വികസനം എന്നു പറഞ്ഞാൽ ഭരണകർത്താക്കൾക്ക് റോഡുകളാണ്. റവന്യു വരുമാനത്തിൻ്റെ സിംഹഭാഗവും റോഡുകൾ കവർന്നെടുക്കുന്നുണ്ട്. അതുപോലെ വിദ്യാലയങ്ങളിലും കെട്ടിടങ്ങൾ ഏറി വരുന്നു. വേണ്ടത്ര അധ്യാപകരെ നിയമിക്കുന്നതിലല്ല അധികൃതർക്കു താല്പര്യം.ഇതെല്ലാം സാർ എങ്ങനെയാണ് നോക്കിക്കാണുന്നത്?
റോഡുകളും അത്യാവശ്യമാണല്ലോ. ഇന്ന് ഒരാൾക്ക് ഒന്നിലധികം വാഹനങ്ങളുണ്ടാവും. അവയെല്ലാം നിരത്തിലിറങ്ങുമല്ലോ. റവന്യൂ വരുമാനത്തിൻ്റെ സിംഹഭാഗവും റോഡുകൾ കവർന്നെടുക്കുന്നു എന്നത് ശരിയല്ല. ഒരു വാഹനം നിരത്തിലിറങ്ങുന്നത് 15 വർഷത്തേക്കുള്ള റോഡ് ടാക്സ് അടച്ചു കൊണ്ടാണ്. അപ്പോൾ റോഡുകൾക്കുള്ള പണം വാഹന ഉടമകൾ നല്കുന്നുണ്ട്.
ഇന്ന് നടപ്പാതകളില്ല, സൈക്കിൾ പാത്തുകളില്ല. അവർ റോഡ് നികുതി അടക്കാത്തതുകൊണ്ടായിരിക്കാം അതെല്ലാം വേണ്ടെന്നു വെച്ചത്….. നോക്കൂ, നാം കുട്ടികളെ വഴക്കു പറയുന്നു, അവർക്കു നടക്കാനറിയില്ലെന്ന്.
കുട്ടികൾ വഴികളിൽ പല അപകടങ്ങളിലായി കൊല്ലപ്പെടുന്നത് നാം കാണാതെ പോകുന്നു.
കുട്ടികൾക്ക് മൊബൈൽ ഫോണും വാഹനവും മറ്റും വാങ്ങിക്കൊടുക്കുന്നത് മുതിർന്നവർ തന്നെയല്ലേ? ഞങ്ങളുടെ സ്കൂളിൽ PTA യോഗങ്ങളിൽ പങ്കെടുക്കുന്നതിന് അമ്മമാരെ ബൈക്കിൽ കൊണ്ടുവരുന്നത് ഇവിടെയുള്ള ഹയർ സെക്കൻ്ററി വിദ്യാർത്ഥികളായിരുന്നു. സ്കൂളിലേക്ക് ലൈസൻസില്ലാത്തവർ ബൈക്ക് കൊണ്ടു വരരുതെന്നു പറഞ്ഞപ്പോൾ അവർ തൊട്ടടുത്ത വീടുകളിൽ അവ കൊണ്ടു വെക്കും. രക്ഷിതാക്കളും സമൂഹവും കുട്ടികളെ വാഹനമോടിക്കുന്നതിൽ പ്രോത്സാഹിപ്പിക്കുമ്പോൾ അവരെങ്ങനെ അതു വേണ്ടെന്നു വെക്കും?
നമ്മുടെ റോഡുകൾ വഴിയാത്രക്കാരുടേതല്ലാതായി മാറിയില്ലേ. അതുകൊണ്ട് വഴിയിലിറങ്ങിയാൽ വണ്ടിയിടിക്കുന്നത് സ്വാഭാവികമായിത്തീരുന്നു.
വാഹനങ്ങളുടെ ഓവർ സ്പീഡും അശ്രദ്ധവും അലസവുമായ ഡ്രൈവിങ്ങും അപകടങ്ങൾ വിളിച്ചു വരുത്തുന്നുണ്ട്. ഇവയൊക്കെ നിയന്ത്രിക്കാൻ നിലവിൽ നിയമങ്ങളുണ്ട്. എന്നാലവ കൃത്യമായി പരിശോധിക്കാനോ ആവശ്യമായ നടപടികളെടുക്കാനോ ആരും മുതിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം. അഥവാ ആരെങ്കിലും നടപടികളെടുക്കാൻ തുടങ്ങിയാൽ അത്തരക്കാരെ ഒറ്റപ്പെടുത്താനും പിന്തിരിപ്പിക്കാനുമുള്ള ശ്രമങ്ങൾ അധികാരികളുടെ ഭാഗത്തുനിന്നുതന്നെയുണ്ടാവുന്നു. ഇത്തരം കാര്യങ്ങൾ തിരിച്ചറിയാനും നിർഭയരായി പ്രവർത്തിക്കാനുമുള്ള ഒരു പുതുതലമുറക്കേ ഇതിനൊക്കെ പരിഹാരം കാണാനാവൂ.
