Blog Post

Swaraj Today > News > നിലപാട് > ചില്ലിട്ടു വില്‍ക്കുന്നവരും വെടിവച്ചു കൊല്ലുന്നവരും

ചില്ലിട്ടു വില്‍ക്കുന്നവരും വെടിവച്ചു കൊല്ലുന്നവരും

ജനുവരി 30 എന്നൊരു തിയതി ഗാന്ധിജിയുടെ രക്തസാക്ഷിത്വത്താൽ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടതാണ്. ഗാന്ധിയെ ഭാവിയുടെ പ്രവാചകനായി പ്രതീക്ഷയോടെ നോക്കിക്കാണുന്നവരും അതല്ലാതെ ഒരു ഉപചാരത്തിനു വേണ്ടി ഗാന്ധിയെ മാനിക്കുന്നവരുമെല്ലാം ഈ രക്തസാക്ഷിത്വ ദിനമാചരിക്കുന്നു.

ഗാന്ധിയുടെ പിൻമുറക്കാരായി നടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും, ഗാന്ധിദർശനങ്ങളെ പിൻപറ്റി മഹാരഥൻമാർ രൂപം കൊടുത്ത പ്രസ്ഥാനങ്ങളുടെ അവശേഷിപ്പുകളിൽ സ്ഥാനമാനങ്ങൾക്കും ആസ്തികൾക്കുമായി പരസ്പരം പോരടിച്ചും പിളർന്നും കോമാളി വേഷം കെട്ടുന്നവരുമെല്ലാം ഈ രക്തസാക്ഷിത്വ ദിനം അർത്ഥമറിയാതെ ആചരിക്കും. അവരിലാരെങ്കിലും ഗാന്ധി ഒരു ആദർശമെന്ന നിലയിൽ ഉയിർത്തെഴുന്നേറ്റ് ഭാവി ലോകത്തിൻ്റെ ചുവടുവയ്പുകളിൽ വെളിച്ചം വിതറുമെന്ന് ദൃഢമായി വിശ്വസിക്കുന്നുണ്ടോ എന്നത് പറയാനാവില്ല.

2025-ൽ ലോകം ചുവടുകൾ വയ്ക്കുന്നത് 2024 ലേതിനെക്കാൾ വേഗത്തിലാണ്. എങ്ങോട്ടാണ് കൂടുതൽ വേഗത്തിലുള്ള ആ ചുവടുവയ്പുകളെന്നതിൻ്റെ സൂചനകൾ നമ്മുടെ മുന്നിലുണ്ട്. ട്രംപ് അമേരിക്കൻ പ്രസിഡൻ്റുപദം എറ്റെടുത്ത ഉടനെ ഒപ്പുവയ്ക്കപ്പെട്ട ഉത്തരവുകളിൽ മുതൽ മസ്കിൻ്റെ അഭിവാദ്യ ശൈലിയിൽ വരെ നിഴലിക്കുന്നത് ആ സൂചനകളാണ്. മറ്റുള്ള രാജ്യക്കാരോട് വംശീയരോട് എല്ലാമുള്ള അസഹിഷ്ണതയുടെ തത്വശാസ്ത്രത്തെ ഉയർത്തിപ്പിടിക്കുന്നവർ രാഷ്ട്രീയാധികാരത്തിൻ്റെയും സമ്പദ് വ്യവസ്ഥയുടെയുമെല്ലാം മർമ്മസ്ഥാനങ്ങളിലെത്തുന്നു. എല്ലാവരുടെയും നന്മ എന്നതല്ല തങ്ങൾക്കു വേണ്ടപ്പെട്ടവരുടെ നന്മ എന്നതാണവരുടെ പ്രഖ്യാപിതനയം. അമേരിക്കക്കാരെ മുമ്പന്തിയിലെത്തിക്കാൻ തനിക്ക് വോട്ടു ചെയ്യാനാണ് ട്രംപ് ആവശ്യപ്പെട്ടത്. അതിനു വേണ്ടതെന്തും ചെയ്യുമെന്നാണദ്ദേഹം വാഗ്ദാനം ചെയ്തത്. ജനം അതംഗീകരിച്ചതുകൊണ്ടാണ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിൻ്റെ പടികൾ കയറിയത്. ഇത് അമേരിക്കയിലെ കാര്യം മാത്രമല്ല, ലോകത്ത് പ്രധാന രാജ്യങ്ങളുടെയെല്ലാം തലപ്പത്ത് ട്രംപുമാർ അണിനിരന്നിരിക്കുന്നതാണ് 2025ൻ്റെ തുടക്കത്തിലെ ലോക കാഴ്ച. അവർക്കാർക്കും ജനാധിപത്യം, എല്ലാവർക്കും നീതി, വിശക്കുന്നവർക്കെല്ലാം ഭക്ഷണം, ലോക സമാധാനം തുടങ്ങിയ പഴയ മുദ്രാവാക്യങ്ങളിൽ വിശ്വാസമുള്ളവരല്ല. ഈ വിശ്വാസരാഹിത്യം തുറന്നു പറയുന്നവർ തന്നെയാണവർ. ഈയൊരു സാഹചര്യം ഒരു വൻ യുദ്ധത്തിലേക്ക് ലോകത്തെ തള്ളി വിടത്തക്കവിധത്തിൽ ഭ്രാന്തമാണ് എന്ന് പറയുന്നവരുണ്ട്.

