കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഒരു രൂപ പോലും അധികമായി ചെലവഴിക്കാതെ ഉത്പാദിപ്പിക്കാവുന്ന ജലവൈദ്യുതി വേണ്ടെന്നുവച്ച് പുറത്തുനിന്ന് വിലകൂടിയ വൈദ്യുതി വാങ്ങുന്നതെന്തിന്?…. ആസൂത്രണത്തിലെ പിഴവിന് നടപ്പ് വർഷം മാത്രം കൊടുക്കേണ്ടി വരുന്ന വില 200 കോടിയോ അതോ 300 കോടിയോ?….
വേനലറുതിയിൽ ജലസംഭരണികളിൽ കൂടുതൽ വെള്ളം ബാക്കി വയ്ക്കുന്നത് മഴക്കാലത്ത് ഒന്നിച്ച് തുറന്നുവിടാനോ?….
നഷ്ടം വിലയ്ക്കു വാങ്ങരുത് വൈദ്യുതി ബോർഡ്
കാലാവസ്ഥാ പ്രതിസന്ധി കേരളത്തിലും പ്രകടമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടെങ്കിലുമാകുന്നു. തുടർച്ചയായുണ്ടാകുന്ന മഴക്കാല ദുരന്തങ്ങളിലും കാലം തെറ്റിപ്പെയ്യുന്ന മഴയും കടുത്ത ചൂടും ചേർന്ന് കാർഷിക മേഖലയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളിലും വർദ്ധിക്കുന്ന രോഗാതുരതയിലുമെല്ലാം മാറുന്ന കാലാവസ്ഥയുടെ സ്വാധീനം കാണാം. അന്തരീക്ഷ താപനിലയിൽ ഉണ്ടാകുന്ന വർദ്ധനവ് വൈദ്യുതിയുടെ ആവശ്യകതയിലും വലിയ വർദ്ധനവ് വരുത്തുന്നുണ്ട്.
കഴിഞ്ഞ രണ്ട് വേനൽ കാലങ്ങൾ കേരളത്തിലും അതികഠിനമായിരുന്നുവല്ലോ. ഈ സമയത്ത് നമ്മുടെ വൈദ്യുതി ഉപയോഗത്തിൽ മുൻപെങ്ങും ഇല്ലാത്ത വിധത്തിലുള്ള വൻവർദ്ധനവാണ് രേഖപ്പെടുത്തിയത്. കടുത്ത വേനലിനൊപ്പം ജൂണിലും ഓഗസ്റ്റിലുമെല്ലാം മഴ മാറിനിന്ന 2023 – 24 വർഷത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം മുൻ വർഷത്തേക്കാൾ 3200 ദശലക്ഷം യൂണിറ്റോളം വർദ്ധിച്ച് 30938 ദശലക്ഷം യൂണിറ്റായി. മുൻ വർഷങ്ങളിലെ ശരാശരി വാർഷിക വർദ്ധനവിന്റെ മൂന്നു മടങ്ങിൽ അധികമാണ് 2023-24 ൽ ഉണ്ടായത്. 2022 വരെ ഏറ്റവും ഉയർന്ന പ്രതിദിന വൈദ്യുതി ആവശ്യകത 93 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആയിരുന്നത് തൊട്ടടുത്ത വർഷം 103 ദശലക്ഷം യൂണിറ്റും 2024 ൽ 116 ദശലക്ഷം യൂണിറ്റിനടുത്തും ആയി ഉയർന്നു. സമാനമായി വൈകിട്ടത്തെ പീക്ക് സമയത്ത് പരമാവധി ഡിമാൻഡ് നേരത്തെ 4400 മെഗാവാട്ട് ആയിരുന്നത് 2023 ൽ 5000 മെഗാ വാട്ട് കടക്കുകയും 2024 മാർച്ച് ഏപ്രിൽ മാസങ്ങളിൽ പലവട്ടം പുതിയ റെക്കോർഡ് സൃഷ്ടിച്ച ശേഷം മെയ് 5 ന് 5797 മെഗാവാട്ട് ആയി ഉയർന്നു.
