Blog Post

Swaraj Today > News > സമൂഹം > പ്രലോഭനങ്ങളാൽ വഞ്ചിക്കപ്പെടുന്ന ജനാധിപത്യം

പ്രലോഭനങ്ങളാൽ വഞ്ചിക്കപ്പെടുന്ന ജനാധിപത്യം

മഹാരാഷ്ട്ര ഝാർഖണ്ഡ് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നു, കേരളത്തിൽ ഉൾപ്പെടെ ചില ഉപതെരഞ്ഞെടുപ്പുകളുടെയും. ഇരു സംസ്ഥാനങ്ങളിലും ഭരണം തുടരാനുള്ള വിധിയാണ് ജനങ്ങൾ നൽകിയത്.

6 മാസം മുൻപ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം വൻ നേട്ടമുണ്ടാക്കിയ ( 48ൽ 31 സീറ്റ്) മഹാരാഷ്ട്രയിൽ അസംബ്ലി തെരഞ്ഞെടുപ്പിൽ അവർ അക്ഷരാർത്ഥത്തിൽ തകർന്നടിഞ്ഞത് പലരെയും അതിശയിപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം മുതൽ രണ്ടര ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ള കുടുംബങ്ങളിലെ വനിതകൾക്ക് 1500 രൂപ പ്രതിമാസം നൽകി തുടങ്ങിയ “ലഡ്കി ബഹിൻ യോജന” യാണ് കാര്യങ്ങൾ ഭരണ മുന്നണിക്ക് അനുകൂലമാക്കിയതെന്ന വിലയിരുത്തലുകളുണ്ട്. ഝാർഖണ്ഡ് സർക്കാരും വനിതകൾക്ക് ചില ആനുകൂല്യങ്ങൾ നൽകി തുടങ്ങിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ പ്രതിപക്ഷസഖ്യമായ “മഹാ വികാസ് അഗാഡി”യിലെ കക്ഷികൾ ഏറെ ഐക്യത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് ഓളം സൃഷ്ടിച്ചിരുന്നു. അന്ന് പ്രകടമായ ഐക്യം ഇത്തവണ ദൃശ്യമല്ലായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ആർഎസ്എസ് അണികൾ പിൻവലിഞ്ഞി രുന്നത് എൻഡിഎക്ക് വലിയ തിരിച്ചടി സൃഷ്ടിച്ചിരുന്നു. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ ഇവർ സജീവമായി ഉണ്ടായിരുന്നത് ഭരണമുന്നണിയുടെ വിജയത്തിന്റെ പ്രധാന ഘടകമായി വിലയിരുത്തപ്പെടുന്നു.

തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് ഏറെ ഗൗരവമാർന്ന സംശയങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ദുരൂഹമായ നടപടികളിന്മേൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു വിശദീകരണവും ഇതുവരെ നൽകിയിട്ടില്ല. പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിലും നിരവധി മണ്ഡലങ്ങളിൽ വലിയ വ്യത്യാസം വന്നിട്ടുള്ളതായി ആക്ഷേപമുണ്ട്.
തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും സംശുദ്ധവുമായി നിലനിർത്തേണ്ട ചുമതല കമ്മീഷനുണ്ട്.

വോട്ടർമാരെ സ്വാധീനിച്ച് തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കുവാൻ വാഗ്ദാനങ്ങളും ആനുകൂല്യങ്ങളും നല്കുന്നത് ജനാധിപത്യ വ്യവസ്ഥക്ക് അഭികാമ്യമാണോയെന്ന് വിലയിരുത്തപ്പെടേണ്ടതുണ്ട്. അടുത്ത സർക്കാരിനെയാണ് യാണല്ലോ തെരഞ്ഞെടുക്കുന്നതെന്ന തിരിച്ചറിവ് പൊതുസമൂഹത്തിനുണ്ടെന്ന് കരുതുക വയ്യ. ജനതയെ ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ
ചർച്ചയാവാതിരിക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കുന്ന പ്രവണത വ്യാപിക്കുന്നു. വിവാദങ്ങളുണ്ടാക്കി ജനശ്രദ്ധ തിരിച്ചു വിടുന്നത് കാണുന്നു. മാധ്യമങ്ങൾക്കും അടിസ്ഥാന വിഷയങ്ങൾ തമസ്കരിക്കുന്നതിൽ വലിയ പങ്കുണ്ട്.

തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോകളിൽ പണമായും സൗജന്യ സേവനങ്ങളായുമുള്ള വാഗ്ദാനങ്ങൾക്ക് പ്രാധാന്യം നല്കുന്നത് ഏറുന്നു. ഭരണകക്ഷിയാവട്ടെ തെരഞ്ഞെടുപ്പിന് അടുത്ത് വിവിധ പദ്ധതികളിലൂടെ പണം ലഭ്യമാക്കുക, ഉത്ഘാടന ഘോഷയാത്ര തുടങ്ങിയവയിലൂടെ തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുന്നു ! നേരത്തെ സർക്കാർ ജനങ്ങൾക്ക് നേരിട്ട് പണം നൽകുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ നിലവിലില്ലായിരുന്നു. തമിഴ്നാട്ടിൽ സൈക്കിളും ടെലിവിഷനു മൊക്കെ വാഗ്ദാനം ചെയ്യുന്നത് പതിവായിരുന്നു.

കേരളത്തിൽ അർഹരായ പരിമിത വിഭാഗങ്ങൾക്ക് നല്കിയിരുന്ന ക്ഷേമപെൻഷനുകൾ തെരഞ്ഞെടുപ്പ് വിജയത്തിനുതകി യിരുന്നോയെന്ന് സംശയം. പിൽക്കാലത്ത് വോട്ട് ലക്ഷ്യം വച്ച് പെൻഷൻ വ്യാപിപ്പിക്കുന്നത് കേരളത്തിലും കണ്ടുവരുന്നുണ്ട്. മൂന്നര പതിറ്റാണ്ടിനു ശേഷം കേരളത്തിൽ ഒരു മുന്നണിക്ക് ഭരണത്തുടർച്ച നൽകിയ 2021 ലെ തെരഞ്ഞെടുപ്പിൽ ഭക്ഷ്യ കിറ്റ് വിതരണം സ്വാധീനം ചെലുത്തിയെന്ന് ചർച്ചയായി. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആനുകൂല്യങ്ങൾ 5 വാഗ്ദാനം ചെയ്ത് നേട്ടമുണ്ടാക്കിയെന്ന് പറയുന്നു.

ധനശാസ്ത്ര സിദ്ധാന്തങ്ങൾക്ക് വിരുദ്ധമാകാമെങ്കിലും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കമായവർക്ക് ഭരണകൂടം നേരിട്ട് പണം നൽകുന്നത് തെറ്റെന്നു പറയാനാവില്ല. എന്നാൽ അത് ഭരണകൂടത്തിന്റെ ഔദാര്യമായി ചിത്രീകരിക്കുന്നത് തെറ്റാണ്. ഗുണഭോക്താക്കളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രവൃത്തിയാണത്. ഭരണഘടന ഉറപ്പു നൽകുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമായാവണം ഇത്തരം ആനുകൂല്യങ്ങൾ വിതരണം ചെയ്യേണ്ടത്.