പൊതുവെ കയറ്റിറക്കങ്ങൾ ഇഷ്ടമല്ലാത്ത ജനതയാണു നമ്മൾ.അതിനാലാണ് JCB നമ്മെ സഹായിക്കാനെത്തുന്നത്. 35 കൊല്ലം മുമ്പ് ഞങ്ങൾ ഒരു പദയാത്ര നടത്തിയിരുന്നു.പശ്ചിമഘട്ട രക്ഷായാത്ര . 100 ദിവസങ്ങൾ കൊണ്ട് കന്യാകുമാരിയിൽ നിന്നു തുടങ്ങി ഗോവയിൽ അവസാനിക്കുന്ന ഒരു വലിയ യാത്ര. അന്ന് കാടെന്നാൽ മരം വെട്ടി വിൽക്കാനുള്ള സാമ്പത്തിക സ്രോതസ്സായിരുന്നു. ഇന്ന് ആ നിലയൊക്കെ മാറി. അതിനു ശേഷമാണ് കൊങ്കൺ റെയിൽവെ വന്നത്. കാടു നശിക്കുമെന്നു പറഞ്ഞ് റെയിൽവേക്കെതിരു നിൽക്കാനാവില്ലല്ലോ. പശ്ചിമഘട്ടം തുരന്നുണ്ടാക്കിയതാണ് ആ റെയിൽവെ പാത .
ഇന്ന് നിയമം മൂലം നിരോധിക്കപ്പെട്ടതാണ് മരം മുറിക്കലും കുന്നിടിക്കലും മറ്റും.
ജനങ്ങൾക്കിടയിൽ അതു ശരിയല്ല എന്ന തോന്നലെങ്കിലുമുണ്ട്. പ്രളയത്തിനു ശേഷം മനുഷ്യർ കൂടുതൽ പരിസ്ഥിതി ബോധമുള്ളവരായി. എന്നാൽ അധികാരികൾ അവരെ പരിസ്ഥിതിക്കനുകൂലമായി ജീവിക്കാൻ അനുവദിക്കില്ലെന്നതാണ് യാഥാർത്ഥ്യം. ഉദാഹരണത്തിന് വീടില്ലാത്തവർക്ക് സർക്കാർ ലൈഫ് പദ്ധതിയിലൂടെ വീടുവെക്കാൻ 4 ലക്ഷം രൂപ നല്കുന്നു. നാലുലക്ഷം കൊണ്ട് ഏതെങ്കിലുമൊരാൾക്ക് അവർ പറയുന്ന വലിപ്പത്തിൽ അവരുടെ നിബന്ധനകൾ പാലിച്ചു കൊണ്ട് വീടുവെക്കാനാവുന്നുണ്ടോ?
മുമ്പ് മണൽവാരൽ കുറ്റകരമായിരുന്നെങ്കിൽ ഇപ്പോൾ മണൽവാരൽ ആവാം എന്ന നില യിലേക്ക് സർക്കാർ മാറാൻ തുടങ്ങുന്നു. ഇതിങ്ങനെ മാറി മറിഞ്ഞു വരും. മണൽ വാരിയില്ലെങ്കിൽ നദിയുടെ ഗതി മാറാനിടയുണ്ടെന്നും വിദഗ്ദ്ധർ പറയുന്നു.
കലവറയുടെ ഈ കെട്ടിടം നോക്കൂ. വട്ടേനാട് സ്കൂളിലെ ഒരു HM ൻ്റെ റിട്ടയർമെൻ്റിന് നാട്ടുകാരുടെ പണം ഉപയോഗിച്ചുണ്ടാക്കിയ സ്റ്റേജായിരുന്നു ഇതിൻ്റെ ഇഷ്ടികകൾ. ഏറ്റവും കുറച്ച് വിഭവങ്ങൾ കൊണ്ട് ഏറ്റവും ഗംഭീരമായൊരു സ്റ്റേജ്, ലാറി ബേക്കറുടെ ലോ കോസ്റ്റ് ടെക്നോളജി ഉപയോഗിച്ച് ഉണ്ടാക്കിയതായിരുന്നു അത്. കണ്ടാൽ നല്ല ഭംഗിയുള്ള, ആർച്ചൊക്കെയായി, ബീമൊക്കെ ഒഴിവാക്കി ഉണ്ടാക്കിയത്. അത് സ്മാർട്ട് സ്കൂളിൻ്റെ ഭാഗമായി പൊളിക്കാൻ തീരുമാനിച്ചു.അന്ന് സ്റ്റേജിനു വേണ്ടി വാദിക്കാൻ ആരുമുണ്ടായിരുന്നില്ല. ഞാനൊക്കെ അന്ന് ആ സ്കൂൾ വിട്ടിരുന്നു.അങ്ങനെ കോൺട്രാക്ടർ സ്റ്റേജ് പൊളിച്ച് വില്പനയ്ക്ക് വച്ചപ്പോൾ ആ ഇഷ്ടികകളെല്ലാം ഇവിടേക്ക് വാങ്ങിക്കൊണ്ടു പോന്നു. പോരാതെ വന്നവയൊക്കെ പരമാവധി ഇരുമ്പിലാണ് ചെയ്തത്.പുനരുപയോഗ സാധ്യതയുള്ള സാധനങ്ങളാണിവയെല്ലാം. പ്രകൃതിക്ക് ഭീഷണിയാകുന്നവ പരമാവധി ഒഴിവാക്കിയിട്ടുണ്ട്. ഇത്തരമൊരു സങ്കല്പം എല്ലാവരുടേയും മനസ്സിലില്ല എന്നുള്ളതാണ് നമ്മുടെ പരാജയം.