അതിശയകരമെന്നു പറയട്ടെ, വൈദ്യുതി ഉപയോഗത്തിൽ വലിയ വർദ്ധനവുണ്ടായ ഈ വർഷങ്ങളിൽ വേനൽക്കാലത്തെ ജലവൈദ്യുതയുടെ ഉൽപാദനം കുറയുകയാണ് ഉണ്ടായിട്ടുള്ളത്. അണക്കെട്ടുകളിൽ മുൻവർഷങ്ങളിലേതിന് സമാനമായ തോതിൽ ജലശേഖരം ഉള്ളപ്പോൾ തന്നെയാണ് ജലവൈദ്യുതി ഉത്പാദനത്തിൽ ഈ കുറവ് രേഖപ്പെടുത്തുന്നത്.
ഒരു വർഷത്തിൽ ശരാശരി 7000 ദശലക്ഷം യൂണിറ്റിലധികം വൈദ്യുതിയാണ് സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളിൽ നിന്ന് ലഭിക്കുന്നത്. 12 വലിയ ജലവൈദ്യുത പദ്ധതികളും (25 മെഗാ വാട്ടിന് മുകളിൽ സ്ഥാപിതശേഷി ഉള്ളവ) നിരവധി ചെറുകിട ജലവൈദ്യുത പദ്ധതികളും ഉണ്ട് സംസ്ഥാനത്ത്. ഇതിൽ ഇടുക്കിയും ശബരിഗിരിയും ഉൾപ്പെടെ വലിയ ജലസംഭരണികൾ ഉള്ള പദ്ധതികളിൽ മഴക്കാലത്ത് ഉൽപാദനം പരിമിതപ്പെടുത്തുകയും പരമാവധി ജലം സംഭരിക്കുകയും വേനലിൽ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് അവലംബിക്കുന്നത്. ചെറിയ സംഭരണശേഷിയുള്ള നിലയങ്ങൾ മഴക്കാലത്തെ ജലലഭ്യത പരമാവധി ഉപയോഗപ്പെടുത്തി ആ സമയത്ത് കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നു. നല്ല മഴയുള്ള മാസങ്ങളിൽ പ്രതിദിനം ശരാശരി 20 ദശലക്ഷം യൂണിറ്റിനടുത്ത് വൈദ്യുതിയാണ് ഉത്പാദിപ്പിക്കാറുള്ളത്. എങ്കിലും മിക്ക അണക്കെട്ടുകളും നിറഞ്ഞിരിക്കുകയും അതിശക്തമായ മഴ പെയ്യുകയും ചെയ്യുന്ന ചില ദിവസങ്ങളിൽ 30 – 40 ദശലക്ഷം യൂണിറ്റ് വൈദ്യുതിയൊക്കെ ഉല്പാദിപ്പിക്കാറുണ്ട്. വൈദ്യുതി കൂടുതൽ ആവശ്യമുള്ള വേനൽക്കാല മാസങ്ങളിൽ നേരത്തെ പ്രതിദിനം 20 – 25 ദശലക്ഷം യൂണിറ്റും അതിലധികവും വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി വേനൽക്കാല വൈദ്യുതി ഉൽപാദനത്തിൽ വലിയ കുറവാണ് കാണുന്നത്.
2021 മുതലുള്ള വർഷങ്ങളിൽ വേനൽക്കാല മാസങ്ങളിലെ ശരാശരി പ്രതിദിന വൈദ്യുതി ആവശ്യകതയും ജലവൈദ്യുതയുടെ ഉൽപാദനവും പട്ടികയിൽ കൊടുത്തിരിക്കുന്നു.

