കഴിഞ്ഞ ദിവസം (24 ജനുവരി 2025-വെള്ളി) മലയാളത്തില്‍ പുറത്തിറങ്ങിയ മിക്ക പ്രമുഖ പത്രങ്ങളുടെയും ഒന്നാംപേജ് വലിയൊരു അടയാളവും അതിലും പ്രധാനപ്പെട്ടൊരു പഠന സാമഗ്രിയുമാണ്. മലയാള മനോരമയും മാതൃഭൂമിയുമടക്കം വില്പനയില് മുന്‍നിരയിലുള്ള പത്രങ്ങളുടെയെല്ലാം ഒന്നാം പേജില്‍ പത്രത്തിന്റെ തലക്കെട്ട് അഥവാ മാസ്റ്റ്ഹെഡിനു ചുവടെയുള്ള മുഴുവന്‍ താളും ഒരു സ്വകാര്യ സര്‍വകലാശാല വിലയ്ക്കെടുത്തിരിക്കുന്നു. ആണ്ടില്‍ പാതി ദിനങ്ങളിലും ഓക്സിജനും നന്തിലത്തും ബിസ്മിയുമൊക്കെ നടത്തുന്ന ഇത്തരം വിലയ്ക്കെടുപ്പ് സര്‍വസാധാരണമാണെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ചയിലെ വിലയ്ക്കെടുപ്പിന് അതിനേക്കാളൊക്കെ വലിയൊരു പ്രാധാന്യം കൈവരുന്നത് അടയാളമെന്ന നിലയ്ക്കും പഠനവസ്തുവെന്ന നിലയ്ക്കുമുള്ള വിശേഷാല്‍ മൂല്യം കൊണ്ടാണ്.
ആ പേജില്‍ പത്രത്തിന്റെ സ്വന്തമെന്നു പറയാനുള്ളത് ഇടിപ്പടത്തില്‍ ഗുണ്ടാത്തലവന്റെ തലയിലെ വട്ടക്കെട്ട് പോലെ നില്ക്കുന്ന പത്രനാമം എന്ന മാസ്റ്റ്ഹെഡ് മാത്രം. അതിനു ചുവടെയുള്ള എട്ടുകോളം അമ്പത്തിരണ്ടു സെന്റിമീറ്റര്‍ സ്ഥലവും വായനക്കാരെ അക്ഷരാര്‍ഥത്തില്‍ ഉണ്ണാക്കന്മാരാക്കുകയും അവരില്‍ ഭീതിപരത്തുകയും ചെയ്യുന്ന വാര്ത്താഭാസങ്ങള്കൊണ്ട് പത്രസ്ഥലം വിലയ്ക്കെടുത്ത മുതലാളി നിറച്ചിരിക്കുന്നു. ഇങ്ങനെ നിറച്ചിരിക്കുന്ന വികടവാര്ത്താ സരസ്വതിയില്‍ ഒന്നാമത്തേത് ആറു ദിവസം കൂടി കഴിഞ്ഞാല്‍ രാജ്യത്തൊട്ടാകെ നോട്ടുകള്‍ അസാധുവാക്കിയിരിക്കും എന്നതാണ്. രാവിലെ തന്നെ ബാങ്കിലേക്ക് നോട്ടുമാറാന്‍ വച്ചുപിടിച്ച വായനക്കാര്‍ മുതല്‍ ഇതു സംബന്ധിച്ച് ടിവിപ്രോഗ്രാം ചെയ്ത വാര്‍ത്താവതാരകര്‍ വരെയുണ്ട് എന്നറിയുമ്പോഴേ പത്രമുതലാളിയും കോളജ്മുതലാളിയും കൈകോര്‍ത്തു ചെയ്ത നെറികേടിന്റെ ആഴം മനസിലാകൂ.
മുഖമടച്ചൊരു ആട്ട്കൊടുത്ത് ഈ വാറോല ഇനി ഞങ്ങള്‍ക്കു വേണ്ട എന്നു പറഞ്ഞു മറുവഴി തേടാന്‍, വാര്‍ത്താവായന അഡിക്ഷനായി പോയ ഒരു തലമുറയ്ക്കു മുന്നില്‍ നെറിയുള്ളൊരു കുട്ടിപ്പത്രം പോലുമില്ല എന്ന ഗതികേടിലാണ് മുതലാളിക്കൂട്ടിന്റെ ഹുങ്ക് നങ്കൂരമുറപ്പിച്ചിരിക്കുന്നത്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളുടെ അവസാനം തുടങ്ങിയ വാര്‍ത്താ വിസ്ഫോടനത്തിന്റെ കുറേ ശുഷ്കിച്ച ശേഷിപ്പുകളുമായി പത്രങ്ങളെ വിശ്വസിച്ചു ജീവിച്ചുപോന്നൊരു സീനിയര്‍ തലമുറയോട് ഈ മഹാപാപം എന്തിനു വേണ്ടിയായിരുന്നു എന്ന് ഒരു പത്രമുതലാളിയും മൂന്നു ദിവസം പിന്നിട്ടിട്ടും വിശദീകരണം നല്‍കിയിട്ടുമില്ല. ആകെകൂടി മാതൃഭൂമി ഒഴിവുനോക്കിയുള്ള ഏതോ മൂലയില്‍ ഖേദപ്രകടനം നടത്തുക മാത്രം ചെയ്തിരിക്കുന്നു.
