എന്‍ എസ് മാധവന്റെ തിരുത്ത് എന്ന കഥാസമാഹാരത്തിലെ ഒരു പ്രയോഗം കടമെടുത്തു പറഞ്ഞാല്‍ ഇന്നു മുതല്‍ ഒരു മൃതദേഹമായി പോലും പോപ്പ് ഫ്രാന്‍സിസ് നമുക്കൊപ്പമില്ല. ജീവിച്ചിരുന്നകാലമത്രയും സ്വന്തം ബോധ്യങ്ങളൊഴികെ ഒന്നിന്റെയും ജന്മിയാകാതിരുന്നയാള്‍ ജന്മാന്തരലോകത്തേക്ക് യാത്രയായിരിക്കുന്നു.
അവസാന ശ്വാസം വലിക്കുന്ന വേളയില്‍ ഒസ്യത്ത് എന്നു കരുതാന്‍ വെറും നൂറു ഡോളര്‍ മാത്രം സ്വന്തമായുണ്ടായിരുന്നൊരാള്‍. അതിനപ്പുറം ഒരു ബാങ്ക് അക്കൗണ്ട് പോലുമില്ലാതിരുന്നയാള്‍. പോപ്പ് സ്ഥാനത്തിന്റെ ശമ്പളം പോലും കൈകൊണ്ടു തൊടാതെ പണത്തില്‍ നിന്നും അകലം സൂക്ഷിച്ചൊരാള്‍… ആ വിലപ്പെട്ട പ്രാണന്‍ ഇഹലോകത്തിന്റെ കടവില്‍ നിന്ന് എന്നേക്കുമായി വിടചൊല്ലിയിരിക്കുന്നു.
‘നരകങ്ങള്‍ ചുറ്റിലും വാപിളര്‍ക്കുമ്പോള്‍ ഉള്ളെരിഞ്ഞു’ നോക്കുവാന്‍ നമുക്കാരുണ്ടിനി. മൃതദേഹമായി പോലും ഫ്രാന്‍സിസ് ഇല്ലല്ലോ ഈശ്വരാ. കാണാനും കേള്‍ക്കാനും തൊടാനും മാത്രമല്ല, പോപ്പ് ഫ്രാന്‍സിസ് എന്ന കരുണാര്‍ദ്രമായ നെഞ്ചിടിപ്പിനെ നമ്മുടെ സ്വന്തം നെഞ്ചിന്‍ കൂട്ടിലേക്ക് ഏറ്റുവാങ്ങാനുമൊക്കെ കഴിയുന്ന നാളുകള്‍ തീര്‍ന്നിരിക്കുന്നുൂ. ഇനി ഈ അഴിമുഖത്ത് നമ്മള്‍ മാത്രം. പടയോട്ടങ്ങളും ബലവാന്‍മാരുടെ ആര്‍ത്തിയും ദരിദ്രനോടു കരുണകാട്ടാത്ത പൊതുബോധവുമൊക്കെ ചേര്‍ന്ന് സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്കു തള്ളിനീക്കിയ കോടിക്കണക്കായ നിസ്വരും ആത്മീയ അനാഥത്വത്തിന്റെ ഇരകളുമായ നമ്മള്‍ മാത്രം. കവി പറയുന്നതു പോലെ ‘ഇനി നമ്മള്‍ മാത്രം, നമുക്കൊരുള്‍ച്ചൂടിന്റെ’ കനിവുറവു മാത്രം. എങ്കിലെന്ത്, ആയുസൊടുങ്ങുവോളം തുഴയുവാന്‍ ഫ്രാന്‍സിസ് എന്നൊരു പങ്കായം നമുക്കു കൂട്ടുണ്ട്.
നിസംശയം ആര്‍ക്കും പറയാനൊക്കും, പോപ്പ് ഫ്രാന്‍സിസ് നീതിയുടെ പക്ഷത്തായിരുന്നു. അപ്പോഴും ഒരു സംശയത്തിന് തലപൊക്കാതിരിക്കാനാവുന്നില്ല. ഇന്നത്തെ വിപല്‍ കാലത്ത് ഒരു പോപ്പിന് എത്രത്തോളം നീതിയുടെ പക്ഷത്തു നിലയുറപ്പിക്കാനാവും. പറയുമ്പോള്‍ മുഷിയരുത്-ഇത്തിരി ഭേദപ്പെട്ട ഒരു പീലാത്തോസിനോളം. അതേ, അത്ര മാത്രം.
