Blog Post

Swaraj Today > News > സമൂഹം > പീഢകര്‍ക്കു കഞ്ഞിവയ്ക്കുന്ന കലയിലെ കുലപതിമാരോട്

പീഢകര്‍ക്കു കഞ്ഞിവയ്ക്കുന്ന കലയിലെ കുലപതിമാരോട്

തൊഴിലിടത്തിലെ സ്ത്രീ സുരക്ഷ നമ്മുടെ രാജ്യത്തു തെക്കു മുതല്‍ കിഴക്കുവരെ ചര്‍ച്ചയായൊരു മാസം കടന്നു പോകുമ്പോള്‍ ഈ നാട് എന്തു നേടി, തെരുവുകളിലും സാമൂഹ്യമാധ്യമങ്ങളിലും ടെലിവിഷന്‍ ചര്‍ച്ചാമുറികളിലുമൊക്കെ വിഷയം കത്തി നിന്നുവെന്നതു നേര്, ഇപ്പോഴും തീയും പുകയുമടങ്ങിയിട്ടില്ല എന്നതും നേര്.

ഓഗസ്റ്റ് ഒമ്പതിനായിരുന്നു കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ ബിരുദാനന്തര പഠനത്തിനിടയിലെ പരിശീലന കാലയളവിലായിരുന്ന ജൂണിയര്‍ ഡോക്ടര്‍ അതിമൃഗീയമായി ബലാല്‍സംഗം ചെയ്യപ്പെട്ടു മരിച്ചത്. മലയാള ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ചു പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി 2019-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അതിലെ സ്‌തോഭജനകമെന്നു കരുതുന്ന കാര്യങ്ങള്‍ മറച്ചുവച്ച ശേഷം കേരള സര്‍ക്കാര്‍ പുറത്തു വിടുന്നത് ഓഗസ്റ്റ് 19ന്.

സര്‍വരും കരഞ്ഞു തീര്‍ത്ത രോഷത്തിനപ്പുറം ഇന്നാട്ടിലെ സ്ത്രീ സമൂഹത്തിനു ഗുണപരമായ എന്തെങ്കിലും മാറ്റത്തിന് ഈ സംഭവങ്ങള്‍ രണ്ടും കാരണമായി മാറിയോ. അതോ സെമിനാര്‍ ഹാളിലെ മേശപ്പുറത്ത് ശരീരത്തിലെ ഓരോ അണുവും നുറങ്ങി മുപ്പത്തൊന്നുകാരിയായൊരു യുവതി പുരുഷതൃഷ്ണയ്ക്കു മുന്നില്‍ രക്തസാക്ഷിയായി മാറിയത് വെറുതെയായോ. മലയാള സിനിമയുടെ എണ്ണം പറഞ്ഞ സെറ്റുകളിലുള്‍പ്പെടെ അരക്ഷിതരായ കലാകാരികള്‍ പിച്ചിച്ചീന്തപ്പെട്ടതും വെറുതെയായോ.

ഇപ്പറഞ്ഞതില്‍ രണ്ടാമത്തേത് ആദ്യമേ പരിശോധിക്കാം. അക്ഷരാര്‍ഥത്തില്‍ ഒന്നും നടന്നില്ല, നടക്കുമെന്നു കരുതാന്‍ ന്യായവുമില്ല. ആകെക്കൂടി ആശ്വസിക്കാന്‍ വക ലഭിച്ചിരിക്കുന്നത് ഡബ്ല്യൂസിസി എന്നൊരു ജാഗ്രതയുടെ പെണ്‍കണ്ണ് തുറന്നിരിക്കുന്നു എന്നതു മാത്രം. പുറത്തു വന്ന പീഢകരുടെ പേരുകളില്‍ തന്നെ സര്‍ക്കാരിന് സംരക്ഷിക്കാനുള്ളവരുടെ എണ്ണമാണ് കൂടുതല്‍ എന്നതിനാല്‍ കേരള ഗവണ്‍മെന്റ് ക്രിയാത്മകമായി ഒന്നും ചെയ്യുമെന്ന് കരുതേണ്ട. പെണ്ണുപിടിയന്‍മാര്‍ക്കു കഞ്ഞിവച്ചവര്‍ തടികേടാകാതിരിക്കാന്‍ അന്വേഷണ സംഘത്തെ നിയോഗിക്കുന്നു, അതില്‍ വനിതാ പോലീസുകാര്‍ മാത്രം നിരക്കുന്നു.

