Blog Post

Swaraj Today > News > നിലപാട് > എന്താണ് ഗാന്ധിജിക്കു മതം, എന്താണു മതസഹിഷ്ണുത

എന്താണ് ഗാന്ധിജിക്കു മതം, എന്താണു മതസഹിഷ്ണുത

സഹിഷ്ണുത എന്ന പദം എനിക്കു പ്രിയപ്പെട്ടതല്ല, എങ്കില്‍ കൂടി പകരം മെച്ചപ്പെട്ടൊരു പദം കണ്ടെത്താന്‍ കഴിയുന്നുമില്ല. ഇതര വിശ്വാസങ്ങളൊക്കെയും സ്വന്തം വിശ്വാസത്തെക്കാള്‍ താഴേക്കിടയിലുള്ളതാണെന്ന അടിസ്ഥാനരഹിതമായ ധാരണയെയാണ് സഹിഷ്ണുത എന്ന പദം പരോക്ഷമായി സൂചിപ്പിക്കുന്നത്. എന്നാല്‍ സ്വന്തം മതവിശ്വാസത്തെ ഏതേതു രീതിയിലൊക്കെയാണോ ഒരാള്‍ ആദരിക്കുന്നത് അതേ രീതിയില്‍ തന്നെ മറ്റുള്ളവരുടെ മതവിശ്വാസത്തെക്കൂടി ആദരിക്കണമെന്നാണ് അഹിംസ പഠിപ്പിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതു വഴി സ്വന്തം വിശ്വാസത്തിന്റെ അപൂര്‍ണത കൂടിയാണ് നമ്മള്‍ അംഗീകരിക്കുന്നത്. സ്‌നേഹത്തിന്റെ നിയമം പിന്തുടര്‍ന്നുകൊണ്ട് സത്യത്തെ അന്വേഷിക്കുന്നൊരാള്‍ക്ക് അനായാസമായി ഈ അംഗീകരണം നടത്താനാവും. സത്യത്തെ സംബന്ധിച്ച പൂര്‍ണമായ ദര്‍ശനം എപ്പോഴാണോ നമുക്കു കിട്ടുന്നത് അപ്പോള്‍ മുതല്‍ നാം അന്വേഷകര്‍ അല്ലാതാവും, കാരണം സത്യമാണ് ദൈവം. എന്നാല്‍ നമ്മള്‍ ഓരോരുത്തരും കേവലം അന്വേഷകര്‍ മാത്രമായിരിക്കുന്ന കാലത്തോളം ദൈവത്തെ കണ്ടെത്താനുള്ള സ്വന്തം പരിശ്രമം തുടരാനും അതിനൊപ്പം സ്വന്തം അപൂര്‍ണതയെക്കുറിച്ച് ബോധ്യമുള്ളവരായി മാറാനും സാധിക്കുന്നു. നമ്മള്‍ അപൂര്‍ണതയുള്ളവരാണെങ്കില്‍ അതുകൊണ്ടു തന്നെ നമ്മള്‍ മനസിലാക്കിയെടുക്കുന്ന മതവും അപൂര്‍ണമായിരിക്കാനേ വഴിയുള്ളൂ. ഈശ്വര സാക്ഷാത്കാരം നമുക്കു സാധിക്കാത്തതുപോലെ മതത്തെ അതിന്റെ പൂര്‍ണതയില്‍ മനസിലാക്കാനും നമുക്കു സാധിച്ചിട്ടില്ല. നമ്മുടെ സങ്കല്‍പത്തിലെ മതം അപൂര്‍ണമാണെന്നു മാത്രമല്ല, സദാ പരിണാമ പ്രക്രിയയ്ക്കും പുനരാഖ്യാനത്തിനും വിധേയമായിക്കൊണ്ടിരിക്കുന്നതുമാണ്. സത്യത്തിന്റെ ദിശയിലുള്ള മുന്നേറ്റം, അതായത് ദൈവത്തിന്റെ ദിശയിലുള്ള മുന്നേറ്റം, സാധ്യമാകുന്നത് ഇത്തരം പരിണാമത്തിലൂടെയാണ്. മനുഷ്യര്‍ രൂപകല്‍പന ചെയ്ത വിശ്വാസങ്ങളെല്ലാം അപൂര്‍ണമാണെങ്കില്‍ ആപേക്ഷിക മേന്മയുടെ ചോദ്യം ഉദിക്കുന്നതേയില്ല. എല്ലാ വിശ്വാസങ്ങളും സത്യത്തെ സംബന്ധിച്ച ചില വെളിപാടുകള്‍ കൊണ്ടു നിര്‍മിതമാണ്, എന്നാല്‍ അവയൊക്കെയും അപൂര്‍ണവുമാണ്, അതിനാല്‍ തന്നെ തെറ്റിപ്പോകാനിടയുള്ളതുമാണ്. മറ്റു വിശ്വാസങ്ങളോടുള്ള ആദരവ് അവയുടെ കുറ്റങ്ങള്‍ക്കു നേരെ ആന്ധ്യം പുലര്‍ത്തണമെന്ന് നമ്മോടു നിഷ്‌കര്‍ഷിക്കുന്നില്ല. നമ്മുടെ സ്വന്തം വിശ്വാസത്തിന്റെ പോരായ്മകള്‍ സംബന്ധിച്ച് അങ്ങേയറ്റം സൂക്ഷ്മമായി അവബോധം പുലര്‍ത്തുന്നവരായി നാം മാറണം, എന്നാല്‍ ഇവയുടെ പേരില്‍ വിശ്വാസത്തെ ഉപേക്ഷിക്കേണ്ടതുമില്ല, പകരം അവയെ മറികടക്കാന്‍ പരിശ്രമിക്കുന്നവരാകണം. എല്ലാ മതങ്ങളെയും തുല്യതയുടെ കണ്ണുകള്‍ കൊണ്ടു വീക്ഷിക്കുമ്പോള്‍ അത്തരം ഓരോ വിശ്വാസത്തിലുമുള്ള അനുഗുണമായ ഘടകങ്ങളെ നമ്മുടെ മതത്തിലേക്കു സ്വീകരിക്കുന്നതില്‍ സന്ദേഹം പുലര്‍ത്താന്‍ പാടില്ലെന്നു മാത്രമല്ല, അതിനായി പ്രവര്‍ത്തിക്കുന്നത് സ്വന്തം ഉത്തരവാദിത്വമായി കണക്കാക്കുപോലും വേണം.

