എല്ലാം വിജയിക്ക് എന്നതാണ് ചൂതാട്ടത്തിന്റെയും (പഴയ) യുദ്ധങ്ങളുടെയും നീതി. എന്റെയെന്റേതെന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടാൻ രാഷ്ട്രീയക്കാർ മത്സരിക്കുമ്പോൾ യഥാർത്ഥ വിജയി എല്ലാവരെക്കൊണ്ടും തനിക്ക് സ്തുതി പാടിച്ച് ഗൂഢാസ്മിതം പൊഴിക്കുകയായിരുന്നിരിക്കണം.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞു. ഇനി വികസനത്തിന്റെ മലവെള്ളപ്പാച്ചിലാണ്. ഷാങ്ഹായ്, സിംഗപ്പൂർ, ലോസ് ആഞ്ജലിസ് തുടങ്ങിയ നഗരങ്ങൾ കണക്കെ തിരുവനന്തപുരം വളരുമത്രേ, “അരിച്ചിറങ്ങൽ” പ്രക്രിയയിലൂടെ നേട്ടം എല്ലാവരിലേക്കും എത്തുമത്രേ. എന്തു മധുരമനോഹര സ്വപ്നം!
പാണന്മാരുടെ പാട്ടുകൾക്കപ്പുറം ചില സന്ദേഹങ്ങൾ പരിശോധിക്കാതെ വയ്യ.
കുറച്ചുകാലം മുൻപ് വല്ലാർപാടത്ത് കണ്ടെയ്നർ ടെർമിനൽ പണിയുമ്പോഴും ഇതേ സ്വപ്നങ്ങൾ തന്നെയാണ് വില്പനയ്ക്ക് വച്ചിരുന്നത്. എന്നിട്ട് അവിടെ തേനും പാലും ഒഴുകിയതായി അറിയില്ല. മൂലമ്പിള്ളിയിൽ നിന്ന് കുടിയിറക്കിയവർ വികസിച്ചതായും കേട്ടില്ല. സ്മാർട്ട് സിറ്റിയും കൊച്ചി മെട്രോയുമൊക്കെ സ്വപ്ന പദ്ധതികൾ ആയിരുന്നു. ആ സ്വപ്നങ്ങളിൽ എത്ര ശതമാനം യാഥാർത്ഥ്യമായി എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.
* പണം വരുന്ന വഴിയും പോകുന്ന വഴിയും
ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് തന്നെ, മഹാരാഷ്ട്രയിൽ പണിയാൻ ഉദ്ദേശിക്കുന്ന വാധ്വാൻ തുറമുഖം വിഴിഞ്ഞത്തിന് ഭീഷണി ആകില്ല എന്നും വിഴിഞ്ഞത്തേക്കാൾ ശേഷിയുള്ളതും വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതുമായ ദുബായ്, സലാല, കൊളംബോ, സിംഗപ്പൂർ തുടങ്ങിയവയുമായി മത്സരിച്ച് വിഴിഞ്ഞം തുറമുഖം വലിയ നേട്ടങ്ങൾ ഉണ്ടാക്കും എന്നും തന്നെ കരുതുക. എങ്കിൽ ഈ തുറമുഖം കൊണ്ട് ഗുണം ആർക്കാണ് ലഭിക്കുക? അത് അറിയണമെങ്കിൽ ഇതിന് പണം മുടക്കിയ വർ ആരൊക്കെ എന്നും അവർക്ക് കിട്ടുന്ന വരുമാനം എന്താണെന്നും അറിയണം.
