മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരാന്‍ സാധ്യതയുണ്ടെന്ന ആശങ്ക വെറും പ്രചാരണം (propaganda) മാത്രമാണെന്ന സുപ്രീംകോടതിയുടെ പരാമര്‍ശം ഏറെ നിര്‍ഭാഗ്യകരമാണ്. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് ഡോക്ടര്‍ ജോ ജോസഫിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. ആസ്റ്ററിക്സ് എന്ന പ്രശസ്ത ഇംഗ്ലീഷ് ചിത്രകഥയിലെ ഒരു കഥാപാത്രത്തോടാണ് ആശങ്കപ്പെടുന്ന ജനത്തെ ഒരു ന്യായാധിപന് ഉപമിക്കുന്നത്. ഓരോ മഴക്കാലത്തും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് ഉയരുന്ന ഭീതിയുമായി പല രാത്രികളിലും ഉറക്കം പോലും നഷ്ടപ്പെട്ട് ജീവിക്കുന്ന വണ്ടിപ്പെരിയാറിലെയും അയ്യപ്പന്കോവിലിലെയും ചപ്പാത്തിലെയുമൊക്കെ ജനങ്ങളെ പരിഹസിക്കുന്നത് ഏറ്റവും മിതമായി പറഞ്ഞാല്‍ ക്രൂരമാണ്.
അണക്കെട്ട് പ്രതീക്ഷിത ആയുസ്സിന്റെ ഇരട്ടിയിലധികം കാലം നിലനിന്നു എന്നതിന് അതിന്റെ നിര്‍മ്മാതാക്കളെ അനുമോദിക്കുകയാണ് വേണ്ടത് എന്നാണ് ബഹുമാനപ്പെട്ട ജഡ്ജിമാര്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നത്. ഇത്രയും കാലം ഇത് നിലനിന്നത് അണക്കെട്ടിന്റെ ശക്തിയുടെ സാക്ഷ്യമാണ് എന്നാണ് അവര്‍ കരുതുന്നത്. കേസ് മൂന്നംഗ ബെഞ്ചിന് വിടാന്‍ തീരുമാനിച്ച നാളിലാണ് ജഡ്ജിമാരുടെ ഈ നിരീക്ഷണങ്ങള്‍. അതിനാല്‍ തന്നെ ഇത് തികച്ചും അനുചിതവും അനാവശ്യവും ആയിരുന്നു.
മുല്ലപ്പെരിയാര്‍ – കേരളത്തിലെ ആദ്യത്തെ അണക്കെട്ട്
1886ല്‍ അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവും ബ്രിട്ടീഷ് ഇന്ത്യ ഗവണ്മെന്റും തമ്മില്‍ ഒപ്പുവച്ച പെരിയാര്‍ പാട്ടക്കരാറാണ് അണക്കെട്ട് നിര്‍മ്മാണത്തിലേക്ക് നയിച്ചത്. കരാര്‍ പ്രകാരം 8100 ഏക്കര്‍ ഭൂമിയും അതിലുള്ളതും അതിലേക്ക് ഒഴുകിയെത്തുന്നതുമായ മുഴുവന്‍ ജലവും ഏക്കറിന് 5 രൂപ വെച്ച് പാട്ടം നിശ്ചയിച്ച് 999 വര്‍ഷത്തേക്ക് ബ്രിട്ടീഷ് ഇന്ത്യ സര്‍ക്കാരിന് കൈമാറി.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് മുന്‍പുള്ള കരാറുകള്‍ പുനപരിശോധിക്കാന്‍ അവസരം ഉണ്ടായിരുന്നുവെങ്കിലും അത് ഉപയോഗപ്പെടുത്താതെ 1970ല്‍ അന്നത്തെ കേരള സര്‍ക്കാര്‍ പെരിയാര്‍ പാട്ടകരാര്‍, 999 വര്‍ഷത്തെ കാലാവധി ഉള്‍പ്പെടെ അതിലെ മിക്ക വ്യവസ്ഥകളും അതേപടി നിലനിര്‍ത്തിക്കൊണ്ട് അംഗീകരിക്കുകയായിരുന്നു. ഒരു അനുബന്ധ കരാറിലൂടെ തമിഴ്നാട് തിരിച്ചുകൊണ്ടുപോകുന്ന വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുവാനുള്ള അവകാശം കൂടി അവര്‍ക്ക് നല്‍കുകയാണ് അന്ന് കേരളം ചെയ്തത്. അതിന് ഈടാക്കുന്ന റോയല്റ്റിയാകട്ടെ ഒരു യൂണിറ്റിന് കാല് പൈസയുടെ പാതി മാത്രവും. 1970ല്‍ ഈ കരാറിന് അംഗീകാരം നല്‍കിയതാണ് പില്ക്കാലത്ത് കേരളത്തിന് ഏറ്റവും തിരിച്ചടി നേരിട്ട പ്രവൃത്തി.
