ആയിരത്തിത്തൊള്ളായിരത്തി നാൽപ്പത്തിയെട്ടാമ്മാണ്ട്.
ജനുവരിമുപ്പതിൻ സായാഹ്നം.
പഞ്ചാബിൽ ,
അമ്പത്തഞ്ചായിരം പട്ടാളക്കാർ തോൽപ്പിക്കപ്പെട്ടിരിക്കുന്നു….
ഗാന്ധി നവഖലിയിൽ നിന്നും തിരിച്ചു വന്നിട്ടുണ്ട്.
ദില്ലിയിൽ സർക്കാരിനെതിരെയാണു സത്യാഗ്രഹം! അഹിംസയുടെ സിംഹത്തിന്റെ രീതികൾ അങ്ങനെയാണ്.
ശത്രുരാജ്യത്തിന്നായ് പൊരുതുക !
തെരുവുകളിൽ കബന്ധങ്ങൾ ചെളിപറ്റിക്കിടക്കുന്നു.
സന്ധ്യാ പ്രാർത്ഥനയായി,
പെട്ടെന്ന്, വെടി മുഴങ്ങി.
മനുവും ആഭയും നടുങ്ങുന്നു.
ഗാന്ധിയുടെ തൊണ്ടക്കുഴിയിലൂടെ ഒരു പ്രാവിന്റെ കുറുകൽ!
നെഞ്ചിലരക്കഴഞ്ചു ചോര!
നെഹ്റുവും പട്ടേലും ഒന്നിച്ചിരിക്കുന്നു.
ഗാന്ധിയുടെ ചർക്ക വീണ്ടും തിരിയേണ്ടതുണ്ട്..
പറന്നകലുന്ന സംവത്സരങ്ങളിലിരുൾ പരന്നിരിക്കുന്നു.
ബിർളാഹൗസെവിടെ?
ചെങ്കോട്ടയും മാഞ്ഞു പോയിരിക്കുന്നല്ലോ.
ഒപ്പം ഒരു ലക്ഷത്തി അമ്പതിനായിരം ഏടുകളും!
ബാക്കിയായതവ തന്നെ,
ഒരു വടി , ഒരു വട്ടക്കണ്ണട, ഒരു ജോഡി മെതിയടികൾ.
ഒരു സെൻപഴമൊഴി വന്ന് ജനകോടികളോടു പറയുന്നു,
കാണരുത്. കേൾക്കരുത്, പറയരുത്.
സ്മൃതികൾ മായ്ക്കപ്പെടുന്നിടത്തു നിന്ന് ,
ഗാന്ധി പിന്നെയും യാത്രയാകുന്നു.
ഏകനായ് ,
അനാഥമായ് ,
ഒരു കാൽനടയാത്ര.
കാലത്തിലൂടെ, കണ്ണു നീർച്ചാലുകളിലൂടെ, മാനവ സ്മൃതികളിലൂടെ.

Jayaraj Jayaraj 30 Jan 2025
നല്ലെഴുത്ത്