Blog Post

Swaraj Today > News > വായന > കാശുള്ളവരും കവാത്തുമറക്കുന്നവരും

കാശുള്ളവരും കവാത്തുമറക്കുന്നവരും

സ്വകാര്യവല്‍ക്കരണവും ശിങ്കിടിമുതലാളിത്തവും
രചന: ഡോ. തോമസ് ഐസക്
പ്രസാധനം: ചിന്ത പബ്ലിഷേഴ്സ്
വില: 220 രൂപ

സീസറും ടിപ്പുവുമൊക്കെ ഇന്നും ജീവിക്കുന്നുണ്ട്; വെറുതെ ജീവിക്കുകയല്ല, നാലാളറിഞ്ഞു തന്നെ ജീവിക്കുകയാണ്. നാലുകാലിലാണെന്നു മാത്രം. ചിലപ്പോള്‍ കഴുത്തിലൊരു തുടലോ അല്ലെങ്കില്‍ ചലനസ്വാതന്ത്ര്യം തടഞ്ഞുകൊണ്ട് ചുറ്റിലും അഴികളോ കാണാം. ഒരു കാലത്തെ വില്ലാളിവീരന്‍മാര്‍ക്കു വന്നു ചേരാവുന്ന ദുര്യോഗത്തിന്റെ അങ്ങേയറ്റത്തെ അവസ്ഥയാണിത്. നാളും പക്കവും നോക്കി കൃത്രിമമായി പ്രജനനം നടത്തിയെടുത്ത് അഭിജാത കെന്നല്‍ ക്ലബ്ബില്‍ രജിസ്റ്റര്‍ ചെയ്ത് വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്കു പേരായി മാറുക എന്ന ദുരന്തം. അങ്ങനെ ടിപ്പുവും കൈസറുമൊക്കെ നാലു വറ്റിനു വാലാട്ടി നില്‍ക്കും, യജമാനപ്രീതി കിട്ടാന്‍ സ്ഥാനത്തും അസ്ഥാനത്തുമൊക്കെ നല്ല ക്രിസ്റ്റല്‍ ക്ലിയറായി കുരച്ചു കൊണ്ടിരിക്കും.

വിപ്ലവവും പ്രത്യയശാസ്ത്രവുമൊക്കെ പരിഹാസ്യമാം വിധം തുടലിന്റെയറ്റത്തും അഴികള്‍ക്കു പിന്നിലുമാകുകയും പേരില്‍ മാത്രം എന്തോ വലിയ സംഭവമായി തുടരുകയും ചെയ്യുക എന്നത് ഒരു കാലത്ത് തങ്ങളുടെ പരിസരങ്ങളെയാകെ ഉണര്‍ത്താനാവും വിധം മുഴക്കത്തില്‍ ഗര്‍ജിക്കാന്‍ കഴിഞ്ഞിരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് എത്തിച്ചേരാനാവുന്ന േേഅങ്ങയറ്റം അപമാനകരമായ അവസ്ഥയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ് എന്ന പേരുകേള്‍ക്കുമ്പോള്‍ വിശേഷാല്‍ ഒരു വികാരവും പുറത്തുള്ളവര്‍ക്കോ അകത്തുള്ളവര്‍ക്കു പോലുമോ തോന്നാതാകുന്നതിനെ ഒരു പുസ്തകമെഴുതി തിരുത്താന്‍ ആരെക്കൊണ്ടെങ്കിലും സാധിക്കുമോ. അങ്ങനെ സാധിക്കുമെന്ന് ആരെങ്കിലും വിചാരിക്കുന്നെങ്കില്‍ അവരുടെ സുബുദ്ധിയെ സംശയിക്കുന്നതാകില്ലേ ഉചിതം. വിപ്ലവ സീസറും വൈരുദ്ധ്യാത്മക ടിപ്പുവുമൊക്കെ ഇപ്പോഴും ഇല്ലാത്തതല്ല പ്രശ്നം. അവയൊക്കെ നാലുകാലില്‍ നില്‍ക്കുകയും സ്ഥാനത്തും അസ്ഥാനത്തും വാലാട്ടുകയും ചെയ്യുന്നു എന്നതാണ്.

