Blog Post

Swaraj Today > News > വിദ്യാഭ്യാസം > കലവറയും ഗോപാലൻ മാഷും കുറേ നാടകക്കുട്ടികളും 2️⃣

കലവറയും ഗോപാലൻ മാഷും കുറേ നാടകക്കുട്ടികളും 2️⃣

പ്രൈമറി തലം മുതൽ മറ്റു വിഷയങ്ങളിൽ നിന്നും വിഭിന്നമായി മലയാളവും ചരിത്രവും തഴയപ്പെടുന്നതായി തോന്നിയിട്ടില്ലേ?

ഞാൻ യു പി സ്കൂളിലാണ് അധ്യാപനം തുടങ്ങിയത്.
ചരിത്രവും ഭാഷയും മാത്രമല്ല, ഗണിതവും മറ്റെല്ലാ വിഷയങ്ങളും വേണ്ട രീതിയിലല്ല കുട്ടികൾ പഠിക്കുന്നത്. ആഗോളീകരണത്തിൻ്റെ സ്വാധീനം വിദ്യാഭ്യാസത്തിൽ നന്നായുണ്ട്.ഇംഗ്ലീഷ് സംസാരിക്കുന്നത് മഹത്തായ കാര്യമെന്ന് പലർക്കും ഒരു തോന്നലുമുണ്ട് .

ഇവിടെ തന്നെ നാടകം പറഞ്ഞു കൊടുക്കുമ്പോൾ കുട്ടികൾ ഡയലോഗുകൾ എഴുതിയെടുക്കുന്നത് മംഗ്ലീഷിലാണ്.
.മലയാളം പറയുമെങ്കിലും പദങ്ങളെഴുതിയെടുക്കാൻ കുട്ടിക്കു വശമില്ല.
കേരളത്തിൻ്റെ സ്വാശ്രയ ശീലത്തെ ഇല്ലാതാക്കണമെങ്കിൽ ഇവിടുത്തെ ഭാഷ ഇല്ലാതാകണം.

ഇംഗ്ലീഷ് മീഡിയത്തിൽ ‘ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളോട് നിങ്ങളെന്തിനാണിങ്ങനെ ഇംഗ്ലീഷിനു വേണ്ടി ശാഠ്യം പിടിക്കുന്നത് എന്നു ചോദിച്ചാൽ പലതുകൊണ്ടും ഇംഗ്ലീഷ് അവർക്ക് ആവശ്യമായി വരും എന്നാണു പറയുക.എന്നാൽ യഥാർത്ഥത്തിൽ ഇംഗ്ലീഷും ശരിയായി കുട്ടികൾക്കു കൈകാര്യം ചെയ്യാനറിയുന്നില്ല.

അതുപോലെ മനുഷ്യനാവശ്യമുള്ള ഗണിതമല്ല സ്കൂളുകളിൽ പഠിപ്പിക്കുന്നത്. ഗണിതം ഒരു ഭാഷയാണ്. പഠിച്ച സാധനങ്ങൾ പറയുക എന്നതല്ലാതെ അധ്യാപകർക്കും ഗണിതത്തെ വേണ്ട വിധത്തിൽ കുട്ടികളിലേയ്ക്കെത്തിക്കാനാവുന്നില്ല. എഞ്ചിനീയറിങ്ങിനാവശ്യമായ വിധത്തിൽ ഗണിത തത്വങ്ങൾ മന:പ്പാഠമാക്കുക മാത്രമാണ് വിദ്യാലയങ്ങളിൽ നിന്നുണ്ടാകുന്നത്.

രക്ഷിതാക്കൾ മിടുക്കരായ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കുന്നു. സ്വന്തം മക്കൾക്ക് ഇങ്ങനെ രണ്ടു തരം വിദ്യാഭ്യാസം നൽകിയ ചില രക്ഷിതാക്കളെ എനിക്കറിയാം. കൗതുകകരമായ കാര്യം മിടുക്കനല്ല എന്നു കരുതി പൊതു വിദ്യാലയത്തിൽ വിട്ടു പഠിപ്പിച്ച കുട്ടി ഉദ്യോഗമൊക്കെ നേടി നല്ല നിലയിൽ ജീവിക്കുമ്പോൾ ഇംഗ്ലീഷ് മീഡിയത്തിൽ നിന്നും പഠിച്ചിറങ്ങിയവൻ എവിടെയുമെത്താതെ നടക്കുന്നു എന്നുള്ളതാണ്. വിദ്യാഭ്യാസം ഉദ്യോഗം നേടാനുള്ള മാനദണ്ഡമല്ല .ഒരു സാമൂഹ്യ ജീവിയായി പരുവപ്പെടാനാവശ്യമായ ചില ശീലങ്ങളും മനോഭാവങ്ങളും മനുഷ്യൻ സ്വായത്തമാക്കേണ്ടതുണ്ട് . ഇവിടെയാണ് കലവറ പ്രസക്തമാകുന്നത്.

കലവറ ഒരു ആൾട്ടർ സ്കൂൾ അഥവാ സർഗാത്മക വിദ്യാലയമാണ്. പരീക്ഷ അടിസ്ഥാനമാക്കിയുള്ള വിദ്യാലയമല്ല. മനുഷ്യനിലുള്ള ക്വാളിറ്റിയെ വളർത്തിയെടുക്കാൻ പാകത്തിലുള്ള അവസരങ്ങളുണ്ടാക്കുകയാണ് കലവറ ചെയ്യുന്നത്.

