Blog Post

Swaraj Today > News > രാഷ്ട്രീയം > ചെകുത്താനും കടലിനുമിടയിലൂടെ ഒരു സമരം

ചെകുത്താനും കടലിനുമിടയിലൂടെ ഒരു സമരം

സെക്രട്ടറിയേറ്റ് പടിക്കൽ ആശമാർ നടത്തിവന്ന സമരം അവസാനിച്ചിട്ട് ദിവസങ്ങളായി. ഇനി ജില്ലകളിലേക്ക് സമരം എന്നു പറഞ്ഞാണ് സെക്രട്ടറിയേറ്റിനു മുമ്പിലെ സമരമവസാനിച്ചതെങ്കിലും ഉടനെ എല്ലാ ജില്ലകളിലും സമരമാരംഭിക്കുമെന്നതിനർത്ഥമില്ല. പണം നൽകേണ്ടത് കേന്ദ്രമാണെന്നു പറഞ്ഞ് മാസങ്ങളോളം മസിലു പിടിച്ചു നിന്ന സർക്കാർ ആശമാർക്ക് 1000 രൂപ കൂടി നൽകാമെന്ന് പറഞ്ഞ സന്ദർഭത്തെ സമരം പിൻവലിക്കാതെ തന്നെ തുടർച്ചയായ പ്രത്യക്ഷസമരരംഗത്ത് നിന്ന് പിൻവലിയാൻ തന്ത്രപരമായി ഉപയോഗപ്പെടുത്തി എന്നേ അതിനെ മനസ്സിലാക്കേണ്ടതുള്ളു. ആ പിൻമാറ്റത്തിലൊരു തെറ്റുമില്ല,കാരണം സർക്കാരിൻ്റെ ആയിരം രൂപാ പ്രഖ്യാപനം വരുന്നതിനും എത്രയോ മുമ്പെ വിജയിച്ചു കഴിഞ്ഞ ഒരു സമരമാണത്. ആശമാരുടെ ആവശ്യങ്ങളുടെ ന്യായയുക്തത നീതിബോധമുള്ള മുഴുവൻ മലയാളികളെയും ബോധ്യപ്പെടുത്തുന്നതിൽ വളരെ മുമ്പെ ആ സമരം വിജയിച്ചിരുന്നു. കൂട്ടത്തിൽ, തങ്ങളല്ലാതെ മറ്റാർക്കും സമരം ചെയ്യാൻ അവകാശമില്ല എന്നു ധരിച്ചുവശായ ഒരു സംഘടിത പ്രസ്ഥാനത്തിൻ്റെ ധാർഷ്ട്യവും ചിന്തിക്കുന്ന കേരളീയർക്ക് മുന്നിൽ അനാവരണം ചെയ്യപ്പെട്ടു. ഇക്കാരണത്താൻ തന്നെ ആശമാരുടെ പിൻമാറ്റം വിജയശ്രീലാളിതരായാണ് എന്നു വിലയിരുത്താനാണ് എനിക്കിഷ്ടം.

ആശമാരുടെ സമരം സംസ്ഥാന തലസ്ഥാനത്തു നിന്ന് ജില്ലകളിലേക്ക് എന്നു പ്രഖ്യാപിച്ച് മടക്കയാത്ര നടത്തുമ്പോൾ ഉത്തര കേരളത്തിലെ ഒരു മലയോര ഗ്രാമത്തിൽ ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ കൊളുത്തപ്പെട്ട ഒരു സമര തീനാളം സാവധാനം കേന്ദ്ര-സംസ്ഥാന തലസ്ഥാനങ്ങളിലേക്ക് ആളിപ്പടരാനുള്ള പാതയിലാണ്. ഇവിടെ വിഷയം കേരളത്തിലെ ആകെ ജനസംഖ്യയുടെ മൂന്നിലൊന്നിനെ ഇപ്പോൾ ബാധിച്ചു കഴിഞ്ഞതും വരും വർഷങ്ങളിൽ കൂടുതൽ ജനപഥങ്ങളിലേക്ക് ഇരച്ചെത്തുന്നതുമായ ഒന്നാണ്. മനുഷ്യ-വന്യജീവി സംഘർഷം എന്ന് സർക്കാരും പൊതു സമൂഹത്തിലെ ഒരു വിഭാഗവും നീതിരഹിതമായി വിശേഷിപ്പിക്കുന്ന വന്യജീവി ആക്രമണങ്ങളാണ് കാര്യം. മനുഷ്യർ വന്യജീവി കളെ നിരന്തരം പല വിധത്തിൽ ആക്രമിച്ച് കൊണ്ടിരുന്ന കാലത്ത് വന്യജീവികളുടെ സംരക്ഷണാർത്ഥം ഒരു നിയമം കൊണ്ടുവരികയും നടപ്പിലാക്കുകയും ചെയ്തിട്ടു് അരനൂറ്റാണ്ടു പിന്നിടുമ്പോൾ കാട്ടുമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്ന സന്ദർഭത്തിൽ കൊടുക്കാവുന്ന ഏറ്റവും മനുഷ്യത്വവിരുദ്ധമായ വിശേഷണമാണ് മനുഷ്യ-വന്യജീവി സംഘർഷം എന്നത്. 