ഇതിലും ഒരു പടികൂടെ മുന്നിലാണ് ഇടതുപക്ഷത്തില്‍ നിന്നു ‘ജീവന്‍ രക്ഷാശൈലി’ ഒരു മാറ്റുകൂടി നന്നായി കണ്ടുപഠിച്ച് ഭരണത്തിലിരിക്കുന്ന പശ്ചിമ ബംഗാളിലെ കാഞ്ഞ ബുദ്ധിക്കാരുടെ ചുവട്. ഓഗസ്റ്റ് ഒമ്പതിനു യുവഡോക്ടര്‍ കൊല്ലപ്പെടുന്നു. രണ്ടു നാള്‍ക്കകം പാതിരയ്ക്ക് പ്രതിഷേധ പ്രകടനം ആശുപത്രിയിലേക്ക്. പോലീസ് കുഞ്ഞാടുകള്‍ മാറി നില്‍ക്കുന്നു. പ്രതിഷേധക്കാര്‍ മേഞ്ഞു പുറത്തിറങ്ങുമ്പോള്‍ തെളിവിന്റെ പൊടി പോലുമില്ല കണ്ടുപിടിക്കാന്‍.

ഇനിയാണ് ഒരു യുവ വനിതാ ഡോക്ടറുടെ മാനവും പ്രാണനും എങ്ങനെയാണ് രാഷ്ട്രീയ ചതുരംഗ കളത്തിലെ കളിക്കുള്ള കരുവാകുന്നതെന്നു കണ്ടു പഠിക്കാന്‍. ഇന്ത്യയില്‍ വനിതകള്‍ക്കെതിരായ പീഢനത്തിന് ഒരാണ്ടില്‍ പതിനായിരത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ഈയിനത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഉത്തര്‍പ്രദേശും രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും വരുന്ന ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും ഭരിക്കുന്ന കക്ഷികളുടെ നേതാക്കന്‍മാര്‍ ഡല്‍ഹിയിലെ കസേരയില്‍ അമര്‍ന്നിരുന്ന് ഏറക്കുറേ കേരളത്തിലെ അത്രമാത്രം പീഢനകേസുകള്‍ ഒരാണ്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട് ഈയിനത്തില്‍ വളരെ പിന്നാക്കാവസ്ഥയിലുള്ള പശ്ചിമബംഗാളിലെ ദീദിക്കെതിരേ ചന്ദ്രഹാസമെടുക്കുന്നു.

ഇനിയാണ് ദീദിയുടെ ശരിക്കുമുള്ള കണ്‍കെട്ടുവിദ്യ വരുന്നത്. ആദ്യം മൈക്കിനു മുന്നില്‍ തൊണ്ടപൊട്ടിക്കുന്നു, ബലാല്‍സംഗ വീരന്‍മാര്‍ക്കു തൂക്കുകയര്‍ തന്നെ കൊടുക്കണം. അവിടം കൊണ്ടും നില്‍ക്കുന്നില്ല. നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുന്നു. അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ എന്ന പേരില്‍ പുതിയ നിയമം നിര്‍മിക്കുന്നു. നിയമസഭ ഏകകണ്ഠമായി നിയമം പാസാക്കുന്നു. അടുത്തയിടെ നിലവില്‍ വന്ന ഭാരതീയ ന്യായ സംഹിതയുടെയും ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെയും പല വകുപ്പുകളെയും പോക്‌സോ നിയമത്തെയുംകാള്‍ കഠിനമായ വകുപ്പുകളാണ് അപരാജിത നിയമത്തില്‍ ചേര്‍ത്തിരിക്കുന്നത്.