ഇവിടെ നാടകം പഠിക്കാൻ വരുന്നൊരു കുട്ടി അതു മാത്രമല്ല പഠിക്കുന്നത്. അവർക്ക് ഇഷ്ടമുള്ള തരത്തിൽ ഞങ്ങളവരോടു സംവദിച്ചുകൊണ്ടിരിക്കും. ചിലപ്പോൾ അവർ നീന്തൽ പഠിക്കും. ചിലപ്പോൾ കൃഷി. ഞാറു നടുന്ന സമയമാണെങ്കിൽ ഞാറ് കൊണ്ടുവന്നു തരാൻ പഠിക്കും.ഇപ്പോൾ ഇവിടെയുള്ള പല ചിത്രങ്ങളും കുട്ടികൾ വരച്ചതാണ്. ഞങ്ങളവരോടു പറയും
ബ്രഷും സാധനങ്ങളും തരാം ഇവിടെ ചുവരിൽ വരയ്ക്കൂ…
അവർ വിസമ്മതിക്കും. “ഞാൻ കടലാസിൽ വരയ്ക്കാം ” എന്നാണവർ പറയുക. അവരുടെ ആത്മവിശ്വാസത്തെ വളർത്തി കഴിവുകളെ കണ്ടെത്തി വികസിപ്പിക്കുകയാണ് ഇവിടെ ഞങ്ങൾ ചെയ്യുന്നത്.

ഇവിടെയുണ്ടായിരുന്ന ഒരു കുട്ടി ഇപ്പോൾ ടോപ്പ്സിങ്ങറിൽ സെമി ഫൈനലിലെത്തി എന്നു പറഞ്ഞു വിളിച്ചിരുന്നു. കലവറയിൽ വരുമ്പോഴവൾക്ക് മറ്റുള്ളവരുടെ മുഖത്തു നോക്കി സംസാരിക്കാൻ പോലും കഴിയുമായിരുന്നില്ല. ആരെങ്കിലും അവളെ നോക്കിയാൽ അച്ഛൻ്റെ പിന്നിൽ മറഞ്ഞു നിൽക്കുമായിരുന്നു.
ടോപ്പ് സിങ്ങറിൽ അവളിപ്പോൾ വളരെ തന്മയത്വത്തോടെ പെരുമാറുന്നു.
അവരവരുടെ കഴിവുകളെ കണ്ടെത്തുകയാണ് കുട്ടികൾ.
അതിനുള്ളൊരവസരം ഉണ്ടാക്കിക്കൊടുക്കുകയാണിവിടെ ചെയ്യുന്നത്.

കുട്ടികളുടെ വ്യക്തിത്വ വികാസത്തെ ലക്ഷ്യമാക്കിക്കൊണ്ടുള്ള പഠനമല്ല സ്കൂളുകളിൽ നടക്കുന്നത്.
സ്വയം മാറിമറിയുന്ന കുട്ടികളാണാവശ്യം –
നീന്താൻ പഠിക്കുന്ന കുട്ടികൾക്ക് കൃത്യമായ ഒരു ചട്ടക്കൂടിനകത്തുനിന്നു കൊണ്ടല്ല നീന്തൽ പഠിക്കേണ്ടത്. സ്വയം പഠനമാണ് വേണ്ടത്.
കുട്ടികൾക്കു മെച്ചപ്പെടാനുള്ള അവസരം ഒരുക്കിക്കൊടുക്കുക.
അവരുടെ ചിന്തകളിൽ മാറ്റം വരുന്നതും ഇങ്ങനെയാണ്.
കുട്ടികളിലുള്ള വ്യക്തിത്വത്തെ രൂപപ്പെടുത്തുക എന്നത് തികച്ചും സ്വാഭാവികമായി നടക്കേണ്ടതാണ്.

കലവറയിൽ കരാട്ടേ ക്ലാസ്സിലായാലും ഡ്രോയിംഗ് ക്ലാസ്സിലായാലും കുട്ടികളിലെ
വ്യക്തിത്വവികാസത്തിനാണ് ഊന്നൽ നൽകുന്നത്. തന്നത്താൻ ചെയ്യുമ്പോഴാണ് അതൊരു പഠനമാകുന്നത്. അത് നിർഭയമായി ചെയ്യുക.കുട്ടികൾക്ക് കളിക്കാനിവിടെ ധാരാളം അവസരങ്ങൾ നൽകുന്നു – അരുതുകളില്ല. അപകടമുണ്ടാകാതെ സംരക്ഷിക്കുക. അത്ര മാത്രം.

കുട്ടികൾ നാടകം കളിക്കുമ്പോൾ, അവരുടെ ചിന്തകളിൽ മാറ്റം വരുന്നു. അങ്ങനെ രൂപപ്പെടാനുള്ള അവസരമാണ് കലവറ ഒരുക്കിക്കൊടുക്കുന്നതും. രക്ഷിതാക്കൾക്ക് ഇത് നല്ലതാണെന്ന് അറിയാം. പക്ഷെ ഡോക്ടറോ എഞ്ചിനീയറോ ആകാൻ വേണ്ടി പഠിപ്പിക്കുന്നവർക്ക് ഇങ്ങനെ മുന്നോട്ടു പോകാൻ താല്പര്യം പ്രകടിപ്പിക്കാനാവില്ല.

