എൻ്റെ വിട് റോഡ് വക്കത്താണ്. ആഴ്ചയിൽ രണ്ടു ചെറുപ്പക്കാരെങ്കിലും വലിയ ബാഗുമായി വീട്ടിൽ കയറിവരും. എല്ലാവരും വരുന്നത് ഒരേ കാര്യത്തിനാണ്. ഡയറക്ട് മാർക്കറ്റിംഗ്. എല്ലാവരും കൊണ്ടുവരുന്ന സാധനങ്ങൾ ഏറെക്കുറെ ഒന്നുതന്നെ. ഒന്നും വേണ്ടെന്നു പറഞ്ഞാലുംഎന്തെങ്കിലും വാങ്ങാൻ ആ ചെറുപ്പക്കാർ കെഞ്ചി പറയുന്നതു കാണുമ്പോൾ ചിലപ്പോൾ അലിവു തോന്നി എന്തെങ്കിലും വാങ്ങിയാലായി. എന്നാൽ എല്ലായ്പോഴും അങ്ങനെ കഴിഞ്ഞെന്നു വരില്ലല്ലോ. ഒരിക്കൽ, എൻപത്തിയേഴുകാരിയായ എൻ്റെ അമ്മ കൊച്ചുമകൻ്റെ മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരനോട് സാധനങ്ങൾ വാങ്ങാനുള്ള കെഞ്ചൽ കണ്ടിട്ട് അല്പം ശാസിച്ച് സംസാരിച്ചു. അതു കേട്ട ആ ചെറുപ്പക്കാരൻ കയ്യിലുണ്ടായിരുന്ന വലിയ സഞ്ചി നിലത്തെറിഞ്ഞ് പൊട്ടിക്കരഞ്ഞു. ഞങ്ങൾക്കെല്ലാം വലിയ സങ്കടമുണ്ടാക്കി ആ ചെറുപ്പക്കാരൻ്റെ കണ്ണീർ. വേണ്ടെങ്കിലും ചില സാധനങ്ങൾ വാങ്ങി ഒരു വിധത്തിൽ ആ യുവാവിനെ പറഞ്ഞയച്ചു.
മേൽ സൂചിപ്പിച്ച സംഭവത്തിൻ്റെ പിന്നിലുള്ള പശ്ചാത്തലമെന്തെന്ന് കേരളത്തിൻ്റെ പല ഭാഗ ങ്ങളിലും സെയിൽ ടാർജറ്റ് തികക്കാത്തവരെ കഴുത്തിൽ ചങ്ങലയിട്ട് മുട്ടിൽ ഇഴയിക്കുന്നതിൻ്റെ വാർത്തകൾ വന്നപ്പോഴാണ് മനസ്സിലാവുന്നത്. ഇതോടൊപ്പം ചേർത്തുവയ്ക്കാവുന്നതാണ് വിദേശത്ത് സ്റ്റുഡൻ്റ് വിസയിൽ പോകുന്ന പല ചെറുപ്പക്കാരും അവിടെ പിടിച്ചു നിൽക്കാനായി ചെയ്യേണ്ടി വരുന്ന ജോലികളും അത് ലഭിക്കാനായി പോലും മത്സരിക്കേണ്ടി വരുന്നതുമായ സാഹചര്യങ്ങളും. നമ്മുടെ യുവാക്കളിൽ വയലൻസ് കൂടുന്നു, അവർ മയക്കു മരുന്നിനടിമകളാവുന്നു എന്നെല്ലാം പരിതപി ക്കുമ്പോൾ ഇതെല്ലാം മനസ്സിലുണ്ടാവണം.