സുര്‍ക്കി മിശ്രിതം ഉപയോഗിച്ചിട്ടുള്ള ഈ അണക്കെട്ട് നിര്‍മ്മിച്ചപ്പോള്‍ അതിന് 50 വര്‍ഷത്തെ ആയുസ്സാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ 1920 കള്‍ മുതല്‍ തന്നെ അണക്കെട്ടിന്റെ ബലം സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നിരുന്നു. അക്കാലം മുതല്‍ തന്നെ പല ഘട്ടങ്ങളിലായി അണക്കെട്ടില്‍ ധാരാളം അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്. 1979 ല്‍ ഗുജറാത്തിലെ മോര്‍ബി അണക്കെട്ട് തകര്‍ന്നുണ്ടായ ദുരന്തത്തിന്റെയും ഇടുക്കി പ്രദേശങ്ങളില്‍ ഉണ്ടായിക്കൊണ്ടിരുന്ന ഭൂചലനങ്ങളുടെയും പശ്ചാത്തലത്തില്‍ സംഭരണ ജലത്തിന്റെ പരമാവധി നിരപ്പ് 152 അടിയില്‍ നിന്ന് 136 അടിയായി കുറയ്ക്കാന്‍ കേന്ദ്ര ജല കമ്മീഷന് നിര്‍ദ്ദേശിച്ചു. ഒപ്പം ഏതാനും ബലപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തമിഴ്നാട് തയ്യാറാകുകയും ചെയ്തു.
ഇതിനിടയില്‍ അണക്കെട്ടിന്റെ കാലപ്പഴക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് അണക്കെട്ട് ഡി കമ്മീഷന് ചെയ്യുകയും തമിഴ്നാടിന് വെള്ളം കൊടുക്കാന്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യണം എന്ന് ആവശ്യപ്പെട്ട് അണക്കെട്ടിന് താഴെയുള്ള ജനങ്ങള്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു വന്നിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി വ്യവഹാരങ്ങള്‍ വിവിധ കോടതികളില്‍ എത്തി. ഒടുവില്‍ സുപ്രീംകോടതി എല്ലാ വ്യവഹാരങ്ങളും ഏറ്റെടുക്കുകയും അണക്കെട്ടിന്റെ സുരക്ഷ പരിശോധക്കാനായി കേന്ദ്ര ജല കമ്മീഷന്റെ നേതൃത്വത്തില്‍ ഇരു സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ ഉള്ള ഒരു കമ്മിറ്റി രൂപീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രസ്തുത കമ്മിറ്റി അണക്കെട്ട് സുരക്ഷിതമാണ് എന്ന് റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ഒരു ശാസ്ത്രീയ പരിശോധനയും നടത്താതെയാണ് അന്നത്തെ സി ഡബ്ല്യുസി ചെയര്മാന് തമിഴ്നാടിന്റെ പക്ഷം ചേര്‍ന്നുകൊണ്ട് അണക്കെട്ട് സുരക്ഷിതമാണെന്ന് പറഞ്ഞത് എന്ന് അന്ന് കേരളത്തിന്റെ പ്രതിനിധിയായിരുന്ന ശ്രീ എം കെ പരമേശ്വരന് നായര്‍ പറഞ്ഞിട്ടുണ്ട്.
2006ല്‍ സുപ്രീംകോടതി മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും പരമാവധി ജലനിരപ്പ് 142 അടിയായി ഉയര്‍ത്താം എന്നും ഉത്തരവിട്ടു. തുടര്‍ന്ന് ഈ വിധി മറികടക്കാന്‍ കൂടി ഉദ്ദേശിച്ചുകൊണ്ട് സംസ്ഥാന നിയമസഭ അടിയന്തരമായി ഡാം സുരക്ഷ നിയമം പാസാക്കുകയും മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ അതിന്റെ കീഴില്‍ കൊണ്ടുവരികയും ചെയ്തു. ഇത് സ്വാഭാവികമായും തമിഴ്നാട് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തു. സുപ്രീംകോടതി വീണ്ടും അണക്കെട്ടിന്റെ സുരക്ഷാവിഷയം പരിഗണിക്കാന്‍ ഒരു ഉന്നത അധികാര സമിതിയെ നിയോഗിച്ചു. നിര്‍ഭാഗ്യവശാല്‍ അന്ന് കേരളത്തിന്റെ പ്രതിനിധിയായി ഉന്നത അധികാര സമിതിയില്‍ എത്തിയ ജസ്റ്റിസ് കെ ടി തോമസ് അണക്കെട്ട് സുരക്ഷിതമാണെന്ന് നിലപാടിനോട് യോജിക്കുകയായിരുന്നു. തുടര്‍ന്ന് 2014 മെയ് മാസം ഏഴാം തീയതി സുപ്രീംകോടതി ഈ വിഷയത്തില്‍ അന്തിമതീര്‍പ്പ് കല്പ്പിച്ചു. അണക്കെട്ട് സുരക്ഷിതമാണെന്നും പരമാവധി ജലനിരപ്പ് 142 അടിയായി ഉയര്‍ത്താം എന്നും കോടതി ഉത്തരവായി. തുടര്‍ന്നുള്ള പല മഴക്കാലങ്ങളിലും തമിഴ്നാട് ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ത്തിയിരുന്നു. ഇത് അണക്കെട്ടിന് താഴെ താമസിക്കുന്നവരുടെ ആശങ്ക വല്ലാതെ വര്‍ദ്ധിക്കുന്നതിന് ഇടയാക്കി.