ഈ തലമുറയ്ക്ക് പത്രങ്ങളില്‍ അവശേഷിച്ചിരുന്ന ഇത്തിരിപ്പോന്ന വിശ്വാസത്തിന്റെ കൂടി പുക കണ്ട തലക്കെട്ടുപേജ്, ആ വിശ്വാസനഷ്ടത്തിന്റെ അടയാളമെന്ന രീതിയില്‍ കാലങ്ങളോളം ഈ പേജ് ഓര്‍മിക്കപ്പെടുക തന്നെ ചെയ്യും. ഒരു തരികിട സര്‍വകലാശാലയുടെ വാര്‍ത്താ പെര്വേര്ഷനു വേണ്ടി ഒന്നാം പുറം മൊത്തമായി വിരിച്ചിട്ടുകൊടുത്തതിലൂടെ സമ്പാദിച്ച വിശ്വാസനഷ്ടത്തിന്റെ അടയാളമെന്ന് മാത്രമേ ഈ മാധ്യമ മാമാപ്പണിയെ വിളിക്കാന്‍ സാധിക്കൂ. മറ്റൊരു തരത്തിലാണെങ്കില്‍ ഇതൊരു പഠന സാമഗ്രി കൂടിയാണ്. വാര്‍ത്തയെ കൊന്നു കൊത്തിനുറുക്കി കമ്പോസ്റ്റാക്കി ആ വളക്കൂറിന്റെ ബലത്തില്‍ കോര്‍പ്പറേറ്റ് കൂട്ടുകച്ചവടത്തിന് പുതിയ തലം സൃഷ്ടിച്ചെടുക്കുന്നതു സംബന്ധിച്ച് ഏതു പഠനത്തിനും വേണ്ട ഒന്നാന്തരം സ്പെസിമെന്‍.
കോര്‍പ്പറേറ്റ് എന്ന പദം ഇന്നത്തെ കാലത്ത് ഉപയോഗിച്ചു കേള്ക്കാത്തതായ മേഖലകള്‍ തുലോം കുറയും. വലിയ കമ്പനികള്‍ എന്നതു മാത്രമാണ് ഏതു നിഘണ്ടുവും കോര്‍പ്പറേറ്റ് എന്ന പദത്തിനു നല്കുന്ന അര്‍ഥം. പാവം നിഘണ്ടു, ഇതിനപ്പുറം എന്തു പറയാന്‍. എന്നാല്‍ പ്രയോഗത്തിലേക്കു വരുമ്പോള്‍ പണം, വന്‍തോതിലുള്ള പണം, അപരിമിതമായ തോതിലുള്ള പണം, ഉല്പാദിപ്പിക്കുക, പരിപാലിപ്പിക്കുക, വര്‍ധിപ്പിക്കുക എന്നതിനാവശ്യമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളാണ്, ചിലപ്പോഴെങ്കിലും അതു മാത്രമാണ് കോര്‍പ്പറേറ്റ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് പണത്തിന്റെ ഉടമസ്ഥത, മൂലധന നിക്ഷേപത്തിന്റെയും അനുബന്ധ കാര്യങ്ങളുടെയും ഉടമസ്ഥത, വിപണിയുടെ ഉടമസ്ഥത, പണമുണ്ടാക്കാന്‍ വേണ്ട ഏതു സൗകര്യങ്ങളെയും വിലകൊടുത്തു വാങ്ങുന്നതിലൂടെ പൊതു സംവിധാനങ്ങളുടെ മേല്‍ സ്ഥാപിക്കപ്പെടുന്ന ഉടമസ്ഥത – ഇങ്ങനെ പറയാന്‍ പോയാല്‍ കോര്‍പ്പറേറ്റ് എന്ന പദത്തിന്റെ ടിപ്പണി നിര്‍മാണം അവസാനിപ്പിക്കുന്നതാവും ക്ലേശകരം. എന്തായാലും ഉടമസ്ഥത എന്നതും പണം എന്നതും അടിസ്ഥാനമാക്കിയെടുത്തുകൊണ്ട് കഴിഞ്ഞ ദിവസത്തെ വാര്ത്തയിലേക്കു തന്നെ വരാം.
