Blog Post

Swaraj Today > News > നിലപാട് > കരുണയാണ് സ്വരാജിന് അടിത്തറ

കരുണയാണ് സ്വരാജിന് അടിത്തറ

യേശുവിന്റെ സുവിശേഷമായി ചുരുക്കിക്കാണേണ്ട. രാഷ്ട്രീയത്തിന്റെ വിശാലാര്‍ത്ഥത്തില്‍ ജനപക്ഷ നന്മകള്‍ക്കായി നിലകൊള്ളുന്നതാണ് സ്വരാജ്. വ്യക്തിയുടെ, സമൂഹത്തിന്റെ , രാജ്യത്തിന്റെ സ്വത്വം അഭിമാനത്തോടെ നിലനിര്‍ത്തുവാനുതകുന്ന ഭരണവ്യവസ്ഥയാണത്. എല്ലാ തലങ്ങളിലും ചൂഷണ വിമുക്തമായ സ്വയം പര്യാപ്തിയാണ് സ്വരാജിന്റെ രാഷ്ട്രീയ സ്വഭാവം . വിധേയത്വവും ആഡംബരവും അതിന്റെ പ്രകൃതമല്ല .

കരുണ സാധാരണമായ, സാധുവായ ഒരു മാനുഷികഭാവമല്ലേ എന്ന ചോദ്യമുയരാം. തീര്‍ച്ചയായും മഹാഭൂരിപക്ഷം വരുന്ന ജനസാമാന്യത്തിന് ഹിതകരമായ സഹജഭാവമാണത്. അധികാരത്തിന്റെ ബലതന്ത്രങ്ങള്‍ക്ക് അന്യവും . അതുകൊണ്ട് ഗൗതമന്‍ രാജകീയ സൗഭാഗ്യങ്ങള്‍ ഉപേക്ഷിച്ച് ബുദ്ധനായി. ഏതന്‍സിലെ നഗര രാഷ്ട്ര സമൂഹത്തില്‍ നീതിയും താത്ത്വികാന്വേഷണങ്ങളുമായി അലഞ്ഞ് സോക്രട്ടീസും കരുണയുള്ളവരാവട്ടെ നിങ്ങള്‍ എന്ന് പറഞ്ഞു കൊണ്ടേയിരുന്ന യേശുവും സത്യമാണ് ഈശ്വരനെന്നത് രാഷ്ട്രീയ ദര്‍ശനമായി പരീക്ഷിച്ച് ഗാന്ധിയും നമ്മുടെ ചരിത്രത്തിലെ നാഴികക്കല്ലുകളായി.
അധികാരവും സ്വാധീനവും കൈയ്യാളിയിരുന്ന സമൂഹത്തിലെ അതി ന്യൂനപക്ഷത്തോട് നിരന്തരം കലഹിക്കേണ്ടി വന്ന ചരിത്രത്താളുകള്‍. ഗയയും ഗ്രീസും യൂദയാ ദേശങ്ങളും ഇന്ത്യന്‍ ഗ്രാമങ്ങളും സഹസ്രാബ്ദങ്ങളിലൂടെ സാധാരണക്കാര്‍ക്കിടയിലെ അസാധാരണ സാന്നിദ്ധ്യങ്ങളായി.

കരുണയുടെ ശക്തി സാദ്ധ്യതകള്‍, ചാലക സ്വഭാവം , സാമൂഹികപ്രസരണ സ്വഭാവമാണിതു വെളിപ്പെടുത്തുന്നത്. അത് സാധുക്കള്‍ക്ക് മാത്രം സാദ്ധ്യമാവുന്ന നിസാരഭാവമല്ല . ശക്തന്റെ ആവനാഴിയിലെ കരുത്തുറ്റ പ്രകൃതമായി ചരിത്രത്തെ പ്രോജ്വലമാക്കിയിട്ടുണ്ട്. അഹിംസയെന്നതുപോലെ ആത്മശക്തിയും ബലബോധവുമുള്ളവര്‍ക്കേ കരുണയെ പ്രകാശമാനമായ സാമൂഹിക പ്രക്രിയയായി വികസിപ്പിക്കാനാവൂ.
സരളമായ മൊഴികളായി ഉപമകളിലൂടെ ഗഹനമായ ജീവിത തത്ത്വങ്ങള്‍ക്ക് ഉത്തരം തേടിയ യേശു ‘ ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് ‘ എന്നും
‘നീയും പോയി ഇതുപോലെ ചെയ്യുക ‘ എന്നുമാണ് നിഷ്‌കര്‍ഷിക്കുന്നത്. കരുണയെന്നത് കേവല മാനുഷികഭാവത്തില്‍ നിന്നും സമൂഹത്തില്‍ വ്യക്തികളുടെ , അവരുടെ സംഘാതങ്ങളുടെ ഉത്തരവാദിത്തമായി യേശു പരിവര്‍ത്തിപ്പിക്കുകയാണ്.