അപ്പോള്‍ ഒരു ചോദ്യം ഉദിക്കുന്നു. എന്തിനാണ് ഇത്രയധികം വിശ്വാസങ്ങള്‍. നമുക്കറിയമല്ലോ പലതരത്തിലായി അവ ധാരാളം. ആത്മാവ് ഒന്നേയുള്ളൂ, എന്നാല്‍ അതിനെ സചേതനമാക്കി നിര്‍ത്തുന്ന ശരീരങ്ങള്‍ പലതാണ്. നമുക്ക് ശരീരങ്ങളുടെ എണ്ണത്തെ കുറയ്ക്കാനാവില്ല; എന്നിട്ടും ആത്മാവിന്റെ ഏകതയെ നമ്മള്‍ തിരിച്ചറിയുന്നു. മരത്തിന്റെ കാര്യമെടുത്താല്‍ തായ്ത്തടി ഒന്നേയുള്ളുവെങ്കിലും ശാഖകളും ഇലകളും എത്രയെണ്ണമാണ്. അതുപോലെ മതം ഒന്നേയുള്ളൂ വിശ്വാസങ്ങള്‍ എത്രയെണ്ണമെങ്കിലുമാകാം. ഏതു വിശ്വാസവും ദൈവത്തിന്റെ ഉപഹാരമാണ്; അവ മനുഷ്യസഹജമായ അപൂര്‍ണ്ണതകളുടെ പങ്കുപറ്റികൊണ്ടുതന്നെയാണ് മാനുഷിക മാധ്യമത്തിലൂടെ കടന്നുപോകുന്നത്. ദൈവീകസിദ്ധമായ മതം എല്ലാതരത്തിലുള്ള സംസാരത്തിനും ഉപരിയായി നിലകൊള്ളുന്നതാണ്. എന്നാല്‍ അപൂര്‍ണ്ണരായ മനുഷ്യര്‍ അവരുടെ സ്വാധീനത്തിലുള്ള ഭാഷയിലൂടെ ഇതിനെ അവതരിപ്പിക്കുന്നുവെന്നു മാത്രമല്ല, ഇവര്‍ക്കൊപ്പം അപൂര്‍ണ്ണരായ മറ്റു മനുഷ്യര്‍ ഇതിനെ വ്യാഖ്യാനിച്ചെടുക്കുകയും ചെയ്യുന്നു. ഇതില്‍ ആരുടെ വ്യാഖ്യാനമാണ് ശരിയെന്ന് നമ്മളെന്തിനു ചിന്തിക്കണം. താന്താങ്ങളുടെ കാഴ്ചപ്പാടില്‍ ഓരോരുത്തരും ശരിയാണ്. എന്നാല്‍ എല്ലാവരും തെറ്റാകുന്ന സാഹചര്യം പോലും അസംഭവ്യമല്ല. അതുകൊണ്ടാണ് സഹിഷ്ണുത അനിവാര്യമാകുന്നത്. ഇതിനര്‍ത്ഥം ഒരാള്‍ സ്വന്തം വിശ്വാസത്തോട് നിര്‍മമത പുലര്‍ത്തണമെന്നല്ല; പിന്നയോ അതിനോട് അതിനോട് കുറെക്കൂടി ബുദ്ധിപൂര്‍വ്വവും ശുദ്ധവുമായ സ്‌നേഹം പുലര്‍ത്തണമെന്നാണ്. ഉത്തരധ്രൂവത്തില്‍ നിന്നു ദക്ഷിണധ്രൂവം എത്ര അകലെയാണോ അതിനു തുല്യമായ അകലം മതതീവ്രവാദത്തിനും സ്വന്തം വിശ്വാസത്തിനുമിടയില്‍ പുലര്‍ത്തുന്നതിനാവശ്യമായ ആത്മീയ ഉള്‍ക്കാഴ്ചയാണ് സഹിഷ്ണുത നമുക്ക് നല്‍കുന്നത്. മതത്തെ സംബന്ധിച്ച ശരിയായ ജ്ഞാനം ഒരു വിശ്വാസത്തിനും മറ്റൊരു വിശ്വാസത്തിനുമിടയിലെ വേര്‍തിരിവുകളെ തകര്‍ത്തെറിയുമെന്നു മാത്രമല്ല സഹിഷ്ണുതയുടെ ജനനത്തിനു കാരണമാകുകയും ചെയ്യും. മറ്റു വിശ്വാസങ്ങളോടുള്ള സഹിഷ്ണുത വളര്‍ത്തിയെടുക്കുമ്പോള്‍ നമുക്ക് സ്വന്തം വിശ്വാസത്തോടുള്ള കുറെക്കൂടി ശരിയായ ധാരണ ലഭിക്കുക കൂടിയാണ് ചെയ്യുന്നത്.

