Blog Post

Swaraj Today > News > രാജ്യാന്തരം > ഗാസയുടെ അവസാന ദിനങ്ങൾ

ഗാസയുടെ അവസാന ദിനങ്ങൾ

വിവര്‍ത്തനം: ജിയോ ജോസ്‌

ഇതാണ് അവസാനം. വംശഹത്യയുടെ ഒടുവിലത്തെ രക്തരൂക്ഷിതമായ അധ്യായം.
ഇതുടനെ പൂർത്തിയാവും. ആഴ്ചകൾ. പരമാവധി.
ഇരുപത് ദശലക്ഷം ആളുകൾ അവശിഷ്ടങ്ങൾക്കിടയിലോ തുറസായ ഇടങ്ങളിലോ തമ്പടിച്ചിരിക്കുന്നു. ഇസ്രായേലി ഷെല്ലുകൾ, മിസൈലുകൾ, ഡ്രോണുകൾ, ബോംബുകൾ, വെടിയുണ്ടകൾ എന്നിവയാൽ ദിനം തോറും ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്നു. അവർക്ക് ശുദ്ധജലം, മരുന്ന്, ഭക്ഷണം എന്നിവ ലഭ്യമല്ല. അവർ സമ്പൂർണ്ണനാശത്തിൻ്റെ വക്കിലെത്തിയിരിക്കുന്നു. രോഗികൾ. പരിക്കേറ്റവർ. ഭയചകിതരായവർ. അപമാനിതർ. ഉപേക്ഷിക്കപ്പെട്ടവർ. നിരാലംബർ. കൊടും പട്ടിണിയാൽ വലയുന്നവർ. പ്രതീക്ഷകളറ്റവർ.

ഈ ഭീകര കഥയുടെ അവസാന താളുകളിൽ കാണുന്നത്, ഈജിപ്തിന്റെ അതിർത്തിയിലുള്ള ഇടുങ്ങിയതും തിരക്കേറിയതുമായ ഒമ്പത് മൈൽ മാത്രം ദൈർഘ്യമുള്ള നാടസമാനമായ ഒരു തുണ്ട് ഭൂമിയിലേക്ക് പട്ടിണിയാൽ വലയുന്ന പാലസ്തീനികളെ ഭക്ഷണ വാഗ്ദാനങ്ങൾ നൽകി മോഹിപ്പിച്ച് ഇസ്രായേൽ ക്രൂരമായ ഉന്മാദത്തോടെ വശീകരിച്ചാനയിക്കുന്നതാണ്.
ഇസ്രായേലിൻ്റെ ആഭ്യന്തര മന്ത്രാലയവും മൊസാദും ധനസഹായം നല്കുന്നതായി ആരോപിക്കപ്പെടുന്ന, നിന്ദാസ്തുതിയെന്നോണം പേര് ചാർത്തിയിരിക്കുന്ന, ഗാസ മാനവസ്നേഹ ഫൗണ്ടേഷനും (Gaza Humanitarian Foundation) പട്ടിണിയെ ആയുധമാക്കുകയാണ്. വാർസോ ഗെറ്റോയിൽ (Warso Ghetto) പട്ടിണി കിടന്ന ജൂതന്മാരെ മരണ ക്യാമ്പുകളിലേക്ക് ട്രെയിനുകളിൽ കയറ്റി കൊണ്ടു പോകാൻ നാസികൾ പ്രലോഭിപ്പിച്ച രീതിയിൽ പാലസ്തീനികളെ തെക്കൻ ഗാസയിലേക്ക് ആകർഷിക്കുന്നു. പാലസ്തീനികളെ പോറ്റുക എന്നതല്ല ലക്ഷ്യം. ആവശ്യത്തിന് ഭക്ഷണമോ സഹായ കേന്ദ്രങ്ങളോ ഉണ്ടെന്നോ പോലും ആരും ഗൗരവതരമായി വാദിക്കുന്നുമില്ല. പാലസ്തീനികളെ കനത്ത കാവലുള്ള കോമ്പൗണ്ടുകളിലേക്ക് തിക്കിക്കയറ്റി ബഹിഷ്ക്കരിക്കുക എന്നതാണ് ലക്ഷ്യം.