പ്രകൃതി ഭക്ഷണത്തോടും ഇങ്ങനെ തന്നെ. നല്ല വെളിച്ചെണ്ണയുള്ള ഇടം പറഞ്ഞു കൊടുത്താലും അവർ പാരഫിൻ അടങ്ങിയ വില കുറഞ്ഞ വെളിച്ചെണ്ണ വാങ്ങുന്നു. നല്ല വസ്ത്രം ഉടുക്കുകയും നല്ല വീട്ടിൽ താമസിക്കുകയും ചെയ്തുകൊണ്ട് ആരോഗ്യത്തിനു ഹാനികരമായ ഭക്ഷണം കഴിക്കുകയാണ് മനുഷ്യർ. അതവരുടെ ശീലം കൂടിയാണ്.
മരുന്നുകളെന്നു പറഞ്ഞ് കഴിക്കുന്ന കെമിക്കലുകളും അങ്ങനെ തന്നെ.

അധ്യാപകർക്ക് ലഭിക്കുന്ന ഇൻസർവീസ് കോഴ്സുകളെ കുറിച്ച് എന്താണഭിപ്രായം?

വിദ്യാഭ്യാസം ഔപചാരികമാകുമ്പോഴുള്ള ബുദ്ധിമുട്ടാണ് അധ്യാപകർ അനുഭവിക്കുന്നത്. സിലബസ്, പരീക്ഷ എന്നിവ അധ്യാപകരുടെയും കുട്ടികളുടേയും സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നു.
അവരെ സംബന്ധിച്ച് സർക്കാറൊരു സിലബസ് തന്നിട്ടുണ്ട്. സമയബന്ധിതമായി സിലബസ് പഠിപ്പിച്ചു തീർക്കുക എന്നുള്ളതാണ് തങ്ങളുടെ കർത്തവ്യം.
ഇവരെയെല്ലാം മാറ്റിയെടുക്കാനാവില്ല. വല്ലപ്പോഴും ലഭിക്കുന്ന ഇൻസർവ്വീസ് കോഴ്സുകൾ ഒന്നിനും പര്യാപ്തവുമല്ല. കോഴ്സുകളിൽ എല്ലാ തിയറികളും പറഞ്ഞു മനസ്സിലാക്കാൻ പരിശീലകനു കഴിയും.എന്നാൽ അതിൽ നിന്നുള്ള ഊർജം വേഗത്തിൽ നഷ്ടപ്പെട്ടു പോകുന്നതായാണ് കണ്ടിട്ടുള്ളത്. പഴയ വിദ്യാഭ്യാസരീതിയിലേക്കു തിരിച്ചു പോവുകയാണവർ ചെയ്യുന്നത്.

കുട്ടികളെ സംബന്ധിച്ച് ഒരു കാര്യം വ്യക്തമായി മനസ്സിലാകണമെങ്കിൽ പ്രാദേശിക പാഠങ്ങൾ ( local text) അനിവാര്യമാണ്. എന്നാൽ പ്രാദേശികമായ ഒരു കാര്യം കൃത്യമായും കേന്ദ്രീകൃതമായും പരിശോധിക്കപ്പെടുവാൻ കഴിയില്ല. അപ്പോൾ അത് സംസ്കരിച്ച ഒരു സാധനമാക്കണം. ഗ്രാമ്യഭാഷയിൽ രേഖപ്പെടുത്തിയ ഒരു കാര്യം തിരുവനന്തപുരത്തിരുന്ന് മൂല്യനിർണയം ചെയ്യണമെങ്കിൽ അതിലെ ഗ്രാമ്യപദങ്ങളെ മാറ്റേണ്ടതുണ്ട്. അങ്ങനെ വരുമ്പോഴാണ് ടെക്സ്റ്റ് ബുക്കിൻ്റെ ആവശ്യം വരുന്നത്. യഥാർത്ഥത്തിൽ ആർജിതശേഷിയാണ്, -ആശയങ്ങളാണ് മൂല്യനിർണയം ചെയ്യേണ്ടത്.

ഞാനൊരിക്കൽ യുപി ക്ലാസിൽ ഒരു പാഠം മാറ്റിയെഴുതി പഠിപ്പിച്ചു. യഥാർത്ഥത്തിൽ ആ പാഠത്തിൽ നിന്നും പഠിക്കേണ്ടത് കുറേ അക്ഷരങ്ങളാണ്. അതെല്ലാം വളരെ സമർത്ഥമായിത്തന്നെ പഠിപ്പിക്കുകയുമുണ്ടായി.പക്ഷെ അധ്യാപകനായ ഒരു രക്ഷിതാവു തന്നെ പ്രശ്നമുണ്ടാക്കി. കുട്ടിയുടെ ടി സി ആവശ്യപ്പെട്ടു.
“ആദ്യപാഠത്തിലെ വാക്കുകൾ തന്നെ പഠിപ്പിച്ചിട്ടില്ല .പിന്നെ എന്തിനാണിവിടെ വന്ന് സമയം കളയുന്നത് ” എന്നാണദ്ദേഹം ചോദിച്ചത്.
ഈ അനുഭവത്തിനു ശേഷം എൻ്റെ തന്ത്രങ്ങളിൽ ഞാൻ ചില മാറ്റങ്ങൾ വരുത്തി.പാഠങ്ങൾ പഠിപ്പിച്ചു പോവുകയും എന്താണോ കുട്ടികൾക്ക് അറിയാനുള്ളത് അത് സമയമെടുത്ത് പഠിപ്പിക്കുകയും ചെയ്തു. അങ്ങനെ സിലബസ് തീർക്കുകയും കുട്ടികൾക്ക് ചില ബോധ്യങ്ങളുണ്ടാകാൻ വേണ്ടി അതിനനുസരിച്ച പാഠങ്ങൾ സമയമെടുത്ത് പഠിപ്പിക്കുകയും ചെയ്തു.വിദ്യാഭ്യാസം ഔപചാരികമാകുമ്പോഴുള്ള പ്രശ്നങ്ങളാണിവയെല്ലാം.

