ഡല്‍ഹി ബിജെപി പിടിച്ചു. ഇതിനെ അപ്രതീക്ഷിതമെന്നു പറയാനാവാത്ത വിധിയെന്ന് വിളിക്കുന്നതു തന്നെയാവും യുക്തിസഹം. ഭരണവിരുദ്ധ വികാരത്തിനൊപ്പം തിരഞ്ഞെടുപ്പിനു നാലുദിവസം മുമ്പ് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച വമ്പന്‍ ആദായനികുതിയിളവും ശമ്പളക്കാരെ തൃപ്തിപ്പെടുത്താന്‍ തല്ലിക്കൂട്ടിയെടുത്ത തേന്മിട്ടായികളും ചേര്‍ന്നപ്പോള്‍ ബിജെപി വിജയിച്ചു. ഇത്രമാത്രം ലളിതമായ കണക്കുകളുടെ നാഴിയില്‍ ബിജെപിയുടെ വിജയത്തെ അളക്കുന്നതു സാധ്യമാണെങ്കിലും ഇതിന്റെ അടിയൊഴുക്കുകളും പ്രത്യാഘാതങ്ങളും അളന്നു തീര്‍ക്കാന്‍ നാഴിയല്ല, ഇടങ്ങഴിയും പറയും പോലും തികയില്ല.
ഡല്‍ഹി മറ്റൊരു പാഠമാണ്. ആ പാഠം ഉള്‍ക്കൊള്ളാന്‍ നമ്മുടെ രാജ്യത്തെ മുഖ്യധാരാ പ്രതിപക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ വൈകുന്നതനുസരിച്ച് ഇന്ത്യയെന്ന കണ്ടുശീലിച്ച സങ്കല്പം മറുമരുന്നുകളൊന്നും ഏല്‍ക്കാത്ത വിധം ഫാസിസബാധയേറ്റ് വെന്റിലേറ്ററിലായിട്ടുണ്ടാവും. ഡല്‍ഹി തിരഞ്ഞെടുപ്പു ഫലവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏത് അപ്പാമുത്തിനും പറഞ്ഞു സ്ഥാപിക്കാവുന്നൊരു രാഷ്ട്രീയ വിശകലനമുണ്ട്. തിരഞ്ഞെടുപ്പുഫലം വന്നതു മുതല്‍ സാമ്പ്രദായിക മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും ഇതു തന്നെയാണ് നിറയുന്നതും ഇതേ വിശകലനം തന്നെ. പാടിത്തേഞ്ഞ ആ നരേറ്റിവ് ഇങ്ങനെ – ഇന്ത്യാസഖ്യത്തിലെ രണ്ടു കക്ഷികളായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മില്‍ മത്സരിച്ച് സഖ്യത്തിന്റെ ജയസാധ്യത നശിപ്പിച്ചതാണ് പരാജയത്തിനു കാരണം.
ഈ നിരീക്ഷണം തൊലിപ്പുറമെയെങ്കിലും ശരിയുമാണ്. 23.34 ലക്ഷം വോട്ടു പിടിച്ച ബിജെപി 48 സീറ്റില്‍ വിജയിച്ചു, 21.18 ലക്ഷം വോട്ട് പിടിച്ച ആംആദ്മി പാര്‍ട്ടി 22 സീറ്റ് പിടിച്ചു, 3.25 ലക്ഷം വോട്ട് പിടിച്ച കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിച്ചതുമില്ല. വെറും സങ്കലന പട്ടിക മാത്രം വച്ചു നോക്കിയാലും കോണ്‍ഗ്രസിന്റെ ആപ്പിന്റെയും വോട്ട് ഒന്നിച്ചു ചേര്‍ന്നാല്‍ 24.43 ലക്ഷം വോട്ട് ഇന്ത്യാസഖ്യത്തിനു കിട്ടേണ്ടതായിരുന്നു. സീറ്റ് എണ്ണത്തിലും ഇങ്ങനെ തന്നെ. ചുരുങ്ങിയത് പത്തു സീറ്റിലെങ്കിലും കോണ്‍ഗ്രസ് പിടിച്ച വോട്ടിനെക്കാള്‍ താഴ്ന്ന ഭൂരിപക്ഷത്തിനാണ് ബിജെപി ജയിച്ചു കയറിയത്. അത്ര തന്നെ സീറ്റുകളില്‍ ബിജെപിയുടെ വിജയത്തെ നിശ്ചയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ സാന്നിധ്യമായിരുന്നു. അങ്ങനെ ഇരുപതു സീറ്റ് കൂടി ആപ്പിനു കിട്ടിയിരുന്നെങ്കില്‍ ഭൂരിപക്ഷം തരപ്പെട്ടേനേ. പറഞ്ഞു വരുന്നത് ഇന്ത്യാസഖ്യത്തിലെ അനൈക്യത്തെ പഴിക്കാന്‍ കാര്യമായ രാഷ്ട്രീയവിദ്യാഭ്യാസത്തിന്റെ ആവശ്യം പോലുമില്ല എന്ന കാര്യമാണ്.
