Blog Post

Swaraj Today > News > സമൂഹം > കൊറിയയില്‍ നിന്നറിയാനുണ്ട് ആരോഗ്യരക്ഷാപാഠങ്ങള്‍

കൊറിയയില്‍ നിന്നറിയാനുണ്ട് ആരോഗ്യരക്ഷാപാഠങ്ങള്‍

കേരളത്തിലെ പൊതുജനാരോഗ്യ രംഗത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കൊറിയൻ ആരോഗ്യ പാഠങ്ങൾ.

നാഷണൽ ഹെൽത്ത് അക്കൗണ്ട്സ് ഡേറ്റായനുസരിച്ച്,കേരളത്തിൻ്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ 5.2 ശതമാനംആണ് ആരോഗ്യരംഗത്ത് നമ്മൾ ചിലവഴിക്കുന്നത്. അതിൽ 1 .1% സർക്കാരും ബാക്കി സ്വകാര്യ മേഖലയുമാണ് ചിലവാക്കുന്നത്. എന്നുവച്ചാൽ ആരോഗ്യ രംഗത്ത് ചിലവഴിക്കപ്പെടുന്നതിൻ്റെ 21 % മാത്രമാണ് സർക്കാർ പങ്കാളിത്തം. ബാക്കി 79% പണം ജനങ്ങളുടെ പോക്കറ്റിൽ നിന്ന് ചിലവഴിക്കപ്പെടുന്നു.

പ്രധാനമായും ഈ 79 ശതമാനത്തിൽ കണ്ണും നട്ടാണ് കേരളത്തിലെ ആരോഗ്യ കച്ചവടത്തിൽ സ്വകാര്യ മേഖല മുതലിറക്കുന്നത്. മുമ്പു് ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങളെ അതുരസേവനമെന്ന നിലയിലാണ് പൊതുവിലെല്ലാവരും വീക്ഷിച്ചിരുന്നത്. അതിന്ന് തികച്ചും കച്ചവടമായി മാറിക്കഴിഞ്ഞു. ഏറ്റവും ഒടുവിൽ കേരള സർക്കാർ നടത്തിയ നിക്ഷേപക സംഗമത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപ വാഗ്ദാനങ്ങൾ വന്നത് ആരോഗ്യ മേഖലയിലാണെന്നത് നൽകുന്ന സൂചന വ്യക്തമാണ്. ആരോഗ്യം കച്ചവട വസ്തുവാകുമ്പോൾ അവിടെ ബുദ്ധിമുട്ടനുഭവിക്കുക ആരോഗ്യ കമ്പോളത്തിൽ എത്തുന്ന വാങ്ങൽ കഴിവു് (പർച്ചേസിംഗ് പവർ ) കുറവുള്ള സാധാരണക്കാരും പാവപ്പെട്ടവരുമാകും. ഈ ജനവിഭാഗങ്ങൾക്ക് അത്താണിയാവേണ്ടത് സർക്കാർ സംവിധാനങ്ങളാണ്. അവിടെയാണ് മൊത്തം ആരോഗ്യ വ്യവഹാരങ്ങളിൽ 21 ശതമാനം മാത്രം സാമ്പത്തികപങ്കാളി ത്തവുമായി മുന്നോട്ടു പോകുന്ന സർക്കാർ വക ആരോഗ്യ സംവിധാനങ്ങളുടെ പരിമിതി വ്യക്തമാവുന്നത്.

ഈ പരിമിത സാന്നിദ്ധ്യം തന്നെ ഏറ്റവും കുത്തഴിഞ്ഞ രീതിയിലാണ് എന്നു വ്യക്തമാക്കുന്ന രണ്ടു കാര്യങ്ങളാണ് അടുത്ത ദിവസങ്ങളിൽ കേരളത്തിലെ വാർത്താ മാധ്യമങ്ങളിൽ ഏറെ ചർച്ചയായത്. അതിലാദ്യം ചർച്ചയായത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ.ഹാരിസിൻ്റെ പ്രതികരണമാണ്.അതുമായി ബന്ധപ്പെട്ട തർക്കവിതർക്കങ്ങൾ കൊഴുത്തു വരുന്നതിനിടയിലാണ് കോട്ടയം മെഡിക്കൽ കോളേജിലെ ഒരു പഴയ കെട്ടിടം തകർന്നു വീണ് ഒരു പാവപ്പെട്ട വീട്ടമ്മക്ക് ജീവൻ നഷ്ടപ്പെട്ട സംഭവമുണ്ടായത്. അതിനിടയിൽ കേരളത്തിൻ്റെ മുഖ്യമന്ത്രി സ്വന്തം ആരോഗ്യസംരക്ഷണത്തിനായി അമേരിക്കയിലെ സൗകര്യങ്ങൾ തേടി പോവുകയും ചെയ്തു. പതിവുപോലെ ആ യാത്രയും ചികിത്സയും പൊതുഖജനാവിൻ്റെ തണലിലാവുകയും ചെയ്യും.