ജോലിക്കാരെ മൂട്ടിലിഴയാൻ നിർബന്ധിച്ച സ്ഥാപനങ്ങളിലേക്ക് പല യുവജന രാഷ്ട്രീയ സംഘടനകളും മാർച്ച് നടത്തി, പോലീസെത്തി , ലേബർ ഓഫീസർമാർ അന്വേഷിച്ചു. രണ്ടു ദിവസംകൊണ്ട് എല്ലാം ശുഭം. എന്നാൽ എന്തുകൊണ്ടാണ് മലയാളി യുവത്വം ഈ നിലയിൽ അപമാനിക്കപ്പെടുന്നത് എന്നതു സംബന്ധിച്ച് ഗൗരവമുള്ള ഒരന്വേഷണം നടത്താൻ ഒരു യുവജന സംഘടനയും മുന്നോട്ടു വരുമെന്ന് തോന്നുന്നില്ല. ഏതു മൂത്ത നേതാവിൻ്റെ പെട്ടിയെടുത്താലാണ്, അഴിമതികളുടെ ന്യായീകരണത്തൊഴിലാളിയായാലാണ് സ്വന്തം പൊളിറ്റിക്കൽ കരിയറിൽ ഉയർച്ചയുണ്ടാവുക എന്ന ആലോചനകൾക്കിടയിൽ കേരളീയ യുവാക്കളുടെ പൊതുവിലുള്ള കരിയർ സാഹചര്യങ്ങളെകുറിച്ച് ആലോചിക്കാൻ യുവനേതാക്കൾക്ക് എവിടെ സമയം.
രാഷ്ട്രീയ യുവജന സംഘടനകൾ ഈ കാര്യത്തെ കുറിച്ച് ആലോചിച്ചാലുമില്ലെങ്കിലും നാളത്തെ കേരളത്തിൻ്റെ ഭാവിയുമായി ബന്ധപ്പെട്ട സന്ദേഹങ്ങൾ പ്രതിഫലിപ്പിക്കുന്ന സംഭവങ്ങളാണിവ. കേരളീയ യുവത്വം അരക്ഷിതരായിരിക്കുന്നു എന്നത് തർക്കമറ്റ സംഗതിയാണ്. ഒരു വശത്ത് പുതിയ കാലത്തെ ഉപഭോഗ ഉന്മാദങ്ങളുടെ നിറപ്പകിട്ടുള്ള ജീവിതത്തിൻ്റെ ആകർഷണീയത. മറുവശത്ത് ഒരു തെഴിലിലൂടെ വരുമാനമുണ്ടാക്കി നിറപ്പകിട്ടുള്ള ജീവിതത്തിലേക്ക് നടന്നടുക്കാനുള്ള സാഹചര്യങ്ങൾ നാട്ടിൽ ഒന്നൊന്നായി ഇല്ലാതാവുന്ന സ്ഥിതി. ഒരു ചെറിയ സംഘം ചെറുപ്പക്കാർക്ക് , മാതാപിതാക്കൾക്ക് ഉള്ളതെല്ലാം പണയപ്പെടുത്തിയാണെങ്കിലും വിദേശത്ത് എത്തി പഠനവും തൊഴിലും തേടാനുള്ള അവസരം അടുത്ത കാലം വരെയുണ്ടായിരുന്നു. ആ സാധ്യതയും വളരെ പെട്ടെന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ആവിധത്തിൽ പരിശ്രമിക്കാൻ പറ്റാത്ത വിധത്തിൽ വിദ്യാഭ്യാസമോ അതുമ ല്ലെങ്കിൽ പണയപ്പെടുത്താൻ മാതാപിതാക്കൾക്ക് സ്വത്തുക്കളോ ഇല്ലാത്ത യുവാക്കൾ ഒരു തൊഴിലിനായി സഹിക്കേണ്ടി വരുന്ന യാതനകളിൽ പെട്ടതാണ് മുട്ടിലിഴച്ചിൽ. തൊഴിൽ ലഭിച്ച ഇടങ്ങളിൽ ഈ വിധത്തിലുള്ള മുട്ടിലിഴയലിൻ്റെ വാർത്ത വന്ന ദിവസങ്ങളിൽത്തന്നെയാണ് സെക്രട്ടറിയേറ്റ് പടിക്കൽ ഒരുപറ്റം വനിതാ ഉദ്യോഗാർത്ഥികൾ സർക്കാരിൻ്റെ കണ്ണുതുറപ്പിക്കാൻ മുട്ടിലിഴയുകയും ശയനപ്രദക്ഷിണം നടത്തുകയും കൈവെള്ളയിൽ കർപ്പൂരം കത്തിക്കുകയും ചെയ്തത് എന്നതും യാദൃശ്ചികമല്ല. അവർ മുട്ടിലിഴഞ്ഞതിൻ്റെ ചാരത്തു തന്നെയാണ് ന്യായമായ കൂലി ആവശ്യപ്പെട്ട് ആശമാർ മാസങ്ങളായി ആശയറ്റ് സമരം ചെയ്യുന്നതും.