അടുത്തതായി എന്താണ് സംഭവിക്കുക? ഭാവി പ്രവചിക്കാൻ ശ്രമിക്കുന്നത് ഞാനെന്നേ നിർത്തി. വിധിയ്ക്ക് നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു രീതിയുണ്ട്. എന്നാൽ ഗാസയിലെ മനുഷ്യ കശാപ്പുശാലയിൽ ഒരു അന്തിമ മാനുഷിക വിസ്ഫോടനമുണ്ടാകും. ഭക്ഷണ പൊതികൾ ലഭിക്കാൻ പോരാടുന്ന, തിരക്കുകൂട്ടുന്ന പാലസ്തീൻ ജനക്കൂട്ടത്തെയാണ് നമ്മൾ കാണുന്നത്. ഭക്ഷ്യസഹായ വിതരണത്തിന്റെ ആദ്യ എട്ട് ദിവസങ്ങളിൽ തന്നെ കുറഞ്ഞത് 130 പേരെ വെടിവച്ചുകൊല്ലുകയും എഴുനൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിക്കുന്നു. ബെഞ്ചമിൻ നെതന്യാഹു ഗാസയിൽ ഭക്ഷ്യവസ്തുക്കൾ കൊള്ളയടിക്കുന്ന ഐസിസ് ബന്ധമുള്ള സംഘങ്ങളെ ആയുധമണിയിക്കുന്നതും നാം കാണുന്നു. ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ പ്രവർത്തന ഏജൻസിയിലെ ( United Nations Relief and Works Agency for Palastine Refugees in the Near East – UNRWA) നൂറുകണക്കിന് ജീവനക്കാരെയും, ഡോക്ടർമാരെയും, പത്രപ്രവർത്തകരെയും, സിവിൽ സർവീസുകാരെയും പോലീസുകാരെയും ലക്ഷ്യമിട്ടുള്ള ആക്രമണ കൊലപാതക പരമ്പരകളിലൂടെ ഇസ്രായേൽ ഇല്ലാതാക്കിയിരിക്കുന്നു. അങ്ങിനെ ആസൂത്രിതമായ പൗരസമൂഹത്തിൻ്റെ ഉന്മൂലനം.

ഈജിപ്ഷ്യൻ അതിർത്തിവേലികൾ തകർക്കാൻ ഇസ്രായേൽ സഹായം ചെയ്തു കൊടുക്കുമെന്നും ഞാൻ സംശയിക്കുന്നു. ഹതാശയരായ പാലസ്തീനികൾ ഈജിപ്ഷ്യൻ സീനായിയിലേക്ക് തിക്കിത്തിരക്കി ഇടിച്ച് കയറും. ഒരുപക്ഷേ അത് മറ്റേതെങ്കിലും രീതിയിൽ അവസാനിച്ചേക്കാം. പക്ഷേ അതുടനെ അവസാനിക്കും. പാലസ്തീനികൾക്ക് കൂടുതലൊന്നും തന്നെ ചെയ്യാനില്ല.

