Blog Post

Swaraj Today > News > വിദ്യാഭ്യാസം > മോദി സർക്കാറിനു കീഴിൽ NTSE വിസ്മൃതമാകുമ്പോൾ

മോദി സർക്കാറിനു കീഴിൽ NTSE വിസ്മൃതമാകുമ്പോൾ

നാഷണൽ ടാലന്റ് സ്കോളർഷിപ്പ് പരീക്ഷ. പ്രതിഭാധനരായ ഇന്ത്യൻ യുവത്വങ്ങളെ കണ്ടെത്തി സംരക്ഷിക്കാനും വളർത്തിയെടുക്കാനും കേന്ദ്രഭരണത്തിൻ കീഴിൽ ആവിഷ്കരിച്ചു നടപ്പിലാക്കിയിരുന്ന സ്കോളർഷിപ്പ് പരീക്ഷ. NTSE എന്ന ചുരുക്കപ്പേരിൽ അത് ആശ്രയമറ്റ അനേകം മിടുക്കന്മാർക്ക് ആശയായി അഭിലാഷമായി അവരെ ഭാവി വാഗ്ദാനങ്ങളാക്കി വളർത്തിയെടുത്തു . 2022 ,2023 വർഷങ്ങളിൽ ഈ പരീക്ഷ നടന്നതായി കാണുന്നില്ല. തുടർ വർഷങ്ങളിലാകട്ടെ പരീക്ഷ വിസ്മൃതിയിലാണ്ടു കിടക്കുകയുമാണ്.
നാഷണൽ ടാലന്റ് പരീക്ഷ എഴുതുക എന്നതും അതിൽ വിജയിക്കുക എന്നതും വിദ്യാർത്ഥികൾക്ക് അവരുടെ ഭാവി ഭാഗധേയങ്ങളെ ഊട്ടി ഉറപ്പിക്കാനുള്ള സുവർണാവസരമാണ് നൽകുന്നത്. ഇന്ത്യയിലെ പ്രധാന സർവ്വകലാശാലകളുടേയും ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടേയും വാതിലുകളാണ് അവർക്കു മുന്നിൽ തുറന്നിടപ്പെട്ടിരുന്നത്. ആദ്യ പരീക്ഷയായ MAT അഥവാ Mental Ability test സ്റ്റേറ്റ് അഥവാ എസ് സി ആർ ടിയുടെ കീഴിലും രണ്ടാമത്തെ എലിജിബിലിറ്റി പരീക്ഷയായ SAT അഥവാ scholastic Ability test കേന്ദ്ര ഏജൻസിയായ എൻസിആർടിയുടെ കീഴിലുമായാണ് നടന്നിരുന്നത്. വിദ്യാർത്ഥികളിൽ നിന്നും മതിയായ ഫീസ് വാങ്ങി നടത്തിയിരുന്ന ഈ പരീക്ഷയ്ക്ക് സ്‌റ്റേറ്റിനും കേന്ദ്ര ഗവൺമെന്റിനും ഒരേപോലെ ഉത്തരവാദിത്തങ്ങളുള്ളതുമാണ്.

മിടുക്കരായ വിദ്യാർത്ഥികളുടെ കഴിവുകളെ കണ്ടെത്തുവാനും വികസിപ്പിക്കുവാനും ഭാവിയെ കരുപിടിപ്പിക്കുന്നതിനും രാജ്യത്തിനു മുതൽക്കൂട്ടുന്നതിനുമുള്ളആഗ്രഹത്തോടെ മുൻ സർക്കാരുകൾ അവധാനതയോടെ ആവിഷ്കരിച്ച ഇത്തരം പദ്ധതികളൊക്കെ പുതിയ ഭരതം കെട്ടിപ്പടുക്കുകയാണ് എന്ന് അവകാശ വാദം ഉന്നയിക്കുന്ന കേന്ദ്ര ഗവൺമെന്റിനു കീഴിൽ എന്തുകൊണ്ടാണിങ്ങനെ വിസ്മൃതിയിലക്കു നീങ്ങിക്കൊണ്ടിരിക്കുന്നത്? നിർദ്ധനരായ വിദ്യാർത്ഥികൾക്കാണല്ലോ സാമ്പത്തിക സഹായം അത്യാവശ്യമായി.i വരുന്നത്. അതുകൊണ്ടാണോ സർക്കാരേ സ്കോളർഷിപ്പുകൾ ഇല്ലാതാക്കുന്നത്? ഇതിങ്ങനെ അനുവദിച്ചു കൊടുക്കാനാണോ ജനങ്ങൾ ആഗ്രഹിക്കുന്നത്?

