പഹൽഗാം ഭീകരാക്രമണത്തിൽ ക്ഷോഭിക്കാത്ത ഇന്ത്യാക്കാർ ഉണ്ടാവില്ല. ഭീകരാക്രമണം നടത്തിയവർ പാക്കിസ്ഥാൻ്റെ പിൻബലത്തിലാണ് നിരപരാധികളായ ടൂറിസ്റ്റുകൾക്കു നേരെ നിറയൊഴിച്ചത് എന്ന കാര്യത്തിലും സംശയമുള്ളവരായി ഇന്ത്യാക്കാരിൽ ആരുമുണ്ടാവില്ല. എന്നാൽ ഈ സംഭവവുമായി ബന്ധപ്പെട്ട മറ്റു പല കാര്യങ്ങളെക്കുറിച്ചും ഇന്ത്യൻ ജനതയിൽ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്.ഇന്ത്യൻ ഇൻ്റലിജെൻസ് – മിലിട്ടറി സംവിധാനങ്ങളുടെ സുരക്ഷാ വീഴ്ച ഈ സംഭവത്തിലേക്ക് നയിച്ച പ്രധാന കാരണമാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുമ്പോൾ എല്ലാ ഇന്ത്യാക്കാരും അത് അംഗീകരിക്കുന്നുണ്ടാവില്ല. അതുപോലെ തന്നെയാണ്, ഗാസയിൽ ഇസ്രയേൽ ചെയ്യുന്നതുപോലെ പാക്കിസ്ഥാനെ തച്ചുതകർക്കുന്ന ഒരു യുദ്ധം ആവശ്യമാണെന്ന് മുറവിളി കൂട്ടാൻ എല്ലാ ഇന്ത്യാക്കാരും മുന്നോട്ടു വരാതിരിക്കുന്നതും.
മതവിദ്വേഷത്തെ ആഭ്യന്തര രാഷ്ട്രീയത്തിൻ്റെ കേന്ദ്രബിന്ദുവാക്കി വളർത്തിയവർ വിദേശ രംഗത്തും അതേ കഴ്ചപ്പാട് സ്വീകരിച്ചാൽ പ്രത്യാഘാതങ്ങൾ എന്തെല്ലാമാണെന്ന് പ്രവചിക്കാനാവില്ല. ആഭ്യന്തര രാഷ്ട്രീയ രംഗത്ത് കൊണ്ടുനടക്കുന്ന സങ്കുചിത താൽപ്പര്യങ്ങളിൽ നിന്നും മുക്തമായിരിക്കണം വിദേശ ബന്ധങ്ങൾ. ആ നിലക്കുള്ള ദീർഘവീക്ഷണത്തോടെയും സമചിത്തതയോടെയും വേണം പഹൽഗാം ഭീകരാക്രമണ സാഹചര്യത്തെ നേരിടാൻ. എന്നാൽ ആ നിലക്കാണോ കാര്യങ്ങൾ മുന്നോട്ടു നീങ്ങുന്നത് എന്ന കാര്യം ഇപ്പോൾ പറയാനാവില്ല. സൈനിക മേധാവികളും സുരക്ഷാ ഉപദേഷ്ടാവും ആഭ്യന്തര – പ്രതിരോധ മന്ത്രിമാരുമായുള്ള ഉന്നതതലയോഗത്തിനു ശേഷം പ്രധാനമന്ത്രിയുടെ വസതിയിൽ ചർച്ചക്കെത്തിയത് ആർ.എസ്. എസ് മേധാവിയാണെന്നത് ചില സൂചനകൾ നൽകുന്നുണ്ടു്. അത് അത്ര നല്ല സൂചനകളല്ല താനും.
ഇന്ത്യാ വിരുദ്ധതയാണ് പാക്ക് സൈന്യത്തിൻ്റെയും അവിടുത്തെ രാഷ്ട്രീയ കക്ഷികളുടെയും തുറുപ്പുചീട്ട്. അതിൻ്റെ ഫലം ആ രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്നുമുണ്ടു്. വിലക്കയറ്റവും ദാരിദ്ര്യവും, അരക്ഷിതാവസ്ഥയുമെല്ലാമാണവിടുത്തെ നാട്ടു നടപ്പ്. അതേ സാഹചര്യത്തിലേക്ക് ഇന്ത്യയെ തള്ളിവിടാൻ ഇന്ത്യകത്തും പുറത്തുമുള്ള പലർക്കും താൽപ്പര്യമുണ്ടാവും. അരക്ഷിത സമൂഹം ഏകാധിപതികൾക്ക് വളരാൻ വളക്കൂറുള്ള മണ്ണാണ്.