ഓര്‍ക്കുക, ബൈബിളോ ചരിത്രമോ ഒരിടത്തു പോലും പീലാത്തോസിനെ നീതിരഹിതനെന്നു രേഖപ്പെടുത്തിയിട്ടില്ല. കൊലയ്ക്കു വിട്ടുകൊടുക്കുമ്പോള്‍ പോലും ജീസസ് നീതിമാനായിരുന്നെന്ന് പീലാത്തോസിന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. എന്നും പാവപ്പെട്ടവന്റെ എതിര്‍പക്ഷത്തു മാത്രം നിലയുറപ്പിക്കുന്ന പൊതുബോധത്തിന്റെ ആര്‍ത്തലയ്ക്കുന്ന കൊലവിളിക്കു മുന്നില്‍ ആ പാവം ചൂളിപ്പോയതാണ്. ഈ നീതിമാന്റെ രക്തത്തില്‍ തനിക്കു പങ്കില്ലെന്നു കൈകഴുകിയൊഴിയുമ്പോഴും ഭാര്യ ക്ലോഡിയയുടെ നെഞ്ചുലഞ്ഞുള്ള കുറിപ്പ് സ്വകാര്യ നൊമ്പരമായി അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്നിരിക്കാനാണ് സാധ്യത.
പീലാത്തോസ് ഒരു സ്ഥാപനം തന്നെയായി മാറുന്നത് ഗവര്‍ണറുടെ സ്ഥാനക്കസേരയില്‍ ഇരിക്കുമ്പോഴാണ്. സ്ഥാനമാണ് ഒരാളെ സ്ഥാപനമാക്കി മാറ്റുന്നത്. ഒരു വ്യാഴവട്ടം മുമ്പ് മറ്റൊരു പേപ്പല്‍ തിരഞ്ഞെടുപ്പിന് ഇത്തിരിപ്പോന്നൊരു ട്രാവല്‍ ബാഗില്‍ ഏതാനും കുപ്പായവും ഒരു വേദപുസ്തകവുമായി വന്നിറങ്ങിയ ഈശോസഭക്കാരനായ അര്‍ജന്റൈന്‍ കര്‍ദിനാളിനെ കാത്തിരുന്നത് മറ്റൊരു നിയോഗമായിരുന്നു. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയെന്ന നിയോഗം.
ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോ എന്ന കര്‍ദിനാളിന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അദ്ദേഹത്തെ ഒരു സ്ഥാപനം തന്നെയാക്കി മാറ്റാന്‍ തക്ക കരുത്തുള്ള കെണി കൂടിയായിരുന്നു ആ സ്ഥാനലബ്ധി. ആ അറിവിലായിരിക്കും തന്നെ ഈ സ്ഥാനത്തേക്കു തിരഞ്ഞെടുത്തതിന് ദൈവം നിങ്ങളോടു ക്ഷമിക്കട്ടെയെന്ന് പാതി കളിയായും പാതി കാര്യമായും അദ്ദേഹം പറഞ്ഞതും. എന്തു തന്നെയായാലും അന്ന് സിസ്‌റ്റൈന്‍ പള്ളിയുടെ പുകക്കുഴലിലൂടെ വെളുത്ത പുക പൊങ്ങിയത് ബര്‍ഗോളിയോ എന്ന ഈ കര്‍ദിനാളിനെ അടുത്ത പോപ്പായി തിരഞ്ഞെടുത്തതിന്റെ ഉദ്ഘോഷണവുമായിട്ടായിരുന്നു.
ലോകത്തെ ഏറ്റവും ചെറിയ രാഷ്ട്രത്തിന്റെ തലവന്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ, അതേ ഭൗതികസ്വത്തില്‍ സമ്പന്നമായ, മതത്തിന്റെ അധിപന്‍ കൂടിയാണ്. പണത്തിന്റെ, അതേ, അപരിമിതമായ പണത്തിന്റെ, സമ്പാദന ശാസ്ത്രവും സംരക്ഷണ ശാസ്ത്രവും, വിനിയോഗ ശാസ്ത്രവും പഠിക്കേണ്ടത് നാട്ടിന്‍പുറത്തെ കുടിപ്പള്ളിക്കൂടത്തില്‍ നിന്നല്ല. അതിന്, അതിനു മാത്രമായുള്ള കലാലയങ്ങളും കലാശാലകളുമൊക്കെ നാട്ടില്‍ സുലഭം. പക്ഷേ. അവിടെ നീതിയുടെയും കരുണയുടെയുമൊക്കെ സിലബസ് തന്നെ ഫോളോ ചെയ്യണമെന്ന് വാശിപിടിച്ചിട്ടു കാര്യമില്ല.