ഇവിടെ പത്തു പതിനഞ്ചാളുകൾക്ക് സുഖമായി താമസിക്കാം. കളയാൻ തീരുമാനിച്ച , പ്രകൃതിക്ക് ആവശ്യമില്ലാത്ത സാധനങ്ങൾ വീണ്ടും ഉപയോഗിക്കുന്നു. എന്നാൽ പുതിയ എഞ്ചിനീയറിങ്ങ് ടെക്നോളജി ഇത്തരം ബിൽഡിങ്ങുകൾ അംഗീകരിക്കുന്നില്ല. അവർക്ക് കോൺക്രീറ്റ് തന്നെ വേണം. മണൽ കൂടുതൽ ഉപയോഗിക്കണം.
ഇവിടുത്തെ ടോയ്ലെറ്റ് പിറ്റ് ബയോഗ്യാസായിട്ട് ലിങ്ക് ചെയ്തിട്ടുള്ളതാണ്.അതുകൊണ്ട് ഇന്ധന ലാഭവും സാമ്പത്തിക ലാഭവുമുണ്ട്. ഇങ്ങനെയൊരു ടെക്നോളജിയും വരണം എന്നു തീരുമാനിച്ചുണ്ടാക്കിയതാണ്. എന്നാൽ ഇത്തരം ടോയ്ലറ്റുകൾ സാധാരണ ജനങ്ങൾ അംഗീകരിക്കണമെന്നില്ല. തിരൂർ പ്രകൃതി ഗ്രാമത്തിൽ ഇങ്ങനെയാണ് ചെയ്തിരിക്കുന്നത്. മറ്റു പല കൃസ്ത്യൻ മിഷിനറിമാരും ഹോസ്റ്റലുകളും ഇങ്ങനെ ചെയ്യുന്നുണ്ട്.
സാധാരണ ജനങ്ങൾ പുതിയൊരു കണ്ടെത്തലിനെ അംഗീകരിക്കുന്നില്ല. അഥവാ സർക്കാർ അവർക്കാവശ്യമായ ബോധവൽക്കരണം നല്കുന്നില്ല.
ഭാരതപ്പുഴയിലെ മണലെടുക്കാതെ കാലങ്ങളോളം നിലനില്ക്കുന്ന ധാരാളം നാലുകെട്ടുകളും എട്ടു കെട്ടുകളും പണ്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇന്ന് വിഭവങ്ങളുടെ ചൂഷണം ലാക്കാക്കിയുള്ള വികസനമാണ്. ഭാരതപ്പുഴയിലെ മണലില്ലെങ്കിൽ പാറ പൊട്ടിച്ച പൊടിയായാലും മതിയെന്നാണ് വെപ്പ്. എല്ലാം കോൺക്രീറ്റായിരിക്കണം. ഈ രീതിയിലുള്ള വികസനസങ്കല്പത്തെ അങ്ങനെ തന്നെ നിലനിർത്താനുള്ള പദ്ധതിയുടെ ഭാഗമാണിതെല്ലാം., വിഭവങ്ങളെ ചൂഷണം ചെയ്യണം.
കാർഷിക മേഖലയിൽ നമുക്ക് ട്രാക്റ്റർ തന്നെ വേണം. കൊയ്ത്തു മെഷീൻ വേണം. അവ വരാൻ വലിയ റോഡുകൾ വേണം. നെല്ല് മുഴുവൻ കയറ്റി അയയ്ക്കണം. എല്ലാം കാശാക്കണം. കാശിനായി കാത്തു നില്ക്കണം. കിട്ടാതായാൽ സമരം ചെയ്യണം. നമ്മുടെ പത്തായത്തിൽ നെല്ല് നിറയേണ്ടതില്ല. ഒരു കർഷകനും സ്വന്തമാവശ്യങ്ങൾക്കുള്ളനെല്ല് ശേഖരിച്ചുവെച്ചല്ല സപ്ലെ കോയെയോ സ്വകാര്യ നെല്ലുസംഭരശാലകളെയോ അവ ഏൽപ്പിക്കുന്നത്. എല്ലാം പരാശ്രയത്തിൽ പുലരണം. ഇതാണ് പുരോഗമനം എന്നതാണ് നമ്മുടെ സങ്കല്പം.
അതിൽ നിന്നൊരു മാറ്റമാണ് ഇത്തരം സർഗാത്മക വിദ്യാലയങ്ങൾ കൊണ്ടുദ്ദേശിക്കുന്നത്.
കലവറയിൽ നെല്ലുല്പാദനം മാത്രമായതെന്തുകൊണ്ടാണ്? പച്ചക്കറി കൃഷി ചെയ്യാറില്ലേ?