1972-ലെ വന്യജീവി സംരക്ഷണ നിയമം , വന്യജീവികൾ മറ്റ് ഭീക്ഷണികളില്ലാതെ എവിടെ സംരക്ഷിക്കപ്പെടണമെന്നാണ്, ആര് അതുറപ്പുവരുത്തണമെന്നാണ് നിഷ്കർഷിക്കപ്പെട്ടിരുന്നത് എന്നു കൂടി മനസ്സിൽ വച്ചുകൊണ്ടു വേണമല്ലോ വന്യജീവികളുടെ കാടിറക്കത്തെ നോക്കിക്കാണാൻ. വന്യജീവികൾ അവയുടെ പ്രകൃത്യാ ഉള്ള ജീവിത നിയമമനുസരിച്ച് ജീവിക്കേണ്ട കാടുകളിൽ സുരക്ഷിതമല്ലാത്തതുകൊണ്ടാണല്ലോ പുറത്തേക്ക് വരുന്നത്. ആ ജീവിത സാഹചര്യം (ആവാസ വ്യവസ്ഥയെന്നും പറയാം)ആരാണ് ക്ഷയിപ്പിച്ചത് എന്ന ചോദ്യത്തിന് നേരെ പുറംതിരിഞ്ഞുനിന്ന് പൊതുവായി മനുഷ്യനും വന്യജീവികളുമായുള്ള സംഘർഷം എന്ന് ഈ പ്രശ്നത്തെ വിശേഷിപ്പിച്ചു കൊണ്ടു് യഥാർത്ഥ പ്രശ്നങ്ങളെ മൂടി വയ്ക്കാനോ വഴിതിരിച്ചുവിടാനോ ഇനി ആർക്കുമാവില്ല. പ്രശ്നത്തിൻ്റെ ഉത്തരവാദികൾ ഒളിവിലായിരുന്നു ഇതുവരെ. അവർ മതിയായ തെളിവുകളോടെ ചൂണ്ടിക്കാണിക്കപ്പെടുമ്പോൾ, അവരുടെ ഉത്തരവാദിത്വം മൂടി വയ്ക്കാൻ ഉപയോഗിക്കപ്പെട്ടിരുന്ന വിശേഷണം അസാധുവായിത്തീർന്നു. അതുകൊണ്ടു് തന്നെ വന്യജീവി ആക്രമണം എന്ന് തെളിച്ചു പറഞ്ഞു കൊണ്ടു മാത്രമെ ഇനി ഈ പ്രശ്നത്തെ വിലയിരുത്താനാവു. യഥാർത്ഥത്തിൽ വന്യജീവി – വനം വകുപ്പ് സംഘർഷമെന്ന് ആ വിശേഷണത്തെ മാറ്റിപ്പണിയുന്നതും ഉചിതമാണ്.

പറഞ്ഞു വന്നത് കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ടിൽ ഇക്കഴിഞ്ഞ ആഗസ്റ്റ് 15 ന് വന്യജീവികൾക്കു മാത്രമല്ല മനുഷ്യർക്കും ജീവിക്കണമെന്ന മുദ്രാവാക്യവുമായി തുടക്കം കുറിച്ച കർഷകസ്വരാജ് സത്യാഗ്രഹത്തെക്കുറിച്ചാണ്. ഒരു വർഷത്തിലധികം സമയമെടുത്ത് പഠനം നടത്തിയ ശേഷം റിപ്പോർട്ട് തയ്യാറാക്കി മൂന്നു മാസത്തിലധികം അതിൻമേൽ അടയിരുന്ന് പലവട്ടം ആലോചിച്ച് തീരുമാനിച്ചുറച്ച് 2025 ജനുവരി മുപ്പതിന് , അതെ, ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ തന്നെ , ഒരു ചെറിയ സംഘം കർഷകർ വട്ടമിട്ടിരുന്ന് ചർച്ച നടത്തി ഒരു നീണ്ടുനിൽക്കുന്ന സമരയാത്ര തീരുമാനിക്കപ്പെടുന്നു. ഒരാഴ്ചക്കുള്ളിൽ ഒരു പത്രസമ്മേളനം നടത്തി സമരം തുറന്നു പ്രഖ്യാപിക്കുന്നു. ഈ തീരുമാനത്തിലും പ്രഖ്യാപനത്തിലും പങ്കാളികളായ വരിലേറെപ്പേരും സഞ്ചരിക്കാനിരിക്കുന്ന സമരപാതയുടെ ദൈർഘ്യത്തെക്കുറിച്ചോ കാഠിന്യത്തെക്കുറിച്ചോ വല്ലാതെ ചിന്തിച്ചു കാണില്ല. ചിന്തിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ഒന്നു ശങ്കിക്കുമായിരുന്നു. എന്നാൽ അനിവാര്യമായത് സംഭവിക്കാൻ ചില തീരുമാനങ്ങളും പ്രഖ്യാപനങ്ങളും നിമിത്തമാവുക എന്നത് ചരിത്രത്തിൽ പലപ്പോഴും സംഭവിക്കാറുണ്ട്. എല്ലാ കാര്യങ്ങളും സാമാന്യ യുക്തികൊണ്ടല്ലല്ലോ നിർണയിക്കപ്പെടുക. