Blog Post

Swaraj Today > News > മതം > ഹിന്ദുത്വ അല്ല ഹൈന്ദവ ധര്‍മം:ആനന്ദ് പട്‌വര്‍ധന്‍

ഹിന്ദുത്വ അല്ല ഹൈന്ദവ ധര്‍മം:ആനന്ദ് പട്‌വര്‍ധന്‍

പ്രമുഖ ഡോക്യുമെൻ്ററി സംവിധായകനും മനുഷ്യാവകാശ പോരാളിയുമായ ആനന്ദ് പട് വർദ്ധൻ ഗാന്ധിയൻ കളക്ടീവിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച വെബ് മാഗസിന് (swarajtoday.in) ആശംസകളർപ്പിച്ച് സംസാരിക്കുകയുണ്ടായി. എറണാകുളത്ത് സംഘടിപ്പിച്ചിരുന്ന ഗാന്ധിയൻ കോൺഗ്രസ്@100 സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ഉയർന്നു വന്നിട്ടുള്ള മതവർഗ്ഗീയതയേയും വിഭാഗിതയേയും ജാതി സ്പർദ്ധകളെയും അഭിസംബോധന ചെയ്യുന്നതാണ് പട്വർദ്ധൻ്റെ ചിത്രങ്ങൾ. പരിസ്ഥിതി സാമൂഹ്യ രാഷ്ട്രീയ മേഖലകളിലും അദ്ദേഹം സക്രിയമായി ഇടപെട്ടു കൊണ്ടിരിക്കുന്നു. ബോംബെ ഔർ സിറ്റി (ഹമാര ശഹർ)- 1985, രാം കെ നാം -1992, പിതാവും പുത്രനും പരിശുദ്ധയുദ്ധവും – 1995, നർമ്മദ ഡയറി- 1995, വാർ ആൻ്റ് പീസ് – 2002, ജെയ് ഭീം കോമ്രേഡ് – 2011, വസുധൈവ ക കുടുംബകം – 2023 തുടങ്ങിയവ അദ്ദേഹത്തിൻ്റെ ഏതാനും ചില പ്രശസ്ത ഡോക്യുമെൻ്ററികളാണ്. ശ്രീ. ആനന്ദ് പട് വർദ്ധനുമായുള്ള അഭിമുഖത്തിൽ നിന്ന്..
ഗാന്ധിയൻ കളക്ടീവിൻ്റെ മുൻകൈയിൽ മലയാളത്തിൽ തുടക്കം കുറിച്ചിട്ടുള്ള സ്വരാജ് ടുഡേ വെബ് മാഗസിൻ നവമാധ്യമ രംഗത്തേയ്ക്കുള്ള വളരെ പ്രധാനപ്പെട്ട ഇടപെടലായി ഞാൻ കരുതുന്നു. ഇംഗ്ലീഷ് ഉൾപ്പെടെ മറ്റ് ഭാഷകളിലും ഇതിൻ്റെ തുടർച്ചയുണ്ടാവട്ടെയെന്നും ആഗ്രഹിക്കുന്നു. ഗാന്ധിജിയ്ക്കും ഗാന്ധിയൻ മൂല്യങ്ങൾക്കുമെതിരെ ഹിന്ദുത്വ എന്ന് സ്വയം അവകാശപ്പെടുന്നവരിൽ നിന്ന് രാജ്യമൊട്ടാകെ കൊടിയ ആക്രമണം നേരിട്ടു കൊണ്ടിരിക്കുന്ന കാലമാണിത്. ‘ഹിന്ദുത്വ’ യെന്ന് പറയുന്നത് ഹൈന്ദവ ധർമ്മമല്ല മറിച്ച് അത് ഹിന്ദുവിൻ്റെ പേരിലുള്ള ഫാസിസമാണ്. അതിനാൽ തന്നെ അത് ഹൈന്ദവ വിരുദ്ധവുമാണ്. സാർവ്വലൗകികമായ ഗാന്ധിയൻ മൂല്യങ്ങൾക്ക് അവർ എതിരാണ്. ഗാന്ധിജി ഒരിക്കലും വിഭജനത്തിൻ്റെയും വെറുപ്പിൻ്റെയും വക്താവായിരുന്നില്ല. ഒരർത്ഥത്തിൽ യഥാർത്ഥ അത്മീയതായിരുന്നു അദ്ദേഹം മുന്നോട്ടുവച്ചത്. എല്ലാ മതങ്ങളും സാരാംശത്തിൽ ഒന്നു തന്നെയായ ആത്മീയത. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഏകീകൃത ഇന്ത്യയെന്നത് ഭാരതത്തിൻ്റെ പരിധികൾ അതിവർത്തിക്കുന്ന ഒരു ലോക വീക്ഷണമാണ്. അതുകൊണ്ട് ഗാന്ധിയൻ മൂല്യങ്ങൾ നാം നിരന്തരം ഓർമ്മിക്കേണ്ടതുണ്ട്. അതോടപ്പം ഗാന്ധിജിയെ കുറിച്ചുള്ള കപട വാർത്തകൾ പ്രതിരോധിക്കേണ്ടതും പ്രധാനമാണ്. വാട്സാപ്പിലൂടെയും മറ്റും വളരെയധികം തെറ്റായ വാർത്തകളാണ് അനുദിനം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. വലതു പക്ഷ ചിദ്രശക്തികൾ എല്ലാം വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നു. ഗാന്ധിജിയുടെ അതിദാരുണമായ കൊലപാതകം വരെ. നെഹ്റുവാണതിനു ഉത്തരവാദിയെന്ന നിലയിൽ വരെയെത്തിനിൽക്കുന്നു കാര്യങ്ങൾ. ഫാസിസ്റ്റ് ശക്തികൾ ഏതറ്റം വരെയും പോകുമെന്നാണിതൊക്കെ കാണിക്കുന്നത്.
ഗാന്ധിജിയെ വ്യക്തി പൂജ നടത്തണമെന്നല്ല പറഞ്ഞു വരുന്നത്. പ്രതിമാ നിർമ്മാണവുമല്ല. യഥാർത്ഥത്തിലുള്ള ഗാന്ധിജിയെ കുറിച്ച് ഗാന്ധിജിയുടെ രാഷ്ട്രീയത്തെ കുറിച്ച് നാം സംസാരിച്ച് തുടങ്ങണം. അത് വർഗ്ഗീയതയെക്കുറിച്ചാവാം. ജാതിപ്രശ്നങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളാവാം. ജാതിപ്രശ്നമെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സവിശേഷവും സങ്കീർണ്ണവുമാണ്. ജാതി വിഷയത്തിൽ തെറ്റായ സാമ്പ്രദായിക കാഴ്ചപ്പാടാണ് ഗാന്ധിജിയ്ക്ക് ആരംഭത്തിലുണ്ടായിരുന്നതെങ്കിലും പിന്നീടദ്ദേഹം വളരെ റാഡിക്കലായ നിലപാടിലെത്തിച്ചേരുകയുണ്ടായി. എല്ലാ കാലത്തും അദ്ദേഹം അയിത്തത്തിന് എതിരായിരുന്നു. അതോടപ്പം സാമൂഹ്യമാറ്റത്തിന് സ്വാതന്ത്ര്യ സമരത്തിൽ ജനസാമാന്യത്തെയും അദ്ദേഹത്തിന് കൂടെ കൂട്ടണമായിരുന്നു. തൊഴിൽ വിഭജനത്തിലധിഷ്ഠിതമായ ചാതുർവർണ്യം തന്നെ തെറ്റായ ആശയമാണ്. തൊഴിൽ വിഭജനം ജന്മനാൽ നിർണ്ണയിക്കേണ്ടതല്ല. അതുവഴി കുട്ടികളും പരമ്പരായ അതേ സാമൂഹ്യാവസ്ഥയിൽ തുടരേണ്ടതുമല്ല. തൻ്റെ ജീവിതത്തിൻ്റെ സായാഹ്നത്തിൽ ഗാന്ധിജി മിശ്രവിവാഹത്തിൻ്റെ വക്താവായി തന്നെ മാറി. മിശ്രവിവാഹത്തിനായി വാദിക്കുന്നുവെന്നതിനർത്ഥം അദ്ദേഹം പൂർണ്ണമായും ജാതിവ്യവസ്ഥയ്ക്ക് എതിരായിയെന്നുള്ളതാണ്. മിശ്രവിവാഹങ്ങൾ തുടരുകയാണെങ്കിൽ ക്രമേണ ജാതിവ്യവസ്ഥ തന്നെ അപ്രത്യക്ഷമാവും.
ഗാന്ധിയൻ കളക്ടീവ് ചെയ്യുന്നത് വലിയൊരു രാഷ്ട്രീയ പ്രവർത്തനമാണ്. അന്ധമായി ഗാന്ധിയെ അനുകരിക്കുകയെന്നതല്ല കാലനുസൃതമായി ഗാന്ധിയെ വായിക്കുയെന്നതാണ്, മനസ്സിലാക്കുകയെന്നതാണ് പ്രധാനം.
ഗാന്ധിജി എല്ലാ കാലത്തും യുദ്ധത്തിനെതിരായിരിക്കുമ്പോൾ തന്നെ ബോർ യുദ്ധത്തിൽ മെഡിക്കൽ കോറിൻ്റെ ഭാഗമായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടിഷുകാർക്ക് അനുകൂലവുമായിരുന്നു. ഗാന്ധിജി നിരന്തരം നവീകരിക്കപ്പെട്ടു കൊണ്ടിരുന്നു സ്വന്തം വീഴ്ചകളിൽ നിന്നദ്ദേഹം പഠിച്ചു. അതാണ് നാമും ചെയ്യേണ്ടത്. നിരന്തരം നവീകരികരിക്കപ്പെടുകയും തെറ്റുകളിൽ നിന്ന് പാഠം പഠിക്കുകയും ചെയ്യുക.
ഈ സത്യാനന്തരസന്നിദ്ധ കാലഘട്ടത്തിൽ നമുക്കെന്താണ് ചെയ്യാൻ കഴിയുക? മാധ്യമമെന്ന നിലയിലുള്ള വെല്ലുവിളികളെ എങ്ങനെയാണ് നേരിടുക ? ഇതിനുത്തരം എനിക്കറിയാമായിരുന്നുവെങ്കിൽ എൻ്റെ ചിത്രങ്ങൾ എല്ലാവരും കണ്ടേനേ? വളരെ കുറച്ചാളുകളെ എൻ്റെ ഡോക്യുമെൻ്ററി ചിത്രങ്ങൾ കണ്ടിട്ടുള്ളു. അതാണ് നമ്മുടെ വിധി. പക്ഷേ നമുക്ക് ചിദ്രശക്തികൾക്കെതിരെയുള്ള പോരാട്ടം തുടർന്നേ പറ്റു. ഈ ചുറ്റുപാടിൽ നമുക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യണം. മുപ്പത്തിനാല് വർഷം മുമ്പ് ഞാൻ നിർമ്മിച്ച രാം കെ നാം എന്ന ഡോക്യുമെൻ്ററി ഫിലിം ഇപ്പോഴും കാണിക്കുന്നുണ്ട്, കാണപ്പെടുന്നുണ്ടെന്നതും ഞാൻ കാണുന്നു. നാം വിശ്വസിക്കുന്നതും നാം പിന്തുടരുന്നതും പ്രാർത്തികമാക്കുന്നതിൽ ഒരു മൂല്യമുണ്ട്. താമസം വിന ജനം കൂടെയുണ്ടാവും. ഒപ്പമെത്തും.

Leave a comment

Your email address will not be published. Required fields are marked *