കലവറയിൽ ഇപ്പോൾ ചെയ്യുന്നത് ഓർഗാനിക് നെല്ലുല്പാദനമാണ്.
മയിൽ,പന്നി, എന്നിവയുടെ ശല്യം വല്ലാതെ കൂടിയിട്ടുള്ളതിനാൽ പച്ചക്കറി കൃഷി അവതാളത്തിലാണ്. പിന്നെ നല്ല വിത്തുകളുടെ അപര്യാപ്തതയും ഒരു കാരണമാണ്. കൃഷിഭവൻ തരുന്ന വിത്തുകൾ രാസക്യഷിക്കു പറ്റിയവ മാത്രമാണ്.പുതിയ വിത്തു നിയമവും പ്രശ്നമാണ്. വിത്ത് കച്ചവടം ചെയ്യാൻ പാടില്ലല്ലോ!
സർക്കാർ തന്ന ശമ്പളം മിച്ചം വച്ചു വാങ്ങിയ കുറച്ചു നിലം മാത്രമേ കലവറയ്ക്കുള്ളൂ. വീട്ടാവശ്യത്തിനുള്ള പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്.
സാറിൻ്റെ സ്വദേശം എവിടെയാണ്? മാതാപിതാക്കളെ കുറിച്ചും സഹോദരങ്ങളെക്കുറിച്ചുമൊക്കെയൊന്നു പറയാമോ?
തൃശൂർ ജില്ലയിലെ അമല ആശുപത്രിക്കടുത്തായിരുന്നു വീട്. സീതാറാം കോട്ടൺ മില്ലിലെ
നെയ്ത്തുകാരനായിരുന്നു അച്ഛൻ.ഒരു മിഡിൽ ക്ലാസ് ഫാമിലി . അമ്മ ഏട്ടൻ്റെ കൂടെയാണ് ഇപ്പോൾ താമസം. 93 വയസ്സായിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ സെക്ഷൻ ഓഫീസറായിരുന്നു ഏട്ടൻ.
റിട്ടയർമെൻ്റിനു ശേഷം ആരോഗ്യ സർവ്വകലാശാലയിൽ പി ആർ ഒ ആയി ജോലി ചെയ്തിരുന്നു. ഇപ്പോൾ അമ്മയെയും പരിചരിച്ച് വീട്ടിൽ ഇരിപ്പാണ്.
എനിക്ക് രണ്ട് അനിയത്തിമാരും കൂടി ഉണ്ട് . വട്ടേനാട് സ്കൂളിൽ ടീച്ചറാണ് ഒരനിയത്തി. അവൾക്കു വേണ്ടി വാങ്ങിയതാണീ സ്ഥലം. മറ്റൊരനിയത്തി ഗവ. കോളേജിലെ ലൈബ്രേറിയനാണ്.
ഭാര്യ ബീനാകുമാരി ടീച്ചറാണ്. കക്കാട്ടിരിയിൽ ഒരുമിച്ച് ജോലി ചെയ്യുമ്പോളാണ് ഞങ്ങൾ ഒന്നിച്ചു കഴിയാൻ തീരുമാനിച്ചത്.ഒരു മകനുണ്ട്. പേര് സാന്ദീപൻ . ദുബായിൽ എഞ്ചിനീയറായിരുന്നു. ഇപ്പോൾ തബലിസ്റ്റായി ജീവിക്കുന്നു.
1986 മുതലാണ് ഞങ്ങൾ ഒന്നിച്ചു ജീവിച്ചു തുടങ്ങിയത്. ബീന അന്ന് പ്രൈമറി ടീച്ചറായിരുന്നു. പിന്നീട് BEd ചെയ്ത് ഹൈസ്കൂളിലേക്ക് പ്രമോഷനായി. കുറെക്കാലം BRC ട്രൈനറായി പ്രവർത്തിച്ചു.
അതിനു ശേഷം 2020ൽ പ്രൈമറി HM ആയി റിട്ടയർ ചെയ്തു.
കലവറ പോലുള്ള ഒരു സ്ഥാപനം തുടങ്ങാൻ തീർച്ചയായും കുടുംബത്തിൻ്റെ പിൻതുണ ആവശ്യമാണ്. അതു ലഭിച്ചതിനാലാണ് ഇങ്ങനെയൊക്കെ ചെയ്യാനായത്.
സ്കൂളിൽ ജോലി ചെയ്തിരുന്നപ്പോൾ ബീന കുട്ടികളെ യുവജനോത്സവങ്ങൾക്ക് ഒരുക്കുന്നതിൻ്റെ ഭാഗമായി പാട്ടും നൃത്തവുമൊക്കെ പഠിപ്പിക്കുമായിരുന്നു. ഇപ്പോൾ ഇവിടെ മുതിർന്നവരുടെ ഒരു തിരുവാതിരക്കളി സംഘത്തിന് നേതൃത്വം നൽകിവരുന്നു.