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻ്റെ നേരെ തൊടുത്തു വിട്ട അഹിംസാത്മക ആറ്റം ബോംമ്പായിരുന്ന ഉപ്പുസത്യാഗ്രഹം തീരുമാനിക്കുമ്പോഴും പ്രഖ്യാപിക്കുമ്പോഴും ശക്തമായ ബ്രിട്ടീഷ് സാമ്രാജ്യത്തെ നേരിടാൻ ഉപ്പു കുറുക്കുകയോ എന്ന യുക്തിപരമായ ചോദ്യം ഉയർന്നിരുന്നു. കർഷകസ്വരാജ് സത്യാഗ്രഹത്തിൻ്റെ കാൽനാട്ടുകർമ്മം നിർവ്വഹിച്ചത് ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ പുത്രനായതും , ദണ്ഡി കടപ്പുറത്തെ ഒരു പിടി മണ്ണ് കുഴിയിൽ നിക്ഷേപിച്ചാണ് കാൽനാട്ടുകർമ്മം നിർവ്വഹിക്കപ്പെട്ടതെന്നതും യാദൃശ്ചികമല്ല. ആ മഹനീയ കർമ്മം നടന്നതാവട്ടെ, ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിൻ്റെ അടിത്തറയിളക്കിയ ക്വിറ്റിന്ത്യാ ദിനമായ ആഗസ്റ്റ് 9 നും. ബ്രിട്ടീഷുകാർ ഇന്ത്യ വിടുക, പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നീ മുദ്രാവാക്യങ്ങൾ ആത്മാഭിമാനബോധമുള്ള ഇന്ത്യാക്കാരുടെ ഹൃദയ സ്പന്ദനമായി മാറിയ ആ സമരത്തിൻ്റെ തീരുമാനമെടുത്തതാകട്ടെ വാർധാ സേവാഗ്രാം ആശ്രമത്തിൻ്റെ ഒരു കുടുസുമുറിയിൽ നിലത്തിരുന്ന് ഏതാനും പേർ ചേർന്ന്. പക്ഷെ ആ ഏതാനും പേർ ചില്ലറക്കാരായിരുന്നില്ല എന്നതു ചരിത്രം. ചരിത്രത്തിലെ ജ്വലിക്കുന്ന ഈ അടയാളങ്ങളെ ആവാഹിച്ചു കൊണ്ട് ഇത്ര നീണ്ട തയ്യാറെടുപ്പുകളോടെ ഒരു കർഷക സമരം അപൂർവ്വമാണ്. അതുകൊണ്ടു് തന്നെ ഇത് സ്ഥാപിത താൽപ്പര്യക്കാരെ സംബന്ധിച്ചിടത്തോളം അത്യന്തം അപകടകരവുമാണ്. ഈ വിഷയത്തിൽ ആരാണ് സ്ഥാപിത താൽപ്പര്യക്കാർ ? അത് വനം വകുപ്പാണെന്ന് ആധികാരിക രേഖകളുടെ പിൻബലത്തോടെ കർഷകസ്വരാജ് സത്യാഗ്രഹ സമിതി വെളിച്ചത്തു കൊണ്ടുവന്നു കഴിഞ്ഞു. തങ്ങൾ നഗ്നരാക്കപ്പെടുന്നു എന്ന് വനം വകുപ്പിൻ്റെ തലപ്പത്തുള്ളവർക്ക് ബോധ്യപ്പെട്ടതിൻ്റെ ഫലമായി തിരക്കിട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്ത നാടകവും പൊളിഞ്ഞു കഴിഞ്ഞു. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടി എന്നായിരുന്നു ആ നാടകത്തിൻ്റെ പേര്. അതിൻ്റെ ആദ്യ രംഗം സെപ്റ്റമ്പർ 15 മുതൽ 30 വരെ നടന്ന പരാതി സ്വീകരണ പരിപാടിയായിരുന്നു. വന്യജീവി ആക്രമണങ്ങൾ (വനം വകുപ്പിൻ്റെ ഭാഷയിൽ മനുഷ്യ-വന്യജീവി സംഘർഷം ) തുടരുന്ന ഹോട്ട് സ്പോട്ടുകളുമായി ബന്ധപ്പെട്ട പഞ്ചായത്തുകളിൽ വനം വകുദ്യോഗസ്ഥർ തുറന്ന ഹെൽപ്പ് ഡസ്കുകളിലൂടെയായിരുന്നു പരാതി സ്വീകരണം. ആയിരക്കണക്കിന് പരാതികൾ സമർപ്പിക്കപ്പെട്ടു. എന്തെങ്കിലും നടപടികൾ പ്രതീക്ഷിച്ചാണ് പരാതികളുമായി ജനങ്ങൾ ഹെൽപ്പ് ഡസ്ക്കുകളിലെത്തിയത്. എന്തായാലും നാടകത്തിൻ്റെ രണ്ടാം രംഗത്തിൻ്റെ തിരശീലയുയരുമ്പോൾ നമ്മൾ കാണുന്നത് പരാതിപ്പെട്ടവരു വീട്ടുമുറ്റത്തുനിൽക്കുന്ന വനം വകുപ്പുദ്യോഗസ്ഥരെയാണ്. അവരുടെ കൈവശം രണ്ട് കടലാസുണ്ടാവും. ഒന്ന് മറ്റതിൻ്റെ പകർപ്പാണ്. പകർപ്പിൽ പരാതിക്കാരുടെ ഒപ്പ് വാങ്ങുന്നതോടെ രണ്ടാം രംഗത്തിന് തിരശ്ശീല വീഴും.