മതവിദ്വേഷം പുകച്ച്, ഗൂഡാലോചനകൾ നടത്തി,വിലപേശി രക്തമൊഴുക്കി മുറിച്ചു വാങ്ങിയ ഒരു രാജ്യത്തിൻ്റെ പതനത്തിൻ്റെ ചരിത്രത്തിൽ നിന്ന് നമ്മൾ ഇന്ത്യ ഏറെ പഠിക്കേണ്ടതുണ്ട്. മുസ്ലീം താൽപ്പര്യം ഉയർത്തിക്കാണിച്ച് ഇന്ത്യയെ വെട്ടി മുറിച്ച് പാക്കിസ്ഥാൻ എന്ന രാഷ്ട്രത്തിൻ്റെ സ്ഥാപനം നിർവ്വഹിച്ച മുഹമ്മദാലി ജിന്നയെ അതിന് പ്രേരിപ്പിച്ചത് ബ്രിട്ടീഷുകാർ മാത്രമല്ലല്ലോ. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന മത വിദ്വേഷത്തിൻ്റെ വിഷവിത്ത് ഒരു നൂറ്റാണ്ടിനും മുമ്പ് വിതച്ച ബ്രിട്ടീഷ് സാമ്രാജ്യത്വ ദാസനായി സ്വയം സമർപ്പിച്ച വീര പുരുഷനുമായി ജിന്ന നടത്തിവന്ന ആശയവിനിമയങ്ങൾ ചരിത്ര ഗ്രന്ഥങ്ങളിൽ നിന്ന് വായിച്ചറിയാനാവും.
മുസ്ലീം രാജ്യമായ പാക്കിസ്ഥാനിൽ നിന്നുണ്ടാവുന്ന പ്രകോപനങ്ങളെ നേരിടുന്ന കാര്യത്തിലുള്ള ശുഷ്കാന്തി എന്തുകൊണ്ടാണ് ചൈന ഇന്ത്യൻ ഭൂപ്രദേശങ്ങൾ കൈവശപ്പെടുത്തുമ്പോൾ പ്രകടിപ്പിക്കാത്തത് എന്ന സംശയം ആർക്കെങ്കിലുമുണ്ടായാൽ എന്താണ് മറുപടി. ആഭ്യന്തര രാഷ്ട്രീയത്തിൽ ധ്രുവീകരണമുണ്ടാക്കാൻ പാക്കിസ്ഥാനു നേരെയുള്ള കണ്ണുരുട്ടലുകളോളം പ്രയോജനപ്പെടില്ല ചൈനയുടെ കടന്നു കയറ്റങ്ങളെ പ്രതിരോധിക്കാനുള്ള നീക്കങ്ങൾ എന്നതല്ലെ സത്യസന്ധമായ ഉത്തരം .മാത്രവുമല്ല, വൻ ശക്തിയായ ചൈനയെ നേരിടാൻ സൈനിക- സാമ്പത്തിക ശേഷിയുമില്ല. അതുകൊണ്ട് നയതന്ത്ര മാർഗ്ഗങ്ങൾ തേടുന്നു. എന്നാൽ പാക്കിസ്ഥാൻ്റെ കാര്യം വരുമ്പോൾ പുരപ്പുറത്തുകയറി നിന്ന് യുദ്ധകാഹളം മുഴക്കുന്നു. ഇന്ത്യയോട് മമത പുലർത്താത്ത അയലത്തെ ചെറുരാജ്യങ്ങളുൾപ്പെടെയുള്ള ലോക രാജ്യങ്ങൾ ഈ ഇരട്ടത്താപ്പ് ഉള്ളിൽ പരിഹാസത്തോടെ മനസ്സിലാക്കുന്നുണ്ടാവുമല്ലോ.