കേരളം ഭൂരിപക്ഷം യുവാക്കളുടെയും പ്രതീക്ഷകളുടെ ശവപ്പറമ്പായി മാറുന്നതെന്തുകൊണ്ടു് എന്ന ചോദ്യം ചോദിക്കാൻ ആസൂത്രണ വിദഗ്ദരും ബുദ്ധിജീവികളും മുന്നോട്ടു വരാത്തതെന്തെ? സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങൾ ഈ സമസ്യക്കു പിന്നാലെ സഞ്ചരിക്കാത്തതെന്തുകൊണ്ടാണ്? നമ്മുക്ക് ഒരിടത്തുമെത്താത്ത രാഷ്ട്രീയവിവാദങ്ങൾ മാത്രം മതിയോ? ഫാസിസം വന്നോ അതോ നവഫാസിസ്റ്റ് ലക്ഷണങ്ങൾ മാത്രമാണോ,വഖഫ്
നിയമ ഭേദഗതിയുടെ ശരിയും തെറ്റും, ഇ.ഡിയും ഗവർണറും ഫെഡറലിസവും, എന്നു തുടങ്ങി പ്രധാനപ്പെട്ട നിരവധി രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾത്തന്നെ വരും തലമുറയുടെ വയറു നിറയാൻ എന്താണ് മൂർത്തമായ വഴി എന്നതും ചർച്ച ചെയ്യപ്പെടേണ്ടെ?
നമ്മുടെ വിദ്യാഭ്യാസം വളർത്തുന്ന തൊഴിലിനോടുള്ള സമീപനം ഏതു വിധത്തിലാണെന്ന് ചിന്തിക്കേണ്ടെ? മൂന്നര കോടിയിലധികമുള്ള ഉയർന്ന ഉപഭോഗ നിലവാരമുള്ള ജനതക്കു് വേണ്ടത് കാർഷിക മേഖലയിലും ചെറുകിട ഉദ്പാദന സംരംഭങ്ങളിലൂടെയും നിർമ്മിച്ചെടുക്കാനും ആ ഉൽപ്പന്നങ്ങൾ ചെറുകിട വ്യാപാര രംഗത്ത് ലഭ്യമാക്കാനും കഴിഞ്ഞാൽ വലിയ തൊഴിൽ സാധ്യതകളുണ്ടാവില്ലെ? അത്തരം സാധ്യതകൾക്കാണ് സുസ്ഥിരതയുള്ളത് എന്ന രാഷ്ട്രീയ ബോധമുണർത്തേണ്ടെ? ഇതിനൊക്കെ ചേർന്ന വിധത്തിൽ വിദ്യാഭ്യാസ രംഗത്തും ഭരണ സംവിധാനങ്ങളിലും ആസൂത്രണരംഗങ്ങളിലും പരിവർത്തനങ്ങളുണ്ടാവേണ്ടെ?