ട്രംപും ട്രംപിസവും ലോകത്ത് ഫണം വിരിച്ചു നിൽക്കുമ്പോഴാണ് ട്രംപിൻ്റെ നാട്ടിലെ ഒരു സംസ്ഥാനത്തെ ചങ്കായ മേഖലകളിൽ പടർന്നു കയറിയ കാട്ടുതീ നിയന്ത്രിക്കാൻ ഭരണ സംവിധാനങ്ങൾക്ക് ആവാതെ പോയത്. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഉടമ്പടിയിൽ നിന്ന് പിൻമാറിയ ട്രംപിന് ഇതൊന്നും പ്രശ്നമല്ല.

ഇലോൺ മസ്‌ക് ഉൾപ്പെടെയുള്ള കോർപ്പറേറ്റ് മുമ്പൻമാർ ഇപ്പോൾ ഏറ്റവും ശ്രദ്ധവച്ചിരിക്കുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസ് മേഖലയിലെ കുതിച്ചുചാട്ടങ്ങളെ ആ സാങ്കേതികവിദ്യയുടെ രംഗത്തെ ശാസ്ത്രകാരൻമാർ വരെ നെഞ്ചിടിപ്പോടെയാണ് കാണുന്നത്. ആഗോള തലത്തിൽ തൊഴിൽ രംഗം എ.ഐ സാങ്കേതിക വിദ്യയുടെ നിയന്ത്രണത്തിലാവുകയും ജനകോടികൾ തൊഴിൽ രഹിതരാവുകയും ചെയ്യുന്ന ദിനങ്ങൾ വിദൂരത്തല്ല.ഈ നൂതന സാങ്കേതികവിദ്യയുപയോഗിച്ച് ലോകത്തിൻ്റെ സമ്പത്ത് വളരെ ചുരുക്കം പേരുടെ കൈകളിലെത്തുമെന്നത് വ്യക്തമാണ്. മാത്രമല്ല, എല്ലാവരെയും പരിഗണിക്കാത്ത അസഹിഷ്ണതയുടെ തത്വശാസ്ത്രം രാഷ്ട്രീയ- സാമ്പത്തിക വ്യവസ്ഥകളിൽ അധീശത്വമുറപ്പിക്കുമ്പോൾ തങ്ങൾക്ക് അലോസരമുണ്ടാക്കാത്ത വിധത്തിൽ കുറഞ്ഞ ജനസംഖ്യ മതി ഈ ഗോളത്തിൽ എന്ന തീരുമാനം പിന്നാലെ ഉണ്ടായെന്നും വരാം. എന്നാൽ ഈ സാങ്കേതികവിദ്യയുടെ രംഗത്തുള്ള വിദഗ്ദൻമാർ ഭയപ്പെടുന്നത് നിർമ്മിത ബുദ്ധി ഏതു നിമിഷത്തിലാണ് മനുഷ്യബുദ്ധിയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുക എന്നതാണ്. അധികാര ദുരയും ധനാർത്തിയും മൂത്ത ട്രംപുമാർക്കും മസ് കുമാർക്കും പക്ഷെ ഈ ദുരന്ത സാധ്യത കാണാനാവുന്നില്ല.

ആത്മീയത നഷ്ടപ്പെട്ട മതബോധം കൊണ്ടു് ഊഷരമാക്കപ്പെട്ട ഒരു ലോകമാണിന്നുള്ളത്. മത ആചാരങ്ങളും ആഘോഷങ്ങളും അടയാളങ്ങളും അധികാര ലബ്ദിക്കും ധനാർജ്ജനത്തിനുമുള്ള ഉപകരണങ്ങളായി മാറുന്ന കാലമാണിത്. ഗാന്ധിയുടെ ഇന്ത്യയിൽ 144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേളയിൽ ഹിന്ദു രാഷ്ട്രത്തിൻ്റെ ഭരണഘടന അവതരിപ്പിക്കാൻ പോകുന്നു എന്ന് വാർത്തയുണ്ടു്. കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞവരെത്ര എന്നതു സംബന്ധിച്ച കണക്കുകളിൽ അവ്യക്തത നിലനിൽക്കുമ്പോഴും കുറുക്കൻ്റെ കണ്ണ് കോഴി കൂട്ടിൽ തന്നെ. അപരനെ അവനവനായിത്തന്നെ പരിഗണിക്കുന്ന ജീവിത ചര്യകൾ മുന്നോട്ടു വയ്ക്കുന്ന മതസംഹിതകൾ കൊഴിച്ചു കളഞ്ഞ് അപരനെ ശത്രുവായി കാണുന്ന മതബോധത്തിൻ്റെ ആഘോഷത്തിമിർപ്പിലേക്ക് ലോകത്തെ നയിക്കുന്നവർ ആർക്കാണ് ശാന്തി നൽകുക എന്ന ചോദ്യം അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ടു്.