കുട്ടികൾ വായിച്ചും പഠിച്ചും ഗൗരവബുദ്ധ്യാ അന്വേഷിച്ചും പരീക്ഷിച്ചറിഞ്ഞും കണ്ടെത്തിയും വളരട്ടെ. അതിനു വേണ്ട അന്തരീക്ഷമൊരുക്കലാണല്ലോ മുതിർന്നവരുടെ അഥവാ ഭരണനേതൃത്വങ്ങളുടെ സ്റ്റേറ്റിന്റെ , തദ്വാര കേന്ദ്രത്തിന്റെയും കടമ. ഭാവിപൗരന്മാരെ വാർത്തെടുക്കുക എന്ന മഹനീയ കർത്തവ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നാണല്ലോ ഇതിനു പറയുന്നത്. 2021നു ശേഷം
ഈ കഴിഞ്ഞ വർഷങ്ങളിൽ എൻടി എസിന് എന്താണു സംഭവിച്ചത്? എന്തുകൊണ്ടാണാ പരീക്ഷ നടക്കാതെ പോകുന്നത്?

പിപിസി അഥവാ പരീക്ഷ പെ ചർച്ച എന്ന പ്രധാനമന്ത്രിയുടെ വൺമാൻഷോയാണോ ഇതിനു ബദലായുള്ളത്? അതിന്റെ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നേടിയ കുട്ടികൾ ടാലന്റഡ് ആയിത്തീരുമെന്നുണ്ടോ?അവർക്ക് മുമ്പിൽ NITകളുടേയും IITകളുടേയും വാതിലുകൾ തുറന്നു കിടപ്പുണ്ടോ? 2025 ലെ പി പി സി ക്കായി( പ്രധാനമന്ത്രി നയിക്കുന്ന പൊതുപരീക്ഷ നേരിടുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി നടത്തുന്ന സ്ട്രച്ച് റിലീസ് ആന്റ് മെന്റൽ ഹെൽത്ത് പരിപാടി) 330.48 ലക്ഷം വിദ്യാർത്ഥികൾ, 20.71 ലക്ഷം അധ്യാപകർ, 5.57 ലക്ഷം രക്ഷിതാക്കൾ എന്നിവരാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. പ്രധാനമന്ത്രി എന്ന നിലയിൽ നല്ല റീച്ചും സ്ഥാപനത്തിന് കാശും ലഭിക്കുന്ന പരിപാടി. അതങ്ങനെ നടക്കുകയാണെങ്കിൽ നടക്കട്ടെ, എന്റയർ പൊളിറ്റിക്സിൽ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയുടെ വചനങ്ങൾ കേൾക്കുക എന്നത് നല്ല കാര്യം തന്നെ.
പക്ഷെ രാജ്യത്തിലെ മിടുക്കരായ കുട്ടികൾക്ക് 1977 മുതൽ ലഭ്യമായിക്കൊണ്ടിരുന്ന NTSE, പോലുള്ളവ എന്തിനു നിർത്തലാക്കുന്നു? അതിൽ പ്രധാനമന്ത്രി എന്ന് എഴുതിച്ചേർത്തിട്ടില്ല എന്നതുകൊണ്ടായിരിക്കുമോ? എങ്കിൽ അതും ചേർത്ത് കൊടുക്കാമല്ലോ. അതോ രാജ്യത്തിന് മിടുക്കരായ കുട്ടികളെയല്ല ആവശ്യം പണക്കാരായ കുട്ടികളെയാണ് എന്നതുകൊണ്ടാകുമോ? അതും ഒളിഗാർക്കി നിലനിർത്താൻ കെൽപ്പുള്ള മേൽജാതി സമ്പന്നരുടെ മക്കളെ മാത്രം?

1963 ൽ എൻ ടി എസിനു കാരണമായ സംഭവങ്ങളിലേക്കൊന്നു കണ്ണോടിക്കാം. കേന്ദ്രത്തിന്റെ അനുഗ്രഹാശിസ്സുകളോടെ ഒരു കൂട്ടം ശാസ്ത്രജ്ഞർ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും സയൻസിലും ഗണിതത്തിലും പ്രതിഭകളായ കുറേ കുട്ടികളെ ഹൈസ്കൂൾ തലം മുതൽ കണ്ടെത്തുന്നു.അണ്ടർ ഗ്രാജ്വേറ്റഡ് ആയ അവർക്കു വേണ്ടി സമ്മർ സ്കൂളുകൾ സ്ഥാപിക്കുന്നു.ക്യാമ്പുകൾ നടത്തുന്നു. പരീക്ഷണങ്ങൾ നടത്താൻ പ്രത്യേക ലാബുകൾ സജ്ജീകരിച്ചു കൊടുക്കുന്നു. തുടർ വിദ്യാഭ്യാസത്തിനു വേണ്ട സ്കോളർഷിപ്പുകൾ നല്കുന്നു. പിജി, പിഎച്ച്ഡി എന്നിവ നേടിയെടുക്കുന്നതിനു വേണ്ട ക്രമീകരണങ്ങളും ചെയ്തു കൊടുക്കുന്നു. 62 വരെ ദീർഘകാലം ഉപരാഷ്ട്രപതിയായിരിക്കുകയും രണ്ടാമത്തെ രാഷ്ട്രപതിയിയിത്തീരുകയും ചെയ്ത Dr. എസ് രാധാകൃഷ്ണൻ, ആദ്യത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന അബ്ദുൾ കലാം അസാദ് എന്നിവരുടെ സാന്നിദ്ധ്യവും ശ്രമങ്ങളും ഇതിനു പിന്നിൽ ഉണ്ടെന്നു കൂടി ഓർക്കണം. അത്തരം ദാർശനികരുടെ സാന്നിദ്ധ്യം കൊണ്ടു തന്നെയാണ് രാജ്യം ഔന്നിത്യം പ്രാപിച്ചതും കെട്ടുറപ്പുള്ളതായി നിലനിന്നതും.