ബലാല്‍സംഗ കേസുകളില്‍ കുറ്റവാളികള്‍ക്ക് ജീവിതാന്ത്യം വരെ പരോളില്ലാത്ത കഠിനതടവും ബലാല്‍സംഗത്തിനിടെ ഇര മരണപ്പെടുകയോ തിരിച്ചുവരവില്ലാത്ത വിധത്തില്‍ ശയ്യാവലംബിയാകുകയോ ചെയ്താല്‍ വധശിക്ഷയും ഈ നിയമം നിര്‍ദേശിക്കുന്നു. പോക്‌സോ കേസുകളുടെ കാര്യത്തിലും ഇങ്ങനെ തന്നെ. ബലാല്‍സംഗ കേസുകള്‍ അന്വേഷിക്കുന്നതിനു മാത്രമായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുകയും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ 21 ദിവസത്തിനുള്ളില്‍ അതിന്റെ അന്വേഷണം പൂര്‍ത്തിയാക്കേണ്ടതാണ്. കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ മുപ്പതു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി കുറ്റവാളികള്‍ക്കു ശിക്ഷ വിധിക്കുകയും വേണം. ഇതിനായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ക്കു രൂപം നല്‍കുന്നതായിരിക്കും. ഈ സമയക്രമം പാലിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിന് ഉത്തരവാദികളായിരിക്കുന്നവര്‍ക്കും ശിക്ഷാ നടപടി നേരിടേണ്ടതായി വരും. ഇരയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയാലും ശിക്ഷ ഉറപ്പ്. ബലാല്‍സംഗ കേസുകളിലെ കോടതി നടപടികള്‍ വാര്‍ത്തയായി പോലും നല്‍കുന്നതും ശിക്ഷാര്‍ഹമായ കാര്യമാണ്. ഇങ്ങനെ പോകുന്നു പുതിയ നിയമത്തിലെ വകുപ്പുകള്‍.

ആര്‍ക്കാണ് ഇത്ര കടുത്ത നടപടികള്‍ പ്രഖ്യാപിക്കുന്ന നിയമത്തില്‍ കുറ്റം കണ്ടെത്താന്‍ സാധിക്കുക. അഥവാ ആരെങ്കിലും കുറ്റം കണ്ടെത്തിയാല്‍ അവര്‍ പീഢകരുടെ പക്ഷം ചേരുന്നവരായി മാറുകയും ചെയ്യുമല്ലോ. എങ്കില്‍ കൂടി ഈ നിയമത്തിന്റെ പിന്നിലെ ഉദ്ദേശ്യശുദ്ധിയില്ലായ്മ ചര്‍ച്ചയാക്കേണ്ടത് എണ്ണമറ്റ പീഢിതരോട് പക്ഷം ചേരുന്നതിന്റെ മുന്നുപാധിയാകേണ്ടതുണ്ട്.

ഒന്നാമതായി കൊല്‍ക്കത്ത പീഢന കേസിലെ പ്രതിക്ക്, അത് ആരു തന്നെയായാലും, ഈ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വിചാരണ നേരിടേണ്ടതായി വരില്ല. കാരണം ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപതാം ആര്‍ട്ടിക്കിള്‍ അനുസരിച്ച് കുറ്റകൃത്യം നടക്കുന്ന സമയത്ത് ഏതു നിയമമാണോ പ്രാബല്യത്തിലുള്ളത് ആ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വിചാരണാനടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. എന്നുമാത്രമല്ല, ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിയമത്തിന്റെ തീര്‍പ്പല്ല, നിയമം മുന്‍നിര്‍ത്തിയുള്ള ജഡ്ജിയുടെ തീര്‍പ്പാണ് നടപ്പാകുന്നത്. അതായത് നിലവിലുള്ള പ്രതി ശിക്ഷയൊന്നും വാങ്ങാതെ ഊരിപ്പോയാലും പുതിയ നിയമത്തിനു നോക്കി നില്‍ക്കാനേ സാധിക്കൂ. ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് പ്രതിവര്‍ഷം ശരാശരി മുപ്പതിനായിരത്തിലധികം ബലാല്‍സംഗകേസുകളാണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. 2018-22 കാലയളവില്‍ അഞ്ചു വര്‍ഷം കൊണ്ട് ഇതില്‍ 27-28 ശതമാനത്തില്‍ മാത്രമാണ് കുറ്റം തെളിയിക്കപ്പെട്ടതും ശിക്ഷ ലഭിച്ചതും. ശേഷിക്കുന്നവരൊക്കെ ഓരോ പഴുതിലൂടെ ഊരിപോകുകയാണ് ചെയ്തത്. ഇതില്‍ നിരുത്തരവാദപരമായ കേസ് അന്വേഷണം മുതല്‍ അശ്രദ്ധമായ വിധിന്യായം വരെ പല ഘടകങ്ങളാണ് കാരണമായി മാറുന്നത്.