ഞങ്ങൾ – ഈ വംശഹത്യയിൽ പൂർണ്ണ പങ്കാളികളായവർ- ഗാസ ശൂന്യമാക്കുകയും മഹത്തായ ഇസ്രായേൽ വിശാലമാക്കുകയും ചെയ്യുക എന്ന ഞങ്ങളുടെ ഭ്രാന്തമായ ലക്ഷ്യം നേടിയിരിക്കും. തത്സമയം സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന വംശഹത്യയുടെ തിരശ്ശീല ഞങ്ങൾ താഴ്ത്തും. വംശഹത്യകൾ അവസാനിപ്പിക്കുന്നതിന് ഞങ്ങളെ സജ്ജരാക്കാനുദ്ദേശിച്ച് രൂപകല്പന ചെയ്തതായിരുന്നുവെങ്കിലും അതു മാറ്റിമറിച്ച് ദൈവീക ഇസ്രായേലിനെ കൂട്ടക്കൊല നടത്താൻ ലൈസൻസുള്ള നിത്യ ഇരയാക്കി വംശീയകൂട്ട ഹത്യകളെ (holocaust) സംബന്ധിച്ച വ്യാപകമായ സർവകലാശാലാ പഠന പരിപാടികളെ ഞങ്ങൾ പരിഹാസ്യമാക്കിയിരിക്കുന്നു. ഇനി ഒരിക്കലുമിതാവർത്തിക്കില്ല എന്ന മന്ത്രം ഒരു തമാശയാണ്. വംശഹത്യ തടയാൻ ഞങ്ങൾക്ക് കഴിവുണ്ടായിട്ടും ഞങ്ങൾ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, ഞങ്ങൾ കുറ്റക്കാരാണ് എന്നൊരു പൊതുധാരണയുണ്ടല്ലോ അത് ഞങ്ങളെ ബാധിക്കുന്നതേയല്ല. വംശഹത്യയാണ് പൊതുനയം. ഞങ്ങളുടെ രണ്ട് ഭരണകക്ഷികളും അംഗീകരിച്ചതും നിലനിർത്തുന്നതും.

പറയാൻ ഇനി ഒന്നും അവശേഷിക്കുന്നില്ല. അതായിരുന്നിരിക്കാം ലക്ഷ്യം. നമ്മെ നിശബ്ദരാക്കിത്തീർക്കുക. ആർക്കാണ് സർവാംഗവും തളർന്നതായി തോന്നാത്തത്? ഒരുപക്ഷേ, അതുമൊരു ഉദ്ദേശ്യമാകാം. നമ്മെ പൂർണ്ണമായി തളർത്തുക. ആരാണ് തീവ്രമായ മാനസികവ്യഥയിലൂടെ കടന്നു പോകാത്തതായിട്ടുള്ളത്? ഒരുപക്ഷേ അതും ആസൂത്രണം ചെയ്തതായിരിക്കാം. നമ്മൾ ചെയ്യുന്നതൊന്നും തന്നെ കൂട്ടകൊലയെ തടയാൻ പര്യാപ്തമായതായി കാണപ്പെടുന്നില്ല. നമുക്ക് ഒരു പ്രതിരോധവുമില്ലെന്ന് മനസ്സിലാവുന്നു. നിസ്സഹായത തോന്നുന്നു. വംശഹത്യയും ഒരു ദൃശ്യവിരുന്നായിരിക്കുന്നു.

ഛായാചിത്രങ്ങൾ നോക്കുന്നത് ഞാൻ നിർത്തി. ശവക്കച്ചയാൽ മൂടിയ കുഞ്ഞു കുഞ്ഞു ശരീരങ്ങളുടെ നിരകൾ. ശിരഛേദം ചെയ്യപ്പെട്ട പുരുഷന്മാരും സ്ത്രീകളും. കൂടാരങ്ങളിൽ ജീവനോടെ ഹോമിക്കപ്പെട്ട കുടുംബങ്ങൾ. കൈകാലുകൾ നഷ്ടപ്പെട്ടവരോ അവയവങ്ങളെല്ലാം തളർന്നവരോ ആയ കുട്ടികൾ. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് വലിച്ചെടുക്കപ്പെട്ട കുമ്മായചവിയാർന്ന മരണ മുഖംമൂടികൾ. കൊടിയ ദുഃഖത്തിന്റെ വിലാപങ്ങൾ. ശോഷിച്ച മുഖങ്ങൾ. എനിക്ക് കഴിയില്ല..

ഈ വംശഹത്യ നമ്മെ വേട്ടയാടും. അത് ഒരു സുനാമിയുടെ ശക്തിയോടെ ചരിത്രത്തിൽ പ്രതിധ്വനിക്കും. അത് നമ്മെ എന്നെന്നേക്കുമായി വിഭജിക്കും. ഇനിയൊരു പിന്നോട്ട് പോക്കില്ല.

