കേരളീയ സമൂഹത്തെ കുറിച്ചുള്ള നമ്മുടെ ആത്മപ്രശംസകളിൽ ഒന്ന് രാഷ്ട്രീയ പ്രബുദ്ധത സംബന്ധിച്ചാണ് .എന്നാൽഇന്നത്തെ കേരള രാഷ്ട്രീയം ശ്രദ്ധിച്ചാൽ രാഷ്ട്രീയ പ്രബുദ്ധതയെ കുറിച്ചുള്ള നമ്മുടെ വീമ്പിളക്കലിൻ്റെ അർത്ഥമില്ലായ്മ ബോധ്യപ്പെടും.ജനങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്നവരല്ല രാഷട്രീയ പ്രവർത്തകർ .അതുകൊണ്ടുതന്നെ രാഷ്ട്രീയ കക്ഷികളുടെ ഏതു തരത്തിലുമുള്ള ജീർണ്ണതകളുടെയും ഉത്തരവാദിത്വം ജനങ്ങളുടെതു കൂടിയാണ്. രാഷ്ട്രീയ കക്ഷികൾ സമുദായ സംഘടനകളുടെയും താൽപ്പര്യങ്ങളുടെയും ചുറ്റുവട്ടങ്ങളിൽ ചുറ്റിക്കറങ്ങുന്നതിൻ്റെ കാരണമന്വേഷിക്കുമ്പോൾ ബോധ്യമാവുന്ന ഒരു കാര്യം, ഇന്ന് സാധാരണ ജനങ്ങളിൽ ഗണ്യമായ ഒരു വിഭാഗത്തിൻ്റെ മതബോധം അവരുടെ രാഷ്ട്രീയ ബോധത്തെക്കാൾ സജീവമാണെന്നതു തന്നെയാണ്.പിന്നെങ്ങനെയാണു് നാമിനി ഒരു സമൂഹമെന്ന നിലയിൽ രാഷ്ട്രീയമായി പ്രബുദ്ധമാണെന്ന് പറയുക.രാഷ്ട്രീയ കക്ഷികൾ പുറമെ എന്തൊക്കെ പറഞ്ഞാലും ,പ്രാഥമികമായി അധികാരത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘങ്ങളാണ്. തിരഞ്ഞെടുപ്പുകളിലെ വിജയപരാജയങ്ങൾ സംബന്ധിച്ച കണക്കുകൂട്ടലുകളാണ് അവരുടെ രാഷ്ട്രീയ നിലപാടുകളിൽ പ്രതിഫലിക്കുക. ഉന്നതമായ സാമൂഹ്യ ലക്ഷ്യങ്ങളിലേയ്ക്ക് സമൂഹത്തെ രാഷ്ട്രീയമായി നയിക്കുക എന്നതല്ല ഇന്ന് ഒരു രാഷ്ട്രീയ കക്ഷിയുടെയും ലക്ഷ്യം എന്നിടത്താണ് കേവല തിരഞ്ഞെടുപ്പു വിജയ സാധ്യതകൾക്കപ്പുറത്ത് മറ്റൊന്നും പരിഗണിക്കാൻ കഴിയാത്ത വിധത്തിൽ അവരുടെ നിലപാടുകൾ ചുരുങ്ങിപ്പോവുന്നത്.
ആമുഖമായി ഇത്രയും പറഞ്ഞത്, മുനമ്പത്ത് നടന്നു വരുന്ന സമരവും അതിൻ്റെ ചുവടുപിടിച്ച് കേരളത്തിൽ രണ്ടു സമുദായങ്ങൾക്കിടയിൽ വൈരം വളർത്തുന്നതിനു വേണ്ടി നടക്കുന്ന ആസൂത്രിത ശ്രമങ്ങളും ഈ വിഷയത്തിൽ ഏറെ കുറെ തണുത്ത പ്രതികരണങ്ങൾ മാത്രം നടത്തുന്ന മതേതര രാഷ്ട്രീയ കക്ഷികളുടെ നിലപാടുകളും മനസ്സിൽ വച്ചു കൊണ്ടാണ്.