ഇത്തവണത്തെ മഹാകുംഭമേളയില്‍ പ്രയാഗ്രാജിലെ സംഗമസ്ഥാനത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് മുപ്പതു പേര് കൊല്ലപ്പെട്ടതായി (29 ജനുവരി 2025) ഔദ്യോഗിക കണക്കുകള്‍ പറയുന്നു. മരണപ്പെട്ടവര്‍ അതിലധികം വരുമെന്നാണ് അഖിലേഷ് യാദവ് ആരോപിക്കുന്നത്. ഫെബ്രുവരി 15ന് ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ കുംഭമേളയിലേക്ക് പോകാനെത്തിയ തീര്‍ഥാടകരില്‍ പതിനെട്ടുപേര് ഉന്തിലും തള്ളിലും കൊല്ലപ്പെട്ടു.
ഏതാണ്ടിതേ സമയത്തു തന്നെ പ്രയാഗ്രാജില് ഹിന്ദു സന്യാസിമാര്‍ ഒത്തുകൂടി ഒരു ‘ഋഷിഭരണ’ഘടനയ്ക്ക് രൂപം കൊടുക്കുന്നതില്‍ വ്യാപൃതരായിരുന്നു. ഇന്ത്യയിലെ അഞ്ചുലക്ഷത്തിലധികം ഗ്രാമങ്ങളില്‍ ഋഷിഭരണഘടനയുടെ ഋഷിസംവിധാനം ഇരുപതുവര്‍ഷം കൊണ്ട് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയെ ഒരു ‘വേദിക് സനാതനി ഹിന്ദുരാഷ്ട്ര’മാക്കുന്നതിനുള്ള ഒരുക്കങ്ങളാണ് വളരെ ശ്രദ്ധാപൂര്‍വം പ്രയാഗ്രാജില് പൂര്ത്തിയാക്കപ്പെടുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇന്ത്യന്‍ ഭരണഘടനയുടെ എഴുപത്തഞ്ചാം വാര്‍ഷികം കടന്നുപോയത് ഇതേ ദിവസങ്ങളിലൊന്നിലാണ്-ജനുവരി ഇരുപത്തിയാറിന്.
വാര്‍ത്താമാധ്യമങ്ങള്‍ പ്രയാഗ്രാജിലും ഡല്‍ഹി റെയില്‍വേസ്റ്റേഷനിലും ഉണ്ടായ ‘നരബലി’കളെപ്പറ്റി വാര്‍ത്തകള്‍ പൊലിപ്പിച്ച് കൊടുത്തെങ്കിലും പ്രയാഗ്രാജിലെ ‘ഋഷിഭരണഘടന’യുടെ നിര്‍മാണ പ്രക്രിയയെ കുറിച്ച് ഒന്നും പറയുകയുണ്ടായില്ല. രസകരമായ വസ്തുത, ഫെബ്രുവരി മൂന്നിന് മഹാകുംഭമേളയില്‍ ഉണ്ടായ അപകടം നിര്‍ഭാഗ്യകരം എന്നു വിശേഷിപ്പിച്ചെങ്കിലും അത് സര്‍ക്കാര്‍ സംവിധാനത്തിന്റെ അനാസ്ഥയാണെന്നുള്ള ഒരു പെറ്റീഷന് സ്വീകരിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഇവയെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ ഇന്ത്യന്‍ ജുഡീഷ്യറിയും എക്സിക്യുട്ടീവും ലെജിസ്ലേച്ചറും ഒത്തു ചേര്‍ന്ന് ‘ഋഷിഭരണഘടന’യെ പ്രോത്സാഹിപ്പിക്കുകയല്ലേയെന്ന് സംശയിച്ചു പോകും. അയോധ്യ വിധിയില്‍ പ്രസിദ്ധ നിയമവിദഗ്ധന് ഡോ. മോഹന്‍ ഗോപാല്‍ ഈ സംശയം അസ്ഥാനത്തല്ലെന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി. സുപ്രീം കോടതിയില്‍ പത്തില്‍ നാലുപേരെങ്കിലും ഹൈന്ദവാഭിമുഖ്യമുള്ള ന്യായാധിപന്മാരാണത്രേ. അയോധ്യ വിധിയുടെ അനുബന്ധം ഹൈന്ദവവിശ്വാസത്തിന്റെ പകര്‍പ്പാണത്രേ. അതായിരുന്നു ന്യായാധിപന്മാരെ അന്തിമമായി ഹിന്ദുക്കള്‍ക്ക് അനുകൂലമായ വിധി പറയുവാന്‍ പ്രേരിപ്പിച്ചത്.