നമ്മളിതെല്ലാം എങ്ങനെയായിരിക്കും ഓർക്കുക? ഓർമ്മിക്കാതിരിക്കുന്നതിലൂടെയോ?

ഒരിക്കിലിത് അവസാനിച്ചുകഴിഞ്ഞാൽ, ഈ നരഹത്യയെ പിന്തുണച്ചവരെല്ലാവരും, ഇതിനെ അവഗണിച്ചവരും, ഒന്നും ചെയ്യാതിരുന്നവരും ചരിത്രം തിരുത്തിയെഴുതും. അവരുടെ വ്യക്തിപരമായ ചരിത്രം ഉൾപ്പെടെ. യുദ്ധാനന്തര ജർമ്മനിയിൽ നാസിയാണെന്ന് സമ്മതിച്ച ആരെയും, അല്ലെങ്കിൽ തെക്കൻ അമേരിക്കയിലെ വേർതിരിവുകൾ അവസാനിച്ച് കഴിഞ്ഞപ്പോൾ ക്ലൂ ക്ലക്സ് ക്ലാനിലെ അംഗമാണെന്ന് സമ്മതിച്ചവരാരെയും കണ്ടെത്താൻ പ്രയാസമായിരുന്നു. നിഷ്കളങ്കരുടെ ഒരു രാഷ്ട്രം. ഇരകൾ പോലുമാവും. അത് അങ്ങനെ തന്നെയായിരിക്കും. ആൻ ഫ്രാങ്കിനെ നമ്മൾ രക്ഷിക്കുമായിരുന്നുവെന്ന് കരുതാനും നാം ഇഷ്ടപ്പെടുന്നു. എന്നാൽ സത്യം വേറെയാണ്. സത്യം എന്തെന്നാൽ, ഭയത്താൽ മുടന്തരായ നമ്മളെല്ലാവരും മറ്റുള്ളവരുടെ ചെലവിൽ പോലും നമ്മളെ മാത്രം സ്വയം രക്ഷിക്കും. പക്ഷേ അതാണ് സത്യം. അഭിമുഖീകരിക്കാൻ പ്രയാസമുണ്ടെങ്കിലും. കൂട്ടനരഹത്യയുടെ യഥാർത്ഥ പാഠം അതാണ്. അത് മായ്ച്ചുകളയുന്നതല്ലേ നല്ലത്..?

ഒമർ എൽ അക്കാദ് തന്റെ “ഒരു ദിവസം, എല്ലാവരും എല്ലായ്പ്പോഴും ഇതിനെതിരായിരിക്കും” എന്ന പുസ്തകത്തിൽ എഴുതുന്നു:

“ലോകത്തിന്റെ മറുവശത്ത് പേരില്ലാത്തൊരാത്മാവ് ഒരു ഡ്രോണിനാൽ ബാഷ്പീകരിക്കപ്പെടേണ്ടതായുള്ളപ്പോൾ നമ്മളിലൊരാൾ എന്തിനാണ് ബഹളം വയ്ക്കാനാഗ്രഹിക്കുന്നത്? അതും അവരൊരു തീവ്രവാദിയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞാൽ? അങ്ങിനെയെങ്കിൽ കുറ്റാരോപണം കൂടി ശരിയാണെന്ന് തെളിഞ്ഞു കഴിഞ്ഞാൽ, നമ്മൾ സൂചനകളിൽ നിന്ന് തന്നെ തീവ്രവാദ അനുഭാവികളായിയായിരുന്നുവെന്ന് മുദ്രകുത്തപ്പെടുമ്പോൾ, ഭ്രഷ്ട് കല്പിച്ച് ആക്രോശത്തോടെ പുറത്താക്കപെടുമ്പോൾ..?