7700 കോടി രൂപയാണ് വിഴിഞ്ഞത്തിന്റെ ഒന്നാം ഘട്ടത്തിന് ചെലവ് കണക്കാക്കിയത്. പണി നീണ്ടുപോയതിനാലായിരിക്കാം ഇത് 8800 കോടിക്ക് മുകളിലായി എന്ന് മാധ്യമ റിപ്പോർട്ടുകളിൽ കാണുന്നു. ഇതിൽ 5595 കോടി രൂപ മുടക്കിയത് കേരളമാണ്, ആകെ ചെലവിന്റെ 63 ശതമാനം. 795 കോടി രൂപയുടെ പലിശരഹിത വായ്പയും വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് (VGF) ആയി 817 കോടി രൂപയും ഉൾപ്പെടെ 1612. 8 കോടി രൂപ കേന്ദ്രസർക്കാരാണ് മുടക്കിയത്, മൊത്തം ചെലവിന്റെ 18 ശതമാനം. ഇതിൽ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് തിരിച്ചടയ്ക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്. ബാക്കി തുകയാണ് ഒന്നാം ഘട്ടത്തിൽ അദാനി ഗ്രൂപ്പിന്റെ വിഹിതം. (രണ്ടാംഘട്ടത്തിൽ ഉള്ള പണം മുടക്കുന്നത് അദാനി ഗ്രൂപ്പ് ആണെന്നാണ് ചിലർ ഇപ്പോൾ ന്യായീകരിക്കുന്നത്. എന്നാൽ ഈ പോർട്ടിൽ നിന്നുള്ള വരുമാനവും ഇതിനെ കാണിച്ച് ബാങ്കുകളിൽ നിന്നും എടുക്കുന്ന കടവും ആണ് രണ്ടാംഘട്ടത്തിനുള്ള മൂലധനം ആകാൻ പോകുന്നത്. അതിനാൽ തന്നെ രണ്ടാംഘട്ടത്തിലെ ചെലവ് ഇവിടെ കണക്കാക്കേണ്ട ആവശ്യമില്ല)
ഇവിടെ നിന്നുള്ള വരുമാനം പങ്കുവയ്ക്കാനുള്ള വ്യവസ്ഥകൾ ഇപ്രകാരമാണ്. ആദ്യത്തെ 15 വർഷം തുറമുഖത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വരുമാനം പൂർണമായും അദാനി ഗ്രൂപ്പിന് (എല്ലാം വിജയിക്ക്) പതിനാറാമത്തെ വർഷത്തിൽ വരുമാനത്തിൽ ഒരു ശതമാനം കേരളത്തിന്. തുടർന്നുള്ള 25 വർഷങ്ങളിൽ കേരളത്തിന്റെ വരുമാനം ഓരോ ശതമാനം വർദ്ധിക്കും.
2015 ൽ പദ്ധതിയുടെ നിർമ്മാണം തുടങ്ങുമ്പോൾ നാലു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കണമെന്നായിരുന്നു കരാർ. അത് ആയിരം ദിവസം കൊണ്ട് പൂർത്തിയാക്കും എന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ അവകാശവാദം. സമയബന്ധിതമായി പണി പൂർത്തിയായില്ലെങ്കിൽ അദാനി ഗ്രൂപ്പ് സർക്കാരിന് നഷ്ടപരിഹാരം കൊടുക്കണമെന്ന് വ്യവസ്ഥകൾ കരാറിൽ ഉണ്ടായിരുന്നു. എന്നാൽ പറഞ്ഞതിന്റെ ഇരട്ടിയിലേറെ സമയം എടുത്തിട്ടും ഒരു രൂപ പോലും നഷ്ടപരിഹാരമായി വാങ്ങിയില്ലെന്ന് മാത്രമല്ല ഇതിനിടയിൽ അവർക്ക് ചില ആനുകൂല്യങ്ങൾ എങ്കിലും ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. കരാർ വ്യവസ്ഥകൾ പ്രകാരം 2034 മുതലാണ് സംസ്ഥാനത്തിന് വരുമാനം ലഭിച്ചു തുടങ്ങേണ്ടത്. നിർമ്മാണം വൈകിയ സ്ഥിതിക്ക് കേരളത്തിന് വരുമാനം ലഭിക്കാൻ 2034 വരെയാണോ അതോ 2040 വരെയാണ് കാത്തിരിക്കേണ്ടത് എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.
തുറമുഖത്തിനായി 5600 കോടി രൂപയും VGF തിരിച്ചടയ്ക്കേണ്ട ബാധ്യതയും അനുബന്ധ റോഡ് റെയിൽ സൗകര്യങ്ങൾക്കായി മുടക്കുന്ന ആയിരക്കണക്കിന് കോടി രൂപയും (വിഴിഞ്ഞത്തുനിന്ന് ബാലരാമപുരത്തേക്കുള്ള 10.7 കിലോമീറ്റർ നീളമുള്ള റെയിൽവേ ലൈനിന് 1060 കോടി രൂപ ചെലവ് വരുമെന്നാണ് പറയുന്നത്) ചെലവഴിക്കുന്ന സർക്കാരിന് 15 വർഷത്തേക്ക് വരുമാനം വട്ടപ്പൂജ്യം. പതിനാറാമത്തെ വർഷം 12 കോടി രൂപ കിട്ടുമത്രേ. തുടർന്നുള്ള വർഷങ്ങളിൽ ഇത് കുറേശ്ശെ വർദ്ധിക്കും.