എന്നിട്ടും അങ്ങ് വടക്കേയറ്റമായ കാഷ്മീരിലെ ഒമര്‍ അബ്ദുള്ള പരിഹസിക്കുന്നതിനും ഇങ്ങ് തെക്കേയറ്റമായ കേരളത്തിലെ എംവി ഗോവിന്ദന് പഴിക്കുന്നതിനും പാണ്ഡിത്യത്തിന്റെ പരിവേഷം ചാര്‍ത്തിക്കൊടുക്കുന്നവര്‍ ഏറെയാണ്. ഒമറിന്റെ പരിഹാസം ഉന്നംവയ്ക്കുന്നത് സഖ്യത്തിലെ അനൈക്യത്തെയാണെങ്കില് ഗോവിന്ദന്റെ പഴി കോണ്‍ഗ്രസിനു നേരേ മാത്രമാണ്. നോട്ട പോലും മുപ്പതിനായിരത്തോളം വോട്ട് പിടിച്ച ഡല്‍ഹിയില്‍ വെറും 396 വോട്ട് മാത്രം പിടിച്ച സിപിഎമ്മിനെങ്കിലും ആപ്പുമായി സഖ്യമോ കേജ്രിവാളുമായി വോട്ട് ധാരണയോ ഉണ്ടാക്കി കൂടായിരുന്നോ എന്ന സാങ്കല്പിക ചോദ്യത്തിന് ഇനി പ്രസക്തിയൊന്നുമില്ല. എന്നിരിക്കിലും ഒരു കാലത്ത് ഇന്ത്യന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ നേതൃസ്ഥാനം കൈയാളിയിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തിലെ തിണ്ണമിടുക്കിനപ്പുറം ഒന്നുമിനി ശേഷിക്കുന്നില്ല എന്ന ദയനീയ ചിത്രവും മറന്നു കൂടാ.
കോണ്‍ഗ്രസിനു തല്ക്കാലം പലേ സംസ്ഥാനങ്ങളിലും പഴയപ്രതാപത്തിനപ്പുറം കാര്യമായ ചുറ്റുപാടൊന്നും ശേഷിക്കുന്നില്ല എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയൊന്നുമില്ല. പണ്ടുകാലത്ത് നല്ലനേരത്ത് ഏതൊക്കെയോ അമ്മാവന്മാര് ആനപ്പുറത്തിരുന്നതിന്റെ തഴമ്പ് ഇന്നത്തെ സന്ദീപ് ദീക്ഷിത്തുമാര്ക്ക് താവഴിയിലൊന്നും കിട്ടുന്നതല്ലല്ലോ. കോണ്‍ഗ്രസില്‍ അല്പമെങ്കിലും പിന്നണിബലമോ സാമുദായിക പിടിവള്ളിയോ സ്വന്തമായുള്ള നേതാക്കന്മാരുടെ സ്വന്തം കാര്യം സിന്ദാബാദ് സമീപനം അറപ്പുളവാക്കുന്നതാണെന്നു പറഞ്ഞാല്‍ അതും ശരിയാണ്. ഉതുപ്പ് വള്ളിക്കാടന്മാരായി കസറുന്ന കോണ്‍ഗ്രസ് നേതാക്കന്മാര്ക്ക് ഒരു നാട്ടിലും പഞ്ഞമില്ലായിരുന്നുവെന്നു മാത്രമല്ല, അവര്‍ക്ക് ജനങ്ങളില്‍ നിന്നുള്ള അകലം വളരെ കൂടുതലുമായിരുന്നു.
