ആണവ സിവില്‍ ബാധ്യതാ നിയമ ഭേദഗതി നിര്‍ദ്ദേശത്തെക്കുറിച്ച്…
സംഘപരിവാരങ്ങളുടെ കപട രാജ്യസ്നേഹത്തെക്കുറിച്ച്…
അമേരിക്കയുടെ ഇന്ത്യന്‍ അംബാസഡര്‍ എറിക് ഗാര്‍സെറ്റി തന്റെ ഒന്നര വര്‍ഷ കാലാവധി പൂര്‍ത്തിയാക്കി സ്വദേശത്തേക്ക് തിരിച്ചുപോകുന്നത് തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെയായിരിക്കും. തന്നെ ഏല്പിച്ച ജോലി വളരെ ഉത്തരവാദിത്തത്തോടെ തന്നെ ഗാര്‍സെറ്റി പൂര്‍ത്തീകരിച്ചിരിക്കുന്നു.
കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ 2025 ഫെബ്രുവരി 1ാം തീയ്യതി ലോക്സഭയില്‍ അവതരിപ്പിച്ച ബജറ്റ് നിര്‍ദ്ദേശങ്ങളിലെ പരമപ്രധാനമായ ഇനങ്ങളിലൊന്ന് ഗാര്‍സെറ്റിയുടെ ആഗമനോദ്ദേശവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യയുടെ ആണവ സിവില്‍ ബാധ്യതാ നിയമം ഭേദഗതി ചെയ്യുക എന്നതായിരുന്നു ആ നിര്‍ദ്ദേശം.
ഏതാണ്ട് ഒന്നര ദശകത്തിന് മുമ്പ് ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ആണവ സിവില്‍ ബാധ്യതാ നിയമം ന്യൂക്ലിയര്‍ സപ്ലയര്‍ ഗ്രൂപ്പുകള്‍ക്ക് അനുകൂലമാക്കി ഭേദഗതി ചെയ്യിക്കുക എന്നതായിരുന്നു എറിക് ഗാര്‍സെറ്റിയുടെ പ്രഥമ പരിഗണനയില്‍പ്പെട്ട ദൗത്യം. മറ്റൊന്ന് ആണവോര്‍ജ മേഖലയില്‍ സ്വകാര്യ പങ്കാളികളെ അനുവദിക്കുക എന്നതും.
ആണവോര്‍ജ മേഖലയില്‍ ഇന്ത്യയെക്കാളും ഏറെ മുന്നിലാണ് അമേരിക്ക എന്ന് അവകാശപ്പെടുമ്പോഴും കഴിഞ്ഞ ഒരു ദശകത്തോളമായി വൈദ്യുതി യൂട്ടിലിറ്റി കമ്പനികള്‍ ആണവോര്‍ജ മേഖലയില്‍ പണം നിക്ഷേപിക്കന്‍ തയ്യാറാകുന്നില്ലെന്നത് അമേരിക്കന്‍ ആണവ വ്യവസായികളെ സംബന്ധിച്ചിടത്തോളം നിരാശപ്പെടുത്തുന്ന സംഗതിയായിരുന്നു. അതുകൊണ്ടുതന്നെ വെസ്റ്റിംഗ്ഹൗസ്, ജനറല്‍ ഇലക്ട്രിക്കല്‍സ് തുടങ്ങിയ അമേരിക്കന്‍ കമ്പനികള്‍ തങ്ങളുടെ വ്യവസായ വളര്‍ച്ചയ്ക്കായി കണ്ണുവെച്ചിരിക്കുന്ന ഭൂപ്രദേശം ദക്ഷിണേഷ്യന്‍ രാജ്യങ്ങളാണ്. അതില്‍ ഇന്ത്യയുടെ സ്ഥാനം ഒന്നാമതും. ആണവോര്‍ജ മേഖലയില്‍ 100 ബില്യന്‍ ഡോളറിന്റെ നിക്ഷേപമാണ് അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യ നടത്താന്‍ പോകുന്നത് എന്നാണ് പ്രഖ്യാപനം.
എന്നാല്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം ആണവാപകടങ്ങളിന്മേല്‍ നഷ്ടപരിഹാരം നല്കുന്നതിനായി ഓപ്പറേറ്റര്‍മാരെയും വിതരണ കമ്പനികളെയും ബാധ്യതപ്പെടുത്തുന്ന തരത്തിലുള്ള ഒരു നിയമനിര്‍മാണത്തിന് മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. 2010-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ആണവ സിവില്‍ ബാധ്യതാ നിയമം മേല്പറഞ്ഞ ന്യൂക്ലിയര്‍ സപ്ലയര്‍ കമ്പനികളുടെ സ്വപ്നങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നതായിരുന്നു. ആണവോര്‍ജ മേഖലയിലേക്ക് സ്വകാര്യ കമ്പനികളെ ആനയിച്ചുകൊണ്ടുവരിക എന്നത് കോണ്‍ഗ്രസ്സിന്റെ കൂടി നയമായിരുന്നുവെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഫലമായി ആണവാപകടങ്ങളിന്മേലുള്ള നഷ്ടപരിഹാരത്തുക 1500 കോടിയായി നിജപ്പെടുത്താന്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. (ഈ തുക പോലും വളരെ നിസ്സാരമാണെന്നത് മറ്റൊരുകാര്യം).