ആരുടെയാണ് പത്രം അഥവാ ആരാണ് പത്രത്തിന്റെ ഉടമസ്ഥന് എന്ന ഒന്നാം പാഠത്തില്‍ നിന്നു മാത്രമേ സ്വതന്ത്രമായ ഏതൊരു മാധ്യമവിചാരവും ആരംഭിക്കാന്‍ സാധിക്കൂ. എന്തു വസ്തുവും പണം കൊടുത്തു വാങ്ങുക എന്നാല്‍ അതിന്റെ ഉടമസ്ഥാവകാശം വാങ്ങുക എന്നു തന്നെയാണ് അര്‍ഥം. അതായത് ദിവസം എട്ടരയോ ഒമ്പതോ രൂപ കൊടുത്ത് ഒരു പത്രം വാങ്ങിയാല്‍ വാങ്ങുന്നയാള്‍ അതിന്റെ ഉടമസ്ഥനായി മാറുകയാണ്. എന്നാല്‍ എത്ര പരിമിതമായ ഉടമസ്ഥാവകാശമാണ് അയാള്‍ക്കു കൈവരുന്നത് എന്ന കാതലായ ചോദ്യത്തിലേക്കാണ് ഒരു മൂന്നാംകിട യൂണിവേഴ്സിറ്റിയുടെ പ്രചാരത്തിനായി പൂമുഖം വാടകയ്ക്കു നല്‍കിയതിലൂടെ പത്രമുതലാളിമാര്‍ സൂചനകള്‍ തരുന്നത്. വരിക്കാരന് പറയുന്ന ഉടമസ്ഥാവകാശം എന്നത് അവന് ഉണക്കമീന്‍ പൊതിയാനാണോ കുട്ടികളുടെ അപ്പി തുടയ്ക്കാനാണോ ആ പത്രം ഉപയോഗിക്കേണ്ടത് എന്നു ദ്വീതീയ ഘട്ടത്തില്‍ തീരുമാനമെടുക്കുന്നതിനുള്ള അവകാശം മാത്രമേ ആകുന്നുള്ളൂ എന്നര്‍ഥം.
ഈ തിരിച്ചറിവ് ഇത്രയും വ്യക്തമായി നല്കാന് വേണ്ട തന്റേടം പത്രമുതലാളിമാര്‍ കൈവരിച്ചിരിക്കുന്നത് ഉളുപ്പില്ലാത്ത കോര്‍പ്പറേറ്റ് ബാന്ധവത്തിന്റെ മാത്രം ഉറപ്പിലാണ്. നാളിതുവരെ വായനക്കാര്‍ നല്കിപ്പോന്ന വിശ്വാസത്തിന്റെയും അവരുമായി സ്ഥാപിച്ചെടുക്കുന്ന വൈകാരികമെന്നു പോലും വിളിക്കാവുന്ന അടുപ്പത്തിന്റെയും ആണിക്കല്ലിന്മേല് അസ്ഥിവാരമിട്ടു പോന്ന പത്രവ്യവസായം അതേ വായനക്കാരനെ മനസാക്ഷിക്കുത്തുപോലുമില്ലാതെ വഴിയിലുപേക്ഷിച്ച് നാലു തുട്ടുള്ളവനെ അപ്പനെന്നു വിളിക്കുക മാത്രമല്ല അത്തരം അഭിനവ അപ്പന്മാരുടെ കായബലം കൂട്ടാന്‍ ക്ഷീരബലകള് ആവര്ത്തിച്ചുണ്ടാക്കുന്നതു പോലെയുള്ള വിടുവേല ഏറ്റെടുക്കുകയും ചെയ്യുന്നു.
എന്തിനുമേതിനും പത്രത്തെ പിടിച്ച് ആണയിടുന്നവര്‍ മനസിലാക്കാന്‍ വൈകരുതാത്ത ഏതാനും വിചാരങ്ങള്‍ കൂടിയുണ്ട്. ഒരു പത്രത്തിനും ഇന്നു വായനക്കാരനെ ആവശ്യമില്ല, എല്ലാവര്ക്കും വേണ്ടത് വരിക്കാരെയാണ്. വരിക്കാരുടെ എണ്ണം കിട്ടിയാല്‍ വായനക്കാരുടെ എണ്ണം ഒരു രായസത്തിലങ്ങു തയാറാക്കുകയാണ്. വരിക്കാരെ പിടിക്കാന്‍ തമ്പോലലോട്ടറികള് ഓടിക്കും, പള്ളിപ്പെരുന്നാളും അമ്പലംതോറുമുള്ള ഉത്സവവും ഊറൂസുമൊക്കെ നാട്ടിലെ ഏറ്റവും വലിയ വാര്‍ത്തയായി കെട്ടിയെഴുന്നള്ളിക്കും. എന്തു ഗോഷ്ടിയും കാണിക്കും. എല്ലാം വരിക്കാരെ കിട്ടുന്നതിനു വേണ്ടിയാണല്ലോ എന്നോര്‍ത്ത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയൊക്കെ ഇവര്‍ക്കു മാപ്പുകൊടുക്കട്ടെ.