പദ്ധതി ചെലവിന്റെ 80 ശതമാനവും സർക്കാരുകൾക്കു മുടക്കാമെങ്കിൽ ബാക്കി 20 ശതമാനം കൂടി കണ്ടെത്തി വൈദഗ്ധ്യം ഉള്ളവരെ വച്ച് സ്വന്തമായി തുറമുഖം നിർമ്മിച്ചിരുന്നുവെങ്കിൽ വരുമാനം മുഴുവനായി സർക്കാരിന് തന്നെ ലഭിക്കുമായിരുന്നില്ലേ എന്ന് ആരെങ്കിലും ചോദിച്ചാൽ അവർക്ക് സർക്കാർ കാര്യങ്ങളെക്കുറിച്ച് ഒരു ചുക്കും അറിയില്ല എന്ന് മാത്രമേ മറുപടിയുള്ളൂ.
* തൊഴിൽ സാധ്യത
മദർ ഷിപ്പ് എന്നറിയപ്പെടുന്ന കൂറ്റൻ കപ്പലുകളിൽ നിന്ന് ചെറിയ യാനങ്ങളിലേക്ക് ചരക്ക് മാറ്റുന്ന ട്രാൻസ്ഷിപ്പ്മെന്റ് ആണ് വിഴിഞ്ഞത്ത് പ്രധാനമായും നടക്കുക. ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട്, ഒരു ദിവസം കൊണ്ട് ഇത് ചെയ്യാൻ ആകും എന്നാണ് കണക്കാക്കുന്നത്. വിഴിഞ്ഞത്തിന് മത്സരിക്കേണ്ട സമീപത്തെ കൊളംബോ, സിംഗപ്പൂർ, മലേഷ്യൻ (ടാൻജെങ് പെലെപാസ്) തുറമുഖങ്ങളിലും ‘ടേൺ എറൗണ്ട് ടൈം’ എന്ന് വിളിക്കുന്ന ഈ സമയം ഒരു ദിവസം തന്നെയാണ്, ദുബായിൽ 1.1 ദിവസവും. (മാതൃഭൂമി 1/5/25)
സെമി ഓട്ടോമേറ്റഡ് ആയ തുറമുഖത്തിൽ നേരിട്ടുള്ള തൊഴിലവസരം താരതമ്യേന കുറവായിരിക്കും. തുറമുഖത്തിന്റെ സാന്നിധ്യം കൊണ്ട് സമീപപ്രദേശങ്ങളിൽ ഉണ്ടാകാവുന്ന അനുബന്ധ വികസന പ്രവർത്തനങ്ങളാണ് പ്രധാന പ്രതീക്ഷ. ഇത് എത്രമാത്രം ഉണ്ടാകുമെന്നും അതിന്റെ നേട്ടങ്ങൾ ആർക്കൊക്കെ ലഭിക്കുമെന്നും കാലമാണ് തെളിയിക്കേണ്ടത്.
മറുവശത്ത് 3000 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഈ പദ്ധതിക്കായി പുനരധിവസിപ്പിക്കേണ്ടതുണ്ട്. (ഇതിനായി 2015 ൽ സർക്കാർ 475 കോടി രൂപയുടെ പാക്കേജ് ആണ് പ്രഖ്യാപിച്ചത്. ഇത് ഇപ്പോഴും പൂർത്തിയായിട്ടില്ല) അതിലുപരി സമീപപ്രദേശങ്ങളിലെ 50000 ത്തോളം മത്സ്യത്തൊഴിലാളികൾക്ക് തങ്ങളുടെ ഭാവി സംബന്ധിച്ച് കടുത്ത ആശങ്കയുണ്ട്. തുറമുഖ നിർമ്മാണം തുടങ്ങിയ ശേഷം സമീപപ്രദേശങ്ങളിൽ വർദ്ധിച്ച തോതിൽ തീര ശോഷണം ഉണ്ടാകുന്നതും തുറമുഖം തിരക്കേറിയ തായാൽ ചെറുകിട മത്സ്യബന്ധന യാനങ്ങളുടെ സഞ്ചാരത്തിന് ഉണ്ടാകാവുന്ന പ്രതിബന്ധങ്ങളും എല്ലാം തന്നെ അവരുടെ ആശങ്കയാണ്. 2022 ൽ നടന്ന സമരം അടിച്ചമർത്തപ്പെട്ടതോടെ കടുത്ത നിരാശയിലാണ് മത്സ്യത്തൊഴിലാളികൾ.അതിനാൽ തന്നെ വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടനത്തോട് തണുത്ത പ്രതികരണം മാത്രമാണ് അവരുടെ ഭാഗത്തുനിന്നുണ്ടായത്.
