Blog Post

Swaraj Today > News > രാഷ്ട്രീയം > അദാനിക്കു കണ്ടകശനിയെങ്കില്‍ പിന്നെയെന്ത്

അദാനിക്കു കണ്ടകശനിയെങ്കില്‍ പിന്നെയെന്ത്

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചതു മുതല്‍ ശ്രദ്ധയില്‍ പെടുന്നൊരു കാര്യം ഗൗതം അദാനി എന്നൊരു പേര് ചര്‍ച്ചയില്‍ വരാതിരിക്കാന്‍ ഭരണപക്ഷവും അതു മാത്രം ചര്‍ച്ചയ്ക്കു കേന്ദ്രബിന്ദുവാക്കാന്‍ പ്രതിപക്ഷമൊന്നാകെയില്ലെങ്കിലും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു. കോലാഹലവും വാക്കേറ്റവും ഏതു നിയമനിര്‍മാണ സഭയുടെയും അടിസ്ഥാന സ്വഭാവം തന്നെയാണെങ്കിലും അതിനു കാത്തിരിക്കുന്നതു പോലെയാണ് ഭരണപക്ഷത്തിന്റെ നടപടികള്‍. അദാനിയെന്ന പേരിനെ ചുറ്റിപ്പറ്റി പ്രതിപക്ഷത്തിന്റെ ശബ്ദമുയരുമ്പോള്‍ തന്നെ അന്നത്തെ സഭാനടപടികള്‍ അവസാനിപ്പിക്കുന്നതിന് ഭരണപക്ഷം അപൂര്‍വത്തില്‍ അപൂര്‍വമായ കൗശലം പ്രകടിപ്പിക്കുന്നു. ഇതിന്റെ അവസാന അങ്കം എത്തി നില്‍ക്കുന്നത് മോദിയും അദാനിയും ഒന്നു തന്നെ എന്ന മാസ്‌കും ഗൗണുമൊക്കെ ധരിച്ച് പ്രതിപക്ഷം പ്രകടനം നടത്തുകയും സഭാനടപടികളില്‍ പങ്കെടുക്കാനെത്തുകയുമൊക്കെ ചെയ്യുന്നിടത്താണ്.

സത്യത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നാലും ഇല്ലെങ്കിലും ഗൗതം അദാനിയുടെ കോര്‍പ്പറേറ്റ് സാമ്രാജ്യവും പ്രധാനമന്ത്രി മോദിയുടെ രാഷ്ട്രീയ അധികാര സാമ്രാജ്യവും തമ്മിലുള്ള ബന്ധത്തെപ്പറ്റി കണ്ണും കാതും തുറന്നു വച്ചു ജീവിക്കുന്ന ഏതൊരു ഇന്ത്യക്കാരനും തികഞ്ഞ ബോധ്യമുള്ളവര്‍ തന്നെയാണ്. എന്നാല്‍ പ്രധാനമന്ത്രിയോ ഭരണമുന്നണിയോ തങ്ങളുടെ ധനാഢ്യനായ ചങ്ങാതിയോടു കാട്ടുന്ന ദാസ്യസ്വഭാവമുള്ള അവിഹിത ബന്ധത്തിനപ്പുറം കാതലായ മറ്റൊരു പ്രശ്‌നത്തെയല്ലേ ഇനി നാം ഒരു ജനത എന്ന നിലയില്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്.

ഒരു രാജ്യത്തിന്റെയാകെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ഒരോ പടിയിലും പടവിലും അദൃശ്യ സാന്നിധ്യമായി അദാനി എന്ന മൂന്നക്ഷര നാമം നില്‍ക്കുന്നു എന്നത് തീരെ ചെറിയ കാര്യമാണോ. ഇതല്ലേ നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി? ഈ ദിശയില്‍ ഒറ്റപ്പെട്ട സ്വരങ്ങളെങ്കിലും ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. സത്യത്തില്‍ ഇതൊരു ചെറിയ ചോദ്യമേയല്ല. ഇതേ ചോദ്യം മറ്റൊരു പദാവലിയുടെ സഹായത്തോടെ ഉന്നയിച്ചാല്‍ ഇങ്ങനെയിരിക്കും-അദാനി എന്ന കപ്പല്‍ മുങ്ങിയാല്‍ ഇന്ത്യ എന്തു ചെയ്യും. ഓര്‍ക്കുക, ഒരു നൂറ്റാണ്ടു മുമ്പ് അറിയപ്പെടുന്ന ലോകത്തിന്റെയാകെ ശുഭാപ്തി വിശ്വാസത്തിന്റെ ബലത്തില്‍ നീറ്റിലിറങ്ങിയ ടൈറ്റാനിക്ക്് മുങ്ങുന്നതിന് കന്നിയാത്ര തന്നെ മതിയായിരുന്നു. അദാനി എന്ന ടൈറ്റാനിക് ഇനിയെത്ര നാള്‍. പുറത്തു വരുന്ന സൂചനകള്‍ ഭീഷണമായ സ്വഭാവമുള്ളതു തന്നെ.