പൊതുവെ ആളുകൾക്ക് സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യങ്ങളിൽ നിന്ന് തീക്ഷ്ണതയോടെ പ്രചോദിതരാകുമെന്നത് സാധാരണമാണ്. മറ്റ് ചിലർക്കാകട്ടെ, ഒരു പക്ഷേ, ഏറ്റവും മോശമായ കാര്യം ഒരു മിസൈൽ ആക്രമണത്തിലൂടെ അവരുടെ രക്തബന്ധങ്ങളെല്ലാം അവസാനിക്കുന്നതായിരിക്കാം. അവരുടെ മുഴുവൻ ജീവിതവും തകർന്ന് ചെറുഅവശിഷ്ടങ്ങളായവർ മാറുന്നു.
എന്നാലിവയെല്ലാം കൊലചെയ്യപ്പെട്ടതിന്റെ പേരിൽ സ്വതവേതന്നെ (by default) തീവ്രവാദികളായ തീവ്രവാദികളോട് പോരാടുന്നതിന്റെ പേരിൽ മുന്നെ മുൻകരുതലായി ന്യായീകരിക്കപ്പെട്ടിട്ടുള്ളതാണ്. മറ്റ് ചിലർക്കാകട്ടെ, ഏറ്റവും മോശമായ കാര്യം ഇതിനോടെല്ലാം ബഹളമുണ്ടാക്കുന്നുവെന്നതാണ്.”

നിങ്ങൾക്ക് ഒരു ജനതയെ നശിപ്പിക്കാൻ കഴിയില്ല, അവരുടെ വീടുകളും ഗ്രാമങ്ങളും നഗരങ്ങളും ഇല്ലാതാക്കാൻ ഇരുപത് മാസത്തിനപ്പുറവും സാച്ചുറേഷൻ ബോംബിംങ് (വലിയ തോതിൽ വ്യാപകമായ ബോംബിംങ്) നടത്തിയിട്ട്, പതിനായിരക്കണക്കിന് നിരപരാധികളെ കൂട്ടക്കൊല ചെയ്തിട്ട്, കൂട്ടപട്ടിണി ഉറപ്പാക്കാൻ ഉപരോധം സ്ഥാപിച്ചിട്ട്, നൂറ്റാണ്ടുകളായി അവർ താമസിച്ചിരുന്ന നാട്ടിൽ നിന്ന് അവരെ തുരത്തിയിട്ട്, അവർ തിരിച്ചടിക്കില്ലെന്നൊന്നും കരുതരുത്. വംശീയ കൂട്ടക്കൊലകൾ അവസാനിക്കും. ഭരണകൂട ഭീകര വാഴ്ചയെക്കതിരെയുള്ള പ്രതികരണൾ ആരംഭിക്കും. അങ്ങിനെയൊന്നും സംഭവിക്കില്ലായെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ മനുഷ്യ സ്വഭാവത്തെക്കുറിച്ചോ മാനവചരിത്രത്തെക്കുറിച്ചോ നിങ്ങൾക്ക് ഒന്നും തന്നെ അറിയില്ല. വാഷിംഗ്ടണിലെ രണ്ട് ഇസ്രായേലി നയതന്ത്രജ്ഞരുടെ കൊലപാതകവും കൊളറാഡോയിലെ ബൗൾഡറിൽ നടന്ന ഒരു പ്രതിഷേധത്തിൽ ഇസ്രായേലിനെ പിന്തുണയ്ക്കുന്നവർക്കെതിരെ നടന്ന ആക്രമണവും ഒരു തുടക്കം മാത്രമാണ്.

പോളണ്ടിലെ നാസികളുടെ സോബിബോർ മരണ ക്യാമ്പിലെ കലാപത്തിൽ പങ്കെടുത്ത ഖൈം ഏൻഗ്ൽ (Chaim Engel) ക്യാമ്പിലെ ഒരു ഗാർഡിനെ കത്തിയുമായി എങ്ങിനെയാണ് ആക്രമിച്ചതെന്ന് വിവരിക്കുന്നുണ്ട്.