വസ്തുനിഷ്ഠമായി പറയുകയാണെങ്കില്‍ ബലാല്‍സംഗം പോലെ പഴുതടച്ച അന്വേഷണവും കുറ്റപത്രവും ആവശ്യമായ കേസുകളിലൊന്നും അന്വേഷണത്തിന് 21 ദിവസം മതിയാകുന്ന പ്രശ്‌നമില്ല. അടുത്തയിടെ നടപ്പാക്കിയ ഭാരതീയ ന്യായ സംഹിതയില്‍ പോലും ഇതിനായി രണ്ടുമാസമാണ് കൊടുത്തിരിക്കുന്നത്. അതുപോലെ തന്നെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു കാര്യമാണ് മുപ്പതു ദിവസത്തിനുള്ളില്‍ വിധിപറയണമെന്നത്. ഓര്‍ക്കുക, പഴുതടച്ചൊരു വിധിന്യായം ഒരു ജഡ്ജിക്ക് എഴുതണമെങ്കില്‍ എഴുത്ത് എന്ന ജോലിക്കു മാത്രമായി പത്തു ദിവസമെങ്കിലും വേണമെന്നാണ് കണക്കാക്കിയിരിക്കുന്നത്. അപ്പോള്‍ വിചാരണയും വിസ്താരവും എതിര്‍വിസ്താരവുമൊക്കെ ശേഷിക്കുന്ന സമയത്തിനുള്ളില്‍ തീര്‍ക്കാന്‍ കഴിയുന്നതെങ്ങനെ

പഴുതടച്ച എഫ്‌ഐആറും കാര്യക്ഷമമായ കുറ്റാന്വേഷണവും ശക്തമായ കുറ്റപത്രവും തയ്യാറാക്കാന്‍ ആദ്യമായി വേണ്ടത് വിദഗ്ധപരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരാണ്. ഇക്കാര്യത്തില്‍ കേരളത്തെക്കാള്‍ അശേഷമെങ്കിലും ഭേദമാണ് ബംഗാളെന്നു കരുതുന്നത് ഇത്തിരി കടന്ന കൈയായിരിക്കില്ലേ. കേരളത്തിലെ കാര്യമാണെങ്കില്‍ നമുക്ക് അറിയാവുന്നതും. പോലീസിനോടു കാര്യക്ഷമതയില്ലായ്മയില്‍ മത്സരിക്കുന്ന പ്രോസിക്യൂഷന്‍ കൂടിയാണെങ്കില്‍ കഥയൊന്നും പറയുകയും വേണ്ട. അഴിമതിയുടെ നാനാരൂപങഅങളെക്കുറിച്ചു കൂടി ചിന്തിച്ചാലേ ഈ വിചിന്തനം പൂര്‍ത്തിയാകൂ.

ഇതൊക്കെ മാറ്റിനിര്‍ത്തിയാല്‍ പോലും കാതലായ മറ്റൊരു പ്രശ്‌നം ശേഷിക്കുന്നു. നിയമനിര്‍മാണം എന്നത് ഇന്ത്യന്‍ ഭരണഘടനയനുസരിച്ചി കണ്‍കറന്റ് ലിസ്റ്റിലാണ് വരുന്നത്. അതായത് സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമനിര്‍മാണം നടത്താം. അതനുസരിച്ച് ബംഗാള്‍ ചെയ്തത് ശരിയായ കാര്യമായിരിക്കെത്തന്നെ ഭാരതീയ ന്യായസംഹിതയുമായുള്ള വ്യതിയാനങ്ങള്‍ കണക്കിലെടുക്കാതെ വയ്യല്ലോ. ഇത്തരം സാഹചര്യങ്ങളില്‍ കേന്ദ്രം പാസാക്കിയ നിയമമായിരിക്കും പ്രാബല്യത്തിലുണ്ടാകുക എന്നു ഭരണഘടന കൃത്യമായി പറയുന്നു.