2021ലും 22 ലും മാർച്ച് ഏപ്രിൽ മെയ് മാസങ്ങളിൽ യഥാക്രമം 76.4 ദശലക്ഷം യൂണിറ്റും 80.9 ദശലക്ഷം യൂണിറ്റുമാണ് പ്രതിദിന ശരാശരി ഉപയോഗം. ഈ സമയങ്ങളിലെ ജലവൈദ്യുതിയുടെ ഉൽപാദനം 2021ൽ പ്രതിദിനം ശരാശരി 22.5 ദശലക്ഷം യൂണിറ്റും 2022 ൽ 25 ദശലക്ഷം യൂണിറ്റുമായിരുന്നു. ഈ വർഷങ്ങളിൽ വേനൽക്കാല വൈദ്യുതി ആവശ്യകതയുടെ 30 ശതമാനവും പീക്ക് ഡിമാന്റിന്റെ 40 ശതമാനവും ജലവൈദ്യുത പദ്ധതികളിൽ നിന്ന് നിറവേറ്റാൻ കഴിഞ്ഞിരുന്നു. എന്നാൽ 2023ല്‍ വൈദ്യുതി ആവശ്യകത ശരാശരി 90 ദശലക്ഷം യൂണിറ്റ് കടന്നപ്പോൾ ജലവൈദ്യുതയുടെ ഉൽപാദനം ശരാശരി 19. 4 ദശലക്ഷം യൂണിറ്റായി കുറയുകയായിരുന്നു. തൊട്ടടുത്ത വർഷം വൈദ്യുതി ആവശ്യകത വീണ്ടും ഉയർന്നു പ്രതിദിനം ശരാശരി 98.9 ദശലക്ഷം യൂണിറ്റ് ആയപ്പോൾ ജലവൈദ്യുതയുടെ ഉൽപാദനം പിന്നെയും കുറഞ്ഞ ശരാശരി 17.5 ദശലക്ഷം യൂണിറ്റ് മാത്രമായി കുറഞ്ഞു. 2025 മാർച്ച് മാസത്തിലും സ്ഥിതി സമാനമാണ്. പ്രതിദിനം ശരാശരി 16.6 ദശലക്ഷം യൂണിറ്റ് മാത്രമാണ് ജലവൈദ്യുത പദ്ധതികളിൽ നിന്ന് ഉത്പാദിപ്പിച്ചത്. ഏപ്രിൽ മാസത്തിൽ ആദ്യത്തെ 14 ദിവസത്തിൽ ഇത് 13.1 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നു.
പദ്ധതികളിൽ നിന്ന് ജലവൈദ്യുതിയുടെ ഉൽപാദനം കുറയ്ക്കുക മാത്രമല്ല ഈ ദിവസങ്ങളിൽ ചെയ്യുന്നത്. താരതമ്യേന കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുന്ന കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള വിഹിതത്തിൽ ഒരു ഭാഗവും പല ദിവസങ്ങളിലും നമ്മൾ എടുക്കുന്നില്ല. കഴിഞ്ഞ രണ്ടു വർഷങ്ങളിലേതിന് സമാനമായി ഈ വേനലിലും വൈദ്യുതിയുടെ ഡിമാന്റിൽ വൻ വർദ്ധനവ് ഉണ്ടാകും എന്ന് കണക്കാക്കി ആസൂത്രണം നടത്തിയതായിരിക്കണം വൈദ്യുതി ബോർഡിന് സംഭവിച്ച പാളിച്ച. വേനൽ മഴയിൽ വലിയ കുറവുണ്ടായതും ഒപ്പം എൽനിനോ പ്രതിഭാസം ഉണ്ടായിരുന്നതുമാണ് കഴിഞ്ഞവർഷം മാർച്ച് മദ്യം മുതൽ രണ്ടുമാസത്തോളം കേരളത്തെ അക്ഷരാർത്ഥത്തിൽ തീ ചൂളയിലാക്കിയത്, അതാണ് വൈദ്യുതി ഉപയോഗം കുതിച്ചുചാടുന്നതിലേക്ക് നയിച്ചതും. എന്നാൽ 2021ലും 22 ലും നമുക്ക് അധികവേനൽ മഴയാണ് ലഭിച്ചത് എന്നതും ഇത്തവണ നല്ല രീതിയിൽ വേനൽ മഴ ലഭിക്കും എന്ന് മാർച്ച് ആദ്യം തന്നെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം വന്നതും വൈദ്യുതി ബോർഡ് കണക്കിലെടുത്തില്ല എന്ന് വേണം കരുതാൻ. ജലസംഭരണികളിൽ കിടക്കുന്ന വെള്ളം ഉപയോഗിച്ച് ഒരു പൈസ പോലും അധിക ചെലവില്ലാതെ ഉത്പാദിപ്പിക്കാവുന്ന വൈദ്യുതി വേണ്ടെന്ന് വച്ച് പുറമേനിന്ന് വലിയ വില കൊടുത്ത് വൈദ്യുതി വാങ്ങുമ്പോൾ അത് ബോർഡിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അധിക ഡിമാൻഡ് പ്രതീക്ഷിച്ചുകൊണ്ടുള്ള ആസൂത്രണത്തിൽ ബോർഡിന് വലിയ സാമ്പത്തിക ബാധ്യത വരുന്നത് ഇത് ആദ്യമായി ഒന്നുമല്ല. ഓരോ വർഷവും വലിയ സാമ്പത്തിക ബാധ്യത വരുത്തിക്കൊണ്ട് ഒരു യൂണിറ്റ് വൈദ്യുതി പോലും ഉല്പാദിപ്പിക്കാതെ നോക്കുകുത്തികൾ ആയിരിക്കുന്ന നമ്മുടെ താപനിലയങ്ങൾ തന്നെ ഇതിനുള്ള ഉത്തമ ഉദാഹരണമാണ്.