സ്കൂളുകളിൽ നടക്കുന്ന രാവിലത്തെ പ്രാർത്ഥനയുടെ കാര്യമെടുക്കാം. മനസ്സിന് ചില ആത്മീയതലങ്ങൾ ഉണ്ട്. അതിനപ്പുറമുള്ള പ്രാർത്ഥനകൾ കൊണ്ട് മനുഷ്യർക്ക് എന്ത് അഭിവൃദ്ധിയാണുണ്ടാകുന്നത് ? വിദ്യാലയങ്ങളിൽ ചടങ്ങായി തുടരുന്ന പ്രാർത്ഥനകൾ കുട്ടികളിൽ ഭാവനയല്ല വളർത്തുന്നത് മറിച്ച് വിധേയത്വമാണ്. ഇതെല്ലാം ശാസ്ത്രീയമനോഭാവത്തിന് (Scientific temper) എതിരായിട്ടുള്ളതാണ്. ഇന്ന് നിലവിലുള്ള സമൂഹത്തിൻ്റെ ഇംഗിതങ്ങൾക്കനുഗുണമാം വിധം വിദ്യാർത്ഥികളുടെ മനോഭാവങ്ങളേയും സ്വപ്നങ്ങളേയും ചെത്തിമിനുക്കി പാകപ്പെടുത്തുക എന്നതാണ് വിദ്യാലയങ്ങളിൽ നടക്കുന്നത്.ഭരണ വർഗങ്ങളുടെ ആവശ്യങ്ങളാണ് നിറവേറുന്നത്. ഒരാനയെ മെരുക്കിയെടുക്കുന്നതു പോലെ കുട്ടികളെ ചില ചട്ടങ്ങൾ പഠിപ്പിച്ച് പുറത്തിറക്കുന്നു. അതിൽ നിന്നെല്ലാം വ്യത്യസ്തമായി ചിന്തിക്കാൻ പഠിപ്പിക്കുക എന്നതാണിവിടെ പ്രസക്തമായിട്ടുള്ളത്.

* ഗുരുശിഷ്യബന്ധം എന്നതിനേക്കാളുപരിയായി അധ്യാപനം തൊഴിൽ മാത്രമായി ചുരുങ്ങുന്ന ഒരു കാലഘട്ടത്തിലൂടെയാണല്ലോ നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.പണം എങ്ങനെയാണ് ജീവിതത്തെ സ്വാധീനിക്കുന്നത്?

ജീവിതവുമായി പണത്തിന് വലിയ ബന്ധമൊന്നുമില്ല. ഇതൊക്കെ നിരസിച്ചു കൊണ്ടും നമുക്കു വേണമെങ്കിൽ ജീവിക്കാം. നമ്മൾ ദൈവത്തെ സങ്കല്പിക്കുന്ന മാതിരി പണത്തെ സങ്കല്പിക്കുന്നു.
അതിനു വിധേയപ്പെട്ടങ്ങനെ ജീവിക്കുന്നു. ഒരിക്കൽ
കല്പ്പറ്റ നാരായണൻ ഇങ്ങനെ പറഞ്ഞിരുന്നു. “സമ്പാദിക്കുന്ന കുട്ടി അശ്ലീലമാണ് .”എനിക്കത് വളരെ സ്ട്രൈക്കിങ്ങായിട്ടു തോന്നി. കഴിഞ്ഞ വർഷം കല്പറ്റ ഇവിടെ വന്നപ്പോൾ ഞാനിതിനെ കുറിച്ചു സംസാരിച്ചു. പണ്ട് സാറിങ്ങനെ എഴുതിയിട്ടുണ്ട്. അപ്പോൾ അദ്ദേഹം പറഞ്ഞത് അത് വളരെ വാസ്തവമല്ലേ, സമ്പാദിക്കുന്ന കുട്ടി എങ്ങനെയാണ് ജീവിതം ആസ്വദിക്കുക? അയാൾ സമ്പാദിക്കുകയല്ലേ ചെയ്യുകയുള്ളൂ. സമ്പാദിച്ച് സ്ട്രാേക്ക് വന്ന് മരിച്ചു പോവുകയാണു ചെയ്യുക. നേരെ മറിച്ച് സമ്പാദ്യം ഇത്രയേ ഉള്ളൂ എന്നു മനസ്സിലാക്കുക വഴി അയാൾക്ക് ജീവിതത്തെ കൂടുതൽ ആസ്വാദ്യകരമാക്കി മാറ്റാൻ കഴിയും. ഇത് ഒരു പത്തു മുപ്പത് കൊല്ലം മുമ്പെഴുതിയതാണ്. കഴിഞ്ഞ വർഷം ചോദിച്ചപ്പോഴും കല്പറ്റ അതേ നിലപാടിൽ നിന്നു കൊണ്ടാണ് സംസാരിച്ചത്.

സാരംഗ് എന്ന അട്ടപ്പാടിയിലെ വിദ്യാലയത്തെ അറിയുമോ? അതുപോലെ വയനാട്ടിലെ കനവ്. അതിൻ്റെ സാരഥി ബേബി, ഇവരെയൊക്കെ നേരിട്ടു പരിചയമുണ്ടോ?

ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും എൻ്റെ സുഹൃത്തുക്കളാണ്.ബേബി നാടുഗദ്ദിക നാടകത്തിൻ്റെ ഉപജ്ഞാതാവ്.
ബേബി ഒരു വിദ്യാഭ്യാസ വിചക്ഷണനാേ അധ്യാപകനോ ഒന്നുമല്ലായിരുന്നു. ട്യൂട്ടോറിയൽ കോളേജ് നടത്തിയിരുന്നു എന്നു മാത്രം. സ്വന്തം ആവശ്യങ്ങളെ മുൻനിർത്തി അധ്യാപകനായി മാറിത്തീരുകയാണ് യഥാർത്ഥത്തിലുണ്ടായത്.
നാടുഗദ്ദിക നാടകം കളിച്ചതിന്റെ പേരിൽ നായനാർ സർക്കാർ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയുണ്ടായി.അതോടെ അദ്ദേഹം സാമ്പത്തികമായി പ്രതിസന്ധിയിലായി. അദ്ദേഹത്തിന്റെ കുട്ടികൾക്ക് സ്കൂളിൽ പോയി പഠിക്കാൻ കഴിയാതെ വന്ന് Drop out ആയി. അങ്ങനെ Drop out ആയ മറ്റു പല കുട്ടികളേയും കൂട്ടി അദ്ദേഹം പഠിപ്പിക്കാൻ തുടങ്ങി. കുട്ടികളുടെ ആവശ്യങ്ങളെ മുൻ നിർത്തിയുള്ള പഠനമായിരുന്നു അത്.
നീന്താൻ, കാട്ടിൽ വിറക് ശേഖരിക്കാൻ, കൃഷി ചെയ്യാൻ, നൃത്തം, സയൻസ്, ഗണിതം,, ഭാഷകൾ, പലതരം കളികൾ…..
കനവിലെ കുട്ടികൾ മണ്ണിന്റെ മണമുള്ള പാട്ടുകൾ കേരളത്തിനകത്തും പുറത്തും പാടി നടന്നു. കുട്ടികളുടെ വിദ്യാഭ്യാസ രംഗത്തെ വിപ്ലവമായി- മണ്ണിന്റെ മണമുള്ള പഠനമായി – അത് മാറുകയാണുണ്ടായത്. കനവിന്റെ ചെലവുകൾക്ക് വരുമാനം കണ്ടെത്തിയിരുന്നത് പാട്ടിലൂടെയായിരുന്നു. പത്ത് മുപ്പത്തഞ്ചോളം കുട്ടികൾ അവിടെ താമസിച്ചാണ് പഠിച്ചിരുന്നത്. അവർ അവിടെ കൃഷി ചെയ്യുന്നുണ്ട്. ഒപ്പം തന്നെ അവരുടെ വസ്ത്രം തുടങ്ങിയ മറ്റാവശ്യങ്ങൾക്കായി പലയിടങ്ങളിലും പോയി പാട്ടുകൾ പാടിയിരുന്നു. ഇപ്പോൾ കേരളത്തിലുള്ള നാടൻപാട്ടു സംഘങ്ങൾക്കു മുമ്പ് വയനാട്ടിലെ കുട്ടികളുടെ പാട്ടുസംഘങ്ങൾ സജീവമായിരുന്നു. അത് വയനാടിനെ കുറിച്ചൊക്കെയുള്ള പാട്ടുകളായിരുന്നു.ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയ്ക്കല്ല ഒരു ജീവിത മാർഗമായിരുന്നു അവർക്ക് കനവ് .കൂടെ കുറേ കാര്യങ്ങൾ അവർ പഠിച്ചു എന്നതു മാത്രമാണ് ശരി.

ബേബി, ബാംഗ്ലൂരിൽ നിന്നും കുറെ ഫണ്ടൊക്കെ സ്വരൂപിച്ചാണ് വയനാട്ടിൽ ഭൂമി വാങ്ങി കനവ് എന്ന വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയത്.
പുൽപ്പള്ളി കോളേജിലെ ലക്ചററായിരുന്നു ബേബിയുടെ ഭാര്യ ഷെർളി. ഇവർ രണ്ടു പേരും ചേർന്നാണ് കനവ് നടത്തിയിരുന്നത്. വളരെ സജീവവും സർഗാത്മകവും ആയി കനവ് വയനാട്ടിൽ
അഞ്ചു പത്ത് കൊല്ലം വർക്ക് ചെയ്തു.പുതിയ കരികുലസമ്പ്രദായം വരുന്നതിനു മുമ്പ് ശിശുകേന്ദ്രീകൃത വിദ്യാഭ്യാസമെന്നുള്ള ഒരാശയം മനസ്സിലാക്കുകയും സ്വന്തം കുട്ടികളേയും വേറെ കുറേ കുട്ടികളേയും ചേർത്ത് 36 കുട്ടികളുമായി ഒരു വിദ്യാലയം തുറന്നു പ്രവർത്തിക്കുകയും ചെയ്തു. റെസിഡെൻഷ്യൽ സ്കൂളായിട്ടാണ് ഇത് തുടങ്ങിയത്. ഉച്ചവരെ വിഷയാധിഷ്ഠിതമായ പഠനം.
ഉച്ച മുതൽ കൃഷി, യാത്രകൾ, പാട്ടിൻ്റെ പരിശീലനങ്ങളുമൊ ക്കെയായി ജീവിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ,
അങ്ങനെ കൃത്യമായ സിലബസ്സോടുകൂടി പ്രവർത്തിക്കുകയും ആ 36 കുട്ടികളും വളരുന്നതിനനുസരിച്ച് കനവിൻ്റെ സിലബസ് മാറുകയും ചെയ്തു. പിന്നീട് ആ കുട്ടികളെ കൊണ്ട് കനവ് നടത്തണം എന്നായിരുന്നു ബേബി ഉദ്ദേശിച്ചത്. അതിൻ്റെ ഭാഗമായി വളരെ ചെറിയ പ്രായത്തിലേ ഈ കുട്ടികളും സ്വയം പഠനത്തിലൂടെ മുന്നേറുകയും ചെയ്തു.