കായികാദ്ധ്വാനത്തെ മാനിക്കാൻ പഠിപ്പിക്കണം വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി. മുമ്പു് സ്കൂളിൽ വർക്ക് എക്സ്പീരിയൻസിനായി പിരിയഡുണ്ടായിരുന്നു. ശാരീരികാദ്ധ്വാനമുള്ള എന്തെങ്കിലും പണികളിലേർപ്പെടാൻ സന്തോഷത്തോടെ കുട്ടികൾ ആ പീരിയഡിനായി കാത്തിരുന്നു. നന്നായി പണിയെടുക്കുന്ന കുട്ടിയെ അദ്ധ്യാപകർ നല്ലവാക്കുകളിലൂടെ പ്രോത്സാഹിപ്പിച്ചിരുന്നു. ഇന്നതില്ലെന്ന് മാത്രമല്ല, ശരീരം വിയർത്ത് പണിയെടുക്കാതെ പണമുണ്ടാക്കുന്നതെങ്ങനെ എന്ന് എല്ലാവരുമന്വേഷിക്കുന്നതാണ് ഇന്നത്തെ കുട്ടികൾ കാണുന്നത്. മാത്രവുമല്ല അങ്ങനെയുള്ളവർക്ക് സമൂഹം നൽകുന്ന മാന്യത കുട്ടികൾ കാണുന്നുണ്ടു്. അങ്ങനെ വളരുന്ന പുതിയ തലമുറ മറ്റാരെങ്കിലും തരുന്ന ജോലിക്കും ശമ്പളത്തിനുമായി ഏത് അപമാനം സഹിക്കാനും മനസ്സിനെ പരുവപ്പെടുത്തിയാണ് മുന്നോട്ടു പോകുന്നത്. ഇത് ഒരു വശം. മറുവശത്ത് സ്വന്തം നിലയിൽ കൃഷി ചെയ്തോ ചെറുകിട ഉദ്പാദന സംരംഭങ്ങളോ ആരംഭിച്ച് അതിൽ നിന്ന് ആദായമുണ്ടാക്കി മാന്യമായി ജീവിക്കാമെന്ന ഒരു ആത്മവിശ്വാസം കേരളത്തിലെ സാമൂഹികാന്തരീക്ഷത്തിൽ നിലനിൽക്കുന്നുമില്ല. കാർഷിക മേഖലയുമായി ബന്ധപ്പെട്ട എല്ലാ രംഗങ്ങളും തകർച്ചയിൽ. ചെറുകിട വ്യാപാര രംഗവും, ഓൺലൈൻ വ്യാപാര ശൃംഗല കളുടെയും വൻകിട ഷോപ്പിംഗ് മാളുകളുടെയും സമ്മർദ്ദത്തിൽ വലിയ പ്രതിസന്ധികളിലാണ്. ഈസ് ഓഫ് ഡ്യൂയിംഗ് ബിസിനസ്സ് എന്നത് കരിങ്കൽ ക്വാറിക്കാർക്കും കരിമണൽ ഖനനക്കാർക്കും മദ്യമുതലാളിമാർക്കും സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽകാർക്കുമൊക്കെയാണ് പ്രായോഗികമായി പ്രയോജനം ചെയ്യുന്നത്. തൊട്ടടുത്ത സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കർണാടകയിലും കൃഷിക്ക് നൽകുന്ന പ്രോത്സാഹനവും കേരളത്തിലെ സ്ഥിതിയും താരതമ്യം ചെയ്യേണ്ടതാണ്. അവിടെ ഈസ് ഓഫ് ഡ്യൂയിംഗ് ഫാമിംഗ് സാഹചര്യം നിലനിൽക്കുന്നു. ഇവിടെ കൃഷിക്കാർ പലവിധ കാരണങ്ങളാൽ കൃഷി തന്നെ അവസാനിപ്പിച്ചു ക്കൊണ്ടിരിക്കുന്നു.