വേദിക് സംസ്കാരം യജ്ഞങ്ങളും ബലികളും കൊണ്ട് മുഖരിതമായിരുന്നു. ഹിംസ അതിന്റെ ഭാവമായിരുന്നു. മൃഗബലികളും നരബലികളും അക്കാലത്തെ വേദിക്-ഹിന്ദു ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ സംവിധാനം ചെയ്യപ്പെട്ടിരുന്നു. ഇതിനെതിരായുള്ള അഹിംസാത്മകമായ വിപ്ലവമായിരുന്നു ഗോതമബുദ്ധന്റേത്. വേദിക് സംസ്കാരമാണ് ഇന്ത്യയുടെ പ്രാകൃതവും നിഷ്ഠൂരവും എല്ലാത്തരം ഹോളോകാസ്റ്റുകളെക്കാള് ക്രൂരവുമായ ജാതിഘടനയ്ക്ക് രൂപം നല്‍കിയതെന്നാണ് ചരിത്രവായനയില്‍ അറിയുവാന്‍ കഴിഞ്ഞിട്ടുള്ളത്.
ഋഷിഭരണ സംവിധാനം നിര്‍മിക്കപ്പെടുന്നതോടെ ബ്രാഹ്മണനോ ബ്രാഹ്മണ മനസുള്ള ഇതരജാതിയില്‍ നിന്നുള്ള കര്മികളോ (അയോധ്യയില്‍ പ്രാണപ്രതിഷ്ഠയ്ക്ക് കാര്‍മികനായത് ഇന്ത്യന്‍ പ്രധാനമന്ത്രി ‘ബ്രാഹ്മണ’നായി വേഷപ്രച്ഛന്നനായിട്ടാണല്ലോ. ഈ പ്രാണപ്രതിഷ്ഠയോടെയാണ് ഇന്ത്യ സ്വതന്ത്രയായതെന്ന് മോഹന്‍ ഭാഗവതിനെപോലെയുള്ള മുഖ്യബ്രാഹ്മണ ശ്രേഷ്ഠന് മഹാകുംഭമേള സമയത്ത് പ്രസ്താവിക്കുകയുണ്ടായല്ലോ.) ആയിരിക്കും നമ്മുടെ ലെജിസ്ലേറ്റിവും എക്സിക്യൂട്ടിവും ജുഡീഷ്യറിയും.
വേദിക് സനാതന ഹിന്ദുരാഷ്ട്ര ഭരണഘടനയുടെ നിര്‍മിതിക്കു വേണ്ട നരബലികളാണോ മഹാകുംഭമേളയിലും ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലും മനുഷ്യന്റെ അനാസ്ഥയുടെ ദുരന്തങ്ങളായി സംഭവിച്ചത്? ബീഹാറില്‍ ഭുകമ്പങ്ങളുണ്ടായപ്പോള് ഇന്ത്യയുടെ തീണ്ടായ്മയുടെ ശാപമല്ലേ അതെന്ന് ഗാന്ധി ഓര്മപ്പെടുത്തുകയുണ്ടായില്ലേ.