അദാനിയുടെ താല്‍പ്പര്യങ്ങള്‍ക്കായി രൂപം കൊണ്ട ഷെല്‍ കമ്പനികളെ കുറിച്ചും അവയെ ഉപയോഗിച്ച് നടത്തിയ ഇടപാടുകളെ കുറിച്ചുമുള്ള ഹിന്‍ഡന്‍ ബര്‍ഗ് വെളിപ്പെടുത്തലുകള്‍ വലിയ വിവാദങ്ങളുയര്‍ത്തിയപ്പോള്‍ അദാനി സാമ്രാജ്യത്തെ പിടിച്ചു നിര്‍ത്തിയത് പ്രധാനമായും മോദിയുടെ രാഷ്ട്രീയ പിന്‍ബലമായിരുന്നു എന്നത് എല്ലാവര്‍ക്കും വ്യക്തമായ സംഗതിയാണ്. ആ സമയത്ത് ഏറ്റവും ശക്തമായി ഇടപെടാന്‍ കഴിയുമായിരുന്ന വ്യവസ്ഥാപിത സംവിധാനമായ സെബിയുടെ നിലപാടു് എന്തായിരുന്നു എന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്. സെബി അദ്ധ്യക്ഷ മാധവി പുരി ബുച്ചിന്റെ താല്‍പ്പര്യങ്ങളും ഏറെ വിമര്‍ശന വിധേയമായതാണ്.

ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലുകളെത്തുടര്‍ന്നുണ്ടായ അനിശ്ചിതത്വങ്ങളെ രാഷ്ട്രീയ രക്ഷകര്‍ത്താവിന്റെ പിന്‍ബലത്തോടെയും വ്യവസ്ഥാപിത സംവിധാനത്തിന്റെ ഭരണപരമായ ഒത്താശയോടെയും അദാനി ഗ്രൂപ്പ് മറികടന്നു വരുന്ന സന്ദര്‍ഭത്തിലാണ് യു.എസ്.ഫെഡറല്‍ പ്രോസിക്യൂട്ടര്‍ അദാനിക്കെതിരെ വാളോങ്ങിയിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ വിവിധ വമ്പന്‍ പ്രോജക്ടുകള്‍ക്കായി അമേരിക്കയില്‍ നിന്ന് ഇരുനൂറു കോടി ഡോളറിന്റെ വായ്പയും 75 കോടി ഡോളറിന്റെ ബോണ്ടുകള്‍ വഴിയുള്ള ധനസമാഹരണവും തരപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പുതിയ സംഭവ വികാസം . ഇന്ത്യയിലെ വിവിധ ഉദ്യോഗസ്ഥ-രാഷ്ട്രീയ പ്രമാണിമാര്‍ക്ക് 2000 കോടിയിലധികം രൂപയുടെ കൈക്കൂലി കൊടുത്ത് അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക നേട്ടങ്ങള്‍ക്കായി നയപരമായി പിന്‍വാതില്‍ ഇടപെടല്‍ നടത്തിയെന്ന കണ്ടെത്തലാണ് യു.എസ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ഈയിടെ നടത്തിയിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിന്‍ അദാനിക്കും അദ്ദേഹത്തിന്റെ കൂട്ടാളികളായ ആറു പേര്‍ക്കുമെതിരെ അമേരിക്കയില്‍ വാറണ്ടു മുണ്ടിപ്പോള്‍.