ഗാന്ധി ഭാവി ലോകത്തിൻ്റെ സ്പന്ദനമായി ഉയിർത്തെഴുന്നേൽക്കുമോ എന്നു ചിന്തിക്കുമ്പോൾ മേൽസൂചിപ്പിച്ച ലോക പ്രവണതകൾ തന്നെയാണ് ഉത്തരം തരേണ്ടത്. അസഹിഷ്ണതയുടെയും സമഗ്രാധിപത്യത്തിൻ്റെയും യാന്ത്രികരാഷ്ട്രീയത്തെ നിർവീര്യമാക്കാൻ ഏറ്റവും കുറഞ്ഞ അധികാരപ്രയോഗത്തെയും ചുറ്റുവട്ട അധികാരവിനിമയത്തെയും എല്ലാവരെയുമുള്ള ഉൾക്കൊള്ളലിൻ്റെ രാഷ്ട്രീയമല്ലെ വേണ്ടത്. സാമ്പത്തിക ഉൽപാദനവും ഉപഭോഗങ്ങളുമെല്ലാം രാഷ്ട്രീയ സ്വാതന്ത്ര്യത്തിൻ്റെ ഊന്നുവടികൾ കൂടിയാണെന്ന തിരിച്ചറിവുമുള്ള ഗാന്ധിയുടെ ജൈവരാഷ്ട്രീയത്തിനല്ലാതെ മറ്റെന്തിനാണ് ഇത് സാധിക്കുക.

ലോകജനതയിൽ ഒരു പങ്കിനെ ഉപഭോഗ ഉന്മാദത്തിലേക്കും മറ്റെ പങ്കിനെ ആ ഉന്മാദത്തെ കുറിച്ചുള്ള ഒരിക്കലും സഫലീകരിക്കാത്ത ഭ്രാന്ത സ്വപ്നങ്ങളിലേയ്ക്കും നയിക്കുന്ന വ്യാവസായിക നാഗരികതയുടെ ഉപോൽപ്പന്നമായ കാലാവസ്ഥാ പ്രതിസന്ധിയിലേക്ക് നയിച്ച സാഹചര്യങ്ങളെ മറികടക്കാൻ ഉള്ള വഴിയേതാണ്. വികേന്ദ്രീകൃതമായ, ചെറുകിട ഇടത്തരം സാങ്കേതികവിദ്യകളെയും മനുഷ്യൻ്റെ സർഗ്ഗാത്മകതയെയും കേന്ദ്രമാക്കിയുള്ള സാമ്പത്തിക പ്രവർത്തനങ്ങളും, അതോട് ചേർന്നുനിൽക്കുന്ന ലളിത ജീവിതശൈലികളും സ്വപ്നങ്ങളുമുള്ള ഗാന്ധിയൻ സമീപനങ്ങളുടെ കാലാനുസൃതമായ പ്രയോഗങ്ങളല്ലാതെ ഇവിടെ മറ്റെന്താണ് മാർഗ്ഗം.

യന്ത്രം മനുഷ്യനെ അടിമയാക്കുന്ന ദുരന്തത്തിൻ്റെ വക്കിൽ നിൽക്കുന്ന ആധുനിക മനുഷ്യന് യന്ത്രങ്ങളോടുള്ള ഗാന്ധിയുടെ സമീപനത്തെ ഇനി കണ്ടില്ലെന്നു നടിക്കാനാവുമോ. മനുഷ്യപ്രയത്നങ്ങളെ ആയാസ രഹിതമാക്കുന്ന സഹായി എന്ന നിലയിൽ നിന്ന് മനുഷ്യനെ നിയന്ത്രിക്കുന്ന യജമാനൻ എന്ന നിലയിലേക്കുള്ള യന്ത്ര സംസ്കാരത്തിൻ്റെ കുതിപ്പ് മനുഷ്യൻ്റെ സ്വത്വത്തെ റദ്ദു ചെയ്യുമെന്ന തിരിച്ചറിച്ച് ലോകമെങ്ങുമുള്ള ചിന്തകരിൽ ഒരു വിഭാഗത്തിനെങ്കിലും ഇന്ന് ഉണ്ടായിട്ടുണ്ടു്. അവിടെ രൂപപ്പെട്ടു വരുന്നത് ഗാന്ധിയുടെ ഉയർപ്പിൻ്റെ ഇടമല്ലെ.

