എല്ലാ യുദ്ധങ്ങളും ആരംഭിക്കുന്നത് മനുഷ്യരുടെ മനസിലാണെന്ന ചിരപുരാതനമായ അനുഭവം സത്യമെന്ന് വീണ്ടും വീണ്ടും തെളിയുന്നു. യുദ്ധങ്ങളെല്ലാം അവസാനിക്കുന്നത് ശാന്തിപർവ്വത്തിലും. പറയാനും വിലപിക്കാനും ചിന്തി ക്കുവാനുമേറെ. അതിനാൽ മഹാഭാരതം ഇതിഹാസത്തിലെ ഏറ്റവും വലിയ അധ്യായം ശാന്തിപർവ്വമായി.
15 മാസം പിന്നിട്ട് പശ്ചിമേഷ്യൻ യുദ്ധം വെടിനിർത്തുമ്പോൾ വിജയവാദങ്ങൾക്കും വിലാപങ്ങൾക്കുമപ്പുറത്ത് ഇപ്രകാരമല്ലാതെന്ത് ? ആരും ജയിക്കാത്ത യുദ്ധങ്ങൾ. അവശേഷിക്കുന്നത് നിരന്തരം തോൽക്കുന്ന ,പലായനം ചെയ്യുന്ന മനഷ്യരും.
യുദ്ധത്തിനു മുമ്പ് ഗാസയിലെ ജനസംഖ്യ 23 ലക്ഷം . അതിൽ 18 ലക്ഷവും യുദ്ധാനന്തരം അഭയാർത്ഥികളായി ! തോരാത്ത കണ്ണീരിന്റെ ആഴവും പരപ്പും. 12,000 കുഞ്ഞുങ്ങളും 7000 സ്ത്രീകളുമുൾപ്പെടെ 46,707 ജീവനുകൾ ചിതറിത്തെറിച്ചു . പരിക്കേറ്റവരുടെ എണ്ണം
1,10,265 . ഗാസാ മുനമ്പിലെ 70% എടുപ്പുകളും നിലംപൊത്തി. 75% ജനതയും കൊടും പട്ടിണിയിലും. ഭീതിദമായ അവശേഷിപ്പുകളുടെ , കൂട്ടക്കുരുതികളുടെ, കല്ലിന്മേൽ കല്ല് ശേഷിക്കാതെ തകർന്നടിഞ്ഞ നാഗരികതയുടെ ഭയാനകമായ ചിത്രങ്ങൾ. സ്ഥിരീകരിക്കപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ കൂടി നിസഹായമാവുന്ന സത്യങ്ങൾ. ഇസ്രയേൽ – ഹമാസ് യുദ്ധത്തിന്
താൽക്കാലിക വിരാമം. ഉത്തരം കിട്ടാത്ത സമസ്യകളായി……
ഇസ്രായേൽ- ഹമാസ് യുദ്ധത്തിലേക്ക് നയിച്ച രാഷ്ട്രീയ കാരണങ്ങളുടെ ശരി തെറ്റുകളിലേക്ക് കടക്കുന്നില്ല. ന്യായം ആരുടെ ഭാഗത്തെന്ന് ഇഴ കീറി പരിശോധിക്കുകയും അതിവൈകാരികതയോടെ സമീപിക്കുകയും ചെയ്യുന്ന നിരവധി സന്ദർഭങ്ങൾക്ക് ഈ ലേഖകൻ സാക്ഷിയായിട്ടുണ്ട്. അതിവൈകാരികവും ഉദ്വേഗഭരിതവുമായ ചരിത്ര സന്ദർഭങ്ങളുടെ പശ്ചാത്തലമുള്ളതുകൊണ്ടാവാം. പ്രതികാരത്തിൻ്റെ നിഷ്ഫലത തിരിച്ചറിയാത്ത കക്ഷിചേരലുകൾ.ഛിന്നഭിന്നമായ ശരീരങ്ങളുമായി മരണത്തിൻ്റെ , പരുക്കിൻ്റെ , മുറിവുകളുടെ ഭീകരാനുഭവങ്ങൾ താണ്ടുന്നവരെയും കാണുമ്പോൾ തർക്കങ്ങളെല്ലാം വിമൂകമാവണം. പാർപ്പിടങ്ങളും ആശുപത്രികളും സ്ഥാപനങ്ങളും ശോഭയേറിയ മന്ദിരങ്ങളുമുൾപ്പെടെ മാനവ നാഗരികത നിലംപരിശായിത്തീരുന്നത് ദുഃഖഭാരത്തോടെ കാണുമ്പോൾ നമ്മുടെ അറിവില്ലായ്മയും ഗർവ്വും നിസഹായത പ്രാപിക്കുന്നു.