ഈ 36 പേരും ഇന്ന് മാനസികമായി ഏറെ അടുപ്പം വച്ചു പുലർത്തുന്നുണ്ട്. അവരിൽ
ചിലർ കനവിൽ കൃഷി ചെയ്യുന്നുണ്ട്.
അവർ ആർജിച്ച നിലപാടുകളിൽ ജീവിക്കുന്നുണ്ട്. എന്നാൽ കനവിൻ്റെ പ്രവർത്തനം അങ്ങനെ സുഗമമായി നടക്കുന്നു എന്നു പറയാൻ വയ്യ. കുറച്ചു പേർ അവിടെ വയനാട്ടിൽ ഉണ്ട്. വേറെ പലരും രാജ്യത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ വിവിധ തൊഴിലുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇടയ്ക്ക്
അവർ ഒന്നിച്ചുകൂടുന്നുണ്ട്. എന്നാൽ ബേബി വിഭാവനം ചെയ്ത രൂപത്തിൽ കനവിനെ മുന്നോട്ടു കൊണ്ടുപോകാൻ അവർക്കു കഴിഞ്ഞിട്ടില്ല. അതൊരുപക്ഷെ അവരുടെ ധാരണക്കുറവോ ക്യത്യമായി അത് ബോധ്യപ്പെടായ്കയോ ഒക്കെയാവാം. അല്ലെങ്കിൽ പുതിയ സാഹചര്യത്തിൽ അത് സാധ്യമല്ലാത്ത തരത്തിലുള്ള പ്രശ്നങ്ങൾ കേറി വന്നതുകൊണ്ടുമാകാം. എന്തായാലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള ഒരു വിദ്യാഭ്യാസ സമീപനം രൂപപ്പെടുത്താനായിട്ട് കനവിന് സാധിച്ചിട്ടുണ്ട്.ശിശു കേന്ദ്രീകൃത വിദ്യാഭ്യാസം എന്ന പേരിൽ ഇന്ന് സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസത്തിൻ്റെ ആരംഭമായിരുന്നു കനവിലൂടെ ബേബി തുടങ്ങിവച്ചത്. ആ കുട്ടികളിപ്പോൾ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ വളരെ ഉയർന്ന നിലയിൽ റിസർച്ചും ജോലിയുമായി കഴിയുന്നു.
അവർ പറയുന്നത് ഞങ്ങൾക്കു ഔപചാരിക വിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ല പക്ഷെ വേണമെങ്കിൽ ..ഞങ്ങൾക്ക് ഐഎഎസ് എഴുതിയെടുക്കാം എന്നാണ്.

കനവിൻ്റെ ഒരു തുടർച്ചയായിരുന്നു സാരംഗ് .
ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും – അവർ വയനാട്ടിലാണ് ആദ്യം ജോലി ചെയ്തിരുന്നത്. വിജയലക്ഷ്മിക്ക് അട്ടപ്പാടിയിൽ സ്ഥിര നിയമനമായി.പിന്നീട് ഗോപാലകൃഷ്ണനും അട്ടപ്പാടിയിൽ എത്തുകയും ഏറെ താമസിയാതെ ഒരു കുന്ന് മുഴുവനായി വാങ്ങി, സാരംഗ് എന്ന അവരുടെ സ്വപ്ന വിദ്യാലയം യാഥാർത്ഥ്യമാക്കുകയും ചെയ്തു.

സാരംഗ് ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും അധ്യാപകരായിരുന്നു. സർക്കാർ നയത്തിനും അധ്യാപക സംഘടനകളുടെ അല്ലെങ്കിൽ സംഘടിത പ്രസ്ഥാനങ്ങളുടെ ശരിയില്ലായ്മകൾക്കുമെതിരെ സമരം ചെയ്യുകയും ജോലി സ്വയം ഉപേക്ഷിച്ച് ശരിയായ വിദ്യാഭ്യാസം കുട്ടികൾക്ക് നല്കാൻ വേണ്ടി അഗളിയിൽ ഒരു സ്കൂൾ സ്ഥാപിക്കുകയും അവിടെ കുട്ടികൾക്കാവശ്യമായ ശിക്ഷണം കൊടുക്കുകയും ചെയ്യുകയുമാണ് ഉണ്ടായത്.അതും ശരിക്കും ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയ്ക്കു തന്നെ. സാധാരണ സ്കൂളുകളിൽ ലക്ഷ്യമില്ലാതെ പഠിപ്പിക്കുന്നതിനു പകരം കുട്ടികൾക്കു വേണ്ടതു പഠിപ്പിക്കുന്ന ഒരു വിദ്യാലയമായിട്ടാണ് സാരംഗ് കൊണ്ടുപോയിരുന്നത്.
ഗൗതം അവരുടെ മൂത്ത മകനാണ്. അവൻ തന്നെ ആയിരുന്നു അവരുടെ ആദ്യ വിദ്യാർത്ഥി.

അവർ
അട്ടപ്പാടിയിലെ കൊഴിഞ്ഞു പോയ കുറച്ച് കുട്ടികളെ ഏറ്റെടുത്ത് പഠിപ്പിച്ച്
ലോകോപകാരപ്രദമായ പ്രവർത്തനങ്ങൾക്കു യോജിച്ച പൗരന്മാരാക്കി മാറ്റി.