മുല്ലപ്പെരിയാര്‍ വിഷയത്തിന് ശാശ്വത പരിഹാരം എന്ന നിലയില്‍ രണ്ട് നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നിരുന്നു. നിലവിലുള്ള അണക്കെട്ടിന് 1300 അടി താഴെ പുതിയൊരു (നിലവിലുള്ള തിനേക്കാള്‍ വലിയ) അണക്കെട്ട് നിര്‍മിക്കാം എന്ന കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശമാണ് ഒന്നാമത്തേത്. തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നതിന് ഇപ്പോഴുള്ളതിനേക്കാള്‍ താഴ്ത്തി പുതിയൊരു ടണല്‍ കൂടി നിര്‍മ്മിക്കണമെന്നതാണ് രണ്ടാമത്തെ നിര്‍ദേശം. ഇത് പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉയര്‍ന്നു വന്നതാണ്. നിലവിലുള്ള തിനേക്കാള്‍ താഴ്ത്തി ഒരു ടണല്‍ കൂടി നിര്‍മ്മിക്കുക വഴി തമിഴ്നാടിന് കൊണ്ടുപോകാവുന്ന ജലത്തിന്റെ തോത് വര്‍ദ്ധിപ്പിക്കാം എന്നും അണക്കെട്ടിലെ ജലനിരപ്പ് നന്നായി താഴ്ത്തി നിര്‍ത്താം എന്നും കണക്കാക്കുന്നു. ഇരു സംസ്ഥാനങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്തു ഇതിലേതെങ്കിലും നിര്‍ദ്ദേശം നടപ്പാക്കാന്‍ തയ്യാറാണെങ്കില്‍ അക്കാര്യത്തിനായി കോടതിയെ സമീപിക്കാവുന്നതാണ് എന്നും വിധി ന്യായത്തില്‍ സുപ്രീംകോടതി പറയുന്നുണ്ട്.
സുപ്രീംകോടതിയുടെ 2006 ലെയും 2014ലെ യും വിധികള്‍ നിര്‍ഭാഗ്യകരമായിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച സമിതികള്‍ അണക്കെട്ട് സുരക്ഷിതമാണ് എന്ന് പറയുമ്പോള്‍ അത് കോടതി അംഗീകരിക്കുന്നതിന് തെറ്റ് പറയാന്‍ ആകില്ല. കേസ് നടത്തിപ്പില്‍ ധാരാളം വീഴ്ചകള്‍ കേരളത്തിന് വന്നിട്ടുണ്ട് എന്നതും വസ്തുതയാണ്. എന്നാല്‍ സമിതികള്‍ പറഞ്ഞതിനപ്പുറം ഈ വിഷയത്തെ അതിന്റെ സമഗ്രതയില്‍ കാണുവാനും നിയമത്തിനൊപ്പം നീതിയും ഉറപ്പുവരുത്തുവാനും ശ്രമിച്ചിരുന്നുവെങ്കില്‍ കോടതി ഉത്തരവുകള്‍ മറ്റു രീതിയില്‍ ആകാന്‍ കഴിയുമായിരുന്നു.
പെരിയാര്‍ പാട്ട കരാറിന്റെ സാധുത ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ 2006 ല്‍ കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നതാണ്. 1970ല്‍ കേരളം കരാര്‍ പുതുക്കി നല്കി എന്നത് നമുക്ക് തിരിച്ചടി തന്നെയാണ്. എങ്കിലും പൂര്‍ണ്ണമായും കേരളത്തിന് അവകാശപ്പെട്ട പുഴയായിട്ടും നേട്ടങ്ങള്‍ മുഴുവന്‍ തമിഴ് നാടിന് നല്കുന്ന ഏകപക്ഷീയമായ കരാറാണ് ഇത് എന്ന വസ്തുത കോടതിക്ക് പരിഗണിക്കാമായിരുന്നു. പെരിയാറിനെ കോടതി അന്തര്‍ സംസ്ഥാന നദിയായി പരിഗണിച്ചതും നീതീകരിക്കാന്‍ ബുദ്ധിമുട്ടാണ്. 5398 ചതുരശ്ര കിലോമീറ്റര്‍ വൃഷ്ടിപ്രദേശമാണ് പെരിയാറിനുള്ളത്. ഇതില്‍ കേവലം 114 ചതുരശ്ര കിലോമീറ്റര്‍ ആണ് തമിഴ്നാട്ടില്‍ ഉള്ളത്, കേവലം രണ്ടര ശതമാനം. മാത്രമല്ല, പെരിയാറിന്റെ മറ്റൊരു കൈവഴിയായ ഇടമലയാറിന് മുകളിലുള്ള ഈ 114 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് ലഭിക്കുന്ന വെള്ളം മുഴുവനും അതില്‍ അധികവും മറ്റൊരു കരാറിന്റെ ഭാഗമായി (പറമ്പിക്കുളം – ആളിയാര്‍ പദ്ധതി കരാര്‍) തമിഴ്നാട് കൊണ്ടുപോകുന്നുമുണ്ട്.
999 വര്‍ഷം എന്ന കേട്ടുകേള്‍വിയില്ലാത്ത കാലയളവാണ് ഈ കരാറിനുള്ളത്. 2006 ല്‍ 111 ഉം 2014 ല്‍ 119 ഉം വര്‍ഷം പ്രായമായ ഈ അണക്കെട്ട് കരാറിന്റെ കാലാവധി പൂര്‍ത്തിയാകുന്നത് വരെ സുരക്ഷിതമായി നിലനില്ക്കും എന്നാണോ കോടതി കരുതിയത്? ലോകത്ത് അണക്കെട്ടുകള്‍ തകര്‍ന്ന് ധാരാളം അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതും മുല്ലപ്പെരിയാറിനോളം ഉയരവും ജലസംഭരണ ശേഷിയുമുള്ള, ഇത്രയും പ്രായമുള്ള മറ്റൊരണക്കെട്ടും ലോകത്തില്ല എന്ന വസ്തുതയും കോടതി പരിഗണിക്കേണ്ടതായിരുന്നു. അണക്കെട്ട് തകര്‍ന്നാല്‍ ഉണ്ടാവുന്ന ദുരന്തത്തിന്റെ വ്യാപ്തി സങ്കല്പ്പിക്കാന് പോലും ആകാത്തതാണ്. ഈ പശ്ചാത്തലത്തില്‍ ഭരണഘടനയിലെ മുന്‍കരുതല്‍ തത്വം ഉപയോഗപ്പെടുത്തേണ്ട വിഷയമായിരുന്നു ഇത്. (ഇപ്പോള്‍ നിലവില്‍ ഉള്ള കേസിലെങ്കിലും കോടതി അക്കാര്യം പരിഗണിക്കും എന്ന് ആഗ്രഹിക്കാം).
അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 അടിയിലേക്ക് ഉയര്‍ത്താമെന്നും ബലപ്പെടുത്തല്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പരമാവധി ശേഷിയായ 152 അടിയിലേക്ക് ഉയര്‍ത്താം എന്നും പറഞ്ഞതാണ് കോടതി വിധിയില്‍ ഒട്ടും ന്യായീകരിക്കാനാകാത്ത ഭാഗം. ജലനിരപ്പ് 152 അടിയില്‍ നിന്ന് 136 ലേക്ക് താഴ്ത്തിയപ്പോള്‍ ജലസംഭരണ ശേഷിയില്‍ 30% കുറവ് വന്നിരുന്നു, അണക്കെട്ടിന്മേലുള്ള മര്‍ദ്ദം അത്രയും കുറയുകയും ചെയ്തിരുന്നു. ജലനിരപ്പ് താഴ്ത്തിയത് മൂലം തമിഴ്നാടിന് പക്ഷേ ഒട്ടും ജലനഷ്ടം ഉണ്ടായിട്ടില്ല എന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ തെളിയിക്കുന്നുണ്ട്. ഈ കണക്കുകള്‍ പ്രകാരം 1979ന് മുന്‍പുള്ള വര്‍ഷങ്ങളില്‍ തമിഴ്നാട് കൊണ്ടുപോയിരുന്നതിനേക്കാള് പ്രതിവര്‍ഷം ശരാശരി രണ്ട് ടിഎംസിയോളം (TMC ft.) ജലം അധികമാണ് അതിനുശേഷമുള്ള വര്‍ഷങ്ങളില്‍ അവര്‍ കൊണ്ടുപോയിട്ടുള്ളത്.
ഒരിക്കല്‍ അന്തിമവിധി പുറപ്പെടുവിച്ച ഒരു വിഷയം സുപ്രീംകോടതി വീണ്ടും തുറക്കുന്നത് അപൂര്‍വ്വമാണ്. 2018 ലെ പ്രളയം ഉള്‍പ്പെടെ കാലാവസ്ഥയിലെ മാറ്റങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി കണക്കിലെടുത്ത് ആവണം സുപ്രീംകോടതി അതിന് തയ്യാറായത്. ഇത് ദൈവദത്തമായ അവസരമായി കാണണം, ഒരു പാളിച്ചയുമില്ലാതെ കേസ് നടത്താന്‍ കഴിയണം.
അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് കോടതിക്കുള്ള ഉറപ്പ് അണക്കെട്ടിന് താഴെ താമസിക്കുന്ന ജനങ്ങള്‍ക്ക് ഇല്ല, അതിനവര്‍ക്ക് കൃത്യമായ ന്യായങ്ങളും ഉണ്ട്. അണക്കെട്ട് സുരക്ഷിതമെന്ന് പറഞ്ഞ സമിതികള്‍ അത് സംബന്ധിച്ച് സമഗ്രമായ പഠനങ്ങള്‍ക്ക് തയ്യാറായിട്ടില്ല എന്നത് തന്നെയാണ് ഒന്നാമത്തെ പ്രശ്നം. അണക്കെട്ട് പണിതകാലം മുതല്‍ വെള്ളത്തിനടിയിലുള്ള അണക്കെട്ടിന്റെ ഉള്‍വശം (104 അടിയില്‍ താഴെയുള്ള ഭാഗം) പരിശോധിക്കാന്‍ പണ്ട് വന്ന നേവി ഉദ്യോഗസ്ഥരെ തമിഴ്നാട് മടക്കി അയച്ചത് ജനങ്ങള്‍ക്ക് മറക്കാനാവില്ലല്ലോ. അന്താരാഷ്ട്ര തലത്തിലുള്ള നിഷ്പക്ഷരായ വിദഗ്ധരെ കൊണ്ട് അണക്കെട്ടിന്റെ ബലം സംബന്ധിച്ച് സമഗ്രമായ പഠനം നടത്തിക്കുക എന്നതാണ് ആദ്യം വേണ്ടത്. 129 വര്‍ഷം പിന്നിട്ട അണക്കെട്ട് ഇപ്പോള്‍ സുരക്ഷിതമാണോ അല്ലയോ എന്ന് മാത്രമേ ഈ ഒരു പഠനത്തിന് പറയാന്‍ കഴിയുകയുള്ളൂ. പെരിയാര്‍ പാട്ടക്കരാറിന് ഇനിയും 870 വര്‍ഷം കാലാവധി ഉണ്ട്. അത്രയും കാലം ഇത് നില്‍ക്കുമെന്ന് ആരും ഉറപ്പ് പറയില്ലല്ലോ? അപ്പോള്‍ ഇന്നല്ലെങ്കില്‍ നാളെ ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്തിയേ മതിയാകൂ, അത് എത്രയും നേരത്തെ ചെയ്യുന്നതല്ലേ വിവേകം?