ഭൂരിപക്ഷമത വികാരത്തെ ഉണർത്തിയെടുത്ത് അതിൻ്റെ അടിത്തറയിൽ ഒരു മതരാഷ്ട്രം സ്ഥാപിക്കുക എന്ന സങ്കുചിത ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കാൻ ഒരു നൂറ്റാണ്ടുമുമ്പു് രൂപം കൊണ്ട പ്രസ്ഥാനത്തിൻ്റെ വിജയ കുതിപ്പിന് കേരളത്തിലും ഗതിവേഗം കൂട്ടാൻ മുനമ്പം സമരത്തെ ഉപയോഗിക്കുമ്പോൾ നിസ്സംഗതയോടെ നിൽക്കുന്ന എൽ.ഡി.എഫ് – യൂ.ഡി.എഫ് മുന്നണികൾ അവരുടെ പ്രഖ്യാപിത രാഷ്ട്രീയ നയങ്ങളെത്തന്നെ നിർവീര്യമാക്കുകയാണ്. സംഘപരിവാർ രാഷ്ട്രീയം ശത്രുപക്ഷത്ത് നിർത്തിയിരിക്കുന്ന മുസ്ലീംങ്ങൾക്കെതിരെ മറ്റൊരു ന്യൂനപക്ഷ സമുദായമായ ക്രിസ്ത്യാനികൾ നിലപാടെടുക്കാനുള്ള അനുകൂല അന്തരീക്ഷമൊരുക്കാൻ അവർ എല്ലാ നീക്കങ്ങളും നടത്തുന്നു.എന്നാൽ എൽ ഡി എഫും യു ഡി എഫും ആകട്ടെ രണ്ടു ന്യൂനപക്ഷ സമുദായങ്ങളെയും പിണക്കാതെയും ഭൂരിപക്ഷ സമുദായങ്ങളിൽ തങ്ങൾക്കുള്ള അടിത്തറ ദുർബലമാകാതെയും എങ്ങനെ നിലപാടെടുക്കാമെന്ന കണക്കുകൂട്ടലുകളിലാണ്. എന്നാൽ ഈ കളിയിൽ ലാഭം ഉറപ്പിച്ചിരിക്കുന്നത് സംഘപരിവാർ രാഷ്ട്രീയം തന്നെയാണ്.ഒന്നാമത്തെ കാര്യം കേരള രാഷ്ട്രീയത്തെ മതവികാരങ്ങളുടെ പരിസരത്ത് നിലനിർത്തുക എന്നതു തന്നെ അവരുടെ രാഷ്ട്രീയത്തിന് വളരാനുളള മണ്ണൊരുക്കലാണ്. മറ്റൊരു കാര്യം, തങ്ങളുടെ രാഷ്ട്രീയത്തോടു് അനുഭാവം പ്രകടിപ്പിക്കാതിരുന്ന ഒരു ന്യൂനപക്ഷ സമുദായത്തിലെ ഗണ്യമായ ഒരു വിഭാഗത്തിൻ്റെ പിന്തുണ നേടിയെടുക്കാനോ കുറഞ്ഞ പക്ഷം അവരിൽ എൽ.ഡി.എഫ് – യു.ഡി.എഫ് വിരുദ്ധ മനോഭാവം സൃഷ്ടിക്കാനോ കഴിയുന്നു എന്നതും ലാഭകരമായ രാഷ്ടീയ നീക്കമാണ്.ഈ യാഥാർത്ഥ്യം മനസ്സിലാക്കേണ്ടത് മതേതരത്വം പറയുന്ന രണ്ടു രാഷ്ടീയ മുന്നണികളുമാണ്. തങ്ങൾക്കിടയിലെ രാഷ്ടീയ മത്സരം നിലനിർത്തിക്കൊണ്ടു തന്നെ ഇത്തരം വിഷയങ്ങളിൽ യോജിച്ച നിലപാടെടുക്കാൻ അവർക്ക് കഴിയേണ്ടതുണ്ടു്. മുനമ്പം വിഷയമെടുത്താൽ ,അവിടെ നിന്ന് ആരെയും കുടിയൊഴിപ്പിക്കണമെന്ന നിലപാടു് ആരുമെടുക്കാത്ത സാഹചര്യത്തിൽ ചർച്ചകളിലൂടെ പ്രശ്ന പരിഹാരത്തിനായുള്ള നിയമപരവും രാഷ്ട്രീയവുമായ വഴികൾ അടിയന്തിരമായി തേടുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ എൽ.