NSTSഅഥവാ നാഷണൽ സയൻസ് ടാലന്റ് സെർച്ച് എന്ന ഈ പദ്ധതി 1977 ൽ പരിഷ്കരിക്കപ്പെടുകയും NTSE ആയി രൂപാന്തരപ്പെടുകയുമാണുണ്ടായത്. ഈ NTSE പരീക്ഷയാണ് 2022 ൽ നീട്ടിവയ്ക്കപ്പെട്ടത്. പിന്നീട് 2023 ലും പരീക്ഷവിസ്മൃതിയിലാണ്ടു പോയി. NTSE പരീക്ഷ അനന്തമായി നീട്ടിവയ്ക്കപ്പെട്ടതോ പിന്നീട് വിസ്മൃതമായതോ മാധ്യമങ്ങളിൽ ചർച്ചയായില്ല. ടെലഗ്രാഫിലെ സമീപ കാലറിപ്പോർട്ടിങ്ങിലാണ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിവദ്രയുടെ ഒരു ലേഖനം പ്രത്യക്ഷമായിരിക്കുന്നത്. കഴിവുള്ള വിദ്യാർത്ഥികൾക്ക് ലഭ്യമാകേണ്ട അക്കാദമിക് പിന്തുണയുടെ ഭാവിയെ കുറിച്ച് ആശങ്കകൾ ഉയർത്തിക്കൊണ്ടുള്ളതാണാ റിപ്പോർട്ട് എന്ന കാര്യത്തിൽ ആശ്വസിക്കാം.
NTSE പാസാകുന്ന കുട്ടികൾക്ക് പതിനൊന്ന് പന്ത്രണ്ട് ക്ലാസുകളിൽ മാസം തോറും 1250 രൂപയും ബിരുദ ബിരുദാനന്തര പഠനത്തിന് പ്രതിമാസം 2000 രൂപയുമാണ് നൽകുന്നത്. ഇത് പഠനത്തിന്റെ ഗാരവമനുസരിച്ച് 25000 രൂപവരെ പോകാറുണ്ട് എന്നും കാണുന്നു.37500 രൂപയാണ് 5 വർഷ PHD പഠനത്തിന് ഫെലോഷിപ്പായി നൽകപ്പെടുന്നത്. ദരിദ്രരും പ്രതിഭാധനരുമായ കുട്ടികൾക്ക് ഈ തുകകൾ അവരുടെ പഠനത്തിന് വളരെ ആശ്വാസകരമായിത്തീരാറുമുണ്ട്.

അതിനു പകരം പ്രധാനമന്ത്രിയുടെ വ്യക്തി പ്രഭാവം പ്രദർശിപ്പിക്കുന്ന പരിപാടിയായ പരീക്ഷ പേ ചർച്ചയ്ക്കാണിപ്പോൾ പ്രാധാന്യം. കുട്ടികളുടെ പഠനത്തിനായി ചെലവാക്കേണ്ട ഫണ്ട് പാഴായിപ്പോകുന്നതും അങ്ങനെ തന്നെ. ഓഫ്‌ലൈനായും ഓൺലൈനായും പി പി സി പരിപാടി കാണുന്നവർക്കുള്ള പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകിയതു കൊണ്ടും അതിനായി 62 കോടി രൂപ തുലച്ചതു കൊണ്ടും കുട്ടികൾക്കെന്തു നേട്ടമാണുണ്ടാകുന്നത്?
എൻടി എസ് ഇ പുന:സ്ഥാപിക്കുക തന്നെ വേണം. അത് രാജ്യത്തിന്റെ യശസ്സുയർത്താൻ കെല്പുള്ള കുട്ടികളുടെ അവകാശമാണ്.

Leave a comment

Your email address will not be published. Required fields are marked *