Blog Post

Swaraj Today > News > വായന > ജി. ശശിയുടെ കവിതകൾ: വിമോചനത്തിൻ്റെ കാല്പനിക സ്വപ്നം

ജി. ശശിയുടെ കവിതകൾ: വിമോചനത്തിൻ്റെ കാല്പനിക സ്വപ്നം

ചില നിമിത്തങ്ങൾ അങ്ങനെയാണ്. രണ്ട് ദശാബ്ദം പിന്നിട്ടിരിക്കുന്നു , പ്രതിഭാശാലിയായ കവി ജി ശശി മധുരവേലി അനശ്വരനായിട്ട് . നിറവും വംശവും ജാതിയും മനുഷ്യരുടെ മികവിനെ ലഘൂകരിച്ച്, വിഭജിക്കുന്ന കെട്ടകാലത്ത് , അതിൻ്റെ പൊരുളും രോഷവും അലട്ടിയ കവി……. വർണ വിദ്വേഷത്തിനെതിരേ സർഗാത്മക പ്രതിരോധം തീർക്കുവാൻ തൂലിക ചലിപ്പിച്ച കവി. ഇതു സംബന്ധിച്ച എഴുത്തിൽ ലേഖകൻ ശശിയുടെ കവിതകൾ പരാമർശിക്കുവാനിടയായി. കറുപ്പ് സംസ്കാര കേരളത്തിലെ ഉന്നതർക്കുപോലും സങ്കടങ്ങളേല്പിക്കുന്ന കാലം. അപഭ്രംശങ്ങളെ കാവ്യജീവിതം കൊണ്ട് ചെറുത്ത സർഗധനനായ കവിയെ നമ്മുടെ സജീവമായ ഓർമ്മകളിൽ പുന:സ്ഥാപിക്കുന്നത് ഉചിതമാവും.

അകാലത്ത് കടന്നുപോയ കവി. സങ്കടങ്ങളും വിഹ്വലതകളും വിടാതെ പിന്തുടർന്ന ക്ഷണിക ജീവിതം .
“കാലം കുറഞ്ഞ ദിനമെങ്കിലുമർത്ഥദീർഘം ,
മാലേറെയെങ്കിലുമതീവ മനോഭിരാമം …
കുമാരനാശാൻ ‘ വീണപൂവി’ൽ വർണിക്കുന്നതുപോലെ.
നിസ്വനായി ജനിച്ച് ജീവിച്ച് വിട പറഞ്ഞു. ചിതറിയ രചനകൾക്കിടയിൽ നിന്നും സമാഹരിച്ചു പ്രസിദ്ധീകരിച്ചത് ഒരേയൊരു കൃതി , ‘ബലിക്കാക്ക’ .

എണ്ണം പറഞ്ഞ കൃതിയെന്നൊക്കെ ആലങ്കാരികമായി പറയാറുണ്ടല്ലോ. സാഹിതീയമായി അപ്രകാരം രേഖപ്പെടുത്തേണ്ട ലഘുകവനമാണത്. കാലത്തിന് നേരേ പിടിച്ച കണ്ണാടി. പലേ കാരണങ്ങളാൽ വിസ്മൃതിയിലായ അസാധാരണ കാവ്യം. ജീവിതത്തിൻ്റെ നെരിപ്പോടുകൾ കവിക്ക് സ്വാസ്ഥ്യം നല്കാതിരുന്നതിനാൽ എഴുതിയവയെല്ലാം ജീവിതം പോലെ ചിതറിപ്പോയി.

“കവിതകൾ മനുഷ്യൻ്റെ
മനസ്സു സൂക്ഷിക്കുന്നു… ( പരിണാമം ) എന്ന് കവി നിരീക്ഷിച്ചിട്ടുണ്ട്. സമൂഹഗതിയിൽ സന്ദേഹികളാവുന്ന മനുഷ്യർക്ക് ഹൃദയപൂർവ്വം താദാത്മ്യം പ്രാപിക്കുവാൻ കാവ്യം മാധ്യമമാവുന്നു.
ജീവിത ദുഃഖങ്ങൾക്കിടയിൽ,