ശരിക്കും തെറ്റിനുമിടയിലെയോ നന്മയ്ക്കും തിന്മയ്ക്കുമിടയിലെയോ വേര്‍തിരിവുകളെ സഹിഷ്ണുത ഒരിക്കലും അലോസരപ്പെടുത്തുന്നില്ല. ഇവയുടെ അടിസ്ഥാനതത്വങ്ങളില്‍ ഏകതപുലര്‍ത്തുമ്പോള്‍ തന്നെ ഇതരവിശ്വാസങ്ങളെ നെഞ്ചോടുചേര്‍ക്കുന്നത്ര വിശുദ്ധിയുള്ള സ്ത്രീ പുരുഷന്മാരെ നമ്മുടെ കാലത്തിലും മുന്‍കാലങ്ങളിലും ചൂണ്ടിക്കാണിച്ചുതരാന്‍ കഴിയും. പ്രധാന വിശ്വാസധാരകളെയെല്ലാം കണക്കിലെടുത്തുകൊണ്ടു തന്നെയാണ് ഇത്തരം ആശയം ഞാന്‍ സമര്‍ത്ഥിക്കുന്നത്. നന്മയുടെയും തിന്മയുടെയും കാര്യമെടുത്താല്‍ നന്മ ചെയ്യുന്നവരോട് എത്ര ദാഷിണ്യപൂര്‍വ്വമാണോ നാം ഇടപ്പെടുന്നത് അത്രതന്നെ ദാഷിണ്യം തിന്മ ചെയ്യുന്നവരോടും വളര്‍ത്തിയെടുക്കാന്‍ നമുക്കാവണം. അതേസമയം തിന്മയോടും പാപത്തോടും വിട്ടുവീഴയില്ലാത്ത വെറുപ്പ് സൂക്ഷിക്കുകയും വേണം.

യംഗ് ഇന്ത്യ 2-10-30

നമ്മുടെ പെരുമാറ്റം സംബന്ധിച്ച സുവര്‍ണ്ണ നിയമം എന്നത് പരസ്പരമുള്ള സഹിഷ്ണുതയാണ്. ഒരിക്കലും ഒരേ രീതിയില്‍ ചിന്തിക്കാന്‍ നമ്മുടെ ഇടയില്‍ എല്ലാവര്‍ക്കും കഴിയുകയില്ലെന്നു തിരിച്ചറിഞ്ഞും നമ്മളൊക്കെ നമ്മുടെ സ്വന്തം കാഴ്ചപ്പാടിന്റെ കോണിലൂടെ സത്യത്തിന്റെ ഒരു തുണ്ടിനെ മാത്രമാണ് കാണുന്നതെന്ന ബോധ്യത്തോടെയുമായിരിക്കണം സഹിഷ്ണുത പാലിക്കേണ്ടത്. മനസാക്ഷി എന്നത് എല്ലാവര്‍ക്കും ഒരേപോലെയായിരിക്കില്ല. അങ്ങനെയിരിക്കെ വ്യക്തിപരമായ ഇടപ്പെടലുകള്‍ക്ക് ഒരു പൊതുപെരുമാറ്റച്ചട്ടം ഉണ്ടാകുന്നതു നല്ലതാണെങ്കില്‍ കൂടി അത്തരം പെരുമാറ്റച്ചട്ടത്തെ ബലമായി നടപ്പാക്കുന്നത് ഓരോ വ്യക്തിയുടെയും മനസാക്ഷിയുടെ സ്വാതന്ത്ര്യത്തിനുമേല്‍ അസഹനീയമായ ഇടപെടലായിത്തീരുകയേയുള്ളൂ.

യംഗ് ഇന്ത്യ 23-9-26

1 Comment

  • Biju s chirayath 3 Dec 2024

    Thank you

Leave a comment

Your email address will not be published. Required fields are marked *