സാരംഗിലെ ഏഴ് വയസ്സായ ഗൗതം ഞങ്ങളുടെ കൂടെ കന്യാകുമാരി മുതൽ ഗോവ വരെ നടന്ന പശ്ചിമഘട്ട രക്ഷായാത്രയിൽ പങ്കെടുത്തിരുന്നു. ഈ കുട്ടിയെ ഞങ്ങളെയുമേല്പിച്ച് മാതാപിതാക്കൾ തിരിച്ച് അട്ടപ്പാടിയിലേക്ക് മടങ്ങിപ്പോയി. 100 ദിവസം ഈ കുട്ടി ഞങ്ങളോടൊപ്പം ഉണ്ടായി.
ഈ 100 ദിവസവും 100 കാർഡുകളിലായി അവൻ മാതാപിതാക്കൾക്ക് അന്നന്നത്തെ വിശേഷങ്ങൾ അറിയിച്ചു കൊണ്ട് കത്തുക്കളെഴുതി.
അവൻ മുഴുവൻ അക്ഷരങ്ങളൊന്നും അന്ന് സ്വായത്തമാക്കിയിരുന്നില്ല. കുട്ടി ഞങ്ങളോട് ചോദിക്കും എങ്ങനെയാണ് നമ്മൾ ശ്രീകാകുളത്ത് എത്തി എന്നെഴുതുക. കുട്ടിക്ക് ശ്രീ, കാ. കു, ളം, എന്നൊന്നും എഴുതാനറിയില്ല. അറിയാത്ത അക്ഷരങ്ങൾ ഞങ്ങൾ എഴുതിക്കാണിച്ചു കൊടുക്കും.കുട്ടി അതേപോലെ കോപ്പി ചെയ്ത് കാർഡിലേക്കെഴുതി അമ്മയ്ക്കും അച്ഛനും അയച്ചുകൊടുക്കും.അവനങ്ങനെ കത്തെഴുതിയാണ് എഴുതാനും വായിക്കാനും പഠിച്ചത്.ഇന്നവന് 17 ഭാഷകളറിയാം. സ്വന്തമായി ജീവിക്കുന്നു. അവൻ്റെ ഭാര്യ എഞ്ചിനീയറാണ്. പക്ഷെ ജോലിയൊക്കെ ഉപേക്ഷിച്ച് ഇവരുടെ തനതായ ജീവിതത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു

അവിടെ ഉണ്ടായിരുന്ന ഓരോ കുട്ടിയേയും ഇങ്ങനെയാണവർ രൂപപ്പെടുത്തിക്കൊണ്ടു വന്നത്. എന്നാൽ പൊതുസമൂഹം പൂർണമായി ഇവരെ അംഗീകരിക്കുന്നില്ല. ഔപചാരിക വിദ്യാഭ്യാസമെന്ന സിസ്റ്റവും.

വിജയിച്ചു കാണിച്ചാലും ഇത്തരം മാതൃകകൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല.
ഔപചാരിക വിദ്യാലയങ്ങളിൽ പഠിക്കാതെ മറ്റേതൊരു വിദ്യാലയത്തിൽ നിന്നും ലഭിക്കാവുന്ന അറിവു നേടിയ ഒരു പക്ഷേ അതിനേക്കാളേറെ കാര്യങ്ങൾ മനസ്സിലാക്കിയ ഒരാളാണ് ഗൗതം.
തീർച്ചയായും സാരംഗ് ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും അധ്യാപകരാണ്. അവർക്ക് കുട്ടികളുടെ മന:ശാസ്ത്രമറിയാം. അവരുടെ കയ്യിൽ കൃത്യമായി കുട്ടി എങ്ങനെ പഠിക്കണം എന്തു പഠിക്കണമെന്നതിനുള്ള ധാരണകളുള്ള ഒരു സമീപനമുണ്ട്. നമ്മുടെ വിദ്യാലയങ്ങളിൽ ഇല്ലാതെ പോകുന്നത് അതാണ്.ഒരു പക്ഷെ ഔപചാരിക വിദ്യാഭ്യാസം നല്കുന്ന വിദ്യാലയങ്ങൾക്കും ഇതുപോലെ ഗൗതമിനെ പോലുള്ള കുട്ടികളെ രൂപപ്പെടുത്താവുന്നതേയുള്ളൂ. പക്ഷെ അവിടെ പ്രശ്നം ഒരു അധ്യാപകൻ ഇന്നത്തെ ഭരണചക്രത്തിൻ്റെ ഭാഗമാണ് എന്നുള്ളതാണ്. അവർക്ക് കൃത്യമായി സിലബസ്, ടൈംടേബിൾ എന്നിവ പാലിക്കേണ്ടതുണ്ട്. വളരെ കുറച്ച് സമയമാണ് അവർക്ക് കുട്ടികളെ വ്യക്തിഗതമായി ശ്രദ്ധിക്കാൻ കിട്ടുന്നത്. ഇപ്പോഴുള്ളതിൽ നിന്നും വ്യത്യസ്തമായി റെസിഡൻഷ്യൽ സ്കൂൾ ആവുക, കുട്ടിയിൽ ഉരുത്തിരിഞ്ഞു വരുന്ന മനോഭാവങ്ങൾക്കൊപ്പം സഞ്ചരിക്കുക,
കുട്ടിക്കു കിട്ടേണ്ട അറിവുകൾ, തിരിച്ചറിവുകൾ എന്നിവ കൃത്യമായി കിട്ടുന്നുണ്ട് എന്നുറപ്പു വരുത്തുക. ഇതെല്ലാം നടന്ന ഒരു സ്ഥാപനമാണ് സാരംഗ്. അതു വഴിയാണ് ഗൗതം ഇത്രയും ധാരണകളിലെത്തിയത്.