ഇതിനിടയിലും വേറൊരു സ്വത്വബോധം കാത്തുസൂക്ഷിക്കേണ്ടത് ചുരുങ്ങിയ പക്ഷം കുരയെല്ലാം കഴിഞ്ഞ് നിവര്‍ന്നൊന്നു കിടന്ന് സ്വസ്ഥമായി മയങ്ങാനെങ്കിലും ആവശ്യമായി വന്നേക്കാം. ഇത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ മാത്രം ദുരവസ്ഥയല്ല. സ്വയം തിരുത്താന്‍ തയ്യാറാകാത്ത ആര്‍ക്കുവേണ്ടിയും കാലം കാത്തുവച്ചിരിക്കുന്ന അപചയമാണിത്. പണ്ടു കൊല്ലും കൊലയുമുണ്ടായിരുന്ന തറവാടായിരുന്നെന്ന ചില കാരണവ വിലാപങ്ങള്‍ കേട്ടിട്ടില്ലേ. കാരണം ഇതു തന്നെ.

ഇതിന്റെ പരിഷ്‌കരിച്ചൊരു വേര്‍ഷന്‍ കാണണമെങ്കില്‍ വായിക്കേണ്ടൊരു പുസ്തകമുണ്ട്. മുന്‍ ധനകാര്യമന്ത്രിയും സാമ്പത്തിക സംഭവമെന്ന് നാലാളു തലകുലുക്കി സമ്മതിക്കുന്ന പ്രതിഭയുമൊക്കെയായ തോമസ് ഐസക്കിന്റെ ‘സ്വകാര്യവല്‍ക്കരണവും ശിങ്കിടിമുതലാളിത്തവും’ എന്ന പുസ്തകം. ഇതു വായിക്കുമ്പോള്‍ മുറ്റിയ മേദസിന്റെ മടക്കുകള്‍ക്കടിയിലും വിപ്ലവ തീക്ഷ്ണമായ പഴയൊരു എല്ലിന്‍കൂടുണ്ടെന്നു നാട്ടുകാരെ കാണിക്കാനുള്ള സത്യാനന്തര കമ്യൂണിസ്റ്റിന്റെ വ്യഗ്രതയ്ക്കപ്പുറം മറ്റൊന്നും തോന്നുകയില്ല എന്നതാണ് പരമാര്‍ഥം.

മുനതേഞ്ഞ വായ്ത്താരികളുടെ ഓര്‍മയുണര്‍ത്തുന്ന വാചകപ്രയോഗങ്ങള്‍ക്ക് ഈ പുസ്തകത്തില്‍ ക്ഷാമമേയില്ല. തലക്കെട്ടിലെ ശിങ്കിടി മുതലാളിത്തം തൊട്ട് ഇത്തരം വായ്ത്താരികള്‍ അഥവാ ജാര്‍ഗണുകള്‍ എണ്‍പതുകളിലെ തോള്‍സഞ്ചി സഖാക്കളെ ഓര്‍മപ്പെടുത്തുന്നെങ്കില്‍ അതു യാദൃച്ഛികമേയല്ല. അതിന്റെ ബലത്തിലാണല്ലോ അരനൂറ്റാണ്ടിനു ശേഷം ശിങ്കിടി ഭരണം അസലായി മുന്നോട്ടുകൊണ്ടു പോകാനും എല്ലാം ശരിയാക്കിക്കളയുമെന്നു വീണ്‍വാക്കു പറയാനും മെഗാതിരുവാതിരകളിലെ വാഴ്ത്തുവാക്കുകളില്‍ ഗൃഢസ്മിതം കൊള്ളാനും പാര്‍ട്ടിപ്രഭുക്കന്‍മാര്‍ക്കു സാധിക്കുന്നത്. അങ്ങനെ വായ്ത്താരികള്‍ അവയുടെ ചരിത്രപരമായ ദൗത്യം പൂര്‍ത്തിയാക്കുന്നു.