കേരളത്തിനുവേണ്ടി പഠനം നടത്തിയ റൂര്‍ക്കി, ഡല്‍ഹി ഐ ഐ ടി കളുടെ കണ്ടെത്തലുകള്‍ നമുക്ക് ആശങ്കയാണ്. ഇടയ്ക്കിടെ ചെറു ചലനങ്ങള്‍ ഉണ്ടാകുന്ന ഈ മേഖലയില്‍ വലിയ ഭൂകമ്പം ഉണ്ടായാല്‍ അണക്കെട്ടിന് അത് താങ്ങാന്‍ ആവില്ല എന്നാണ് റൂര്‍ക്കി ഐഐടിയുടെ പഠനം പറയുന്നത്. റിച്ചര്‍ സ്കെയിലില്‍ ആറിന് മുകളില്‍ ഉള്ള ഭൂകമ്പസാധ്യത കുറവാണെങ്കിലും അങ്ങനെയൊന്ന് ഉണ്ടാകില്ല എന്ന് എങ്ങനെ ഉറപ്പിക്കാന്‍ കഴിയും? അതിതീവ്ര മഴയും പ്രളയവും ഉണ്ടായാല്‍ അണക്കെട്ട് കവിഞ്ഞ് ജലം ഒഴുകാന്‍ ഇടയാക്കും എന്നും അത് അണക്കെട്ട് തകരാന്‍ വഴിവയ്ക്കും എന്നുമാണ് ഡല്‍ഹി ഐ ഐടിയുടെ പഠനം പറയുന്നത്. 2018 മുതലുള്ള മഴയുടെ രീതികള്‍ നോക്കുമ്പോള്‍ ഈ സാധ്യത വലുതാണ് എന്ന് കാണാനാകും. 2018 ലെ പ്രളയ സമയത്ത് ഓഗസ്റ്റ് 15 16 17 തീയതികളില്‍ ഇടുക്കി അണക്കെട്ടിലേക്ക് ആകെ ഒഴുകിയെത്തിയത് 435 ദശലക്ഷം ഘന മീറ്റര്‍ വെള്ളമാണ്. മുല്ലപ്പെരിയാറിന്റെ ആകെ ലൈവ് സ്റ്റോറേജ് കപ്പാസിറ്റി (152 അടി വരെ)ഏകദേശം 280 ദശലക്ഷം ഘനമീറ്റര്‍ മാത്രമാണ് എന്ന് ഓര്‍ക്കുക. ഇടുക്കി അണക്കെട്ടിനോളം തന്നെ വൃഷ്ടിപ്രദേശ വിസ്തൃതിയുണ്ട് മുല്ലപ്പെരിയാറിനും. ഇടുക്കിയില്‍ പെയ്ത മഴ മുല്ലപ്പെരിയാറിനു മുകളില്‍ പെയ്തിരുന്നുവെങ്കില്‍ അന്ന് എന്ത് സംഭവിക്കാമായിരുന്നു എന്ന് ഓര്‍ക്കാന്‍ പോലും ആകില്ല. അണക്കെട്ടില്‍ 130 അടിയോടടുത്ത് വെള്ളമുള്ള സമയത്താണ് ഇത്തരത്തില്‍ ഒരു മഴ പെയ്യുന്നതെങ്കില്‍ അണക്കെട്ട് കവിയാതെ നോക്കുക മിക്കവാറും അസാധ്യമാകും. ഇക്കാര്യം കമ്പ്യൂട്ടര്‍ സിമുലേഷന്‍ വഴി കോടതിക്ക് മുന്പില് അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് അണക്കെട്ടിന്റെ സുരക്ഷാഭീഷണി അവരെ ബോധ്യപ്പെടുത്താനാകും. ഭരണഘടന ഉറപ്പു നല്കുന്ന ജീവിക്കുവാനുള്ള അവകാശവും (ആര്‍ട്ടിക്കിള്‍ 21) മുന്‍കരുതല്‍ തത്വവും ഉപയോഗപ്പെടുത്തേണ്ട വിഷയമാണ് ഇതെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയേണ്ടതാണ്.
ശാശ്വത പരിഹാരം തേടി
നിലവിലുള്ള വ്യവഹാരത്തില്‍ സുപ്രീംകോടതി വിശദമായ വാദപ്രതിവാദങ്ങള്‍ക്കും വസ്തുതകളുടെ സമഗ്ര പരിശോധനകള്‍ക്കും ശേഷം നിയമവും നീതിയും ഉയര്‍ത്തിപ്പിടിക്കുന്ന തീര്‍പ്പ് കല്‍പ്പിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം, അഥവാ ആഗ്രഹിക്കാം. എന്നാല്‍ അതിനപ്പുറം ബന്ധപ്പെട്ട സംസ്ഥാനങ്ങളും ഇരുഭാഗത്തേയും ജനങ്ങളും ഈ വ്യവഹാരങ്ങള്‍ക്ക് പുറത്ത് സമഗ്രവും ശാസ്ത്രീയവും ശാശ്വതവുമായ പരിഹാരസാധ്യത തേടേണ്ടതുണ്ട്.