ഡി.എഫ് സർക്കാർ നടപടികളെടുക്കട്ടെ എന്നു പറഞ്ഞ് പ്രതിപക്ഷ വും,ഈ വിഷയത്തിൽ പ്രതിപക്ഷത്തുള്ള യു.ഡി.എഫിനാവും കൂടുതൽ രാഷ്ട്രീയ നഷ്ടം എന്ന കണക്കുകൂട്ടൽ നടത്തി സർക്കാരും മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നതായാണ് കാണുന്നത്.ഈ സമീപനം രണ്ടു മുന്നണികളുടെയും രാഷ്ട്രീയ നഷ്ടത്തിലേ കലാശിക്കുകയുള്ളു. മുനമ്പം പ്രശ്നത്തിന് അടിയന്തിരമായി പ്രായോഗിക പരിഹാരം കാണുന്നതോടൊപ്പം മുനമ്പം പോലുള്ള പ്രശ്നങ്ങൾ മറ്റൊരിടത്ത് ഇനിയാവർത്തിക്കാതിരിക്കാൻ വഖഫ് നിയമത്തിലുൾപ്പെടെ എന്ത് ജാഗ്രതകളാണ് വേണ്ടെതെന്ന നിയമപരമായ പരിശോധനകൾക്കും നിലപാടുകൾക്കും വേണ്ടി മതേതര മുന്നണികൾ പരസ്പര ധാരണയോടെ പ്രവർത്തിക്കേണ്ടതുണ്ടു്.സമുദായ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിലും ഭരണപരമായ തീരുമാനങ്ങളിലും പരസ്പര ധാരണയോടെ പ്രവർത്തിക്കാൻ മതേതരത്വം പറയുന്ന രാഷ്ടീയകക്ഷികൾ സന്നദ്ധമാവണം. സമുദായ നേതാക്കളുടെ സങ്കുചിത താൽപ്പര്യങ്ങൾക്കു് കീഴടങ്ങാതെ എന്നാൽ അവരുടെ ന്യായമായ ആവലാതികൾ കേട്ടുകൊണ്ടു് നിലപാടെടുക്കാനുള്ള രാഷ്ട്രതന്ത്രജ്ഞത എൽ.ഡി.എഫ്, യു.ഡി.എഫ് കക്ഷി നേതാക്കൾ പ്രകടിപ്പിക്കേണ്ട കാലഘട്ടമാണിത്. താൽക്കാലിക രാഷ്ട്രീയ നേട്ടങ്ങൾക്കായുള്ള നിലപാടുകൾ മുതൽ നിർണ്ണായക ഘട്ടങ്ങളിലെ നിശബ്ദതകൾ വരെ വളരെ അപകടകരമാണ്.നിർഭാഗ്യവശാൽ, ഈ കാലഘട്ടം രാഷ്ടീയമായി ആവശ്യപ്പെടുന്നതെന്തെന്നറിഞ്ഞ് അതിനൊത്തുയരാൻ തക്ക ദീർഘവീക്ഷണമുള്ളവർ രണ്ടു മുന്നണികളിലും നേതൃസ്ഥാനത്തില്ല. മുമ്പു് നിലക്കൽ പ്രശ്നമുണ്ടായപ്പോൾ ചർച്ചകളിലൂടെ പ്രശ്ന പരിഹാരത്തിന് മുൻകൈയെടുത്ത എം.പി.മൻമഥനെ പ്പോലുള്ളവർ പൊതു സമൂഹത്തിലുമില്ല. ആകെ ഇരുട്ടു് നിറഞ്ഞ ഈ സമയത്ത് മതവികാരത്തിന് കീഴ്പ്പെട്ട് രാഷ്ട്രീയ നിലപാടുകൾ നിർണ്ണയിക്കുന്ന ജനക്കൂട്ടങ്ങളെ ഭയപ്പെടുന്നവരായി രാഷ്ടീയ നേതൃത്വങ്ങൾ മാറിയിരിക്കുന്നു.