അദാനി ഗ്രൂപ്പിന്റെ ഉര്‍ജ്ജ വിതരണ ശൃംഗലകളില്‍ നിന്ന് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങി സംസ്ഥാനങ്ങള്‍ ഊര്‍ജ്ജ വിതരണത്തിനായി കരാറുകളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതമായത്രെ. കൈക്കൂലിപ്പണം ഈ ലക്ഷ്യത്തിനായിട്ടാണ് നല്‍കിയതെന്നാണ് യു.എസ്.ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു. ഇങ്ങനെ ലാഭം പല മടങ്ങ് വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാവും അദാനി ലോകത്തിലെ ഏറ്റവും വലിയ വായ്പാ വിപണിയായ അമേരിക്കയില്‍ നിന്ന് ധനസമാഹരണത്തിന് ശ്രമം നടത്തിയത്. അമേരിക്കയില്‍ അദാനിക്കും കൂട്ടര്‍ക്കും വാറണ്ടുണ്ടാകാന്‍ തക്ക വിധത്തിലുളള കേസ് ഉണ്ടായത് അമേരിക്കന്‍ അന്വേഷണ ഏജന്‍സി ഫോണ്‍ ചോര്‍ത്തിയും ഇമെയില്‍ വിവരങ്ങള്‍ ചോര്‍ത്തിയും കൈക്കുലി ഇടപാടുകളുടെ വിശദാംശങ്ങള്‍ കണ്ടെത്തിയും അദാനിയുടെ അഹമ്മദബാദിലെ കോര്‍പ്പറേറ്റ് ആസ്ഥാനത്ത് വച്ച് രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമാണിമാരുമായി നടന്ന കൂടിക്കാഴ്ചകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചുമൊക്കെയാണത്രെ.

അമേരിക്കന്‍ ധനവിപണിയില്‍ നിന്ന് വിഭവ സമാഹരണത്തിന് ശ്രമിച്ചതുകൊണ്ടാകാം ഈ കോര്‍പ്പറേറ്റ് ഭീമന്റെ ബിസിനസ്സ് ലീലാവിലാസങ്ങള്‍ അമേരിക്കന്‍ ഏജന്‍സി പഠനവിധേയമാക്കിയത്.അദാനി ഈ വിധത്തില്‍ അമേരിക്കയില്‍ നിന്ന് ധനസമാഹരണത്തിന് ശ്രമിച്ചതെന്തുകൊണ്ടെന്ന ചോദ്യവും പ്രധാനമാണ്. അദാനി ഗ്രൂപ്പ് ഇന്ത്യയിലും വിവിധ രാജ്യങ്ങളിലും ഏറ്റെടുത്തിട്ടുള്ള പ്രോജക്ടുകളിലേറെയും അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ടവയാണ്. അവ തുടക്കത്തില്‍ വലിയ മുതല്‍മുടക്ക് ആവശ്യമുള്ളതും ലാഭം ലഭിക്കാന്‍ ദശകങ്ങള്‍ കാത്തിരിക്കേണ്ടവയുമാണ്. അതുകൊണ്ടാണ് കുറഞ്ഞത് 30-35 വര്‍ഷങ്ങളെങ്കിലും നീണ്ടു നില്‍ക്കുന്ന കരാറുകളില്‍ ബന്ധപ്പെട്ട സര്‍ക്കാറുകളുമായി കമ്പനി ധാരണയാകുന്നത്. സര്‍ക്കാര്‍ ചിലവില്‍ പ്രോജക്ടുകളുടെ പശ്ചാത്തല വികസന പദ്ധതികളും സര്‍ക്കാര്‍ ഭൂമിയുടെ ഈടില്‍ വന്‍ തുക വായ്പയും എന്ന വിഴിഞ്ഞം മോഡല്‍ എല്ലായിടത്തും നടക്കണമെന്നില്ലല്ലോ.

പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ലാഭം കിട്ടുന്നതു വരെയുളള നീണ്ട കാലയളവിലെ മുതല്‍ മുടക്കിനാണ് വന്‍തോതില്‍ പണമാവശ്യമായി വരുന്നത്.എന്നാല്‍ ഏറ്റെടുത്തിരിക്കുന്ന പദ്ധതികളെല്ലാം പൂര്‍ത്തികരിക്കാനാവശ്യമായ പണം കണ്ടെത്താന്‍ അദാനിക്ക് ബുദ്ധിമുട്ടുകള്‍ നേരിടുന്നു എന്നാണ് കനേഡിയന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഒന്‍ടാറിയോവിലെ ഫിസിക്‌സ് ആന്‍ഡ് അസ്‌ട്രോണമി ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫസറായ ശന്തനു ബാസുവിനെപ്പോലുള്ളവരുടെ ലേഖനങ്ങളില്‍ പറയുന്നത്.