വർഷങ്ങൾക്കു മുമ്പ് ഇവിടെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നും പുറത്തേയ്ക്ക് ഒഴുക്കിവിട്ടിരുന്ന മലിനജലവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഇടപെട്ട് എനിക്കു സംസാരിക്കേണ്ടി വന്നു. തൃശൂരിൽ കിടക്കുന്ന ഈ മാഷെന്തിനാ ഇവിടത്തെ കാര്യങ്ങളിൽ ഇടപെടുന്നത് എന്ന രീതിയിൽ ആശുപത്രി അധികൃതരിൽ നിന്നും ചോദ്യം വന്നു. അപ്പോൾ സമരം നടത്തിയവരിൽ ചിലർ പറഞ്ഞു, “ആ മാഷ് ഇവിടത്തുകാരൻ തന്നെയാണ്.ഇവിടെ വീടുവച്ചു താമസിക്കുകയാണ്.” അങ്ങനെ ഞാൻ കൂടിയറിയാതെയാണ് ഈ നാട്ടുകാരനായത്. സ്ഥലമുടമ പറഞ്ഞത് “കാശൊക്കെ എങ്ങനേലും ഉണ്ടാകും. ഉണ്ടാകുമ്പോൾ തന്നാൽ മതി. ഈ സ്ഥലം നിങ്ങളുടെ പേരിൽ തന്നിരിക്കുന്നു.” എന്നാണ്.അങ്ങനെ എൻ്റെ പേരിൽ പത്തു സെൻ്റ് സ്ഥലം തന്നു. തന്നപ്പോൾ എനിക്കു തന്നെ വാശിയായി. കടമൊക്കെ വാങ്ങി ആ സ്ഥലം പേരിലാക്കി. പിന്നെ അഞ്ചാറു കൊല്ലം മലിനജലം പുറത്തേക്കൊഴുക്കുന്നതിനെതിരെ സമരം നടത്തി. എല്ലാ രാഷ്ട്രീയക്കാരും ആസ്പത്രിക്കനുകൂലമായിരുന്നു. ആസ്പത്രി സൂപ്രണ്ട് എല്ലാവർക്കും സംഭാവനയായി ബ്ലാങ്ക് ചെക്കുകൾ നല്കാറുണ്ടത്രേ. സമരം ചെയ്യുന്ന ഞങ്ങൾക്കും ഓഫറുകൾ വന്നു. ഞങ്ങളാ ഓഫർ സ്വീകരിക്കാൻ തയ്യാറായിരുന്നു. പക്ഷെ, ഞങ്ങൾക്കുള്ള കുടിവെള്ളം ലഭിക്കാനോ മാറി താമസിക്കാനോ വേണ്ട കാര്യങ്ങൾ ചെയ്തു തരണം. ഒന്നോ രണ്ടോ പേർക്കു മാത്രം പോരാ. ദുരിതമനുഭവിക്കേണ്ടി വരുന്ന എല്ലാവരെയും സഹായിക്കണം.
അതു നടന്നില്ലെങ്കിലും ആശുപത്രിയിൽ വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാന്റാെക്കെയായി.
അങ്ങനെയാണു ഞാൻ കൂറ്റനാട്ടുകാരനാകുന്നത്. പിന്നെ ഞങ്ങൾക്കു രണ്ടു പേർക്കും കിട്ടുന്ന ശമ്പളം കൊണ്ട് ഇങ്ങനെയൊക്കെ ജീവിക്കാൻ തുടങ്ങി.
കലവറ ആകെ എത്ര സെന്റ് സ്ഥലമുണ്ട്? ഇവിടത്തെ കൃഷിരീതികളൊക്കെ പറയാമോ?
റിട്ടയർമെൻ്റിനു ശേഷം വാങ്ങിയതാണിവിടുത്തെ പാടം. ഇത് 75 സെൻ്റ് ഉണ്ട്. പിന്നെ കുറച്ചുള്ളത് പാട്ടത്തിനാണ്.
അത് ഇതിനു മുമ്പുള്ള ഉടമസ്ഥൻ മണ്ണിട്ടു നികത്താൻ ശ്രമിച്ച സ്ഥലമായിരുന്നു. കലവറ നില്ക്കുന്ന ഈ പറമ്പ് 27 സെൻ്റാണ്. ക്യഷിക്കു വേണ്ടി ഒരു പശുവിനെ വളർത്തുന്നു.
ജീവാമൃതമാണ് വളം . വാഴ,കപ്പ എന്നിവ കൃഷി ചെയ്താലും പന്നി വന്നു നശിപ്പിക്കും. നല്ല ഫെൻസിങ് ചെയ്താൽ പന്നി വരില്ല.പക്ഷെ സ്വന്തം സ്ഥലമല്ലാത്തതിനാൽ ഒന്നും ചെയ്യാനാവുന്നില്ല. കുറുനരി ഇല്ലാതായതാണ് പന്നി പെരുകാൻ കാരണം.ഭക്ഷ്യശൃംഖല (echo system) തകർന്നു . മനുഷ്യരുടെ സ്വാർത്ഥത കളാണെല്ലാത്തിനും കാരണം.