എന്നാല്‍ ഡല്‍ഹിയില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു എന്നതാണ് വാസ്തവം. ഒരു സീറ്റ് പോലും കോണ്‍ഗ്രസിനു വിട്ടുകൊടുക്കാന്‍ തയാറാകാതെ സഖ്യചര്ച്ചകളുടെയൊക്കെ കൂമ്പ് വാട്ടിയത് ആപ്പു തന്നെയായിരുന്നു. ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനു 2022ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തുരങ്കം വച്ച പാര്‍ട്ടിയായിട്ടു കൂടി പിന്നീടു വന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആപ്പിന് സഖ്യമര്യാദയുടെ പേരില്‍ ഗുജറാത്തില്‍ രണ്ടു സീറ്റ് നല്കിയ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ താന്‍പോരിമ കാണിച്ചു എന്നു പറഞ്ഞാല്‍ അതു നീതികേടാവും. 2024-ല്‍ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം നടന്ന ഹരിയാന തിരഞ്ഞെടുപ്പില്‍ പോലും ബിജെപിക്കു വിജയം തളികയില്‍ വച്ചുകൊടുത്തത് ആപ്പിന്റെ മര്‍ക്കടമുഷ്ടി തന്നെയായിരുന്നല്ലോ. എന്നിട്ടും ഡല്‍ഹി ഇലക്ഷനില്‍ അവസാന നിമിഷം വരെ ആപ്പിന്റെ വാതിലില്‍ മുട്ടിക്കൊണ്ട് കോണ്‍ഗ്രസിന്റെ ദേശീയനേതൃത്വം നില്‍പ്പുണ്ടായിരുന്നു. പ്രാദേശിക നേതൃത്വം വേറെ വഴിയേ ചിന്തിച്ചു എന്നതും നേര്.
എന്നാലും കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. ഇക്കുറി ഡല്‍ഹിയില്‍ ബിജെപിയെ വിജയിപ്പിച്ചത് കോണ്‍ഗ്രസാണ്. രണ്ടു തിരഞ്ഞെടുപ്പ് മുമ്പ് ഡല്‍ഹിയില്‍ ആപ്പിനെ വിജയിപ്പിച്ചതും കോണ്‍ഗ്രസ് തന്നെയാണ്. വെറും വോട്ട് ഷെയറിന്റെ കണക്കിനപ്പുറം വേറെ ചില രീതികളിലൂടെയായിരുന്നു ഈ സഹായമെന്നു മാത്രം. കോണ്‍ഗ്രസിന്റെ അടുക്കളയിലാണ് ആദ്യമായി ആഗോളീകരണം മുതല്‍ ഉദാരീകരണം വരെയുള്ള വരേണ്യവര്‍ഗ വലതുപക്ഷ വിഭവങ്ങള്‍ വെന്തുതുടങ്ങിയത്. ഇതിന്റെ വരേണ്യസ്വഭാവത്തിനു മറയിടാന്‍ കോണ്‍ഗ്രസ് തന്നെയാണ് മൃദുവായാണെങ്കിലും ഹിന്ദുത്വയുടെ മസാലക്കൂട്ടുകള്‍ നരസിംഹറാവുവിന്റെ കാലം മുതല്‍ തരംപോലെ പ്രയോഗിച്ചു നോക്കിയത്. ഇതുരണ്ടുമാണ് വളരെ ഫലപ്രദമായി ബിജെപി മുതലാക്കിയതും കോണ്‍ഗ്രസിനെപോലും അതിശയിപ്പിക്കുന്ന സാമര്‍ഥ്യത്തോടെ നടപ്പാക്കിയതും. അതുകൊണ്ടാണ് ‘കോണ്‍ഗ്രസ് ഞങ്ങളുടെ പാര്‍ട്ടിയുടെ ഐശ്വരം’ എന്ന് കൗണ്ടിങ് സ്റ്റേഷനില്‍ നിന്നു പുറത്തിറങ്ങുന്ന ഓരോ ബിജെപിക്കാരനും സമ്മതിക്കേണ്ടിവരുന്നത്. ബിജെപിയുടെ വിജയത്തില്‍ ഇത്രയുമാണ് കോണ്‍ഗ്രസിന്റെ പങ്ക്.