ആധുനിക രാഷ്ട്രകൂടങ്ങള്‍ക്ക് നീതിയും കരുണയും അന്യമാവുമ്പോള്‍ മാനവരാശിയുടെ സ്വാസ്ഥ്യം കെടുന്നു. നിഗൂഢമായ സ്ഥാപിത താല്പര്യങ്ങള്‍ക്ക് വഴങ്ങി ദല്ലാള്‍പ്പണികളില്‍ വ്യാപരിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ പൊതുനന്മയും പൗരജനങ്ങള്‍ക്ക് നീതിയും സമാധാനവും നിഷേധിക്കുന്ന പ്രവണത വര്‍ദ്ധമാനമാവുന്നു.
ഏകാധിപതികളും സ്വേച്ഛാധിപത്യ ഭരണവും യുദ്ധങ്ങളും മുളപൊട്ടി ഭീകരസത്വ രൂപമാര്‍ജിക്കുന്നത് കരുണയറ്റ ഹൃദയങ്ങളില്‍ നിന്നത്രെ. ഫാസിസത്തിന്റെ മനോനിലകള്‍ സംബന്ധിച്ച പഠനങ്ങള്‍ ഇത് വെളിപ്പെടുത്തുന്നുണ്ട്.

‘ ഒരു കണ്ണീര്‍ക്കണം മറ്റു – ള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം.

ഒരു പുഞ്ചിരി ഞാന്‍ മറ്റു –
ള്ളവര്‍ക്കായ്‌ച്ചെലവാക്കവേ
ഹൃദയത്തിലുലാവുന്നൂ
നിത്യ നിര്‍മ്മല പൗര്‍ണ്ണമി……..
എന്ന് കവി അക്കിത്തം ‘ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ ‘ ത്തില്‍ പാടുമ്പോള്‍ വേദനിക്കുന്ന സഹജീവികളോട് ഐക്യപ്പെടുന്ന , കരുതലിന്റെ രസതന്ത്രമാണ് അനുവാചകര്‍ അനുഭവിക്കുന്നത് .

ചര്‍ച്ച ചെയ്യുന്നത് സ്വരാജ് പ്രായോഗിക രാഷ്ട്രീയ ദര്‍ശനമായി പരിവര്‍ത്തിപ്പിക്കുന്നതു സംബന്ധിച്ചാണ്. ‘എന്റെ സത്യാന്വേഷണ പരീക്ഷണകഥ ‘ ഗാന്ധി അവസാനിപ്പിക്കുന്നത് ,
തന്റെ സത്യോപാസന തന്നെ രാഷ്ട്രീയ മണ്ഡലത്തിലേക്കാകര്‍ഷിച്ചതായും , ‘ സത്യത്തെ സാക്ഷാത്കരിക്കാനുള്ള ഏകമാര്‍ഗം അഹിംസയാണെന്നു’ മുള്ള ഉറച്ച ബോദ്ധ്യത്തോടെയാണ്.
‘ ഗ്രാമങ്ങളില്‍ ജനങ്ങള്‍ തമ്മില്‍ ഭിന്നിപ്പില്ലെന്നും, രാജ്യതന്ത്രജ്ഞന്മാരാണ് ഞങ്ങളെ ഭിന്നിപ്പിക്കുന്നതെന്നും ‘ 1942 ജൂണ്‍ 6 ന് ഗാന്ധി നിരീക്ഷിക്കുന്നുണ്ട്.
( ‘ ഒരാഴ്ച ഗാന്ധിയുടെ കൂടെ ‘- ലൂയി ഫിഷര്‍ )

രാഷ്ട്രീയ പ്രക്രിയ സംബന്ധിച്ച നിര്‍വ്വചനങ്ങള്‍ വിപുലമായ അര്‍ത്ഥതലങ്ങളിലേക്ക് വളരുകയാണിവിടെ . ഭരണവും ഭരണകൂടവ്യവസ്ഥകളും ആര്‍ക്കുവേണ്ടി , എന്തിനുവേണ്ടി, അവയുടെ സ്വഭാവം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നതുമാകുന്നു. ചരിത്രത്തില്‍ ഇവയ്ക്ക് ഏറ്റവും പ്രായോഗികവും ജനകീയവും സമഗ്രവും സത്യസന്ധവുമായ ഉത്തരം, മാതൃക നല്കിയത് ഗാന്ധിയാകുന്നു.