ഈ വിധത്തിലുള്ള സംഭവവികാസങ്ങൾ ഉണ്ടാവുന്നതിന് തൊട്ടുമുമ്പ് കേരളത്തിലെ രാഷ്ട്രീയ വിവാദമാർക്കറ്റിൽ വില്പനക്ക് വച്ചത് സ്കൂളുകളിലെ സൂംബാ ഡാൻസ് വിഷയമായിരുന്നു. വ്യായാമ സാധ്യതയുള്ള ഒരു നൃത്തരൂപം കുട്ടികളെ പഠിപ്പിച്ച് അവരെ വ്യായാമ സംസ്കാരത്തിലേക്കും അതുവഴി ലഹരി വിരുദ്ധതയിലേക്കും നയിക്കാൻ കേരള സർക്കാർ നടത്തിയ ശ്രമമായിരുന്നു അത്. സുംബാ ഡാൻസിനോട് മുസ്ലിം മതമൗലിക വാദികൾ ഉയർത്തിയ എതിർപ്പിന് മുസ്ലീം സമുദായത്തിൽ നിന്നുതന്നെ പ്രകടമായ പിന്തുണ കാര്യമായുണ്ടായില്ല എന്നത് സത്യമാണ്. എന്നാൽ വ്യായാമ കാര്യത്തിൽ പോലും മതവിശ്വാസത്തിൻ്റെ പേരിൽ ഇടങ്കോലിടാവുന്ന ഒരു സാമൂഹികാന്തരീക്ഷം കേരളത്തിൽ നിലനിൽക്കുന്നു എന്ന കാര്യം ഇതുവഴി വ്യക്തമായി.

ഇങ്ങനെയെല്ലാമുള്ള കേരളീയ സാമൂഹിക പശ്ചാത്തലത്തിലാണ് കൊറിയയിലെ ആരോഗ്യ സംസ്കാരത്തെ കുറിച്ചുള്ള വിശകലനം പ്രസക്തമാവുന്നത്. സൗത്ത് കൊറിയിയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഒരാൾ എന്ന രീതിയിൽ കൊറിയൻ ജനതയുടെ ജീവിത ശൈലിയിൽ പലതും എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്.
കൊറിയൻ ജനതയുടെ ഭക്ഷണശീലങ്ങളും, ദിനചര്യകളും അവിടെ നിലനിൽക്കുന്ന ആരോഗ്യ സംവിധാനങ്ങളും സവിശേഷ ശ്രദ്ധ അർഹിക്കുന്നവയാണ്.

1) കാര്യക്ഷമവും ശക്തവുമായ ആരോഗ്യ സംവിധാനം .
സൗത്ത് കൊറിയൻ ആരോഗ്യ സംവിധാനം ഒരു സാർവ്വത്രിക ഇൻഷുറൻസ് സംവിധാനത്തെ അടിസ്ഥാനമാ ക്കിയുള്ളതാണ്. ഓരോ പൗരനും നാഷണൽ ഹെൽത്ത്‌ ഇൻഷുറൻസ്(NHIS) സർവീസിന്റെ ഭാഗമാകേണ്ടതുണ്ട്. ഇത് സാമ്പത്തികമായി താങ്ങാവുന്നതും ഉയർന്ന നിലവാരത്തിലുള്ള വൈദ്യപരിചരണം എളുപ്പത്തിൽ ലഭ്യമാക്കുന്നതുമാണ്. ഹോസ്പിറ്റലുകളും ക്ലിനിക്കുകളും ആധുനികവും രോഗി സൗഹൃദപരവുമാണ്. കേരളത്തിൽ നിന്നും വ്യത്യസ്തമായി കൊറിയക്കാർ ഇടക്കിടെ രോഗ പ്രതിരോധ പരിശോധന നടത്താറുണ്ട്.ആരോഗ്യരക്ഷ എന്നത് രോഗം ഭേദമാക്കുന്നതു മാത്രമല്ല, അത് നേരത്തെ കണ്ടെത്തുന്നതും കൂടിയാണ്.

2) മുടങ്ങാത്ത വ്യായാമം.