പങ്കുവയ്ക്കുന്ന ജലത്തിന്റെ അളവിനെ ചൊല്ലിയാണ് സാധാരണ ജല തര്‍ക്കങ്ങള്‍ കൂടുതലും ഉടലെടുക്കുന്നത്. എന്നാല്‍ ഇവിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളം പൂര്‍ണ്ണമായും കേരളത്തിന്റെ പ്രദേശങ്ങളില്‍ നിന്നായിട്ടും നമ്മള് ഇപ്പോഴും ജലത്തിന് അവകാശം ഉന്നയിക്കുന്നില്ല. ഒന്നേകാല്‍ നൂറ്റാണ്ടില്‍ അധികമായി തമിഴ്നാട്ടിലെ അഞ്ച് ജില്ലകളുടെ നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്ന് ഈ ജലമാണ് എന്ന് അംഗീകരിച്ചുകൊണ്ടാണ് സംസ്ഥാനത്തെ സര്‍ക്കാരും പൊതുസമൂഹവും എല്ലാം ജലം തുടര്‍ന്നും നല്കാന് സന്നദ്ധമാണ് എന്ന നിലപാട് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം എടുത്തിട്ടുള്ളത്.
അണക്കെട്ടിനു താഴെ പുഴയെ നിലനിര്‍ത്തുന്നതിന് ആവശ്യമായ പാരിസ്ഥിതിക നീരൊഴുക്ക് ഉറപ്പുവരുത്താനുള്ള ജലത്തിനപ്പുറമുള്ള ജലം പൂര്‍ണ്ണമായും തമിഴ്നാട്ടിലേക്ക് തിരിച്ചു കൊണ്ടു പോകുന്നതിന് കേരളത്തിലാരും എതിരല്ല. (എല്ലാ അണക്കെട്ടുകള്‍ക്കും താഴെ പാരിസ്ഥിതിക നീരൊഴുക്ക് ഉറപ്പുവരുത്തണമെന്ന് പത്തുവര്‍ഷം മുന്‍പ് തന്നെ ദേശീയ ഹരിത ട്രൈബ്യൂണല്‍ പറഞ്ഞിട്ടുണ്ടെങ്കിലും അത് ഇനിയും നടപ്പാക്കാന്‍ ഇരിക്കുന്നതേയുള്ളൂ). സാധാരണഗതിയില്‍ കേരളത്തിന്റെ ഈ നിലപാട് മുല്ലപ്പെരിയാര്‍ പ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍ സാഹചര്യമൊരുക്കേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ ഇതിനിടയില്‍ ചില സ്ഥാപിത താല്പര്യങ്ങള് കടന്നു കൂടുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഉഭയകക്ഷി ചര്‍ച്ചയിലൂടെ ഒരു രാഷ്ട്രീയ പരിഹാരം കാണുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
ഒരു പ്രശ്നം പരിഹരിക്കുന്നതിന് പലപ്പോഴും ഒന്നിലധികം സാധ്യതകള്‍ നമുക്ക് മുന്നില്‍ ഉണ്ടാകും. ഇവ ഓരോന്നും പരിശോധിക്കുകയും അതില്‍ പരിസ്ഥിതികമായും സാമൂഹികമായും സാമ്പത്തികമായും ഏറ്റവും മെച്ചമായ സാധ്യത തെരഞ്ഞെടുക്കുകയും ആണ് വിവേകമുള്ളവര്‍ ചെയ്യേണ്ടത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലവില്‍ പൊതുസമൂഹത്തിനു മുന്നില്‍ പ്രധാനമായും രണ്ട് നിര്‍ദ്ദേശങ്ങള്‍ ആണുള്ളത്. ഒന്നാമത്തേത് നിലവിലുള്ള അണക്കെട്ടിനു പകരം പുതിയത് ഒരെണ്ണം നിര്‍മ്മിക്കുക എന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. ഇതിനായി സര്‍ക്കാര്‍ നിലവിലുള്ള അണക്കെട്ടിന് ഏകദേശം 1300 അടി താഴെ അനുയോജ്യമായ സ്ഥലം ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള അണക്കെട്ടിന് സുരക്ഷാ ഭീഷണി ഏതുമില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന തമിഴ്നാട് ഈ നിര്‍ദ്ദേശത്തോട് വിയോജിക്കുകയാണ്. അവരുടെ എതിര്‍പ്പ് മൂലം ഈ പദ്ധതിക്ക് പാരിസ്ഥിതിക ആഘാത പഠനം നടത്തുവാനുള്ള അനുമതി പോലും ഇതുവരെ ലഭിച്ചിട്ടില്ല. നിലവിലെ പാട്ട കരാറിന്റെ ഭാഗമായ 8100 ഏക്കറിന് പുറത്താണ് പുതിയ അണക്കെട്ട് വരിക എന്നതിനാല്‍ ഇത് നിര്‍മ്മിച്ചാല്‍ കരാറും പുതുക്കേണ്ടി വരും എന്നതും തമിഴ്നാടിന്റെ എതിര്‍പ്പിന് ഒരു കാരണമായിരിക്കും എന്ന് കരുതപ്പെടുന്നു.