കടലിലെ കല്ലും മലയിലെ ഉരുളും
80 ലക്ഷം ടൺ പാറയാണ് വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണത്തിനായി കണക്കാക്കിയത്. ഈ പദ്ധതിക്ക് വേണ്ടി മാത്രമായി നിരവധി പുതിയ ക്വാറികൾക്ക് സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷങ്ങളിൽ അനുമതി കൊടുത്തു. നിയമങ്ങളും മാനദണ്ഡങ്ങളും മറി കടന്നു കൊണ്ടാണ് ഇതിൽ പലതിനും അനുമതി കൊടുത്തിട്ടുള്ളത്. കാലാവസ്ഥാ പ്രതിസന്ധിയുടെ ഭാഗമായി പെയ്യുന്ന മഴയുടെ തീവ്രത വല്ലാതെ വർദ്ധിച്ചു കൊണ്ടിരിക്കുന്നത് പശ്ചിമഘട്ട മലനിരകളിൽ പലയിടത്തും മലയിടിച്ചിന്റെയും ഉരുൾപൊട്ടലിന്റെയും സാധ്യത വല്ലാതെ വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഇത്തരം പദ്ധതികൾക്കായി വലിയതോതിൽ മലതുരക്കുന്നത്. ഇത് തീർച്ചയായും ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്ന പ്രവൃത്തിയാണ്.
തുറമുഖത്തിന്റെ പ്രവർത്തനം സമുദ്ര ആവാസവ്യവസ്ഥയിൽ സൃഷ്ടിക്കാവുന്ന ആഘാതങ്ങൾ സംബന്ധിച്ച് ധാരാളം പഠനങ്ങൾ പുറത്തു വന്നിട്ടുണ്ട്. നിരവധി ശാസ്ത്രജ്ഞർ ഇക്കാര്യത്തിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.ധാരാളം കക്ക ലഭിച്ചിരുന്ന പ്രദേശങ്ങൾ മണൽവന്നു മൂടിയതും പവിഴപ്പുറ്റുകൾ ശോഷിക്കുന്നതും പ്രത്യാഘാതങ്ങളിൽ ചിലത് മാത്രമാണ്. വിഴിഞ്ഞം പദ്ധതിക്കായി ആകെ 3000 മീറ്റർ നീളത്തിലാണ് പുലിമുട്ട് നിർമ്മിക്കുന്നത്. ഇതിൽ 600 മീറ്റർ നിർമ്മാണം കഴിഞ്ഞപ്പോൾ തന്നെ വലിയ തോതിൽ തീര ശോഷണം അനുഭവപ്പെട്ടു. ഈ പശ്ചാത്തലത്തിൽ അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രിക്ക് തന്നെ പദ്ധതിക്ക് പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടെന്ന് അംഗീകരിക്കേണ്ടി വന്നു.
തുറമുഖത്തിന്റെ ഒന്നാം ഘട്ടം പ്രവർത്തനം തുടങ്ങി കഴിഞ്ഞു. പദ്ധതി ഉയർത്തിയ പ്രതീക്ഷകളെയും ആശങ്കകളെയും കുറിച്ച് വിലയിരുത്താനുള്ളതാവട്ടെ അടുത്ത ചില വർഷങ്ങൾ. അതുവരെ പദ്ധതിയുടെ വിപുലീകരണ പ്രവർത്തനങ്ങൾ തുടങ്ങാതിരിക്കുന്നതാണ് അഭികാമ്യം.