1893 മുതല്‍ ദക്ഷിണാഫ്രിക്കയിലും തുടര്‍ന്ന് ഇന്ത്യയില്‍ 1948 ജനുവരി 30 ന് രക്തസാക്ഷിത്വം വരെ ഗാന്ധി നയിച്ചത് മനുഷ്യരുടെ ജീവിതത്തിന്റെ ഭാഗമായ രാഷ്ട്രീയ പോരാട്ടം തന്നെയായിരുന്നു.
ഉജ്ജ്വലവും ത്യാഗനിര്‍ഭരവുമായ ആ രാഷ്ട്രീയ പ്രക്രിയയുടെ ശക്തമായ സ്വാധീനം ഇന്ത്യന്‍ ഭരണഘടനയില്‍ പ്രതിഫലിച്ചിട്ടുണ്ട്. പാര്‍ട്ട് 3 മൗലികാവകാശങ്ങള്‍ – Fundamental Rights ഉം , പാര്‍ട്ട് 4 നിര്‍ദ്ദേശകതത്ത്വങ്ങള്‍ – Directive Principles of State Policy ഉം വിശേഷിപ്പിക്കപ്പെടുന്നത് മനുഷ്യാവകാശങ്ങളുടെ പൊതു പ്രമേയം എന്നത്രെ. ഭരണഘടനയുടെ മന:സാക്ഷിയായി അവ ബഹുമാനിക്കപ്പെടുന്നു.

ഭരണഘടന അനുശാസിക്കുന്ന ഗുണപരമായ ഔന്നത്യം പക്ഷേ , നമ്മുടെ ഭരണാധികാരികള്‍ പുലര്‍ത്തുന്നില്ല . ഭരണഘടനാസ്ഥാപനങ്ങളുടെ വ്യക്തിത്വം സംരക്ഷിക്കുന്നതില്‍, അധികാരപ്രയോഗത്തില്‍, മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കുന്നതില്‍, വിഭവ വിനിയോഗത്തില്‍ , സാമ്പത്തിക അച്ചടക്കം പാലിക്കുന്നതില്‍ ….. പ്രതീക്ഷ നഷ്ടപ്പെടുത്തുന്ന സര്‍ക്കാരുകള്‍.
ജനാധിപത്യ വ്യവസ്ഥയുടെ മഹിമയും പ്രസക്തിയും ഭരണഘടനക്ക് വിധേയമായി സംരക്ഷിക്കുന്നതിന്, ജാഗ്രത പുലര്‍ത്തുന്നതിന് ദേശീയപ്രസ്ഥാനം തന്നെയാണ് പ്രചോദനം .

നമ്മുടെ രാഷ്ട്രീയം എത്തിപ്പെട്ടിരിക്കുന്ന ദുരവസ്ഥയെ യഥാതഥമായി പ്രതിനിധീകരിക്കുന്നവയാണ് ആനന്ദിന്റെ സാഹിത്യരചനകള്‍. ‘ മണലിന്റെ കിരുകിരുപ്പ് പോലുള്ള അധികാരത്തിന്റെ സ്വരം എല്ലാ മൃദുല ശബ്ദങ്ങളെയും കൊല്ലുമ്പോള്‍ മരുഭൂമിയുടെ , സമൂഹത്തിലേക്കും മനുഷ്യമനസ്സിലേക്കുമുള്ള വ്യാപനം മുഴുവനുമാകുന്നു.
( മരുഭൂമികള്‍ ഉണ്ടാകുന്നത് )
‘ ഏത് വിധത്തിലുള്ള ആരോപണങ്ങളും എത്ര ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും അതിന്റെ സുരക്ഷയെ ബാധിക്കാന്‍ പോകുന്നില്ലെന്ന ആത്മവിശ്വാസം സര്‍ക്കാര്‍ നേടിയിരിക്കുന്നു. ജനാധിപത്യം പഴകുന്നതോടെ എന്തിനെയും ഒപ്പിയെടുക്കാനുള്ള കഴിവ് അത് നേടുന്നു…..

‘ഒരു വേള പഴക്കമേറിയാ – ലിരുളും മെല്ലെ വെളിച്ചമായ് വരാം ……. ‘ എന്ന് കുമാരനാശാന്‍ ‘ചിന്താവിഷ്ടയായ സീത ‘ യില്‍ .
തെറ്റുകളോട്, അനീതിയോട് സമരസപ്പെടുന്ന കാഴ്ചകള്‍ .

‘ വെറും തല്‍ക്കാല മനുഷ്യനായി….
എന്ന് ആനന്ദ് നിരീക്ഷിക്കുന്നുണ്ട്.
‘ മനുഷ്യനെയും മനുഷ്യനെയും ബന്ധിപ്പിക്കുന്ന ഈര്‍പ്പം ഇനിയും ഉറവകള്‍ ഇട്ടു എന്നു വരാം. ഹൃദയങ്ങളില്‍ അനുരണനങ്ങള്‍ ഉയര്‍ത്തുന്ന മൃദുല ശബ്ദങ്ങള്‍ ധിക്കാരത്തിന്റെ മണലിന്റെ കിരുകിരുപ്പിന് മീതെ വീണ്ടും കേള്‍ക്കായി എന്ന് വരാം ……
ഇനിയും വറ്റാത്ത കരുണയുടെ , കരുതലിന്റെ ഉറവുകള്‍ തന്നെയാണ് സ്വരാജിന്റെ ബലിഷ്ഠമായ അടിത്തറ.

Leave a comment

Your email address will not be published. Required fields are marked *