കലവറയിൽ നമ്മളുണ്ടാക്കിയ നെല്ല് കിളികൾ തിന്നും. പക്ഷെ രാസ വളമുപയോഗിച്ചുണ്ടാക്കുന്നവ കിളികൾക്കു പോലും വേണ്ട. ആ കാര്യത്തിൽ കർഷകർ സന്തുഷ്ടരാണ്. കാരണം അവർക്കത് വിറ്റുകാശാക്കാനുള്ളതാണല്ലോ.
ഇവിടെ കലവറ തുടങ്ങിയതു മുതൽ ഞാനിവിടെത്തന്നെയാണ്.
നാടകത്തിൻ്റെ കൂടെ യാത്ര ചെയ്യാൻ പോലുമാകുന്നില്ല. നാടകട്രൂപ്പിലുള്ളവർ തനിയെയാണ് പോകുന്നത്. കാര്യസ്ഥനായി ഒരാളുണ്ടെങ്കിലും അയാൾ എന്നും വരില്ല. അയാളുടെ ചിന്തയിൽ ഈ കൃഷിയും കാര്യങ്ങളുമൊക്കെ ലാഭകരമല്ല. അതുകൊണ്ട് വെറുതെ മാഷ്ടെ കയ്യിൽ നിന്നും കാശു വാങ്ങാനായിട്ട് താനെന്തിനു വരണം എന്ന മനോഭാവമാണ്. അതു കൊണ്ട് ഇവിടത്തെ കാര്യങ്ങൾ നടക്കണമെങ്കിൽ ഞാനിവിടെ വേണ്ടി വരുന്നു.
കലവറയിൽ നീന്തൽ പരിശീലനം കൊണ്ടുവരാൻ എന്തായിരുന്നു പ്രേരണ?
ഞാൻ ഹയർ സെക്കൻ്ററി നാഷണൽ സർവ്വീസ് സ്കീമിൻ്റെ പാലക്കാട് ജില്ലാ
കൺവീനറായിരുന്നു. NSSൻ്റെ ക്യാമ്പുകളൊക്കെ ചെയ്യുമ്പോൾ കുട്ടികൾക്ക് എങ്ങനെ ക്യാമ്പ് ചെയ്യണം എന്നു പഠിപ്പിക്കാൻ ജില്ലാ തലത്തിലൊരു പ്രീക്യാമ്പ് ഓറിയൻ്റേഷൻ നടത്താറുണ്ട്. വടക്കഞ്ചേരിയിലെ ഒരു യു പി സ്കൂളിൽ മൂന്നു ദിവസം നീണ്ടു നില്ക്കുന്ന പരിശീലന പരിപാടിയാണ് അന്ന് നടന്നത്. ആ ക്യാമ്പിൽ പല സ്കൂളിൽ നിന്നുമുള്ള നൂറ്റമ്പതോളം പ്ലസ് ടു
കുട്ടികളാണ് പങ്കെടുത്തത്.ചെറിയ സ്കൂളാണ്. അവിടെ സ്ഥലപരിമിതിയുണ്ട്. ഗ്രൗണ്ട്, സ്കൂൾ കെട്ടിടത്തിനു മുകളിൽ ആണ്.
ക്രിസ്ത്യൻ മാനേജ്മെൻ്റിലുള്ള ഒരു സ്കൂൾ ആണ്. ഇത് ലാഭത്തിനു വേണ്ടിയൊന്നുമല്ല,സ്കൂൾ മാനേജ്മെൻ്റിന് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമെന്ന് ബോധ്യപ്പെടാൻ വേണ്ടി ചെയ്തതാണ് എന്നാണ് മാനേജർ പറഞ്ഞത്. സ്കൂൾ കെട്ടിടത്തിൻ്റെ മൂന്നാമത്തെ നിലയിൽ ഗ്രില്ലിട്ട് മണലൊക്കെ നിറച്ച് പന്തുകളിക്കാൻ സ്ഥലമുണ്ടാക്കിയിരിക്കുന്നു. താഴത്ത് ഒരു ക്ലാസ് മുറി നീന്തൽകുളമാണ്.ഈ നീന്തൽകുളത്തിൽ ഒരു നീന്തൽ ഇൻസ്ട്രക്ടറെ അദ്ദേഹം നിയമിച്ചിരിക്കുന്നു. സർക്കാർ വച്ചതല്ല എന്നോർക്കണം.
അവരൊരു നാഷണൽ താരമാണ്. വളരെയധികം പരിശീലനം സിദ്ധിച്ച ഒരു വനിതയാണ്.
ആ സ്കൂളിൽ അന്ന്
700 കുട്ടികളാണുണ്ടായിരുന്നത്. ഈ
700 കുട്ടികളും നീന്താൻ പഠിക്കുന്നു. കാലത്ത് 7 മണി മുതൽ 9 മണി വരെ, വൈകീട്ട് 4 മണി മുതൽ 6 മണി വരെ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നു. പിന്നെ കുട്ടികൾക്ക്
ഒഴിവുള്ള സമയത്തും നീന്തൽ പരിശീലനം നടത്താം. ഇവർക്ക് ധരിക്കാനാവശ്യമായ നീന്തൽ വസ്ത്രങ്ങളും ഇവിടെ ഒരുക്കി വച്ചിരിക്കുന്നു.