ഔപചാരിക വിദ്യാലയങ്ങളിലിത്രയും സാധ്യതകൾ നിലനില്ക്കുന്നില്ല. അവയെല്ലാം പരീക്ഷകൾ നടത്തി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ മാത്രമായി ചുരുങ്ങുന്നു.അവിടെ കുട്ടി എന്തായിത്തീരുന്നു എന്നതൊന്നും പ്രശ്നമല്ല.

ഗൗതമിനെ രൂപപ്പെടുത്തിയത് അതല്ലായിരുന്നു. ക്യത്യമായും ജീവിക്കാൻ പഠിക്കുകയും അതോടൊപ്പം ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയുടെ പ്രശ്നങ്ങളെ മനസ്സിലാക്കുകയും അതിലിടപെടാൻ കഴിയുകയും ചെയ്യുന്ന ഒരു വ്യക്തിത്വം രൂപപ്പെടുത്താൻ സാരംഗിനു കഴിഞ്ഞു.കേരളത്തിനങ്ങനെ കുറേ കുട്ടികളുണ്ട്. ഔപചാരിക വിദ്യാഭ്യാസത്തിലൂടെയല്ലാതെ കടന്നു വന്ന കുറേ കുട്ടികൾ. അതിലേറ്റവും പ്രമുഖ സ്ഥാനത്തു നില്ക്കുന്ന, ഏറ്റവും നന്നായി പ്രവർത്തിക്കുന്ന ഒരാളാണ് ഗൗതം.

നാടുഗദ്ദിക, മാവേലിമന്റം എന്നിവയെ കുറിച്ച്…..

നാടകക്കാരനായിരുന്നില്ല ബേബി.നാടുഗദ്ദിക എഴുതുന്നത് ആദിവാസികളുടെ കാര്യങ്ങൾ പറയാനുള്ള ഒരു വേദി എന്ന നിലയ്ക്കായിരുന്നു. ആദിവാസികളുടെ വിശപ്പ് ആഭിചാരക്രിയകൾ, അടിമജീവിതം ഇതൊക്കെ ഉൾപ്പെടുത്തിക്കൊണ്ട് വയനാട്ടിലെ അടിയ സമുദായക്കാർ ആചരിച്ചു പോരുന്ന പ്രാചീനമായ ആഭിചാരകർമ്മമായ ഗദ്ദിക എന്ന അനുഷ്ഠാന കലയെ ഉപയോഗപ്പെടുത്തിയാണ് നാടുഗദ്ദിക രചിച്ചിരിക്കുന്നത്.
അന്നത്തെ സംസ്കാരിക പ്രസ്ഥാനങ്ങളിത് ഏറ്റെടുക്കുകയും കേരളത്തിലങ്ങോളമിങ്ങോളം നാടുഗദ്ദിക അരങ്ങേറുകയും ചെയ്തു. മലയാളത്തിലെ നാടകരംഗമാകെ പിടിച്ചു കുലുക്കിയ വിപ്ലവമായിരുന്നു ആ നാടകം, ഗ്രാമഗ്രാമാന്തരങ്ങൾ തോറും അത് അരങ്ങേറപ്പെട്ടു. അതിനെ തുടർന്ന് ബേബിയും ആദിവാസികളായ അതിന്റെ നാടക പ്രവർത്തകരും നെക്സലേറ്റുകളായി മുദ്ര കുത്തപ്പെടുകയും ജയിലടയ്ക്കപ്പെടുകയുമാണുണ്ടായത്.

പിന്നീട് തിരിച്ചു വന്നപ്പോഴും വേറൊരു വഴിയുമില്ലാതെ അവർ വീണ്ടും നാടകം കളിക്കാനിറങ്ങി.അങ്ങനെ നാടുഗദ്ദിക മലയാള നാടകരംഗത്ത് പുതിയൊരു ചരിത്രം സൃഷ്ടിച്ചു..

മാവേലിമന്റ്റം മലയാള നോവൽ രംഗത്ത് ഇതുവരെ കാണാതിരുന്ന തരത്തിലുള്ള വിപ്ലവകരമായ ഒന്നായിരുന്നു. മാവേലി നാട് , മാവേലിക്കൂട്ടം എന്നെല്ലാമാണ് ആ വാക്കിനർത്ഥം. ആദിവാസികളെ അടിമകളാക്കി വില്ക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്ന, അവരുടെ ജീവിതത്തിലും സംസ്കാരത്തിലും സംഭവിച്ചു കൊണ്ടിരുന്ന മാറ്റങ്ങളാണ് മാവേലി മന്റ്റം കൈകാര്യം ചെയ്തത്. വയനാടൻ ആദിവാസികളുടെ ഭാഷയായിരുന്നു മാവേലിമന്റ്റത്തിന്റെ ഒരു പ്രത്യേകത. പിന്നീട് അത് കുറച്ചൊക്കെ മറ്റുള്ളവർക്കു മനസ്സിലാകാൻ വേണ്ടി തിരുത്തി സംസ്കരിച്ച് നമ്മുടേതായ മലയാളത്തിലേക്കു മാറ്റി. ആദ്യമൊക്കെ മാവേലിമന്റ്റം മാനുസ്ക്രിപ്റ്റ് വായിച്ചാൽ ഒന്നും മനസ്സിലാവാത്ത അവസ്ഥയാണുണ്ടായിരുന്നത്. ആദിവാസികളുടേതായ സംസാരഭാഷയിലായിരുന്നു അത് എഴുതപ്പെട്ടിരുന്നത്.

(തുടരും )

Leave a comment

Your email address will not be published. Required fields are marked *