വരിക്കണക്കും വായനക്കണക്കും വച്ചു വേണം കോര്‍പ്പറേറ്റ് ലോകത്തു വിലപേശല്‍ നടത്താന്‍. ഇത്ര ലക്ഷം വായനക്കാരുടെ അറിവിനെയും ചിന്തയെയും സ്വാധീനിക്കുക വഴി അവരുടെ വാങ്ങല്‍ ശേഷിയെ നിര്‍വചിക്കാന്‍ തങ്ങള്‍ക്കാണു സാധിക്കുന്നത്. ഇതാണ് വരിക്കാരെ തേടുന്നതിന്റെ ഗുട്ടന്‍സ്. അതായത് ഇവരുടെ ജീര്‍ണലിസം വായിക്കാനല്ല വരിക്കാരെ വേണ്ടത്, പകരം കോര്‍പ്പറേറ്റ് ഭീമന്മാര്ക്കു മുന്നിലും ഭരണ ഭീമന്മാര്ക്കു മുന്നിലും പത്രക്കമ്പനിയുടെ വിലപേശല്‍ ശേഷി വര്‍ധിപ്പിക്കുന്നതിനു മാത്രമാണ്. വാര്‍ത്തയ്ക്കു വേണ്ടി മാധ്യമവ്യവസായം നടത്തിക്കൊണ്ടിരുന്ന കാലം എന്നേ അവസാനിച്ചിരിക്കുന്നു. മറ്റേതോ കോര്‍പ്പറേറ്റ് മുതലാളിക്കു വേണ്ടി പത്രസ്ഥലം വില്ക്കാന് ഒരു മുതലാളി നടത്തുന്ന കച്ചവടം മാത്രമായി പത്രം മാറിയിരിക്കുന്നു. ഇന്നു പത്രസ്ഥലമെന്നാല് വാര്ത്താസ്ഥലമല്ല, പരസ്യസ്ഥലമാണ്. പരസ്യം കഴിഞ്ഞ് സ്ഥലം ശേഷിച്ചാല്‍ അവിടെ വാര്‍ത്തയും കൊടുക്കും.
നോക്കൂ, റൂപ്പര്‍ട്ട് മുര്ഡോക്കിനെപ്പോലെ, ഗൗതം അദാനിയെപ്പോലെ മാധ്യമലോകം അപ്പാടെ വിഴുങ്ങിയിട്ടും ദഹനക്കേട് വരാതെയും കൊതി തീരാതെയും കോര്‍പ്പറേറ്റ് സാന്നിധ്യങ്ങള്‍ വളര്‍ന്നു വരുകയാണ്. ഇവിടെയാണ് കാതലായ മറ്റൊരു ചോദ്യം പ്രസക്തമാകുന്നത്. മാധ്യമങ്ങള്‍ അഥവാ മീഡിയ എന്നത് രാഷ്ട്രഘടനയുടെ നാലാം തൂണ് എന്നാണല്ലോ പറയപ്പെടുന്നത്. ഇതാണോ നാലാം തൂണ്, തുണ്ടുമാസികയിറക്കുന്നതിന്റെ മറ്റൊരു വേരിയന്റുപോലെ പത്രമിറക്കിയാലോ ടിവിയിറക്കിയാലോ അതിനു രാഷ്ട്രഘടനയുമായി എന്തു ബന്ധം. നിയമനിര്‍മാണം, നിയമപാലനം, നീതിപാലനം തുടങ്ങിയ മറ്റു മൂന്നു തൂണും നേരിടുന്ന അപചയത്തിനെക്കാള് രൂക്ഷവും മലിനീകൃതവും വിഷലിപ്തവുമായ അപചയം നാലാം തൂണിനു സംഭവിക്കുമ്പോഴും വിപണി നിലനിര്‍ത്താന്‍ പുതിയ മാര്‍ക്കറ്റിങ് സ്ട്രാറ്റജികള്‍ എത്ര അനായാസമാണ് ഇവര്‍ കണ്ടു പിടിക്കുന്നത്.
സത്യത്തില്‍ ഈ സ്ട്രാറ്റജി നിര്‍മാണം മാത്രമാണ് ഏതൊരു പഠിതാവിനും മാധ്യമലോകം കാര്യമാത്രപ്രസക്തമായി ഇക്കാലത്തു നല്കിപ്പോരുന്നത്. കാലങ്ങളിലൂടെ വന്നൊരു മാറ്റം വാക്കുകളില്‍ പ്രതിഫലിക്കുന്നതെങ്ങനെയെന്നെങ്കിലും നാം കാണേണ്ടതുണ്ട്. നാല്പതുകള് പിന്നിട്ട ഒരു തലമുറയ്ക്കു മാത്രമാണ് പത്രം ഇന്നുമൊരു അഡിക്ഷനായി നിലനില്ക്കുന്നതെന്നു പറഞ്ഞാര് അതില്‍ അശേഷം അതിശയോക്തിയുണ്ടാവില്ല. കാരണം, കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ വാര്‍ത്തയെന്ന ചൂണ്ടയില്‍ കൊത്തിപ്പോയ ഗതികേടാണ് ഇന്നും അവരെ ഭരിക്കുന്നത്. അവര്‍ തുടക്കത്തില്‍ കേട്ടുശീലിച്ച പദം പത്രപ്രവര്‍ത്തനം എന്നതായിരുന്നു. പിന്നീടെപ്പോഴോ പത്രപ്രവര്‍ത്തനം എന്നാരും പറയാതെയായി. പകരം കടന്നു വന്നത് മീഡിയ ഇന്ഡസ്ട്രിയെന്ന പദമായിരുന്നു. പത്രപ്രവര്‍ത്തനം ദൗത്യമായിരുന്നെങ്കില്‍ പദമാറ്റത്തോടെ അതിന്റെ ദൗത്യസ്വഭാവം നഷ്ടപ്പെടുകയായിരുന്നു. അടുത്ത പടിയായി മീഡിയ ഇന്‍ഡസ്ട്രി എന്ന പദം പോലും പരണത്തേക്കു സ്ഥലംമാറ്റപ്പെടുകയും പകരം എന്റര്‍ടെയിന്‍മെന്റ് ഇന്ഡസ്ട്രിയെന്ന പദം കടന്നു വരുകയും ചെയ്തു. വെറും നാല്പതു വര്‍ഷത്തിനിടയില്‍ സംഭവിച്ച അപചയത്തിന്റെ ആഴവും പരപ്പും വ്യക്തമാകണമെങ്കില്‍ ടെര്‍മിനോളജിയില്‍ കടന്നുവന്ന മാറ്റങ്ങള്‍ മാത്രം അവയുടെ സര്‍വ നാനാര്‍ഥങ്ങളും സഹിതം ചിന്തയ്ക്കു വിഷയമാക്കിയാല്‍ മതിയല്ലോ.
എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്ട്രിയുടെ ജനവിരുദ്ധത എങ്ങനെ മധുരത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കാന്‍ സാധിക്കുമെന്നതിന് രണ്ട് ഉദാഹരണങ്ങള്‍ മാത്രം സൂചിപ്പിച്ചതിനു ശേഷം കഴിഞ്ഞ ദിവസത്തെ ഒന്നാംപുറത്തെ ഭീകരവാര്ത്താപ്രവര്ത്തനത്തിലേക്കു തന്നെ തിരിച്ചു പോകാം. ശരിയായ വിവരം, തെറ്റായ വിവരം എന്നിങ്ങനെ രണ്ടുതരം വിവരങ്ങള്‍ മാത്രമായിരുന്നു വിവര വിനിമയമായ പത്രപ്രവര്‍ത്തനത്തില്‍ ഇതിന്റെ ശൈശവം മുതലുണ്ടായിരുന്നത്. ഇന്‍ഫര്‍മേഷന്‍, മിസിന്‍ഫര്‍മേഷന്‍ എന്നിങ്ങനെ രണ്ടു കാര്യങ്ങള്‍ മാത്രമുണ്ടായിരുന്ന ലോകത്തേക്ക് മാധ്യമലോകം മൂന്നാമതൊരു തരം ഇന്‍ഫര്‍മേഷന്‍ കൂടി ആരുമറിയാതെ കടത്തിക്കൊണ്ടുവന്നു. ഇതിനെ നമുക്ക് ഡിസിന്‍ഫര്‍മേഷന്‍ അഥവാ (അര്‍ഥ ദ്യോതകമായ മറ്റൊരു തര്‍ജമയുടെ അഭാവത്തില്‍) കുവിവരമെന്നു വിളിക്കുക. എങ്ങനെ യഥാര്‍ഥ വാര്‍ത്തയെ ഒഴിവാക്കി കുറേയേറെ അനവസരത്തിലുള്ളതും അനാവശ്യവുമായ വിവരങ്ങള്‍ വായനക്കാരനു കൊടുക്കുകയും എന്തൊക്കെയോ അറിവുകള്‍ നേടിയെന്ന് അവനില്‍ തോന്നലുണ്ടാക്കുകയും ചെയ്യുന്നത് മാത്രമാണ് കുവിവര ദാതാക്കളുടെ ലക്ഷ്യം. ഇത്തരം വിവരങ്ങള്‍ കൊണ്ട് ഒന്നോ ഒന്നരയോ കോളം നിറയ്ക്കേണ്ടത് എന്നതിന്റെ പഠനങ്ങളായി റിപ്പോര്‍ട്ടിങ്ങുകള്‍ മാറുന്നു. വാര്‍ത്ത പോലെയുള്ള എന്തിന്റെയൊക്കെയോ മായികക്കാഴ്ചകളോ എടുപ്പുകുതിരകളോ മാത്രമേ ഇന്നു പത്രത്തിലുള്ളൂ എന്നു പറഞ്ഞാലും തെറ്റില്ല.