ഇപ്രകാരം അനുകൂല്യങ്ങൾ ലഭിക്കുന്ന സാധാരണക്കാരും പിന്നാക്ക ജനവിഭാഗങ്ങളും അതിൽ കൂടുതൽ തുക പരോക്ഷ നികുതിയിനത്തിൽ സർക്കാരിന് കൊടുക്കുന്നുണ്ടെന്നും കണക്കുകൾ വെളിപ്പെടുത്തുന്നു. കേരള സർക്കാരിൻ്റെ പ്രധാന വരുമാന സ്രോതസുകൾ ലോട്ടറിയും മദ്യവുമാണല്ലോ. രണ്ടിലും ഇരകൾ ക്ഷേമ പെൻഷനുകൾ വാങ്ങുന്ന പാവങ്ങളും !
നമ്മൾ ചെലവഴിക്കുന്ന ഓരോ രൂപയിലും നിശ്ചിത ശതമാനം നികുതിയിനത്തിൽ സർക്കാർ വസൂലാക്കുന്നത് GST കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. പെട്രോളിയം ഉത്പന്നങ്ങൾ മുതൽ പലവ്യഞ്ജനങ്ങളും ഉപഭോഗവസ്തുക്കളും വരെ. സംസ്ഥാന ബജറ്റിൽ സാധാരണക്കാരൻ്റെ നികുതി വിഹിതം 25 വർഷം കൊണ്ട് 13% ൽ നിന്നും 43% എന്ന് വർദ്ധിച്ചതായി സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. ജോസ് സെബാസ്റ്റ്യൻ ഒരു പ്രഭാഷണത്തിൽ നിരീക്ഷിക്കുന്നുണ്ട്.

പാവപ്പെട്ടവന്റെ മുഖം ഓർത്ത് വേണം പദ്ധതികൾ ആസൂത്രണം ചെയ്യാനെന്ന് ആവർത്തിച്ചു പറഞ്ഞ ഗാന്ധിജിയെ വിസ്മരിച്ചുകൊണ്ട് സമ്പന്നർക്കും കോർപ്പറേറ്റുകൾക്കും വേണ്ടിയുള്ള ഭരണമായി. അടിസ്ഥാന ജനവിഭാഗങ്ങൾക്കായുള്ള ക്ഷേമ പദ്ധതികളുടെ അടങ്കൽ തുക ബഡ്ജറ്റിന്റെ ചെറിയ ശതമാനം മാത്രമാണ്. ഇതിൻ്റെ പല മടങ്ങ് കോർപ്പറേറ്റുകൾക്ക് നികുതി ഇളവുകളായി, സൗജന്യങ്ങളായി , വായ്പകൾ എഴുതിത്തള്ളുന്നതിലൂടെ ലഭ്യമാക്കുന്നു. വോട്ടർമാരുടെ എണ്ണത്തിൽ മാത്രമേ നമുക്ക് ഒന്നാം സ്ഥാനം അവകാശപ്പെടാനാവൂ. ജനാധിപത്യത്തിന്റെ ഗുണമേന്മയിൽ നാമേറെ പിന്നിലായിരിക്കും.

നമ്മുടേതു പോലുള്ള പ്രാതിനിധ്യ ജനാധിപത്യ സംവിധാനത്തിൽ പൗരന്റെ ഏറ്റവും പ്രധാനവും അടിസ്ഥാനപരവുമായ അവകാശവും ഉത്തരവാദിത്വവുമാണ് തങ്ങളെ പ്രതിനിധീകരിക്കേണ്ട അംഗത്തെയും ഭരിക്കേണ്ട കക്ഷിയെയും/ മുന്നണിയെയും സൂക്ഷ്മതയോടെ തെരഞ്ഞെടുക്കുകയെന്നത്. ഈ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ സ്വയം സൃഷ്ടിച്ചെടുക്കുന്ന ഊതി വീർപ്പിച്ച പ്രതിച്ഛായയുടെയോ എതിരാളികൾക്ക് നേരെയുള്ള വ്യക്തിഹത്യകളുടെയോ വർഗീയതയുടെയോ കപട വാഗ്ദാനങ്ങളുടെയോ (അവകാശപ്പെട്ടതെങ്കിലും) ഔദാര്യം പോലെ വച്ചു നീട്ടുന്ന പണത്തിന്റെയോ സ്വാധീനത്തിലാവുമ്പോൾ പരാജയപ്പെടുന്നത് ജനാധിപത്യം തന്നെയാണ്.

Leave a comment

Your email address will not be published. Required fields are marked *