തമിഴ്നാടിന്റെ എതിര്പ്പുകള്ക്കപ്പുറവും നിരവധി പ്രശ്നങ്ങള്‍ ഈ നിര്‍ദ്ദേശത്തില്‍ ഉണ്ട്. പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലാണ് പുതിയ നിര്‍മ്മിതി വരേണ്ടത്. ഇത് തീര്‍ച്ചയായും ഗൗരവമുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉയര്‍ത്തും. നിലവിലുള്ളതിനേക്കാള്‍ വലിയ അണക്കെട്ടാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഭൂചലനത്തെ പ്രതിരോധിക്കാനുള്ള കരുത്തോടെ അണക്കെട്ട് പണിയാന്‍ കഴിയുമെങ്കിലും പുതിയ വലിയ അണക്കെട്ട് വരുന്നത് ഈ പ്രദേശത്തെ ഭൂചലന സാധ്യതയെ കുറയ്ക്കുകയല്ല ചെയ്യുന്നത്. പുതിയ അണക്കെട്ട് പണിതാലും അത് കരാറിന്റെ ബാക്കി കാലാവധിയായ 860 വര്‍ഷത്തിലധികം (അണക്കെട്ട് നിര്‍മ്മിക്കാനുള്ള സമയം കൂടി കണക്കിലെടുത്തതിനുശേഷമുള്ള കാലാവധി) നിലനില്ക്കും എന്ന് കരുതാനാവില്ലല്ലോ. സ്വാഭാവികമായും ഭാവിയില്‍ പുതിയ അണക്കെട്ടും പൊളിച്ച് വേറെ പണിയേണ്ടി വരില്ലേ? (‘അപ്പോള്‍ നമ്മള് ജീവിച്ചിരിക്കില്ലല്ലോ’ എന്ന് ഈ വിഷയവുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു ‘ഉന്നതന്’ ഒരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നു.) മുല്ലപ്പെരിയാറില്‍ 200 അടിയില്‍ കൂടുതല്‍ ഉയരവും 1200 അടിയില്‍ കൂടുതല്‍ നീളവും ഉള്ള പുതിയൊരു അണക്കെട്ട് പണിയാന്‍ ഏറ്റവും ചുരുങ്ങിയത് 5000 കോടി രൂപ വേണ്ടിവരും. ഇത് മുഴുവന്‍ ക്ഷേമപെന്ഷന് പോലും കൊടുക്കാന്‍ പണമില്ലെന്ന് പറയുന്ന സംസ്ഥാന സര്‍ക്കാര്‍ തന്നെ കണ്ടെത്തണം, അതും തമിഴ്നാടിന് കൊടുക്കാനുള്ള വെള്ളം സംഭരിച്ചു വയ്ക്കുന്നതിന് മാത്രം വേണ്ടി.
മുകളില്‍ സൂചിപ്പിച്ച കാരണങ്ങളാല്‍ പുതിയ അണക്കെട്ട് എന്നത് മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാരത്തിനുള്ള ഏറ്റവും നല്ല വഴിയായി ഞങ്ങള്‍ കണക്കാക്കുന്നില്ല. എങ്കിലും പ്രശ്ന പരിഹാരത്തിന് മറ്റു സാധ്യതകള്‍ ഒന്നും ലഭ്യമായില്ലെങ്കില്‍, അണക്കെട്ടിന് താഴെ താമസിക്കുന്നവരുടെ ജീവന്റെ സുരക്ഷ കണക്കിലെടുത്ത് അവസാന സാധ്യതയായി ഇത് പരിഗണിക്കാം.
തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നതിന് പുതിയൊരു ടണല്‍ നിര്‍മ്മിക്കുക എന്നതാണ് അടുത്ത നിര്‍ദ്ദേശം. പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്ന് വന്ന ഈ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കാന്‍ തയ്യാറായിട്ടില്ല. തമിഴ്നാട് സര്‍ക്കാരിന്റെ മുന്നില്‍ ഇത്തരം ഒരു നിര്‍ദ്ദേശം വച്ചിട്ടുമില്ല. എന്നാല്‍ സുപ്രീം കോടതിയുടെ മുന്നില്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ടിലെ പരാമര്‍ശമായും സി ആര് നീലകണ്ഠന് കൊടുത്ത കേസിന്റെ ഭാഗമായും ഈ നിര്‍ദ്ദേശവും വന്നിരുന്നു. 2014ലെ കോടതി ഉത്തരവില്‍ രണ്ട് നിര്‍ദ്ദേശങ്ങളും പരാമര്‍ശിക്കുന്നുണ്ട്.
മഴ പെയ്യുന്ന സമയങ്ങളില്‍ തമിഴ്നാട്ടിലേക്ക് കൂടുതല്‍ വെള്ളം കൊണ്ടു പോകുക എന്നതും ജലസംഭരണത്തിന്റെ ഉത്തരവാദിത്തം തമിഴ്നാട് ഏല്ക്കുക എന്നതുമാണ് ഈ നിര്‍ദ്ദേശത്തിന്റെ കാതല്‍. കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നതിനായി നിലവിലുള്ളതിന് പുറമേ പുതിയ ഒരു ടണല്‍ കൂടി നിര്‍മ്മിക്കാനാണ് ഈ നിര്‍ദ്ദേശത്തില്‍ പറയുന്നത്. തീര്‍ച്ചയായും വിശദമായി പരിശോധിക്കപ്പെടേണ്ട ഒരു നിര്‍ദ്ദേശം തന്നെയാണ് ഇത്. അണക്കെട്ടിന്റെ അടിത്തട്ടില്‍ നിന്ന് 50 അടി ഉയരത്തില്‍ പുതിയ ടണല്‍ നിര്‍മ്മിക്കണം എന്ന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഇത് പ്രായോഗികമല്ല എന്ന മറുവാദവും ഉയര്‍ന്നിട്ടുണ്ട്. പുതിയ ടണല്‍ ഏത് നിരപ്പില്‍, എത്ര വലിപ്പത്തില്‍ പണിയാം എന്നതും പരമാവധി ജലനിരപ്പ് എത്രവരെ താഴ്ത്താം എന്നതും സമഗ്രമായ പഠനങ്ങളുടെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെടേണ്ടതാണ്.