മതേതര രാഷ്ട്രീയ നേതൃത്വങ്ങളുടെ ഈ ദീർഘവീക്ഷണമില്ലായ്മയെ ചോദ്യം ചെയ്യാനും സമുദായ താൽപര്യങ്ങൾ മുൻനിർത്തി രാഷ്ട്രീയ അടവുനയങ്ങൾ സ്വീകരിയ്ക്കുന്നതിൻ്റെ അപകടം ജനങ്ങളെ ബോധ്യപ്പെടുത്താനുമുള്ള ഇടപെടലുകൾ പൗരസമൂഹ പ്രസ്ഥാനങ്ങളിൽ നിന്നുണ്ടാവണം. വഖഫ് നിയമമായാലും, പരിഗണനയിലിരിക്കുന്ന ചർച്ച് ആക്ട് ആയാലും,പളളിത്തർക്കങ്ങളായാലും, ശബരിമലയോ തൃശൂർ പൂരമോ എന്തു തന്നെയായാലും സമുദായ നേതൃത്വങ്ങളെയും പൗരോഹിത്യ പ്രമാണിമാരെയും ഭയപ്പെട്ടുകൊണ്ടു് നിലപാടെടുക്കുകയും മതേതരത്വത്തെക്കുറിച്ചും സമുദായ സൗഹാർത്തത്തെ കുറിച്ചും വീൺവാക്കു പറയുകയും ചെയ്യുന്നതിലെ അപഹാസ്യത പൊതു സമൂഹത്തിൽ ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. സമുദായ താൽപ്പര്യങ്ങളുടെ സമവാക്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വോട്ട് മാനേജ്മെൻ്റല്ല രാഷ്ട്രീയ പ്രവർത്തനമെന്ന് ഉറക്കെപ്പറയണം.അത്തരം നീക്കങ്ങളാണ് അരാഷ്ട്രീയത. പൊതു സമൂഹത്തിൽ നിന്ന് പരിസ്ഥിതി പൗരാവകാശകാര്യങ്ങളിൽ എന്തെങ്കിലും ചില സംഘടിത നീക്കങ്ങളുണ്ടാവുമ്പോൾ അവയൊക്കെ അരാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് എന്നാക്ഷേപിക്കുന്നവരാണ് പല രാഷ്ട്രീയ കക്ഷികളും. അത്തരം അക്ഷേപമുന്നയിക്കുന്നതിൽ മുമ്പിൽ നിൽക്കുന്ന മാർക്സിറ്റു പാർട്ടിയാണ് ഇന്ന് സമുദായ സമവാക്യങ്ങൾ മുൻനിർത്തിയുള്ള അരാഷ്ട്രീയ നടകങ്ങൾക്ക് ഭരണാധികാരത്തെ വരെ ഉപയോഗികുന്നത് എന്നതും പറയാതിരിക്കാനാവില്ല. മുമ്പു് ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാടായിരുന്നു പലപ്പോഴും കേരളത്തിൻ്റെ രാഷ്ട്രീയ അജണ്ട തീരുമാനിച്ചിരുന്നത് എന്നു പറയാറുണ്ടു്. എന്നാലിന്ന് സംഘപരിവാർ ബുദ്ധികേന്ദ്രങ്ങൾ കേരളത്തിലെ രാഷ്ട്രീയ ചർച്ചകളുടെ വിഷയനിർണ്ണയം നടത്തുന്നിടത്തേയ്ക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു.മതേതര രാഷട്രീയ കക്ഷികളും മുന്നണികളും ഇത് മനസ്സിലാക്കണം.ഈ സാഹചര്യത്തെ നേരിടാൻ കുറുക്കുവഴികളില്ല. മതേതരത്വം പറയുന്നവർ ആദ്യം അരാഷ്ട്രീയ കരുനീക്കങ്ങളും അടവുനയങ്ങളും അവസാനിപ്പിച്ച് രാഷ്ട്രീയം തിരിച്ചുപിടിക്കട്ടെ.