കുവിവരങ്ങള് എന്നതു പോലെ പത്രങ്ങള്‍ സ്പെഷലൈസ് ചെയ്തിരിക്കുന്ന മറ്റൊരു ലോകമാണ് പുതിയ പദങ്ങളുടെ സൃഷ്ടി. മലയാള മനോരമയാണെങ്കില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ആണ്ടറുതിക്ക് അക്കൊല്ലം പുതുതായി സൃഷ്ടിക്കപ്പെട്ടതും ഏറ്റവും പ്രചാരം നേടിയതുമായ വാക്കുകള്‍ കണ്ടെത്തി അവതരിപ്പിക്കുക പോലും ചെയ്യുന്നുണ്ട്. 2023ലെ വാക്കായി അവര്‍ കണ്ടെത്തിയത് മാപ്രയാണ്! കഴിഞ്ഞ വര്ഷത്തേതാണെങ്കില് തന്തവൈബ്. ചുരുങ്ങിയ പക്ഷം ഒരു ദിവസത്തേക്കെങ്കിലും ആള്‍ക്കാരുടെ സംസാരങ്ങള്‍ക്കു മേല്‍ അധീശത്വം സ്ഥാപിക്കാന്‍ ഈ വാക്കുകകള്‍ അവതരിപ്പിക്കുക എന്ന കുറുക്കു വഴി മാത്രം മതിയാകും. എന്തൊരു കാഞ്ഞ ബുദ്ധി എന്നല്ലാതെ ഇതിനെ മറ്റെന്തു പേരിട്ടു വിളിക്കാനാവും. മാപ്ര എന്നത് മാധ്യമപ്രവര്ത്തകന് എന്നതിന്റെ ചുരുക്കെഴുത്താണെന്നു പറയുമ്പോള്‍ അങ്ങേയറ്റം പരിഹാസ്യമായി മാത്രം വിളിക്കാനുപയോഗിക്കുന്നതാണീ പദമെന്ന പ്രത്യേകത കൂടിയുണ്ടെന്നു മറന്നു കൂടാ. മാധ്യമപ്രവര്‍തകര്‍ പത്രപ്രവര്‍ത്തകരായിരുന്ന പോയൊരു കാലത്ത് ആരും അവരെ പപ്ര എന്നൊന്നും വിളിച്ചിരുന്നില്ലെന്നു കൂടി ഓര്‍ക്കുക.
പുട്ടിനു പീരയിടുന്നതു പോലെയാണ് പുതിയ വാക്കുകള്‍ വരുന്നത്. വാര്‍ത്തകളെ തമസ്കരിക്കുകയും വരിക്കാരെ നിലനിര്‍ത്തുകയും ചെയ്യുക എന്ന കലാപരിപാടിക്ക് അനുപേക്ഷണീയമായ പക്കമേളമെന്നു മാത്രമേ ഇത്തരം വാക്കുകളുടെ സൃഷ്ടിയെ വിളിക്കാനാവൂ. ഇതു മലയാളത്തിന്റെ മാത്രം കാര്യമേയല്ല. ലോകമെമ്പാടും ഇങ്ങനെ തന്നെ. ലോകം ഒരൊറ്റ ഗ്രാമമായി മാത്രമല്ലല്ലോ, ഒരൊറ്റ പ്രസ്ക്ലബ്ബായും മാറിയിരിക്കുന്ന കാലമാണല്ലോ ഇത്. വാക്കുകള്‍ പടച്ചിറക്കുന്ന കലാപരിപാടിക്ക് ലോകം കൊടുത്തിരിക്കുന്ന പേര് സ്യൂഡോ വേര്‍ഡ് നിര്‍മാണമെന്നാണ്. മലയാളത്തില്‍ കപടപദങ്ങളുടെ നിര്‍മാണമെന്നു നമുക്കിതിനെ വിളിക്കുക. ലക്ഷണമൊത്തൊരു കപടപദമാണ് മലയാള മനോരമ കഴിഞ്ഞ വര്‍ഷത്തേതായി കണ്ടെത്തിയ തന്തവൈബ്. മനോരമയിലെ ഏതെങ്കിലും എഴുത്തുതൊഴിലാളിയുടെ ഭാവനാശേഷിക്കപ്പുറം ഈ വാക്കിന് എന്ത് അര്‍ഥമാണുള്ളത്.
മാപ്രയുടെ കാര്യത്തിലാണെങ്കില്‍ അവനവനെ തന്നെ പരിഹാസവിഷയമാക്കിക്കൊണ്ടാണ് പെരുവഴിയിലും വീട്ടകത്തും പൊതുസ്ഥലത്തുമെല്ലാം ഒരു ദിവസത്തേക്ക് ജനതയുടെ സംസാരത്തിനു മേല്‍ അധീശത്വം സ്ഥാപിക്കാന്‍ ഒരു പത്രത്തിനാവുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കഴിഞ്ഞ ദിവസത്തെ മുഴുതാള് വാര്ത്താഭാസത്തിന്റെ ലക്ഷ്യവും ഇതു തന്നെയായിരുന്നു. ഒരു നാടിന്റെ മുഴുവന്‍ സംസാരത്തെ ഒരു ദിവസത്തേക്കെങ്കിലും സ്വാധീനിക്കാനും നിയന്ത്രിക്കാനും ആ പരസ്യദാതാവായ സ്വകാര്യ സര്‍വകലാശാലയ്ക്കു സാധിച്ചുവെന്നോര്ക്കുക. ഈ പരസ്യം വന്ന പത്രങ്ങളുടെ ഓള് എഡിഷന് ഫുള്‍പേജ് പരസ്യ നിരക്കുകള്‍ വച്ചാണെങ്കില്‍ ഏതാണ്ട് രണ്ടു കോടി രൂപ മുതലിറക്കി നടത്തിയൊരു കളി. ആ കളി ഏറ്റുവെന്നതില് സംശയമേ വേണ്ട. നെഗറ്റിവ് പബ്ലിസിറ്റിയാണെങ്കിലും ഉണ്ടാക്കുക വഴി ഒരു ദിവസത്തേക്ക് ഒരു നാടിന്റെ സംസാരത്തില്‍ നിറഞ്ഞു നില്ക്കാന് കോടികളുടെ ബലമുള്ള (കോടികളുടെ മാത്രം ബലമുള്ള) മുതലാളിക്കു കഴിഞ്ഞിരിക്കുന്നു. മാപ്രയെന്ന കപടപദം കെട്ടിയിറക്കുക വഴി പത്രം നേടിയ അതേ പ്രചാരണപരമായ മൂല്യം ഒരു കപട പരസ്യം കൊടുക്കുക വഴി പരസ്യദാതാവായ മുതലാളിയും നേടിയിരിക്കുന്നു.