” രാവെത്ര കഴിഞ്ഞുവെന്നറിയില്ല
പുറത്ത് ശൂന്യത
അന്ധകാരത്തിൻ്റെ അധോമണ്ഡലം .
അഴുക്കു വെള്ളത്തിൽ മുഖം നോക്കി
മാന്യന്മാർ കടന്നുപോകുന്നു…..
രക്തമൊലിക്കുന്ന വാക്കുകൾ
കവിയുടെ സിരകളിലൂടൊഴുകുന്നു…
പരുഷമായ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുമ്പോഴും കവിതയുടെ സാദ്ധ്യത കവി തിരിച്ചറിഞ്ഞിരുന്നു.
“മഴ മാറിയാൽ
കടുത്ത വേനൽ അല്ലെങ്കിൽ കനത്ത മഞ്ഞ് പ്രതിരോധത്തിന്റെയും
ക്ഷമയുടെയും അതിർത്തികൾ ഭേദിച്ച്
മനുഷ്യൻ ചിരിക്കാൻ തുടങ്ങിയിരിക്കുന്നു. വന്യമായി വരണ്ടുപോയ മനസ്സുമായി ”
( പരിണാമശിലകൾ ) ‘
പ്രകൃതിയുടെ ഭാവ വ്യതിയാനങ്ങളെ രൂപകമാക്കവെ സങ്കടങ്ങളോട് സമരസപ്പെടുവാനുള്ള വരണ്ട മനസ്സിൻ്റെ പരിശ്രമങ്ങൾ.

കവി എൻ.എൻ കക്കാട് ,
“കാലമിനിയുമുരുളും ,
വിഷു വരും , വർഷം വരും ,
തിരുവോണം വരും ,
പിന്നെ –
യോരോതളിരിനും പൂവരും , കായ് വരും –
അപ്പൊ -ളാരെന്നു മെന്തെന്നു മാർക്കറിയാം ?…….
( സഫലമീ യാത്ര )
എന്ന് തെളിഞ്ഞ കാലബോധത്തോടെ സങ്കടങ്ങളെ പ്രതീക്ഷിച്ച്.

“നഷ്ടപ്പെടുന്നവൻ്റെ
മേൽവിലാസം
ചരിത്രത്തിലെഴുതുന്നില്ല…..
എന്ന് കവിക്ക് ബോദ്ധ്യമുണ്ട് . എങ്കിലും ,
” മനസ്സിൻ്റെ കണ്ണട
ജീവിതത്തെ വലുതാക്കുന്നു.
ഓർമ്മകൾ സവാരി ചെയ്യുന്ന കുതിരകൾ ദുരിതത്തെ ചവിട്ടി മെതിക്കുന്നു……
( തോറ്റവൻ്റെ ഡയറി ) എന്ന കാവ്യാത്മകമായ സ്വപ്നവുമുണ്ട്. ഇപ്രകാരം ദുഃഖ സങ്കുലവും ക്ഷണികവുമെങ്കിലും , കാല്പനികമായ പ്രത്യാശ പുലരുന്നു എന്നതത്രെ കവിതയുടെ ഉൽപ്രേരകം.
“ഭൂമി പ്രസവിച്ചത്,
ആത്മാഭിമാനമുള്ള മക്കളെയാണ് ……
സമയത്തിനുവേണ്ടി കാതോർക്കുക.
അക്ഷരങ്ങളും പണിയായുധങ്ങളും ഉയർത്തി അഭിവാദ്യം ചെയ്യുക .
മഹാനായ പ്രക്ഷോഭകാരി
ഇതാ ഇവിടെ
ഈ കറുത്ത രക്തത്തുള്ളികളിൽ .
“ഇതാ അടിയാളരുടെ ധിഷണനായ നേതാവ്……
( കറുത്ത ഇതിഹാസം ) വെങ്ങാനൂരിൽ പിറന്ന അയ്യങ്കാളിയെ കവി അഭിവാദ്യം ചെയ്യുന്നതിലെ ധൈഷണിക പ്രഭ ശ്രദ്ധിക്കുക.

“തളർന്നുറങ്ങാനും തലചായ്ക്കാനും മടിത്തട്ടില്ലാതെ മരണക്കെണിയിൽ പതിഞ്ഞു വീഴുന്ന ദളിതർ
പതിതരാണ്……

” ദളിതൻ്റെ ജീവിതഭാരത്തിൽ ഭൂമിയോളം പഴക്കമുള്ള
സഹനം കയ്യേറിയിരിക്കുന്നു.
അധ്വാനത്തിന്റെ യാതനയെ
ഒരു കറുത്ത കവിത വന്ന് ഭർത്സിക്കുന്നു,

കാവ്യബിംബങ്ങൾ തെരഞ്ഞെടുക്കുന്നതിൽ തൻ്റെ ജനതയുടെ ആകുലതകളും ഭൗതികാവസ്ഥകളും സ്വാധീനിക്കുക സ്വാഭാവികമാണ്. അപ്രകാരം ജി.ശശി ദളിത് കവിയെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. മൗലികപ്രതിഭകളെ വേർതിരിച്ച് വ്യവഹരിക്കുന്നത് കാവ്യകലയെ ചെറുതാക്കുമെന്ന് ലേഖകൻ കരുതുന്നു. സാഹിത്യം അതതു കാലത്തിൻ്റെ കൂടി ഉല്പന്നമാകുന്നു. ദേശകാലങ്ങളെ അതിവർത്തിക്കുന്ന കാവ്യകല്പനകൾക്ക് കവിതയിൽ ഇടമുണ്ടാവുകയാണ് നിയാമകമാവുന്നത്. കവി സ്വപ്നം കാണുന്നതും അനുഭവവേദ്യമാവുന്നതുമായ ലോകങ്ങൾ തമ്മിൽ പെരുകിവരുന്ന അന്തരം. സംവേദിയായ കവിക്ക് എഴുതാതെ വയ്യ. അതിനാൽ ,
” കവിത കലാപത്തിൻ്റെ ഭാഷയല്ല ,
കലാപം കവിതയാണ്……..
( കവിത )