ഈ നിര്‍ദ്ദേശം സംബന്ധിച്ച് ഉയരുന്ന ഒരു ചോദ്യം ജലസംഭരണത്തിന്റെ ഉത്തരവാദിത്തം തമിഴ്നാടിന് ഏല്ക്കാന് കഴിയുമോ എന്നതാണ്. അണക്കെട്ടില്‍ 152 അടി വരെ വെള്ളം നിറയ്ക്കാന്‍ കഴിഞ്ഞിരുന്നപ്പോള്‍ പരമാവധി ലൈവ് സ്റ്റോറേജ് ഏകദേശം 10 ടി എം സി അടി ആയിരുന്നു. തമിഴ്നാട് ഒരു വര്‍ഷം കൊണ്ടുപോയിരുന്നത് ഇതിന്റെ ഇരട്ടിയോളം വെള്ളമാണ്. അന്ന് തമിഴ്നാടിന്റെ ഭാഗത്ത് ഈ ജലം ശേഖരിച്ച് വയ്ക്കാന്‍ സംവിധാനങ്ങള്‍ ഇല്ലായിരുന്നു. പില്ക്കാലത്ത് 1959ല്‍ അവര്‍ വൈഗൈ അണക്കെട്ട് നിര്‍മ്മിച്ചു. ഇതിന് ആറ് ടിഎംസി ജലം സംഭരിക്കാന്‍ ശേഷിയുണ്ട്. തനത് വൃഷ്ടിപ്രദേശങ്ങളില്‍ നിന്ന് കുറച്ചു മാത്രം വെള്ളം ലഭിക്കുന്ന ഈ അണക്കെട്ടില്‍ പ്രധാനമായും മുല്ലപ്പെരിയാറില്‍ നിന്ന് കൊണ്ടുവരുന്ന വെള്ളമാണ് സംഭരിക്കുന്നത്. ഇതിന് പുറമേ ധാരാളം ചെറിയ ജലസംഭരണികള്‍ കമാന്‍ഡ് ഏരിയയില്‍ പലയിടത്തായി ചെയ്യാന്‍ അവര്‍ക്ക് കഴിയും.
മുല്ലപ്പെരിയാറില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷവും തുലാവര്‍ഷവും ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യുന്ന ഇടങ്ങളില്‍ തുലാവര്‍ഷം മാത്രമേ ലഭിക്കുന്നുള്ളൂ. ജൂണ്‍ ജൂലൈ മാസങ്ങളില്‍ മുല്ലപ്പെരിയാറിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തില്‍ നല്ലൊരു ഭാഗം കൃഷിക്കായി ഉപയോഗിക്കുന്നുണ്ട്. അതില്‍ അധികം വരുന്നത് മാത്രമേ ആ സമയങ്ങളില്‍ സംഭരിച്ചു വയ്ക്കേണ്ടി വരുന്നുള്ളൂ. പ്രധാനമായും തുലാവര്‍ഷക്കാലത്തെ നീരൊഴുക്കാണ് വേനല്‍ക്കാല ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചു വയ്ക്കുന്നത്. ഇത് വൈഗയിലും ചെറിയ വികേന്ദ്രീകൃത ജലസംഭരണികളിലും ആയി സംഭരിക്കാനായാല്‍ അത് ഏറ്റവും ഗുണം ചെയ്യുക ഈ ജലം ഉപയോഗിക്കുന്ന കര്‍ഷകര്‍ക്ക് തന്നെയാണ്. തങ്ങളുടെ കണ്‍വെട്ടത്ത് കാണുന്ന ജലം കണക്കാക്കി അവര്‍ക്ക് കൃഷി ആസൂത്രണം ചെയ്യാനാവും. മറുവശത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രധാനമായും വെള്ളം തിരിച്ചുവിടാനുള്ള സംവിധാനം (diversion structure) ആയി കണക്കാക്കിയാല്‍ ജലസംഭരണ ശേഷിയില്‍ 60-70 ശതമാനം വരെ കുറവ് വരുത്താന്‍ ആകും.
ജലത്തില്‍ ഒരു ഭാഗം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നതിന് മുന്‍പ് തന്നെ ബന്ധപ്പെട്ട കൈവഴികളുടെ ഉയര്‍ന്ന ഭാഗങ്ങളില്‍ നിന്ന് തമിഴ്നാട്ടിലേക്ക് തിരിച്ചുവിടാനുള്ള സാധ്യതയെക്കുറിച്ച് ഉള്ള അഭിപ്രായങ്ങളും ഉയര്‍ന്നിട്ടുണ്ട്.
കാലപ്പഴക്കത്തിനൊപ്പം കാലാവസ്ഥ പ്രതിസന്ധി കൂടി മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഭീഷണി ഉയര്‍ത്തുമ്പോള്‍ ഇത്രയും വേഗം ഈ വിഷയത്തിന് ശാശ്വത പരിഹാരം ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതിനായി ഉയര്‍ന്നു വന്നിട്ടുള്ള മുഴുവന്‍ നിര്‍ദ്ദേശങ്ങളും വിലയിരുത്തി ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുത്ത് നടപ്പാക്കാന്‍ ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും കഴിയട്ടെ എന്ന് പ്രത്യാശിക്കാം.
വാല്‍ക്കഷണം: ന്യായാധിപര്‍ കാര്ട്ടൂണുകള് വായിക്കുന്നത് നല്ലതാണ്, അവര്‍ മനസ്സില്‍ കുട്ടിത്തം ഉള്ള നിഷ്കളങ്കരായി മാറുമെങ്കില്‍.

Soman EK 19 Feb 2025
S P രവിയുടെ മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട ലേഖനത്തിൽ വസ്തുതകളെ കൃത്യമായി വിശകലനം ചെയ്തിരിക്കുന്നു.
അഭിനന്ദനങ്ങൾ