ഒപ്പും വാങ്ങി ഉദ്യോഗസ്ഥർ മടങ്ങുമ്പോൾ, ഇത്തവണയെന്തെങ്കിലും നടക്കും എന്ന പ്രതീക്ഷയോടെയാവും പരാതിക്കാർ കലാസു വായിക്കുന്നത് അത്തരമൊരു പ്രതീക്ഷ പൊടുന്നനവെയുണ്ടാവാൻ കാരണം മറ്റൊന്നല്ല ഒരു സർക്കാർ വകുപ്പ് ജനങ്ങളിൽ നിന്ന് പരാതി സ്വീകരിച്ച് ഇത്രപെട്ടെന്ന് അതിനുള്ള മറുപടി പരാതിക്കാരുടെ വീട്ടിലെത്തിക്കുക എന്നത് കേരള ചരിത്രത്തിലെ ആദ്യ സംഭവമാണ്. ഇലക്ഷൻ സമയങ്ങളിൽ കുടിശ്ശിഖയായ ക്ഷേമപെൻഷൻ നേരിട്ടു വീട്ടിലെത്തിച്ചു കൊടുത്തുമായി ഇതിനുള്ള സാമ്യം ഒരു പക്ഷെ യാദൃശ്ചികമാവാം. കടലാസു വായിക്കുമ്പോൾ മനസ്സിലാവുന്നത് പണ്ടെ മനസ്സിലായ കാര്യങ്ങളാണ്. ഒന്നാമത്തെ കാര്യം, കാട്ടുപന്നികളുടെ കാര്യം പഞ്ചായത്തിനെ ഏൽപ്പിച്ചിട്ടുണ്ട്. പക്ഷെ പന്നിയെ പിടിക്കുന്നതിൻ്റെ ചിലവ് പഞ്ചായത്തു തന്നെ വഹിക്കണമെങ്കിലും പിടിച്ചു കഴിഞ്ഞാൽ എന്തു ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും പഞ്ചായത്തിനോട് കർശനമായി പറഞ്ഞിട്ടുള്ളതിനാൽ പരാതിക്കാർക്ക് നൽകിയ മറുപടി കടലാസിൽ അതില്ല. എന്തായാലും കാട്ടുപന്നി എന്നും പറഞ്ഞ് ഇനി മേലിൽ ആരും വനം വകുപ്പിൻ്റെ നെഞ്ചത്ത് കേറണ്ട എന്ന് വ്യക്തമായി.
കാട്ടുകുരങ്ങിൻ്റെ കാര്യമാണെങ്കിൽ ഷെഡ്യൂൾ ഒന്നിലായിപ്പോയതാണ് പ്രശ്നം . അത് രണ്ടിലേക്ക് മാറ്റാൻ കേന്ദ്രത്തിനെഴുതിയിട്ടുണ്ട്.കേന്ദ്രമതംഗീകരിച്ചിരുന്നെങ്കിൽ കുരങ്ങിൻ്റെ കാര്യം അംഗൻവാടികളെ ഏൽപ്പിക്കാമായിരുന്നു എന്ന് കടലാസിൽ ഏതായാലും പറഞ്ഞിട്ടില്ല. ഭാഗ്യം. ആന കാട്ടുപോത്ത് തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ അവറ്റകളോട് അവിടെ നിൽക്കാൻ പറഞ്ഞിട്ടു് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലെ ബ്ലാക്ക് കാറ്റുകളെ വിവരമറിയിക്കണം.