ജനങ്ങൾ വ്യായാമം ചെയ്യാൻ സർക്കാർ തന്നെ ധാരാളം പാർക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രായ ഭേദമന്യേ ആളുകൾ പാർക്കുകളിൽ വ്യായാമം ചെയ്യുന്നത് സാധാരണമാണ്. അതിരാവിലെയും രാത്രി വൈകിയാണെങ്കിൽ പോലും ജനങ്ങൾ വ്യായാമം ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. മിക്കവാറും പാർക്കുകളിലും ഔട്ട്‌ ഡോർ ജിമ്മുകൾ പോലും സജ്ജീകരിച്ചിരിക്കുന്നു. ഈ ശീലം മൂലം പ്രായമായ ആളുകൾ പോലും മികച്ച ശരീര വഴക്കവും ഊർജ്ജവും നിലനിർത്തുന്നു. കിട്ടുന്ന അവസരത്തിൽ വ്യായാമം ചെയ്യുക എന്നത് കൊറിയക്കാരുടെ ശീലമാണ് . ഷോപ്പുകളിൽ ജോലി ചെയ്യുന്നവർ ഒഴിവ് സമയം കിട്ടുമ്പോൾ അവിടെത്തന്നെ നിന്നുകൊണ്ട് പല രീതിയിൽ ഉള്ള വ്യായാമം ചെയ്യുന്നത് കാണാവുന്നതാണ്.

3) സമീകൃതമായ ആഹാരരീതി
ധാരാളം മാംസാഹാര വും അതിനോടൊപ്പം സീസണൽ പച്ചക്കറിയും ഉൾപ്പെടുത്തി കൊണ്ടുള്ള സമീകൃതമായ ആഹാര രീതിയാണ് കൊറിയക്കാർക്ക് ഉള്ളത്.കാർബോഹൈഡ്രറ്റ് ( അരിയാഹാരം, ) വളരെ കുറഞ്ഞ അളവിൽ, പ്രോട്ടീൻ (മാംസം, മീൻ, മുട്ട, ടോഫു തുടങ്ങിയവ), സീസണൽ പച്ചക്കറികൾ എന്നിവ ഉൾപ്പെടുന്ന
ഭക്ഷണത്തിൽ പലപ്പോഴും 3 മുതൽ 5 വരെ പച്ചക്കറി വിഭവങ്ങൾ ഉണ്ടാവും. കൂടുതലായും ആവിയിൽ വേവിച്ച പച്ചക്കറി വിഭവങ്ങളിൽ ധാരാളം നാരുകളും ആവശ്യ പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ഭക്ഷ ണത്തോടൊപ്പം ധാരാളം ഇലകളും ഇവർ കഴിക്കുന്നു. കൂടാതെ ഭക്ഷണത്തോടൊപ്പം സൂപ്പും സ്റ്റുവും ഉപയോഗിക്കുന്നു.ഇവ വിശപ്പ് അകറ്റുന്നവ മാത്രമല്ല ശരീരത്തിന് ജലാംശം പ്രദാനം ചെയ്യുന്നതും, ദഹന പ്രക്രിയ സുഗമമാക്കുന്നതുമാണ്. വൈകുന്നേരം ആറുമണിക്ക് മുമ്പ് തന്നെ അത്താഴം കഴിക്കുന്ന രീതിയാണ് കൊറിയയിൽ കണ്ടുവരുന്നത്.

നമ്മുടെ ഭക്ഷണ രീതിയാവട്ടെ കാർബബോ ഹൈഡ്രറ്റിനു ( അരി, ഗോതമ്പ്, കിഴങ്ങ് വർഗ്ഗങ്ങൾ ) കൂടുതൽ പ്രാധാന്യം നൽകുന്നതാണ്. ജീവിതശൈലി രോഗങ്ങളായ പ്രമേഹത്തിനും പൊണ്ണത്തടിക്കും മുഖ്യ കാരണമാകുന്നതും കാർബോഹൈഡ്രേറ്റിന്റെ അമിതമായ അളവാണ്. വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ഫൈബർ അടങ്ങിയ ഭക്ഷണം നമ്മുടെ മെനുവിൽ വരുന്നത്. ഉദാഹരണത്തിന് മലയാളിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പൊറോട്ടയും ബീഫും എടുക്കാം. പൊറോട്ടയിൽ കാർബോഹൈഡ്രേറ്റും ഓയിലും അടങ്ങിയിരിക്കുന്നു, ബീഫ് പ്രോട്ടീനാണ്. ദഹനത്തിന് സഹായിക്കുന്ന നാരുകൾ അടങ്ങിയ ഭക്ഷണം ഒരു ശതമാനം പോലും ഇതിൽ ഇല്ല. ഈ ശീലത്തിലാണ് നാം മാറ്റം വരുത്തേണ്ടത്. ഭക്ഷണത്തിൽ ഇലക്കറികൾ, വെജിറ്റബിൾ സാലഡ് എന്നിവ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.