ഈ പുസ്തകത്തില്‍ ആദ്യ രണ്ട് അധ്യായവും അതിനു മുമ്പുള്ള ആമുഖവും പൊതുവായ രീതിയിലുള്ള വിഷയാവതരണമാണ്. എന്തുകൊണ്ട് സ്വകാര്യവല്‍ക്കരണം, പൊതുമേഖലാ സ്വകാര്യവല്‍ക്കരണം ഒരു വിഹഗ വീക്ഷണം എന്നീ രണ്ട് അധ്യായങ്ങള്‍ ആമുഖത്തിനൊപ്പം ചേര്‍ന്ന് 21 പേജുകള്‍ നിറയ്ക്കുന്നു. അതിനു ശേഷം ബാല്‍കോ മുതല്‍ അദാനി വരെയുള്ള ഉദാഹരണബദ്ധമായ പഠനങ്ങള്‍ക്കാണ് 13 അധ്യായങ്ങള്‍ നീക്കി വച്ചിരിക്കുന്നത്. അവസാന അധ്യായത്തിലെത്തുമ്പോള്‍ പുസ്തകത്തിന്റെ തലക്കെട്ടു തന്നെ അധ്യായത്തിന്റെ തലക്കെട്ടുകൂടിയായി മാറുന്നു. ഇതിലേക്കാണോ ഇത്രയും പറഞ്ഞ് പുസ്തകം എത്തിച്ചത് എന്നു ചിന്തിക്കുമ്പോള്‍ വെറും പതിനൊന്നു പേജ് മാത്രമുള്ള അവസാന അധ്യായം മലവന്ന് എലിയെ പ്രസവിച്ചു എന്നു പറയുന്നതു പോലെ വല്ലാതെ ശുഷ്‌കിച്ചു പോകുകയും ചെയ്യുന്നു. ആകെ 160 പേജുകളുള്ള ഈ പുസ്തകത്തിന് പ്രസാധകരായ ചിന്ത പബ്ലിഷേഴ്സ് 220 രൂപയാണ് വിലയിട്ടിരിക്കുന്നത്.

തോമസ് ഐസക്കിന്റെ ഈ പുസ്തകത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അടിസ്ഥാനപരമായ രണ്ടു സത്യങ്ങളുണ്ട്. ഒന്നാമത്തേത് ഇതില്‍ പറഞ്ഞിരിക്കുന്ന ഉദാഹരണങ്ങള്‍ ഒന്നൊഴിയാതെ എല്ലാം ദേശീയ ശ്രദ്ധയാകര്‍ഷിച്ച സ്വകാര്യവല്‍ക്കരണങ്ങളോ വിറ്റൊഴിക്കലുകളോ തന്നെയാണ്. സ്പെക്ട്രം കച്ചവടം മുതല്‍ മോദിയുമൊത്തുള്ള അദാനിയുടെ കൂട്ടുകച്ചവടം വരെ എല്ലാം അതില്‍ തന്നെ പ്രാധാന്യമുള്ളവ തന്നെയാണ്. പൊതുവേ ഇവയൊക്കെ വാജ്പേയ്, മന്‍മോഹന്‍സിംഗ് കാലത്തിലൂടെ സഞ്ചരിച്ച് മോദിയുഗത്തില്‍ പൂര്‍ണ വളര്‍ച്ചയെത്തുന്ന സ്വകാര്യവല്‍ക്കരണത്തിന്റെ കഥകള്‍ മാത്രമാണ് പറഞ്ഞു വയ്ക്കുന്നത്.

ബിഎസ്എന്‍എലിനെ തകര്‍ത്തതിന്റെ കഥയും വൈദ്യുതി മേഖലയുടെ സ്വകാര്യവല്‍ക്കരണവും റെയില്‍വേയിലേക്ക് സ്വകാര്യ കച്ചവട താല്‍പര്യങ്ങളുടെ കടന്നു കയറ്റവും ഇന്‍ഷ്വറന്‍സ്, എണ്ണ, ഖനി, ഊര്‍ജം, തുറമുഖം, വ്യോമഗതാഗതം തുടങ്ങിയ മേഖലകളിലെ മുതലാളിത്ത സാന്നിധ്യത്തിന്റെ വളര്‍ച്ചയും ആര്‍ക്കും നിഷേധിക്കാനാവാത്ത കാര്യങ്ങള്‍ എന്നതിലുപരി അവയ്ക്കു ചുക്കാന്‍ പിടിക്കുന്ന അധികാര കേന്ദ്രങ്ങള്‍ പോലും ഒളിവും മറവുമില്ലാതെ സമ്മതിക്കുന്ന കാര്യങ്ങള്‍ കൂടിയാണ്. അതായത് ഗ്രന്ഥകര്‍ത്താവിന്റെ ഗവേഷണത്തിന്റെയോ കണ്ടുപിടത്തത്തിന്റെയോ ആവശ്യമില്ലാതെ പൊതുമണ്ഡലത്തില്‍ തന്നെ വിവരങ്ങളെല്ലാം വേണ്ടത്രയുള്ളതും മറവില്ലാതെ ആഘോഷിക്കപ്പെടുന്നതുമായ കാര്യങ്ങളാണ് ഇവയെല്ലാം.

ചെണ്ടകൊട്ടി ആഘോഷപൂര്‍വം നടത്തപ്പെടുന്നു എന്നതു മാത്രമല്ല ഇവയുടെ പ്രത്യേകത. ഇതിനു പിന്‍ബലമേകുന്ന വളരെ കൃത്യമായ രാഷ്ട്രീയ പരിസരം കാര്‍മിക സ്ഥാനത്തു നില്‍ക്കുന്ന കേന്ദ്രഗവണ്‍മെന്റ് മറവൊന്നുമില്ലാതെ അവതരിപ്പിക്കുകയൊ പ്രതിരോധമൊന്നുമില്ലാതെ സമ്മതിക്കുകയോ ചെയ്യുന്നുമുണ്ട്. തീവ്ര വലതുപക്ഷ കാഴ്ചപ്പാടാണ് ഇങ്ങനെ അവതരിപ്പിക്കപ്പെടുന്നതെന്നു മാത്രം. എങ്കില്‍ കൂടി അതിലൊരു രാഷ്ട്രീയ സത്യസന്ധതയുണ്ടെന്നു സമ്മതിച്ചേ തീരൂ. ലോകത്ത് ഭൂരിപക്ഷം രാജ്യങ്ങളിലും വളരെ കാര്യക്ഷമമായി നടപ്പാക്കിപ്പോരുന്നതുമാണീ വലതുപക്ഷ കാഴ്ചപ്പാട്. ഇതനുസരിച്ച് വണ്ടിയോടിക്കുകയും വിമാനം പറത്തുകയും ബാങ്ക് നടത്തുകയും പെട്രോള്‍ വില്‍ക്കുകയുമൊന്നുമല്ല തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വം. ഇവയെല്ലാം കൈയില്‍ തുട്ടുള്ളവന്‍ ചെയ്യട്ടെ. നേരേ ചൊവ്വേ ഇക്കൂട്ടര്‍ ബിസിനസ് ചെയ്യുന്നുവെന്നും പൊതുജനത്തിന് മുടക്കം കൂടാതെ ഈ സൗകര്യങ്ങളെല്ലാം കിട്ടുന്നുവെന്നും ഉറപ്പാക്കുക മാത്രമാണ് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വം. ഇതിനെയാണ് ഗവേണന്‍സ് എന്നു വലതുപക്ഷം വിളിക്കുന്നത്. ഗവേണന്‍സിനു വേണ്ടിയാണ് ഗവണ്‍മെന്റുള്ളത്. തീവ്രത കൂടിയതോ തീവ്രത കുറഞ്ഞതുതോ ആയ വലതുപക്ഷ കാഴ്ചപ്പാടുകളാണ് ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളെയും ഇന്നു നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. എന്നുമാത്രമല്ല ഇടതുപക്ഷമെന്നു പറയുന്ന ഏതെങ്കിലും രാജ്യം ഇന്നു ലോകത്തുണ്ടെങ്കില്‍ അവയൊക്കെയും പിന്തുടരുന്നത് വലതുപക്ഷ സമീപനങ്ങള്‍മാത്രമാണെന്നു തിരിച്ചറിയണമെങ്കില്‍ ചങ്കിലെ ചൈനയിലേക്ക് ഒന്നെത്തി നോക്കിയാല്‍ മതി.