ഇവിടെ മറ്റൊരു കാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട്.
2010-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആണവ സിവില്‍ ബാധ്യതാ നിയമം പാസാക്കിയതിന്റെ തൊട്ടടുത്ത വര്‍ഷം, അതായത് 2011 മാര്‍ച്ച് 11ാം തീയ്യതിയാണ് ജാപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തില്‍ പൊട്ടിത്തെറി സംഭവിക്കുന്നത്. ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ഏതാണ്ട് 13 ബില്യന്‍ ഡോളര്‍ ആണ് ഫുക്കുഷിമ അപകടവുമായി ബന്ധപ്പെട്ട് ജാപ്പാനീസ് ഗവണ്‍മെന്റ് ബെയ്ല്‍ ഔട്ട് നടത്തിയിരിക്കുന്നത്. അപകടം സംഭവിച്ച ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തലാക്കുന്നതിന് ഇനിയും മൂന്ന് പതിറ്റാണ്ടുകളെങ്കിലും ആവശ്യമാണെന്നാണ് നിലയ ഉടമകളായ ടോക്യോ ഇലക്ട്രിക് പവര്‍ കമ്പനി (TEPCO) പറയുന്നത്. ഇക്കാലയളവില്‍ ആവശ്യമായി വരുന്ന പണത്തിന്റെ കണക്ക് എത്രയെന്നത് പ്രവചനാതീതമാണ്.
ബൈഡനന്‍ ഭരണകൂടത്തിന്റെ നോമിനിയായി, അമേരിക്കയുടെ അംബാസിഡറായി, ഇന്ത്യയിലെത്തിയ എറിക് ഗാര്‍സെറ്റി കഴിഞ്ഞ ഒന്നര വര്‍ഷക്കാലയളവില്‍ ഇന്ത്യയിലെ ആണവ സിവില്‍ ബാധ്യതാ നിയമം ഭേദഗതി ചെയ്യേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് ഇന്ത്യയിലെ ഏതാണ്ടെല്ലാ പാര്‍ട്ടികളുമായും സംവദിക്കുകയുണ്ടായി.
ഏറ്റവും ഒടുവില്‍ തന്റെ അംബാസിഡര്‍ കാലാവധി അവസാനിപ്പിച്ച് ഇന്ത്യയില്‍ നിന്നും തിരിച്ചുപോകുന്നതിന് മുമ്പായി എന്‍ഡിടിവിയുമായി നടത്തിയ അഭിമുഖത്തില്‍ (2025 ജനുവരി 20) ഇന്തോ-യുഎസ് ന്യൂക്ലിയര്‍ ഡീല്‍ നടപ്പിലാക്കുന്നതില്‍ ഇന്ത്യ മുന്‍കൈയെടുക്കുമെന്ന ആത്മവിശ്വാസം എറിക് ഗാര്‍സെറ്റി പ്രകടിപ്പിക്കുന്നത് കാണാം.
ആണവാപകടവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര വിഷയത്തില്‍ സപ്ലിമെന്ററി കോംപെന്‍സേഷന്‍ ക്ലോസ് (Convention for Supplimentary Compensation for nuclear damage) അംഗീകരിക്കുവാന്‍ ഇന്ത്യയെ സമ്മതിപ്പിക്കുകയും അതിനനുസൃതമായ രീതിയില്‍ 2010-ലെ ആണവ സിവില്‍ ബാധ്യതാ നിയമം ഭേദഗതി ചെയ്യിക്കുകയും ആണവോര്‍ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം സാധ്യമാകുന്ന രീതിയില്‍ നിയമ നിര്‍മാണം നടത്തുവാന്‍ ഇന്ത്യാ ഗവണ്മെന്റിനെ നിര്‍ബന്ധിക്കുകയും ചെയ്യുക എന്ന തന്റെ ലക്ഷ്യം നിറവേറ്റിക്കൊണ്ടാണ് എറിക് ഗാര്‍സൈറ്റി മടങ്ങുന്നതെന്ന് സാരം.
നിര്‍മ്മലാ സീതാരാമന്റെ സാരിയുടെ നിറങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയും മോദിയുടെ ദീര്‍ഘവീക്ഷണത്തെക്കുറിച്ച് പരമ്പരകളെഴുതി നിറയ്ക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ബോധപൂര്‍വം കണ്ണടയ്ക്കുന്ന വസ്തുതകളാണിവ.