കപടപദത്തിന്റെ ഏറ്റവും നല്ല പ്രകടരൂപമാണ് കഴിഞ്ഞ ദിവസം ഒന്നാം പുറത്തില്‍ തന്നെ നീര്ത്തിയിട്ടിരുന്നത് എന്നതു മറ്റൊരു കാര്യം. അഡ്വര്‍ട്ടോറിയല്‍ എന്നതാണീ കപട പദം. അഡ്വര്‍ട്ടൈസ്മെന്റ് അഥവാ പരസ്യം എന്നതും എഡിറ്റോറിയല്‍ എന്ന പരമ്പരാഗത പദവും കൂട്ടിച്ചേര്‍ത്ത് സൃഷ്ടിക്കപ്പെട്ട കപട പദമാണ് അഡ്വര്‍ട്ടോറിയല്‍. എന്താണ് ഈ പദത്തിന്റെ അര്‍ഥം. തലതിരിവിന്റെ ഇക്കാലത്ത് എഡിറ്റോറിയല്‍ എന്ന പദത്തിനു പോലും സത്യത്തില്‍ എന്ത് അര്‍ഥമാണുള്ളത്. അല്ലെങ്കില്‍ പത്രം മുഴുവന്‍ അഡ്വര്‍ട്ടോറിയല്‍ അല്ലാതെ മറ്റെന്താണുള്ളത്.
കപടപദത്തിന്റെ സാധ്യതയില്‍ എത്ര ഗഹനമായ പാഠങ്ങളാണ് കഴിഞ്ഞ ദിവസത്തെ മുഴുപ്പേജ് പരസ്യം നല്‍കുന്നത്. വാര്‍ത്താവിനിമയം പത്രപ്രവര്‍ത്തനവും അറിവിന്റെ വിനിമയം വിദ്യാഭ്യാസവുമായിരുന്നൊരു കാലം നമുക്കുണ്ടായിരുന്നു. ഏതു തരം അറിവിന്റെ അല്ലെങ്കില്‍ ഏതു തരം വാര്‍ത്തയുടെ എന്ന ചോദ്യം തല്ക്കാലം അവിടെ നില്ക്കട്ടെ. പത്രത്തില്‍ നടന്നിരുന്നത് വാര്‍ത്തയുടെ വിനിമയവും പള്ളിക്കൂടത്തില്‍ നടന്നിരുന്നത് അറിവിന്റെ വിനിമയവും ആയിരുന്നു. രണ്ടും ഏതൊക്കെയോ പുണ്യങ്ങളുള്ള ദൗത്യമായി കരുതിപ്പോന്നിരുന്നതുമായിരുന്നു. സകല പുണ്യങ്ങളും ഇരു മേഖലകളില്‍ നിന്നും ചോര്‍ന്നു പോയിരിക്കുന്നു എന്നത് ആരും ശ്രദ്ധിക്കാതെ സൂക്ഷിക്കാന്‍ തക്കവിധം വല്യവായിലുള്ള ഗീര്‍വാണങ്ങള്‍ കൊണ്ടാണ് ഇരുവരും അന്തരീക്ഷം നിറയ്ക്കുന്നത്.