പോപ്പ് എത്രത്തോളം നീതിമാനായിരുന്നു എന്ന ചോദ്യം തല്‍ക്കാലം നമുക്ക് മാറ്റിവയ്ക്കാം. റബര്‍തോട്ടമോ ഷോപ്പിങ് കോംപ്ലക്സോ മറ്റു വരുമാനമാര്‍ഗങ്ങളോ ഇല്ലാത്ത ഏതെങ്കിലും ദരിദ്ര ഇടവകയുടെ വികാരിക്കോ അന്നന്നു പണിയെടുത്ത് അന്നന്നത്തെ അന്നം തേടുന്ന വിശ്വാസിക്കോ ഒഴികെ നഷ്ടപ്പെടാന്‍ മറ്റെന്തെങ്കിലുമുള്ള ആര്‍ക്കും നീതിയെന്നതും കരുണയെന്നതും ഇരിക്കുന്ന കമ്പു മുറിക്കുന്നതിനു തുല്യമായ തോതിലുള്ള അവിവേകത്തിന്റെ ആഡംബരം തന്നെയാണ്.
പോപ്പ് ഫ്രാന്‍സിസ് എന്നതിലെ പോപ്പ് എന്ന പദം മാറ്റിവച്ച്, ഈ വാചകം മുതല്‍, നമുക്ക് ഫ്രാന്‍സിസ് എന്നു മാത്രം പറയാം. അതേ, നൂറോളം വര്‍ഷം മുമ്പ് ഇറ്റലിയില്‍ നിന്ന് ലത്തീനമേരിക്കയിലേക്ക് കുടിയേറിയ ജിയോവാനി ബര്‍ഗോളിയോയുടെ കൊച്ചുമകന്‍, കുടിയേറിയെത്തിയ അര്‍ജന്റീനയില്‍ നിന്ന് തിരികെ പൈതൃകദേശത്തിന് തൊട്ടുചേര്‍ന്ന് വത്തിക്കാനില്‍ ദേശത്തിനും മതത്തിനും അധിപതിയായെത്തിയ സന്യാസി, ഫ്രാന്‍സിസ് എന്ന അലച്ചിലിനെ ആനന്ദമാക്കിയ പുണ്യചരിതന്റെ പേരിലേക്ക് പരകായപ്രവേശം ചെയ്ത ഹോര്‍ഹെ മാരിയോ ബര്‍ഗോളിയോ-അദ്ദേഹം ഏതു സാഹചര്യത്തിലും ആവുന്നത്ര നീതിമാനായിരുന്നു എന്നതിന് ഒരു പാണന്റെ കഥയും അവലംബമാക്കേണ്ടതില്ല, ജീവിക്കുന്ന തെളിവുകള്‍ നമുക്കു ചുറ്റും ധാരാളം.
ലാറ്റിന്‍ അമേരിക്കയാണ് പോപ്പ് ഫ്രാന്‍സിസിനെ രൂപപ്പെടുത്തിയ ചിന്താധാരയെന്നു നിസംശയം പറയാം. ലോകത്താകെയുള്ള കത്തോലിക്കരുടെ നാല്‍പതു ശതമാവും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണെങ്കിലും ആദ്യമായി ഈ മേഖലയ്ക്കു പേപ്പല്‍ സാന്നിധ്യം കൈവരുന്നത് ബര്‍ഗോളിയോയിലൂടെയാണ്. അതിസമ്പന്നരും അതിദരിദ്രരുമായ ജനത ഒരു പോലെ വിശ്വാസികളായി തുടരുന്ന ലാറ്റിന്‍ അമേരിക്കന്‍ സഭയില്‍ ഓരോ പട്ടക്കാരനും ഓരോ മേല്‍പ്പട്ടക്കാരനും ദാരിദ്ര്യത്തിന്റെ നാനാദൈന്യരൂപങ്ങളെയും അടുത്തറിയാന്‍ അവസരമേറെ.
പോപ്പ് ഫ്രാന്‍സിസിലൂടെ പാരിസ്ഥിതിക ആത്മീയതയ്ക്ക് ആഗോള സഭയില്‍ മുഴക്കം ലഭിക്കുന്നതിനു മുന്നേ കത്തോലിക്കാസഭയെ അടിമുടി ഇളക്കിയ മുന്നേറ്റമായ വിമോചന ദൈവശാസ്ത്രത്തിന്റെയും ഈറ്റില്ലം ലത്തീന്‍ അമേരിക്കയായിരുന്നു. ‘ദരിദ്രരെ സുവിശേഷം അറിയിക്കുവാന്‍… ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും’ എന്ന വേദപുസ്തക വിചാരം വിമോചന ദൈവശാസ്ത്രത്തിലൂടെ വിളംബരം ചെയ്യുകയും സഭ തദനുസൃതമായി നിലപാടുകള്‍ പുതുക്കുകയും ചെയ്യുന്നതിനു തട്ടകമായി മാറിയ ലാറ്റിന്‍ അമേരിക്കയാണ് പോപ്പ് ഫ്രാന്‍സിസിന്റെയും ചിന്താപരിസരം. ഓര്‍ക്കുക, ‘കര്‍ത്താവിനു സ്വീകാര്യമായ വത്സരം’ എന്നതിന്റെ വെളിച്ചത്തിലുള്ള ബദല്‍ വേദപുസ്തക വായനയ്ക്കു പാരിസ്ഥിതികമായ മാനങ്ങളുമേറെയായിരുന്നു.