ശാന്തിപർവ്വം മഹാഭാരതത്തിൻ്റെ ഫലൗഘമാണെന്ന് കുട്ടികൃഷ്ണമാരാർ നിരീക്ഷിക്കുന്നുണ്ട്. യാതനാഭരിതമായ ദുർഘടസന്ധികളിൽ നിന്നും രൂപപ്പെട്ട തിരിച്ചറിവിൻ്റെ , മനുഷ്യാവസ്ഥയുടെ സർഗാത്മക ആവിഷ്കാരങ്ങൾ.
“മഹാഭാരതത്തിലെ വിജ്ഞാന സമ്പത്തിൻ്റെ നിക്ഷേപ സ്ഥാനം ശാന്തിപർവ്വമാണ്. ലക്ഷത്തിൽപ്പരം ശ്ലോകങ്ങളടങ്ങിയ ഈ വിശ്വമഹാഗ്രന്ഥത്തിൽ 10, 725 ശ്ലോകവും ശാന്തിപർവ്വത്തിലാണ്. മറ്റേതു പർവ്വത്തിലുമില്ല ഇത്രയേറെ ശ്ലോകം…..എന്താണീ ശാന്തി ? ഇന്ന് പലരും വാക്കുകൾ കൊണ്ടു വാഴ്ത്തിപ്പുലർത്തിക്കൊണ്ടിരിക്കുന്ന ലോക സമാധാനമില്ലേ , അതുതന്നെയാണ് … അശാന്തങ്ങളായ ഇതിഹാസങ്ങൾ ”
( വ്യാസമഹാഭാരതം, ഒന്നാം വാള്യം ഒന്നാംപതിപ്പിൻ്റെ അവതാരിക )
1947 നവംബർ 29 ന് യു .എൻ . ജനറൽ അസംബ്ലി പലസ്തീൻ ജൂതർക്കും അറബികൾക്കുമായി വിഭജിക്കാനുള്ള തീരുമാനം അംഗീകരിച്ചു. ജൂതർ അത് സ്വീകരിച്ചുവെങ്കിലും അറബി രാജ്യങ്ങൾ തിരസ്കരിച്ചു. 1948 മെയ് 14 ന് ഇസ്രായേൽ എന്ന ജൂത രാഷ്ട്രം സ്ഥാപിതമായതോടെ യുദ്ധവും ആരംഭിച്ചു. ജോർദാൻ നദിയുടെ പടിഞ്ഞാറ് – വെസ്റ്റ് ബാങ്ക് – പ്രദേശം ഇസ്രായേലും ജോർദാനും വീതിച്ചു. ഗാസാ മുനമ്പ് ഈജിപ്ത് പിടിച്ചെടുത്തു. എല്ലാം നഷ്ടപ്പെടുകയും ഒന്നും നേടാതിരിക്കുകയും ചെയ്തത് ഇസ്രായേലിലെ പലസ്തീൻകാരായ അറബികളായിരുന്നു. അവർ മറ്റ് അറബി നാടുകളിൽ അഭയാർത്ഥികളാവാൻ വിധിക്കപ്പെട്ടു .