എഴുത്തുകാരൻ്റെ (ഗുണ) പക്ഷപാതം സംബന്ധിച്ച് കുട്ടികൃഷ്ണമാരാരുടെ നിലപാട് നോക്കുക. ജീവത്സാഹിത്യം , പുരോഗമന കലാ സാഹിത്യസംഘം ഇങ്ങനെ വിവിധ ചേരികൾ. സാഹിത്യാദി കലകളുടെ ലക്ഷ്യമെന്ത് ? കല കലയ്ക്കു വേണ്ടി , കല ജീവിതത്തിനു വേണ്ടി …..ഇങ്ങനെ വാദപ്രതിവാദങ്ങൾ.കല ജീവിതം തന്നെ എന്ന് കുട്ടികൃഷ്ണമാരാരുടെ തീർപ്പ്.
‘ബലിക്കാക്ക’ കവിതാ സമാഹാരത്തിന് കെ. സച്ചിദാനന്ദൻ ആമുഖം എഴുതി “വർഗ്ഗ വ്യവസ്ഥയിൽ ധൂളിയാക്കപ്പെടുന്ന ദളിത് ജീവിതങ്ങളുടെ നെടുവീർപ്പും രോഷവും ഏറ്റുവാങ്ങാനായി ഒരു പുതിയ ഭാഷ തിരയുന്നുവെന്നതാണ് ഈ കവിതകളുടെ മഹത്വം ”

മനുഷ്യാവസ്ഥയുടെ സങ്കീർണ സമസ്യകളിലേക്ക് വികസിക്കുന്ന സാഹിത്യപക്ഷമായി ജി ശശിയുടെ കവിതകൾ നിലകൊള്ളുന്നു. സവിശേഷമായ പ്രശ്നപരിസരങ്ങൾ സാമാന്യാകാരം പ്രാപിക്കുന്ന കവിതകൾ. മാനുഷികതയും നാഗരികതയും നിലനില്പിൻ്റെ വിഷമസന്ധികളിലായത് സ്വാസ്ഥ്യം കെടുത്തുന്ന രചനകൾ.
കവിത ജീവിതം തന്നെയായി പരിണമിച്ച അവസ്ഥ.
കവിതയുടെ സ്വഭാവം വക്രോക്തിയും ധ്വന്യാത്മകവുമെന്ന് ,
“കവി വിനീതനാകുമ്പോൾ
കവിത വക്രതയാകുന്നു….
( കവിത )

“മനുഷ്യൻ്റെ മോചനം
അതൊന്നു മാത്രമാണ്
കറുത്തവൻ്റെ രക്ഷാകവചമെന്ന്
(അംബവാഡേ) കവി തിരിച്ചറിയുന്നുണ്ട്.
വംശീയ വിദ്വേഷം പൂണ്ട ഭരണകൂടം കൊല ചെയ്ത കവി ബഞ്ചമിൻ മൊളോയിസിനോട് ഐക്യപ്പെട്ട് ,
” വേദനയിലും വിശപ്പിലും ചോരയിലും മുങ്ങിയ
ഒരു വംശത്തിൻെറ പരമ്പരയാണു നീ…

കമ്പോളത്തിലെ ലാഭം മാത്രം ലക്ഷ്യമാക്കുന്ന നവകൊളോണിയലിസത്തിന് വഴിയൊരുക്കുന്ന ദല്ലാളരായി രാഷ്ട്ര നേതൃത്വങ്ങൾ സങ്കോചിക്കുന്നു. നാം ജീവിക്കുന്ന ഈ ലോകം അങ്ങേയറ്റം ദുഃഖഭരിതമായിരി .ക്കുന്നു. നിന്ദയും പീഢനങ്ങളും ക്രൂരതയും പട്ടിണിയും വ്യാപിക്കുന്നു. സാമൂഹിക പരിതോവസ്ഥകൾ കവി മനസിലേല്പിക്കുന്ന ആഘാതങ്ങൾക്ക് സർഗാത്മക പ്രതികരണമായി കവിതകൾ.

Leave a comment

Your email address will not be published. Required fields are marked *