വേദിക് സനാതന ഹിന്ദുരാഷ്ട്ര ഭരണഘടനയ്ക്ക് രൂപം നല്കുന്ന ബഹുമാനപ്പെട്ട സന്യാസിമാര്‍ ഹൈന്ദവസംസ്കൃതിയുടെ പിതൃരൂപമായ ഹിമവാന്റെ താഴെ ഹിമാചല്‍ പ്രദേശിലും ഛത്തീസ്ഗഡിലും ഉത്തര്‍ഖണ്ഡിലും വികസനത്തിനായി അരങ്ങേറിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക കയ്യേറ്റങ്ങള്‍ കാണുന്നില്ലേ. അതിലൂടെയുണ്ടാകുന്ന ജീവന്റെയും അചേതന പദാര്‍ഥങ്ങളുടെയും നഷ്ടം പുതിയ രാഷ്ട്രഘടനായജ്ഞത്തിന്റെ ബലികളാണോ. ഈ ബലികള്‍ തന്നെയാണ് എണ്‍പതിനായിരം കോടി രൂപ ചെലവിട്ട് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലും സംഭവിക്കാന്‍ പോകുന്നത്. ഹിന്ദുത്വായ്ക്കു വേണ്ടി വാദിക്കുന്നവരും അതു നടപ്പാക്കുന്നവരും അതില്‍ തെറ്റൊന്നുമില്ലെന്നു പറയുന്ന ഹിന്ദുക്കളും ഇങ്ങനെപോയാല്‍ സ്വാതന്ത്ര്യം മാത്രമല്ല ജീവിക്കാനുള്ള ഇടവും കൂടി ഇല്ലാതാകും എന്ന് ഓര്‍മിക്കുമോ. ബലികളല്ല, കരുണയാണ് – സാമൂഹ്യനീതിയും സ്വാതന്ത്ര്യവും – മനുഷ്യനാവശ്യമെന്ന് ബുദ്ധനെയും ഗാന്ധിയെയും അംബദ്കറെയും പിന്‍പറ്റി നാം പറയേണ്ട ദുരന്തനിമിഷമാണിത്. ഏതു വേദിക് സനാതന ഹിന്ദുരാഷ്ട്രമായാലും അതിന്റെ മുഖ്യ കങ്കാണികള്‍ കോര്‍പ്പറേറ്റ് ദൈവങ്ങളാണ്. അതിന്റെ മുഖ്യ പ്രാണപ്രതിഷ്ഠാക്കള് ഇന്നത്തെ അവസ്ഥയില്‍ ആര്‍എസ്എസ് ബിജെപി നേതാക്കളും. ചൂഷിതര്‍ ദളിതരും ന്യൂനപക്ഷങ്ങളും ആദിവാസികളും ദരിദ്രരും. സര്വനാശത്തിനിടയാകുന്നത് മനുഷ്യേതര ജീവികളും അചേതന പദാര്‍ഥങ്ങളും. വസുദൈവ കുടുംബമെന്നാല് ഹിന്ദുക്കള്‍ മാത്രമുള്ളതാണെന്ന് ഋഷിമാര്‍ വിശ്വസിക്കുന്നു. ഇത്തരത്തിലുള്ള വസുദൈവ കുടുംബങ്ങളോടും അവയുടെ ആശയങ്ങളോടും പ്രയോഗ രൂപങ്ങളോടും നിരന്തരം അഹിംസാത്മകമായി കലഹിക്കുകയാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്.
ഋഷി ഭരണഘടന സംബന്ധിച്ച് മുഖ്യധാരാ മാധ്യമങ്ങളിലൊന്നില്‍ വന്ന വാര്‍ത്തയുടെ ലിങ്ക്
https://www.amarujala.com/amp/uttar-pradesh/allahabad/mahakumbh-2025-rishi-samvidhan-unveiled-mission-to-connect-5-5-lakh-villages-with-sanatan-dharma-2025-02-18

Achuthan mohankumar 21 Feb 2025
അത്യന്തം അപകടകരമായ യാത്ര ! നുണകളുടെ പുഷ്പവൃഷ്ടിയിൽ മാലിന്യക്കൂമ്പാരങ്ങളിൽ നിന്നും വമിക്കുന്ന ദുർഗ്ഗന്ധം ആസ്വദിച്ചു നെടുവീർപ്പിടുന്ന ജനതക്ക് അടിമത്തം തന്നെ അമൃതം!