7,11,000 പലസ്തീൻകാർ അഭയാർത്ഥികളായെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക് . പലസ്തീൻ പ്രശ്നം ഇന്നും സങ്കീർണമായി തുടരുന്നതിൻ്റെ ചരിത്രമിതാകുന്നു .
1993 ആഗസ്റ്റ് 23 ന് നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിൽ വെച്ച് ഇസ്രായേലും പലസ്തീൻ വിമോചന സംഘടന (പി എൽ ഒ ) യും ഓസ്ലോ കരാർ ഒപ്പുവെച്ചു. കരാർ പ്രകാരം പലസ്തീൻ അതോറിറ്റി എന്ന ഭരണസംവിധാനം രൂപീകരിച്ച് വെസ്റ്റ് ബാങ്കിലും ഗാസാ മുനമ്പിലും സ്വയംഭരണ സർക്കാരുണ്ടാക്കാൻ പലസ്തീന് അനുമതി ലഭിച്ചു.
എന്നാൽ ഹമാസ് എന്ന പലസ്തീൻ തീവ്രവാദി ഗ്രൂപ്പ് പിന്നെയും ആക്രമണങ്ങൾ തുടർന്നു.
പലസ്തീൻ തീവ്രവാദവും അറബി ശത്രുതയും ഇസ്രായേലിൻ്റെ തലവേദനയായി തുടരുന്നു.
ഏതാനും ദിവസങ്ങൾ നീളുന്ന യുദ്ധങ്ങൾ. ഇക്കുറി പക്ഷേ, ചിത്രം മാറി.
ലോകത്തെമ്പാടും വളർന്നു വരുന്ന അസഹിഷ്ണതയുടെ പ്രതിഫലനങ്ങൾ നിലവിലെ സംഘർഷങ്ങൾ വ്യത്യസ്തമാക്കുന്നു.
യുദ്ധവിരാമമായതോടെ മഹാദുരിതപർവ്വം താണ്ടിയ ഗാസാ മുനമ്പിലെ അഭയാർത്ഥിലക്ഷങ്ങൾ തങ്ങളുടേതായിരുന്ന ഇടങ്ങളിലേക്ക് തിരിച്ചെത്താൻ , ഇനിയുമവശേഷിക്കുന്ന തരിമ്പ് പ്രതീക്ഷയോടെ, പലായന സ്വഭാവത്തോടെ
പായുന്നതിൻ്റെ ചിത്രങ്ങൾ ഞെട്ടിക്കുന്നതായി. തകർന്നടിഞ്ഞ കോൺക്രീറ്റ് കൂമ്പാരങ്ങൾക്കടിയിൽ ഉറ്റവരെ തിരയുന്ന , പ്രിയപ്പെട്ട വസ്തുക്കൾ തേടുന്ന ഞടുക്കുന്ന ദൃശ്യങ്ങൾ . 1947 ആഗസ്റ്റിൽ ഇന്ത്യാ വിഭജനത്തെത്തുടർന്ന് പടിഞ്ഞാറൻ പഞ്ചാബ് , കിഴക്കൻ ബംഗാൾ അതിർത്തികളിൽ മാരക സ്വഭാവമാർജിച്ച അഭയാർത്ഥി പ്രവാഹം ചരിത്രത്തിലെ ഒടുങ്ങാത്ത വേദനയായി ഇന്നും നിലനില്ക്കുന്നുണ്ടല്ലോ.
പുടിൻ്റെ യുക്രൈൻ അധിനിവേശ യുദ്ധം 3 വർഷമായി തുടരുന്നു. സമാധാനത്തോടെ ജീവിച്ചുപോന്ന യുക്രൈൻ ജനതക്ക് മേൽ എകാധിപതിയായ പുടിൻ്റെ സാമ്രാജ്യവികസനമോഹം അശനിപാതമായി പതിക്കുകയായിരുന്നു.