ലാറ്റിനമേരിക്കയും വിമോചനത്തിന്റെ ദൈവശാസ്ത്രവുമൊക്കെ ചേര്‍ന്ന് വളര്‍ത്തുകയും പക്വതയിലെത്തിക്കുകയും ചെയ്ത ആത്മീയ വ്യക്തിത്വമാണ് പോപ് ഫ്രാന്‍സിസിന്റേത്. അതിനൊപ്പമാണ് കരുണയുടെ പാഠങ്ങള്‍ കൂടി ഇഴചേരുന്നത്. കരുണ എന്ന ഒരിക്കലും മുന തേയാത്ത പദത്തിന്റെയും അതിന്റെ ആഴമേറിയ തെളിമയുടെയും നിലപാടുതറ രൂപപ്പെടുത്തുന്നതിന് ബൊര്‍ഗോളിയോയ്ക്ക് തുണനിന്നത് അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് അല്ലാതെ മറ്റാരുമല്ല. ഫ്രാന്‍സിസ് അസീസി തന്നെ തുടക്കം കുറിച്ച ഫ്രാന്‍സിസ്‌കന്‍ സന്യാസ ശാഖയില്‍ നിന്ന് ആറു പോപ്പുമാര്‍ അതിനകം കത്തോലിക്ക സഭാധ്യക്ഷ സ്ഥാനത്തെത്തിയിരുന്നെങ്കിലും ഫ്രാന്‍സിസ് എന്ന പേര് ആദ്യമായി സ്വീകരിക്കുന്നതു ജസ്യൂട്ട് സന്യാസശാഖയില്‍ നിന്നെത്തിയ ബെര്‍ഗോളിയോ തന്നെ. ആ പേരിന്റെ സ്വീകരണം തന്നെയായിരുന്നു അദ്ദേഹത്തിന്റെ നിലപാടിന്റെ വിളംബരം.
നിക്കോസ് കസാന്‍ദ്സാക്കീസിന്റെ ദൈവത്തിനു വേണ്ടി പാപ്പരായവന്‍ (ഗോഡ്സ് പോപ്പര്‍) എന്ന വിശ്രുത ഗ്രന്ഥത്തിലൂടെ ആധുനിക ലോകത്തിനു പരിചിതമായ തീര്‍ന്ന ഫ്രാന്‍സിസ് പുണ്യചരിതന്റെ ജീവിതത്തിന്റെ ഒമ്പതു നൂറ്റാണ്ടിനു ശേഷമുള്ള അര്‍ത്ഥവത്തായ വായനയ്ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്വന്തം ജീവിതം തന്നെ മലര്‍ക്കെ തുറന്നുവച്ചു. ഫലമോ കരുണയും പരിസ്ഥിതി സംരക്ഷണവും സാമ്പത്തിക നീതിയുമാകണം സഭയുടെ അടിസ്ഥാന ദൗത്യമെന്ന കയ്പേറിയ പാഠം സഭയുടെ വേദികളില്‍ വീണ്ടും ഉച്ചരിക്കപ്പെട്ടു.