4) ജീവിത ശൈലിയും അച്ചടക്കവും

കൊറിയൻ ജനത പൊതുവെ കൃത്യനിഷ്ഠ പാലിക്കുന്നവരും സമയബോധമുള്ളവരുമാണ്. കഠിനാധ്വാനം ആവശ്യമായ ജോലികൾ ഉണ്ടെങ്കിലും മിക്കവരും സമയനിഷ്ഠയോട് കൂടിയ ഭക്ഷണം, നേരത്തെ എഴുന്നേൽക്കുക, കൃത്യമായ വിശ്രമം എന്നീ ദിനചര്യ കൃത്യമായി പാലിക്കുന്നു. കൊറിയക്കാരുടെ ശരാശരി ആയുർദൈർഘ്യം 2024ലെ കണക്കുപ്രകാരം 83.5 ആണ്.(പുരുഷൻ 80.6,സ്ത്രീ 86.4). ആയുർദൈർഘ്യത്തിന്റെ ഗ്ലോബൽ റാങ്കിൽ ആദ്യ പത്തിനുള്ളിലാണ് കൊറിയയുടെ സ്ഥാനം.
ജീവിതശൈലി രോഗങ്ങളിൽ ബുദ്ധിമുട്ടുന്നവരോ അമിതവണ്ണം ഉള്ളവരോ കൊറിയയിൽ വളരെ കുറവാണ്.

പൊതുവിൽ
കൊറിയയുടെ ആരോഗ്യസംസ്കാരം മരുന്നുകളെയും ആശുപത്രികളെയും അടിസ്ഥാനമാക്കിയല്ല എന്നു വ്യക്തം. ഭക്ഷണത്തെയും വ്യായാമത്തെയും അച്ചടക്കമുള്ളദിനചര്യകളെയും അടിസ്ഥാനമാക്കിയുള്ള ഗാന്ധിയൻ ആരോഗ്യ സങ്കല്പങ്ങളുടെ ദിശയിലുള്ള ഒന്നാണത്.

നമ്മൾ മലയാളികൾ ആരോഗ്യ കാര്യത്തിൽ കൊറിയയുടെ ഒപ്പമെത്താൻ
ഇനിയും ഏറെ ദൂരം മുന്നോട്ടു പോകേണ്ടതായിട്ടുണ്ട്. ഇതിന്നായി സൗത്ത് കൊറിയ പോലുള്ള വിജയകരമായ ലോക മാതൃകകളെ നാം പഠനവിധേയക്കണം. വർദ്ധിച്ച രോഗപ്രതിരോധശേഷിയാർജ്ജിക്കാൻ ദൈനംദിന വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, അച്ചടക്കമുള്ള ജീവിതം എന്നിവയുടെ സംയോജനത്തിലൂടെ നമ്മുക്കും സാധിക്കും. അങ്ങനെയാണ്സമൂഹികാരോഗ്യത്തെ ഗുണപരമായി പരിവർത്തനം ചെയ്യേണ്ടത്.
അതിനു പകരമായി ആരോഗ്യകാര്യങ്ങളിൽ പോലും സർക്കാരിനും ജനങ്ങൾക്കും മേൽ മതശാസനകളുണ്ടാവുന്നത് ജനങ്ങളുടെ ശാരീരികാരോഗ്യത്തിനോ സാമൂഹികാരോഗ്യത്തിനോ ഗുണം ചെയ്യില്ല. ആരോഗ്യ വിഷയങ്ങൾ രാഷ്ട്രീയ വിഷയങ്ങൾ കൂടിയാണെങ്കിലും അതിനെ രാഷ്ട്രീയ വിവാദങ്ങൾ മാത്രമാക്കി വാർത്തകൾ സൃഷ്ടിക്കുകയുമല്ല ആവശ്യം. മറിച്ച് സമൂഹത്തെ നിയന്ത്രിക്കുന്ന മത-രാഷ്ട്രീയ സംവിധാനങ്ങളെല്ലാം ചേർന്ന് നമ്മുടെ ആരോഗ്യ രംഗത്തെ നേട്ട – കോട്ടങ്ങളെ തുറന്ന മനസ്സോടെ വിലയിരുത്തുകയും മാറ്റങ്ങൾക്കായി കൈകോർക്കുകയുമാണ് വേണ്ടത്.

Leave a comment

Your email address will not be published. Required fields are marked *