അതേപോലെ, രണ്ടു തിരഞ്ഞെടുപ്പിനു മുമ്പ് ആപ്പിനെ അധികാരത്തിലേറ്റിയതും കോണ്‍ഗ്രസ് തന്നെ. അധികാരത്തിന്റെ സുരാപാനത്തില് നിലയും നയവും മറന്ന കോണ്‍ഗ്രസ് അഴിമതിയുടെ പര്യായമെഴുതുന്ന കാലത്ത് അണ്ണാ ഹസാരെയുടെ സമരപ്പന്തലിലായിരുന്നല്ലോ കേജ്രിവാളിന്റെ ജനനായക വേഷത്തിലേക്കുള്ള പകര്‍ന്നാട്ടത്തിന്റെ തുടക്കം. വളരെ ഫലപ്രദമായി ഷീലാ ദീക്ഷിത് ഭരണത്തിലെ അഴിമതിയുമായി ഹസാരെ സമരത്തെ കൂട്ടിക്കെട്ടുന്നതില്‍ തന്ത്രശാലിയായ കേജ്രി വിജയിക്കുക തന്നെ ചെയ്തു. അഴിമതിയുടെ മഹാമേരുവിനെതിരേ സര്‍വശക്തിയുമെടുത്ത് ഡല്ഹിക്കാര് ആഞ്ഞുകുത്തിയതിന്റെ ഫലമായിരുന്നു എഎപി എന്ന രാഷ്ട്രീയപ്രസ്ഥാനത്തിന്റെയും അതില്‍ ആദിമധ്യാന്തം നിറഞ്ഞുനിന്ന കേജ്രിവാള് എന്ന താരത്തിന്റെയും നല്ലകാലത്തിന്റെ പിറവി. കോണ്‍ഗ്രസിനു പ്രതാപം കാലങ്ങള്‍ കൊണ്ട് എങ്ങനെ പഴങ്കഥയായോ അതു പോലെ, ആപ്പിന്റെ അഴിമതിവിരുദ്ധതയും ആംആദ്മി അഥവാ സാദാപൗരനുമായുള്ള രക്തബന്ധുത്വവും ഭരണത്തിന്റെ രണ്ടു ടേം കഴിഞ്ഞപ്പോഴേ പഴങ്കഥയായി മാറിയിരുന്നു. എന്നു മാത്രമല്ല, പകരം സ്ഥാനം പിടിക്കാന്‍ 45 കോടിയുടെ ചില്ലുമേടക്കഥകള്, അതിലും വലിയ കോടികളുടെ അഴിമതിക്കഥകള്‍ എന്നിവയൊക്കെ എമ്പാടും നിറയുകയും ചെയ്തു. ചുരുക്കത്തില്‍ ആപ്പിന് അധികാരം കൊടുത്തതും കോണ്‍ഗ്രസ്, ബിജെപിയെ വളര്‍ത്തി അധികാരം ബലമായി പിടിച്ചു വാങ്ങാന്‍ തക്കവിധം കരുത്തരാക്കിയതും കോണ്‍ഗ്രസ്. ഇതൊക്കെയാണെങ്കിലും ഇത്തവണത്തെ വീഴ്ചയുടെ രക്തത്തില്‍ ഒരു പങ്കുമില്ലാത്ത നീതിമാന് തന്നെയാണ് കോണ്‍ഗ്രസ്. കേജ്രിവാളെന്ന ഒരേയൊരു മനുഷ്യന്റെ ദുരാഗ്രഹത്തിനും ആര്‍ത്തിക്കും മാത്രമാണ് ഡല്‍ഹിയിലെ തോല്‍വിയുടെ നൂറുശതമാനം ഉത്തരവാദിത്വം.