“ഇതൊരു തീരുമാനമായിരുന്നില്ല,” ഏൻഗ്ൽ വർഷങ്ങൾക്ക് ശേഷം വിശദീകരിക്കുകയുണ്ടായി. “നീ ഇപ്പോ പ്രതികരിക്കു, ഉടനെ സഹജമായി നിങ്ങൾ അതിനോട് പ്രതികരിക്കും, അപ്പോൾ ഞാൻ കണക്കാക്കി, ‘നമുക്കത് ചെയ്യാം, പോകു. ചെയ്യു.’ ഞാൻ പോയി. ഓഫീസിലെ ഒരാളോടൊപ്പം ഞാൻ പോയി, ഞങ്ങളാ ജർമ്മൻകാരനെ കൊന്നു. ഓരോ കുത്തിലും ഞാൻ പറഞ്ഞു, ‘ അതെന്റെ അച്ഛന് വേണ്ടി, എന്റെ അമ്മയ്ക്ക് വേണ്ടി, ഈ ആളുകൾക്കെല്ലാം വേണ്ടി, നിങ്ങൾ കൊന്ന എല്ലാ ജൂതന്മാർക്കും വേണ്ടി.”

പാലസ്തീനികൾ വ്യത്യസ്തമായി പ്രവർത്തിക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ? അവരുടെ മാതാപിതാക്കളെയും അവരുടെ കുട്ടികളെയും അവരുടെ സമൂഹങ്ങളെയും കശാപ്പ് ചെയ്ത്, അവരുടെ ഭൂമി കൈവശപ്പെടുത്തി, അവരുടെ നഗരങ്ങളെയും വീടുകളെയും കൽക്ഷണങ്ങളും ചരലുമാക്കി തകർത്തെറിഞ്ഞ ഒരു വംശഹത്യയെ പിന്തുണക്കുന്ന, നാഗരികതയുടെ മുന്നണിപ്പോരാളികളായി സ്വയം വിശേഷിപ്പിക്കുന്ന, അമേരിക്കയോടും യൂറോപ്പിനോടും അവരെങ്ങിനെ പ്രതികരിക്കണം? അവരോടിത് ചെയ്തവരെ അവർക്കെങ്ങിനെ വെറുക്കാതിരിക്കാൻ കഴിയും?

ഈ വംശഹത്യ പാലസ്തീനികൾക്ക് മാത്രമല്ല, ഗ്ലോബൽ സൗത്തിലെ(താരതമ്യേന അവികസിതമായ ഏഷ്യൻ, ലാറ്റിനമേരിക്കൻ, അഫ്രിക്കൻ രാജ്യങ്ങൾ) എല്ലാവർക്കും എന്ത് സന്ദേശമാണ് നൽകുന്നത്?

അത് സുവ്യക്തമാണ്. നിങ്ങൾ ഞങ്ങൾക്കൊരു പ്രശ്നമേയല്ല. മാനുഷിക നിയമങ്ങൾ നിങ്ങൾക്ക് ബാധകമല്ല. നിങ്ങളുടെ സഹനങ്ങളോ, കഷ്ടപ്പാടുകളോ, നിങ്ങളുടെ കുട്ടികളെ കൊലപ്പെടുത്തുന്നതോ ഞങ്ങൾ കാര്യമാക്കുന്നേയില്ല. വി ഡു നോട്ട് കെയർ. നിങ്ങൾ ക്ഷുദ്രജീവികളാണ്. വിലകെട്ടവർ. കൊല്ലപ്പെടാനും പട്ടിണി ക്കിടാനും കുടിയിറക്കപ്പെടാനും നിങ്ങൾ അർഹതപ്പെട്ടിരിക്കുന്നു. നിങ്ങൾ ഈ ഭൂമുഖത്തുനിന്ന് തന്നെ തുടച്ചുനീക്കപ്പെടണം.