ഈ സാഹചര്യം,ഒന്നുകിൽ സർക്കാർ വക ഉദ്യോഗം അതല്ലെങ്കിൽ ഏതെങ്കിലും വൻകിട സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലി എന്ന സ്വപ്നത്തിൽ കേരളീയ യുവത്വത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നു. ഈ വലിയ സ്വപ്നം സാക്ഷാത്കരിക്കാനായുള്ള മത്സര രംഗത്ത് ഒരു കൈ നോക്കാനുള്ള വിദ്യാഭ്യാസ യോഗ്യതയോ ഉന്നത സ്വാധീനങ്ങളോ ഇല്ലാത്തവരാണ് പൊതുവിൽ സെയിൽസു് എക്സിക്യൂട്ടീവ് തസ്തികയിൽ നിയമനത്തിന് ഉള്ള പരസ്യങ്ങളിൽ ആകൃഷ്ടരായി പിന്നീട് മുട്ടിലിഴയേണ്ടി വരുന്നത്. ഇതേ സമയം കേരളത്തിൽ 25-30 ലക്ഷം അതിഥി തൊഴിലാളികൾ വിവിധങ്ങളായ ജോലി ചെയ്ത് സ്വന്തം നാട്ടിലേയ്ക്ക് ഓരോ മാസവും നല്ലതുക അയച്ചു കൊടുക്കുന്നുണ്ടു്. അവർ ആരുടെ മുന്നിലും മുട്ടിലിഴയുന്നതായി കേട്ടിട്ടുമില്ല. അവരിൽ ഒരു വിഭാഗം സ്വന്തം നാട്ടിൽ പോയി മടങ്ങുന്നത് തീവണ്ടിയിലല്ല വിമാനത്തിലാണ്. നേരത്തെ ഫ്ലൈറ്റ് ടിക്കറ്റ് എടുക്കുകയും ട്രയിൻ യാത്രയ്ക്കായി ചിലവഴിക്കേണ്ടി വരുന്ന ദിവസങ്ങൾ കൂടി പണിയെടുക്കുകയും ചെയ്താൽ അതാണത്രെ ലാഭം.
ബ്രഡ് ലേബർ എന്നത് ഗാന്ധിദർശനത്തിൻ്റെ മർമ്മപ്രധാനമായ ഒരു തലമാണ്. സ്വന്തം ഭക്ഷണത്തിനായി അദ്ധ്വാനിക്കുക എന്നതാണാ സങ്കൽപ്പത്തിൻ്റെ പൊരുൾ.ഈ പൊരുൾ നഷ്ടപ്പെട്ട വിദ്യാഭ്യാസത്തിൻ്റെ കാര്യം ഇവിടെ സൂചിപ്പിച്ചു കഴിഞ്ഞു. ഇത് ആത്മീയവും പാരിസ്ഥിതികവും രാഷ്ട്രീയവും സാമ്പത്തികവുമായ മാനങ്ങളുള്ള ഒരു സാംസ്കാരിക മൂല്യമാണ്. മലയാളി സമൂഹം വളരേണ്ടത് ഈ മൂല്യബോധത്തിലേക്കാണ്.