ആർക്കെങ്കിലും കാർഷികവിളകൾ നഷ്ടമായിട്ടുണ്ടെങ്കിൽ അവർ ഓൺലൈനായി ഒന്നുകൂടി പരാതിപ്പെട്ടോളു ,നേരിട്ട് തന്ന പരാതിക്ക് ഈ മറുപടിയിൽ കൂടുതൽ എന്ത് പരിഹാരം? 200 ചേന നട്ട് അതിൽ 50 എണ്ണം കാട്ടുപന്നി കൊണ്ടുപോയത് കൃഷി ഓഫീസർസാക്ഷ്യപ്പെടുത്തിയ കടലാസ് കൈയിലെത്തിയപ്പോൾ ബാക്കി നിന്ന നൂറ്റമ്പതിൽ പതിനേഴെണ്ണമൊഴികെയെല്ലാം നഷ്ടമായ ജീരകത്തിൽ വർഗീസിനെപ്പോലെയുള്ള കർഷകർക്ക് 165 രൂപാ നഷ്ടപരിഹാരം നൽകി ആദരിച്ചതുപോലെ ആദരിക്കപ്പെടണമെങ്കിൽ തീർച്ചയായും ഓൺലൈനായി ബന്ധപ്പെടുക. അങ്ങനെ ബന്ധപ്പെടുന്നവർക്ക് കുരങ്ങ് കളഞ്ഞ കരിക്കൊന്നിന് 4 രൂപാ 50 പൈസനൽകിയും ആനനശിപ്പിച്ച കായ്ഫലമുള്ള തെങ്ങൊന്നിന് 770 രൂപാ നിരക്കിലും വനം വകുപ്പിൻ്റെ ആദരവുണ്ടായിരിക്കുന്നതാണ്. ഇത്രയും കാര്യങ്ങൾ നല്ല വെടിപ്പായിപ്പറയുന്ന മറുപടി കടലാസുകൾ ജാഗ്രതയോടെ വീട്ടിലെത്തിക്കാൻ കേരളത്തിലെ വനം വകുപ്പിനല്ലാതെ ലോകത്ത് മറ്റാർക്കും ധൈര്യമുണ്ടാവില്ല. മുമ്പെ മാലോകർക്കെല്ലാമറിയാവുന്ന ഇക്കാര്യങ്ങൾ ജനങ്ങളെ ഒന്നുകൂടി തെര്യപ്പെടുത്താൻ ഒരു പത്രകുറിപ്പ് മതിയായിരുന്നു എന്ന് ദോഷൈകദൃക്കുകൾക്ക് തോന്നാം. കാട്ടുമൃഗങ്ങൾ കാടിറങ്ങുന്ന കാര്യത്തിലുള്ള വനം വകുപ്പിൻ്റെ ആകുലതയും ജാഗ്രതയും ഇതിലും മിഴിവാർന്ന മറ്റേതു മാർഗ്ഗത്തിലൂടെ മാന്യ വോട്ടർമാരെ അറിയിക്കാനാവും. (പൗരൻമാരല്ല, ഇലക്ഷൻ കാലത്ത് മാത്രം കിട്ടുന്ന ഒരു മഹനീയപദവിയാണ് വോട്ടർ എന്നത് , എത്രയാന്നെങ്കിലും വോട്ടർ എന്നതിനപ്പുറം പൗരൻ എന്ന പദവി ഒരിക്കലും ഇവറ്റകൾക്ക് നൽകില്ല. അത് വേറെ കാര്യം)
മേൽസൂചിപ്പിച്ച നാടകം സംവിധാനം ചെയ്ത വനം വകുപ്പിലേയോ പുറത്തോ ഉള്ള സംഘത്തിൻ്റെ ചന്തിക്ക് ചട്ടുകം പഴുപ്പിച്ച് വയ്ക്കാനാവും കേരളപ്പിറവി ദിനത്തിൽ (കേരളത്തിൽ അതി ദരിദ്രർ അപ്രത്യക്ഷരായ ആ ചരിത്ര ദിനത്തിൽ തന്നെ) മറുപടി കടലാസുകൾക്ക് വെള്ളരിക്കുണ്ടിലെ സത്യാഗ്രഹപന്തലിന് സമീപം തീ കൊളുത്തിയത്. ജനങ്ങളെ നിശബ്ദരാക്കാൻ ഈ നാടകങ്ങൾ മതിയാവില്ല എന്നു മാത്രമല്ല ഇത് ജനങ്ങളെ കൂടുതൽ പ്രകോപിതരും ഏകോപിതരുമാക്കുകയേയുള്ളു എന്ന് മനസ്സിലാക്കാൻ ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് പദവിലിരിക്കുന്നവർക്ക് ബുദ്ധിയുണ്ടാവില്ല. അവരെ നയിക്കുന്ന ധാർഷ്ഠ്യവും കൗശലവും മൂലം ബുദ്ധിഭ്രമം സംഭവിച്ചവർക്കും അത് മനസ്സിലാവില്ല