എന്തുകൊണ്ട് ഇങ്ങനെ? ചെമ്മീന്‍ ചാടിയാല്‍ കെട്ടോളം പിന്നേം ചാടിയാല്‍ ചട്ടിയോളം എന്നു പറഞ്ഞതു പോലെ, ആപ്പ് എത്ര ചാടിയാലും കേജ്രിവാള് വരെ മാത്രമാണ് ചാടാനാവുന്നത്. അവസാന ശരി കേജ്രിവാള്, അവസാന പ്രവാചകനും കേജ്രിവാള്, ഉയര്‍ന്നു നില്‍ക്കേണ്ട ഒരേയൊരു തല കേജ്രിവാളിന്റേത്. കഥ ഇങ്ങനെയാകുമ്പോള്‍ എതിരാളികള്‍ക്ക് ഉന്നം പിടിക്കുന്നതു കൂടിയാണ് എളുപ്പമാകുന്നത്. നേര്വഴിയിലുളളതും വളഞ്ഞ വഴിയിലുള്ളതും വഴിവിട്ടതുമായ എല്ലാ ആയുധങ്ങളും കൈവശമുള്ള ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ ചെറിയൊരു എതിരാളി മാത്രമാകാനേ കേജ്രിക്കു കഴിഞ്ഞുള്ളൂ. ബഹുസ്വരതയിലോ സംഘടിത മുന്നേറ്റത്തിലോ, എന്തിന്, ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിലോ ഒന്നും വിശ്വാസമില്ലാത്ത കളിക്കാരന് മാത്രമായിരുന്നു കേജ്രിയെന്നു സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. ഓര്‍ക്കുക, കുറേപ്പേരെ ചിലകാലം കബളിപ്പിക്കാം, ചിലപേരേ ചിരകാലം കബളിപ്പിക്കാം, എല്ലാപ്പേരേയും എല്ലാക്കാലവും കബളിപ്പിക്കാന്‍ സാധിക്കില്ല എന്ന അടിസ്ഥാന സത്യം ഈ കളിക്കാരന് മസൂറിമുതല് ഒരിടത്തു നിന്നും പഠിക്കാതെ പോയി. എന്തു ചെയ്യാന്‍, ചരിത്രത്തില്‍ നിന്നു തന്നെ അപ്രസക്തനാകുകയോ അല്ലെങ്കില്‍ ബിജെപിയുടെ പ്രിയപ്പെട്ട മറ്റൊരു ഉവൈസിയാകുകയോ മാത്രമാണ് ഇനി ഈ മനുഷ്യനു പറഞ്ഞിരിക്കുന്നത്.
കേജ്രിവാള് ഒരു പാഠപ്പുസ്തകമായി മാറുന്നത് മറ്റൊരു രൂപത്തിലാണ്. ഗുണപരമായ പരിവര്‍ത്തനമുണ്ടാക്കാനുള്ള ഏതു ഏതു രാഷ്ട്രീയ മുന്നേറ്റത്തിനും ഒന്നാമതായി വേണ്ടത് ആശയപരമായ അടിത്തറയാണ്. ചരിത്രം മുഴുവന്‍ ഇതിനുള്ള ഉദാഹരണങ്ങളാണു താനും. നമുക്കറിയാവുന്ന ഉദാഹരണങ്ങളെടുത്താല്‍ ബ്രിട്ടീഷ് ഭരണത്തിനെതിരേ ഗാന്ധിജിയുടെ പോരാട്ടത്തിനു മുതല്‍ രാഷ്ട്രീയാധികാരത്തിനായി അമ്പതുകളിലെ കമ്യൂണിസ്റ്റുകളുടെ പോരാട്ടം വരെ ആശയപരമായ അടിത്തറ ആര്‍ക്കും തൊട്ടറിയാവുന്നതു തന്നെ. തന്റെ ആശയപരമായ ദാരിദ്ര്യത്തെ കേജ്രി മറച്ചു വച്ചത് ആനുകൂല്യങ്ങള്‍ വാരിവിതറിക്കൊണ്ടായിരുന്നു. എന്നാല്‍ ഇത്തരം ഇഷ്ടദാനങ്ങളുടെയൊക്കെ ആയുസ് അതിലും കനമുള്ള ഇഷ്ടദാനങ്ങളുമായി അടുത്തയാള്‍ വരുന്നതു വരെ മാത്രമാണെന്നറിയുക.