ഇതെല്ലാം കണ്ടിട്ട് എനിക്കാകെ അതിശയമായി. ഞാനീ ടീച്ചറെ കണ്ട് ചോദിച്ചു, ഞങ്ങളുടെ ക്യാമ്പിലിപ്പോൾ150 കുട്ടികളുണ്ട്. ഇവരെ
നീന്താൻ പഠിപ്പിക്കാൻ എത്ര ദിവസം വേണം?”
ഞങ്ങൾക്കാകെ 3 ദിവസമല്ലേ ഉള്ളൂ.
“മൂന്ന് ദിവസം ” ടീച്ചർ പറഞ്ഞു . എനിക്കത് വിശ്വാസമായില്ല. “അങ്ങനെയാണെങ്കിൽ ഞാനെൻ്റെ
ക്യാമ്പ് ടീച്ചർക്കായി മാറ്റി വയ്ക്കാം. ബാക്കി കുട്ടികൾക്കാവശ്യമായ ഓറിയൻ്റേഷൻ വേറെ ക്യാമ്പു നടത്തി തീർക്കാം.” പക്ഷെ ടീച്ചർ പറഞ്ഞതിങ്ങനെയാണ്. “അതിൻ്റെയൊന്നും ആവശ്യമില്ല. മാഷ് ക്യാമ്പൊന്നും മാറ്റിവയ്ക്കണ്ട . അതതിൻ്റെ മുറപോലെ നടക്കട്ടെ.
ഞാൻ പത്തുപേരെ വീതം വിളിക്കും. അപ്പോൾ അവരെ ഇങ്ങോട്ടു തരണം. ക്ലാസിലെന്താണു നടന്നത് എന്നെല്ലാം അവർ മറ്റു കുട്ടികളോടു ചോദിച്ചു മനസ്സിലാക്കിക്കോളും.”ടീച്ചർ പറഞ്ഞ പോലെ മൂന്നു ദിവസം കൊണ്ട് 150 കുട്ടികളേയും നീന്തൽ പഠിപ്പിച്ചു.
അതെന്നെ അത്ഭുതപ്പെടുത്തി.
കലവറ രൂപപ്പെടുമ്പോൾ ഈ തറയിൽ മണ്ണു നിറയ്ക്കാൻ മണ്ണെടുത്തുണ്ടായ കുഴിയാണ് ആ കാണുന്ന നീന്തൽകുളം.മണ്ണ് എവിടുന്നെങ്കിലും കൊണ്ടുവരാൻ എനിക്കു താല്പര്യമില്ലായിരുന്നു. മറ്റേതെങ്കിലും കുന്നിടിച്ച മണ്ണല്ലേ കൊണ്ടുവരിക.ഞാനന്ന് ഈ ടീച്ചറെ വിളിച്ച് കാര്യം പറഞ്ഞു, ഇത്രയും വീതിയും നീളവും മാത്രമേ കുളത്തിനു കിട്ടിയിട്ടുള്ളൂ. ഇനിയും വലുതാക്കാൻ ഞങ്ങൾക്ക് സ്ഥലവുമില്ല, കുളത്തിൽ നിറയ്ക്കാനുള്ള വെള്ളവും വേണമല്ലോ. കെമിക്കലൊന്നും കലക്കാത്ത കുളമായിരിക്കയും വേണം. ഇതിൽ നീന്താൻ പഠിപ്പിക്കാനാവുമോ എന്നു ചോദിച്ചു. ടീച്ചർ പറഞ്ഞു “ഞാൻ വന്നു നോക്കാം.” അങ്ങനെ ഒരു ദിവസം ടീച്ചർ ഇവിടെ വന്നു. കണ്ടപ്പോൾ അവരും സമ്മതിച്ചു. “ഇതൊക്കെ മതി, നീന്തലൊക്കെ പഠിപ്പിക്കാം.പക്ഷെ എനിക്കിവിടെ ദിവസേന വന്ന് പഠിപ്പിക്കാൻ കഴിയില്ല. നിങ്ങളൊരു കാര്യം ചെയ്യൂ. നീന്താൻ പഠിപ്പിക്കാൻ തയ്യാറായിട്ടുള്ള കുറച്ചു സ്ത്രീകളെ എൻ്റെ അടുത്തേക്കു വിടൂ. ഞാനവർക്കു പരിശീലനം കൊടുക്കാം. അവർ ഇവിടെ നീന്താൻ പഠിപ്പിക്കും.” അങ്ങനെ ആ ടീച്ചറുടെ ധൈര്യത്തിലാണ് നീന്തൽകുളം പ്രാവർത്തികമാക്കിയത്. ..
ഇവിടെ
എൽ പി സ്കൂളിലെ എം പിടിഎ യിലെ 10 പേരെ വടക്കഞ്ചേരി ടീച്ചറുടെ അടുത്തേയ്ക്ക് പരിശീലനത്തിനയച്ചു. ടീച്ചറൊരു 2 മണിക്കൂർ നേരം അവർക്ക് നീന്തലിൻ്റെ പാഠങ്ങൾ പറഞ്ഞു കൊടുത്തു. കാലത്ത് പോയി ഉച്ചവരെ അവരവിടെ പരിശീലനം നടത്തി.