കേരളത്തിൻ്റെ ആകെ വനഭൂമിയുടെ 21%വനമല്ലാതായി കഴിഞ്ഞു എന്ന് പറഞ്ഞത് 2022- ലെ സി.എ.ജി റിപ്പോർട്ടാണ്. വനമല്ലാതായത് 2500-ൽ പരം ചതുരശ്ര കിലോമീറ്റർ വനം. അതിൽ 1500 ചതുരശ്രകിലോമീറ്ററും വനം വകുപ്പിൻ്റെ തേക്ക് – യൂക്കാലി – അക്കേഷ്യാതോട്ടം. വൈദ്യുതി- ജലസേചനവകുപ്പുകൾക്ക് ഡാം പണിയാൻ നൽകിയതും, സ്വകാര്യ പൊതുമേഖലകളിൽ പ്ലാൻ്റേഷനുകൾക്കായി നൽകിയതും വേറെ . സി. എ.ജി റിപ്പോർട്ടിലെ കണക്കനുസരിച്ച് 1977 ജനു 1 ന് മുമ്പ് നടന്ന നിയമവിധേയമാക്കപ്പെട്ട കുടിയേറ്റങ്ങൾ വഴി കർഷകരുടെ പക്കലുള്ള മുൻ വനഭൂമി ഏറിയാൽ 200 ചതുരശ്രകിലോമീറ്റർ. അതിനു ശേഷള്ള നിയമവിരുദ്ധ കയ്യേറ്റം 50 ചതുരശ്രകിലോമീറ്റർ. ഈ കയ്യേറ്റം കർഷകരല്ല നടത്തിയത് എന്നതാണ് സത്യം. റിസോർട്ട് , ഖനന ലോബികളും ചില മതസ്ഥാപനങ്ങളുമാണ് യഥാർത്ഥ കയ്യേറ്റക്കാർ. എങ്കിലും ഈ 50 ചതുരശ്ര കിലോമീറ്ററും കർഷകൻ്റെ അക്കൗണ്ടിൽ തന്നെ കിടക്കട്ടെ. അങ്ങനെ വന്നാൽ ആകെ 250 ചതുരശ്ര കിലോമീറ്റർ മാത്രമാണ് കർഷകരുടെ കൈവശമുള്ളവനഭൂമി. എന്നുവച്ചാൽ ആകെ നഷ്ടപ്പെട്ട വനഭൂമിയുടെ 10% മാത്രമാണ് കർഷകരുടെ പക്കലുള്ളതെന്ന് സി.എ.ജി റിപ്പോർട്ട് പരിശോധിച്ചാൽ മനസ്സിലാവും. എന്നാൽ വന്യജീവികൾ കാടിറങ്ങുന്നതിൻ്റെ കാരണം മലയോരകർഷകൻ കാട് കയ്യേറിയതാണെന്ന ആഖ്യാനം ഏറെക്കാലമായി കേരളീയ പൊതു സമൂഹത്തിൽ ആവർത്തിച്ചുകൊണ്ടിരുന്നതാണ്. സി.എ. ജി റിപ്പോർട്ടിലെ കണക്കുകൾ മനസ്സിലാക്കുന്ന ആരും ഇനി മലയോരത്തെ കർഷകരുടെ പേരിൽ കുറ്റപത്രം വായിക്കില്ല.

സി. എ. ജി റിപ്പോർട്ട് മറ്റു ചില കാര്യങ്ങൾ കൂടി പറയുന്നുണ്ടു്. 2021-ലെ ഇൻഡ്യാ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ടനുസരിച്ച് 490 ചതുരശ്രകിലോമീറ്റർ വനം അധിനിവേശ സസ്യങ്ങളാൽ നശിപ്പിക്കപ്പെട്ടു. ഈ കണക്കിൽ അതിവേഗം പരക്കുന്ന അധിനിവേശസസ്യമായ മഞ്ഞക്കൊന്ന (സെന്ന) നശിപ്പിച്ച വനത്തിൻ്റെ കണക്ക് വരുന്നില്ല എന്ന് സി.എ. ജി റിപ്പോർട്ടു പറയുന്നു. 1986-ൽ മുത്തങ്ങയിലെ ഫോറസ്റ്റ് ഓഫീസങ്കണത്തിൽ തണൽ വൃക്ഷമായി നട്ട ഏതാനും ചുവട് മഞ്ഞക്കൊന്ന 25 വർഷം കഴിഞ്ഞ് 2012 ആയപ്പോൾ 14.56 ചതുരശ്ര കിലോമീറ്ററിലേക്കും പിന്നീടുള്ള 8 വർഷം കൊണ്ടു് 2020-ൽ 78.91 ചതുരശ്ര കിലോമീറ്റർ പ്രദേശത്തേക്കും വ്യാപിച്ചു എന്ന് സി.എ.ജി റിപ്പോർട്ടിൽ പറയുന്നു. ഇത് വയനാട് വൈൽഡ് ലൈഫ് സാങ്ങ്ചറിയുടെ ആകെ വിസ്തീർണ്ണത്തിൻ്റെ 23% വരും. അപ്പോൾ വനേതര ആവശ്യങ്ങൾ ക്കുപയോഗിച്ച 2513.53 ചതുരശ്രകിലോമീറ്റർ വനവും 2020 വരെ അധിനിവേശ സസ്യങ്ങളാൽ നശിപ്പിക്കപ്പെട്ട വനവും (490+78.91 =568.91)ചേർന്നാൽ 3100നടുത്ത് ചതുരശ്ര കിലോമീറ്റർ വരും.2020-നും 2025 നുമിടയിൽ അധിനിവേശ സസ്യങ്ങൾ ഇരട്ടിയിലധികം വനഭൂമിയിലേക്ക് വ്യാപിച്ചിട്ടുണ്ടാവും. ചുരുക്കത്തിൽ കേരളത്തിൻ്റെ വനഭൂമിയുടെ മൂന്നിലൊന്നോളം വനമല്ലാതായി. ഇതിനു പുറമെയാണ് കേരളത്തിലെ വനത്തിനുള്ളിൽ പുൽമേടുകൾക്കുണ്ടായ നാശം. ഈ വിധത്തിൽ വനത്തിനുള്ളിൽ ഭക്ഷണവും വെള്ളവും കുറഞ്ഞു കൊണ്ടിരുന്നപ്പോൾ വന്യജീവികൾ അസന്തുലിതമായി പെരുകികൊണ്ടാണിരുന്നത്. വനത്തിനുള്ളിലെ ആ വാസവ്യവസ്ഥയിൽ വന്നുകൊണ്ടിരുന്ന മാറ്റം സംബന്ധിച്ചോ മൃഗപ്പെരുപ്പം സംബന്ധിച്ചോ വനം വകുപ്പിന് അധികാരിക പഠനങ്ങളില്ലെന്നും സി.എ. ജി റിപ്പോർട്ടു് പറയുന്നു. പീച്ചിയിലെ വനഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞർ എന്തിനെക്കുറിച്ചാണ് ഗവേഷിക്കുന്നത് എന്നു ചോദിക്കാൻ ഇവിടെ ആളുകളില്ല.

മേൽ സൂചിപ്പിച്ച പ്രകാരമുള്ള അധികാരികതയുള്ള കണക്കുകൾ മുന്നോട്ടുവച്ചു കൊണ്ടും അതിനെ അടിസ്ഥാനമാക്കിയുള്ള പരിഹാര മാർഗ്ഗങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കു മുമ്പിൽ സമർപ്പിച്ചുകൊണ്ടുമാണ് വെള്ളരിക്കുണ്ടിലെ കർഷകസ്വരാജ് സത്യാഗ്രഹം മുന്നോട്ടു പോകുന്നത്.

വനത്തിനുള്ളിലെ ആവാസ വ്യവസ്ഥയുടെ തകർച്ചക്ക് പരിഹാരമാവുന്ന ദീർഘകാലാടിസ്ഥാനത്തിലുളള പദ്ധതികളും അവ നടപ്പിലാക്കുന്ന സമയക്രമവും പ്രഖ്യാപിക്കുക എന്നതാണ് സുമരമുന്നയിക്കുന്ന ഒരാവശ്യം. ദീർഘകാല പദ്ധതികൾ ആത്മാർത്ഥതയോടെ നടപ്പിലാക്കിയാലും അതിൻ്റെ ഫലമുണ്ടാവാൻ ദശകങ്ങൾ കാത്തിരിക്കേണ്ടിവരും എന്നതിനാലും ഈ കാലയളവിനിടയിലും വന്യമൃഗങ്ങൾ പെരുകികൊണ്ടിരിക്കും എന്നതിനാലും അടിയന്തിരമായ ചില നടപടികളിലൂടെ ഈ പ്രശ്നത്തെ നിയന്ത്രണ വിധേയമാക്കേണ്ടതു മുണ്ട്. അതിനായി ചിലയിനം വന്യജീവികളുടെ നിയന്ത്രിത വേട്ട വേണ്ടി വരും. മൃഗസാന്ദ്രത കുറഞ്ഞ വനങ്ങളിലേക്കോ പ്രത്യേകം പുനരധിവാസകേന്ദ്രങ്ങളിലേക്കോ ചിലയിനം വന്യമൃഗങ്ങളെ പിടിച്ചു മാറ്റേണ്ടിവരും. ചിലവയെ പിടിച്ച് വന്ധീകരിക്കേണ്ടിവരും മൃഗങ്ങൾ കാടിന് പുറത്തിറങ്ങാതിരിക്കാൻ വനാതിർത്തികളിൽ പഴുതടച്ച പ്രതിരോധ സംവിധാനങ്ങൾ വേണ്ടി വരും. ഇങ്ങനെയെല്ലാം ചെയ്താലും വന്യമൃഗങ്ങൾ കാടിറങ്ങുന്ന ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാവും. അങ്ങനെയുണ്ടാവുന്ന സന്ദർഭങ്ങളിൽ മനുഷ്യന് സംഭവിച്ചേക്കാവുന്ന ജീവനഷ്ടത്തിനും പരിക്കുകൾക്കും വാഹനാപകട നഷ്ടപരിഹാര മാനദണ്ഡമനുസരിച്ചുള്ള നഷ്ടപരിഹാരം നൽകണം. കാർഷിക നഷ്ടത്തിന് ഉൽപ്പാദന ചിലവും വിളകളുടെ കമ്പോളവിലയും കണക്കിലെടുത്തുള്ള നഷ്ടപരിഹാരം നൽകണം. ഇവയാണ് കർഷകസ്വരാജ് സത്യാഗ്രഹ സമിതി മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങൾ. ഈ ആവശ്യങ്ങൾ സമഗ്രവും യുക്തിസഹവുമാണെന്ന് സാമാന്യബോധമുള്ള ആരും സമ്മതിക്കും.