ഒരു നൂറ്റാണ്ടു മുമ്പത്തെ ഭൂഖണ്ഡാന്തര കുടിയേറ്റത്തിന്റെ മൂന്നാം തലമുറയില്‍ പിറന്ന പോപ്പ് ലോകത്താകെയുള്ള കുടിയേറ്റക്കാരോട് കാരുണ്യവും നീതിയും കാണിക്കണമെന്ന് രാഷ്ട്രത്തലവന്‍മാരോട് ആവശ്യപ്പെട്ടു. ബൈബിളില്‍ എവിടെയെങ്കിലും ‘ഇവനെ മാതൃകയാക്കൂ’ എന്ന രീതിയില്‍ ജീസസ് ആരെയെങ്കിലും അവതരിപ്പിച്ചിണ്ടുണ്ടെങ്കില്‍ അവരെല്ലാം ഇതരമതസ്ഥരായിരുന്നു എന്ന സത്യത്തിനു നേരേ കണ്‍തുറന്ന് ഇതരമത ബഹുമാനത്തിന്റെ സജീവദൃഷ്ടാന്തമായി പോപ്പ് ഫ്രാന്‍സിസ് സ്വയം മാറി. ചുരുങ്ങിയത് മൂന്നു നൂറ്റാണ്ടു കാലമെങ്കിലും കൂലിപ്പണിക്കാരുടെയും പാവപ്പെട്ടവരുടെയും മാത്രം മതമായിരുന്ന ക്രിസ്തു സഭ പിന്നീട് രാജക്കാന്‍മാരുടെ മതവും അഭിജാതരുടെ സ്റ്റാറ്റസ് സ്റ്റേറ്റ്മെന്റുമായി അധപ്പതിച്ചതിന്റെ ജീര്‍ണതയുടെ പശ്ചാത്തലത്തിലാണ് പോപ്പ് ഫ്രാന്‍സിസിന്റെ സ്ഥാനാരോഹണമെന്നു മറന്നു കൂടാ.
അന്നന്നത്തെയന്നത്തിനു വേണ്ടി ഉടലു വില്‍ക്കുന്ന പെണ്ണിനെയും സമൂഹത്തിന്റെ നടുമുറ്റത്തു നിന്ന് നിഷ്‌കാസനം ചെയ്യപ്പെട്ട കുഷ്ഠരോഗിയെയും ചേര്‍ത്തു പിടിച്ച ജീസസിന്റെ കാലടികള്‍ക്കു ചേര്‍ന്ന് പെസഹ സന്ധ്യകളില്‍ ജയില്‍പുള്ളികളുടെ കാലുകഴുകി മുത്തം നല്‍കിയും ലൈംഗിക ന്യൂനപക്ഷങ്ങളെ ചേര്‍ത്തു നിര്‍ത്തിയും കത്തോലിക്കാ സഭാപദവികളില്‍ കൂടുതല്‍ ലിംഗനീതി നടപ്പാക്കിയും നവയുഗത്തില്‍ ജീസസിനു പുതുവായനയായി പോപ്പ് മാറിയെന്നത് സഭയുടെ ആദിമശുദ്ധി കാംക്ഷിക്കുന്ന ആരെയാണ് ആവേശം കൊള്ളിക്കാത്തത്.
പത്രോസിന്റെ സിംഹാസനത്തില്‍ പേപ്പസിയുടെ ഇടമുറിയാത്ത തുടര്‍ച്ചയെന്നതിലുപരി, ഇരുപതു നൂറ്റാണ്ടുമുന്നെ അവതരിച്ച ദൈവപുത്രന്റെ ജീവിത സന്ദേശത്തിന്റെ ഓര്‍മപ്പെടുത്തലായി ഫ്രാന്‍സിസിന്റെ പേപ്പസി കാലം അടയാളപ്പെടുത്തപ്പെടുക തന്നെ ചെയ്യും. വഴിവക്കില്‍ പെറ്റുവീണ, ഉരിയമണ്ണില്ലാതെ ആകാശപ്പറവയായി ജീവിച്ച, ഉടുതുണിയില്ലാതെ മരിച്ച മരപ്പണിക്കാരന്‍ ഗുരുവിന്റെ, ജീസസിന്റെ, നൂറ്റാണ്ടുകളിലൂടെ അനാഥമായി തീര്‍ന്ന ജീവിത സന്ദേശത്തിന്റെ ഓര്‍മപ്പെടുത്തല്‍ – എത്ര സുന്ദരമായ ആശയം. അതായിരുന്നു ഫ്രാന്‍സിസ് പേപ്പല്‍ സിംഹാസനത്തിലിരുന്ന സാധിച്ചത്.
എന്തായിരുന്നു ജീസസിന്റെ ജീവിത സന്ദേശമെന്ന പുനരന്വേഷണത്തിനു പോപ്പ് ഫ്രാന്‍സിസിന്റെ വിയോഗവേളയിലെങ്കിലും സഭാമക്കള്‍ തയാറാകേണ്ടതാണ്. ആധുനിക സഭയുടെ അധികാര ശ്രേണി വളരെ ബോധപൂര്‍വം തമസ്‌കരിച്ചിരിക്കുന്ന ചില യാഥാര്‍ഥ്യങ്ങളിലേക്ക് പാര്‍ശ്വവീക്ഷണമെങ്കിലും നേടാന്‍ ഫ്രാന്‍സിസ് നമ്മെ പ്രചോദിപ്പിക്കുന്നു. ശരിയായ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇനിയെങ്കിലും വൈകരുതല്ലോ. ചോദിക്കുവിന്‍, നിങ്ങള്‍ക്ക് (ഉത്തരം) തരപ്പെടുമെന്നാണല്ലോ വേദപുസ്തക വചനം തന്നെ.