ഹിന്‍ഡന്‍ ബര്‍ഗ് വെളിപ്പെടുത്തല്‍ സമയത്ത് അദാനിയുടെ ഓഹരി മൂല്യത്തിലുണ്ടായ ഇടിവു് 20000 കോടിയുടെതായിരുന്നു. ഇത് ഒരു വെളിപ്പെടുത്തല്‍ കൊണ്ടു മാത്രമുണ്ടായതാണ്. എന്നാല്‍ പുതിയ കണ്ടെത്തലുകള്‍ വരുന്ന മുറക്ക് ഇനിയുമിതാവര്‍ത്തിക്കാം. 2024 ജൂണ്‍ മുതല്‍ അദാനി മൗനത്തിലാണത്രെ. പുതിയ പ്രോജക്ടുകളോ പ്രഖ്യാപനങ്ങളോ ഉണ്ടാവുന്നില്ല. അദാനിക്കായി പണം പമ്പു ചെയ്യാന്‍ ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വലിയ താല്‍പ്പര്യമില്ലത്രെ. പല രാജ്യങ്ങളും അദാനി ഗ്രൂപ്പുമായി ഉണ്ടാക്കിയ കരാറുകളില്‍ നിന്ന് പിന്‍വാങ്ങുന്നു. കെനിയ എല്ലാ കരാറുകളും റദ്ദുചെയ്തു കഴിഞ്ഞു. ബംഗ്ലാദേശില്‍ ഊര്‍ജ്ജ വിതരണത്തിനായി അദാനിക്ക് എല്ലാ പാരിസ്ഥിതിക നിയമങ്ങളും കാറ്റില്‍ പറത്തി ജാര്‍ഖണ്ഡില്‍ കല്‍ക്കരി വൈദ്യുതി നിലയം സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ ഒത്താശകളും ചെയ്തു. ബംഗ്ലാദേശുമായി അദാനി ഒപ്പുവച്ച കരാറനുസരിച്ച് അവര്‍ ഉയര്‍ന്ന വില നിരക്കില്‍ വൈദ്യുതി വാങ്ങേണ്ടതായിരുന്നു. ആ കരാര്‍ വ്യവസ്ഥ അന്ന് ബംഗ്ലാദേശിലെ ജനങ്ങളുടെ വിമര്‍ശനമേറ്റുവാങ്ങി. ഷെക്ക് ഹസീനക്കു് എതിരെ ജനം തിരിയുന്നതിന് ഇതും ഒരു കാരണമായി . ബംഗ്ലാദേശിലെ ഭരണമാറ്റത്തിനു ശേഷം അവിടെയും അദാനിയുടെ നില പരുങ്ങലിലായി. അപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അദാനിയുടെ വൈദ്യുതി ഇന്ത്യയില്‍ തന്നെ വിതരണം ചെയ്യാന്‍ സാഹചര്യമൊരുക്കി അദാനിക്ക് രക്ഷാകവചമൊരുക്കി.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അദാനി ഗ്രൂപ്പ് രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും നേരിട്ട തിരിച്ചടികള്‍ നോക്കൂ.

ഫ്രഞ്ച് ഓയില്‍ കമ്പനിയായ ടോട്ടല്‍ എനര്‍ജീസ് അദാനിയുമായുള്ള ബിസിനസ് ബന്ധം താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് അറിയിച്ചിരിക്കുന്നു. അദാനി ഗ്രൂപ്പുമായുള്ള നിക്ഷേപ മേഖലയിലെ സാമ്പത്തിക ഇടപാടുകളും അവസാനിപ്പിക്കുകയാണെന്നാണ് ടോട്ടല്‍ എനര്‍ജീസിന്റെ പ്രഖ്യാപനം.

അദാനിയുടെ ശ്രീലങ്കന്‍ പദ്ധതിക്കുള്ള സാമ്പത്തിക സഹായം നല്‍കുന്ന അമേരിക്കന്‍ ഡെവലപ്പ്മെന്റ് ഏജന്‍സി അദാനിക്കെതിരായ കൈക്കൂലി കേസില്‍ വ്യക്തത വരുന്നതുവരെ പദ്ധതിക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തിവെക്കുകയാണെന്ന് പ്രഖ്യാപിച്ചു.

