്ങളിലും ട്രംപ് ടവര്‍ അപ്പാര്‍ട്ട്മെന്റ് പ്രോജക്ടുകള്‍ ഉയരുന്നത് ആലോചനയിലാണത്രേ. ട്രംപിന് ഇന്ത്യയങ്ങ് ക്ഷ പിടിച്ചു പോയത്രേ. ആനന്ദലബ്ധിക്കിനിയെന്തു വേണം.