മനുഷ്യൻ്റെ നിലനിൽപ്പിന് ആവശ്യമായ ഏതെണ്ടെല്ലാ കാർഷികവിളകളും കൃഷി ചെയ്യാനനുകൂലമായ മണ്ണും കാലാവസ്ഥയുമുള്ള ഒരു നാടാണ് കേരളം. ഏതെണ്ടെല്ലാ മേഖലകളിലും വിജയകരമായ സഹകരണ സ്ഥാപനങ്ങളുടെ മാതൃകകളുള്ള നാട്. കുടുംബശ്രീ പോലുള്ള വലിയ ഒരു ശൃംഗലയിലൂടെ സാധാരണ വീട്ടമ്മമാർ സംഘടിതരായ ഒരു നാട്. രാഷ്ട്രീയമോ, സാമുദായികമോ, സാംസ്കാരികമോ ആയ ഏതെങ്കിലും ഒരു പ്രസ്ഥാനത്തിൻ്റെ ഭാഗമല്ലാത്ത പ്രായപൂർത്തിയായ ഒരാളുമില്ലാത്ത നാട്. ഇവിടെ ഇങ്ങനെയാണോ കാര്യങ്ങൾ പോകേണ്ടത്. അടിത്തട്ടിലെ ജനങ്ങളുടെ കൂട്ടായ്മകളെ ബഹുവിധ ഉദ്പാദന സംരംഭങ്ങളിലേക്കും അത്തരം ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്ന പുതിയ സ്വദേശി ബോധത്തിലേക്കും നയിക്കാനുള്ള രാഷ്ട്രീയ ബോധമാണ് നമ്മുക്കില്ലാതെ പോകുന്നത്. ഈ പോരായ്മ പരിഹരിക്കപ്പെട്ടാൽ മലയാളി യുവാക്കൾ ഒരിടത്തും മുട്ടിലിഴയേണ്ടി വരില്ല.
എന്നാൽ നമ്മുടെ രാഷ്ട്രീയ ബോധവും മതബോധവുമെല്ലാം ഒരു തരം വിധേയത്വത്തിൻ്റെയും അനുസരണയുടെയും പാഠങ്ങളാണ് പഠിപ്പിക്കുന്നത്. അതുകൊണ്ടാണല്ലോ കുറെ കാലമായി നിലനിൽക്കുന്ന ഈ മുട്ടിലിഴയൽ പരിശീലനം പുറംലോകമറിയാൻ ഇത്രയും വൈകിയത്. എങ്ങനെയോ അബദ്ധവശാൽ പുറത്തുവന്ന ഒരു വീഡിയോയിലൂടെയാണ് സമൂഹം ഈ നികൃഷ്ട നടപടിയെക്കുറിച്ചറിയുന്നത്. ഇതിനു മുമ്പ് ആ നടപടിക്കു് വിധേയമായ യുവജനങ്ങൾ ഒരു ആത്മാഭിമാനക്ഷതവും തോന്നാത്ത വിധത്തിലുള്ള അടിമ മനോഭാവത്തിലായിരുന്നോ? ഈ വിധത്തിൽ മലയാളി യുവത്വത്തിൻ്റെ ഒരു വിഭാഗം മാറിയിരിക്കുന്നു എന്നത് ത്തെട്ടലുണ്ടാക്കുന്ന കാര്യമാണ്. മുൻമന്ത്രി ജി.സുധാകരൻ പറഞ്ഞപോലെ, എല്ലാറ്റിനും ഒന്നാമതാണെന്നു വീമ്പിളക്കുന്നതിലെ അപഹാസ്യത കൂടി വെളിവാക്കുന്നതാണ്, തൊഴിലിനായി നാട്ടിലെയും വിദേശത്തെയും തൊഴിലിടങ്ങളിലും സെക്രട്ടറിയേറ്റ് പടിക്കലും മുട്ടിലിഴയേണ്ടി വരുന്ന കേരളീയ യുവത്വത്തിൻ്റെ പതനം. ഈ പതനത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാൻ സ്വന്തം ജീവിതത്തിനു മേൽ സ്വന്തം നിയന്ത്രണം എന്ന ആത്മാഭിമാന പ്രേരിതമായ രാഷ്ട്രീയവും (സ്വരാജ് ) , സ്വന്തം ഉപഭോഗത്തിനുള്ളവയിൽ സാധ്യമായത്ര സ്വന്തം പങ്കാളിത്തത്തോടെ ഉൽപ്പാദിപ്പിക്കുകയോ സ്വന്തം ചുറ്റുവട്ടത്ത് ഉൽപ്പാദിപ്പിക്കുന്നവ വാങ്ങുകയോ ചെയ്യുന്ന സാമ്പത്തിക വീക്ഷണവും (സ്വദേശി ) അനിവാര്യമാണ്.