നോക്കൂ, ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ ഇക്കുറി ഭരണത്തിലേറാന്‍ പോകുന്നത് അവിടുത്തെ വലിയ അദാനിയായ ഇലോണ്‍ മസ്‌കിനെ കൂടി മന്ത്രിയാക്കിക്കൊണ്ടാണ്. ഓര്‍ക്കണം, തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപിന്റെ സ്പോണ്‍സറായ കുത്തക മുതലാളിയായിരുന്നു മസ്‌ക്. ഇതുമായി തട്ടിച്ചു നോക്കുമ്പോള്‍ അദാനി പണം കൊടുക്കുന്നതിനപ്പുറം മന്ത്രിക്കസേരയൊന്നും ഒരു ഗവണ്‍മെന്റിനോടും ചോദിക്കുന്നില്ലല്ലോ. മന്ത്രിയാക്കിയാല്‍ എന്താണ് തെറ്റെന്ന് തിരികെ ഒരു മന്ത്രിയും ചോദിക്കുന്നതുമില്ല. പകരം പണം കൊടുത്തവന് തന്നെ വിമാനത്താവളങ്ങളും തുറമുഖങ്ങളും ഒരു ഒളിയോ മറയോ ഇല്ലാതെ കൊടുക്കുകയും ചെയ്യുന്നു. ആവുന്നത്ര വിദേശ രാജ്യങ്ങളില്‍ കച്ചവടം കിട്ടുന്നതിനു വേണ്ട രീതിയില്‍ രാജ്യാന്തര യാത്രകളില്‍ കൂടെ കൊണ്ടുപോകുകയോ ബാങ്കുകളെ ലയിപ്പിക്കുകയോ ഫണ്ട് ലഭ്യമാക്കിക്കൊടുക്കുകയോ ഓഹരിക്കമ്പോളത്തില്‍ ഇടപെട്ടു സഹായിക്കുകയോ ഒക്കെ ചെയ്യുന്നു. എന്തു തന്നെയായാലും ഇതിനൊക്കെ അനുവാദം കൊടുക്കുന്ന വലതുപക്ഷ സമീപനമാണ് തങ്ങളുടേതെന്ന് തുറന്നു പറയുന്നു, തുറന്നു വ്യക്തമാക്കുന്നു.

തോമസ് ഐസക്കിന്റെ പുസ്തകം അടിസ്ഥാനപരമായി രണ്ട് അപരാധങ്ങളാണ് ചെയ്യുന്നത്. ഒന്ന് ഇതിന്റെ വടക്കുനോക്കി സ്വഭാവമാണ്. രണ്ട് ശിങ്കിടി മുതലാളിത്തത്തിന്റെ നാനാര്‍ഥങ്ങള്‍ക്കു നേരേയുള്ള കണ്ണടയ്ക്കലാണ്. വടക്ക് അഥവാ ഡല്‍ഹിയില്‍ എന്താണോ നടക്കുന്നത് അതു തന്നെയാണ് തെക്ക് അഥവാ തിരുവനന്തപുരത്തും നടക്കുന്നത്. ആകെയുള്ള വ്യത്യാസം ആന വായ് പൊളിക്കുന്ന വ്യാസത്തില്‍ വായ് പൊളിക്കാന്‍ അണ്ണാനു പറ്റുന്നില്ല എന്നതു മാത്രം. ഡല്‍ഹിയിലെ അണ്ണന്‍ കയറിയിരിക്കുന്ന വണ്ടിയില്‍ തന്നെയാണ് തിരുവനന്തപുരത്തെ തമ്പിയും കയറിയിരിക്കുന്നത്. അണ്ണന് ചെയ്യുന്ന കാര്യത്തിന് ഒളിവും മറയും വേണ്ടെങ്കില്‍ തമ്പിക്ക് ഇതു രണ്ടും വേണം. തമ്പിക്ക് രാവെളുക്കുവോളം താറഴിച്ചാലും രാവിലെ എഴുന്നേറ്റ് തറ്റുടുത്തു നിന്ന് സോഷ്യലിസത്തിന്റെ ചാരിത്രപ്രസംഗം നടത്തേണ്ടതുണ്ട്. ഇതൊക്കെ അറിയാമെന്നു മാത്രമല്ല, പലതിനും കാര്‍മികനായതും ചൂട്ടുപിടിച്ചതും ധനകാര്യമന്ത്രിയെന്ന നിലയില്‍ ഗ്രന്ഥകര്‍ത്താവായ തോമസ് ഐസക്ക് തന്നെയായിരുന്നു.