ഈശ്വരാന്വേഷണത്തിലും പ്രാര്‍ഥനയിലും മുതല്‍, പണത്തിലും പദവിയിലും മുതല്‍, പാരമ്പര്യത്തിലും അധികാര ഗര്‍വിലും മുതല്‍, ജീവിതത്തിന്റെ സകലമേഖലകളിലും പുതിയൊരു ദൂതും അശാന്തമായ ദൗത്യബോധവുമായി അലഞ്ഞവനായിരുന്നു നസറായനായ ഗുരു.
ദൂത് ഒന്ന് – തുച്ഛമായ അധികാരങ്ങളുടെ പൊള്ളത്തരങ്ങളില്‍ അഭിരമിക്കുന്നവര്‍ അറിയേണ്ടത്, അധികാരിയാകാന്‍ ആഗ്രഹിക്കുന്നവന്‍ സേവകനാകുക.
ദൂത് രണ്ട് – പാരമ്പര്യത്തിന്റെ മഹിമയില്‍ സ്വയം ഞെളിയുന്നവരറിയുക, കല്ലുകളില്‍ നിന്നു വരെ എബ്രഹാമിന്റെ മക്കളെയുണ്ടാക്കാന്‍ ദൈവത്തിനാകും.
ദൂത് മൂന്ന് – അവസാനമില്ലാത്ത പ്രാര്‍ഥനാനാടകങ്ങളില്‍ അഭിമരിക്കുന്നവരറിയുക, കര്‍ത്താവേ കര്‍ത്താവേ എന്നു വിളിക്കുന്നവരല്ല ദൈവത്തിനു പ്രീതിയേകുന്നത്.
ദൂത് നാല് – പണം ഈശ്വരാന്വേഷണത്തില്‍ ഒരാളെ അയോഗ്യനാക്കുക മാത്രമേയു ള്ളൂ(ശിഷ്യത്വം തേടിയെത്തിയ ഒരാള്‍ തിരസ്‌കൃതനാകുന്നത് അയാള്‍ പണക്കാരനായതിന്റെ പേരില്‍ മാത്രമായിരുന്നു).
ദൂത് അഞ്ച് – പാപികളും പാവപ്പെട്ടവരും വിളുമ്പുകളില്‍ വസിക്കുന്നവരുമാണ് ദൈവത്തിനു സ്വീകാര്യര്‍.
ദൂത് ആറ് – കാത്തലിക് ചര്‍ച്ച് ഇന്‍കോര്‍പ്പറേറ്റഡ് എന്ന നിലയില്‍ സഭയെ സ്ഥാപനവല്‍ക്കരിക്കുന്നവര്‍ അറിയുക അവര്‍ തങ്ങളുടെ ദൈവത്തിന്റെ ആലയത്തെ കള്ളന്‍മാരുടെ ഗുഹയാക്കുകയാണ്. (ദൈവത്തിന്റെ ആലയമെന്നു പറയുമ്പോള്‍ ആതുരാലയവും വിദ്യാലയവുമൊക്കെയെന്നു ചേര്‍ത്തു വായിക്കുക).
ദൂത് ഏഴ് – ശരീരമാകുന്ന ദൈവാലയത്തെ മറന്നു കൂടാ.
ദൂത് എട്ട് – വചനം പോലെ തന്നെ അന്നവും പ്രധാനമാണ്.
ഇങ്ങനെ പറഞ്ഞുപോയാല്‍ അവസാനമില്ലാത്ത ദൂതുകളുടെ ഘോഷയാത്രയിലേക്കായിരിക്കും വേദപുസ്ത്ക വായനയിലൂടെ നമ്മളെത്തിച്ചേരുക.