കൂട്ടായ മുന്നേറ്റത്തിന്റെ പാഠം പഠിക്കാതെയും നടപ്പില്‍ വരുത്താതെയും ഏതുവിധത്തിലാണ് രാജ്യത്തെ വിഴുങ്ങുന്ന അമ്പത്താറിഞ്ചിന്റെ ഫാസിസത്തെ നേരിടാമെന്ന് ഈ അമ്പത്താറുകാരന് ചിന്തിക്കുന്നത്. എന്തായാലും ഇയാളെ അങ്ങനെയങ്ങ് തീര്‍ത്തുകളയാന്‍ ബിജെപി ഒരിക്കലും തയാറാകില്ല. കാരണം, ഹരിയാനയ്ക്കും ഗുജറാത്തിനും ഗോവയ്ക്കുമൊക്കെ ശേഷം പല സംസ്ഥാനത്തും ഇയാളെ ഫാസിസത്തിന് ആവശ്യമായി വരും. കാരണം ഷിന്ദേമാരെയും അജിത് പവാര്മാരെയും മാത്രമല്ല ഉവൈസിമാരെയും പിണറായിമാരെയും ഫാസിസത്തിന് ആവശ്യമാണ്. ഒന്നുകില്‍ വെടക്കാക്കി തനിക്കാക്കാന്‍ അല്ലെങ്കില്‍ രാജ്യം ഫാസിസത്തിനെതിരേ ഒന്നിക്കുന്നതിനു തടയിടാന്‍. അതുകൊണ്ട് കേജ്രിക്കിനി സമാധാനിക്കാം. രണ്ടാമതൊരിക്കല്‍ കൂടി തിഹാറില്‍ കിടക്കേണ്ടിവരില്ല. കാരണം, ഇത്രയും കൊണ്ടു തന്നെ വേണ്ടുവോളം വെടക്കാക്കി കഴിഞ്ഞിരിക്കുകയാണ് രാജ്യം ഭരിക്കുന്നവര്‍. ചുരുങ്ങിയ പക്ഷം 2022ലെ ഗുജറാത്ത് തിരഞ്ഞെടുപ്പ്, കഴിഞ്ഞ വര്‍ഷത്തെ ഹരിയാന തിരഞ്ഞെടുപ്പ് ഒക്കെ രക്ഷപെടുത്തി തന്നതിന്റെ പ്രതിനന്ദി ബിജെപി കാണിക്കുന്നതാണെന്നു കരുതിയാലും തെറ്റില്ല. എന്നെ ഞാന്‍ വിമല്‍കുമാറെന്നാണ് വിളിക്കുന്നതെന്നു പറയുന്നതുപോലെ കേജ്രിക്ക് ഈ പൊറാട്ടു നാടകത്തിനൊപ്പം സ്വയം ആദര്ശധീരനെന്നോ അഴിമതിവിരുദ്ധ പോരാളിയെന്നോ ഒക്കെ വിളിക്കുകയും ചെയ്യാം.
കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ കാര്യം നോക്കുക. 1990 മുതല്‍ പ്രതിപക്ഷത്താണ് കോണ്‍ഗ്രസ്, 1995 മുതല്‍ ബിജെപിയുടെ ഏകക്ഷി ഭരണം. ഇത്രയും വര്‍ഷം കൊണ്ട് ജനത്തെ മടുപ്പിച്ചും വെറുപ്പിച്ചും വശംകെടുത്തിയ ബിജെപിയുടെ ഭരണത്തിനെതിരേ കോണ്‍ഗ്രസ് മെല്ലെയാണെങ്കിലും ശക്തിപ്രാപിച്ചു വരുകയായിരുന്നു. 2017-ലെ തിരഞ്ഞെടുപ്പില്‍ 41 ശതമാനം വോട്ടും 77 സീറ്റും നേടി ബിജെപിക്കു കോണ്‍ഗ്രസ് നേരിയതെങ്കിലും നടുക്കം സമ്മാനിച്ചിരിക്കുകയുമായിരുന്നു. അത്തരമൊരു സാഹചര്യത്തിലായിരുന്നു 2022-ലെ തിരഞ്ഞെടുപ്പുകാലമായപ്പോള് ബിജെപിക്ക് ആത്മഹര്‍ഷം സമ്മാനിച്ച് ആപ്പ് ഗുജറാത്തിലെ കളത്തിലിറങ്ങുന്നത്. മോദിയുടെ വാഴ്ത്തുപാട്ടുകള്‍ക്ക് പഞ്ഞമില്ലായിരുന്ന പ്രാദേശിക മാധ്യമങ്ങള്‍ മുഴുവന്‍ കേജ്രിയെ ചുറ്റിപ്പറ്റി എത്രവേഗമായിരുന്നു പുതിയൊരു വിശുദ്ധ പരിവേഷം സൃഷ്ടിച്ചെടുത്തത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആരുടെ തലയാണെന്നറിയാന് പാഴൂര്‍ പടിപ്പുര വരെയൊന്നും പോകേണ്ടതില്ലല്ലോ. ഫലമോ, ഇന്നോളം ഗുജറാത്തില്‍ നേടിയ ഏറ്റവും വലിയ ജയമായിരുന്നു ബിജെപി കഴിഞ്ഞ തവണ നേടിയത്. കോണ്‍ഗ്രസ് 27 ശതമാനം വോട്ടും 17 സീറ്റും നേടിയപ്പോള്‍ ആപ്പിന് 13 ശതമാനം വോട്ടും അഞ്ച് സീറ്റും കിട്ടി. ബാക്കി മുഴുവന്‍ ബിജെപിക്കു മാത്രം. ആപ്പും കോണ്‍ഗ്രസും ഒന്നിച്ചു നിന്നിരുന്നെങ്കില്‍ അല്ലെങ്കില്‍ ആപ്പ് ചിത്രത്തിലേ വരാതിരുന്നെങ്കില്‍ നിശ്ചയമായും കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പിലെ ചിത്രം മറ്റൊന്നാകുമായിരുന്നു. ഗുജറാത്ത് ഒരു ഒറ്റപ്പെട്ട ഉദാഹരണമല്ല, കഴിഞ്ഞ ഗോവ തിരഞ്ഞെടുപ്പും കഴിഞ്ഞ വര്‍ഷത്തെ ഹരിയാന തിരഞ്ഞെടുപ്പുമൊക്കെ പഠനവിധേയമാക്കിയാലും കണ്ടെത്താനാവുന്നത് ബിജെപിക്കു വേണ്ടത്ര മീന്‍പിടിക്കാനായി കുളം കലക്കിക്കൊടുക്കുന്ന കേജ്രിവാളിനെ തന്നെയാണ്. ഇതൊക്കെയായിട്ടും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആപ്പിനെ ചേര്‍ത്തുപിടിക്കാന്‍ തയാറായത് കോണ്‍ഗ്രസിന്റെ മഹാമനസ്കതയെന്നു മാത്രം കരുതിയാല്‍ പോരേ.