വളരെ പക്വതയോടെയും യാഥാർത്ഥ്യബോധത്തോടെയും പഠനങ്ങളും പ്രചരണങ്ങളും ജനസംഘാടനവും നടത്തി പടിപടിയായി വികസിപ്പിച്ചു വരുന്ന കർഷകസ്വരാജ് സത്യാഗ്രഹത്തിന് മുമ്പിൽ പല വെല്ലുവിളികളുമുണ്ട്. നീണ്ടുനിൽക്കുന്ന സമരങ്ങൾ ഏറെ മനുഷ്യാദ്ധ്വാനം വേണ്ടതും വിഭവങ്ങൾ വേണ്ടതുമാണ്. സത്യാഗ്രഹം നടക്കുന്നത് കേരളത്തിൻ്റെ വടക്കേയറ്റത്തെ ജില്ലയുടെ മലയോര മേഖലയിലാണെന്നതും ഒരു വെല്ലുവിളിയാണ്. മാധ്യമങ്ങളിലൂടെ സമര വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് മലയോരസമരങ്ങൾക്ക് പരിമിതിയുണ്ട്. കാരണം മുഖ്യധാരാ മാധ്യമ ശൃംഗല നഗരകേന്ദ്രീകൃതമാണ്. ഇതിലെല്ലാമുപരിയായി ഈ സമരത്തെ നഗര ബുദ്ധിജീവികൾ ഗൗരവത്തിലെടുക്കില്ല എന്നു മാത്രമല്ല പലപ്പോഴും മലയോരകർഷകർക്ക് എതിരായ ചില മുൻവിധികളുടെ തടവറയിലാണവർ. കേരളീയ സമൂഹത്തിലെ ജനാഭിപ്രായ രൂപീകരണത്തിൽ നഗരബുദ്ധിജീവികൾക്ക് വലിയ പങ്കുണ്ട്. സത്യാഗ്രഹം നേരിടുന്ന മറ്റൊരു വെല്ലുവിളി, സംഘാടക വൈഭവമുള്ള കർഷക നേതൃത്വങ്ങളുടെ അഭാവമാണ്. മലയോര കർഷകരിൽ നേതൃത്വ ശേഷിയുള്ളവരിലേറെയും വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിലാണ്. അവർക്ക് പാർട്ടി താൽപ്പര്യങ്ങൾക്കും അതുമായി ബന്ധപ്പെട്ട സ്വകാര്യ താൽപ്പര്യങ്ങൾ ക്കുമാവും മുൻഗണന. അത്തരം താൽപ്പര്യങ്ങളില്ലാത്തവരും പ്രശ്നങ്ങളെ സമചിത്തതയോടെ പഠിക്കുന്നവരും , യുക്തിസഹമായ നിലപാടെടുക്കുന്നവരും, നിസ്വാർത്ഥമായി കർഷകരുടെ ഇടയിൽ പ്രവർത്തിക്കുന്നവരുമായ കർഷക നേതൃത്വങ്ങൾ കേരളത്തിലങ്ങോളമിങ്ങോളമില്ല എന്നതും ഈ സമരം നേരിടുന്നവെല്ലു വിളിയാണ്.

വെല്ലുവിളികളേറെയുണ്ടെങ്കിലും ഈ സമരമുന്നയിക്കുന്ന കാര്യങ്ങൾ അവഗണിച്ചു കൊണ്ടു് കേരളീയ സമൂഹത്തിന് ഇനി മുന്നോട്ടു നീങ്ങാനാവില്ല. അത്രമേൽ ഗുരുതരമായി വളരുകയാണ് വന്യമൃഗങ്ങളുടെ കാടിറക്കത്തെത്തുടർന്നുണ്ടാവുന്ന പ്രശ്നങ്ങൾ.
കേരളത്തിൻ്റെ ഭാവിയെ സ്വാധീനിക്കുന്ന ആവശ്യങ്ങളുന്നയിച്ച് വളരെ ആസൂത്രിതമായി വളർത്തിയെടുക്കുന്ന ഈ സമരത്തെ അവഗണിക്കാൻ ശരിയായ രാഷ്ട്രീയ ബോധമുള്ള ആർക്കുമാവില്ല.

Leave a comment

Your email address will not be published. Required fields are marked *