വേനൽക്കാലത്ത് ജലവൈദ്യുതി ഉൽപാദനം കുറയ്ക്കുമ്പോൾ ബോർഡിൽ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം മാത്രമല്ല പ്രശ്നം. വേനൽക്കാല ആവശ്യങ്ങൾക്കായി പുഴകളിലൂടെ ഒഴുകേണ്ട വെള്ളം നിഷേധിക്കപ്പെടുകയാണ്. ഇത് പലയിടത്തും കടുത്ത ജല ദൗർലഭ്യത്തിലേക്ക് നയിക്കുന്നുണ്ട്. പുതിയ ജലവർഷം ആരംഭിക്കുന്ന ജൂൺ ഒന്നിന് അണക്കെട്ടുകളിൽ വേണ്ട കരുതൽ ശേഖരത്തിന്റെ (600 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം) ഇരട്ടിയെങ്കിലും ഇത്തവണ ഉണ്ടാകുമെന്ന് വേണം കണക്കാക്കാൻ. ഇത് മഴക്കാലത്ത് അണക്കെട്ടുകൾ വേഗം നിറയുന്നതിനും പ്രളയ സാധ്യത വർദ്ധിപ്പിക്കുന്നതിനും ഇടയാക്കുക കൂടി ചെയ്യും.
ജലസംഭരണികളിൽ കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ വേണ്ട വെള്ളം ലഭ്യമാണ്. വേനൽക്കാലം തുടങ്ങുന്ന മാർച്ച് ഒന്നിന് ഇത്തവണ വൈദ്യുതി ബോർഡിന്റെ ജലസംഭരണികളിൽ 2316 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കുവാനുള്ള വെള്ളമാണ് ഉണ്ടായിരുന്നത്. വേനൽക്കാലത്ത് പ്രതിദിനം ശരാശരി 22.5 ദശലക്ഷം യൂണിറ്റ് ജലവൈദ്യുതി ഉത്പാദിപ്പിച്ച 2021ൽ ഉണ്ടായിരുന്നതിനേക്കാൾ 504 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം കൂടുതലാണ് ഇത്. 2025 ഏപ്രിൽ 15ന് രാവിലെ 1823 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുവാൻ ഉള്ള വെള്ളമാണ് ജലസംഭരണികളിൽ അവശേഷിക്കുന്നത്. മെയ് 31 വരെയുള്ള സമയത്ത് ഇനി പ്രതീക്ഷിക്കുന്ന നീരൊഴുക്ക് ഏകദേശം 290 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ളതാണ്, ആകെ 2100 + ദശലക്ഷം യൂണിറ്റിനുള്ള വെള്ളം. ജലവർഷം അവസാനിക്കുന്ന മെയ് 31ന് 600 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുവാനുള്ള വെള്ളം കരുതൽ ശേഖരമായി ബാക്കി വയ്ക്കണം എന്നാണ് കണക്ക്. മെയ് 31 വരെയുള്ള 47 ദിവസം പ്രതിദിനം 30 ദശലക്ഷം യൂണിറ്റ് വൈദ്യുതി നമ്മുടെ ജലവൈദ്യുത പദ്ധതികളിൽ നിന്ന്ഉത്പാദിപ്പിച്ചാലും മെയ് 31ന് 700 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം കരുതൽ ശേഖരമായി ബാക്കിയുണ്ടാകും. ജലവൈദ്യുത നിലയങ്ങളിൽ നിന്നുള്ള ഉൽപാദനം അടിയന്തരമായി വർദ്ധിപ്പിക്കുവാൻ സർക്കാർ വൈദ്യുതി നിർദേശം കൊടുക്കണം. ജൂൺ ഒന്നിലെ കരുതൽ ജല ശേഖരം പരമാവധി 800 ദശലക്ഷം യൂണിറ്റിനുള്ളതായി പരിമിതപ്പെടുത്തുകയും അതിലധികം വരികയാണെങ്കിൽ അതിന്റെ പേരിൽ വരുന്ന അധിക ബാധ്യത ഉപഭോക്താക്കളുടെ തലയിൽ കെട്ടിവയ്ക്കാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കുവാനും ആവശ്യമായ നടപടിക്രമങ്ങൾ ഉണ്ടാക്കാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തയ്യാറാകണം.