എംവി ഗോവിന്ദന്റെ കോണ്‍ഗ്രസ് വിമര്‍ശനമാണ് ഏറ്റവും കൗതുകം. കേരളമെന്ന അവശേഷിക്കുന്ന ഏക ചുവപ്പു തുരുത്തില് എങ്ങനെയാണ് കാവിയുടെ പരവതാനി വിരിച്ചുകൊടുക്കുന്നതെന്ന് അറിയാത്ത ആളല്ലല്ലോ അദ്ദേഹം. ബിജെപിയുടെ ദാക്ഷിണ്യത്തിലല്ലാതെ ഇനിയൊരു തിരഞ്ഞെടുപ്പ് വിജയം കേരളത്തില്‍ കിട്ടില്ലെന്ന് അദ്ദേഹത്തിനും പാര്‍ട്ടിക്കും നല്ല നിശ്ചയവുമുണ്ട്. എന്നിട്ടും എന്തൊരു വിടലാണപ്പാ ഇത്. ചുരുങ്ങിയപക്ഷം സിപിഎമ്മിന് ഡല്‍ഹിയില്‍ ആപ്പുമായൊരു സഖ്യം ചിന്തിക്കാവുന്നതായിരുന്നില്ലേ. കേരളത്തില്‍ വന്നു പിണറായിസ്തുതി പണ്ടൊരിക്കല്‍ പാടിയ കേജ്രിവാളിന്റെ പടിവാതില്ക്കല് ഒരു കുറിയെങ്കിലും ബാന്ധവത്തിന്റെ ദൂതുമായി കെവി തോമസുമാരോ ബ്രിട്ടാസുമാരോ പോയിക്കാണുകയും ചെയ്യുമല്ലോ. എന്നിട്ട് മുഖമടച്ച് ഒരു ആട്ടാണ് കിട്ടിയതെങ്കിലും ആപ്പിന്റെ കൈയില്‍ നിന്നാണല്ലോ. അതോര്ക്കുമ്പോഴാണൊരു സമാധാനം.
അല്ലെങ്കില്‍ പിന്നെ ഡല്‍ഹിയില്‍ ഒറ്റയ്ക്കു മത്സരിക്കുക എന്ന മഹാസാഹസത്തിന് പാര്‍ട്ടി തയാറായതു തന്നെ ഏതു വഴിപാടിന്റെ ഭാഗമായിട്ടായിരുന്നു. അതുകൊണ്ട് എന്തു സംഭവിച്ചു, ഇടതില്ലെങ്കിലും ഇന്ത്യയുണ്ടാകുമെന്ന് ഡല്‍ഹിക്കാര്‍ക്കും ബോധ്യമായി. അത്ര നാണം കെട്ട പ്രകടനത്തിന് ഇതല്ലെങ്കില്‍ മറ്റേതു വിധത്തില്‍ അവസരം കിട്ടുമായിരുന്നു? ഒരു കാര്യത്തില്‍ ചുവപ്പിന്റെ തുരുത്തില് കുരുങ്ങിയവര്‍ക്ക് ആശ്വസിക്കാം. ബിജെപിക്കും ഇന്ത്യാസഖ്യത്തിലെ ഉറപ്പുള്ള സഖ്യകക്ഷികള്‍ക്കും മാത്രമല്ലല്ലോ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആടാന്‍ വേഷങ്ങള്‍ കിട്ടുന്നത്. ജഗന്മോഹനും നവീനും എടപ്പാടിയും ഉവൈസിയും മുതല്‍ പിണറായി വരെയുള്ളവരെയും ഇന്ത്യന്‍ രാഷ്ട്രീയത്തിന് ആവശ്യമാണല്ലോ. ആവുന്നത്ര സംസ്ഥാനങ്ങളില്‍ ശിഖണ്ഡി വേഷം കെട്ടാന്‍ ഫാസിസത്തിന്റെ ശക്തികള്‍ക്ക് അഭിനേതാക്കളെ കിട്ടുമ്പോഴാണല്ലോ പൊറാട്ടു നാടകങ്ങള്‍ പൂര്‍ണമാകുന്നത്.