ഓര്‍ക്കുക പാണ്ഡിത്യത്തിന്റെ പരിസരങ്ങളിലായിരുന്നില്ല, പ്രഭുമന്ദിരങ്ങളുടെ ബാന്ധവത്തിലായിരുന്നില്ല, രാജാക്കന്‍മാരുടെ അരമനകള്‍ക്കു ചേര്‍ന്നായിരുന്നില്ല ഗുരുവിന്റെ ലോകം. അത് അവസാനമില്ലാത്ത അലച്ചിലായിരുന്നു. അവധൂതന്റെ തെളിമ മാത്രമായിരുന്നു ഗുരുവിനു കൂട്ട്. മുപ്പതു വയസു പിന്നിട്ട ഒരു ചെറുപ്പക്കാരനും പ്രായത്തില്‍ പത്തോ പന്ത്രണ്ടോ വയസിന് ഇളപ്പമായ ഒരു ഡസന്‍ ശിഷ്യന്‍മാരും കുറേ പാവപ്പെട്ട കൂലിപ്പണിക്കാരും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ അരികുപറ്റി കഴിഞ്ഞ കുറേ മനുഷ്യരും- അവരില്‍ നിന്നാണ് സഭയുടെ ബീജാവാപം. അന്നത്തെ അഭിജാത-പുരോഹിത സമൂഹം ഇവര്‍ക്കു നല്‍കിയതാകട്ടെ വെറും ന്യൂയിസാന്‍സ് വാല്യൂ മാത്രവും.
ജീസസ് ഇന്നാണു വരുന്നതെങ്കിലും ഇതിനപ്പുറം എന്തെങ്കിലും വിലകിട്ടുമെന്നു കരുതാന്‍ ന്യായങ്ങള്‍ തീരെ കുറവ്. പാതി തമാശയായി ഒരു ഫേസ്ബുക്ക് ചങ്ങാതി കുറിച്ചതോര്‍ക്കുന്നു. ജീസസ് ഇന്നു വരികയും ഒരുവേള അമേരിക്കയില്‍ കാലുകുത്തുകയും ചെയ്താല്‍ ഡൊണാള്‍ഡ് ട്രംപ് കൈയിലും കാലിലും കൂച്ചുവിലങ്ങിട്ടു നാടുകടത്തുക തന്നെ ചെയ്യും. കാരണം പാലസ്‌റ്റൈനിലും യുക്രെയ്നിലും യുദ്ധത്തില്‍ കൊല്ലപ്പെടുന്നവര്‍ക്കൊപ്പമാണല്ലോ ജീസസിന്റെ പ്രതിപുരുഷനായ പോപ്പ് ഫ്രാന്‍സിസ് നിലകൊണ്ടത്. ട്രംപിന്റെ ദൃഷ്ടിയിലെ ആ ക്രിമിനല്‍ ഗൂഢാലോചനയില്‍ നിന്നു ജീസസിനു മാത്രമായി ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയുന്നതെങ്ങനെ. ഈയര്‍ഥത്തില്‍ ഇന്ത്യയില്‍ വന്നാലും ജീസസിന്റെ കാര്യം പരുങ്ങലിലായിരിക്കുമെന്നു മറക്കേണ്ട. അല്ലെങ്കില്‍ ജീസസ് പോലും ചില മേല്‍പ്പട്ടക്കാരുടെ കൂടെ ചേര്‍ന്ന് ക്രിസംഘിയായി സ്‌നാനപ്പെടുകയും ഇതരമതവെറി വിളിച്ചുകൂവുകുയും ചെയ്യേണ്ടി വരും.
വേദപുസ്തക പാഠമനുസരിച്ച് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് സകല പ്രകൃതിയുടെയും നാഥനായിട്ടാണ്. എന്നാല്‍ നാഥന് അങ്ങനെ തന്നെ നില്‍ക്കണമെങ്കില്‍ സകല പ്രകൃതിയെയും അവന്‍ ഊനം തട്ടാതെ സംരക്ഷിക്കാനുള്ള ബാധ്യതകൂടി ഏറ്റെടുക്കണമെന്ന അധിക വായനയില്‍ നിന്നാണല്ലോ ഈ ഭൂമി നമ്മുടെ വീടെന്ന പോപ്പ് ഫ്രാന്‍സിസിന്റെ വിഖ്യാതമായ പ്രഖ്യാപനം വരുന്നതു തന്നെ. എന്നാല്‍ മണ്ണും വെള്ളവും വായുവും വനവുമെല്ലാം മൊത്തമായും ചില്ലറയായും വിപണനം ചെയ്യാനുള്ള റിസോഴ്സ് മാത്രമെന്ന സമകാലിക വിവരക്കേട് ഒട്ടും കുറയാത്ത അളവില്‍ പങ്കിടുന്നതുകൊണ്ടും അവയെ ചൂഷണം ചെയ്യാനുള്ള ആര്‍ത്തിയില്‍ സഭ മറ്റാരെക്കാളും പിന്നിലല്ലാത്തതു കൊണ്ടുമാണല്ലോ, ലൗദാത്തോസി എന്ന പോപ്പ് ഫ്രാന്‍സിസിന്റെ ചാക്രികലേഖനം സഭാതലങ്ങളില്‍ പരാമര്‍ശ വിഷയം പോലുമാകാത്തത്.