അദാനിയെ വിമര്‍ശിക്കാന്‍ ആരെക്കൊണ്ടും പറ്റും, കാരണം താന്‍ ചെയ്യുന്നതെല്ലാം നൈതികമായ ശരികള്‍ മാത്രമാണെന്ന് സാക്ഷാല്‍ ഗൗതം അദാനി പോലും പറയുമെന്നു തോന്നുന്നില്ല. എന്നാല്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് കൈവെള്ളയില്‍ വച്ചുകൊടുക്കുന്നത് തോമസ് ഐസക് കൂടി ഉള്‍പ്പെടുന്ന മന്ത്രിസഭയായിരുന്നല്ലോ. ഇതിനു പിന്നില്‍ നടത്തിയ നാടകത്തെ ഇരട്ടത്താപ്പ് എന്നല്ല മുത്താപ്പെന്നോ നാല്‍ത്താപ്പെന്നോ ഒക്കെ വിളിക്കേണ്ടേ. സംസ്ഥാന ഗവണ്‍മെന്റ് ബിഡ് ചെയ്ത തുകയുടെ ഫയല്‍ നീക്കത്തിനു പിന്നില്‍ പോലും അദാനിയുടെ അദൃശ്യസാന്നിധ്യമുണ്ടായിരുന്നുവെന്ന് മാധ്യമങ്ങള്‍ അന്നേ തെളിയിച്ചതാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലെത്തിയാല്‍ എത്രവേഗത്തിലാണ് അദാനിപക്ഷം ശരിപക്ഷവും കടപ്പുറത്തെ മീന്‍മണമുള്ള തദ്ദേശ ജനതയുടേത് രാജ്യദ്രോഹപക്ഷവുമാകുന്നത്. ശംഖുമുഖം വിമാനത്താവളത്തിലോ വിഴിഞ്ഞം തുറമുഖത്തിലോ ഇല്ലാത്ത ഒരു ശിങ്കിടി മുതലാളിത്തവും അദാനി ഗ്രീന്‍ എനര്‍ജിയിലും അദാനി പവറിലും അദാനി പോര്‍ട്സിലും ഇല്ലെന്ന് ആര്‍ക്കാണറിഞ്ഞു കൂടാത്തത്. ആകെയുള്ള വ്യത്യാസം ആദ്യം പറഞ്ഞതു പോലെ ആന വായ് പൊളിക്കുന്നതും അണ്ണാന്‍ വായ് പൊളിക്കുന്നതും തമ്മിലുള്ള വ്യാസത്തിലെ വ്യത്യാസം മാത്രമാണ്. പണമാണ് കണക്കുകള്‍ പറയുന്നത്. പൊളിക്കുന്ന വായില്‍ കൊള്ളുന്ന ഉരുളയല്ലേ അദാനിക്കായാലും വച്ചു തരാന്‍ സാധിക്കൂ.