ഭക്ഷണം കഴിഞ്ഞ് തിരികെ പോരികയും ചെയ്തു. ആ അമ്മമാരാണ് ഇവിടത്തെ ആദ്യ പരിശീലകർ.
പിന്നെ ടീച്ചർ പഠിപ്പിക്കുന്നത് ഞാനും കണ്ടിട്ടുണ്ട്. ഒരു ദിവസം അവർ ഇവിടേയും വന്നു. അന്ന് ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠിപ്പിക്കേണ്ടതെങ്ങനെ എന്നുള്ളതിന് ഞങ്ങൾക്ക് പരിശീലനം തന്നു. ഈ കാണിച്ചു തന്നതിൻ്റെ അടിസ്ഥാനത്തിലാണിപ്പോൾ പരിശീലനം നടക്കുന്നത്. ഇപ്പോൾ 6 മാസമായിട്ട് പരിശീലകരില്ല. ഞാൻ കരയിൽ നിന്ന് നിർദ്ദേശം നൽകും.
കുട്ടികൾ നീന്തും.ഏകദേശം ഒരു 650 പേര് ഇവിടെ നിന്നും നീന്തൽ പഠിച്ചു കഴിഞ്ഞു.
പക്ഷെ ഇപ്പോഴുള്ള പ്രശ്നമെന്താണെന്നു വച്ചാൽ ഒരു കുട്ടിക്കു വേണ്ടിയൊക്കെ കുളം നിറയ്ക്കേണ്ടി വരുന്നു.
കഴുത്തിനൊപ്പം വെള്ളം നിറയ്ക്കണം .
ആദ്യം ഇത് ക്ലീൻ ചെയ്യണം.
5 മണിക്കൂർ വെള്ളം നിറയ്ക്കാൻ വേണം.
വീണ്ടും 5 മണിക്കൂർ
വെള്ളം കളയാൻ മോട്ടോർ പ്രവർത്തിപ്പിക്കണം. വെള്ളം നനയ്ക്കാനാണ് ഉപയോഗിക്കുക.വീണ്ടും ക്ലീൻ ചെയ്താലാണ് വീണ്ടും വെള്ളം നിറയ്ക്കാനാവുക.
” കലവറയിൽ സൈക്ലിങ്ങ് എന്താണ് ഇല്ലാത്തത്?”
സൈക്ലിങ്ങ് ഉണ്ട്. രണ്ട് സൈക്കിളുകൾ അതിനായി വാങ്ങുകയും ചെയ്തു. പക്ഷെ ഇവിടത്തെ റോഡുകൾ ഇറക്കവും കയറ്റവുമായാണ് കിടക്കുന്നത്. റോഡുകൾ നിറയെ കുണ്ടും കുഴിയും. ഇവിടത്തെ സൈക്കിളുകൾ രണ്ടു പേരുടെ കയ്യിലായി ഉപയോഗത്തിലുണ്ട്.
കലവറ എന്തിനുമുള്ളൊരു ഇടമാണ്. എല്ലാ തരക്കാർക്കും പoനത്തിനും പ്രവർത്തനത്തിനു മുള്ളൊരു ഇടം. മുൻതലമുറകൾക്ക് ഇതിനൊന്നും അവസരം ലഭിച്ചിട്ടില്ല. സൈക്ലിങ്ങ് കാലുകളുടേയും ഹൃദയപേശികളുടേയും ആരോഗ്യത്തിനു നല്ലതാണ്.
കലവറയിൽ വേറെ എന്തെല്ലാമാണ് പഠിപ്പിക്കുന്നത്?
പാട്ട് ,ഡാൻസ്, ചിത്രരചന, കരാട്ടേ .
കരാട്ടേയേക്കാൾ എനിക്ക് താല്പര്യം കളരിയാണ്. എന്നാൽ രക്ഷിതാക്കൾക്ക് കരാട്ടെയോടാണ് താല്പര്യം.
നാടക ക്യാമ്പുണ്ടെന്നു പറഞ്ഞാൽ പത്ത് മുപ്പത് കുട്ടികൾ വരും.
അതിൻ്റെയൊരു ക്വാളിറ്റി അവർക്കു ബോധ്യപ്പെട്ടിട്ടുണ്ട്.
സൈക്കിൾ ക്ലബ്ബ് വേണമെന്നുണ്ട്.
അതു പോലെയുള്ളതൊക്കെ ഏറ്റെടുക്കാൻ കലവറ തയ്യാറാണ്.പ്രശ്നമെന്താണെന്നു വച്ചാൽ കുട്ടികൾ പതിവായി വരുന്നില്ല. അതൊന്നും കുട്ടികളുടെ പ്രശ്നമല്ല. രക്ഷിതാക്കൾ അവരെ മറ്റു കാര്യങ്ങൾക്ക് വേണ്ടി ഏർപ്പാടാക്കുന്നതാണ്.
(തുടരും )