പഹൽഗാം സംഭവം ഇന്ത്യൻ ഭരണാധികാരികൾക്കു മുമ്പിൽ മറ്റൊരു സാധ്യത തുറന്നതാണ്. മുമ്പെങ്ങുമുണ്ടാവാത്ത വിധത്തിൽ കാശ്മീർ ജനത ഒറ്റക്കെട്ടായി പാക് സ്പോൺസേർഡ് ഭീകരാക്രമണത്തിനെതിരെ തെരുവിലിറങ്ങിയ ചരിത്രമുഹൂർത്തത്തെ നയതന്ത്ര രംഗത്തുപയോഗിച്ച് പാക്കിസ്ഥാനെ ധാർമ്മികമായി നിലംപരിശാക്കാനാവുമായിരുന്നു. കാരണം, പാക്കിസ്ഥാൻ കാശ്മീരിലേക്ക് നഴഞ്ഞുകയറി പ്രശ്നങ്ങളുണ്ടാക്കുന്നത് കാശ്മീർ ജനതയിൽ ഒരു വിഭാഗം പാക്ക് അനുകൂലികളായുണ്ട് എന്ന വിശ്വാസത്തിലാണ്. അതേ ധാരണ പല ലോകരാജ്യങ്ങൾക്കുമുണ്ട് എന്നതിലാണ് കാശ്മീർ പ്രശ്നപരിഹാരത്തിനായി ഹിതപരിശോധന എന്ന നിർദ്ദേശം പല ലോക വേദികളിലുമുയരുന്നത്. പഹൽഗാം സംഭവത്തിൽ കാശ്മീരിലങ്ങോളമിങ്ങോളം തെരുവിൽ പ്രകടമായത് കാശ്മീരി ജനതയുടെ ഹിതമായിരുന്നു. അത് വേണ്ട വിധം അന്താരാഷ്ട്ര തലത്തിൽ പ്രതിഫലിപ്പിക്കുന്ന നയതന്ത്രത്തിലൂടെ കാശ്മീർ ഇന്ത്യയുടെ അവിഭാജ്യമായ ഭാഗമാണെന്ന വസ്തുതക്ക് കാശ്മീർ ജനതയുടെ അംഗീകാരമുണ്ടെന്ന് സ്ഥാപിക്കാനാവുമായിരുന്നു. പലരാജ്യങ്ങളുടെയും ഹിതപരിശോധനാ വാദത്തിനും പാക്കിസ്ഥാൻ്റെ അവകാശവാദങ്ങൾക്കും നൽകാമായിരുന്ന ഏറ്റവും മാരകമായ പ്രഹരമായിരുന്നു അത്. മാത്രവുമല്ല, മുഴുവൻ ഇന്ത്യയും കാശ്മീരി ജനതയോടൊപ്പമുണ്ട് എന്ന സന്ദേശം ജനപക്ഷത്തു നിന്നുയർന്നത് ഏറ്റവും അധികം സ്വാധീനിക്കുക കാശ്മീരി മനസ്സുകളെയായിരുന്നു. അതിൻ്റെ ഫലം കാശ്മീർ ജനത വൈകാരികമായി ഇന്ത്യൻ ജനതയുടെ ഭാഗമാവുക എന്നതായിരുന്നു. ഇത് പാക്കിസ്ഥാനു മേലുള്ള ഇന്ത്യയുടെ സൈനികവിജയത്തെക്കാൾ എത്ര ഉന്നതമാകുമായിരുന്നു.
എന്തുകൊണ്ടാണ് ഇന്ത്യൻ ഭരണാധികാരികൾ കാശ്മീരിൻ്റെ ഇന്ത്യയുമായുള്ള വൈകാരിക ലയന മുഹൂർത്തത്തെ വേണ്ട വിധം പ്രയോജനപ്പെടുത്താത്തത്? കാശ്മീരിനെ മുൻനിർത്തിയുള്ള പാക്കിസ്ഥാൻ്റെ ഇന്ത്യാ വിരുദ്ധതയുടെ ബലൂണിൻ്റെ കാറ്റ് അഴിച്ചുവിടാനുള്ള അവസരം നഷ്ടപ്പെടുത്തുന്നത്? ഉത്തരം വ്യക്തമാണ്. വെറുപ്പിൻ്റെ രാഷ്ട്രീയത്തിൻ്റെ ആത്യന്തിക വിളവെടുപ്പിന് പാക്കിസ്ഥാൻ ഒരു ശത്രുരാജ്യമായിത്തന്നെ അവിടെയുണ്ടാവുന്നത് സഹായകരമാണ്. പാക്കിസ്ഥാൻ്റെ ഇന്ത്യാ വിരുദ്ധതയുടെ ഫ്യൂസ് ഊരിയാൽ അത് ഇവിടുത്തെ രാഷ്ട്രീയത്തിൻ്റെ ഗതി മാറ്റും. കാശ്മീരികൾ ഒന്നടങ്കം തങ്ങൾ ഇന്ത്യാക്കാരാണെന്ന് അഭിമാനപൂർവ്വം തെരുവിലിറങ്ങിപ്പറഞ്ഞാൽ പാക്കിസ്ഥാൻ ജനത അവിടെയുള്ള രാഷ്ട്രീയ സൈനിക നേതൃത്വങ്ങളോടു പറയും , നിങ്ങൾ കാശ്മീരിലേക്ക് നോക്കാതെ സ്വന്തം രാജ്യത്തേക്ക് നോക്കു എന്ന്. അങ്ങനെ പാക്ക് ജനതയെക്കൊണ്ടു് പറയിപ്പിക്കാൻ കഴിയുക എന്നതിനപ്പുറം ഒരു ഇന്ത്യൻ വിജയമുണ്ടോ? പക്ഷെ ആ വിജയത്തെക്കാൾ വലുതാണ് ഇവിടെ ഇന്ത്യയിൽ വിഭാഗീയതയും വിദ്വേഷവും ഊതി വീർപ്പിക്കാൻ തക്ക , സാഹചര്യം അയലത്ത് നിലനിർത്തുക എന്നത്. അതിനു വേണ്ടത് സമാധാനമല്ല യുദ്ധമാണല്ലോ