അദാനി അവിടെ നില്‍ക്കട്ടെ. യൂസഫലിയിലേക്കോ രവി പിള്ളയിലേക്കോ ഒക്കെ വന്നാലും ചങ്ങാത്തമുതലാളിത്തം എന്നതിന്റെ അര്‍ഥം മാറുക അസാധ്യമാണല്ലോ. എവിടെയും പണം തന്നെയാണ് കണക്കു പറയുന്നത്. കൈയില്‍ പണമുള്ളവനെ കാണുമ്പോള്‍ കവാത്തു മറക്കുന്നത് ക്വയറ്റ് നാച്വറല്‍. ഇതു തുറന്നു സമ്മതിക്കാനുള്ള മടിയെയാണ് ഹിപ്പോക്രസി അഥവാ ആത്മവഞ്ചനയെന്നു വിളിക്കുന്നത്. രാത്രിയില്‍ വാസവദത്തയും പകല്‍ ശീലാവതിയുമാകാനുള്ള ശ്രമം പൊളിയാതെ കൊണ്ടു നടക്കുക എന്നത് കേരളം പോലെ മാധ്യമജാഗ്രതയുള്ള സംസ്ഥാനത്തും സിറ്റിസന്‍ ജേര്‍ണലിസം പോലെയുള്ള ഇന്റര്‍നെറ്റ് സാധ്യകളുടെ പശ്ചാത്തലത്തിലും നടക്കില്ല എന്ന് കുമാരപിള്ള സാറന്മാര്‍ പഠിക്കേണ്ടിയിരിക്കുന്നു. നമ്മളെന്തു ചെയ്യും മല്ലയ്യാ.

ഒരു കാര്യം ശരിയാണ് സ്റ്റഡി ക്ലാസുകള്‍ക്കുള്ള കൈപ്പുസ്തകമായി തോമസ് ഐസക്കിന്റെ ഈ ഗ്രന്ഥം എകെജി സെന്ററിനു വേണമെങ്കില്‍ കീഴ്ഘടകങ്ങളിലേക്ക് ശുപാര്‍ശ ചെയ്യാം. അപ്പോഴുമുണ്ടൊരു പ്രശ്നം. ഓരോ നാട്ടിലും കാണും അവിടുത്തെ ചില കരിമണല്‍ കര്‍ത്താക്കന്‍മാര്‍. ഇവരുടെയും അതതു നാടുകളിലെ ബാര്‍ ഹോട്ടല്‍ മുതലാളിമാരുടെയും ക്വാറി-ക്രഷര്‍ മാഫിയകളുടെയും നൂറായിരം കഥകള്‍ ഓരോ ഏരിയ കമ്മിറ്റിയിലും കറങ്ങി നടക്കുന്നുണ്ടായിരിക്കുമല്ലോ. സ്റ്റഡി ക്ലാസില്‍ വന്നിരിക്കുന്ന പുതുതലമുറയില്‍ പെട്ടവര്‍ ശിങ്കിടി മുതലാളിത്തത്തിന്റെ പുതു കഥകളും ചെറുകഥകളും സ്വന്തം ചുറ്റുവട്ടത്തു നിന്നു തന്നെ കണ്ടെത്തുകയും ഇതിലെ പതിമുന്ന് അധ്യായങ്ങള്‍ക്കു പകരം അതിന്റെ പലമടങ്ങ് ചെറുകഥകളുടെ ടിപ്പണി സ്വന്തം നിലയില്‍ എഴുതി ചേര്‍ക്കുകയും ചെയ്തേക്കാം. അതുകൊണ്ട് ഇരുന്നു മൂത്ത സഖാക്കള്‍ക്കായി ഒരു തുടര്‍പഠന പരിപാടി ക്രമീകരിക്കുകയും അതിനു പാഠപ്പുസ്തകമോ ഉപപാഠപ്പുസ്തകമോ ആയി തോമസ് ഐസക്കിന്റെ ഈ പുസ്തകം നിശ്ചയിക്കുകയും ചെയ്യാം. എന്നാലും തോമസ് ഐസക്ക്, ഇന്നത്തെ കാലത്ത് ഇങ്ങനെയൊരു പുസ്തകം എഴുതാന്‍ കാണിച്ച തന്റേടം, അത് ഒരു ഒന്നൊന്നര തന്റേടം തന്നെ.

Leave a comment

Your email address will not be published. Required fields are marked *