ഓര്‍ക്കുക, ലൗദാത്തോസി വെറുമൊരു ചര്‍ച്ച പോലുമാകാത്ത കേരള സഭയില്‍ ഏറ്റവും വലിയ ചര്‍ച്ച ഇപ്പോള്‍ നടക്കുന്നത് കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ സ്വന്തം പൃഷ്ഠം കര്‍ത്താവിനു നേരേ തിരിച്ചു വയ്ക്കണോ അതോ ജനത്തിനു നേരേ തിരിച്ചു വയ്ക്കണോ എന്ന ഗഹനമായ വിഷയത്തിലാണല്ലോ. ഈ ചന്തികലാപം അള്‍ത്താരയിലും പൊതുനിരത്തിലുമെല്ലാം പട്ടക്കാരും ഏറാന്‍മൂളികളായ വിശ്വാസികളും തമ്മില്‍ ചേരിതിരിഞ്ഞ് നടത്തുന്ന ഏറ്റുമുട്ടലുകളുടെ മാനങ്ങളിലേക്കു വളരുകയും സഭ തന്നെ പിളര്‍പ്പിന്റെ വക്കിലെത്തി നില്‍ക്കുകയും ചെയ്യുന്നു. മേല്‍പ്പറഞ്ഞ ശരീരഭാഗം നിങ്ങള്‍ എങ്ങോട്ടെങ്കിലും തിരിച്ചു വച്ചോളൂ, അതിനു മുമ്പ് സാബത്ത് ലംഘനത്തെക്കുറിച്ച് വിമര്‍ശനമുന്നയിച്ചവരോട് രണ്ടായിരം വര്‍ഷം മുമ്പ് ഗുരു പറഞ്ഞ വേദപുസ്തകഭാഗം ഒന്നു വായിക്കുകയെങ്കിലും ചെയ്യൂ എന്ന് സഭാനേതൃത്വത്തോട് പറയാന്‍ വിവേകവും പക്വതയുമുള്ള ഒരാള്‍ പോലും ഇവിടെ ശേഷിക്കുന്നില്ല എന്നതാണ് ഏറ്റവും വേദനാജനകമായ കാര്യം.
അപരമതവെറി അതിന്റെ പാരമ്യത്തിലേക്കു വളര്‍ത്തുന്നതില്‍ സഭാനേതൃത്വം ലജ്ജയേതുമില്ലാതെ വെറുപ്പിന്റെ രാഷ്ട്രീയം പറയുന്നവര്‍ക്കൊപ്പം പരസ്യമായി കളം നിറയുമ്പോള്‍ പോപ്പ് ഫ്രാന്‍സിസ് ഒരു ഓര്‍മപ്പെടുത്തലാകുന്നു. അദ്ദേഹത്തിന്റെ പേരിനു കാരണഭൂതനായ അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ഒരു താക്കീതുമാകുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാന രണ്ടു ദശകങ്ങളിലും പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യ രണ്ടര ദശകങ്ങളിലുമായി ജീവിച്ച ആ താപസതുല്യനായ പുണ്യാത്മാവ് ഇങ്ങനെ എഴുതിയിരിക്കുന്നു. ‘ഞങ്ങള്‍ വെറും തീര്‍ഥാടകരും പരദേശികളുമാണ്. തീര്‍ഥാടകരുടെയും പരദേശികളുടെയും തുടര്‍ച്ചയാണ് ഇവിടെയുള്ളത്’.
നാം ഇന്നു നേരിടുന്ന യഥാര്‍ഥ വെല്ലുവിളി ഈ അവബോധത്തിന്റെ തുടര്‍ച്ച നഷ്ടപ്പെട്ടു പോകുന്നു എന്നതാണ്. ഞാന്‍ പരദേശിയായിരുന്നു, നിങ്ങളെന്നെ സ്വീകരിച്ചു എന്ന ഗുരുവചനത്തിന്റെ മുഴക്കം ലോകത്തിനു നല്‍കി എന്നതാണ് പോപ്പ് ഫ്രാന്‍സിസിന്റെ ഏറ്റവും വലിയ സംഭാവന. അദ്ദേഹത്തിന്റെ കൊതുമ്പുവള്ളം നമ്മുടെ കടവു വിട്ട് അനാദിയായ കാലത്തിലേക്ക് പങ്കായമെറിയുമെറിയുമ്പോള്‍ നമ്മള്‍ ആശങ്കപ്പെടേണ്ടതും ഈ തിരിനാളത്തിന്റെ തെളിമ എന്നേക്കുമായി കൈമോശം വരികയാണല്ലോ എന്നോര്‍ത്താണ്.