ഇങ്ങനെയാണെങ്കിലും കേന്ദ്ര നിയമത്തിനെതിരേ സംസ്ഥാനത്തിനു നിയമനിര്‍മാണം നടത്താന്‍ ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. പക്ഷേ, ഈ നിയമം നടപ്പിലാക്കണമെങ്കില്‍ രാഷ്ട്രപതിയുടെ അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്. സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന ഏതു നിയമത്തിനും ഗവര്‍ണറുടെ അംഗീകാരം വേണ്ടതാണെന്ന കാര്യം വിസ്മരിച്ചുകൂടാ. ഈ നിയമത്തിന്റെ ബലത്തിലാണല്ലോ കേരള ഗവര്‍ണര്‍ തിണ്ണമിടുക്ക് കാട്ടിക്കൊണ്ടിരുന്നത്. ബംഗാളിലെ ബലാല്‍സംഗ നിയമത്തിന്റെ കാര്യത്തിലാണെങ്കില്‍ ഒരേ സമയം ഗവര്‍ണര്‍ സി വി ആനന്ദബോസിന്റെ അംഗീകാരവും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ അംഗീകാരവും കൂടിയേ തീരൂ.

ഇതൊക്കെ ഏതു കാലത്തു നടക്കുമെന്ന് സംശയമുണ്ടെങ്കില്‍ ആന്ധ്രയുടെയും മഹാരാഷ്ട്രയുടെയും അനുഭവം നോക്കിയാല്‍ മതി. കൂട്ട ബലാല്‍സംഗത്തിനു വധശിക്ഷ വ്യവസ്ഥ ചെയ്തുകൊണ്ട് 2019-ല്‍ ആന്ധ്രപ്രദേശ് നിയമസഭ പാസാക്കിയ ദിശ എന്ന നിയമം ഇപ്പോഴും രാഷ്ട്രപതിഭവനില്‍ ഏതോ അലമാരയില്‍ ഇരിപ്പുണ്ട്. ബലാല്‍സംഗത്തിനു വധശിക്ഷ വ്യവസ്ഥചെയ്ത് മഹാരാഷ്ട്ര നിയമസഭ 20202-ല്‍ പാസാക്കിയ ശക്തി ക്രിമിനല്‍ നിയമങ്ങളുടെ തലവരയും ഇതു തന്നെ. അതേ അലമാരയില്‍ തന്നെ മമത ബാനര്‍ജിയും അപരാജിത നിയമവും ദീര്‍ഘനിദ്രയ്ക്കു കയറിയാല്‍ അത്ഭുതപ്പെടേണ്ട. നിദ്രയ്ക്കു കയറിയില്ലെങ്കിലാണ് അത്ഭുതപ്പെടേണ്ടത്.

ബലാല്‍സംഗത്തിന്റെ കോടതിനടപടികളൊന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുകൂടാ എന്ന വ്യവസ്ഥ ഏതു ഭരണാധികാരിക്കും ഏത് തരത്തിലും ഉപയോഗിക്കാമെന്ന ഇരുതലവാളാണെന്ന കാര്യവും മറന്നുകൂടാ. മാധ്യമങ്ങളെ വ്യത്യസ്ത രീതികളില്‍ കൂച്ചുചങ്ങലയ്ക്കിട്ടാണല്ലോ ഓരോ കാരണഭൂതന്‍മാരും വിശ്വഗുരുക്കന്‍മാരുമൊക്കെ ഭരണയന്ത്രം തിരിച്ചുകൊണ്ടിരിക്കുന്നത്.

ആനയ്ക്കു പല്ലു രണ്ടു തരമാണെന്നു പറയാറുണ്ടല്ലോ. നാട്ടാരെ മുഴുവന്‍ കാണിക്കാനുള്ള കൊമ്പും പല്ല്, ഏതു പനമ്പട്ടയും ചവച്ച് അകത്താക്കാന്‍ വായ്ക്കുള്ളില്‍ ഒളിച്ചു വച്ചിരിക്കുന്നതും പല്ല്. അതുപോലെ നിയമങ്ങളും രണ്ടു തരത്തിലുള്ളതാകാമല്ലോ. ഗാലറിക്കുവേണ്ടി പടച്ചു വിടുന്നതും കോടതിക്കുവേണ്ടി പടച്ചുവിടുന്നതും. അതിലേറെ എന്തുപറയാന്‍.

Leave a comment

Your email address will not be published. Required fields are marked *