നോക്കിക്കോളൂ, (നെഗറ്റീവെങ്കില്‍ നെഗറ്റീവ്) പബ്ലിസിറ്റി നേടാന്‍ വിലയ്ക്കെടുത്ത ഒരു മുഴുത്താളിലെ ഗോഷ്ഠി വാര്‍ത്തകള്‍ കൊണ്ട് ഒരു കോടിപതിക്കു കഴിഞ്ഞെങ്കില്‍ ഇനിയും ഇതേ വഴിയിലൂടെ നടക്കാന്‍ കോടിപതികള്‍ വന്നുകൊണ്ടേയിരിക്കും. ഈ പരസ്യം കൊടുത്തിരിക്കുന്നത് ഒരു സ്വകാര്യ സര്‍വകലാശാലയാണ് എന്നതു മറന്നുകൂടാത്ത മറ്റൊരു കാര്യം. ഏതുവിധേനയും തങ്ങളുടെ ബ്ലേഡ് കോഴ്സുകള്‍ക്ക് വേണ്ടി പിള്ളാരേ പിടിച്ചാല്‍ മാത്രമാണ് പരസ്യത്തിനു മുടക്കിയ കോടികള്‍ മുതലാളിക്ക് ഊരിയെടുക്കാന്‍ സാധിക്കൂ. എക്സ്പോര്‍ട്ട് ക്വാളിറ്റി മക്കള്‍ വളര്‍ന്നു വരണമെന്നാഗ്രഹിക്കുന്ന ഏതു മാതാപിതാക്കളാണ് ഇവരുടെ ഗില്ലറ്റിനില്‍ തല വച്ചു കൊടുക്കാത്തത്. ഇസവും പാര്‍ട്ടിയും വ്യത്യാസമില്ലാതെ നേതാക്കന്മാരുടെ മക്കളൊക്കെ എക്സ്പോര്‍ട്ട് ക്വാളിറ്റിയായി മാറിയത് ഇത്തരം കലാലയങ്ങളിലൂടെയാണെന്ന വാമൊഴി സാക്ഷ്യങ്ങള്‍ ഇവരുടെ വിജയത്തിന് വെഞ്ചാമരം വീശാനുണ്ടാവുകയും ചെയ്യും.
ഏതോ ബാലമാസികയിലെ ജംഗിള്‍ ടൈംസ് എന്ന സാങ്കല്പിക പത്രം പോലെ കേരളത്തിലെ മുന്‍നിര പത്രങ്ങളുടെയെല്ലാം തലക്കെട്ടിനു താഴേ വരുന്ന ഒന്നാം പേജിനെ തന്നെ വെറും കോമഡി പീസാക്കി മാറ്റാന്‍ ഒരു തുക്കടാ യൂണിവേഴ്സിറ്റിക്കു സാധിച്ചിരിക്കുന്നുവെങ്കില് ഈ ഗീര്വാണക്കളി തീരെ മോശവുമല്ലല്ലോ. ആ കളിക്കു വേണ്ടി തലയ്ക്ക് അഥവാ തലക്കെട്ടിനു താഴേക്കു വാര്‍ത്തയുടെ നൂല്‍ബന്ധമില്ലാതെ കിടന്നു കൊടുക്കാനുള്ള ആര്‍ജിത വൈഭവം മാധ്യമങ്ങളും കാണിച്ചിരിക്കുന്നു. ഇനി വരുംകാലങ്ങളിലേക്കുള്ള വിദ്യാഭ്യാസത്തിന്റെയും മാധ്യമപ്രവര്‍ത്തനത്തിന്റെയും സ്വഭാവമെന്ത് എന്നതിന് ഇതിനപ്പുറം ഒരു ദൃഷ്ടാന്തമെന്തിന്.
ഈ പരസ്യം പ്രസിദ്ധീകരിച്ച ഒരു പത്രത്തിനും അശേഷം ചളിപ്പു തോന്നേണ്ട കാര്യവുമില്ല. കാരണം സൂക്ഷിച്ചു നോക്കിയാല്‍ ആ പേജിന്റെ ഏതോ ഒരു ഭാഗത്ത് ചെറിയ അക്ഷരത്തില്‍ മാര്‍ക്കറ്റിങ് ഫീച്ചര്‍ എന്നു കൂടിയുണ്ടായിരുന്നു. അദ്ദാണ് കാര്യം. നിങ്ങളേ പറ്റിച്ചേ എന്നു പറയാന്‍ ഒരു ചെറിയ മുന്‍കരുതല്‍ കൂടി ചേര്‍ത്തിരിക്കുന്നു.
വെറുമൊരു മാര്‍ക്കറ്റിങ് ഫീച്ചര്‍ കുറിയുടെ ഉപായം കൊണ്ടു മുന്‍കൂര്‍ ജാമ്യമെടുത്തു സംരക്ഷിക്കാവുന്നതല്ല പത്രധര്‍മവും മാധ്യമവിശ്വസ്തതയും. നീണ്ടയൊരു പെരുമയുടെ പത്രധര്മയുഗം ഇവിടെ അവസാനിക്കുകയാണ്. നെറിവുള്ള വിദ്യാഭ്യാസത്തിന്റെ ഒരു യൂഗം ഇവിടെ അവസാനിച്ചതു പോലെ തന്നെ. അത് വിദ്യാഭ്യാസത്തിന്റെയോ പത്രപ്രവര്‍ത്തനത്തിന്റെ മാത്രം തകര്‍ച്ചയുമല്ല. പൊതുപ്രവര്‍ത്തനവും മതപ്രവര്‍ത്തനവും തുടങ്ങി സകലമാന പ്രവര്‍ത്തനങ്ങളും ഈ കുളക്കടവില്‍ നഗ്നര്‍ തന്നെയാണ്. മാറിമാറി ഓരോന്നിന്റെയും നഗ്നത ഇനി നമുക്ക് കണ്ടുകൊണ്ടേയിരിക്കാം.