സത്യമാണ് ദൈവം എന്ന ഗാന്ധിയുടെ വാക്കുകളുടെ ആഴങ്ങൾ ഇനിയും ബോധ്യപ്പെടാനിരിക്കുന്നതേയുള്ളു. പല കാലത്തും പല നാടുകളിലുമായി രൂപപ്പെട്ടുവന്ന മതവിശ്വാസങ്ങളും ആചാരങ്ങളും ഒരു തെറ്റുകളുമില്ലാത്തവയല്ലെന്നുള്ള ബോധ്യത്തോടെ അവയിലെ ശരികളെ തേടാനുള്ള വിനയമാണ് വേണ്ടത്. അത്തരം വിനയമാണ് മനുഷ്യനെ സത്യത്തോട് – ദൈവത്തോട് മനുഷ്യനെ കൂടുതലടുപ്പിക്കുക എന്ന ഗാന്ധി മതം- ഗാന്ധിയുടെ അഭിമതം – സുബോധമുള്ള ആർക്കാണിനി തള്ളിക്കളയാനാവുക.

ഒരാദർശമെന്ന നിലയിൽ ഗാന്ധിയുടെ ഉയർത്തെഴുന്നേൽപ്പ് പല വിധത്തിലാകാം. ഗാന്ധിയുടെ പേരിൽ ആവണമെന്നുമില്ല. അങ്ങനെ ശാഠ്യം പിടിക്കുന്നത് ഗാന്ധി വിരുദ്ധതയുമാണ്. ഒരു വിളക്കുമരം വെളിച്ചം വിതറുന്നത് ആ വെളിച്ചം പതിയുന്നിടത്തെല്ലാം കാഴ്ചകൾ വ്യക്തമാവാനും ആ വ്യക്തത യാത്രികരുടെ ദിശാബോധത്തെ നിർണയിക്കാനുമാണ്. അതല്ലാതെ വെളിച്ചത്തിൻ്റെ പേരിൽ ഉടമസ്ഥാവകാശം സ്ഥാപിക്കാനല്ലല്ലോ. മനുഷ്യ സ്വത്വത്തിൻ്റെ ഭാഗമാണ് സ്വാതന്ത്ര്യബോധമെങ്കിൽ, ആധൂനിക മനുഷ്യൻ ബഹുമുഖ അടിമത്തങ്ങളുടെ ഇരുട്ടിൽ തപ്പുമ്പോൾ ചരിത്രത്തിലെ വിളക്കുമരമായ ഗാന്ധിയുടെ വെളിച്ചത്തിൽ സ്വാതന്ത്ര്യത്തിൻ്റെ കാഴ്ചകളുംപുതിയ കാഴ്ചപ്പാടുകളും തെളിഞ്ഞുവരും.

ഗാന്ധിയെ വെടിയുണ്ടകൾ കൊണ്ട് ശാരീരികമായി ഇല്ലായ്മ ചെയ്തവർ വിവിധ രൂപത്തിലും ഭാവത്തിലും നമ്മുക്കു ചുറ്റിലുമുണ്ടു്. ഒരുപക്ഷെ നമ്മൾ തന്നെ അവരിലൊരാളാകാം. പക്ഷെ സത്യത്തിന് മരണമില്ലാത്തതിനാൽ ഗാന്ധി മരിക്കുന്നില്ല. സത്യത്തിന് നേരെ നിറയൊഴിക്കാനേ കഴിയു. വെടിയുണ്ടകൾ കൊണ്ടുള്ള മതിലിനാൽ സത്യത്തെ ചില സമയങ്ങളിൽ മറച്ചുപിടിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ സത്യം നിലനിൽക്കുന്നത് ആന്തരിക കരുത്തിലാണ് .ഗാന്ധിയിലെ സത്യം ഗാന്ധിയൻമാരിൽ മങ്ങിപ്പോയാലും അതിൻ്റെ ആന്തരിക കരുത്തിൽ ലോകത്ത് ജ്വലിച്ചുയർന്ന് പ്രകാശം പരത്തുക തന്നെ ചെയ്യും.

വാൽക്കഷണം : എ.ഐ. വളർന്നാൽ അത് സോഷ്യലിസത്തിലേക്ക് നയിക്കും എന്ന് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ബുദ്ധിജീവി നേതാവ്!!!

Leave a comment

Your email address will not be published. Required fields are marked *