ഇപ്പോഴിതാ ഗാസയുടെ പുനർനിർമ്മാണമെന്ന പേരിൽ വമ്പൻ ബിസിനസ് താല്പര്യങ്ങളും , പലസ്തീൻ അധിനിവേശത്തിൻ്റെ മറ്റൊരു തലവും ഒരുങ്ങുന്നു. ഗാസയിൽ നിന്നും പലസ്തീൻകാരെ ഒഴിപ്പിക്കുമെന്ന ട്രംപിൻ്റെ പ്രഖ്യാപനവും വന്നു കഴിഞ്ഞു ! പ്രസിഡൻറ് ട്രംപിൻ്റെ രണ്ടാം വരവ് ലോകത്തെങ്ങും ബഹുസ്വരതയെ നിരാകരിച്ച് ആയുധവ്യാപാരത്തിൻറെയും ഹിംസാത്മക മുതലാളിത്തത്തിൻ്റെയും കൊടിക്കൂറ ഉയർത്താനുള്ള അശാന്തമായ വ്യഗ്രതയിലാണ് .
അത് കേവലം സാമ്പത്തിക താല്പര്യം മാത്രമല്ല. വംശീയത അകമ്പടിയായ കൊളോണിയൽ വാഴ്ചയുടെ ഭാഗമാണത്. നിരവധി ബില്യൺ ഡോളറുകൾ വിലയുള്ള ആയുധ വ്യാപാരത്തിൻ്റെ പുതുസാദ്ധ്യതകൾ തുറക്കുന്ന യുദ്ധമുഖങ്ങൾ.
ഈ കുറിപ്പ് പുറത്തു വരുമ്പോഴേക്കും ഹിംസാത്മകമായ ആക്രമണങ്ങൾ പുനരാരംഭിച്ചേക്കാം.
ലോകത്തേറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ ഒന്നാണ് ഗാസാ മുനമ്പ് . അവിടെ നിന്നും ഇസ്രായേൽ ഭാഗത്തേക്ക് ദിവസേന ജോലിക്ക് പോയി വരുന്നവർ പതിനായിരക്കണക്കായിരുന്നു. പാസ്പോർട്ടും വിസയും വേണ്ടാത്ത , ദൈനംദിന ജീവിതത്തിൻ്റെ അല്ലലുകൾ അലട്ടുന്ന വമ്പിച്ച ജനതതി . നിഷ്കളങ്കതയും നൈസർഗ്ഗികതയും മുഖമുദ്രയായ ജനത.
എന്നാൽ എല്ലാവരുമല്ല. ഭീകരതയും അപരവിദ്വേഷവും നിരവധി നിഗൂഢ താല്പര്യങ്ങളും നയിക്കുന്ന ഒരു വിഭാഗം പലസ്തീൻ ജനതയുടെ ജീവിതം ദുരിതക്കയമാക്കുന്നു. ഹമാസ് തുടങ്ങിയ ഭീകര സംഘങ്ങളും ഒളിപ്പോരാളികളും ആശ്രയിക്കുന്നതും രാജ്യാന്തര ആയുധ വിപണിയെത്തന്നെ.
ബൈബിൾ ഉല്പത്തി പുസ്തകം മുതൽ നാം വായിക്കുന്നതാണ് സഹസ്രാബ്ദങ്ങൾ നീണ്ട ജൂത ജനതയുടെ പ്രവാസ ദുരിതങ്ങളുടെ കഥകൾ. 1948 മെയിൽ ജൂത രാഷ്ട്രത്തെ അംഗീക്കാതിരുന്ന അറബി രാജ്യങ്ങൾ , പലസ്തീൻ ജനതക്കും സ്വന്തമായ രാജ്യം നിഷേധിക്കുകയായിരുന്നു. ചരിത്രത്തിലുടനീളം അഭയാർത്ഥികളായ പലസ്തീൻ അറബ് ജനതയുടെ ഗതി ഇക്കാലത്ത് ട്രംപ് നിശ്ചയിക്കും ! അഭയം തേടി പലായനം ചെയ്യുന്നവരോടും അനധികൃത ( ? ) കുടിയേറ്റക്കാരോടുമുള്ള അസഹിഷ്ണുത ലോകമാകെ നീറി പ്പിടിക്കുകയാണല്ലോ.