“പരിഷ്കൃത ലോകത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കാൻ, ഒരു ലൈബ്രറിക്ക് തീയിടേണ്ടത് അത്യാവശ്യമാണ്,” എൽ അക്കാദ് എഴുതുന്നു: “ഒരു പള്ളി തകർക്കണം. ഒലിവ് മരങ്ങൾ ചുട്ടു ചാമ്പലാക്കുക. പലായനം ചെയ്ത സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചതിനു ശേഷം ചിത്രമെടുക്കുക. സർവകലാശാലകൾ തച്ചുടക്കുക. ആഭരണങ്ങൾ, കലാസൃഷ്ടികൾ, ഭക്ഷണം എന്നിവ കൊള്ളയടിക്കുക. ബാങ്കുകളും. പച്ചക്കറികൾ പറിച്ചതിന് കുട്ടികളെ അറസ്റ്റ് ചെയ്യുക. കല്ലെറിഞ്ഞതിന് കുട്ടികളെ വെടിവയ്ക്കുക. പിടിക്കപ്പെട്ടവരെ അടിവസ്ത്രത്തിൽ പരേഡ് നടത്തുക. ഒരു മനുഷ്യന്റെ പല്ല് തകർത്ത് വായിലൊരു ടോയ്‌ലറ്റ് ബ്രഷ് തിരുകുക. ഡൗൺ സിൻഡ്രോം ബാധിച്ച ഒരു മനുഷ്യന്റെ നേരെ നായ്ക്കളെ അഴിച്ചുവിട്ട് അവനെ മരിക്കാനായി വിടുക. അല്ലാത്തപക്ഷം, അപരിഷ്കൃത ലോകം വിജയിച്ചേക്കാം.”

വർഷങ്ങളായി എനിക്കറിയാവുന്ന ആളുകളുണ്ട്, ഞാനിനി ഒരിക്കലും അവരോട് സംസാരിക്കില്ല. അവർക്കറിയാം എന്താണ് സംഭവിക്കുന്നതെന്ന്. ആർക്കാണറിയാത്തത്? യഹൂദവിരുദ്ധരായി (antisemetic) ചിത്രീകരിക്കപ്പെട്ട്, ശാസനയ്ക്ക് വിധേയരായോ അല്ലെങ്കിൽ ജോലി നഷ്ടപ്പെടുത്തിയോ അവരുടെ പദവികൾ അപകടപ്പെടുത്തുന്നതിനോ, അങ്ങിനെ അവരുടെ സഹപ്രവർത്തകരിൽ നിന്ന് ഒറ്റപ്പെടുന്നതിനോ, ഉള്ള സാഹസത്തിന് അവർ മുതിരില്ല. പലസ്തീനികൾ ചെയ്യുന്നതുപോലെ അവർ മരണത്തെ അപായപ്പെടുത്തുന്നില്ല. എന്നാൽ ജീവിതം ചെലവഴിച്ച് അവർ പടുത്തുയർത്തിയ പദവിയുടെയും സമ്പത്തിന്റെയും ദയനീയ സ്മാരകങ്ങളെ കളങ്കിതമാക്കാനുള്ള സാഹസത്തിനവർ തുനിയും. വിഗ്രഹങ്ങൾ.. അവർ ഈ വിഗ്രഹങ്ങൾക്ക് മുന്നിൽ കുമ്പിടുന്നു. അവർ ഈ വിഗ്രഹങ്ങളെ ആരാധിക്കുന്നു. അവർ അവയാൽ അടിമകളാക്കപ്പെട്ടിരിക്കുന്നു.

ഈ വിഗ്രഹങ്ങളുടെ കാലടിയിലാണ് പതിനായിരക്കണക്കിന് കൊല ചെയ്യപ്പെട്ട പലസ്തീനികൾ കിടക്കുന്നത്.

(പുലിറ്റ്‌സര്‍ അവാര്‍ഡ് നേടിയ പത്രപ്രവര്‍ത്തകനും പ്രമുഖ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ക്രിസ് ലിന്‍ ഹെഡ്ജസിന്റെ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)

 

Leave a comment

Your email address will not be published. Required fields are marked *