അടുത്തത് ബംഗ്ലാദേശ് സര്‍ക്കാരിന്റെ വകയാണ്. ഷേയ്ഖ് ഹസീനയുടെ കാലത്ത് ഗൗതം അദാനിയുമായി ഉണ്ടാക്കിയ പവര്‍ സപ്ലൈ കരാറുകള്‍ സംബന്ധിച്ച് അന്വേഷണം നടത്താനാണ് മൂഹമ്മദ് യുനുസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനം. ഇന്ത്യയുമായുള്ള ഉഭയ കക്ഷി ബന്ധത്തിന്റെ പേരില്‍ എല്ലാ പദ്ധതികളും അദാനിക്ക് നല്‍കുക എന്നതായിരുന്നു ഹസീനയുടെ നയം. ഈ പദ്ധതികളെല്ലാം പുതുതായി നടക്കുന്ന അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്നാണ് അറിയുന്നത്.

അടുത്തത്, ഇന്ത്യയില്‍ നിന്നുതന്നെയാണ്. അദാനിയുടെ 100 കോടി രൂപയുടെ സംഭാവന വേണ്ടെന്നാണ് തെലങ്കാന സര്‍ക്കാരിന്റെ പ്രഖ്യാപനം.

ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് തൊട്ട് അദാനി സാമ്രാജ്യത്തിന്റെ ചതിക്കഥകള്‍ ഒന്നൊന്നായി പുറത്തുവന്നിട്ടും രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും തന്നെ പ്രക്ഷോഭവുമായി തെരുവുകളിലിറങ്ങുന്നില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കോണ്‍ഗ്രസ്സില്‍ രാഹുല്‍ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ മഹുവാ മൊയ്ത്രയും ആം ആദ്മിയില്‍ അരവിന്ദ് കേജ്രിവാളും വ്യക്തിപരമായി പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ത്തുമ്പോഴും എന്തേ ബാക്കിയുള്ളവര്‍ നാവ് ഊറയ്ക്കിട്ട പരുവത്തില്‍ മിണ്ടാട്ടം മുട്ടിയിരിക്കുന്നത്.

കേരളത്തിലേക്കു വന്നാല്‍ ഇതിലും രസകരമാണ് കാര്യങ്ങള്‍. ഒരുകാലത്ത് വിഴിഞ്ഞം കരാറില്‍ ആറായിരം രൂപയുടെ അഴിമതി ആരോപിച്ച് കോലാഹലമുണ്ടാക്കിയവര്‍ അദാനി ഭക്തരായി പഞ്ചപുച്ഛമടക്കി നില്‍ക്കുന്നു. വിഴിഞ്ഞത്തെത്തുമ്പോള്‍ മാത്രമല്ല ഇവര്‍ക്ക് അദാനി വിശുദ്ധനാകുന്നതെന്ന് ഇന്നലെ പ്രഖ്യാപിച്ച വൈദ്യുതി നിരക്കു വര്‍ധന പോലും വെളിപ്പെടുത്തുന്നു. അദാനി പവറിന്റെ മാര്‍ക്കറ്റിങ് മാനേജര്‍മാരാണ് കെഎസ്ഇബിക്കു വേണ്ടി പദ്ധതികള്‍ തയാറാക്കുന്നതെന്ന് പ്രതിപക്ഷം പറയുമ്പോള്‍ ചില ചില്ലറ ഇടപാടുകള്‍ മാത്രമാണ് അദാനിക്കും കേരളത്തിനുമിടയിലുള്ളതെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി തന്നെ ഭാഗികമായി സമ്മതിക്കുന്നു.

അവസാനം ശേഷിക്കുന്നത് രണ്ടേ രണ്ടു ചോദ്യം മാത്രം. അദാനി എന്ന മൂന്നക്ഷരം ഉച്ചരിക്കാന്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയക്കുന്നതെന്തിന്? അദാനിയെന്ന ടൈറ്റാനിക് മുങ്ങിയാല്‍ ഒപ്പം മുങ്ങുന്നത് ഈ രാജ്യം തന്നെയായിരിക്കുമോ?

Leave a comment

Your email address will not be published. Required fields are marked *