ഹമാസും നെതന്യാഹുവും ട്രംപും പുടിനും ഒറ്റപ്പെട്ട പ്രതിഭാസങ്ങളല്ല. ഹിംസയുടെ ബഹുരൂപങ്ങൾ . ഭീകരതയുടെ ആകാരം പൂണ്ട അശിക്ഷിത സംഘങ്ങളും രാഷ്ട്രകൂടത്തിൻ്റെ സത്വരൂപമാർജ്ജിച്ച സങ്കീർണ വ്യക്തിത്വങ്ങളുമെന്ന വ്യത്യാസമേയുള്ളൂ ‘ രാഷ്ട്രത്തിൻ്റെ ഹിംസ ആൾക്കൂട്ട അക്രമണങ്ങളിൽ നിന്നും ഭിന്നമല്ല. വംശവെറിയും സ്വാഭിമാനവും ദേശീയതയും സംഘമനോവൃത്തികളായി പരിണമിക്കുകയാണ്. ഹിറ്റ്ലർ ഒന്നര ദശകത്തിലേറെ ജയഭേരി മുഴക്കിയതിൻ്റെ സമൂഹ മന:ശാസ്ത്രമിതാകുന്നു.
mob lynching ന് സാധൂകരണം കണ്ടെത്തുന്ന സമുന്നത വ്യക്തിത്വങ്ങൾ നമ്മുടെ നാട്ടിൽ പോലുമുണ്ട് !
ജർമ്മനിയിൽ നാസിസവും ഫാസിസവും വെറുക്കപ്പെടുന്ന സംജ്ഞകളാണ്. യൂറോപ്പിൽ ബാൾക്കൻ രാജ്യങ്ങളുൾപ്പെടെ ലിബറൽ ഡെമോക്രസിയുടെ ബലത്തിൽ സമാധാനവും അഭിവൃദ്ധിയും തേടുമ്പോൾ , ട്രംപ് ഭരണകൂടത്തിൻ്റെ നിഗൂഢ താല്പര്യങ്ങൾ സക്രിയമാവുകയാണ്. ഹിംസയുടെ പ്രത്യയശാസ്ത്രങ്ങളും തദനുസൃതമായ ഭരണകൂട നടപടികളും തീവ്ര നിലപാടുകളായി വെളിപ്പെടുന്നു. പെരുപ്പിച്ചു കാട്ടുന്ന കരുത്തിൻ്റെ ഒരുതരം വക്രീകരണം !അതിനു സ്വീകാര്യതയേറ്റുന്ന രാജ്യാന്തര സാഹചര്യം ആശങ്കയുളവാക്കുന്നു. ഇന്ത്യയിലും അമേരിക്കയിലും പൊതു തെരഞ്ഞെടുപ്പ് ഫല സൂചനകൾ ശ്രദ്ധിക്കുക.
അഹിംസ കേവലം വ്യക്തിതലത്തിലെ സുജന മര്യാദ മാത്രമല്ല , സമൂഹവും രാഷ്ട്രവുമെന്ന നിലയിൽ പിന്തുടരേണ്ട രാഷ്ട്രീയ ദർശനമാകുന്നു എന്ന് ഗാന്ധി നിഷ്കർഷിച്ചു. ലോക സമാധാനത്തിനും സർവ്വധർമ സമഭാവനക്കും അതു മാത്രമാണ് വഴി.
